വാഗ്ദാനം ചെയ്ത കാര്യങ്ങൾ അവർ “കണ്ടു”
“തങ്ങളുടെ ജീവിതകാലത്ത് അവർ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിച്ചു.”—എബ്രാ. 11:13.
1. കാണാത്ത കാര്യങ്ങൾ വിഭാവന ചെയ്യാനാകുന്നതിന്റെ പ്രയോജനമെന്ത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
യഹോവ നമുക്ക് വിസ്മയകരമായ ഒരു പ്രാപ്തി നൽകിയിരിക്കുന്നു—ഭാവനാശേഷി. അതായത് കണ്ണാലെ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ഭാവനയിൽ കാണാനുള്ള കഴിവ്. അത് ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കാനും കാര്യാദികൾ മുൻകൂട്ടി ക്രമീകരിച്ചുകൊണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാനും നമ്മെ സഹായിക്കും. ഭാവിയിൽ നടക്കാൻപോകുന്നത് എന്താണെന്ന് അറിയാവുന്നത് യഹോവയ്ക്കാണ്. അതുകൊണ്ട്, നോക്കിപ്പാർത്തിരിക്കാനാകുന്ന ചില കാര്യങ്ങൾ അവൻ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ അതൊന്നും കണ്ണാലെ കാണാനാവില്ലെങ്കിലും, നമുക്ക് അവ ഭാവനയിൽ കാണാനും അത് സംഭവിക്കുമെന്നുള്ള വിശ്വാസം വളർത്തിയെടുക്കാനും കഴിയും.—2 കൊരി. 4:18.
2, 3. (എ) ഭാവനയിൽ കാണാനുള്ള നമ്മുടെ പ്രാപ്തിക്ക് നമ്മളെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?
2 ഒരിക്കലും നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ഇടയ്ക്കെങ്കിലും നമ്മൾ ചിന്തിക്കാറുണ്ട്. ഉദാഹരണത്തിന്, ചിത്രശലഭത്തിന്റെ പുറത്തിരുന്ന് സഞ്ചരിക്കുന്നതായി ഒരു കൊച്ചു പെൺകുട്ടി ഭാവനയിൽ കണ്ടേക്കാം. അത് ഒരിക്കലും സംഭവിക്കാത്ത ഒന്നാണ്. പക്ഷേ, ശമുവേലിന്റെ അമ്മ ഹന്നാ ഭാവനയിൽ കണ്ടത് സംഭവിക്കാവുന്ന കാര്യങ്ങളായിരുന്നു. സമാഗമനകൂടാരത്തിലെ പുരോഹിതന്മാരോടൊപ്പം സേവിക്കാൻ തന്റെ പൊന്നോമനയെ കൊണ്ടുപോകുന്ന ആ ദിവസത്തെക്കുറിച്ചായിരുന്നു അവളുടെ മുഴുചിന്തയും. അത് വെറുമൊരു സ്വപ്നമായിരുന്നില്ല. അവൾ ചെയ്യാൻ തീരുമാനിച്ചുറച്ച ഒരു കാര്യമായിരുന്നു. യഹോവയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ ആ ചിന്ത അവളെ സഹായിച്ചു. (1 ശമൂ. 1:22) യഹോവ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിശ്ചയമായും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ് നമ്മൾ വിഭാവന ചെയ്യുന്നത്.—2 പത്രോ. 1:19-21.
3 ബൈബിൾക്കാലങ്ങളിലെ മിക്ക ദൈവദാസരും യഹോവയുടെ വാഗ്ദാനങ്ങളുടെ ഭാവനാചിത്രങ്ങൾ തങ്ങളുടെ മനസ്സിൽ വരച്ചിട്ടിരുന്നു എന്നതിന് സംശയമില്ല. അവർ അങ്ങനെ ചെയ്തതിന്റെ പ്രയോജനം എന്തായിരുന്നു? ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറുമ്പോഴുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ വിഭാവന ചെയ്യുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ഭാവി ഭാവനയിൽ കണ്ടത് അവരുടെ വിശ്വാസം ശക്തമാക്കി
4. ഹാബേലിന് ഒരു നല്ല ഭാവി ഭാവനയിൽ കാണാൻകഴിഞ്ഞത് എന്തുകൊണ്ട്?
