പ്രാപ്തികൾ മുഴുവനായി ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുക
“ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” —സങ്കീ. 32:8.
1, 2. ഭൂമിയിലുള്ള തന്റെ ദാസരെ യഹോവ വീക്ഷിക്കുന്നത് എങ്ങനെ?
കുട്ടികൾ കളിക്കുന്നത് നിരീക്ഷിക്കുന്ന മാതാപിതാക്കൾ അവർക്കുള്ള നൈസർഗികപ്രാപ്തികൾ കണ്ട് മിക്കപ്പോഴും അതിശയിക്കാറുണ്ട്. അത്തരം അനുഭവം നിങ്ങൾക്കും ഉണ്ടായിട്ടില്ലേ? ഒരു കുട്ടിക്ക് നല്ല ചുറുചുറുക്കും കായികപ്രാപ്തിയും ഉണ്ടായിരിക്കാം. അതേസമയം, അവന്റെ കൂടെപ്പിറപ്പിന് കലകളോ കരകൗശലവിദ്യകളോ ഒരിടത്ത് ഇരുന്നുകൊണ്ടുള്ള കളികളോ ഒക്കെ ആയിരിക്കാം പ്രിയം. കുട്ടികളുടെ സഹജവാസനകൾ എന്തുതന്നെ ആയിരുന്നാലും അവരുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന പ്രാപ്തികൾ തിരിച്ചറിയുമ്പോൾ മാതാപിതാക്കൾ അതിയായി സന്തോഷിക്കുന്നു.
2 യഹോവയ്ക്കും തന്റെ ഭൗമികമക്കളിൽ ആഴമായ താത്പര്യമുണ്ട്. തന്റെ ആധുനികകാല ദാസരെ “സകല ജാതികളുടെയും മനോഹരവസ്തു”ക്കളായി യഹോവ വീക്ഷിക്കുന്നു. (ഹഗ്ഗാ. 2:7) വിശ്വാസവും ദൈവഭക്തിയും ആണ് ദൈവത്തിന് അവരെ വിശേഷാൽ വിലപ്പെട്ടവരാക്കുന്നത്. ഇന്ന് നമ്മുടെ സഹാരാധകർക്കിടയിൽ വിവിധതരം കഴിവുകളും പ്രാപ്തികളും നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. ചിലർക്ക് നല്ല പ്രസംഗചാതുര്യം കണ്ടേക്കാം; മറ്റു ചിലരാകട്ടെ നല്ല സംഘാടനപാടവം പ്രദർശിപ്പിക്കുന്നു. മറ്റു ഭാഷകൾ പഠിക്കുന്നതിൽ പല സഹോദരിമാർക്കും ഒരു പ്രത്യേക വിരുതുണ്ട്; അവർ അത് ശുശ്രൂഷയിൽ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. മറ്റനേകം സഹോദരിമാരാകട്ടെ, പ്രോത്സാഹനം ആവശ്യമുള്ളവരെ പിന്തുണയ്ക്കുന്നതിലും രോഗികളെ ശുശ്രൂഷിക്കുന്നതിലും മികവുറ്റ മാതൃകകളാണ്. (റോമ. 16:1, 12) ഇങ്ങനെ നാനാതരം കഴിവുകളുള്ള ക്രിസ്ത്യാനികൾ നിറഞ്ഞ സഭയിലായിരിക്കുന്നത് നിങ്ങൾ വിലമതിക്കുന്നില്ലേ?
3. ഈ ലേഖനത്തിൽ നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
3 എന്നിരുന്നാലും, യുവാക്കളും പുതുതായി സ്നാനമേറ്റവരും ഉൾപ്പെടെ നമ്മുടെ ചില സഹവിശ്വാസികൾ സഭയിൽ തങ്ങളുടെ ഭാഗധേയം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. തങ്ങൾക്കുള്ള കഴിവുകളും പ്രാപ്തികളും മുഴുവനായി ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാനാകും? യഹോവ വീക്ഷിക്കുന്നതുപോലെ അവരെ വീക്ഷിച്ചുകൊണ്ട് അവരിലെ നന്മ കണ്ടെത്താൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ടാണ്?
യഹോവ തന്റെ ദാസർക്കുള്ള നന്മ കാണുന്നു
4, 5. യഹോവ തന്റെ ദാസരുടെ ഭാവിസാധ്യതകൾ വിലയിരുത്തുന്നു എന്ന് ന്യായാധിപന്മാർ 6:11-16-ലെ വിവരണം കാണിക്കുന്നത് എങ്ങനെ?
