സഹവിശ്വാസികളെ ഒരിക്കലും മറന്നുകളയരുത്!
“പത്തുവർഷത്തോളം ബിസിനസ്സ് ലോകത്തിന്റെ പളപളപ്പുകളിൽ മതിമറന്നു ജീവിക്കുകയായിരുന്നു ഞങ്ങൾ, ധാരാളം പണവും സമ്പാദിച്ചു. സാക്ഷികളായിട്ടാണ് വളർന്നുവന്നതെങ്കിലും പക്ഷേ, സത്യത്തിൽനിന്ന് ഞങ്ങൾ കാതങ്ങൾ അകന്നുപോയി; ഒരു മടങ്ങിവരവ് അസാധ്യമാണെന്നു തോന്നി,” ജേക്കബും ഭാര്യ ബെറ്റിയും പറഞ്ഞതാണ് ഇങ്ങനെ.a
മാർക്ക് സഹോദരൻ തന്റെ അനുഭവം വിവരിക്കുന്നത് ശ്രദ്ധിക്കൂ: “പോളണ്ടിലെ സാമൂഹിക, രാഷ്ട്രീയ അസ്ഥിരതമൂലം എനിക്കു പലവട്ടം ജോലി നഷ്ടപ്പെട്ടു. ഞാൻ ശരിക്കും മടുത്തുപോയി. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണമെന്ന് വിചാരിച്ചെങ്കിലും മുൻപരിചയമില്ലാഞ്ഞതുകൊണ്ട് ധൈര്യം വന്നില്ല. പക്ഷേ, ഒടുവിൽ ഞാനൊരു ബിസിനസ്സ് തുടങ്ങി. കുടുംബകാര്യങ്ങൾ നോക്കിനടത്താൻ അത് ഉപകരിക്കുമെന്നും എന്റെ ആത്മീയതയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്നുമാണ് ഞാൻ വിചാരിച്ചത്. പക്ഷേ എനിക്കു തെറ്റിപ്പോയി, വൈകിയാണ് ഞാൻ അത് മനസ്സിലാക്കിയത്.”
ജീവിതച്ചെലവുകൾ കുതിച്ചുയരുകയും തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് എന്തു ചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ലാതെ ചിലർ ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നു. ഉദാഹരണത്തിന്, പല സഹോദരങ്ങളും ഒന്നിലേറെ ജോലികൾ ഏറ്റെടുക്കുകയോ കൂടുതൽ സമയം ജോലി ചെയ്യുകയോ മുൻപരിചയമില്ലെങ്കിലും സ്വന്തമായി ബിസിനസ്സ് തുടങ്ങുകയോ ഒക്കെ ചെയ്തിട്ടുണ്ട്. കൂടുതലായി ലഭിക്കുന്ന വരുമാനം കുടുംബത്തിന് ഉപകാരപ്പെടുമെന്നു കരുതുന്ന അവർ ആത്മീയമായി കുഴപ്പമൊന്നും സംഭവിക്കില്ല എന്നു ചിന്തിച്ചാണ് ഇത്തരം സംരംഭങ്ങളിലേക്ക് എടുത്തുചാടുന്നത്. എന്നാൽ, ഇങ്ങനെ എത്ര സദുദ്ദേശ്യത്തോടെ തുടങ്ങുന്ന പദ്ധതിയാണെങ്കിലും യാദൃച്ഛികമായ സംഭവങ്ങളും അസ്ഥിരമായ സമ്പദ്വ്യവസ്ഥയും മൂലം ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെന്നുവരാം. ഫലമോ? ചിലർ അത്യാഗ്രഹം എന്ന കെണിയിൽ അകപ്പെട്ട് ഭൗതിക നേട്ടങ്ങൾക്കു പുറകെപോകാനും ആത്മീയ കാര്യങ്ങൾ അവഗണിക്കാനും ഇടയായിരിക്കുന്നു.—സഭാ. 9:11, 12.