4 യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമുണ്ടായിരുന്ന ആദ്യമനുഷ്യൻ ഹാബേലായിരുന്നു. ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ യഹോവ സർപ്പത്തോട് പറഞ്ഞ പിൻവരുന്ന കാര്യം ഹാബേലിന് അറിയാമായിരുന്നു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ. 3:14, 15) എന്നാൽ അത് എങ്ങനെയായിരിക്കും സംഭവിക്കുകയെന്ന് ഹാബേലിനു കൃത്യമായി അറിയില്ലായിരുന്നു. എങ്കിലും ദൈവം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അവൻ ആഴത്തിൽ ചിന്തിച്ചിരുന്നു. ‘സർപ്പം ആരെയായിരിക്കും മുറിവേൽപ്പിക്കുന്നത്, മുഴുമനുഷ്യരെയും വീണ്ടും പൂർണതയിലേക്ക് എത്തിക്കുന്നത് ആരായിരിക്കും’ എന്നൊക്കെ അവൻ ചിന്തിച്ചിട്ടുണ്ടാകും. യഹോവ എന്തു പറഞ്ഞാലും അത് അതുപോലെതന്നെ നടക്കുമെന്ന് ഹാബേലിനു ശക്തമായ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തെപ്രതി യഹോവ ഹാബേലിലും അവന്റെ യാഗത്തിലും പ്രസാദിച്ചു.—ഉല്പത്തി 4:3-5; എബ്രായർ 11:4 വായിക്കുക.
5. ഭാവിയെക്കുറിച്ച് വിഭാവന ചെയ്തത് ഹാനോക്കിനെ ഏതു വിധത്തിൽ സഹായിച്ചു?
5 യഹോവയിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന മറ്റൊരാളായിരുന്നു ഹാനോക്ക്. ദൈവത്തെക്കുറിച്ചുപോലും ‘ഹീനകാര്യങ്ങൾ’ പറയാൻ മടികാണിക്കാതിരുന്ന ദുഷ്ടന്മാർക്കിടയിലായിരുന്നു ഹാനോക്ക് ജീവിച്ചിരുന്നത്. പക്ഷേ ധൈര്യശാലിയായിരുന്ന ഹാനോക്ക് ദൈവത്തിൽനിന്നുള്ള സന്ദേശം മടികൂടാതെ അവരെ അറിയിച്ചു. യഹോവ ദുഷ്ടന്മാരെ നശിപ്പിക്കാൻപോകുകയാണെന്ന് അവൻ അവരോട് പറഞ്ഞു. (യൂദാ 14, 15) അങ്ങനെ പറയാൻ അവനെ പ്രേരിപ്പിച്ചത് എന്താണ്? എല്ലാവരും യഹോവയെ മാത്രം സേവിക്കുന്ന ആ കാലം എങ്ങനെയുള്ളതായിരിക്കുമെന്ന് ഹാനോക്ക് മനസ്സിൽ കണ്ടിരിക്കാം.—എബ്രായർ 11:5, 6 വായിക്കുക.
6. പ്രളയത്തിനു ശേഷം നോഹ എന്തിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും?
6 യഹോവയിലുണ്ടായിരുന്ന ഉറച്ച വിശ്വാസം പ്രളയത്തെ അതിജീവിക്കാൻ നോഹയെ സഹായിച്ചു. (എബ്രാ. 11:7) ആ വിശ്വാസം നിമിത്തമാണ് നോഹ പ്രളയത്തിനു ശേഷം യഹോവയ്ക്കു മൃഗങ്ങളെ യാഗമായി അർപ്പിച്ചത്. (ഉല്പ. 8:20) ഭൂമി വീണ്ടും ദുഷ്ടതകൊണ്ടു നിറഞ്ഞു. നിമ്രോദ് ഭരണം തുടങ്ങി. ആളുകൾ യഹോവയ്ക്കെതിരെ മത്സരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. (ഉല്പ. 10:8-12) എന്നാൽ നോഹയുടെ വിശ്വാസം ഈടുറ്റതായിരുന്നു. ഒരുനാൾ പാപവും മരണവും യഹോവ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് ഹാബേലിനെപ്പോലെ നോഹയ്ക്കും ഉറപ്പുണ്ടായിരുന്നു. ക്രൂരരായ ഭരണാധിപന്മാരില്ലാത്ത ഒരു കാലത്തെക്കുറിച്ചും നോഹ ചിന്തിച്ചിട്ടുണ്ടാകും. നോഹയെപ്പോലെ നമുക്കും തൊട്ടടുത്ത് വരാനിരിക്കുന്ന ശുഭകാലത്തെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ അടുപ്പിച്ചുനിറുത്താം.—റോമ. 6:23.
