പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക, അതിൽനിന്ന് അകലം പാലിക്കുക
‘പഴയ വ്യക്തിത്വം അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളയുക.’—കൊലോ. 3:9.
1, 2. യഹോവയുടെ സാക്ഷികളെക്കുറിച്ച് ചിലർ എന്ത് അഭിപ്രായപ്പെട്ടിരിക്കുന്നു?
യഹോവയുടെ സാക്ഷികളെ വ്യത്യസ്തരാക്കുന്ന ഗുണങ്ങളെക്കുറിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, നാസി ജർമനിയിലെ നമ്മുടെ സഹോദരങ്ങളെപ്പറ്റി ഗ്രന്ഥകാരനായ ആന്റൺ ഗിൽ ഇങ്ങനെ എഴുതി: “യഹോവയുടെ സാക്ഷികൾ നാസികളുടെ നോട്ടപ്പുള്ളികളായിരുന്നു. . . . 1939 ആയപ്പോഴേക്കും ഏതാണ്ട് 6,000 യഹോവയുടെ സാക്ഷികളാണു തടങ്കൽപ്പാളയങ്ങളിലുണ്ടായിരുന്നത്.” കടുത്ത ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും സാക്ഷികൾ “വിശ്വസിക്കാൻകൊള്ളാവുന്നവരും സമചിത്തതയുള്ളവരും” ആയിരുന്നെന്ന് ആ ഗ്രന്ഥകാരൻ എഴുതി. അവരുടെ “വിശ്വസ്തതയെയും ഐക്യത്തെയും” അദ്ദേഹം പുകഴ്ത്തിപ്പറഞ്ഞു.
2 അടുത്തിടെ സൗത്ത് ആഫ്രിക്കയിലുള്ള ചിലരും ദൈവജനത്തിന്റെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാനിടയായി. ഒരു കാലത്ത് ആ രാജ്യത്തെ വെളുത്തവർഗക്കാരായ സഹോദരങ്ങൾക്കും കറുത്തവർഗക്കാരായ സഹോദരങ്ങൾക്കും ഒരുമിച്ച് കൂടിവരാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ 2011 ഡിസംബർ 18 ഞായറാഴ്ച ജോഹന്നാസ്ബർഗ് നഗരത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽവെച്ച് ഒരു പരിപാടി നടന്നു. സൗത്ത് ആഫ്രിക്കയിൽനിന്നും അയൽരാജ്യങ്ങളിൽനിന്നും വ്യത്യസ്തവംശക്കാരായ 78,000-ത്തോളം സഹോദരങ്ങളാണ് ആ ആത്മീയപരിപാടിക്കായി അവിടെ കൂടിവന്നത്. കോരിത്തരിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്! അവരെക്കുറിച്ച് സ്റ്റേഡിയത്തിന്റെ അധികാരികളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഇത്രയും നന്നായി പെരുമാറുന്ന ആളുകൾ ഇതിനു മുമ്പ് ഇവിടെ കൂടിവന്നിട്ടില്ല. എല്ലാവരും മാന്യമായി വസ്ത്രം ധരിച്ചിട്ടുണ്ട്. എത്ര നന്നായിട്ടാണു നിങ്ങൾ എല്ലാവരുംകൂടി ഈ സ്റ്റേഡിയം വൃത്തിയാക്കിയത്! പക്ഷേ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്, നിങ്ങൾ എല്ലാവരും പല വംശക്കാരാണ്.”
3. നമ്മുടെ സഹോദരകുടുംബത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നത് എന്താണ്?