ലൗകിക നേട്ടങ്ങൾക്കു പിന്നാലെ പരക്കം പായുന്ന ചില സഹോദരീസഹോദരന്മാർക്ക് വ്യക്തിപരമായ പഠനത്തിനോ യോഗങ്ങൾക്കോ ശുശ്രൂഷയ്ക്കോ സമയംകിട്ടാതായിരിക്കുന്നു. ഇത്തരം കാര്യങ്ങൾ അവഗണിക്കുന്നത് അവരുടെ ആത്മീയതയെയും യഹോവയുമായുള്ള ബന്ധത്തെയും സാരമായി ബാധിക്കുകതന്നെ ചെയ്യും. തന്നെയുമല്ല, ‘സഹവിശ്വാസികളുമായുള്ള’ അമൂല്യമായ സ്നേഹബന്ധവും അവർ മറന്നുകളഞ്ഞേക്കാം! (ഗലാ. 6:10) അങ്ങനെ, ചിലർ പതിയെപ്പതിയെ ക്രിസ്തീയ സഹോദരവർഗത്തിൽനിന്ന് അകന്നുപോകുന്നു. വളരെ ശ്രദ്ധയർഹിക്കുന്ന വിഷയമായതിനാൽ അതേക്കുറിച്ചു തന്നെയാകട്ടെ നമ്മുടെ ചർച്ച.
സഹവിശ്വാസികളോടുള്ള നമ്മുടെ കടമ
സഹോദരീസഹോദരന്മാരായ നമുക്ക് പരസ്പരം സ്നേഹവും ആർദ്രതയും കാണിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ട്. (റോമ. 13:8) സഹായത്തിനായി ‘നിലവിളിക്കുന്ന എളിയവർ’ ഒരുപക്ഷേ നിങ്ങളുടെ സഭയിൽ ഉണ്ടായിരിക്കാം. (ഇയ്യോ. 29:12) അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ പണമില്ലാതെ കഷ്ടപ്പെടുന്നവരായിരിക്കാം അവരിൽ ചിലർ. ഇതു മനസ്സിലാക്കുന്ന നമുക്ക് എന്തിനുള്ള അവസരമുണ്ട്? യോഹന്നാൻ അപ്പൊസ്തലൻ അക്കാര്യം നമ്മെ ഓർമിപ്പിക്കുന്നു: “ഒരുവന് ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, തന്റെ സഹോദരൻ ഞെരുക്കത്തിലാണെന്നു മനസ്സിലാക്കിയിട്ടും അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ അവനു ദൈവസ്നേഹമുണ്ടെന്ന് എങ്ങനെ പറയാനാകും?”—1 യോഹ. 3:17.
മറ്റുള്ളവരുടെ ഇത്തരം ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിങ്ങൾ അവരെ കൈയയച്ച് സഹായിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ, സാമ്പത്തിക സഹായം നൽകുന്നതു മാത്രമല്ല സഹോദരവർഗത്തോട് സ്നേഹം കാണിക്കാനുള്ള മാർഗം. കാരണം, നമ്മുടെ സഹോദരങ്ങളിൽ ചിലർ ഏകാന്തതയോ നൈരാശ്യമോ മൂലം നിലവിളിക്കുന്നവരാണ്. യഹോവയെ സേവിക്കാൻ തങ്ങൾക്കു യോഗ്യതയില്ലെന്ന് കരുതുകയോ ഗുരുതരമായ രോഗങ്ങളാൽ വലയുകയോ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുകയോ ചെയ്യുന്നവരായിരിക്കാം അവർ. അവരോടു സംസാരിക്കുകയും അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നതാണ് അവരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു വിധം. അങ്ങനെ നമുക്ക് അവരെ വൈകാരികവും ആത്മീയവുമായി ബലപ്പെടുത്താനാകും. (1 തെസ്സ. 5:14) സഹോദരങ്ങൾക്കിടയിലെ സ്നേഹബന്ധം അപ്പോൾ കരുത്തുറ്റതായിത്തീരും.
സഹക്രിസ്ത്യാനികൾ പറയുന്നത് സഹാനുഭൂതിയോടെ കേൾക്കാനും അവരെ മനസ്സിലാക്കാനും സ്നേഹപൂർവം തിരുവെഴുത്തു ബുദ്ധിയുപദേശം നൽകാനും ഏറെ യോഗ്യതയുള്ളത് സഭയിലെ മൂപ്പന്മാർക്കാണ്. (പ്രവൃ. 20:28) അപ്രകാരം ചെയ്യുമ്പോൾ, തന്റെ ആത്മീയ സഹോദരീസഹോദരന്മാരോട് ‘വാത്സല്യത്തോടെ’ ഇടപെട്ട പൗലോസ് അപ്പൊസ്തലനെ അനുകരിക്കുകയായിരിക്കും അവർ.—1 തെസ്സ. 2:7, 8.