ദൈവികവാഗ്ദാനങ്ങൾ സത്യമായി ഭവിക്കുന്ന നല്ല നാളുകൾ അവർ ഭാവനയിൽ കണ്ടു
7. എങ്ങനെയുള്ള ഒരു ഭാവിയാണ് അബ്രാഹാമും യിസ്ഹാക്കും യാക്കോബും ഭാവനയിൽ കണ്ടത്?
7 അബ്രാഹാമും യിസ്ഹാക്കും യാക്കോബും നല്ലൊരു ഭാവി മനസ്സിൽ കണ്ടു. അവരുടെ “സന്തതി”യിലൂടെ ലോകത്തിലെ മുഴുജനതയും അനുഗ്രഹിക്കപ്പെടുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. (ഉല്പ. 22:18; 26:4; 28:14) അവരുടെ കുടുംബം ഒരു വലിയ ജനതയായിത്തീരുമെന്നും മനോഹരമായ വാഗ്ദത്തദേശത്ത് വസിക്കുമെന്നും ദൈവം അവർക്ക് ഉറപ്പുകൊടുത്തിരുന്നു. (ഉല്പ. 15:5-7) യഹോവയുടെ വാഗ്ദാനങ്ങൾ അതേപടി നിറവേറുമെന്ന് അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും ബോധ്യമുണ്ടായിരുന്നതുകൊണ്ട് തങ്ങളുടെ കുടുംബങ്ങൾ അപ്പോൾത്തന്നെ അവിടെ ജീവിക്കുന്നതായി അവർക്ക് ഭാവനയിൽ കാണാൻ കഴിഞ്ഞു. ആദാമും ഹവ്വായും പാപം ചെയ്തതിലൂടെ മനുഷ്യരുടെ പൂർണത നഷ്ടമായെങ്കിലും, നഷ്ടമായ പറുദീസാനുഗ്രഹങ്ങൾ വീണ്ടും എങ്ങനെ കൈവരുമെന്ന് അന്നുമുതൽ യഹോവ വിശ്വസ്തരായ തന്റെ ദാസർക്ക് വെളിപ്പെടുത്തി.
8. ശക്തമായ വിശ്വാസവും അനുസരണവും ഉള്ളവനായിരിക്കാൻ അബ്രാഹാമിനെ സഹായിച്ചത് എന്താണ്?
8 ശക്തമായ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് പ്രതികൂലസാഹചര്യങ്ങളിൽപ്പോലും അബ്രാഹാം യഹോവയോട് അനുസരണമുള്ളവനായിരുന്നു. തങ്ങളുടെ ജീവിതകാലത്ത് നിവൃത്തിയേറാതിരുന്ന കാര്യങ്ങളുടെപോലും മിഴിവുറ്റ മനോഹരദൃശ്യങ്ങൾ മനക്കണ്ണിലൂടെ നോക്കിക്കാണാൻ അബ്രാഹാമിനും മറ്റു വിശ്വസ്തദൈവദാസർക്കും കഴിഞ്ഞു. ബൈബിൾ പറയുന്നു: ‘അവർ ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിച്ചു.’ (എബ്രായർ 11:8-13 വായിക്കുക.) കഴിഞ്ഞ കാലങ്ങളിൽ യഹോവ തന്റെ വാഗ്ദാനങ്ങൾ വള്ളിപുള്ളി തെറ്റാതെ പാലിച്ചിരുന്നെന്ന കാര്യം അബ്രാഹാമിന് അറിയാമായിരുന്നു. അതുകൊണ്ട് ഭാവിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളും യഹോവ അണുവിട തെറ്റാതെ നിറവേറ്റുമെന്ന് അബ്രാഹാമിന് ഉറച്ചബോധ്യമുണ്ടായിരുന്നു.
9. യഹോവയുടെ വാഗ്ദാനങ്ങളിലുള്ള അബ്രാഹാമിന്റെ വിശ്വാസം അവനെ സഹായിച്ചത് എങ്ങനെ?
