നിങ്ങൾ ഏതുതരം വ്യക്തികൾ ആയിരിക്കേണ്ടതാണെന്ന് ചിന്തിച്ചുകൊള്ളുക!
“വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്കാന്തിയുള്ളവർ ആയിരിക്കണം!” —2 പത്രോ. 3:12.
1, 2. ദൈവാംഗീകാരം നേടുന്നതിന് നാം എങ്ങനെയുള്ള വ്യക്തികൾ ആയിരിക്കേണ്ടതുണ്ട്?
മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നറിയാൻ ആഗ്രഹമുള്ളവരാണ് നമ്മിൽ മിക്കവരും. എന്നാൽ ക്രിസ്ത്യാനികളെന്ന നിലയിൽ, യഹോവ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതല്ലേ ഏറ്റവും പ്രധാനം? കാരണം, ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിയും ‘ജീവന്റെ ഉറവും’ അവനാണല്ലോ!—സങ്കീ. 36:9.
2 യഹോവയുടെ അംഗീകാരം നമുക്ക് ഉണ്ടാകണമെങ്കിൽ “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം” നയിക്കണമെന്ന് അപ്പൊസ്തലനായ പത്രോസ് പറയുകയുണ്ടായി. (2 പത്രോസ് 3:12 വായിക്കുക.) നമ്മുടെ ‘ജീവിതം വിശുദ്ധമായിരിക്കണമെങ്കിൽ’ നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന രീതി നിർമലമായിരിക്കണം. കൂടാതെ, നാം ദൈവത്തോട് ഭയാദരവ് കാണിച്ചുകൊണ്ടും അവനോട് വിശ്വസ്തതയോടെ പറ്റിനിന്നുകൊണ്ടും ‘ഭക്തിപൂർണമായ ജീവിതം’ നയിക്കേണ്ടതുമുണ്ട്. അതുകൊണ്ട്, ദൈവാംഗീകാരം നേടണമെങ്കിൽ നാം നടത്തമാത്രം ശ്രദ്ധിച്ചാൽ പോരാ, നമ്മുടെ ആന്തരികവ്യക്തിയെയും ശ്രദ്ധിക്കണം. യഹോവ “ഹൃദയത്തെ ശോധന”ചെയ്യുന്നവൻ ആയതിനാൽ നമ്മുടെ ജീവിതം വിശുദ്ധമാണോയെന്നും നാം അവന് സമ്പൂർണഭക്തി നൽകുന്നുണ്ടോയെന്നും അവന് അറിയാം.—1 ദിന. 29:17.
3. ദൈവവുമായുള്ള നമ്മുടെ ബന്ധം സംബന്ധിച്ച് നാം ഏതെല്ലാം ചോദ്യങ്ങൾ ചിന്തിക്കണം?
3 നാം ദൈവാംഗീകാരം തേടുന്നത് പിശാചായ സാത്താന് ഇഷ്ടമുള്ള കാര്യമല്ല. യഹോവയുമായുള്ള നമ്മുടെ ബന്ധം നാംതന്നെ ഇട്ടെറിഞ്ഞുപോകത്തക്കവിധം തന്നാൽ കഴിയുന്നതെല്ലാം അവൻ ചെയ്യുന്നുണ്ട്. നമ്മെ വശീകരിച്ചുവീഴ്ത്തി, നമ്മുടെ ദൈവത്തിൽനിന്ന് അകറ്റിക്കളയുന്നതിന് എത്രകണ്ട് ഭോഷ്കും വഞ്ചനയും ഉപയോഗിക്കാനും അവന് യാതൊരു മടിയുമില്ല. (യോഹ. 8:44; 2 കൊരി. 11:13-15) അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾ നാം സ്വയം ചോദിക്കേണ്ടതുണ്ട്: ‘സാത്താൻ ആളുകളെ വഞ്ചിക്കുന്നത് എങ്ങനെയാണ്? യഹോവയുമായുള്ള എന്റെ ബന്ധം പരിരക്ഷിച്ചുകൊണ്ടുപോകാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?’
സാത്താൻ ആളുകളെ വഞ്ചിക്കുന്നത് എങ്ങനെയാണ്?
4. ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കാനുള്ള ലക്ഷ്യത്തിൽ സാത്താൻ ഉന്നംവെക്കുന്നത് എന്തിനെയാണ്, എന്തുകൊണ്ട്?
4 “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. തുടർന്ന് എന്തു സംഭവിക്കുന്നു? “മോഹം ഗർഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം വളർച്ചയെത്തിയിട്ട് മരണത്തെ ജനിപ്പിക്കുന്നു.” (യാക്കോ. 1:14, 15) ദൈവവുമായുള്ള നമ്മുടെ ഉറ്റബന്ധം തകർക്കുന്നതിനുള്ള ശ്രമത്തിൽ സാത്താൻ ഉന്നംവെക്കുന്നത് നമ്മുടെ മോഹങ്ങളുടെ ഇരിപ്പിടമായ ഹൃദയത്തെത്തന്നെയാണ്.
5, 6. (എ) ഏതുവിധേനയാണ് സാത്താൻ നമ്മുടെ ഹൃദയത്തെ ഉന്നംവെക്കുന്നത്? (ബി) നമ്മുടെ ഹൃദയാഭിലാഷങ്ങൾ ദുഷിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ സാത്താൻ ഏതെല്ലാം വിധത്തിലുള്ള വശീകരണങ്ങൾ ഉപയോഗിക്കുന്നു, അവ ഉപയോഗിക്കുന്നതിൽ അവന് എത്രത്തോളം പരിചയം ഉണ്ട്?
5 ഏതുവിധേനയാണ് സാത്താൻ നമ്മുടെ ഹൃദയത്തെ ഉന്നംവെക്കുന്നത്? “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (1 യോഹ. 5:19) സാത്താന്റെ ആയുധങ്ങളിൽ, “ലോകത്തിലുള്ള” കാര്യങ്ങൾ ഉൾപ്പെടുന്നു. (1 യോഹന്നാൻ 2:15, 16 വായിക്കുക.) ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് പിശാച് തന്ത്രപൂർവം മെനഞ്ഞുണ്ടാക്കിയതാണ് നമുക്കു ചുറ്റുമുള്ള ലോകാന്തരീക്ഷം. നാം ജീവിക്കുന്നത് ഈ ലോകത്തിലായതുകൊണ്ട് അവന്റെ ഗൂഢതന്ത്രങ്ങളിൽ പെട്ടുപോകാതെ ജാഗ്രതപാലിക്കേണ്ടതുണ്ട്.—യോഹ. 17:15.
6 നമ്മുടെ ഹൃദയാഭിലാഷങ്ങളെ ദുഷിപ്പിക്കാനായിത്തന്നെ മെനഞ്ഞെടുത്ത ചില തന്ത്രങ്ങൾ സാത്താൻ നമുക്കെതിരെ ഉപയോഗിക്കുന്നു. അവൻ ഉപയോഗിക്കുന്ന മൂന്ന് കുരുക്കുകൾ യോഹന്നാൻ അപ്പൊസ്തലൻ ചൂണ്ടിക്കാണിക്കുന്നുണ്ട്: (1) “ജഡമോഹം,” (2) “കണ്മോഹം,” (3) “ജീവിതത്തിന്റെ പ്രതാപം.” മരുഭൂമിയിൽവെച്ച് യേശുവിനെ പ്രലോഭിപ്പിക്കുന്നതിന് സാത്താൻ ഇവ ഉപയോഗിച്ചു. ഇത്തരം കെണികൾ അനേകവർഷം ഉപയോഗിച്ചു പരിചയിച്ച സാത്താൻ ഇന്ന് അത് വളരെ ഫലകരമായി ഉപയോഗിക്കുന്നു. ഓരോ വ്യക്തിയുടെയും ചായ്വ് അനുസരിച്ച് അവൻ തന്റെ സമീപനത്തിൽ അനായാസം പൊരുത്തപ്പെടുത്തൽ വരുത്തുന്നു. ഇക്കാര്യത്തിൽ സ്വയം സംരക്ഷിക്കാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് സാത്താൻ നടത്തിയ രണ്ട് വശീകരണശ്രമങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഹവ്വായുടെ അടുത്ത് വിജയിച്ചതും ദൈവപുത്രനോടുള്ള ബന്ധത്തിൽ പരാജയപ്പെട്ടതും ആയ രണ്ട് ശ്രമങ്ങൾ.
