“നേരുന്നതു നിറവേറ്റുക”
“യഹോവയ്ക്കു നേർന്നതു നിവർത്തിക്കണം.”—മത്താ. 5:33.
1. (എ) യിഫ്താഹും ഹന്നയും തമ്മിൽ എന്തു സമാനതകളാണുള്ളത്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.) (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
പരാക്രമശാലിയായ ഒരു നേതാവും ധീരനായ ഒരു പോരാളിയും ആയ യിഫ്താഹ്. താഴ്മയും ഭർത്താവിനോട് ആദരവും ഉള്ള ഒരു കുടുംബിനിയായ ഹന്ന. ഇവർ രണ്ടു പേരും ഒരേ ദൈവത്തെ ആരാധിച്ചവരായിരുന്നു. എന്നാൽ ഇവർ തമ്മിൽ മറ്റ് എന്തെങ്കിലും സമാനതയുണ്ടോ? ഉണ്ട്. ഇരുവരും ദൈവത്തിനു നേർച്ച നേർന്നു, വിശ്വസ്തമായി അതു നിറവേറ്റുകയും ചെയ്തു. യഹോവയ്ക്കു നേർച്ച നേരാൻ തീരുമാനമെടുക്കുന്ന ഇക്കാലത്തെ സ്ത്രീപുരുഷന്മാർക്കു നല്ല മാതൃകയാണ് ഇവർ. എന്നാൽ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു: നേർച്ച എന്നാൽ എന്താണ്? ദൈവത്തിനു നേർച്ച നേരുന്നത് എത്ര ഗൗരവമുള്ള സംഗതിയാണ്? ന്യായാധിപനായ യിഫ്താഹിൽനിന്നും എൽക്കാനയുടെ ഭാര്യ ഹന്നയിൽനിന്നും നമുക്ക് എന്തു പഠിക്കാം?
2, 3. (എ) നേർച്ച എന്നാൽ എന്താണ് അർഥം? (ബി) ദൈവത്തിനു നേർച്ച നേരുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
2 ദൈവത്തോടു ചെയ്യുന്ന പാവനമായ പ്രതിജ്ഞ എന്ന അർഥത്തിലാണു ബൈബിളിൽ നേർച്ച എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഒരു കാര്യം ചെയ്യാമെന്നോ എന്തെങ്കിലും നൽകാമെന്നോ ഒരു പ്രത്യേകതരം സേവനം ഏറ്റെടുക്കാമെന്നോ ചില കാര്യങ്ങൾ ഒഴിവാക്കാമെന്നോ ഒക്കെ ഒരു വ്യക്തി പ്രതിജ്ഞ ചെയ്തേക്കാം. നേർച്ചകൾ നേരുന്നത് ആരുടെയും നിർബന്ധംകൊണ്ടല്ല, അത് ഒരു വ്യക്തിയുടെ സ്വന്തം തീരുമാനമാണ്. എങ്കിലും ദൈവത്തിന്റെ വീക്ഷണത്തിൽ അതു പാവനമാണ്, നേർച്ച നേരുന്ന വ്യക്തി അതു നിറവേറ്റാൻ ദൈവം പ്രതീക്ഷിക്കുന്നു. കാരണം എന്തെങ്കിലുമൊരു കാര്യം ചെയ്യും അല്ലെങ്കിൽ ചെയ്യില്ല എന്നു നേരുന്നത്, ആണയിടുന്നതിനും സത്യം ചെയ്യുന്നതിനും തുല്യമാണ്. (ഉൽപ. 14:22, 23; എബ്രാ. 6:16, 17) ദൈവത്തിനു നേർച്ചകൾ നേരുന്നതിന്റെ ഗൗരവത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
3 മോശ എഴുതിയ നിയമം ഇങ്ങനെ പറയുന്നു: “ഒരാൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ . . . വ്രതം എടുക്കാമെന്ന് ആണയിട്ട് സത്യം ചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്കു ലംഘിക്കരുത്. താൻ ചെയ്തുകൊള്ളാമെന്നു നേർന്നതെല്ലാം അയാൾ ചെയ്യണം.” (സംഖ്യ 30:2) ഇങ്ങനെ എഴുതാൻ ദൈവം ശലോമോനെ പ്രചോദിപ്പിച്ചു: “ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്. കാരണം മണ്ടന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല. നീ നേരുന്നതു നിറവേറ്റുക.” (സഭാ. 5:4) നേർച്ച നേരുന്നതിന്റെ ഗൗരവത്തെക്കുറിച്ച് യേശു ഇതാണു പറഞ്ഞത്: “‘സത്യം ചെയ്തിട്ടു ലംഘിക്കരുത്; യഹോവയ്ക്കു നേർന്നതു നിവർത്തിക്കണം’ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.”—മത്താ. 5:33.
