എല്ലാ കഷ്ടതകളിലും യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു
‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം നമ്മുടെ കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കുന്നു.’—2 കൊരി. 1:3, 4.
1, 2. നമ്മുടെ കഷ്ടതകളിൽ യഹോവ നമ്മളെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്, ദൈവവചനം നമുക്ക് എന്ത് ഉറപ്പു തരുന്നു?
യുവപ്രായത്തിലുള്ള ഏകാകിയായ ആ സഹോദരനെ നമുക്ക് എഡ്വേർഡോ എന്നു വിളിക്കാം. “വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും” എന്ന 1 കൊരിന്ത്യർ 7:28-ലെ വാക്കുകൾ അദ്ദേഹത്തെ ചിന്തിപ്പിച്ചു. സ്റ്റീഫൻ സഹോദരനോട് അതെക്കുറിച്ച് സംസാരിക്കാൻ എഡ്വേർഡോ തീരുമാനിച്ചു. പ്രായമുള്ള, വിവാഹിതനായ ഒരു മൂപ്പനായിരുന്നു സ്റ്റീഫൻ. എഡ്വേർഡോ അദ്ദേഹത്തോടു ചോദിച്ചു: “ഇവിടെ പറഞ്ഞിരിക്കുന്ന ‘കഷ്ടപ്പാട്’ എന്താണ്? വിവാഹിതനായാൽ ഞാൻ ആ കഷ്ടപ്പാടുകളെ എങ്ങനെ കൈകാര്യം ചെയ്യും?” ഈ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനു മുമ്പ്, പൗലോസ് അപ്പോസ്തലൻതന്നെ എഴുതിയ മറ്റൊരു ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ സ്റ്റീഫൻ സഹോദരൻ എഡ്വേർഡോയോട് ആവശ്യപ്പെട്ടു. അവിടെ ഇങ്ങനെയാണു പറയുന്നത്: ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവമായ യഹോവ നമ്മുടെ കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കുന്നു.’—2 കൊരി. 1:3, 4.
2 ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നമ്മളെ ആശ്വസിപ്പിക്കുന്ന സ്നേഹമുള്ള ഒരു പിതാവാണ് യഹോവ. പലപ്പോഴും ദൈവം തന്റെ വചനത്തിലൂടെ വേണ്ട പിന്തുണയും മാർഗനിർദേശവും തന്നതു നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. മുൻകാലദൈവദാസരുടെ കാര്യത്തിലെന്നപോലെ, നമുക്കും ഏറ്റവും നല്ലതു വന്നുകാണാനാണു ദൈവം ആഗ്രഹിക്കുന്നതെന്ന് ഉറപ്പുണ്ടായിരിക്കുക.—യിരെമ്യ 29:11, 12 വായിക്കുക.
3. നമ്മൾ ഇപ്പോൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
3 നമ്മുടെ കഷ്ടപ്പാടുകളുടെ അഥവാ പ്രശ്നങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കുന്നെങ്കിൽ അവയെ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ നമുക്കു കഴിയും. വിവാഹജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന കഷ്ടതകളുടെ കാര്യവും അങ്ങനെതന്നെയാണ്. അങ്ങനെയെങ്കിൽ ‘ജഡത്തിലെ കഷ്ടപ്പാടുകൾക്കു’ കാരണമാകുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണ്? ബൈബിൾക്കാലങ്ങളിലെയും നമ്മുടെ കാലത്തെയും ആരുടെയെല്ലാം ദൃഷ്ടാന്തങ്ങൾ നമുക്ക് ആശ്വാസം തരും? ഇതു മനസ്സിലാക്കുന്നതു തീർച്ചയായും നമ്മളെ സഹായിക്കും.
വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ
4, 5. ‘ജഡത്തിലെ കഷ്ടപ്പാടുകൾക്കുള്ള’ ചില കാരണങ്ങൾ ഏതെല്ലാം?