“ജഡമോഹം”
7. ഹവ്വായെ പ്രലോഭിപ്പിക്കുന്നതിന് സാത്താൻ “ജഡമോഹം” ഉപയോഗപ്പെടുത്തിയത് എങ്ങനെ?
7 ജീവൻ നിലനിറുത്തുന്നതിന് മനുഷ്യർക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളതാണ് ഭക്ഷണം. ആഹാരം സമൃദ്ധമായി വിളയാൻ പാകത്തിനാണ് സ്രഷ്ടാവ് ഈ ഭൂമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമുക്കെല്ലാം ആഹാരത്തിനായുള്ള സ്വാഭാവികമായ ആഗ്രഹമുണ്ട്. ഈ ആഗ്രഹത്തെ, ദൈവേഷ്ടം ചെയ്യുന്നതിൽനിന്നും നമ്മെ അകറ്റിക്കളയുന്ന ഒരു കരുവായി സാത്താൻ ഉപയോഗിച്ചേക്കാം. ഹവ്വായുടെ അടുക്കൽ അവൻ ഇത് എങ്ങനെയാണ് ചെയ്തതെന്നു നോക്കാം. (ഉല്പത്തി 3:1-6 വായിക്കുക.) “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ഫലം ഹവ്വായ്ക്ക് തിന്നാൻ കഴിയുമെന്നും അതു തിന്നാൽ മരിക്കില്ലെന്നും, എന്തിന്, തിന്നുന്ന നാളിൽ അവൾ ദൈവത്തെപ്പോലെയാകുമെന്നും സാത്താൻ അവളെ പറഞ്ഞു ധരിപ്പിച്ചു. (ഉല്പ. 2:9) ജീവിച്ചിരിക്കാൻ ദൈവത്തെ അനുസരിക്കേണ്ടയാവശ്യമില്ലെന്നാണ് പിശാച് അവിടെ പറഞ്ഞുവെച്ചത്. എത്ര വലിയൊരു ഭോഷ്കായിരുന്നു അത്! സാത്താൻ കൊടുത്ത ഈ ആശയം ഹവ്വായുടെ മനസ്സിൽ കുടിയേറി. അവളുടെ മുന്നിൽ രണ്ട് മാർഗങ്ങളുണ്ടായിരുന്നു: ഒന്നുകിൽ ആ ആശയം അവൾക്ക് അപ്പാടെ തള്ളിക്കളയാം; അല്ലെങ്കിൽ, അതേക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ട് ആ ഫലത്തോടുള്ള അഭിവാഞ്ഛ വളർത്താം. തോട്ടത്തിലെ മറ്റ് എല്ലാ വൃക്ഷങ്ങളുടെയും ഫലം അവൾക്ക് യഥേഷ്ടം പറിച്ചുതിന്നാമായിരുന്നെങ്കിലും സാത്താൻ പറഞ്ഞതു കേട്ടതുമുതൽ തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തെക്കുറിച്ചായി അവളുടെ ചിന്ത. അങ്ങനെ ഒടുവിൽ അവൾ “ഫലം പറിച്ചു തിന്നു.” സ്രഷ്ടാവ് വിലക്കിയിരുന്ന ഒന്നിനോടുള്ള വാഞ്ഛ സാത്താൻ അങ്ങനെ അവളിൽ അങ്കുരിപ്പിച്ചു.
8. “ജഡമോഹം” ഉപയോഗപ്പെടുത്തി സാത്താൻ യേശുവിനെ വശീകരിക്കാൻ ശ്രമിച്ചത് എങ്ങനെ, ആ പ്രലോഭനം വിജയിക്കാഞ്ഞത് എന്തുകൊണ്ട്?
