ക്രിസ്തീയ കുടുംബങ്ങളേ, ‘ഉണർന്നിരിക്കൂ’
“നമുക്ക് ഉണർന്നും സുബോധത്തോടെയും ഇരിക്കാം.”—1 തെസ്സ. 5:6.
1, 2. ഒരു കുടുംബത്തിന് ആത്മീയമായി ഉണർന്നിരിക്കാൻ കഴിയണമെങ്കിൽ കുടുംബാംഗങ്ങൾ എന്തു ചെയ്യണം?
പൗലോസ് അപ്പൊസ്തലൻ “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തെക്കുറിച്ച് തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “സഹോദരന്മാരേ, ആ ദിവസം നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടത്തക്കവിധം കള്ളന്മാരെപ്പോലെ നിങ്ങൾ ഇരുട്ടിലുള്ളവരല്ല. നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കൾ ആകുന്നുവല്ലോ. നാം രാത്രിക്കോ ഇരുട്ടിനോ ഉള്ളവരല്ല.” പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ നമുക്ക് ഉണർന്നും സുബോധത്തോടെയും ഇരിക്കാം.”—യോവേ. 2:31; 1 തെസ്സ. 5:4-6.
2 തെസ്സലോനിക്യർക്കുള്ള പൗലോസിന്റെ ഈ ബുദ്ധിയുപദേശം “അന്ത്യകാല”ത്തു ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് ഏറെ പ്രസക്തമാണ്. (ദാനീ. 12:4) ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവെ ദൈവത്തെ സേവിക്കുന്നതിൽനിന്ന് കഴിയുന്നത്ര സത്യാരാധകരെ പിന്തിരിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സാത്താൻ. അതുകൊണ്ട് ആത്മീയമായി ഉണർന്നിരിക്കാനുള്ള പൗലോസിന്റെ ആഹ്വാനം നാം വളരെ ഗൗരവത്തോടെ കാണണം. ഒരു ക്രിസ്തീയ കുടുംബത്തിന് ഉണർന്നിരിക്കാൻ കഴിയണമെങ്കിൽ അതിലെ ഓരോ അംഗവും തന്നെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന ധർമം ശരിയായി നിർവഹിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ, ‘ഉണർന്നിരിക്കാൻ’ തങ്ങളുടെ കുടുംബത്തെ സഹായിക്കുന്നതിന് ഭർത്താവിനും ഭാര്യക്കും കുട്ടികൾക്കും എന്തു ചെയ്യാനാകും?
ഭർത്താക്കന്മാരേ, ‘നല്ല ഇടയനെ’ അനുകരിക്കുക
3. കുടുംബത്തിന്റെ ശിരസ്സായ പുരുഷന്റെ ഏത് ഉത്തരവാദിത്വത്തെക്കുറിച്ചാണ് 1 തിമൊഥെയൊസ് 5:8 പറയുന്നത്, അതിൽ എന്ത് ഉൾപ്പെടുന്നു?
3 “സ്ത്രീയുടെ ശിരസ്സ് പുരുഷൻ” എന്ന് ബൈബിൾ പറയുന്നു. (1 കൊരി. 11:3) കുടുംബത്തിന്റെ ശിരസ്സായ ഭർത്താവിന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? ഒരു ഉത്തരവാദിത്വത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നത് ശ്രദ്ധിക്കൂ: “തനിക്കുള്ളവർക്കും പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞവനും അവിശ്വാസിയെക്കാൾ അധമനും ആകുന്നു.” (1 തിമൊ. 5:8) ഒരു പുരുഷൻ തന്റെ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. എന്നാൽ കുടുംബാംഗങ്ങൾ ആത്മീയമായി ഉണർന്നിരിക്കണമെങ്കിൽ അദ്ദേഹം വെറുമൊരു അന്നദാതാവായാൽപ്പോരാ. കുടുംബത്തിലെ ഓരോ അംഗത്തെയും ദൈവവുമായുള്ള ബന്ധം ബലിഷ്ഠമാക്കാൻ സഹായിച്ചുകൊണ്ട് അദ്ദേഹം തന്റെ കുടുംബത്തെ ആത്മീയമായി ‘പണിതുയർത്തേണ്ടതുണ്ട്.’ (സദൃ. 24:3, 4) അത് എങ്ങനെ ചെയ്യാനാകും?