4. (എ) ദൈവത്തിനു നേർച്ച നേരുന്നത് എത്ര ഗൗരവമുള്ള കാര്യമാണ്? (ബി) യിഫ്താഹിൽനിന്നും ഹന്നയിൽനിന്നും നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
4 അതെ, ദൈവത്തിനു നേർച്ച നേരുന്നതു വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. ദാവീദ് എഴുതി: “യഹോവയുടെ പർവതത്തിലേക്ക് ആർ കയറിച്ചെല്ലും? ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ആർ നിൽക്കും? . . . ദൈവമായ എന്റെ ജീവനെക്കൊണ്ട് കള്ളസത്യം ചെയ്യാത്തവൻ; വ്യാജമായി ആണയിടാത്തവൻ.” (സങ്കീ. 24:3, 4) ഇതു കാണിക്കുന്നത്, നമ്മൾ നേർച്ചകൾ നിറവേറ്റുമോ ഇല്ലയോ എന്നത് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കും എന്നാണ്. ശരി, യിഫ്താഹും ഹന്നയും എന്താണു നേർന്നത്? നേർച്ച നിറവേറ്റുന്നത് അവർക്ക് എളുപ്പമായിരുന്നോ?
അവർ വിശ്വസ്തമായി നേർച്ച നിറവേറ്റി
5. യിഫ്താഹ് എന്താണു നേർന്നത്, പിന്നീട് എന്താണു സംഭവിച്ചത്?
5 ദൈവജനത്തിന്റെ ശത്രുക്കളായ അമ്മോന്യരോടു യുദ്ധത്തിനു പോകുംമുമ്പ് യിഫ്താഹ് ഒരു പ്രതിജ്ഞയെടുത്തു, അതു വിശ്വസ്തമായി പാലിക്കുകയും ചെയ്തു. (ന്യായാ. 10:7-9) വിജയത്തിനുവേണ്ടി അതിയായി ആഗ്രഹിച്ച യിഫ്താഹിന്റെ നേർച്ച ഇതായിരുന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുകയാണെങ്കിൽ ഞാൻ അമ്മോന്യരുടെ അടുത്തുനിന്ന് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്നെ വരവേൽക്കാൻ എന്റെ വീട്ടുവാതിൽക്കൽനിന്ന് വരുന്നത് ആരാണോ ആ വ്യക്തി യഹോവയ്ക്കുള്ളതായിരിക്കും.” പിന്നീട് എന്താണു സംഭവിച്ചത്? യിഫ്താഹ് അമ്മോന്യരെ തോൽപ്പിച്ചു. വിജയശ്രീലാളിതനായി മടങ്ങിയെത്തിയ യിഫ്താഹിനെ സ്വീകരിക്കാൻ ആദ്യം എത്തിയത് ആരായിരുന്നു? യിഫ്താഹിന്റെ പ്രിയപ്പെട്ട മകൾ! യിഫ്താഹിന്റെ നേർച്ചയനുസരിച്ച്, അവൾ ‘യഹോവയ്ക്കുള്ളതാകുമായിരുന്നു.’ (ന്യായാ. 11:30-34) അത് അവളുടെ ജീവിതം മാറ്റിമറിച്ചു. എങ്ങനെ?
6. (എ) ദൈവത്തിനു നേർന്ന നേർച്ച നിറവേറ്റുന്നതു യിഫ്താഹിനും മകൾക്കും എളുപ്പമായിരുന്നോ? വിശദീകരിക്കുക. (ബി) ആവർത്തനം 23:21, 23; സങ്കീർത്തനം 15:4 എന്നീ വാക്യങ്ങൾ, ദൈവത്തിനു നേർച്ച നേരുന്നതിനെക്കുറിച്ച് നിങ്ങളെ എന്തു പഠിപ്പിച്ചു?
6 അപ്പന്റെ നേർച്ച നിറവേറ്റണമെങ്കിൽ ആ മകൾ വിശുദ്ധകൂടാരത്തിൽ മുഴുസമയം യഹോവയെ സേവിക്കണമായിരുന്നു. യാതൊരു ചിന്തയുമില്ലാതെ യിഫ്താഹ് എടുത്തുചാടി നേർന്ന ഒരു നേർച്ചയായിരുന്നോ അത്? അല്ല. തന്നെ സ്വീകരിക്കാൻ ആദ്യം എത്തുന്നതു മകളായിരിക്കുമെന്നു യിഫ്താഹിന് അറിയാമായിരുന്നിരിക്കാം. എങ്കിലും മകളെ കണ്ട യിഫ്താഹ് അതിവേദനയിൽ “തന്റെ വസ്ത്രം കീറി.” ഹൃദയം