8 മരുഭൂമിയിൽവെച്ച് യേശുവിനെ പ്രലോഭിപ്പിക്കാനും സാത്താൻ ഇതേ ഉപായമാണ് പ്രയോഗിച്ചത്. യേശു 40 രാവും 40 പകലും ഉപവസിച്ചശേഷം ആഹാരത്തോടുള്ള അവന്റെ സ്വാഭാവികമായ ആഗ്രഹത്തെ മുതലാക്കാൻ സാത്താൻ ശ്രമിച്ചു. “നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരാൻ കൽപ്പിക്കുക” എന്ന് അവൻ യേശുവിനോട് പറഞ്ഞു. (ലൂക്കോ. 4:1-3) യേശുവിന്റെ മുന്നിൽ രണ്ട് മാർഗങ്ങളുണ്ടായിരുന്നു: ഒന്നുകിൽ അവന്, അത്ഭുതം ചെയ്യാനുള്ള തന്റെ ശക്തി ആഹാരത്തിനായുള്ള ആഗ്രഹം തൃപ്തിപ്പെടുത്താൻ ഉപയോഗിക്കാതിരിക്കാം. അല്ലെങ്കിൽ അത് ഉപയോഗപ്പെടുത്തി ആഗ്രഹം തൃപ്തിപ്പെടുത്താം. സ്വാർഥപരമായ ഉദ്ദേശ്യങ്ങൾക്ക് ആ ശക്തി ഉപയോഗപ്പെടുത്തരുതെന്ന് യേശുവിന് അറിയാമായിരുന്നു. വിശന്നിരുന്നിട്ടും, വിശപ്പടക്കുന്നതിനായിരുന്നില്ല പിന്നെയോ യഹോവയുമായുള്ള ബന്ധം നിലനിറുത്തുന്നതിനാണ് യേശു മുൻഗണന നൽകിയത്. “‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു’വെന്ന് എഴുതിയിരിക്കുന്നു” എന്ന് അവൻ സാത്താനോടു പറഞ്ഞു.—മത്താ. 4:4.
“കണ്മോഹം”
9. “കണ്മോഹം” എന്ന പ്രയോഗംകൊണ്ട് എന്താണ് അർഥമാക്കുന്നത്, ഹവ്വായുടെ കാര്യത്തിൽ ഈ മോഹം സാത്താൻ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത്?
9 ‘കണ്മോഹവും’ ഒരു പ്രലോഭനമാണെന്ന് യോഹന്നാൻ പരാമർശിക്കുകയുണ്ടായി. ഒരു സംഗതിയെ നോക്കുന്നതിലൂടെ ഒരുവൻ അതിനെ മോഹിച്ചുതുടങ്ങിയേക്കാം എന്ന് ഈ പദപ്രയോഗം സൂചിപ്പിക്കുന്നു. ‘നിങ്ങളുടെ കണ്ണു തുറക്കും’ എന്നു പറഞ്ഞുകൊണ്ട് ഹവ്വായുടെ കാര്യത്തിൽ സാത്താൻ ഈ മോഹത്തെ കരുവാക്കി. വിലക്കപ്പെട്ട കനിയിൽ അവൾ എത്രയധികം നോക്കിയോ അത്രയധികം അത് അവൾക്ക് അഭികാമ്യമായി അനുഭവപ്പെട്ടു. അതെ, ആ വൃക്ഷം “കാണ്മാൻ ഭംഗിയുള്ള”തായി അവൾക്ക് തോന്നാൻ തുടങ്ങി.
10. “കണ്മോഹം” ഉപയോഗിച്ച് യേശുവിനെ പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിച്ചത് എങ്ങനെ, യേശു എങ്ങനെ പ്രതികരിച്ചു?