4 യഹോവ തന്റെ ദാസരിലുള്ള നന്മയോടൊപ്പം അവർക്കുള്ള സാമർഥ്യങ്ങളും കാണുന്നുണ്ട് എന്ന് അനേകം ബൈബിൾ വൃത്താന്തങ്ങൾ വ്യക്തമാക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവജനത്തെ മിദ്യാന്യ മർദനത്തിൽനിന്ന് വിടുവിക്കാനായി യഹോവ ഗിദെയോനെ തിരഞ്ഞെടുത്ത സന്ദർഭം പരിഗണിക്കുക. “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞുകൊണ്ട് ദൂതൻ അവനെ അഭിവാദ്യം ചെയ്തപ്പോൾ ഗിദെയോൻ അമ്പരന്നുപോയിട്ടുണ്ടാകണം. താൻ ഒരു “പരാക്രമശാലി”യാണെന്ന് അവൻ സ്വപ്നേപി വിചാരിച്ചിട്ടുണ്ടാകില്ല! സ്വയം നിസ്സാരനെന്ന് ചിന്തിച്ചിരുന്ന അവൻ തന്റെ കഴിവിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ അവർ തമ്മിൽ തുടർന്നുണ്ടായ സംഭാഷണം വ്യക്തമാക്കുന്നതുപോലെ, ഗിദെയോൻ സ്വയം വിലയിരുത്തിയതിൽനിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു യഹോവ അവനെ കണ്ടത്. യഹോവയ്ക്ക് തന്റെ ദാസന്റെ കഴിവുകളിൽ പൂർണവിശ്വാസമുണ്ടായിരുന്നു.—ന്യായാധിപന്മാർ 6:11-16 വായിക്കുക.
5 ഗിദെയോന്റെ പ്രാപ്തികൾ അടുത്തു നിരീക്ഷിച്ചിരുന്നതുകൊണ്ട് അവന് ഇസ്രായേല്യരെ വിടുവിക്കാനാകുമെന്ന കാര്യത്തിൽ യഹോവയ്ക്ക് സംശയമേതുമില്ലായിരുന്നു. ഉദാഹരണത്തിന്, തന്റെ മുഴുശക്തിയും ഉപയോഗിച്ച് ഗിദെയോൻ ഗോതമ്പ് മെതിക്കുന്നത് യഹോവയുടെ ദൂതൻ ശ്രദ്ധിച്ചിരുന്നു. മറ്റൊരു സംഗതിയും ദൂതന്റെ കണ്ണിൽപ്പെട്ടു. ബൈബിൾക്കാലങ്ങളിൽ കർഷകർ മിക്കപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് ധാന്യം മെതിച്ചിരുന്നത്. കാറ്റിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പതിർ പാറ്റിക്കളയാനായിരുന്നു അത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി, തനിക്ക് ആകെ ലഭിച്ച അല്പം വിളവ് മിദ്യാന്യരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഒരു മുന്തിരിച്ചക്കിനരികിൽ രഹസ്യമായിട്ടായിരുന്നു ഗിദെയോൻ മെതിച്ചത്. എത്ര വിവേകത്തോടെയാണ് അവൻ പ്രവർത്തിച്ചത്! അതുകൊണ്ടുതന്നെ, യഹോവ ഗിദെയോനെ ജാഗരൂകനായ ഒരു കർഷകൻ എന്നതിലുപരി കൂർമബുദ്ധിയായ ഒരു വ്യക്തിയെന്ന നിലയിൽ കണ്ടതിൽ തെല്ലും അതിശയമില്ല. അതെ, യഹോവ അവന്റെ ഭാവിസാധ്യതകൾ തിരിച്ചറിഞ്ഞ് അവനെ തിരഞ്ഞെടുത്തു, അവനോടൊപ്പം പ്രവർത്തിച്ചു.
6, 7. (എ) പ്രവാചകനായ ആമോസിനെ യഹോവ വീക്ഷിച്ചവിധം ചില ഇസ്രായേല്യരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ? (ബി) ആമോസ് വിദ്യാവിഹീനൻ ആയിരുന്നില്ലെന്ന് എന്തു സൂചിപ്പിക്കുന്നു?
6 സമാനമായി, ഒരു പ്രവാചകനായി യഹോവ തിരഞ്ഞെടുത്ത ആമോസിനെക്കുറിച്ചു ചിന്തിക്കുക. അനേകരുടെയും ദൃഷ്ടിയിൽ അവൻ നിസ്സാരനും സാധാരണക്കാരനും ആയിരുന്നെങ്കിലും യഹോവ തന്റെ ദാസന്റെ കഴിവുകളും പ്രാപ്തികളും നിരീക്ഷിച്ചു. ഇടയനും കാട്ടത്തിപ്പഴം വരയുന്നവനും എന്നാണ് ആമോസ് സ്വയം വിശേഷിപ്പിച്ചത്. സാധുജനങ്ങളുടെ ഭക്ഷണമായിരുന്നു കാട്ടത്തിപ്പഴം. വിഗ്രഹാരാധകരായ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തെ കുറ്റംവിധിക്കാൻ യഹോവ ആമോസിനെ പ്രവാചകനായി തിരഞ്ഞെടുത്തത് തെറ്റായ ഒരു തീരുമാനമായിപ്പോയെന്ന് ഇസ്രായേല്യരിൽ ചിലർ ചിന്തിച്ചിട്ടുണ്ടാകണം.—ആമോ. 7:14, 15.