4. കുടുംബത്തെ ആത്മീയമായി ‘പണിതുയർത്താൻ’ ഒരു പുരുഷൻ എന്താണ് ചെയ്യേണ്ടത്?
4 “ക്രിസ്തു . . . സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സ് ആകുന്നു.” (എഫെ. 5:23) അതുകൊണ്ട് ഭർത്താവ് ക്രിസ്തു സഭയുടെമേൽ ശിരഃസ്ഥാനം പ്രയോഗിക്കുന്നവിധം മനസ്സിലാക്കി അനുകരിക്കേണ്ടതുണ്ട്. ശിഷ്യന്മാരുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് യേശു പറഞ്ഞത് ശ്രദ്ധിക്കുക. (യോഹന്നാൻ 10:14, 15 വായിക്കുക.) കുടുംബത്തെ ആത്മീയമായി ‘പണിതുയർത്താൻ’ കുടുംബനാഥൻ എന്താണ് ചെയ്യേണ്ടത്? ‘നല്ല ഇടയനായ’ യേശു സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വിധത്തെക്കുറിച്ച് പഠിക്കുകയും “അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ” പരിശ്രമിക്കുകയും വേണം.—1 പത്രോ. 2:21.
5. നല്ല ഇടയനായ യേശുവിന് സഭയെക്കുറിച്ച് എത്ര നന്നായി അറിയാം?
5 ക്രിസ്തുവിന്റെ മാതൃകയിൽനിന്ന് ഒരു കുടുംബനാഥന് എന്തൊക്കെ പഠിക്കാനാകുമെന്നു നോക്കാം. ഒരു ഇടയനും ആടുകളും തമ്മിലുള്ള ബന്ധം വിശ്വാസത്തിലും പരസ്പരമുള്ള അറിവിലും അധിഷ്ഠിതമാണ്. ഇടയന് തന്റെ ആടുകളെക്കുറിച്ച് സകലതും അറിയാം. ആടുകളും അവയുടെ ഇടയനെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവ അദ്ദേഹത്തിന്റെ ശബ്ദം തിരിച്ചറിയും, അനുസരിക്കും. “ഞാൻ എന്റെ ആടുകളെ അറിയുന്നു; എന്റെ ആടുകൾ എന്നെയും അറിയുന്നു” എന്ന് യേശു പറയുകയുണ്ടായി. സഭയെക്കുറിച്ച് വെറും നാമമാത്രമായ അറിവല്ല അവനുള്ളത്. “അറിയുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം “വ്യക്തിപരമായി അടുത്തറിയുന്നതിനെ” ആണ് സൂചിപ്പിക്കുന്നത്. അതെ, നമ്മുടെ മാതൃകാപുരുഷനും നല്ല ഇടയനുമായ യേശുവിന് തന്റെ ഓരോ ആടിനെയും അടുത്തറിയാം. അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളും കഴിവുകളും കഴിവുകേടുകളും അവന് നന്നായി അറിയാം. അവരുടെ ഒരു കാര്യവും അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. ആടുകളാകട്ടെ അവരുടെ ഇടയനെ അറിയുകയും അവന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു.
6. ഭർത്താക്കന്മാർക്ക് നല്ല ഇടയനായ യേശുവിനെ എങ്ങനെ അനുകരിക്കാം?