4 മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ ദൈവം ഇങ്ങനെ പറഞ്ഞു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (ഉൽപ. 2:24) ആദ്യത്തെ വിവാഹം നടത്തിയപ്പോൾ യഹോവ പറഞ്ഞ വാക്കുകളാണ് ഇത്. എന്നാൽ നമ്മളെല്ലാം അപൂർണരായതുകൊണ്ട് വിവാഹത്തിനു ശേഷം കുടുംബബന്ധങ്ങളിൽ ചില പ്രശ്നങ്ങളുണ്ടായേക്കാം. (റോമ. 3:23) വിവാഹത്തിനു മുമ്പ് സ്ത്രീയുടെ മേൽ മാതാപിതാക്കൾക്കായിരിക്കും അധികാരം. എന്നാൽ സ്ത്രീയുടെ തലയായി ദൈവം പുരുഷനെ നിയമിച്ചിരിക്കുന്നതുകൊണ്ട് വിവാഹശേഷം ഭർത്താവിനാണു സ്ത്രീയുടെ മേൽ അധികാരം. (1 കൊരി. 11:3) മാതാപിതാക്കളിൽനിന്നുള്ള നിർദേശങ്ങളല്ല, മറിച്ച് ഭർത്താവിൽനിന്നുള്ള നിർദേശങ്ങളാണു ഭാര്യ സ്വീകരിക്കേണ്ടതെന്നു ദൈവവചനം പറയുന്നു. പക്ഷേ അത്തരം നിർദേശങ്ങൾ കൊടുക്കുന്നതു ഭർത്താക്കന്മാർക്കും അവ സ്വീകരിക്കുന്നതു ഭാര്യമാർക്കും തുടക്കത്തിൽ പ്രയാസമായിരുന്നേക്കാം. ഇണയുടെ കുടുംബാംഗങ്ങളുമായും ചിലപ്പോൾ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അതും നവദമ്പതികൾക്കു ‘കഷ്ടതകൾക്കു’ കാരണമാകാൻ സാധ്യതയുണ്ട്.
5 ഒരു കുഞ്ഞ് ഉണ്ടാകാൻപോകുന്നു എന്ന് അറിയുമ്പോഴും ദമ്പതികൾക്കു ചില ഉത്കണ്ഠകളൊക്കെ തോന്നിയേക്കാം. കുഞ്ഞു ജനിക്കുന്നതു സന്തോഷമുള്ള കാര്യമാണെങ്കിലും ഗർഭകാലത്തും പിന്നീടും അമ്മയ്ക്കോ കുഞ്ഞിനോ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്ത അവരിൽ ആശങ്കയുണ്ടാക്കാനിടയുണ്ട്. തുടർന്നങ്ങോട്ടു ചെലവുകൾ കൂടുമെന്നും അവർക്ക് അറിയാം. ഇനി കുഞ്ഞ് ഉണ്ടായിക്കഴിയുമ്പോഴോ? ദമ്പതികൾക്കു കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. എന്തുകൊണ്ട്? കുഞ്ഞിനെ പരിപാലിക്കാനായിരിക്കും പിന്നീട് അമ്മ കൂടുതൽ സമയവും ചെലവഴിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ, ഭാര്യ തന്നെ അവഗണിക്കുന്നതായി ചില ഭർത്താക്കന്മാർക്കു തോന്നിയിട്ടുണ്ട്. കുടുംബത്തിലെ പുതിയ അംഗത്തിനുവേണ്ടിയും കരുതേണ്ടതുകൊണ്ട് കുഞ്ഞ് ഉണ്ടായിക്കഴിയുമ്പോൾ പിതാവിനും പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരുന്നു.
6-8. കുട്ടികൾ ഉണ്ടാകുകയെന്ന ആഗ്രഹം നടക്കാതെ വരുമ്പോൾ അതു ദമ്പതികളെ എങ്ങനെ ബാധിച്ചേക്കാം?