7 ആമോസ് ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നുള്ളവനായിരുന്നു. എങ്കിലും അക്കാലത്തെ ഭരണാധികാരികളെയും നിലവിലിരുന്ന ആചാരരീതികളെയും സംബന്ധിച്ച് അവനുണ്ടായിരുന്ന അറിവ് അവൻ വിദ്യാവിഹീനനായ വ്യക്തിയായിരുന്നില്ല എന്ന് വ്യക്തമാക്കുന്നു. ഇസ്രായേലിൽ നിലനിന്ന സാമൂഹ്യസാഹചര്യം അവന് നന്നായി അറിയാമായിരുന്നു. കൂടാതെ, സഞ്ചാരവ്യാപാരികളുമായി അവനുണ്ടായിരുന്ന ബന്ധത്തിലൂടെ അയൽരാജ്യങ്ങളെക്കുറിച്ചും അവന് സാമാന്യധാരണ ലഭിച്ചിട്ടുണ്ടായിരിക്കണം. (ആമോ. 1:6, 9, 11, 13; 2:8; 6:4-6) ആമോസിന്റെ രചനാപാടവത്തെ ഇന്ന് ചില ബൈബിൾ പണ്ഡിതന്മാർ ശ്ലാഘിക്കുന്നു. പ്രവാചകൻ ഉൾക്കനമുള്ള ലളിതസുന്ദരപദങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു എന്നു മാത്രമല്ല, മനോഹരമായ സമാന്തരവർണനകളും നാനാർഥം ധ്വനിപ്പിക്കുന്ന രസകരമായ വാക്പ്രയോഗങ്ങളും തന്റെ പുസ്തകത്തിൽ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. നീചനായ അമസ്യാപുരോഹിതനോടുള്ള ആമോസിന്റെ സുധീരമായ വാക്കുകൾ യഹോവ ശരിയായ വ്യക്തിയെത്തന്നെയാണ് തിരഞ്ഞെടുത്തത് എന്ന് അസന്ദിഗ്ധമായി തെളിയിച്ചു. അതെ, ആർക്കും ഒറ്റനോട്ടത്തിൽ പ്രകടമല്ലാഞ്ഞ അവന്റെ അന്തർലീനമായ കഴിവുകൾ യഹോവയ്ക്ക് ഉപയോഗപ്പെടുത്താനായി.—ആമോ. 7:12, 13, 16, 17.
8. (എ) യഹോവ ദാവീദിന് എന്ത് ഉറപ്പ് കൊടുത്തു? (ബി) ആത്മവിശ്വാസമോ വൈദഗ്ധ്യങ്ങളോ കുറവുള്ളതായി തോന്നുന്നെങ്കിൽ സങ്കീർത്തനം 32:8-ലെ വാക്കുകൾ പ്രോത്സാഹനം പകരുന്നത് എന്തുകൊണ്ട്?
8 അതെ, യഹോവ തന്റെ ദാസരിൽ ഓരോരുത്തരുടെയും ഭാവിസാധ്യതകൾ നിരീക്ഷിക്കുന്നു. ദാവീദ് രാജാവിന്റെ മേൽ “ദൃഷ്ടിവെച്ച്” അവനെ എല്ലായ്പോഴും വഴിനയിക്കുമെന്ന് യഹോവ അവന് ഉറപ്പു നൽകി. (സങ്കീർത്തനം 32:8 വായിക്കുക.) ആ ആശയം നമുക്കു പ്രോത്സാഹനം പകരുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് മനസ്സിലായോ? നമുക്ക് ആത്മവിശ്വാസം കുറവാണെങ്കിൽപ്പോലും, പ്രാപ്തികളോടുള്ള ബന്ധത്തിൽ നമുക്കുണ്ടെന്നു നാം ചിന്തിക്കുന്ന പരിധികളെയും പരിമിതികളെയും ഒക്കെ പിന്നിലാക്കി മുന്നേറാനും ഒരിക്കലും സങ്കല്പിച്ചിട്ടുപോലുമില്ലാത്ത ലക്ഷ്യങ്ങളിലേക്ക് ചിറകടിച്ചുയരാനും യഹോവയ്ക്ക് നമ്മെ സഹായിക്കാൻ കഴിയും. ഒരു നൃത്താധ്യാപിക തന്റെ ശിഷ്യയുടെ ഓരോ ചുവടും അംഗചലനവും നയനവിക്ഷേപവും സുസൂക്ഷ്മം നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി അവളെ മികച്ച ഒരു നർത്തകിയായി രൂപപ്പെടുത്തുന്നതുപോലെ, നമ്മൾ ആത്മീയമായ പുരോഗതി പ്രാപിക്കവെ ഓരോ ചുവടിലും നമ്മെ നയിക്കാൻ യഹോവ ഒരുക്കമുള്ളവനാണ്. നമ്മുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന സഹജവാസനകൾ മുഴുവനായി പ്രയോജനപ്പെടുത്താൻ നമ്മെ സഹായിക്കുന്നതിന് സഹവിശ്വാസികളെയും യഹോവ ഉപയോഗിച്ചേക്കാം. അത് എങ്ങനെയാണ്?