6 ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് തന്റെ ശിരഃസ്ഥാനം പ്രയോഗിക്കാൻ ഒരു ഭർത്താവിനു കഴിയണമെങ്കിൽ, തന്നെ ഒരു ഇടയനായും തന്റെ സംരക്ഷണയിലുള്ളവരെ ആടുകളായും അദ്ദേഹം കരുതണം. തന്റെ കുടുംബത്തിലെ ഓരോരുത്തരെയും അടുത്തറിയാൻ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. അത് സാധ്യമാണോ? കുടുംബത്തിലെ ഓരോരുത്തരോടും നന്നായി ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുകയും കുടുംബം ഒന്നിച്ചുള്ള പ്രവർത്തനങ്ങളിൽ നേതൃത്വമെടുക്കുകയും ചെയ്താൽ അദ്ദേഹത്തിന് അത് സാധിക്കും. തന്നെയുമല്ല, കുടുംബാരാധന, യോഗങ്ങളിൽ ഹാജരാകൽ, വയൽസേവനം, ഉല്ലാസങ്ങൾ, വിനോദപരിപാടികൾ എന്നീ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധാപൂർവം നല്ല തീരുമാനങ്ങളെടുക്കുകയും വേണം. ഒരു കുടുംബനാഥൻ ദൈവവചനത്തെക്കുറിച്ച് അറിവുനേടുന്നതിനൊപ്പം കുടുംബാംഗങ്ങളെക്കുറിച്ചും നന്നായി മനസ്സിലാക്കി ശിരഃസ്ഥാനം പ്രയോഗിക്കുന്നെങ്കിൽ അവർക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ വിശ്വാസമുണ്ടായിരിക്കും. കുടുംബനാഥനാകട്ടെ, കുടുംബാംഗങ്ങളെല്ലാം സത്യാരാധനയോടു പറ്റിനിൽക്കുന്നതു കാണുന്നതിന്റെ ചാരിതാർഥ്യവും.
7, 8. കുടുംബാംഗങ്ങളോടു സ്നേഹം കാണിക്കുന്നതിൽ കുടുംബനാഥന്മാർക്ക് എങ്ങനെ നല്ല ഇടയനായ യേശുവിന്റെ മാതൃക അനുകരിക്കാം?
7 ഒരു നല്ല ഇടയൻ തന്റെ ആടുകളെ സ്നേഹിക്കുകയും ചെയ്യും. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സുവിശേഷ ഭാഗങ്ങൾ വായിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു കാണിച്ച സ്നേഹം നമ്മുടെ ഹൃദയത്തെ സ്പർശിക്കാറില്ലേ? അവൻ ‘ആടുകൾക്കുവേണ്ടി സ്വന്തം ജീവൻപോലും വെച്ചുകൊടുത്തു.’ ഭർത്താക്കന്മാർക്ക് കുടുംബാംഗങ്ങളോട് യേശു കാണിച്ചതുപോലുള്ള സ്നേഹം ഉണ്ടായിരിക്കേണ്ടതാണ്. ദൈവത്തിന്റെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്ന ഭർത്താവ് ഭാര്യയെ അടക്കിവാഴുന്നതിനുപകരം “ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ” എന്നും അവളെ സ്നേഹിക്കണം. (എഫെ. 5:25) എപ്പോഴും പരിഗണനയോടും ദയയോടും കൂടി വേണം അദ്ദേഹം ഭാര്യയോടു സംസാരിക്കാൻ; അവൾ ആദരവ് അർഹിക്കുന്നു.—1 പത്രോ. 3:7.
8 കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ പിതാവ് ദൈവികതത്ത്വങ്ങളിൽ വിട്ടുവീഴ്ചചെയ്യരുത്. അതേസമയം, അവരോടു സ്നേഹം കാണിക്കുകയും വേണം. ശിക്ഷണം നൽകേണ്ടതുണ്ടെങ്കിൽ അത് സ്നേഹപൂർവമായിരിക്കണം. എന്നാൽ, തന്നിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്ന് ചില കുട്ടികൾക്ക് അത്ര പെട്ടെന്നു മനസ്സിലായെന്നുവരില്ല. അങ്ങനെയുള്ള കുട്ടികളുടെ കാര്യത്തിൽ പിതാവ് കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതായിവരും. കുടുംബനാഥന്മാർ എല്ലാ കാര്യത്തിലും യേശുവിന്റെ മാതൃക അനുകരിക്കുന്നെങ്കിൽ കുടുംബാംഗങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വബോധം തോന്നും. സങ്കീർത്തനക്കാരൻ പാടിയതുപോലുള്ള ആത്മീയ സംരക്ഷണം അവർ ആസ്വദിക്കും.—സങ്കീർത്തനം 23:1-6 വായിക്കുക.
9. ഗോത്രപിതാവായ നോഹയ്ക്കുണ്ടായിരുന്ന എന്ത് ഉത്തരവാദിത്വം ക്രിസ്തീയ ഭർത്താക്കന്മാർക്കുണ്ട്, അതു നിർവഹിക്കാൻ അവരെ എന്തു സഹായിക്കും?