6 ഒരു കുഞ്ഞ് ഉണ്ടാകാത്തതിന്റെ വിഷമമാണു ചില ദമ്പതികൾ നേരിടുന്ന ‘കഷ്ടത.’ അതിയായ ആഗ്രഹമുണ്ടായിട്ടും ഗർഭം ധരിക്കാൻ കഴിയാതെ വരുമ്പോൾ ഭാര്യ മാനസികമായി തളർന്നുപോകാനിടയുണ്ട്. വിവാഹം കഴിക്കുന്നതുകൊണ്ടോ കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടോ പ്രശ്നങ്ങളെല്ലാം തീരുന്നില്ലെങ്കിലും ഒരു കുഞ്ഞ് ഉണ്ടാകാനുള്ള ആഗ്രഹം നടന്നില്ലെങ്കിൽ അത് ഒരർഥത്തിൽ ‘ജഡത്തിലെ ഒരു കഷ്ടപ്പാടാണ്.’ (സുഭാ. 13:12) ബൈബിൾക്കാലങ്ങളിൽ വന്ധ്യതയെ അപമാനകരമായിട്ടാണ് ആളുകൾ കണ്ടിരുന്നത്. ചേച്ചിയായ ലേയയ്ക്കു മക്കൾ ഉണ്ടായിട്ടും തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകാതിരുന്നപ്പോൾ യാക്കോബിന്റെ ഭാര്യ റാഹേലിനു വലിയ മനോവിഷമം തോന്നി. (ഉൽപ. 30:1, 2) ചില മിഷനറിമാർ സേവിക്കുന്ന നാടുകളിൽ ധാരാളം കുട്ടികളുള്ള വലിയ കുടുംബങ്ങൾ സർവസാധാരണമാണ്. അതുകൊണ്ടുതന്നെ മക്കളില്ലാത്തത് എന്താണ് എന്ന ചോദ്യം അവർക്കു പതിവായി കേൾക്കേണ്ടിവരാറുണ്ട്. അതിനുള്ള കാരണം എത്ര നന്നായി വിശദീകരിച്ചാലും അവിടെയുള്ളവർ പറയും: “സാരമില്ല, ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാം.”
7 ഇംഗ്ലണ്ടിലെ ഒരു സഹോദരിയുടെ അനുഭവം നോക്കാം. ഒരു കുഞ്ഞ് ഉണ്ടാകണമെന്ന് ആ സഹോദരി അതിയായി ആഗ്രഹിച്ചെങ്കിലും അതു സഫലമായില്ല. ഒടുവിൽ, കുട്ടികൾ ഉണ്ടാകുന്ന പ്രായം കടന്നപ്പോൾ ഈ വ്യവസ്ഥിതിയിൽ ഇനി തനിക്കു കുട്ടികൾ ഉണ്ടാകുകയേ ഇല്ലെന്ന സത്യം സഹോദരി തിരിച്ചറിഞ്ഞു. സഹോദരി ആകെ തകർന്നുപോയി. ഒരു കുട്ടിയെ ദത്തെടുക്കാൻ സഹോദരിയും ഭർത്താവും തീരുമാനിച്ചു. എങ്കിലും സഹോദരി പറയുന്നു: “പക്ഷേ കുറെ കാലത്തേക്ക് എന്റെ മനസ്സ് നീറിക്കൊണ്ടിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതും സ്വന്തം കുഞ്ഞിനു ജന്മം നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.”
8 ഒരു ക്രിസ്തീയസ്ത്രീക്കു ‘മാതൃത്വത്തിലൂടെ സംരക്ഷണം കിട്ടുമെന്നു’ ബൈബിൾ പറയുന്നു. (1 തിമൊ. 2:15) എന്നാൽ അതിന് അർഥം ഒരു കുട്ടിക്കു ജന്മം കൊടുക്കുന്നതുകൊണ്ടോ കുട്ടികളുള്ളതുകൊണ്ടോ നിത്യജീവൻ ലഭിക്കും എന്നല്ല. കുട്ടികളെ പരിപാലിക്കുന്നത് ഉൾപ്പെടെ വീട്ടിലെ പലപല ഉത്തരവാദിത്വങ്ങളുള്ള ഒരു സ്ത്രീക്ക് അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാനോ ഏഷണി പറയാനോ സമയമില്ലാത്തതുകൊണ്ട് അത് അവൾക്ക് ഒരു സംരക്ഷണമായിരിക്കും എന്നാണ് അതിന്റെ അർഥം. (1 തിമൊ. 5:13) എങ്കിലും വിവാഹജീവിതത്തിലെയും കുടുംബജീവിതത്തിലെയും കഷ്ടതകൾ അമ്മമാർക്കും നേരിടേണ്ടിവന്നേക്കാം.
9. ദമ്പതികൾ നേരിടുന്ന മറ്റൊരു കഷ്ടത എന്താണ്?