മറ്റുള്ളവരിലെ നന്മ കണ്ടെത്തുക
9. മറ്റുള്ളവരുടെ താത്പര്യം “നോക്കണം” എന്ന പൗലോസിന്റെ ഉദ്ബോധനം നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാനാകും?
9 നാം സഹവിശ്വാസികളുടെ താത്പര്യം “നോക്കണം” എന്ന് പൗലോസ് സകല ക്രിസ്ത്യാനികളെയും ഉദ്ബോധിപ്പിച്ചു. (ഫിലിപ്പിയർ 2:3, 4 വായിക്കുക.) എന്തായിരുന്നു അവൻ അർഥമാക്കിയത്? മറ്റുള്ളവർക്കുള്ള പ്രാപ്തികൾ നിരീക്ഷിച്ച് അവയെപ്രതി നാം അവരെ അനുമോദിക്കണം എന്നാണ് പൗലോസ് നൽകിയ ബുദ്ധിയുപദേശത്തിന്റെ കാതൽ. ഒന്നു ചിന്തിച്ചുനോക്കുക, നാം വരുത്തിയ പുരോഗതിയിൽ മറ്റൊരാൾ താത്പര്യം കാണിക്കുമ്പോൾ നമുക്ക് എന്തു തോന്നും? കൂടുതലായ പുരോഗതി വരുത്താൻ അതു നമ്മിൽ ശക്തമായ പ്രചോദനം ചെലുത്തും, നമുക്കുള്ള ഏറ്റവും മികച്ചത് അത് പുറത്തുകൊണ്ടുവരുകയും ചെയ്യും. സമാനമായി, നാം സഹവിശ്വാസികളുടെ യഥാർഥമൂല്യം തിരിച്ചറിഞ്ഞ് അംഗീകരിക്കുമ്പോൾ, അവരെ അഭിനന്ദിക്കുമ്പോൾ, അഭിവൃദ്ധി പ്രാപിക്കാനും ആത്മീയമായി തഴയ്ക്കാനും നാം അവരെ സഹായിക്കുകയാണ്.
10. നമ്മുടെ ശ്രദ്ധ വിശേഷാൽ ആവശ്യമായിരുന്നേക്കാവുന്നത് ആർക്കാണ്?
10 നമ്മുടെ ശ്രദ്ധ വിശേഷാൽ ആവശ്യമായിരുന്നേക്കാവുന്നത് ആർക്കാണ്? നമുക്കെല്ലാം ഇടയ്ക്കൊക്കെ പ്രത്യേകശ്രദ്ധ ആവശ്യമാണെന്നത് ശരിയാണ്. എങ്കിൽത്തന്നെയും, യുവാക്കൾക്കും പുതുതായി സ്നാനമേറ്റ സഹോദരന്മാർക്കും, സഭാപ്രവർത്തനങ്ങളിൽ തങ്ങൾക്കും ഒരു ഭാഗധേയം നിർവഹിക്കാനുണ്ടെന്നുള്ള വസ്തുത ശരിക്കും അനുഭവവേദ്യമാകേണ്ടതുണ്ട്. നമുക്കിടയിൽ തീർച്ചയായും അവർക്ക് ഒരു സ്ഥാനമുണ്ടെന്നു തിരിച്ചറിയാൻ ഇത് അവരെ സഹായിക്കും. നേരെമറിച്ച്, അങ്ങനെയുള്ള സഹോദരങ്ങൾക്ക് അർഹമായ അംഗീകാരം നൽകാത്തപക്ഷം കൂടുതൽ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കാനുള്ള അവരുടെ ആഗ്രഹം മുരടിച്ചുപോയേക്കാം. ഓർക്കുക: ദിവ്യാധിപത്യപദവികൾ ലക്ഷ്യംവെക്കാൻതന്നെയാണ് ദൈവവചനം അവരെ പ്രോത്സാഹിപ്പിക്കുന്നത്.—1 തിമൊ. 3:1.
11. (എ) ലജ്ജാശീലം തരണംചെയ്യാൻ ഒരു യുവാവിനെ ഒരു മൂപ്പൻ സഹായിച്ചത് എങ്ങനെ? (ബി) ജൂലിയന്റെ അനുഭവം നമ്മെ എന്താണു പഠിപ്പിക്കുന്നത്?