3 നമ്മുടെ ലോകവ്യാപക സഹോദരകുടുംബം മറ്റെല്ലാ സംഘടനകളിൽനിന്നും ശരിക്കും വ്യത്യസ്തരാണെന്നാണു സാക്ഷികളല്ലാത്തവരുടെ ഈ അഭിപ്രായങ്ങൾ തെളിയിക്കുന്നത്. (1 പത്രോ. 5:9) എന്നാൽ, നമ്മളെ ഇത്രമാത്രം വ്യത്യസ്തരാക്കുന്നത് എന്താണ്? ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ്’ അതിന്റെ സ്ഥാനത്ത് ‘പുതിയ വ്യക്തിത്വം ധരിക്കാൻ’ കഠിനശ്രമം നടത്തുന്നവരാണു നമ്മൾ.—കൊലോ. 3:9, 10.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും, എന്തുകൊണ്ട്?
4 നമ്മൾ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞാൽ മാത്രം പോരാ. പിന്നീട് അതിൽനിന്ന് അകലം പാലിക്കുകയും വേണം. നമുക്ക് എങ്ങനെ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാമെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും ഈ ലേഖനത്തിൽ പഠിക്കും. തെറ്റായ കാര്യങ്ങളുടെ ചെളിക്കുണ്ടിലായിരിക്കുന്നവർക്കുപോലും മാറ്റം വരുത്താനാകുമെന്നു പറയുന്നതിന്റെ കാരണവും നമ്മൾ ചിന്തിക്കും. ഒപ്പം, വർഷങ്ങളായി സത്യത്തിലായിരിക്കുന്ന സഹോദരങ്ങൾക്കു തുടർന്നും പഴയ വ്യക്തിത്വത്തിൽനിന്ന് എങ്ങനെ അകലം പാലിക്കാമെന്നും ചർച്ച ചെയ്യും. ഈ ഓർമിപ്പിക്കലുകളുടെ ആവശ്യം എന്താണ്? കാരണം, ഒരു കാലത്ത് യഹോവയെ സേവിച്ചിരുന്ന ചിലർ ജാഗ്രത നഷ്ടപ്പെട്ട് തങ്ങളുടെ പഴയ വഴികളിലേക്കു വീണുപോയിരിക്കുന്നു. “അതുകൊണ്ട് നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ” എന്ന മുന്നറിയിപ്പിനു നമ്മളെല്ലാവരും നല്ല ശ്രദ്ധ കൊടുക്കണം.—1 കൊരി. 10:12.
തെറ്റായ ലൈംഗികമോഹങ്ങളെ “കൊന്നുകളയുക”
5. (എ) പഴയ വ്യക്തിത്വം ഉരിഞ്ഞുകളയേണ്ടതിന്റെ പ്രാധാന്യം ഉദാഹരണസഹിതം വ്യക്തമാക്കുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) പഴയ വ്യക്തിത്വത്തിന്റെ ഭാഗമായ ഏതെല്ലാം കാര്യങ്ങളെക്കുറിച്ചാണു കൊലോസ്യർ 3:5-9 പറയുന്നത്?
5 വസ്ത്രത്തിൽ എവിടെയെങ്കിലും അഴുക്കു പറ്റിയാൽ നിങ്ങൾ എന്തു ചെയ്യും? അതിന് അൽപ്പം ദുർഗന്ധംകൂടെയുണ്ടെങ്കിലോ? എത്രയും പെട്ടെന്നു നിങ്ങൾ ആ വസ്ത്രം ഊരിമാറ്റും. യഹോവ വെറുക്കുന്ന ശീലങ്ങളുടെ കാര്യവും അങ്ങനെതന്നെയാണ്. അവ ഉരിഞ്ഞുകളയാനുള്ള കല്പന അനുസരിക്കുന്നതിൽ നമ്മൾ ഒട്ടും താമസം വിചാരിക്കരുത്. ‘നിങ്ങൾ അവയെല്ലാം ഉപേക്ഷിക്കണം’ എന്നു തന്റെ കാലത്തെ ക്രിസ്ത്യാനികളോടു പൗലോസ് പറഞ്ഞു. വ്യക്തമായ ആ നിർദേശത്തിനു നമ്മളും ചെവികൊടുക്കണം. പൗലോസ് പറഞ്ഞ അത്തരം രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം: ലൈംഗിക അധാർമികതയും അശുദ്ധിയും.—കൊലോസ്യർ 3:5-9 വായിക്കുക.