തകർന്നെന്നും ആ പിതാവ് പറഞ്ഞു. മകളാകട്ടെ, “കന്യകാത്വത്തെക്കുറിച്ച് ദുഃഖിച്ചുകരഞ്ഞു.” എന്തുകൊണ്ടാണ് അവർ ഇത്രയധികം ദുഃഖിച്ചത്? കാരണം, നേർന്നതു നിറവേറ്റണമെങ്കിൽ ആ അപ്പനും മകളും ഒരുപാടു ത്യാഗങ്ങൾ ചെയ്യണമായിരുന്നു. യിഫ്താഹിന് ആൺമക്കളില്ലായിരുന്നു. ആകെയുള്ള മകൾക്കാണെങ്കിൽ ഇനി ഒരിക്കലും വിവാഹം കഴിക്കാനോ യിഫ്താഹിന് ഒരു പേരക്കുട്ടിയെ കൊടുക്കാനോ കഴിയുകയുമില്ല. പാരമ്പര്യവും കുടുംബപ്പേരും കാത്തുസൂക്ഷിക്കാൻ ഒരു അനന്തരാവകാശി യിഫ്താഹിനുണ്ടാകില്ല. പക്ഷേ യിഫ്താഹും മകളും പ്രാധാന്യം കൊടുത്തതു മറ്റൊരു കാര്യത്തിനായിരുന്നു. യിഫ്താഹ് പറഞ്ഞു: “യഹോവയുടെ മുമ്പാകെ ഞാൻ വാക്കു കൊടുത്തുപോയി, ഇനി എനിക്ക് അതു പിൻവലിക്കാനാകില്ല.” മകളുടെ വാക്കുകൾ ഇതായിരുന്നു: ‘അപ്പൻ സത്യം ചെയ്തതുപോലെതന്നെ എന്നോടു ചെയ്തുകൊള്ളൂ.’ (ന്യായാ. 11:35-39) അത്യുന്നതനായ ദൈവത്തിനു നേർന്ന ഒരു നേർച്ച ലംഘിക്കുന്നതിനെക്കുറിച്ച് വിശ്വസ്തരായ ആ വ്യക്തികൾക്കു ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. എന്തൊക്കെ നഷ്ടം സഹിക്കേണ്ടിവന്നാലും അവർ അതു നിറവേറ്റുമായിരുന്നു.—ആവർത്തനം 23:21, 23; സങ്കീർത്തനം 15:4 വായിക്കുക.
7. (എ) ഹന്ന എന്താണു നേർന്നത്, എന്തുകൊണ്ട്, പിന്നീട് എന്തു സംഭവിച്ചു? (ബി) ഹന്നയുടെ നേർച്ച ശമുവേലിന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമായിരുന്നു? (അടിക്കുറിപ്പ് കാണുക.)
7 ഹന്നയും യഹോവയ്ക്കു നേർന്ന നേർച്ച വിശ്വസ്തമായി നിറവേറ്റി. മക്കൾ ഉണ്ടാകാത്തതിന്റെയും അതിന്റെ പേരിൽ അനുഭവിച്ചുകൊണ്ടിരുന്ന പരിഹാസത്തിന്റെയും വേദന അതിതീവ്രമായ ഒരു സമയത്താണു ഹന്ന ദൈവത്തോടു പ്രതിജ്ഞ ചെയ്തത്. (1 ശമു. 1:4-7, 10, 16) ദൈവമുമ്പാകെ ഹൃദയം പകർന്നുകൊണ്ട് ഹന്ന ഇങ്ങനെ നേർന്നു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട് എന്നെ ഓർക്കുകയും എന്നെ മറന്നുകളയാതെ ഒരു ആൺകുഞ്ഞിനെ തരുകയും ചെയ്താൽ ജീവിതകാലം മുഴുവൻ അങ്ങയെ സേവിക്കാൻ യഹോവേ, ഞാൻ ആ കുഞ്ഞിനെ അങ്ങയ്ക്കു തരും. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല.”a (1 ശമു. 1:11) ഹന്ന അപേക്ഷിച്ചതുപോലെതന്നെ യഹോവ ഹന്നയ്ക്ക് ഒരു ആൺകുഞ്ഞിനെ കൊടുത്തു. ഹന്ന സന്തോഷംകൊണ്ട് മതിമറന്നു! എങ്കിലും ദൈവത്തിനു നേർന്ന നേർച്ച മറന്നില്ല. കുഞ്ഞു പിറന്നുവീണപ്പോൾ ഹന്ന ഇങ്ങനെ പറഞ്ഞു: “യഹോവയിൽനിന്നാണ് ഞാൻ അവനെ ചോദിച്ച് വാങ്ങിയത്.”—1 ശമു. 1:20.
8. (എ) തന്റെ നേർച്ച നിറവേറ്റുന്നതു ഹന്നയ്ക്ക് എളുപ്പമല്ലായിരുന്നത് എന്തുകൊണ്ട്? (ബി) 61-ാം സങ്കീർത്തനവും ഹന്നയുടെ മാതൃകയും തമ്മിലുള്ള ബന്ധമെന്ത്?
