നിങ്ങൾക്ക് അറിയാമോ?
പുരാവസ്തുശാസ്ത്രം ബൈബിൾരേഖയെ പിന്തുണയ്ക്കുന്നുണ്ടോ?
എബ്രായതിരുവെഴുത്തുകളിൽ പരാമർശിച്ചിട്ടുള്ള “കുറഞ്ഞത് 50 പേരെങ്കിലും” കഴിഞ്ഞകാലത്ത് ജീവിച്ചിരുന്നവരാണെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പുരാവസ്തുശാസ്ത്രജ്ഞന്മാരുടെ ആധുനികകണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ഇതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ (Biblical Archaeology Review) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരിൽ, യെഹൂദയിലും ഇസ്രായേലിലും ഉണ്ടായിരുന്ന 14 രാജാക്കന്മാർ ഉൾപ്പെടുന്നു: ദാവീദിനെയും ഹിസ്കീയാവിനെയും പോലെ പ്രശസ്തരായ വ്യക്തികളും മെനഹേം, പേക്കഹ് പോലെയുള്ള അത്ര പ്രശസ്തരല്ലാത്തവരും. മാത്രമല്ല, ഈ പട്ടികയിൽ അഞ്ച് ഫറവോന്മാരും, അസീറിയ (അശ്ശൂർ), ബാബിലോണിയ, മോവാബ്, പേർഷ്യ, സിറിയ എന്നിവിടങ്ങളിലെ 19 രാജാക്കന്മാരും ഉണ്ട്. കഴിഞ്ഞ കാലത്ത് ഭരിച്ചിരുന്ന ഇത്തരം ഏകാധിപതികൾ മാത്രമല്ല ബൈബിൾരേഖയിലും പുരാവസ്തുരേഖയിലും ഉള്ളത്. അത്ര പ്രശസ്തരല്ലാത്ത മഹാപുരോഹിതന്മാർ, പകർപ്പെഴുത്തുകാർ, മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരും ഇതിലുണ്ട്.
ഈ വ്യക്തികളെല്ലാം ജീവിച്ചിരുന്നുവെന്നതിന്, “വേണ്ടത്ര തെളിവുകളുണ്ടെന്ന് പണ്ഡിതന്മാർ അംഗീകരിക്കുന്ന”തായി ആ ലേഖനം പ്രസ്താവിക്കുന്നു. അതുപോലെ, ക്രിസ്ത്യൻ ഗ്രീക്ക് തിരുവെഴുത്തുകളും പല ചരിത്രപുരുഷന്മാരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അവരിൽ ചിലരായ ഹെരോദാവ്, പൊന്തിയൊസ് പീലാത്തൊസ്, തിബെര്യൊസ്, കയ്യഫാവ്, സെർഗ്യൊസ് പൗലോസ് എന്നിവർ ചരിത്രവ്യക്തികളാണെന്നു സ്ഥാപിക്കുന്നതിന് ആവശ്യമായ പുരാവസ്തുതെളിവുകളുമുണ്ട്.
ബൈബിൾദേശങ്ങളിൽനിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത് എപ്പോൾ?
ബൈബിളിൽ പറഞ്ഞിരിക്കുന്ന ദേശങ്ങളിൽ ഇപ്പോൾ സിംഹങ്ങളൊന്നും ഇല്ലെങ്കിലും, ആ മൃഗത്തെക്കുറിച്ച് പരാമർശിക്കുന്ന 150 തിരുവെഴുത്തുകളെങ്കിലുമുണ്ട്. അതിനാൽ, ബൈബിളെഴുത്തുകാർക്ക് ഈ മൃഗം വളരെ പരിചിതമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക പരാമർശങ്ങളും ആലങ്കാരികാർഥത്തിലാണ് പറഞ്ഞിരിക്കുന്നതെങ്കിലും സിംഹവുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ശിംശോൻ, ദാവീദ്, ബെനായാവ് എന്നിവർ സിംഹങ്ങളെ കൊന്നതായി പറഞ്ഞിരിക്കുന്നു. (ന്യായാധിപന്മാർ 14:5, 6; 1 ശമൂവേൽ 17:34, 35; 2 ശമൂവേൽ 23:20) നേരെമറിച്ച്, സിംഹം ചിലരെ ആക്രമിച്ചു കൊന്നതായും ബൈബിളിൽ രേഖയുണ്ട്.—1 രാജാക്കന്മാർ 13:24; 2 രാജാക്കന്മാർ 17:25.
പുരാതന നാളുകളിൽ ഏഷ്യയിലെ സിംഹങ്ങൾ (പാന്തറ ലിയോ പെർസിക്ക) ഏഷ്യാമൈനർ, ഗ്രീസ് തുടങ്ങി പലസ്തീൻ, സിറിയ, മെസൊപ്പൊട്ടേമിയ, വടക്കുകിഴക്കൻ ഇന്ത്യ വരെ സ്വൈരവിഹാരം നടത്തിയിരുന്നു. ഭയത്തോടെയും ബഹുമാനത്തോടെയും വീക്ഷിച്ചിരുന്ന ഈ മൃഗം പൗരസ്ത്യകലകളിൽ ഇടംനേടിയിരുന്നു. കൂടാതെ, പുരാതന ബാബിലോണിലുള്ള ഘോഷയാത്രാവീഥികളിൽ മിനുസമാർന്ന ചെങ്കൽച്ചുവരുകൾക്ക് സിംഹങ്ങളുടെ മനോഹരമായ ചിത്രരചനകൾ അഴകേകിയിട്ടുണ്ട്.
12-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കുരിശുയുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന പടയാളികൾ പലസ്തീനിലുള്ള സിംഹങ്ങളെ വേട്ടയാടിയിരുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ, 1300 കഴിഞ്ഞതോടെ ആ പ്രദേശങ്ങളിൽ സിംഹങ്ങൾ ഇല്ലാതായി. എന്നാൽ, 19-ാം നൂറ്റാണ്ടുവരെ മെസൊപ്പൊട്ടേമിയയിലും സിറിയയിലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറാനിലും ഇറാഖിലും അവ ഉണ്ടായിരുന്നതായി സൂചനകളുണ്ട്. ▪(w15-E 05/01)