6, 7. (എ) പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ കഠിനശ്രമം ചെയ്യണമെന്നു പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ? (ബി) സാകുറയുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു, അത് ഉപേക്ഷിക്കാനുള്ള ശക്തി അവൾക്ക് എവിടെനിന്ന് കിട്ടി?
6 ലൈംഗിക അധാർമികത. “ലൈംഗിക അധാർമികത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദത്തിന്റെ അർഥത്തിൽ, നിയമപരമായി വിവാഹിതരാകാത്തവർ തമ്മിലുള്ള ലൈംഗികബന്ധങ്ങളും സ്വവർഗലൈംഗികതയും ഉൾപ്പെടുന്നു. ലൈംഗിക അധാർമികതയുടെ കാര്യത്തിൽ ‘നിങ്ങളുടെ അവയവങ്ങളെ കൊന്നുകളയാൻ’ പൗലോസ് സഹക്രിസ്ത്യാനികളോടു പറഞ്ഞു. എന്നുവെച്ചാൽ അവർ അധാർമികമായ ഏതൊരു മോഹവും പിഴുതുമാറ്റണമായിരുന്നു. അത്തരം തെറ്റായ ആഗ്രഹങ്ങളെ പിഴുതെറിയാൻ കഠിനശ്രമം വേണ്ടിവരുമെന്നാണു പൗലോസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും തെറ്റായ മോഹങ്ങളുമായുള്ള പോരാട്ടത്തിൽ നമുക്കു ജയിക്കാനാകും.
7 ജപ്പാനിലെ സാകുറയുടെa അനുഭവം നോക്കാം. വളർന്നുവന്നപ്പോൾ അവൾക്കു വല്ലാത്ത ഏകാന്തതയും ശൂന്യതയും ഒക്കെ തോന്നി. ഏകാന്തത അകറ്റാൻ അവൾ 15 വയസ്സുമുതൽ പലരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻതുടങ്ങി. സാകുറ ലജ്ജയോടെ ഇങ്ങനെ ഓർക്കുന്നു: “എനിക്കു മൂന്നുവട്ടം ഗർഭച്ഛിദ്രം നടത്തേണ്ടിവന്നു.” അവർ പറയുന്നു: “ഞാൻ വേണ്ടപ്പെട്ടവളാണെന്നും എന്നെ സ്നേഹിക്കാൻ ആളുണ്ടെന്നും തോന്നിയതുകൊണ്ട് ആദ്യമൊക്കെ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടപ്പോൾ എനിക്ക് ഒരു സുരക്ഷിതത്വബോധം അനുഭവപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ തുടർന്നപ്പോൾ എനിക്കു സുരക്ഷിതത്വമില്ലായ്മ തോന്നിത്തുടങ്ങി.” 23 വയസ്സുവരെ സാകുറയുടെ ജീവിതം ഇതായിരുന്നു. പിന്നെ അവൾ യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ സാകുറയ്ക്കു വലിയ ഇഷ്ടമായി. യഹോവയുടെ സഹായത്താൽ കുറ്റബോധവും ലജ്ജയും മറികടക്കാനും ലൈംഗിക അധാർമികത ഉപേക്ഷിക്കാനും സാകുറയ്ക്കു കഴിഞ്ഞു. ഇപ്പോൾ സാധാരണ മുൻനിരസേവനം ചെയ്യുന്ന സാകുറയ്ക്ക് ഒട്ടും ഏകാന്തത തോന്നുന്നില്ല. സാകുറ പറയുന്നു: “എന്നും ഞാൻ യഹോവയുടെ സ്നേഹം ആവോളം നുകരുകയാണ്, വളരെ സന്തോഷമുണ്ട്.”