8 ഏകദേശം മൂന്നു വയസ്സുള്ളപ്പോൾ, ശമുവേലിന്റെ മുലകുടി നിറുത്തിയ ഉടനെ, ദൈവത്തോടു നേർന്നതുപോലെ ഹന്ന ചെയ്തു. എന്തെങ്കിലും ഒഴികഴിവ് കണ്ടെത്തുന്നതിനെക്കുറിച്ച് ഹന്ന ചിന്തിച്ചുപോലുമില്ല. ശീലോയിലെ വിശുദ്ധകൂടാരത്തിൽ മഹാപുരോഹിതനായ ഏലിയുടെ അടുത്ത് ശമുവേലിനെ കൊണ്ടുപോയി ഹന്ന ഇങ്ങനെ പറഞ്ഞു: “ഈ കുഞ്ഞിനെ കിട്ടാനാണു ഞാൻ പ്രാർഥിച്ചത്. എന്റെ അപേക്ഷ യഹോവ സാധിച്ചുതന്നിരിക്കുന്നു. അതുകൊണ്ട്, ഞാൻ ഇവനെ ഇപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ ഇവൻ യഹോവയ്ക്കു സമർപ്പിതനായിരിക്കും.” (1 ശമു. 1:24-28) “ശമുവേൽ ബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.” (1 ശമു. 2:21) എന്നാൽ ഹന്നയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. താൻ പൊന്നുപോലെ സ്നേഹിക്കുന്ന ആ കുഞ്ഞോമനയെ എല്ലാ ദിവസവും ഒന്നു കാണാൻപോലും ഹന്നയ്ക്കു കഴിയില്ലായിരുന്നു. കണ്ണിലുണ്ണിയായ മകനെ ഒന്നു ലാളിക്കാൻ, അവന്റെകൂടെ കളിക്കാൻ, അവൻ വളരുന്നതു കൺനിറയെ കാണാൻ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത്! ഏതൊരു അമ്മയും നിധിപോലെ കാത്തുസൂക്ഷിക്കുന്ന മധുരസ്മരണകളാണ് ഇവയെല്ലാം. എങ്കിലും ദൈവത്തിനു നേർന്ന നേർച്ചയെക്കുറിച്ച് ഓർത്ത് ഹന്ന ഒരിക്കലും ദുഃഖിച്ചില്ല. ഹന്നയുടെ ഹൃദയം യഹോവയിൽ ആഹ്ലാദിച്ചു.—1 ശമു. 2:1, 2; സങ്കീർത്തനം 61:1, 5, 8 വായിക്കുക.
9. ഏതു ചോദ്യങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തും?
9 ദൈവത്തിനു നേർച്ച നേരുന്നത് അഥവാ ദൈവത്തോടു പ്രതിജ്ഞ ചെയ്യുന്നത് എത്ര ഗൗരവമുള്ള കാര്യമാണെന്നു നമുക്കു മനസ്സിലായി. അതുകൊണ്ട് നമുക്ക് ഇപ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം: നമ്മൾ ഏതൊക്കെ പ്രതിജ്ഞകൾ ചെയ്തേക്കാം? പ്രതിജ്ഞകൾ പാലിക്കുന്ന കാര്യത്തിൽ ക്രിസ്ത്യാനികൾ എത്ര നിശ്ചയദാർഢ്യമുള്ളവരായിരിക്കണം?
നിങ്ങളുടെ സമർപ്പണപ്രതിജ്ഞ
10. ഒരു ക്രിസ്ത്യാനി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിജ്ഞ ഏതാണ്, എന്താണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്?
10 യഹോവയ്ക്കു ജീവിതം സമർപ്പിച്ചുകൊണ്ടുള്ള പ്രതിജ്ഞയാണ് ഒരു ക്രിസ്ത്യാനി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിജ്ഞ. എന്തുകൊണ്ട്? കാരണം, എന്തു സംഭവിച്ചാലും തന്റെ ജീവിതം മുഴുവൻ ദൈവസേവനത്തിന് ഉപയോഗിക്കുമെന്നു വ്യക്തിപരമായ പ്രാർഥനയിൽ ആ ക്രിസ്ത്യാനി യഹോവയോടു പ്രതിജ്ഞ ചെയ്യുകയാണ്. യേശുവിന്റെ വാക്കുകളിൽ പറഞ്ഞാൽ ആ വ്യക്തി ‘സ്വയം ത്യജിക്കുകയാണ്.’ അതായത്, തനിക്കുള്ള എല്ലാ അവകാശങ്ങളും ത്യജിച്ച് ദൈവത്തിന്റെ ഇഷ്ടത്തിനു ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുക്കുമെന്നു പറയുകയാണ്. (മത്താ. 16:24) സമർപ്പിക്കുന്ന ദിവസംമുതൽ ആ വ്യക്തി ‘യഹോവയ്ക്കുള്ളവനാണ്.’ (റോമ. 14:8) സമർപ്പണപ്രതിജ്ഞ ചെയ്യുന്ന എല്ലാവരും ആ പ്രതിജ്ഞ വളരെ ഗൗരവമായി കാണണം. ദൈവത്തിനു താൻ നേർന്ന നേർച്ചകളെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവ ചെയ്തുതന്ന സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും? ഞാൻ യഹോവയ്ക്കു നേർന്ന നേർച്ചകൾ ദൈവജനമെല്ലാം കാൺകെ നിറവേറ്റും.” (സങ്കീ. 116:12, 14) ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്ന എല്ലാവരും ആ മനോഭാവം അനുകരിക്കണം.
11. സ്നാനത്തിലൂടെ നിങ്ങൾ എന്താണു തെളിയിച്ചത്?