11 ഇങ്ങനെ മറ്റു സഹോദരങ്ങൾ ആത്മാർഥതാത്പര്യം കാണിച്ചതിൽനിന്ന് ചെറുപ്പത്തിൽ പ്രയോജനം നേടിയ ഒരു വ്യക്തിയാണ് ലൂഡോവിക്. ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്ന അദ്ദേഹം ഇങ്ങനെ പറയുന്നു: “ഏതെങ്കിലും ഒരു സഹോദരനിൽ ഞാൻ ആത്മാർഥതാത്പര്യം കാണിക്കുമ്പോൾ അദ്ദേഹം പെട്ടെന്ന് പുരോഗമിക്കാറുണ്ട്.” ജൂലിയൻ എന്നു പേരുള്ള ലജ്ജാലുവായിരുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ച് ലൂഡോവിക് പറയുന്നു: “പരിഭ്രമംനിമിത്തം ജൂലിയന്റെ എടുപ്പും നടപ്പും പലപ്പോഴും വികലമായിപ്പോയിരുന്നതുകൊണ്ട് അവന്റെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയിരുന്നു. എന്നാൽ അവൻ വളരെ ദയയുള്ളവനും സഭയിൽ മറ്റുള്ളവരെ സഹായിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നവനും ആണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് അവന്റെ ആന്തരത്തെ ചോദ്യം ചെയ്യുന്നതിനു പകരം അവനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവന്റെ സദ്ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.” കാലക്രമേണ, ജൂലിയൻ ഒരു ശൂശ്രൂഷാദാസനായി യോഗ്യത പ്രാപിച്ചു. ഇപ്പോൾ അവൻ ഒരു സാധാരണ പയനിയറാണ്.
തങ്ങളുടെ പ്രാപ്തികൾ മുഴുവനായി ഉപയോഗിക്കാൻ അവരെ സഹായിക്കുക
12. തന്റെ പ്രാപ്തികൾ മുഴുവനായി ഉപയോഗിക്കുന്നതിന് ഒരു വ്യക്തിയെ സഹായിക്കാൻ എന്തു നല്ല ഗുണമാണ് ആവശ്യമായിരിക്കുന്നത്? ഒരു ദൃഷ്ടാന്തം നൽകുക.
12 തങ്ങളുടെ പ്രാപ്തികൾ മുഴുവനായി ഉപയോഗിക്കാൻ മറ്റുള്ളവരെ സഹായിക്കാനാകണമെങ്കിൽ നാം ഉൾക്കാഴ്ചയുള്ളവർ ആയിരിക്കേണ്ടതുണ്ട്. ജൂലിയന്റെ അനുഭവത്തിൽ കണ്ടതുപോലെ, ഒരു വ്യക്തിക്ക് തുടർന്നും കൂടുതൽ മെച്ചമായി വളർത്തിക്കൊണ്ടുവരാനാകുന്ന നല്ല ഗുണങ്ങളും പ്രാപ്തികളും വിവേചിക്കാൻ നമ്മൾ ആ വ്യക്തിയുടെ ന്യൂനതകൾക്കും അപ്പുറത്തേക്ക് നോക്കേണ്ടതുണ്ടായിരിക്കാം. യേശു അപ്പൊസ്തലനായ പത്രോസിനെ നോക്കിക്കണ്ടത് അങ്ങനെയാണ്. പത്രോസ് പലപ്പോഴും അസ്ഥിരനായി കാണപ്പെട്ടെങ്കിലും, യേശു അവന് പാറ എന്ന് അർഥമുള്ള കേഫാ എന്ന് പേരു വിളിച്ചു. അവൻ ഒരു പാറപോലെ സ്ഥിരത പ്രാപിക്കുമെന്ന് യേശു അതുവഴി മുൻകൂട്ടിപ്പറയുകയായിരുന്നു.—യോഹ. 1:42.