9 വിവാഹജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അത്ര പെട്ടെന്നു മനസ്സിലേക്കു വരാത്ത ഒന്നുണ്ട്—പ്രിയപ്പെട്ട ഒരാളുടെ മരണം. പലർക്കും അവരുടെ ഇണകളെ മരണത്തിൽ നഷ്ടമായിരിക്കുന്നു. അങ്ങനെയൊരു കാര്യം അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ പുനരുത്ഥാനം നടക്കുമെന്ന യേശുവിന്റെ വാഗ്ദാനത്തിൽ ഉറച്ചുവിശ്വസിക്കുന്നവരാണു ക്രിസ്ത്യാനികൾ. (യോഹ. 5:28, 29) ഇണയെ നഷ്ടപ്പെട്ടയാൾക്ക് ആ പ്രത്യാശ വലിയൊരു ആശ്വാസമാണ്. അതെ, സ്നേഹമുള്ള നമ്മുടെ പിതാവ്, ‘കഷ്ടപ്പാടുകൾ’ അനുഭവിക്കുന്നവർക്കു തന്റെ വചനത്തിലൂടെ പിന്തുണയും ആശ്വാസവും നൽകുന്നു. നമുക്ക് ഇപ്പോൾ, യഹോവ തരുന്ന ആശ്വാസം അനുഭവിച്ചറിയുകയും അതിൽനിന്ന് പ്രയോജനം നേടുകയും ചെയ്ത ചില ദൈവദാസരെക്കുറിച്ച് നോക്കാം.
കഷ്ടതകളിൽ ആശ്വാസം
10. ഹന്നയ്ക്ക് എങ്ങനെയാണ് ആശ്വാസം ലഭിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 എൽക്കാനയുടെ പ്രിയഭാര്യയായ ഹന്നയ്ക്കും ഒരു കഷ്ടതയുണ്ടായിരുന്നു. ഹന്ന വന്ധ്യയായിരുന്നു. എന്നാൽ എൽക്കാനയുടെ മറ്റൊരു ഭാര്യയായ പെനിന്നയ്ക്കു മക്കൾ ഉണ്ടായിരുന്നു. (1 ശമുവേൽ 1:4-7 വായിക്കുക.) “എല്ലാ വർഷവും” ഹന്നയ്ക്കു പെനിന്നയുടെ കുത്തുവാക്കുകൾ സഹിക്കേണ്ടിവന്നു. അതു ഹന്നയെ വളരെയധികം വിഷമിപ്പിച്ചു. ആശ്വാസത്തിനായി ഹന്ന യഹോവയോടു പ്രാർഥിച്ചു. “ഹന്ന യഹോവയുടെ മുമ്പാകെ വളരെ നേരം പ്രാർഥിച്ചുകൊണ്ടിരുന്നു” എന്നും ബൈബിൾ പറയുന്നു. തന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം തരുമെന്നു ഹന്നയ്ക്കു പ്രതീക്ഷയുണ്ടായിരുന്നോ? ഉണ്ടായിരുന്നിരിക്കാം. എന്താണെങ്കിലും ‘പിന്നെ ഹന്നയുടെ മുഖം വാടിയില്ല.’ (1 ശമു. 1:12, 17, 18) ഒന്നുകിൽ യഹോവ തനിക്ക് ഒരു മകനെ തരും, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വിധത്തിൽ തന്നെ ആശ്വസിപ്പിക്കും എന്നു ഹന്ന ഉറച്ചുവിശ്വസിച്ചു.