11 യഹോവയ്ക്കു ജീവിതം സമർപ്പിക്കുകയും അതിന്റെ പ്രതീകമായി സ്നാനമേൽക്കുകയും ചെയ്ത ഒരാളാണോ നിങ്ങൾ? ആണെങ്കിൽ, വളരെ നല്ല ഒരു കാര്യമാണു നിങ്ങൾ ചെയ്തിരിക്കുന്നത്! സ്നാനമേറ്റ ദിവസം മറ്റുള്ളവരുടെ മുമ്പാകെ നിങ്ങളോടു ചില ചോദ്യങ്ങൾ ചോദിച്ചു. നിങ്ങൾ യഹോവയ്ക്കു ജീവിതം സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും “നിങ്ങളുടെ സമർപ്പണവും സ്നാനവും നിങ്ങളെ ദൈവത്തിന്റെ ആത്മാവ് നയിക്കുന്ന സംഘടനയുടെ ഭാഗമാക്കിത്തീർക്കുമെന്നും, നിങ്ങൾ ഇനിമുതൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ” എന്ന കാര്യവും ചോദിച്ചു. ആ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം നിങ്ങൾ നിങ്ങളെത്തന്നെ യഹോവയ്ക്കു പൂർണമായി സമർപ്പിച്ചിരിക്കുന്നു എന്നതിന്റെ പരസ്യപ്രഖ്യാപനമായിരുന്നു. സ്നാനപ്പെടാനും അങ്ങനെ യഹോവയുടെ ഒരു നിയമിതശുശ്രൂഷകനാകാനും നിങ്ങൾ യോഗ്യത നേടിയെന്നും അതു സൂചിപ്പിച്ചു. അത് യഹോവയെ വളരെയധികം സന്തോഷിപ്പിച്ചിട്ടുണ്ടാകും!
12. (എ) നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം? (ബി) ഏതു ഗുണങ്ങൾക്കു ശ്രദ്ധ കൊടുക്കണമെന്നാണു പത്രോസ് പറഞ്ഞത്?
12 എന്നാൽ സ്നാനം ഒരു തുടക്കം മാത്രമാണ്. പിന്നീടുള്ള കാലം നമ്മൾ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട് ദൈവത്തെ വിശ്വസ്തമായി സേവിക്കണം. നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക: ‘സ്നാനത്തിനു ശേഷം എന്റെ ആത്മീയത വർധിച്ചിട്ടുണ്ടോ? യഹോവയെ ഞാൻ ഇപ്പോഴും മുഴുഹൃദയത്തോടെ സേവിക്കുന്നുണ്ടോ? (കൊലോ. 3:23) ഞാൻ പ്രാർഥിക്കുകയും ദൈവവചനം വായിക്കുകയും സഭായോഗങ്ങൾക്കു കൂടിവരുകയും കഴിവിന്റെ പരമാവധി ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടോ? അതോ ഈ കാര്യങ്ങളൊക്കെ കുറഞ്ഞുകുറഞ്ഞ് വരുകയാണോ?’ നമ്മുടെ വിശ്വാസത്തോടു നമ്മൾ അറിവും സഹനശക്തിയും ദൈവഭക്തിയും ചേർത്തുകൊണ്ടിരിക്കുന്നെങ്കിൽ സേവനത്തിൽ നിഷ്ക്രിയരായിപ്പോകില്ലെന്നു പത്രോസ് അപ്പോസ്തലൻ പറഞ്ഞു.—2 പത്രോസ് 1:5-8 വായിക്കുക.
13. സമർപ്പിച്ച് സ്നാനമേറ്റ ഒരു ക്രിസ്ത്യാനി എന്തു തിരിച്ചറിയണം?
13 സമർപ്പണപ്രതിജ്ഞ ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, പിന്നെ അതു തിരിച്ചെടുക്കാനാകില്ല. യഹോവയെ സേവിക്കുന്നതിലോ ക്രിസ്ത്യാനിയായി ജീവിക്കുന്നതിലോ മടുപ്പു തോന്നുന്ന ഒരു വ്യക്തിക്ക്, താൻ ശരിക്കും സമർപ്പിച്ചിട്ടില്ലായിരുന്നെന്നും അതുകൊണ്ട് തന്റെ സ്നാനം അസാധുവാണെന്നും അവകാശപ്പെടാൻ കഴിയില്ല.b എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും ശരി, ആ വ്യക്തി തന്നെത്തന്നെ ദൈവത്തിനു മുഴുവനായി സമർപ്പിച്ചിരിക്കുന്നു എന്നത് അയാൾക്കു നിഷേധിക്കാനാകില്ല. ഗുരുതരമായ പാപങ്ങൾക്ക് അയാൾ അപ്പോഴും യഹോവയുടെയും സഭയുടെയും മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. (റോമ. 14:12) “ആദ്യമുണ്ടായിരുന്ന സ്നേഹം വിട്ടുകളഞ്ഞു” എന്നു യേശു നമ്മളെക്കുറിച്ച് പറയാൻ നമ്മൾ ആഗ്രഹിക്കുന്നില്ല! യേശു ഇങ്ങനെ പറയുന്നതു കേൾക്കാനാണു നമ്മുടെ ആഗ്രഹം: “നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനം എന്നിവയും എനിക്ക് അറിയാം. നീ ആദ്യം ചെയ്തതിലും കൂടുതൽ കാര്യങ്ങൾ പിൽക്കാലത്ത് ചെയ്തെന്നും അറിയാം.” (വെളി. 2:4, 19) സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കാൻ ഉത്സാഹപൂർവം ശ്രമിച്ചുകൊണ്ട് നമുക്ക് യഹോവയെ സന്തോഷിപ്പിക്കാം!