10 എന്നാൽ യേശുവിന്റെ കാര്യത്തിലോ? സാത്താൻ ‘ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനെ കാണിച്ചു. അവൻ യേശുവിനോട്, “ഈ സകല അധികാരവും അവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം”’ എന്നു പറഞ്ഞു. (ലൂക്കോ. 4:5, 6) ക്ഷണനേരംകൊണ്ട് യേശുവിന് എല്ലാ രാജ്യങ്ങളും അക്ഷരീയകണ്ണാൽ കാണാനാകുമായിരുന്നില്ല. അതുകൊണ്ട് ഈ രാജ്യങ്ങളുടെ പ്രതാപം ഒരു ദർശനത്തിലൂടെയെന്നപോലെ കാണിച്ചാൽ അത് അവനിൽ മോഹം ജനിപ്പിക്കുമെന്ന് സാത്താൻ കരുതിയിട്ടുണ്ടാകണം. യാതൊരു ലജ്ജയുമില്ലാതെ സാത്താൻ യേശുവിനോട്, “നീ എന്റെ മുമ്പാകെ വീണ് എന്നെയൊന്നു നമസ്കരിച്ചാൽ ഇതെല്ലാം നിന്റേതാകും” എന്നു പറഞ്ഞു. (ലൂക്കോ. 4:7) സാത്താൻ ചിന്തിച്ചതരം വ്യക്തിയാകാൻ യേശു ഒരുവിധത്തിലും തയ്യാറല്ലായിരുന്നു. യേശുവിന് രണ്ടുവട്ടം ചിന്തിക്കേണ്ടിയിരുന്നില്ല. അവന്റെ മറുപടി ഇതായിരുന്നു: “‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്; അവനെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിരിക്കുന്നു.”—ലൂക്കോ. 4:8.
“ജീവിതത്തിന്റെ പ്രതാപം”
11. സാത്താൻ ഹവ്വായെ പ്രലോഭനത്തിൽ വീഴ്ത്തിയത് എങ്ങനെ?
11 ലോകത്തിന്റെ കാര്യങ്ങൾ പട്ടികപ്പെടുത്തവെ “ജീവിതത്തിന്റെ പ്രതാപ”ത്തെക്കുറിച്ച് യോഹന്നാൻ പരാമർശിച്ചു. ഭൂമിയിൽ മനുഷ്യരായി ആദാമും ഹവ്വായും മാത്രം ഉണ്ടായിരുന്ന കാലത്ത് മറ്റ് ആളുകളുടെ മുമ്പിൽ “ജീവിതത്തിന്റെ പ്രതാപം” കാണിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എങ്കിലും അഹങ്കാരം അവർ പ്രകടമാക്കുകതന്നെ ചെയ്തു. ദൈവം ഹവ്വായിൽനിന്ന് വിസ്മയകരമായ എന്തോ ഒന്ന് പിടിച്ചുവെച്ചിരിക്കുകയാണെന്ന് അവളെ പരീക്ഷിക്കവെ സാത്താൻ പരോക്ഷമായി സൂചിപ്പിച്ചു. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” തിന്നുന്ന നാളിൽത്തന്നെ അവളുടെ “കണ്ണു തുറക്കയും” അവൾ ‘നന്മതിന്മകളെ അറിയുന്നവളായി’ “ദൈവത്തെപ്പോലെ” ആകുകയും ചെയ്യും എന്ന് പിശാച് പറഞ്ഞു. (ഉല്പ. 2:17; 3:5) ഹവ്വായ്ക്ക് യഹോവയുടെ അധികാരത്തിൽനിന്നു സ്വാതന്ത്ര്യം നേടാനാകും എന്നായിരുന്നു സാത്താൻ പറഞ്ഞതിന്റെ ചുരുക്കം. അഹങ്കാരം ആയിരുന്നിരിക്കാം ഈ ഭോഷ്ക് വിശ്വസിക്കാൻ അവളെ പ്രേരിപ്പിച്ച ഒരു ഘടകം. മരിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് അവൾ വിലക്കപ്പെട്ട ഫലം കഴിച്ചു. അവൾക്ക് എത്ര തെറ്റിപ്പോയി!
12. യേശുവിനെ പ്രലോഭിപ്പിക്കാൻ സാത്താൻ ഉപയോഗിച്ച മറ്റൊരു വിധം ഏതായിരുന്നു, എന്തായിരുന്നു യേശുവിന്റെ പ്രതികരണം?