9 ഗോത്രപിതാവായ നോഹ ജീവിച്ചിരുന്നത് അന്നത്തെ ആ ദുഷ്ടലോകത്തിന്റെ അവസാന നാളുകളിലാണ്. പക്ഷേ, “ഭക്തികെട്ടവരുടെ ലോകത്തെ ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ” യഹോവ “നോഹയെ വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു.” (2 പത്രോ. 2:5) പ്രളയത്തെ അതിജീവിക്കാൻ കുടുംബാംഗങ്ങളെയെല്ലാം സഹായിക്കാനുള്ള ഉത്തരവാദിത്വം നോഹയ്ക്കുണ്ടായിരുന്നു. ഇന്ന് ഈ അന്ത്യകാലത്തു ജീവിക്കുന്ന ക്രിസ്തീയ കുടുംബനാഥന്മാർക്കും സമാനമായ ഉത്തരവാദിത്വമുണ്ട്. (മത്താ. 24:37) അവർ ‘നല്ല ഇടയനായ’ യേശുവിനെക്കുറിച്ചു പഠിക്കുകയും അവനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് എത്ര പ്രധാനമാണ്!
ഭാര്യമാരേ, നിങ്ങളുടെ ‘വീടു പണിയുക’
10. ഭർത്താവിന് കീഴ്പെട്ടിരിക്കണം എന്ന കൽപ്പന ഭാര്യയെ തരംതാഴ്ത്തുന്നതാണോ? വിശദീകരിക്കുക.
10 “ഭാര്യമാർ കർത്താവിന് എന്നപോലെ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കട്ടെ” എന്ന് പൗലോസ് അപ്പൊസ്തലൻ എഴുതി. (എഫെ. 5:22) ഒരുപ്രകാരത്തിലും ഭാര്യയെ തരംതാഴ്ത്തുന്നതല്ല ഈ കൽപ്പന. ആദ്യസ്ത്രീയായ ഹവ്വായെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം പറഞ്ഞു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” (ഉല്പ. 2:18) ഭർത്താവിന് ‘തക്കതായൊരു തുണയായിരിക്കുക,’ അഥവാ കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അദ്ദേഹത്തെ സഹായിക്കുക; ഇത് ആദരണീയമായ ഒരു പദവിതന്നെയാണ്.
11. മാതൃകായോഗ്യയായ ഭാര്യ തന്റെ ‘വീടു പണിയുന്നത്’ എങ്ങനെ?
11 മാതൃകായോഗ്യയായ ഭാര്യ കുടുംബത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. (സദൃശവാക്യങ്ങൾ 14:1 വായിക്കുക.) ബുദ്ധിയില്ലാത്ത സ്ത്രീ ശിരഃസ്ഥാനത്തെ അവമതിക്കുമ്പോൾ ജ്ഞാനമുള്ളവൾ അതിനോട് ആഴമായ ആദരവുള്ളവളായിരിക്കും. ലോകത്തിൽ പൊതുവെ കാണുന്ന അനുസരണക്കേടോ സ്വതന്ത്രബുദ്ധിയോ അനുകരിക്കുന്നതിനുപകരം അവൾ തന്റെ ഭർത്താവിനു കീഴ്പെട്ടിരിക്കും. (എഫെ. 2:2) ബുദ്ധിയില്ലാത്ത ഭാര്യ ഭർത്താവിനെ അവഹേളിക്കാൻ മടിക്കില്ല; പക്ഷേ, ജ്ഞാനമുള്ളവൾ കുട്ടികൾക്കും മറ്റുള്ളവർക്കും തന്റെ ഭർത്താവിനോടുള്ള ആദരവ് വർധിപ്പിക്കാനായിരിക്കും ശ്രമിക്കുക. അങ്ങനെയുള്ള ഒരു ഭാര്യ തന്നെയുംപിന്നെയും ഒരേ കാര്യം ആവശ്യപ്പെട്ട് ഭർത്താവിനെ ശല്യപ്പെടുത്തുകയോ അദ്ദേഹവുമായി തർക്കിക്കുകയോ ചെയ്തുകൊണ്ട് ശിരഃസ്ഥാനത്തോട് അനാദരവുകാട്ടില്ല. ചെലവുചുരുക്കുന്നതാണ് മറ്റൊരു കാര്യം. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ബുദ്ധിയില്ലാത്ത ഭാര്യ ധൂർത്തടിച്ചേക്കാം. ഉത്തമയായ ഭാര്യ അങ്ങനെ ചെയ്യില്ല. അവൾ സാമ്പത്തിക കാര്യങ്ങളിൽ ഭർത്താവിനോടു സഹകരിച്ചു പ്രവർത്തിക്കും; വിവേകത്തോടെ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും. പണമുണ്ടാക്കാനായി അധികം സമയം ജോലിചെയ്യാൻ അവൾ ഭർത്താവിനെ നിർബന്ധിക്കുകയുമില്ല.