13, 14. (എ) യുവാവായ മർക്കോസിന്റെ കാര്യത്തിൽ ബർന്നബാസ് ഉൾക്കാഴ്ചയും വിവേകവും കാണിച്ചത് എങ്ങനെ? (ബി) മർക്കോസിന് ലഭിച്ചതുപോലുള്ള സഹായത്തിൽനിന്ന് ഒരു യുവസഹോദരൻ എങ്ങനെയാണ് പ്രയോജനം നേടിയത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
13 മർക്കോസ് എന്ന് റോമൻ പേരുണ്ടായിരുന്ന യോഹന്നാന്റെ കാര്യത്തിൽ ബർന്നബാസ് സമാനമായ ഉൾക്കാഴ്ചയോടെ പെരുമാറി. (പ്രവൃ. 12:25) ബർന്നബാസുമൊത്തുള്ള പൗലോസിന്റെ ആദ്യ മിഷനറിയാത്രയിൽ മർക്കോസ് അവരോടൊപ്പം, ഒരുപക്ഷേ അവരുടെ ഭൗതികാവശ്യങ്ങൾക്കായി കരുതിക്കൊണ്ട്, ഒരു “സഹായിയായി” പ്രവർത്തിച്ചിരുന്നു. പക്ഷേ അവർ പംഫുല്യയിലെത്തിയപ്പോൾ മർക്കോസ് തന്റെ സഹകാരികളെ പൊടുന്നനെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. തന്നിമിത്തം, വടക്കോട്ട് സഞ്ചരിക്കവെ കൊള്ളക്കാർക്ക് കുപ്രസിദ്ധമായ ഒരു പ്രദേശത്തുകൂടെ അവനെക്കൂടാതെ അവർക്ക് യാത്ര ചെയ്യേണ്ടിവന്നു. (പ്രവൃ. 13:5, 13) എന്നിരുന്നാലും മർക്കോസിന്റെ അസ്ഥിരമായ ആ പെരുമാറ്റം ബർന്നബാസ് ഗണ്യമാക്കിയില്ല. പകരം അവന്റെ പരിശീലനം പൂർത്തിയാക്കാനുള്ള അവസരം അവൻ പിന്നീട് ഉപയോഗപ്പെടുത്തിയതായി തോന്നുന്നു. (പ്രവൃ. 15:37-39) യഹോവയുടെ പക്വതയുള്ള ഒരു ദാസനായി വളരാൻ ഇത് യുവാവായ മർക്കോസിനെ സഹായിച്ചു. പിന്നീട് പൗലോസ് റോമിൽ തടവിലായിരുന്ന സമയത്ത് മർക്കോസ് അവനോടൊപ്പം ഉണ്ടായിരുന്നു. പൗലോസിനോടൊപ്പം കൊലോസ്യസഭയിലുള്ള ക്രിസ്ത്യാനികൾക്ക് അവനും ആശംസകൾ അയച്ചു. ലേഖനത്തിൽ അപ്പൊസ്തലൻ അവനെക്കുറിച്ച് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. (കൊലോ. 4:10) പൗലോസ് മർക്കോസിന്റെ പിന്തുണ ആവശ്യപ്പെട്ടപ്പോൾ ബർന്നബാസിനുണ്ടായ ചാരിതാർഥ്യം ഒന്നു ചിന്തിച്ചുനോക്കൂ!—2 തിമൊ. 4:11.
14 ഒരു സഹോദരന്റെ ഉൾക്കാഴ്ചയോടെയുള്ള പെരുമാറ്റത്തിൽനിന്ന് പ്രയോജനം നേടിയ ആളാണ് അലക്സാണ്ടർ. അടുത്തിടെ ഒരു മൂപ്പനായി നിയമിതനായ അദ്ദേഹം ഇങ്ങനെ പറയുന്നു: “ചെറുപ്പമായിരുന്നപ്പോൾ പരസ്യപ്രാർഥനകൾ നടത്തുന്നത് എനിക്ക് ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. നന്നായി തയ്യാറായിക്കൊണ്ട് എങ്ങനെ ഉത്കണ്ഠ കുറയ്ക്കാനാകുമെന്ന് ഒരു മൂപ്പൻ എനിക്ക് കാണിച്ചുതന്നു. പ്രാർഥനയിൽനിന്ന് എന്നെ ഒഴിവാക്കുന്നതിനു പകരം വയൽസേവനയോഗങ്ങളിൽ പ്രാർഥിക്കാൻ മിക്കപ്പോഴുംതന്നെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം എനിക്ക് അവസരങ്ങൾ നൽകി. കാലക്രമേണ എനിക്ക് കൂടുതൽ ആത്മവിശ്വാസം കൈവന്നു.”
15. പൗലോസ് തന്റെ സഹോദരങ്ങളോടുള്ള വിലമതിപ്പ് എങ്ങനെയാണു വ്യക്തമാക്കിയത്?
15 ഒരു സഹക്രിസ്ത്യാനിയിൽ നല്ല ഒരു ഗുണം നിരീക്ഷിക്കുമ്പോൾ ആ സ്വഭാവവിശേഷത്തെ നാം എത്രയധികം വിലമതിക്കുന്നെന്ന് നാം ആ സഹോദരനോടോ സഹോദരിയോടോ പറയാറുണ്ടോ? റോമർ 16-ാം അധ്യായത്തിൽ, 20-ലധികം സഹവിശ്വാസികളുടെ പ്രിയങ്കരമായ സവിശേഷതകൾ എടുത്തുപറഞ്ഞ് പൗലോസ് അവരെ അഭിനന്ദിക്കുകയുണ്ടായി. (റോമ. 16:3-7, 13) ദൃഷ്ടാന്തത്തിന്, അന്ത്രൊനിക്കൊസും യൂനിയാവും തനിക്കു മുമ്പേ ക്രിസ്തുശിഷ്യരായിത്തീർന്നവരാണെന്ന് ഓർത്തുകൊണ്ട് പൗലോസ് അവരുടെ ക്രിസ്തീയസഹിഷ്ണുത ഊന്നിപ്പറഞ്ഞു. രൂഫൊസിന്റെ അമ്മയെക്കുറിച്ചും പൗലോസ് വിലമതിപ്പോടെ സംസാരിക്കുന്നുണ്ട്, ഒരുപക്ഷേ അവർ കാണിച്ച മാതൃതുല്യമായ കരുതൽ അവൻ അനുസ്മരിക്കുകയായിരുന്നിരിക്കാം.