ഒന്നാലോചിച്ചു നോക്കൂ, ഒരു ക്രിസ്ത്യാനി സഭയിൽനിന്ന് അകന്നുപോകുന്നെങ്കിൽ സഹവിശ്വാസികളോടുള്ള തന്റെ കടമ നിറവേറ്റാൻ പിന്നെ അയാൾക്കു കഴിയുമോ? ഭൗതികത്വനേട്ടങ്ങൾക്കു പിന്നാലെ പോകാൻ മേൽവിചാരകന്മാർക്കുപോലും പ്രലോഭനം തോന്നിയേക്കാം എന്നതാണ് സത്യം. ഒരു ക്രിസ്ത്യാനി ഇത്തരം പ്രലോഭനത്തിനു വഴിപ്പെടുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക?
ജീവിത ഉത്കണ്ഠകളാൽ ഭാരപ്പെട്ട്. . .
നാം കണ്ടതുപോലെ, കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുമ്പോൾ പലപ്പോഴും അത് ആകുലതകൾക്കു കാരണമാകുന്നു; അങ്ങനെ, ആത്മീയകാര്യങ്ങളോടുള്ള നമ്മുടെ വിലമതിപ്പ് കുറഞ്ഞുപോകാൻ ഇടയായേക്കാം. (മത്താ. 13:22) തുടക്കത്തിൽ പരാമർശിച്ച മാർക്ക് തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: “എന്റെ ബിസിനസ്സ് തകർന്നപ്പോൾ വിദേശത്ത് നല്ല ശമ്പളമുള്ള ഒരു ജോലി കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. ആദ്യം മൂന്നുമാസത്തേക്കാണ് പോയത്. അതുകഴിഞ്ഞപ്പോൾ വീണ്ടും മൂന്നുമാസംകൂടി. . . അത് അങ്ങനെ നീണ്ടുപോയി. കൂടുതൽ സമയവും ഇപ്രകാരം വീട്ടിൽനിന്ന് അകന്നുനിന്നത് അവിശ്വാസിയായ എന്റെ ഭാര്യയെ വൈകാരികമായി തളർത്തിക്കളഞ്ഞു.”
കുടുംബജീവിതത്തെ മാത്രമല്ല അത് ബാധിച്ചത്. മാർക്ക് തുടരുന്നു: “കൊടുംചൂടിൽ മണിക്കൂറുകളോളം പണിയെടുക്കണം. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ക്രൂരരായ ആളുകൾക്കൊപ്പമുള്ള ജോലിയും എന്നെ തളർത്തി. റൗഡികളെപ്പോലെയാണ് അവർ പെരുമാറിയിരുന്നത്. വിഷാദവും അടിച്ചമർത്തലിന്റെ വേദനയും ഞാൻ അനുഭവിച്ചു. ‘സ്വന്തം കാര്യംപോലും നോക്കാൻ സമയമില്ലാത്ത ഞാൻ മറ്റുള്ളവരെ എങ്ങനെ സേവിക്കും’ എന്ന ചിന്ത എന്നെ അലട്ടി.”
മാർക്കിന്റെ ഈ ദുരനുഭവം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വിദേശത്ത് ജോലി ലഭിച്ചാൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും എന്നു തോന്നിയേക്കാമെങ്കിലും അത് മറ്റു പ്രശ്നങ്ങൾക്കു വഴിതെളിക്കില്ലേ? ഒന്നു ചിന്തിച്ചു നോക്കൂ: കുടുംബത്തെ ആത്മീയമായും മാനസികമായും അത് എങ്ങനെ ബാധിക്കും? സഭയുമായുള്ള നിങ്ങളുടെ ബന്ധം അറ്റുപോകാൻ അത് കാരണമാകുമോ? സഹവിശ്വാസികളെ സേവിക്കാനുള്ള നിങ്ങളുടെ പദവി നഷ്ടമാകാൻ ഇടയുണ്ടോ?—1 തിമൊ. 3:2-5.