9 യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് യഹോവ തന്നോട് ചെയ്യാൻ പറഞ്ഞതെല്ലാം അബ്രാഹാം അതേപടി ചെയ്തു. ഉദാഹരണത്തിന്, അവൻ ഊർ നഗരത്തിലെ തന്റെ ഭവനം ഉപേക്ഷിച്ചെന്നു മാത്രമല്ല തന്റെ ശിഷ്ടകാലം ഏതെങ്കിലുമൊരു പട്ടണത്തിൽ സ്ഥിരതാമസമാക്കാൻ തുനിഞ്ഞതുമില്ല. ചുറ്റുമുള്ള നഗരങ്ങളിലെ ഭരണാധിപന്മാർ യഹോവയെ സേവിക്കാത്തവരായിരുന്നതുകൊണ്ട് ആ നഗരങ്ങൾ എന്നേക്കും നിലനിൽക്കില്ലെന്ന് അവന് അറിയാമായിരുന്നു. (യോശു. 24:2) യഹോവയുടെ ഗവണ്മെന്റ് ഭൂമിയെ എന്നേക്കും ഭരിക്കുന്ന കാലത്തിനായി അവൻ ആകാംക്ഷയോടെ കാത്തിരുന്നു. “ദൈവംതന്നെ ശിൽപ്പിയും നിർമാതാവും ആയിരിക്കുന്ന, യഥാർഥ അടിസ്ഥാനങ്ങളുള്ള നഗര”മാണ് ആ ഗവണ്മെന്റ്. (എബ്രാ. 11:10) അബ്രാഹാമും ഹാബേൽ, ഹാനോക്ക്, നോഹ എന്നിവരുൾപ്പെടെ മറ്റു ദൈവദാസരും പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. മനോഹരമായ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ച് വിഭാവന ചെയ്തപ്പോഴെല്ലാം യഹോവയിലുള്ള അവരുടെ വിശ്വാസം കരുത്തുറ്റതായിത്തീർന്നുകൊണ്ടേയിരുന്നു.—എബ്രായർ 11:15, 16 വായിക്കുക.
10. ഭാവിയെക്കുറിച്ച് ഭാവനയിൽ കണ്ടത് സാറായ്ക്ക് എങ്ങനെ പ്രയോജനം ചെയ്തു?
10 അബ്രാഹാമിന്റെ ഭാര്യയായിരുന്ന സാറായ്ക്ക് യഹോവയുടെ വാഗ്ദാനങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. 90 വയസ്സായിട്ടും കുട്ടികളില്ലാതിരുന്ന സാറാ, താൻ ഒരു അമ്മയാകുന്ന ദിവസത്തിനായി കാത്തിരുന്നു. തന്റെ മക്കൾ ഒരു വലിയ ജനതയായിത്തീരുന്നതുപോലും സാറായ്ക്ക് ഭാവനയിൽ കാണാൻ കഴിഞ്ഞു. (എബ്രാ. 11:11, 12) അവൾക്ക് അതിൽ അത്രമാത്രം ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടാണ്? കാരണം, യഹോവ അബ്രാഹാമിനോട് പറഞ്ഞ കാര്യം അവൾക്ക് അറിയാമായിരുന്നു: “ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും.” (ഉല്പ. 17:16) യഹോവ പറഞ്ഞതുപോലെതന്നെ സാറാ ഒരു കുഞ്ഞിനു ജന്മം നൽകി; യിസ്ഹാക്കിന്. യഹോവയുടെ ഭാവി വാഗ്ദാനങ്ങൾ നിശ്ചയമായും നിറവേറുമെന്ന് ഈ അത്ഭുതം അവളെ ബോധ്യപ്പെടുത്തി. യഹോവയുടെ വിസ്മയകരമായ വാഗ്ദാനങ്ങളെക്കുറിച്ച് ഭാവനയിൽ കാണുന്നതിലൂടെ നമുക്കും നമ്മുടെ വിശ്വാസം കൂടുതൽ ബലിഷ്ഠമാക്കാം.
ലഭിക്കാനിരുന്ന പ്രതിഫലത്തെക്കുറിച്ച് അവൻ ചിന്തിച്ചുകൊണ്ടിരുന്നു
11, 12. യഹോവയെ അധികമധികം സ്നേഹിക്കാൻ മോശയെ സഹായിച്ചത് എന്താണ്?