12. ആത്മീയമായി ‘ഉണർന്നിരിക്കാൻ’ ഒരു ഭാര്യക്ക് തന്റെ കുടുംബത്തെ എങ്ങനെ സഹായിക്കാം?
12 യഹോവയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ ഭർത്താവിനോടു സഹകരിച്ചുകൊണ്ട് അനുകരണയോഗ്യയായ ഭാര്യ ആത്മീയമായി ‘ഉണർന്നിരിക്കാൻ’ കുടുംബത്തെ സഹായിക്കും. (സദൃ. 1:8) കുടുംബാരാധനയ്ക്ക് അവൾ എല്ലാവിധത്തിലും പിന്തുണനൽകും. ഭർത്താവ് കുട്ടികളെ ഉപദേശിക്കുകയോ അവർക്കു ശിക്ഷണം നൽകുകയോ ചെയ്യുമ്പോൾ അവളും അദ്ദേഹത്തിനൊപ്പം നിൽക്കും. ഇക്കാര്യങ്ങളിൽ ഭർത്താവിനോടു സഹകരിക്കാതിരിക്കുന്നത് കുട്ടികളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തെ ബാധിക്കും എന്ന് അവൾക്കറിയാം. അതുകൊണ്ട് അവൾ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല.
13. ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുന്ന ഭർത്താവിന് ഭാര്യ പിന്തുണയേകേണ്ടത് എന്തുകൊണ്ട്?
13 ഭർത്താവ് ക്രിസ്തീയ സഭയിൽ സജീവമായി പ്രവർത്തിക്കുന്നതു കാണുമ്പോൾ ഒരു നല്ല ഭാര്യ ഏറെ സന്തോഷിക്കും. അദ്ദേഹം ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കുന്നതും ആശുപത്രി ഏകോപന സമിതി, മേഖലാ നിർമാണ കമ്മിറ്റി എന്നിവയിൽ പ്രവർത്തിക്കുന്നതും അവൾക്ക് അഭിമാനമാണ്. ഇക്കാര്യങ്ങളിൽ ഭർത്താവിനെ പിന്തുണയ്ക്കാൻ അവൾക്ക് പല ത്യാഗങ്ങളും ചെയ്യേണ്ടിവന്നേക്കാം. എന്നുവരികിലും, വാക്കുകളാലും പ്രവൃത്തികളാലും അവൾ അദ്ദേഹത്തിനു പ്രോത്സാഹനമേകും. ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഭർത്താവ് തിരക്കുള്ളവനായിരിക്കുന്നത് ആത്മീയമായി ഉണർന്നിരിക്കാൻ മുഴുകുടുംബത്തെയും സഹായിക്കും എന്ന് അവൾക്കറിയാം.
14. (എ) ഭർത്താവിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ഭാര്യക്ക് അത് ബുദ്ധിമുട്ടായിത്തീരുന്നത് എപ്പോൾ, അവൾക്ക് അപ്പോൾ എന്തു ചെയ്യാനാകും? (ബി) മുഴുകുടുംബത്തിന്റെയും ക്ഷേമം മുൻനിറുത്തി ഭാര്യ എന്തു ചെയ്യണം?