12 ഹവ്വായിൽനിന്നു വ്യത്യസ്തമായി താഴ്മയുടെ എത്ര ശ്ലാഘനീയമായ മാതൃകയാണ് യേശുവെച്ചത്! സാത്താൻ യേശുവിനെ മറ്റൊരു വഴിക്ക് പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, അതേസമയം ദൈവത്തെ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു നാടകീയപ്രകടനം കാഴ്ചവെക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും യേശു തള്ളിക്കളഞ്ഞു. അവൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് അഹങ്കാരമാകുമായിരുന്നു! സാത്താനോടുള്ള യേശുവിന്റെ മറുപടി വ്യക്തവും വളച്ചുകെട്ടില്ലാത്തതും ആയിരുന്നു: “‘നിന്റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്’ എന്ന് അരുളിച്ചെയ്തിരിക്കുന്നു.”—ലൂക്കോസ് 4:9-12 വായിക്കുക.
യഹോവയുമായുള്ള നമ്മുടെ ബന്ധം എങ്ങനെ പരിരക്ഷിക്കാം?
13, 14. സാത്താൻ ഇന്ന് ചില പ്രലോഭനങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക.
13 ഹവ്വായുടെയും യേശുവിന്റെയും അടുക്കൽ പ്രയോഗിച്ചതുപോലുള്ള പ്രലോഭനതന്ത്രങ്ങളാണ് ഇന്നും സാത്താൻ ഉപയോഗിക്കുന്നത്. “ജഡമോഹ”ത്തെ ഉണർത്തുന്നതിനായി ഈ ലോകത്തെ ഉപയോഗിച്ചുകൊണ്ട് അധാർമികത, തീറ്റിയിലും കുടിയിലും ഉള്ള അമിതത്വം എന്നിവ പിശാച് ഉന്നമിപ്പിക്കുന്നു. “കണ്മോഹ”ത്തെ ഉണർത്തുകയാണ് അവന്റെ മറ്റൊരു തന്ത്രം. ജാഗ്രതയില്ലാത്ത ഒരു കാഴ്ചക്കാരന്റെ കണ്ണുടക്കുംവിധം അശ്ലീലത്തെ, വിശേഷിച്ചും ഇന്റർനെറ്റിലുള്ള അശ്ലീലത്തെ, ഉപയോഗിക്കാൻ അവനു കഴിയും. അഹങ്കാരികൾക്കും ‘ജീവിതത്തിന്റെ പ്രതാപം’ പ്രദർശിപ്പിക്കാൻ പ്രവണതയുള്ളവർക്കും പണം, വസ്തുവകകൾ, അധികാരം, കീർത്തി എന്നിവയ്ക്കായുള്ള അഭിനിവേശം കടുത്ത പ്രലോഭനംതന്നെയായിരിക്കും.
14 മീൻപിടിത്തക്കാരന്റെ ചൂണ്ടയിലെ ഇരപോലെയാണ് “ലോകത്തിലുള്ള” സംഗതികൾ. അവ ആകർഷകമാണ്, പക്ഷേ ഓരോന്നിനും പിന്നിൽ ഓരോ ചൂണ്ടക്കൊളുത്ത് ഒളിഞ്ഞിരിപ്പുണ്ട്. ആളുകളെക്കൊണ്ട് ദൈവനിയമം ലംഘിപ്പിക്കുന്നതിന് അവരുടെ അനുദിനജീവിതാവശ്യങ്ങളെത്തന്നെ സാത്താൻ കരുവാക്കുന്നു. നമ്മുടെ മോഹങ്ങൾ ഉണർത്തി ഹൃദയം മലിനപ്പെടുത്തുന്നതിനുവേണ്ടി അവൻ മെനഞ്ഞുണ്ടാക്കിയിട്ടുള്ളവയാണ് പെട്ടെന്നു ശ്രദ്ധയിൽപ്പെടാത്ത ഇത്തരം പ്രലോഭനങ്ങൾ. ദൈവേഷ്ടം ചെയ്യുന്നതിനെക്കാൾ മുൻഗണന കൊടുക്കേണ്ട ഒന്നാണ് വ്യക്തിപരമായ ആവശ്യങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി കരുതുന്നതെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു കുടിലശ്രമത്തിന്റെ ഭാഗമാണ് അവ. അത്തരം പ്രലോഭനങ്ങൾക്ക് നാം വഴങ്ങിക്കൊടുക്കുമോ?