11 മോശയ്ക്കും യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. ഈജിപ്തിലെ ഒരു രാജകുമാരനായിട്ടാണ് അവൻ വളർന്നുവന്നത്. മറ്റെന്തിനെക്കാളും അധികമായി യഹോവയെ സ്നേഹിച്ചിരുന്നതിനാൽ ഈജിപ്തിലെ ധനവും അധികാരവും ഒന്നും അവന് ഒന്നുമല്ലായിരുന്നു. എബ്രായമാതാപിതാക്കളിൽനിന്ന് മോശ യഹോവയെക്കുറിച്ചു പഠിച്ചിരുന്നു. യഹോവ എബ്രായരെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുമെന്നും വാഗ്ദത്തദേശം കൊടുക്കുമെന്നും അവർ അവനെ പഠിപ്പിച്ചിരുന്നു. (ഉല്പ. 13:14, 15; പുറ. 2:5-10) ഈ വാഗ്ദാനങ്ങളെക്കുറിച്ച് മോശ എത്രയധികം ചിന്തിച്ചോ യഹോവയോടുള്ള അവന്റെ സ്നേഹം അത്രയധികം ആഴമുള്ളതായിത്തീർന്നു.
12 മോശ ചിന്തിച്ചുകൊണ്ടിരുന്ന കാര്യം എന്തായിരുന്നെന്ന് ബൈബിൾ പറയുന്നു: “വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചു. പാപത്തിന്റെ ക്ഷണികസുഖത്തെക്കാൾ ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം അവൻ തിരഞ്ഞെടുത്തു. ദൈവത്തിന്റെ അഭിഷിക്തനെന്ന നിലയിൽ സഹിക്കേണ്ടിയിരുന്ന നിന്ദയെ ഈജിപ്റ്റിലെ നിക്ഷേപങ്ങളെക്കാൾ മഹത്തരമായ ധനമായി അവൻ കണക്കാക്കി; എന്തെന്നാൽ ലഭിക്കാനിരുന്ന പ്രതിഫലത്തിലത്രേ അവൻ ദൃഷ്ടിപതിപ്പിച്ചത്.”—എബ്രാ. 11:24-26.
13. യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നത് മോശയ്ക്കു പ്രയോജനം ചെയ്തത് എങ്ങനെ?
13 എബ്രായരെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുമെന്ന യഹോവയുടെ വാഗ്ദാനത്തെക്കുറിച്ച് മോശ ആഴമായി ചിന്തിച്ചു. യഹോവ സകല മനുഷ്യരെയും മരണത്തിൽനിന്ന് മോചിപ്പിക്കുമെന്ന കാര്യം മറ്റു ദൈവദാസരെപ്പോലെ അവനും അറിയാമായിരുന്നു. (ഇയ്യോ. 14:14, 15; എബ്രാ. 11:17-19) യഹോവ എബ്രായരെയും മറ്റെല്ലാ മനുഷ്യരെയും എത്രയധികം സ്നേഹിക്കുന്നുവെന്ന് മോശ അതുവഴി മനസ്സിലാക്കി. ഇത് യഹോവയെ കൂടുതലായി സ്നേഹിക്കാനും അവനിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കാനും മോശയെ സഹായിച്ചു. ജീവിതത്തിലുടനീളം യഹോവയെ സേവിക്കാൻ ഇത് അവനെ പ്രാപ്തനാക്കി. (ആവ. 6:4, 5) ഫറവോൻ അവനെ കൊല്ലാൻ തുനിഞ്ഞപ്പോൾപ്പോലും അവൻ ഭയചകിതനായില്ല. യഹോവ തനിക്കു ഭാവിയിൽ പ്രതിഫലം നൽകുമെന്ന് അവന് അറിയാമായിരുന്നു.—പുറ. 10:28, 29.
ദൈവത്തിന്റെ ഗവണ്മെന്റ് ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഭാവനയിൽ കാണുക
14. ഭാവിയെക്കുറിച്ച് ചിലർ എന്തൊക്കെയാണ് ചിന്തിക്കുന്നത്?