11. പ്രാർഥന നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
11 അപൂർണരായതുകൊണ്ടും സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ വ്യവസ്ഥിതിയിൽ ജീവിക്കുന്നതുകൊണ്ടും നമുക്കു കഷ്ടപ്പാടുകളും പരിശോധനകളും ഉണ്ടാകുകതന്നെ ചെയ്യും. (1 യോഹ. 5:19) എന്നാൽ, “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന” ദൈവമാണ് യഹോവ എന്ന അറിവ് നമ്മളെ എത്രമാത്രം ബലപ്പെടുത്തുന്നു! നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അഥവാ കഷ്ടതകൾ നേരിടാനുള്ള സഹായത്തിനായി നമുക്ക് യഹോവയോടു പ്രാർഥിക്കാം. യഹോവ സഹായം തരുന്ന മറ്റൊരു വിധമാണ് അത്. ഹന്ന യഹോവയുടെ മുന്നിൽ തന്റെ ഹൃദയം പകർന്നു. നമുക്കും ഇത് അനുകരിക്കാം. എങ്ങനെ? കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ നമ്മൾ വെറുതേ നമ്മുടെ പ്രശ്നങ്ങൾ യഹോവയോടു പറഞ്ഞാൽമാത്രം പോരാ, നമ്മൾ ‘ഉള്ളുരുകി യാചിക്കണം.’ അതായത് തീവ്രമായ പ്രാർഥനയിലൂടെ നമ്മുടെ ഹൃദയത്തിൽ തോന്നുന്നത് എന്താണെന്ന് യഹോവയെ അറിയിക്കണം.—ഫിലി. 4:6, 7.
12. സന്തോഷം കണ്ടെത്താൻ വിധവയായ അന്നയെ എന്താണു സഹായിച്ചത്?
12 കുട്ടികൾ ഉണ്ടാകാത്തതുകൊണ്ടോ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയതുകൊണ്ടോ ജീവിതത്തിൽ വലിയൊരു ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും. യേശുവിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രവാചികയായ അന്ന വിവാഹശേഷം വെറും ഏഴു വർഷം കഴിഞ്ഞപ്പോൾ വിധവയായി. അന്നയ്ക്കു മക്കളുണ്ടായിരുന്നതായി ബൈബിൾ സൂചിപ്പിക്കുന്നില്ല. എന്നാൽ 84-ാം വയസ്സിലും അന്ന എന്തു ചെയ്യുകയായിരുന്നെന്നാണു ബൈബിൾ പറയുന്നത്? ലൂക്കോസ് 2:37-ൽ ഇങ്ങനെ പറയുന്നു: “അന്നയെ എപ്പോഴും ദേവാലയത്തിൽ കാണാമായിരുന്നു. ഉപവസിച്ച് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് രാവും പകലും മുടങ്ങാതെ ദേവാലയത്തിൽ ആരാധിച്ചുപോരുന്ന ഒരു സ്ത്രീയായിരുന്നു അന്ന.” അതെ, യഹോവയെ ആരാധിക്കുന്നതിൽ അന്ന സന്തോഷം കണ്ടെത്തി, അത് അന്നയ്ക്ക് ആശ്വാസമേകി.
13. ഉറ്റബന്ധുക്കൾ നിരാശപ്പെടുത്തുമ്പോൾപ്പോലും യഥാർഥസുഹൃത്തുക്കൾ നമുക്ക് ആശ്വാസമേകും എന്നതിന് ഒരു ഉദാഹരണം നൽകുക.
13 സഹോദരീസഹോദരന്മാരുമായി അടുത്ത് ഇടപഴകുകയാണെങ്കിൽ നമുക്ക് യഥാർഥസുഹൃത്തുക്കളെ കണ്ടെത്താനാകും. (സുഭാ. 18:24) പോളായ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ അമ്മ സത്യം ഉപേക്ഷിച്ചുപോയി. അത് അവളെ വളരെയധികം വിഷമിപ്പിച്ചു. അവൾക്കു താങ്ങാനാകാത്തതുപോലുള്ള ഒരു ‘കഷ്ടതയായിരുന്നു’ അത്. എന്നാൽ അവളുടെ സഭയിലെ ആൻ എന്ന ഒരു മുൻനിരസേവിക അവളുടെ ആത്മീയകാര്യങ്ങളിൽ പ്രത്യേകതാത്പര്യമെടുത്തു. അത് അവൾക്കു വലിയ പ്രോത്സാഹനമായി. പോളാ പറയുന്നു: “ആൻ സഹോദരി എന്റെ ബന്ധുവല്ലായിരുന്നു. പക്ഷേ സഹോദരി എന്നോടു കാണിച്ച സ്നേഹം വലിയ ആശ്വാസമായിരുന്നു. യഹോവയെ സേവിക്കുന്നതിൽ തുടരാൻ അത് എന്നെ സഹായിച്ചു.” പോളാ ഇന്നും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. പോളായുടെ അമ്മ പിന്നീടു സത്യത്തിലേക്കു മടങ്ങിവന്നു. അതും അവൾക്കു വളരെയധികം സന്തോഷത്തിനു കാരണമായി. പോളായ്ക്ക് ഒരു അമ്മയെപ്പോലെ ആത്മീയസഹായം കൊടുക്കാൻ കഴിഞ്ഞതിൽ ആനിനും വളരെ സന്തോഷമുണ്ട്.