16. ഒരു കുട്ടിക്ക് നൽകുന്ന അഭിനന്ദനം എന്തു ഫലം ചെയ്തേക്കാം?
16 ആത്മാർഥമായ അഭിനന്ദനം നല്ല ഫലങ്ങൾ കൈവരുത്തിയേക്കാം. ഫ്രാൻസിലെ റീകോ എന്ന കുട്ടിയുടെ കാര്യമെടുക്കുക. റീകോ സ്നാനമേൽക്കുന്നതിനെ അവിശ്വാസിയായ പിതാവ് എതിർത്തതിനാൽ അവൻ നിരുത്സാഹിതനായിരുന്നു. യഹോവയെ പൂർണമായി സേവിക്കുന്നതിന് നിയമാനുസൃതമായി പ്രായപൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന് റീകോ ചിന്തിച്ചു. സ്കൂളിൽ നേരിട്ട പരിഹാസവും അവനെ ദുഃഖിപ്പിച്ചിരുന്നു. അവന് അധ്യയനം നടത്തിയിരുന്നത് സഭയിലെ ഒരു മൂപ്പനായ ഫ്രെഡറിക് ആയിരുന്നു. അദ്ദേഹം ഇങ്ങനെ ഓർമിക്കുന്നു: “സ്വന്തം വിശ്വാസത്തെക്കുറിച്ച് തുറന്നുപറയാൻതക്ക ധൈര്യം അവനുണ്ടായിരുന്നുവെന്നാണ് ആ എതിർപ്പുകളെല്ലാം സൂചിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഞാൻ അവനെ അഭിനന്ദിച്ചു.” മാതൃകായോഗ്യനായി തുടർന്നും നിലനിൽക്കാനുള്ള അവന്റെ നിശ്ചയദാർഢ്യത്തെ ഈ അനുമോദനവാക്കുകൾ ബലപ്പെടുത്തി. തന്റെ പിതാവിനോട് കൂടുതൽ അടുക്കാനും അത് അവനെ സഹായിച്ചു. പിന്നീട് 12 വയസ്സായപ്പോൾ റീകോ സ്നാനമേറ്റു.
17. (എ) പുരോഗതി പ്രാപിക്കാൻ നമ്മുടെ സഹോദരന്മാരെ നമുക്ക് എങ്ങനെ സഹായിക്കാനാകും? (ബി) യുവസഹോദരന്മാരിൽ ഒരു മിഷനറി താത്പര്യം എടുത്തത് എങ്ങനെ, അതിന് എന്തു ഫലമുണ്ടായി?
17 നിയമനങ്ങൾ നന്നായി നിർവഹിച്ചതിനെപ്രതി, അല്ലെങ്കിൽ നല്ല ശ്രമം ചെയ്തതിനെപ്രതി നാം സഹവിശ്വാസികളെ അഭിനന്ദിക്കുന്ന ഓരോ സന്ദർഭത്തിലും യഹോവയെ കൂടുതൽ തികവോടെ സേവിക്കാൻ നാം അവർക്ക് ഊർജം പകരുകയാണ്. സഹോദരന്മാരെ അഭിനന്ദിക്കുന്നതിൽ സഹോദരിമാർക്ക് നല്ലൊരു പങ്കുണ്ടായിരിക്കാനാകുമെന്ന് വർഷങ്ങളായി ഫ്രാൻസിലെ ബെഥേലിൽ സേവിച്ചുകൊണ്ടിരിക്കുന്ന സിൽവിa അഭിപ്രായപ്പെട്ടു. പുരുഷന്മാർ പൊതുവേ ശ്രദ്ധിക്കാത്ത ചില വിശദാംശങ്ങൾ സ്ത്രീകൾ നിരീക്ഷിച്ചേക്കാം എന്ന് അവൾ പറയുന്നു. അതുകൊണ്ട് സഹോദരിമാരുടെ “പ്രോത്സാഹനവാക്കുകൾ അനുഭവപരിചയമുള്ള സഹോദരന്മാർ നൽകുന്ന അഭിപ്രായങ്ങൾക്ക് മേമ്പൊടി തൂകും!” അവൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “അഭിനന്ദിക്കുക എന്നത് ഒരു കടമയായിട്ടാണ് ഞാൻ കാണുന്നത്.” (സദൃ. 3:27) ഫ്രഞ്ച് ഗയാനയിലെ ഒരു മിഷനറിയായ ഷേറോം മിഷനറി സേവനത്തിന് യോഗ്യത പ്രാപിക്കാൻ പല യുവാക്കളെയും സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: “ശുശ്രൂഷയിലെ ഏതെങ്കിലും നല്ല വശത്തെയോ അവരുടെ സുചിന്തിതമായ അഭിപ്രായങ്ങളെയോ പ്രതി ഞാൻ യുവാക്കളെ അഭിനന്ദിക്കുമ്പോൾ അവരുടെ ആത്മവിശ്വാസം വർധിക്കുന്നതായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അതിന്റെ ഫലമായി തങ്ങളുടെ കഴിവുകൾ അവർ കൂടുതലായി വികസിപ്പിക്കുന്നു.”