14 അനേകം ആളുകളും ഭാവിയെക്കുറിച്ച് നടക്കാത്ത സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. ഉദാഹരണത്തിന്, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന ചിലർ തങ്ങൾ ഒരുനാൾ സമ്പന്നതയുടെ കൊടുമുടിയിൽ എത്തുമെന്നും ഒരു അല്ലലുമില്ലാതെ ജീവിക്കുമെന്നും ദിവാസ്വപ്നം കാണുന്നു. എന്നാൽ സാത്താന്റെ ഈ ലോകം എല്ലായ്പോഴും ‘പ്രയാസവും ദുഃഖവും’ നിറഞ്ഞതാണെന്ന് ബൈബിൾ പറയുന്നു. (സങ്കീ. 90:10) ചിലർ വിചാരിക്കുന്നത് മനുഷ്യഗവണ്മെന്റുകൾ ലോകത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ്. എന്നാൽ ബൈബിൾ പറയുന്നത് ദൈവത്തിന്റെ ഗവണ്മെന്റിനു മാത്രമേ അത് സാധിക്കൂ എന്നാണ്. (ദാനീ. 2:44) മറ്റു ചിലർ വിശ്വസിക്കുന്നത് ഈ ലോകം ഇതുപോലെതന്നെ തുടരുമെന്നാണ്. എന്നാൽ ബൈബിൾ പറയുന്നത് ദൈവം ഈ ദുഷ്ടലോകത്തെ തച്ചുടയ്ക്കുമെന്നാണ്. (സെഫ. 1:18; 1 യോഹ. 2:15-17) യഹോവ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായ കാര്യങ്ങൾകൊണ്ട് മനക്കോട്ടകെട്ടുന്നവരെല്ലാം നിരാശിതരാകും.
15. (എ) ദൈവം നൽകാൻപോകുന്ന ഭാവിയെക്കുറിച്ച് വിഭാവന ചെയ്യുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? (ബി) യഹോവയുടെ ഭാവിവാഗ്ദാനങ്ങളിൽ ഏതിനുവേണ്ടിയാണ് നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്?
15 ശോഭനമായ ഒരു ഭാവിയാണ് യഹോവ നമുക്കായി വെച്ചുനീട്ടിയിരിക്കുന്നത്. ആ കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ സന്തോഷഭരിതരാകും. യഹോവയെ സേവിക്കാനുള്ള ധൈര്യം നമുക്കു കൈവരും. നിങ്ങളുടെ പ്രത്യാശ സ്വർഗീയമായാലും ഭൗമികമായാലും യഹോവ തന്റെ വാഗ്ദാനങ്ങൾ പാലിക്കുമ്പോൾ നിങ്ങൾ ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഇപ്പോൾ വിഭാവന ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ? നിങ്ങൾ ഭൂമിയിൽ നിത്യം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇങ്ങനെയൊന്ന് ചിന്തിച്ചു നോക്കൂ: ഈ ഭൂമിയെ ഒരു മനോഹരമായ പൂന്തോട്ടമാക്കി മാറ്റാൻ നിങ്ങളും സുഹൃത്തുക്കളും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. അതിന് മേൽനോട്ടം വഹിക്കുന്നവർ നിങ്ങൾക്കായി കരുതുന്നു. നിങ്ങളെപ്പോലെ മറ്റുള്ളവരും യഹോവയെ സ്നേഹിക്കുന്നവരാണ്. നിങ്ങൾ ആരോഗ്യമുള്ളവരും ഊർജസ്വലരും ആണ്. നിങ്ങൾക്ക് ഒരു ഉത്കണ്ഠയുമില്ല. നിങ്ങളുടെ കഴിവുകളും പ്രാപ്തികളും മറ്റുള്ളവരെ സഹായിക്കുന്നതിനും യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നതിനും ആയി ഉപയോഗിക്കാനാകുന്നതിൽ നിങ്ങൾ അതീവസന്തുഷ്ടരാണ്. ഒരുപക്ഷേ, പുനരുത്ഥാനം പ്രാപിച്ചുവരുന്നവരെ യഹോവയെക്കുറിച്ച് അറിയാൻ നിങ്ങൾ സഹായിക്കുകപോലും ചെയ്തേക്കാം. (യോഹ. 17:3; പ്രവൃ. 24:15) ഇതെല്ലാം വെറുമൊരു സ്വപ്നമല്ല, ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്ന സത്യങ്ങളാണ്.—യെശ. 11:9; 25:8; 33:24; 35:5-7; 65:22.
നിങ്ങൾ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക
16, 17. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ പ്രയോജനം എന്ത്?