15. സാത്താന്റെ പ്രലോഭനങ്ങൾ ചെറുത്തുനിൽക്കുന്ന കാര്യത്തിൽ നമുക്ക് യേശുവിന്റെ മാതൃക എങ്ങനെ അനുകരിക്കാം?
15 സാത്താന്റെ പ്രലോഭനങ്ങൾക്ക് ഹവ്വാ വഴിപ്പെട്ടെങ്കിലും യേശു അവയെ ചെറുത്തുനിന്നു. ഓരോ തവണയും, “. . . എന്ന് എഴുതിയിരിക്കുന്നു,” “. . . എന്ന് അരുളിച്ചെയ്തിരിക്കുന്നു” എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഉത്തരം നൽകാൻ അവൻ തിരുവെഴുത്തുകൾ ഉപയോഗിച്ചു. നമ്മൾ ഉത്സാഹത്തോടെ ബൈബിൾ പഠിക്കുന്നവരാണെങ്കിൽ തിരുവെഴുത്തുകൾ നമുക്ക് സുപരിചിതമായിരിക്കും. അങ്ങനെയാകുമ്പോൾ പ്രലോഭനങ്ങൾ ഉണ്ടാകുന്നപക്ഷം നേരാംവണ്ണം ചിന്തിക്കാൻ നമ്മെ സഹായിക്കുന്ന തിരുവെഴുത്തുകൾ ഓർമയിലേക്കു കൊണ്ടുവരാൻ നമുക്കു സാധിക്കും. (സങ്കീ. 1:1, 2) ദൈവത്തോടുള്ള അചഞ്ചലസ്നേഹം മുറുകെപ്പിടിച്ച വിശ്വസ്തരായ വ്യക്തികളെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ ഓർമിക്കുന്നത് അവരെ മാതൃകയാക്കാൻ നമ്മെ സഹായിക്കും. (റോമ. 15:4) യഹോവയോട് ശരിക്കും ഭക്ത്യാദരവുണ്ടായിരിക്കുന്നത്, അതായത് അവൻ സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും അവൻ വെറുക്കുന്നതിനെ വെറുക്കുകയും ചെയ്യുന്നത് നമ്മെ സംരക്ഷിക്കും.—സങ്കീ. 97:10.
16, 17. നാം ഏതുതരം വ്യക്തികളാണ് എന്നതിന്മേൽ നമ്മുടെ ‘കാര്യബോധത്തിന്’ എന്തു സ്വാധീനമുണ്ട്?
16 ലോകത്തിന്റെ ചിന്തയാലല്ല, പ്രത്യുത ദൈവത്തിന്റെ ചിന്തയാൽ മനയപ്പെട്ട വ്യക്തികളായിത്തീരുന്നതിന് നമ്മുടെ ‘കാര്യബോധം’ അഥവാ ചിന്താപ്രാപ്തി ഉപയോഗിക്കാൻ പൗലോസ് അപ്പൊസ്തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമ. 12:1, 2) നാം ചിന്തിക്കുന്ന കാര്യങ്ങളുടെമേൽ കർശനനിയന്ത്രണം വെക്കേണ്ടതിന്റെ ആവശ്യത്തിന് അടിവരയിട്ടുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവപരിജ്ഞാനത്തിനെതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു; സകല ചിന്താഗതികളെയും (“ചിന്തകളെയും,” ഓശാന ബൈബിൾ) കീഴടക്കി ഞങ്ങൾ അവയെ ക്രിസ്തുവിനോടുള്ള അനുസരണത്തിന് അടിമപ്പെടുത്തുന്നു.” (2 കൊരി. 10:5) നാം എങ്ങനെയുള്ള വ്യക്തികളാണ് എന്നതിന്മേൽ നമ്മുടെ ചിന്തകൾക്ക് ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട്, മനസ്സിനെ കെട്ടുപണി ചെയ്യുന്ന കാര്യങ്ങളായിരിക്കണം എല്ലായ്പോഴും നാം ‘ചിന്തിക്കേണ്ടത്.’—ഫിലി. 4:8.