18. യുവസഹോദരന്മാരോടൊപ്പം പ്രവർത്തിക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
18 സഹവിശ്വാസികളോടൊപ്പം പ്രവർത്തിച്ചുകൊണ്ടും ആത്മീയാഭിവൃദ്ധി പ്രാപിക്കാൻ നമുക്ക് അവരെ പ്രചോദിപ്പിക്കാനാകും. ഉദാഹരണത്തിന് കമ്പ്യൂട്ടർ നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ഒരു യുവസഹോദരനോട് കമ്പ്യൂട്ടറില്ലാത്ത പ്രായമായവർക്കായി jw.org വെബ്സൈറ്റിൽനിന്ന് ചില വിവരങ്ങൾ പ്രിന്റെടുക്കാൻ ഒരു മൂപ്പൻ ആവശ്യപ്പെട്ടേക്കാം. അല്ലെങ്കിൽ രാജ്യഹാളിനു വെളിയിൽ നിങ്ങൾ എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഒപ്പംകൂടാൻ നിങ്ങൾക്ക് ഒരു യുവസഹോദരനെ ക്ഷണിക്കരുതോ? ഇത്തരത്തിൽ മുൻകൈയെടുത്ത് പ്രവർത്തിക്കുന്നത് യുവജനങ്ങളെ നിരീക്ഷിക്കാനും അഭിനന്ദിക്കാനും അതുളവാക്കുന്ന സത്ഫലങ്ങൾ കാണാനും നിങ്ങൾക്ക് അവസരമേകും.—സദൃ. 15:23.
ഭാവിയെ മുൻനിറുത്തി പണിതുയർത്തുക
19, 20. പുരോഗമിക്കാൻ മറ്റുള്ളവരെ നാം സഹായിക്കേണ്ടത് എന്തുകൊണ്ട്?
19 ഇസ്രായേല്യരെ നയിക്കാനായി യോശുവയെ നിയമിച്ചപ്പോൾ അവനെ “ധൈര്യപ്പെടുത്തി ഉറപ്പി”ക്കാൻ യഹോവ മോശയോട് ആവശ്യപ്പെട്ടു. (ആവർത്തനപുസ്തകം 3:28 വായിക്കുക.) നമ്മുടെ ലോകവ്യാപകസഭയിലേക്ക് അധികമധികം ആളുകൾ ഒഴുകിയെത്തുകയാണ്. പുതിയവരെയും യുവാക്കളെയും തങ്ങളുടെ മുഴുപ്രാപ്തികളും ഉപയോഗപ്പെടുത്താൻ സഹായിക്കാനാകുന്നത് മൂപ്പന്മാർക്കു മാത്രമല്ല. അനുഭവപരിചയമുള്ള സകല ക്രിസ്ത്യാനികൾക്കും അതിനു കഴിയും. അങ്ങനെയാകുമ്പോൾ അധികമധികം പേർ മുഴുസമയ ശുശ്രൂഷയിലേക്ക് കടന്നുവരും. അതെ, അധികമധികം പേർ “മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരായിത്തീരും.”—2 തിമൊ. 2:2.
20 നാം സഹവസിക്കുന്നത് സുസ്ഥാപിതമായ ഒരു സഭയോടോ സഭയായി വളർന്നുകൊണ്ടിരിക്കുന്ന ഒരു ചെറിയ കൂട്ടത്തോടോ ഒപ്പമായിക്കൊള്ളട്ടെ, ഭാവി മുൻനിറുത്തി പണിയുന്നതിൽ നമുക്ക് തുടരാം. എല്ലായ്പോഴും തന്റെ ദാസരിലെ നന്മ തിരയുന്ന യഹോവയെ അനുകരിക്കുക എന്നതാണ് അതിനുള്ള മുഖ്യമാർഗം.
a പേര് മാറ്റിയിട്ടുണ്ട്.