16 പുതിയ ലോകത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സഹോദരീസഹോദരന്മാരോട് പറയുമ്പോൾ ആ സുന്ദരഭാവി വ്യക്തമായി ഭാവനയിൽ കാണാൻ നമ്മൾ അന്യോന്യം സഹായിക്കുകയാണ്. ഭാവിയിൽ നമ്മൾ എന്തായിരിക്കും ചെയ്യാൻപോകുന്നത് എന്ന് കൃത്യമായി ഇപ്പോൾ അറിയില്ല. എങ്കിലും കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ യഹോവയുടെ വാഗ്ദാനങ്ങളിലുള്ള വിശ്വാസമാണ് പ്രകടമാക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദുഷ്കരമായ സാഹചര്യങ്ങളിലും യഹോവയെ വിശ്വസ്തമായി സേവിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ. ഇതുതന്നെയാണ് റോമിലായിരുന്നപ്പോൾ പൗലോസ് അപ്പൊസ്തലനും മറ്റു സഹോദരങ്ങളും ചെയ്തത്.—റോമ. 1:11, 12.
17 യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്പോൾ നമുക്കുള്ള പ്രശ്നങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കാൻ നമ്മെ സഹായിക്കും. ആശങ്കയോടെ പത്രോസ് ഒരിക്കൽ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് എന്തു ലഭിക്കും?” പത്രോസും മറ്റു ശിഷ്യന്മാരും ഭാവിയിൽ അവർ ചെയ്യാനിരിക്കുന്ന മഹത്തരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് യേശു ആഗ്രഹിച്ചു. അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും പന്ത്രണ്ടുസിംഹാസനങ്ങളിലിരുന്ന് ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെയും ന്യായംവിധിക്കും. എന്റെ നാമത്തെപ്രതി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിച്ചുപോന്ന ഏവനും ഇതൊക്കെയും അനേകം മടങ്ങായി ലഭിക്കും; അവൻ നിത്യജീവനും അവകാശമാക്കും.” (മത്താ. 19:27-29) അങ്ങനെ പത്രോസിനും മറ്റു ശിഷ്യന്മാർക്കും സ്വർഗത്തിലിരുന്ന് യേശുവിനോടൊപ്പം ഭരിക്കുന്നതും അനുസരണമുള്ള സകല മനുഷ്യരെയും പൂർണതയിലേക്ക് എത്താൻ സഹായിക്കുന്നതും ഭാവനയിൽ കാണാനായി.
18. യഹോവ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്ന കാലത്തെക്കുറിച്ച് ഭാവനയിൽ കാണുന്നതിന്റെ പ്രയോജനം എന്ത്?
18 ശക്തമായ വിശ്വാസമുണ്ടായിരിക്കാൻ ദൈവദാസരെ സഹായിച്ചത് എന്താണെന്ന് നാം മനസ്സിലാക്കി. ഒരു നല്ല ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം ഹാബേലിന് ഭാവനയിൽ കാണാനായി. ആ വാഗ്ദാനത്തിൽ അവനുണ്ടായിരുന്ന വിശ്വാസം യഹോവയ്ക്ക് പ്രസാദകരമായ വിധത്തിൽ ജീവിക്കാൻ അവനെ സഹായിച്ചു. വാഗ്ദത്തസന്തതിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം നിറവേറുന്ന കാലം അബ്രാഹാം വിഭാവന ചെയ്തു. അത് വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും യഹോവയെ അനുസരിക്കാൻ അബ്രാഹാമിനെ സഹായിച്ചു. (ഉല്പ. 3:15) യഹോവ വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലത്തിനായി മോശ നോക്കിപ്പാർത്തിരുന്നു. വിശ്വസ്തനായി തുടരാനും യഹോവയെ അതിയായി സ്നേഹിക്കാനും അത് മോശയെ സഹായിച്ചു. (എബ്രാ. 11:26) യഹോവ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്ന കാലത്തെക്കുറിച്ച് ഭാവനയിൽ കാണുന്നത് യഹോവയിലുള്ള നമ്മുടെ വിശ്വാസവും അവനോടുള്ള സ്നേഹവും കരുത്തുറ്റതാക്കും. നമ്മുടെ ഭാവനാശേഷി ഉപയോഗിക്കാനാകുന്ന മറ്റൊരു വിധത്തെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.