നിങ്ങൾക്ക് അറിയാവുന്നതുപോലെ, വിദേശത്തു പോകുന്നവർ മാത്രമല്ല ലൗകിക ജോലിയിൽ മുഴുകിപ്പോകാൻ സാധ്യതയുള്ളത്. ജേക്കബിന്റെയും ബെറ്റിയുടെയും അനുഭവം കാണിക്കുന്നത് അതാണ്. അദ്ദേഹം പറയുന്നു: “കുഴപ്പമൊന്നും ഉണ്ടാകുമെന്നു വിചാരിച്ചല്ല ഞങ്ങൾ ബിസിനസ്സ് തുടങ്ങിയത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഞങ്ങൾ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ച് ചെറിയതോതിൽ ഒരു ലഘുഭക്ഷണശാല തുടങ്ങി. നല്ല ലാഭം കിട്ടിയപ്പോൾ ബിസിനസ്സ് വിപുലമാക്കുന്നതിനെക്കുറിച്ചായി ഞങ്ങളുടെ ചിന്ത. ഒന്നിനും സമയം തികയാതെ വന്നപ്പോൾ ഞങ്ങൾ യോഗങ്ങൾ മുടക്കാൻ തുടങ്ങി. അധികം താമസിയാതെ ഞാൻ പയനിയറിങ്ങിനോട് വിടപറഞ്ഞു, ശുശ്രൂഷാദാസൻ എന്ന പദവിയും വേണ്ടെന്നുവെച്ചു. ലാഭം കൂടിക്കൂടി വന്നപ്പോൾ ഞങ്ങൾ പിന്നെയും ബിസിനസ്സ് വലുതാക്കി. അവിശ്വാസിയായ ഒരാളുമായി പങ്കുചേർന്നായിരുന്നു പിന്നെ അങ്ങോട്ടുള്ള ബിസിനസ്സ്. വിദേശങ്ങളിലേക്ക് യാത്രകൾ പതിവായി; അവിടെ കോടികളുടെ ബിസിനസ്സ് കരാറുകളിൽ ഒപ്പിട്ടു. അക്കാലത്ത് വിരളമായി മാത്രമേ ഞാൻ വീട്ടിൽ ഉണ്ടാകുമായിരുന്നുള്ളൂ, ഭാര്യയിൽനിന്നും മകളിൽനിന്നും അകലുകയായിരുന്നു ഞാൻ. തന്നെയുമല്ല, ബിസിനസ്സ് വിജയം ഞങ്ങളെ ആത്മീയമായി ഉറക്കിക്കളഞ്ഞു. സഭയുമായി ബന്ധമില്ലാതിരുന്നതിനാൽ ഒടുവിൽ സഹോദരങ്ങളെയും ഞങ്ങൾ പാടേ മറന്നു.”
ഈ അനുഭവം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള മോഹം ഒരു ക്രിസ്ത്യാനിക്ക് കെണിയായെന്നുവരാം; ആത്മീയമായി മയങ്ങിപ്പോയി ക്രിസ്തീയ വ്യക്തിത്വം എന്ന “ഉടുപ്പ്” നഷ്ടമാകാൻ അത് ഇടയാക്കിയേക്കാം. (വെളി. 16:15) സഹോദരങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകാനും മുമ്പു സഹായിച്ചിരുന്നതുപോലെ അവരെ സഹായിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേരാനും അതു കാരണമാകും.
സത്യസന്ധമായി ഒന്നു വിലയിരുത്തുക
‘എനിക്ക് അങ്ങനെയൊന്നും സംഭവിക്കില്ല’ എന്നു നാം വിചാരിച്ചേക്കാം. പക്ഷേ, ഓർത്തുനോക്കൂ: ‘ജീവിക്കാൻ വാസ്തവത്തിൽ നമുക്ക് എത്രമാത്രം വേണം?’ പൗലോസ് എഴുതി: “ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്തിപ്പെടാം.” (1 തിമൊ. 6:7, 8) ഓരോ രാജ്യത്തെയും ജീവിതനിലവാരം വ്യത്യസ്തമാണെന്നത് ശരിതന്നെ. ഒരു വികസിത രാജ്യത്ത് ലളിതമായ ജീവിതം എന്നു കരുതുന്നത് മറ്റു പല ദേശങ്ങളിലും ആർഭാടമായി തോന്നിയേക്കാം.