17 അനുചിതമായ ചിന്തകളിലൂടെയും അഭിലാഷങ്ങളിലൂടെയും ആണ് നാം മനസ്സുപായിക്കുന്നതെങ്കിൽ നമുക്ക് ശുദ്ധരായിരിക്കാൻ കഴിയില്ല. “ശുദ്ധമായ ഹൃദയ”ത്തോടെ വേണം നാം യഹോവയെ സ്നേഹിക്കാൻ. (1 തിമൊ. 1:5) പക്ഷേ നമ്മുടെ ഹൃദയം കാപട്യമുള്ളതായതുകൊണ്ട് “ലോകത്തിലുള്ള” കാര്യങ്ങൾ നമ്മെ എത്ര ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്ന് നാം തിരിച്ചറിയണമെന്നുപോലുമില്ല. (യിരെ. 17:9) അതുകൊണ്ട്, ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ സത്യസന്ധമായ ആത്മപരിശോധന നടത്തി നാം ‘വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കേണ്ടതല്ലേ?’—2 കൊരി. 13:5.
18, 19. യഹോവ ആഗ്രഹിക്കുന്നതരം വ്യക്തികളായിത്തീരാൻ നാം ദൃഢനിശ്ചയം ചെയ്യേണ്ടത് എന്തുകൊണ്ട്?
18 “ലോകത്തിലുള്ളതിനെ” ചെറുത്തു നിൽക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു സംഗതി യോഹന്നാന്റെ പിൻവരുന്ന നിശ്വസ്തവാക്കുകൾ മനസ്സിൽപ്പിടിക്കുന്നതാണ്: “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.” (1 യോഹ. 2:17) സാത്താന്റെ ഈ വ്യവസ്ഥിതി സുസ്ഥിരവും യഥാർഥവും ആയി കാണപ്പെട്ടേക്കാം. എന്നാൽ ഒരു ദിവസം അത് തകർന്നടിയും. സാത്താന്റെ ലോകം വെച്ചുനീട്ടുന്ന യാതൊന്നും ശാശ്വതമല്ല. ആ വസ്തുത ഓർമിക്കുന്നത് പിശാചിന്റെ പ്രലോഭനങ്ങളിൽ പെട്ടുപോകാതിരിക്കാൻ നമ്മെ സഹായിക്കും.
19 ‘ആകാശം കത്തിയഴിയുകയും മൂലപദാർഥങ്ങൾ വെന്തുരുകുകയും ചെയ്യുന്ന യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരിക്കുകയും അതിനെ സദാ മനസ്സിൽക്കാണുകയും’ ചെയ്യവെ നാം ദൈവാംഗീകാരമുള്ള വ്യക്തികളായിരിക്കാൻ പത്രോസ് അപ്പൊസ്തലൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (2 പത്രോ. 3:11, 12) ഉടൻതന്നെ ആ ദിവസം ആഗതമാകും. സാത്താന്റെ ലോകത്തിന്റെ സർവഘടകങ്ങളെയും യഹോവ ഇവിടെനിന്നു നീക്കും. ഹവ്വായെയും യേശുവിനെയും പ്രലോഭിപ്പിക്കാൻ ശ്രമിച്ചതുപോലെ സാത്താൻ “ലോകത്തിലുള്ളതിനെ” ഉപയോഗിച്ച് ആ ദിവസംവരെ നമ്മെയും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. സ്വന്തമോഹങ്ങൾ തൃപ്തിപ്പെടുത്താൻ ആഗ്രഹിച്ച ഹവ്വായെപ്പോലെ ആയിരിക്കരുത് നാം. അങ്ങനെ ചെയ്യുന്നത് സാത്താനെ നമ്മുടെ ദൈവമായി അംഗീകരിക്കുന്നതിനു തുല്യമായിരിക്കും. പ്രലോഭനങ്ങൾ എത്ര വശ്യവും ആകർഷകവും ആയി കാണപ്പെട്ടാലും യേശുവിനെ അനുകരിച്ചുകൊണ്ട് നാം അവയെ ചെറുത്തുതോൽപ്പിക്കണം. യഹോവ ആഗ്രഹിക്കുന്ന തരം വ്യക്തികളായിത്തീരാൻ നമുക്ക് ഓരോരുത്തർക്കും ദൃഢനിശ്ചയം ചെയ്യാം.