14 തനിക്കു യോജിക്കാനാകാത്ത ഒരു തീരുമാനം ഭർത്താവ് എടുക്കുമ്പോഴാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് ഭാര്യക്കു ബുദ്ധിമുട്ടായിത്തീരുന്നത്. പക്ഷേ, മാതൃകായോഗ്യയായ ഭാര്യ അപ്പോഴും “ശാന്തതയും സൗമ്യതയുമുള്ള മനസ്സ്” കാത്തുസൂക്ഷിക്കും, തീരുമാനം നടപ്പാക്കാൻ അദ്ദേഹത്തോട് പൂർണമായി സഹകരിക്കും. (1 പത്രോ. 3:4) സാറാ, രൂത്ത്, അബീഗയിൽ, യേശുവിന്റെ അമ്മയായ മറിയ എന്നിങ്ങനെയുള്ള ദൈവഭക്തരായ സ്ത്രീകളുടെ ശ്രേഷ്ഠമാതൃക അനുകരിക്കാൻ ഒരു നല്ല ഭാര്യ ശ്രമിക്കും. (1 പത്രോ. 3:5, 6) “ദൈവഭക്തർക്കൊത്ത പെരുമാറ്റശീലമുള്ള” ഇക്കാലത്തെ മുതിർന്ന സ്ത്രീകളെയും അവൾക്കു കണ്ടുപഠിക്കാം. (തീത്തൊ. 2:3, 4) മാതൃകായോഗ്യയായ ഭാര്യ ഭർത്താവിനോടു സ്നേഹവും ആദരവും കാണിച്ചുകൊണ്ട് തങ്ങളുടെ ദാമ്പത്യം ബലിഷ്ഠമാക്കും; അത് മുഴുകുടുംബത്തിന്റെയും ക്ഷേമത്തിൽ കലാശിക്കുമെന്നതിൽ സംശയമില്ല. അങ്ങനെയാകുമ്പോൾ, ആശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കേദാരമായിത്തീരും അവളുടെ ഭവനം. അതെ, ആത്മീയമനസ്കനായ ഭർത്താവിന് തന്നെ പിന്തുണയ്ക്കുന്ന ഭാര്യ ഒരു അമൂല്യനിധിയാണ്!—സദൃ. 12:4.
കുട്ടികളേ, ‘കാണാത്തവയിൽ ദൃഷ്ടിയൂന്നുക’
15. കുടുംബം ഒന്നാകെ ആത്മീയമായി ‘ഉണർന്നിരിക്കാൻ’ കുട്ടികളായ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
15 കുടുംബം ഒന്നാകെ ആത്മീയമായി ‘ഉണർന്നിരിക്കാൻ’ കുട്ടികളായ നിങ്ങൾക്ക് എന്തു ചെയ്യാനാകും? യഹോവ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സമ്മാനത്തിൽ ദൃഷ്ടിയൂന്നുക. നിങ്ങൾ നന്നേ ചെറുപ്പമായിരുന്നപ്പോൾ മാതാപിതാക്കൾ നിങ്ങളെ പറുദീസയുടെ ചിത്രങ്ങൾ കാണിച്ചുതന്നിരിക്കാം. നിങ്ങൾ മുതിർന്നുവരവെ, തിരുവെഴുത്തുകളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് പുതിയ ലോകത്തിലെ നിത്യജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു വിഭാവനചെയ്യാൻ അവർ നിങ്ങളെ സഹായിച്ചിട്ടുണ്ടാകും. ആകട്ടെ, ഇനി നിങ്ങൾ എന്തു ചെയ്യണം? ദൈവസേവനത്തിൽ ദൃഷ്ടിയൂന്നുക; ആ ലക്ഷ്യം മനസ്സിൽവെച്ചുകൊണ്ട് ഭാവിപദ്ധതികൾ തയ്യാറാക്കുക. ‘ഉണർന്നിരിക്കാൻ’ അത് നിങ്ങളെ സഹായിക്കും.
16, 17. നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയം നേടാൻ കുട്ടികൾക്ക് എന്തു ചെയ്യാനാകും?