14. ആശ്വാസം കൊടുക്കുന്നവർക്ക് ഏതെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
14 മറ്റുള്ളവരോടു സ്നേഹവും താത്പര്യവും കാണിക്കുന്നതു നമ്മുടെതന്നെ ചില പ്രശ്നങ്ങൾ മറക്കാൻ സഹായിക്കും. ഉദാഹരണത്തിന്, യഹോവയുടെ സഹപ്രവർത്തകരെന്ന നിലയിൽ സന്തോഷവാർത്ത അറിയിക്കുന്നതിന്റെ സംതൃപ്തി വിവാഹിതരും അല്ലാത്തവരും ആയ അനേകം സഹോദരിമാർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ചിലർക്കു ശുശ്രൂഷയിൽ പങ്കുപറ്റുന്നത് ഒരു മരുന്നുപോലെയാണ്. പ്രദേശത്തുള്ളവരുടെയും സഭയിലുള്ളവരുടെയും കാര്യത്തിൽ താത്പര്യമുണ്ടെന്നു സഭയിലെ ഓരോരുത്തരും തെളിയിക്കുമ്പോൾ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. (ഫിലി. 2:4) അപ്പോസ്തലനായ പൗലോസ് ഇക്കാര്യത്തിൽ നല്ല മാതൃകയാണ്. ‘മുലയൂട്ടുന്ന കുഞ്ഞിനെ പരിപാലിക്കുന്ന ഒരു അമ്മയെപ്പോലെയായിരുന്നു’ തെസ്സലോനിക്യയിലെ സഭയിലുള്ളവർക്കു പൗലോസ്. ആത്മീയാർഥത്തിൽ അദ്ദേഹം അവരുടെ പിതാവുമായിരുന്നു.—1 തെസ്സലോനിക്യർ 2:7, 11, 12 വായിക്കുക.
കുടുംബങ്ങൾക്ക് ആശ്വാസം
15. കുട്ടികളെ സത്യം പഠിപ്പിക്കാനുള്ള മുഖ്യമായ ഉത്തരവാദിത്വം ആർക്കാണ്?
15 നമ്മൾ സഹായം ചെയ്തുകൊടുക്കുന്നതു ചില കുടുംബങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും. മക്കളെ ബൈബിൾ പഠിപ്പിക്കാൻ തങ്ങളെ സഹായിക്കാമോ എന്നു പുതുതായി സത്യം പഠിച്ചവർ ചിലപ്പോൾ പക്വതയുള്ള പ്രചാരകരോടു ചോദിച്ചേക്കാം. തങ്ങളുടെ ചെറുപ്പക്കാരായ മക്കൾക്കു ബൈബിൾപഠനം നടത്താൻപോലും അവർ ആവശ്യപ്പെട്ടേക്കാം. എന്നാൽ, കുട്ടികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഉള്ള മുഖ്യമായ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണെന്നു തിരുവെഴുത്തുകൾ പറയുന്നു. (സുഭാ. 23:22; എഫെ. 6:1-4) ചിലരുടെ കാര്യത്തിൽ മറ്റുള്ളവരുടെ സഹായം ആവശ്യമായിരിക്കാം. എന്നാൽ അത് ഒരിക്കലും മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ല. അവർ കുട്ടികളോടു പതിവായി സംസാരിക്കണം.