നിങ്ങളുടെ വിവാഹപ്രതിജ്ഞ
14. പ്രാധാന്യമേറിയ രണ്ടാമത്തെ പ്രതിജ്ഞ ഏതാണ്, എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
14 ഒരാൾ ചെയ്തേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിജ്ഞകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പ്രതിജ്ഞയാണു വിവാഹപ്രതിജ്ഞ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം വിവാഹം വിശുദ്ധമായ ഒരു ക്രമീകരണമാണ്. ദൈവത്തിന്റെയും ദൃക്സാക്ഷികളുടെയും മുമ്പാകെയാണു വധൂവരന്മാർ പരസ്പരം വിവാഹപ്രതിജ്ഞ ചെയ്യുന്നത്. “ദൈവത്തിന്റെ ദാമ്പത്യക്രമീകരണപ്രകാരം, . . . ഇരുവരും ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം” പരസ്പരം സ്നേഹിക്കുമെന്നും വാത്സല്യപൂർവം പരിപാലിക്കുമെന്നും ബഹുമാനിക്കുമെന്നും അവർ സാധാരണഗതിയിൽ പ്രതിജ്ഞ ചെയ്യുന്നു. വിവാഹിതരായ എല്ലാവരും പറഞ്ഞത് ഇതേ വാക്കുകൾതന്നെയായിരിക്കില്ലെങ്കിലും അവരും ദൈവമുമ്പാകെ ഒരു പ്രതിജ്ഞ ചെയ്തവരാണ്. പ്രതിജ്ഞയ്ക്കു ശേഷം സ്ത്രീയെയും പുരുഷനെയും ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിക്കുന്നു. വിവാഹം ഒരു ആജീവനാന്തബന്ധമായിരിക്കാനാണു പ്രതീക്ഷിക്കുന്നത്. (ഉൽപ. 2:24; 1 കൊരി. 7:39) “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ” എന്നു യേശു പറഞ്ഞു. അതായത്, ഭർത്താവോ ഭാര്യയോ മറ്റ് ആരെങ്കിലുമോ ആ ബന്ധം വേർപെടുത്താൻ പാടില്ല. അതുകൊണ്ട്, പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനെ വിവാഹമോചനം ചെയ്യാമെന്നു വിവാഹിതരാകുന്നവർ ചിന്തിക്കരുത്.—മർക്കോ. 10:9.
15. വിവാഹത്തോടുള്ള ലോകത്തിന്റെ മനോഭാവം ക്രിസ്ത്യാനികൾ അനുകരിക്കരുതാത്തത് എന്തുകൊണ്ട്?
15 എല്ലാം തികഞ്ഞ ഒരു വിവാഹബന്ധം ഒരിക്കലും ഉണ്ടായിട്ടില്ല. രണ്ട് അപൂർണവ്യക്തികളുടെ കൂടിച്ചേരലാണു വിവാഹം. അതുകൊണ്ടാണ് വിവാഹം കഴിക്കുന്നവർക്കു ചില സമയത്ത് “കഷ്ടപ്പാടുകൾ ഉണ്ടാകും“ എന്നു ബൈബിൾ പറയുന്നത്. (1 കൊരി. 7:28) പക്ഷേ ഇന്നു ലോകത്തുള്ള പലർക്കും വിവാഹമെന്നതു കുട്ടിക്കളിയാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടനെ അവർ ഇണയെ ഉപേക്ഷിച്ച് പോകുന്നു. എന്നാൽ അതല്ല ക്രിസ്ത്യാനികളുടെ രീതി. വിവാഹപ്രതിജ്ഞ ലംഘിക്കുന്നതു ദൈവത്തോടു നുണ പറയുന്നതിനു തുല്യമാണ്. ദൈവം നുണ പറയുന്നവരെ വെറുക്കുന്നു. (ലേവ്യ 19:12; സുഭാ. 6:16-19) അപ്പോസ്തലനായ പൗലോസ് എഴുതി: “നിങ്ങൾക്കൊരു ഭാര്യയുണ്ടോ? എങ്കിൽ മോചനത്തെക്കുറിച്ച് ചിന്തിക്കേണ്ടാ.” (1 കൊരി. 7:27) ഇണയോടുള്ള വഞ്ചനയും വിവാഹമോചനവും യഹോവയ്ക്കു വെറുപ്പാണെന്നു പൗലോസിന് അറിയാമായിരുന്നു.—മലാ. 2:13-16.