16 പൗലോസ് അപ്പൊസ്തലൻ 1 കൊരിന്ത്യർ 9:24-ൽ (വായിക്കുക.) നൽകിയ ആഹ്വാനം എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം. വിജയം നേടുക എന്ന ഒറ്റ ലക്ഷ്യത്തിൽ മനസ്സ് കേന്ദ്രീകരിച്ച് ഓടുക. നിത്യജീവനാകുന്ന സമ്മാനം കരസ്ഥമാക്കാൻ സഹായിക്കുന്ന പാത വേണം തിരഞ്ഞെടുക്കാൻ. ലൗകിക ലക്ഷ്യങ്ങൾക്കു പിന്നാലെ പോയതിനാൽ പലരുടെയും ദൃഷ്ടി സമ്മാനത്തിൽനിന്നു മാറിപ്പോയിരിക്കുന്നു. എത്ര ബുദ്ധിശൂന്യം! ധനം സമ്പാദിക്കുന്നതിനെ ചുറ്റിപ്പറ്റി ജീവിതം ആസൂത്രണംചെയ്താൽ യഥാർഥ സന്തോഷം അന്യമാകും. പണംകൊണ്ട് നേടാനാകുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്ന് ഓർക്കണം. അതുകൊണ്ട് കുട്ടികളേ, “കാണാത്തവയിൽത്തന്നെ” ദൃഷ്ടിയൂന്നുക. അവ “നിത്യം” നിലനിൽക്കും!—2 കൊരി. 4:18.
17 “കാണാത്തവയിൽ” ഉൾപ്പെടുന്ന ഒന്നാണ് രാജ്യാനുഗ്രഹങ്ങൾ. ആ അനുഗ്രഹങ്ങൾ നേടാനാകുംവിധം നിങ്ങളുടെ ജീവിതം ആസൂത്രണംചെയ്യുക. ദൈവസേവനത്തിനായി ജീവിതം വിനിയോഗിക്കുന്നതാണ് യഥാർഥ സന്തോഷം നേടാനുള്ള മാർഗം. സത്യദൈവത്തെ സേവിക്കുമ്പോൾ നിങ്ങൾക്ക് അൽപ്പകാലംകൊണ്ടും ദീർഘകാലംകൊണ്ടും നേടാനാകുന്ന ധാരാളം ലാക്കുകൾ വെക്കാനുള്ള അവസരമുണ്ട്.a എത്തിച്ചേരാനാകുന്ന അത്തരം ആത്മീയ ലാക്കുകൾ വെക്കുന്നെങ്കിൽ നിത്യജീവൻ എന്ന സമ്മാനത്തിൽ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് ദൈവത്തെ സേവിക്കാൻ നിങ്ങൾക്കാകും.—1 യോഹ. 2:17.
18, 19. സത്യം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഒരു യുവവ്യക്തിക്ക് എങ്ങനെ ഉറപ്പാക്കാം?
18 സത്യം നിങ്ങളുടെ സ്വന്തമാക്കുക എന്നതാണ് നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽ കാലെടുത്തുവെക്കാൻ ആദ്യം ചെയ്യേണ്ടത്. നിങ്ങൾ ആ ചുവട് വെച്ചുകഴിഞ്ഞോ? ഒരു ആത്മപരിശോധന നടത്തിനോക്കൂ: ‘ഞാൻ ഒരു ആത്മീയമനസ്കനാണോ, അതോ മാതാപിതാക്കളെ ആശ്രയിച്ചാണോ എന്റെ ആത്മീയ പ്രവർത്തനങ്ങൾ? ദൈവത്തെ പ്രസാദിപ്പിക്കുന്ന ഗുണങ്ങൾ ഞാൻ വളർത്തിയെടുക്കുന്നുണ്ടോ? ക്രമമായി പ്രാർഥിക്കാനും പഠനം, ക്രിസ്തീയ യോഗങ്ങൾ, വയൽസേവനം എന്നിങ്ങനെ സത്യാരാധനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടാനും ഞാൻ സമയം നീക്കിവെച്ചിട്ടുണ്ടോ? ദൈവവുമായുള്ള എന്റെ ബന്ധം ബലിഷ്ഠമാക്കിക്കൊണ്ട് ഞാൻ അവനോട് അടുത്തു ചെല്ലുന്നുണ്ടോ?’—യാക്കോ. 4:8.