നിങ്ങളുടെ പ്രദേശത്തെ ജീവിതനിലവാരം എന്തുതന്നെയായിരുന്നാലും പൗലോസ് അടുത്തതായി പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക: “ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന മൗഢ്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.” (1 തിമൊ. 6:9) കെണിയിൽച്ചെന്നു ചാടുന്നതുവരെ ഇര അക്കാര്യം തിരിച്ചറിയാറില്ല. അറിയാതെ അതിനെ പിടികൂടാൻ ഉദ്ദേശിച്ചുള്ളതാണ് കെണി. ആകട്ടെ, ‘ഹാനികരമായ മോഹങ്ങൾ’ എന്ന കെണിയിൽ വീഴാതിരിക്കാൻ നമുക്ക് എന്തുചെയ്യാനാകും?
മുൻഗണനകൾ വെക്കുന്നെങ്കിൽ ദൈവസേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്, വിശേഷിച്ചും വ്യക്തിപരമായ പഠനത്തിന് കൂടുതൽ സമയം കണ്ടെത്താൻ നമുക്ക് പ്രേരണതോന്നും. മറ്റുള്ളവർക്കുവേണ്ടി സത്പ്രവൃത്തികൾ ചെയ്യാൻ ‘പര്യാപ്തനായി തികഞ്ഞവൻ ആയിത്തീരുന്നതിന്’ പ്രാർഥനാപൂർവമുള്ള അത്തരം പഠനം ഒരു ക്രിസ്ത്യാനിയെ സഹായിക്കും.—2 തിമൊ. 2:15; 3:17.
വഴിവിട്ടുപോയ നാളുകളിൽ ജേക്കബ് സഹോദരന് സഹായവും പ്രോത്സാഹനവും നൽകാൻ സ്നേഹനിധികളായ മൂപ്പന്മാർ മുമ്പോട്ടുവന്നു. മാറ്റം വരുത്താൻ അത് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അദ്ദേഹം പറയുന്നു: “ഒരിക്കൽ സംഭാഷണത്തിനിടയിൽ, ബൈബിളിൽ വിവരിച്ചിരിക്കുന്ന ധനികനായ ഒരു ചെറുപ്പക്കാരന്റെ ദൃഷ്ടാന്തം മൂപ്പന്മാർ എന്നെ ഓർമിപ്പിക്കുകയുണ്ടായി. നിത്യം ജീവിക്കാൻ ആഗ്രഹിച്ച ആ യുവാവ് പക്ഷേ തന്റെ സമ്പത്ത് ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. എന്റെ അവസ്ഥ ആ യുവാവിന്റേതിനോടു സമാനമാണെന്ന് മൂപ്പന്മാർ നയപൂർവം എനിക്കു കാണിച്ചുതന്നു. അത് എന്റെ ഉള്ളിൽത്തട്ടി!”—സദൃ. 11:28; മർക്കോ. 10:17-22.
സത്യസന്ധമായി തന്റെ അവസ്ഥ വിലയിരുത്തിയ ജേക്കബ് സഹോദരൻ വലിയ ബിസിനസ്സുകളെല്ലാം നിറുത്താൻ തീരുമാനിച്ചു. രണ്ടുവർഷംകൊണ്ട് അദ്ദേഹവും കുടുംബവും ആത്മീയമായി പുരോഗതി വരുത്തി. ഒരു മൂപ്പനായി സേവിച്ചുകൊണ്ട് ഇന്ന് അദ്ദേഹം തന്റെ സഹവിശ്വാസികളെ സഹായിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കൂ: “സഹോദരങ്ങൾ ബിസിനസ്സിനു പിന്നാലെ പോയി ആത്മീയത ബലികഴിക്കുന്നതു കാണുമ്പോൾ, അവിശ്വാസികളുമായുള്ള ചേർച്ചയില്ലാത്ത കൂട്ടുകെട്ട് എത്ര മൗഢ്യമാണെന്ന് എന്റെ അനുഭവത്തിൽനിന്ന് ഞാൻ അവരെ പറഞ്ഞുകേൾപ്പിക്കാറുണ്ട്.” “ബിസിനസ്സ് ലോകത്തെ മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണുപോകാതിരിക്കുന്നതും സത്യസന്ധമല്ലാത്ത പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതും അത്ര എളുപ്പമല്ല” എന്ന് അദ്ദേഹം സമ്മതിക്കുന്നു.—2 കൊരി. 6:14.