16. വിവാഹമോചനത്തെക്കുറിച്ചും വേർപിരിയുന്നതിനെക്കുറിച്ചും ബൈബിൾ എന്താണു പറയുന്നത്?
16 വ്യഭിചാരം ചെയ്ത ഇണയോടു നിരപരാധിയായ ഇണയ്ക്കു ക്ഷമിക്കാനാകുന്നില്ലെങ്കിൽ വിവാഹമോചനം ചെയ്യാം. വിവാഹമോചനത്തിനുള്ള ബൈബിൾപരമായ ഒരേ ഒരു കാരണം ഇതാണെന്നു യേശു പഠിപ്പിച്ചു. (മത്താ. 19:9; എബ്രാ. 13:4) വിവാഹമോചനത്തെക്കുറിച്ച് മാത്രമല്ല, വേർപിരിയുന്നതിനെക്കുറിച്ചും ബൈബിൾ വ്യക്തമായ നിർദേശം തരുന്നുണ്ട്. (1 കൊരിന്ത്യർ 7:10, 11 വായിക്കുക.) ഏതൊക്കെ കാരണങ്ങളുടെ പേരിൽ വേർപിരിയാമെന്നു ബൈബിൾ നേരിട്ട് പറയുന്നില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വേർപിരിഞ്ഞ് ജീവിക്കാൻ ചില ക്രിസ്ത്യാനികൾ തീരുമാനിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ ജീവനോ ആത്മീയതയ്ക്കോ അങ്ങേയറ്റം ഭീഷണിയുയർത്തുന്ന സാഹചര്യങ്ങളിൽ ചിലർ വേർപിരിയാറുണ്ട്.c
17. വിവാഹത്തകർച്ച ഒഴിവാക്കാൻ ക്രിസ്തീയദമ്പതികൾക്ക് എങ്ങനെ കഴിയും?
17 വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദമ്പതികൾ ഉപദേശം തേടി സഭയിലെ മൂപ്പന്മാരെ സമീപിച്ചേക്കാം. അപ്പോൾ, എന്താണ് യഥാർഥ സ്നേഹം? (ഇംഗ്ലീഷ്) എന്ന വീഡിയോ അടുത്തിടെ അവർ കണ്ടോ എന്നും കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രിക ഒരുമിച്ചിരുന്ന് പഠിച്ചോ എന്നും മൂപ്പന്മാർക്കു ചോദിക്കാനാകും. പലരുടെയും വിവാഹബന്ധം ശക്തമാക്കാൻ സഹായിച്ച ദൈവികതത്ത്വങ്ങളാണ് ഈ പ്രസിദ്ധീകരണങ്ങളിലുള്ളത്. ഒരു ദമ്പതികൾ പറയുന്നു: “ഈ ലഘുപത്രിക പഠിക്കാൻതുടങ്ങിയതുമുതൽ ഞങ്ങളുടെ കുടുംബജീവിതത്തിൽ കൂടുതൽ സന്തോഷമുണ്ട്.” 22 വർഷത്തെ വിവാഹജീവിതം തകരുമെന്ന ഘട്ടത്തിലെത്തിയ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ രണ്ടും സ്നാനമേറ്റവരായിരുന്നെങ്കിലും മനസ്സുകൊണ്ട് രണ്ടു ധ്രുവങ്ങളിലായിരുന്നു. കൃത്യസമയത്താണ് ആ വീഡിയോ കിട്ടിയത്! ഇപ്പോൾ ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാണ്.” വിവാഹം കഴിഞ്ഞ ഒരാളാണോ നിങ്ങൾ? എങ്കിൽ വിവാഹജീവിതത്തിൽ യഹോവയുടെ തത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതു വിവാഹപ്രതിജ്ഞയ്ക്കു ചേർച്ചയിൽ സന്തോഷത്തോടെ ജീവിക്കാൻ നിങ്ങളെ സഹായിക്കും.
പ്രത്യേക മുഴുസമയസേവകരുടെ പ്രതിജ്ഞ
18, 19. (എ) അനേകം ക്രിസ്തീയമാതാപിതാക്കളും എന്തു ചെയ്തിരിക്കുന്നു? (ബി) പ്രത്യേക മുഴുസമയസേവനത്തിലുള്ളവരുടെ പ്രതിജ്ഞയെക്കുറിച്ച് എന്തു പറയാൻ കഴിയും?
18 യിഫ്താഹിനും ഹന്നയ്ക്കും തമ്മിൽ മറ്റൊരു സമാനതയുണ്ട്. അവർ നേർച്ച നേർന്നതുകൊണ്ടാണു യിഫ്താഹിന്റെ മകളും ഹന്നയുടെ മകനും വിശുദ്ധകൂടാരത്തിൽ പ്രത്യേകസേവനം ആരംഭിച്ചത്. ആ സേവനം അവരുടെ ജീവിതം ഏറ്റവും സംതൃപ്തമാക്കി. ഇന്നും, മുഴുസമയസേവനം ഏറ്റെടുക്കാനും ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനും അനേകം ക്രിസ്തീയമാതാപിതാക്കൾ മക്കളെ സഹായിച്ചിട്ടുണ്ട്. അത്തരത്തിൽ മുഴുസമയസേവനം ഏറ്റെടുത്തിരിക്കുന്നവരെ നമ്മൾ ആത്മാർഥമായി അഭിനന്ദിക്കണം.—ന്യായാ. 11:40; സങ്കീ. 110:3.