16. കുട്ടികളെ സഹായിക്കുമ്പോൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
16 കുട്ടികളെ സത്യം പഠിപ്പിക്കാൻ മാതാപിതാക്കൾ മറ്റൊരാളുടെ സഹായം ചോദിച്ചാൽ ആ വ്യക്തി ഒരിക്കലും മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കരുത്. ചില സാഹചര്യങ്ങളിൽ ഒരു സാക്ഷിക്ക് അവിശ്വാസികളായ മാതാപിതാക്കളുടെ മക്കളെ ബൈബിൾ പഠിപ്പിക്കേണ്ടിവന്നേക്കാം. എന്നാൽ അവർ ഒരു കാര്യം എപ്പോഴും മനസ്സിൽപ്പിടിക്കണം. കുട്ടികൾക്ക് ആത്മീയസഹായം കൊടുക്കുന്നെങ്കിലും അവർ ഒരിക്കലും ആ കുട്ടികളുടെ അപ്പന്റെയോ അമ്മയുടെയോ സ്ഥാനത്തല്ല. അങ്ങനെയൊരു ബൈബിൾപഠനം നടത്തുന്നെങ്കിൽ അതു മാതാപിതാക്കളുടെയോ പക്വതയുള്ള മറ്റൊരു സാക്ഷിയുടെയോ സാന്നിധ്യത്തിൽ ആ കുട്ടികളുടെ വീട്ടിൽവെച്ചോ അനുയോജ്യമായ ഒരു പൊതുസ്ഥലത്തുവെച്ചോ ആകുന്നതായിരിക്കും നല്ലത്. അത് അനാവശ്യമായ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും. കാലക്രമേണ, കുട്ടികളെ മാതാപിതാക്കൾതന്നെ പഠിപ്പിച്ചുതുടങ്ങിയേക്കാം.
17. കുട്ടികൾക്ക് എങ്ങനെയാണു കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരാൻ കഴിയുന്നത്?
17 സത്യദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്ന കുട്ടികൾ കുടുംബത്തിൽ ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒരു ഉറവാണ്. മാതാപിതാക്കളെ ബഹുമാനിച്ചുകൊണ്ടും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ടും കുട്ടികൾക്ക് അതു ചെയ്യാം. ആത്മീയകാര്യങ്ങളിലും കുടുംബത്തിന് ഒരു പ്രോത്സാഹനമായിരിക്കാൻ അവർക്കു കഴിയും. പ്രളയത്തിനു മുമ്പ് ജീവിച്ചിരുന്ന ഒരാളായിരുന്നു ശേത്തിന്റെ പിൻതലമുറക്കാരനായ ലാമെക്ക്. യഹോവയെ ആരാധിച്ചിരുന്ന അദ്ദേഹം മകനായ നോഹയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ ശപിച്ച ഈ ഭൂമിയിൽ നമുക്കു ചെയ്യേണ്ടിവരുന്ന പണികളിൽനിന്നും നമ്മുടെ കൈകളുടെ കഠിനാധ്വാനത്തിൽനിന്നും ഇവൻ നമുക്ക് ആശ്വാസം തരും.” ഭൂമിയുടെ മേലുണ്ടായിരുന്ന ശാപം മാറിയപ്പോൾ ആ പ്രവചനം നിവൃത്തിയേറി. (ഉൽപ. 5:29; 8:21) ഇക്കാലത്തെ സത്യാരാധകരായ കുട്ടികൾക്കും കുടുംബാംഗങ്ങൾക്ക് ആശ്വാസവും പ്രോത്സാഹനവും പകരാൻ കഴിയും. അത്, ഇപ്പോഴുള്ള പരിശോധനകൾ സഹിച്ചുനിൽക്കാനും പ്രളയത്തെക്കാൾ വലിയ ഭാവിസംഭവങ്ങളെ അതിജീവിക്കാനും അവരുടെ കുടുംബാംഗങ്ങളെ സഹായിക്കും.
18. നമ്മൾ നേരിടുന്ന പരിശോധനകളും കഷ്ടതകളും സഹിച്ചുനിൽക്കാൻ എന്തു സഹായിക്കും?
18 പ്രാർഥിച്ചുകൊണ്ടും ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടും യഹോവയുടെ ജനത്തോടൊപ്പമായിരുന്നുകൊണ്ടും ലക്ഷക്കണക്കിന് ആളുകൾ അവരുടെ കഷ്ടതകളിൽ ആശ്വാസം കണ്ടെത്തുന്നു. (സങ്കീർത്തനം 145:18, 19 വായിക്കുക.) യഹോവ എപ്പോഴും നമ്മളെ ആശ്വസിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈ അറിവ്, നമ്മൾ നേരിടുന്ന ഏതൊരു പരിശോധനയും ധൈര്യത്തോടെ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും—ഇപ്പോഴും ഭാവിയിലും.