മാർക്ക് സഹോദരനും തന്റെ ദുരനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടു. വിദേശത്തെ നല്ല ശമ്പളമുള്ള ജോലി കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായെങ്കിലും യഹോവയുമായും സഹോദരങ്ങളുമായും ഉള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് ഉലച്ചിൽതട്ടി. എന്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഒടുവിൽ അദ്ദേഹം തിരിച്ചറിഞ്ഞു. സഹോദരൻ പറയുന്നത് ശ്രദ്ധിക്കുക: “‘തനിക്കായി വലിയകാര്യങ്ങളെ ആഗ്രഹിച്ച’ പുരാതനകാലത്തെ ബാരൂക്കിനെപ്പോലെയായിരുന്നു ആ നാളുകളിൽ ഞാൻ. അവസാനം യഹോവയുടെ മുന്നിൽ ഞാൻ മനസ്സുതുറന്നു, എന്റെ ആകുലതകളെല്ലാം അവന്റെ സന്നിധിയിൽ അർപ്പിച്ചു. എനിക്ക് ഇപ്പോൾ ആത്മീയ സമചിത്തത വീണ്ടെടുക്കാനായിരിക്കുന്നു.” (യിരെ. 45:1-5) സഭാമേൽവിചാരകൻ എന്ന “നല്ല വേല”യ്ക്കായി യത്നിക്കുകയാണ് ഇന്ന് അദ്ദേഹം.—1 തിമൊ. 3:1.
മെച്ചപ്പെട്ട തൊഴിൽതേടി അന്യനാടുകളിലേക്കു ചേക്കേറുന്നവർക്ക് മാർക്ക് സഹോദരൻ നൽകുന്ന മുന്നറിയിപ്പ് ഇതാണ്: “അന്യനാട്ടിലായിരിക്കുമ്പോൾ ഈ ദുഷ്ടലോകത്തിന്റെ കെണികളിൽ കുടുങ്ങിപ്പോകാൻ എളുപ്പമാണ്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് ഭാഷ ഒരു തടസ്സമായിരിക്കും. കൈ നിറയെ പണവുമായിട്ടായിരിക്കാം നിങ്ങൾ വീട്ടിലേക്കു മടങ്ങുന്നത്, പക്ഷേ നിങ്ങൾക്കേറ്റ ആത്മീയ ക്ഷതങ്ങൾ ഭേദമാകാൻ കാലങ്ങളെടുത്തെന്നുവരും.”
തൊഴിലും സഹോദരങ്ങളോടുള്ള കടമയും നാം സമനിലയിൽ കൊണ്ടുപോകുമ്പോൾ യഹോവയ്ക്ക് അതു സന്തോഷമാകും. ബുദ്ധിപൂർവം തീരുമാനങ്ങളെടുക്കാൻ നമ്മുടെ മാതൃക മറ്റുള്ളവർക്ക് പ്രചോദനമായേക്കാം. ജീവിത ഉത്കണ്ഠകളാൽ ഭാരപ്പെടുന്നവർക്ക് സഹോദരീസഹോദരന്മാരുടെ നല്ല മാതൃകയും പിന്തുണയും സഹാനുഭൂതിയും ആവശ്യമാണ്. സമചിത്തതയോടെ കാര്യങ്ങൾ ചെയ്യാനും ജീവിത ഉത്കണ്ഠകൾക്ക് അടിമപ്പെട്ടുപോകാതിരിക്കാനും സഹവിശ്വാസികളെ സഹായിക്കാൻ സഭാമൂപ്പന്മാർക്കും പക്വതയുള്ള മറ്റു സഹോദരങ്ങൾക്കും കഴിയും.—എബ്രാ. 13:7.
തൊഴിലിൽ ആമഗ്നരായി നാം സഹവിശ്വാസികളെ മറന്നുപോകാൻ ഒരിക്കലും ഇടവരാതിരിക്കട്ടെ. (ഫിലി. 1:10) പകരം, രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതുവെച്ച് നമുക്ക് ‘ദൈവവിഷയമായി സമ്പന്നരാകാം!’—ലൂക്കോ. 12:21.
[അടിക്കുറിപ്പ്]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[21-ാം പേജിലെ ചിത്രങ്ങൾ]
യോഗങ്ങൾക്കു ഹാജരാകാൻ തൊഴിൽ നിങ്ങൾക്കൊരു തടസ്സമാണോ?
[23-ാം പേജിലെ ചിത്രങ്ങൾ]
സഹോദരീസഹോദരന്മാരെ സഹായിക്കാനുള്ള അവസരങ്ങൾ നിങ്ങൾ വിലയേറിയതായി കാണുന്നുണ്ടോ?