19 ഇപ്പോൾ യഹോവയുടെ സാക്ഷികൾക്കിടയിൽ ഏകദേശം 67,000 പേർ പ്രത്യേക മുഴുസമയസേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലർ ബഥേലിൽ സേവിക്കുന്നു, മറ്റു ചിലർ നിർമാണപ്രവർത്തനത്തിലോ സർക്കിട്ട് വേലയിലോ ആണ്. വേറെ ചിലർ ദിവ്യാധിപത്യസ്കൂളുകളുടെ അധ്യാപകരായോ പ്രത്യേക മുൻനിരസേവകരായോ മിഷനറിമാരായോ സമ്മേളനഹാൾ ദാസന്മാരായോ ബൈബിൾസ്കൂൾ കെട്ടിടങ്ങളുടെ സംരക്ഷകരായോ സേവിക്കുന്നു. പ്രത്യേക മുഴുസമയസേവനം തുടങ്ങുന്ന എല്ലാവരും ഒരു പ്രതിജ്ഞയെടുക്കണം: “അനുസരണത്തിന്റെയും എളിയ ജീവിതത്തിന്റെയും പ്രതിജ്ഞ.” ദൈവസേവനത്തിൽ ഏതു നിയമനം കിട്ടിയാലും അതു സ്വീകരിക്കുമെന്നും ഒരു എളിയ ജീവിതം നയിക്കുമെന്നും അനുവാദമില്ലാതെ മറ്റു തൊഴിലുകൾ ചെയ്യില്ലെന്നും ഉള്ള ഒരു പ്രതിജ്ഞയാണ് അത്. ഈ സേവനത്തിലുള്ള വ്യക്തികൾക്കല്ല, അവരുടെ നിയമനത്തിനാണു പ്രത്യേകതയുള്ളത്. ആ സേവനത്തിലായിരിക്കുന്നിടത്തോളം കാലം, ചെയ്ത പ്രതിജ്ഞയ്ക്കു ചേർച്ചയിൽ എളിയ രീതിയിൽ ജീവിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു.
20. ദൈവത്തോടുള്ള പ്രതിജ്ഞകളെ നമ്മൾ എങ്ങനെ കാണണം, എന്തുകൊണ്ട്?
20 ഇപ്പോൾ ചർച്ച ചെയ്തവയിൽ എത്ര പ്രതിജ്ഞകൾ നിങ്ങൾ എടുത്തിട്ടുണ്ട്? ഒന്ന്? രണ്ട്? അതോ മൂന്നും? ആ പ്രതിജ്ഞകൾ ഒരിക്കലും നിസ്സാരമായി കാണരുതെന്നു നമുക്ക് അറിയാം. (സുഭാ. 20:25) യഹോവയോടുള്ള വാക്കു പാലിക്കാതിരിക്കുകയും നേർച്ചകളും പ്രതിജ്ഞകളും നിറവേറ്റാതിരിക്കുകയും ചെയ്യുന്ന വ്യക്തിക്കു ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവന്നേക്കാം. (സഭാ. 5:6) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ഞാൻ എന്നും അങ്ങയുടെ പേര് പാടി സ്തുതിക്കും, ദിവസവും എന്റെ നേർച്ചകൾ നിറവേറ്റും.” (സങ്കീ. 61:8) ഇതായിരിക്കട്ടെ നമ്മുടെയും മനോഭാവം!
a തനിക്ക് ഉണ്ടാകുന്ന മകൻ ജീവിതകാലം മുഴുവൻ ഒരു നാസീരായിരിക്കുമെന്നാണു ഹന്ന നേർന്നത്. ആ മകനെ യഹോവയുടെ സേവനത്തിനായി വേർതിരിക്കുമെന്നും അവൻ യഹോവയ്ക്കു പൂർണമായി അർപ്പിതനായിരിക്കുമെന്നും ആണ് ഹന്ന ഉദ്ദേശിച്ചത്.—സംഖ്യ 6:2, 5, 8.
b പല കാര്യങ്ങൾ കണക്കിലെടുത്തശേഷമാണ് ഒരു വ്യക്തിക്കു സ്നാനമേൽക്കാനുള്ള യോഗ്യതയുണ്ടോ എന്നു മൂപ്പന്മാർ നിർണയിക്കുന്നത്. അതുകൊണ്ട് ഒരാളുടെ സ്നാനം അസാധുവാകുന്ന സാഹചര്യങ്ങൾ വളരെ വിരളമായിരിക്കും.
c “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലെ “വിവാഹമോചനവും വേർപിരിയലും—ബൈബിളിന്റെ വീക്ഷണം” എന്ന ഭാഗം കാണുക.