19 മോശയുടെ മാതൃകയെക്കുറിച്ചു ധ്യാനിക്കുക. അന്യസംസ്കാരത്തിന്റെ കെട്ടുപാടുകളിലാണ് വളർന്നതെങ്കിലും ഫറവോന്റെ മകളുടെ പുത്രൻ എന്ന് അറിയപ്പെടാനല്ല യഹോവയുടെ ഒരു ആരാധകനായി അറിയപ്പെടാനാണ് അവൻ ആഗ്രഹിച്ചത്. (എബ്രായർ 11:24-27 വായിക്കുക.) ക്രിസ്തീയ യുവാക്കളേ, യഹോവയെ വിശ്വസ്തമായി സേവിക്കാൻ നിങ്ങൾ ദൃഢചിത്തരാണോ? ആണെങ്കിൽ, നിങ്ങൾ യഥാർഥ സന്തുഷ്ടി കണ്ടെത്തും, ഏറ്റവും ഉത്കൃഷ്ടമായ ജീവിതം ഇപ്പോൾത്തന്നെ നിങ്ങൾ ആസ്വദിക്കും, “യഥാർഥ ജീവനിൽ പിടിയുറപ്പി”ക്കാനും നിങ്ങൾക്കാകും.—1 തിമൊ. 6:19.
20. നിത്യജീവനായുള്ള ഓട്ടത്തിൽ ആർക്കാണ് സമ്മാനം ലഭിക്കുക?
20 പുരാതനനാളിലെ ഓട്ടമത്സരങ്ങളിൽ ഒരാൾക്കേ സമ്മാനം ലഭിച്ചിരുന്നുള്ളൂ. പക്ഷേ, നിത്യജീവനായുള്ള ഓട്ടത്തിൽ അങ്ങനെയല്ല. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നു”മാണ് ദൈവത്തിന്റെ ആഗ്രഹം. (1 തിമൊ. 2:3, 4) ഇതിനകം അനേകരും വിജയകരമായി തങ്ങളുടെ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു, മറ്റു പലരും നിങ്ങളോടൊപ്പം ഓടുന്നുണ്ട്. (എബ്രാ. 12:1, 2) മടുത്തു പിന്മാറാത്തവർക്കെല്ലാം സമ്മാനം ഉറപ്പാണ്. അതുകൊണ്ട് വിജയം നേടാനായി ഓടുക!
21. അടുത്ത ലേഖനം എന്ത് ചർച്ചചെയ്യും?
21 “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ” വരുമെന്നത് ഉറപ്പാണ്. (മലാ. 4:5) ഓർക്കാപ്പുറത്ത് അത് നേരിടേണ്ട ദുരവസ്ഥ നിങ്ങളുടെ കുടുംബത്തിനുണ്ടാകരുത്. അതുകൊണ്ട് കുടുംബത്തിലെ ഓരോരുത്തരും തങ്ങളുടെ തിരുവെഴുത്ത് ഉത്തരവാദിത്വം നിർവഹിക്കാൻ ശ്രദ്ധിക്കണം. ആത്മീയമായി ഉണർന്നിരിക്കാനും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കരുത്തുറ്റതാക്കാനും മറ്റ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്? മുഴുകുടുംബത്തിന്റെയും ആത്മീയ സുസ്ഥിതിക്ക് ഇടയാക്കുന്ന മൂന്നുകാര്യങ്ങളെക്കുറിച്ച് അടുത്ത ലേഖനം ചർച്ചചെയ്യും.
[അടിക്കുറിപ്പ്]
നിങ്ങൾ എന്തു പഠിച്ചു?
• ക്രിസ്തീയ കുടുംബങ്ങൾ ‘ഉണർന്നിരിക്കേണ്ടത്’ എന്തുകൊണ്ട്?
• ഭർത്താക്കന്മാർക്ക് നല്ല ഇടയനായ യേശുവിനെ എങ്ങനെ അനുകരിക്കാം?
• ഒരു നല്ല ഭാര്യക്ക് ഭർത്താവിനെ എങ്ങനെ പിന്തുണയ്ക്കാനാകും?
• കുടുംബം ഒന്നാകെ ആത്മീയമായി ‘ഉണർന്നിരിക്കാൻ’ കുട്ടികൾക്ക് എന്തു ചെയ്യാനാകും?
[9-ാം പേജിലെ ചിത്രം]
ആത്മീയമനസ്കനായ ഭർത്താവിന് തന്നെ പിന്തുണയ്ക്കുന്ന ഭാര്യ ഒരു അമൂല്യനിധിയാണ്