അശുദ്ധമായ ശീലങ്ങൾ മറികടക്കുക
8. ദൈവമുമ്പാകെ നമ്മളെ അശുദ്ധരാക്കിയേക്കാവുന്ന ചില കാര്യങ്ങൾ ഏതെല്ലാം?
8 അശുദ്ധി. “അശുദ്ധി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദത്തിന്റെ അർഥത്തിൽ ലൈംഗികപാപങ്ങൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. പുകവലിയും അശ്ലീലതമാശകളും എല്ലാം അതിൽ ഉൾപ്പെടും. (2 കൊരി. 7:1; എഫെ. 5:3, 4) ലൈംഗികവികാരങ്ങൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിക്കുന്നതോ അശ്ലീലം കാണുന്നതോ പോലെ, ഒരു വ്യക്തി സ്വകാര്യമായി ചെയ്യുന്ന അശുദ്ധമായ കാര്യങ്ങളെയും ഈ പദത്തിന് അർഥമാക്കാനാകും. ഇത്തരം കാര്യങ്ങൾ സ്വയംഭോഗം എന്ന അശുദ്ധശീലത്തിലേക്കു നയിച്ചേക്കാം.—കൊലോ. 3:5.b
9. “അനിയന്ത്രിതമായ കാമാവേശം” വളർന്നുവന്നാലുണ്ടാകുന്ന ഭവിഷ്യത്തുകൾ എന്തൊക്കെ?
9 പതിവായി അശ്ലീലം കാണുന്നവരിൽ “അനിയന്ത്രിതമായ കാമാവേശം” വളർന്നുവന്ന്, ഒടുവിൽ അവർ ലൈംഗികതയ്ക്ക് അടിമകളായേക്കാം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ അതേ ലക്ഷണങ്ങൾതന്നെ അശ്ലീലത്തിന് അടിമകളായവരും കാണിക്കാറുണ്ടെന്നു ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അശ്ലീലം കാണുന്ന ശീലത്തിനു പല ദൂഷ്യവശങ്ങളുമുണ്ടെന്നു പറയുന്നതിൽ അതിശയിക്കാനില്ല. അങ്ങനെയുള്ളവർക്കു കാര്യക്ഷമമായി ജോലി ചെയ്യാൻ കഴിയില്ല. അതുപോലെ ലജ്ജയും സന്തോഷമില്ലാത്ത കുടുംബജീവിതവും വിവാഹമോചനവും ആത്മഹത്യയും എല്ലാം അതിന്റെ തിക്തഫലങ്ങളാണ്. അശ്ലീലം കാണുന്ന ശീലം ഉപേക്ഷിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു വ്യക്തി ഇങ്ങനെ എഴുതി: “എനിക്ക് എന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ അതു തിരിച്ചുകിട്ടി.”
10. അശ്ലീലത്തോടുള്ള ആസക്തി റിബേറോ എങ്ങനെയാണു മറികടന്നത്?
10 പലർക്കും അശ്ലീലത്തിൽനിന്ന് വിട്ടുനിൽക്കാൻ കഠിനപോരാട്ടം നടത്തേണ്ടിവരാറുണ്ട്. എങ്കിലും ബ്രസീലുകാരനായ റിബേറോയുടെ അനുഭവം കാണിക്കുന്നതുപോലെ ഈ പോരാട്ടത്തിൽ വിജയിക്കാനാകും. കൗമാരപ്രായത്തിൽ വീടു വിട്ടിറങ്ങിയ റിബേറോയ്ക്ക് ഒരു പേപ്പർ പുനഃസംസ്കരണ ഫാക്ടറിയിൽ ജോലി കിട്ടി. അവിടെ എത്തിയിരുന്ന അശ്ലീലമാസികകൾ റിബേറോ നോക്കാൻ തുടങ്ങി. റിബേറോ പറയുന്നു: “പതുക്കെ ഞാൻ അശ്ലീലത്തിന് അടിമയായി. എന്റെകൂടെ താമസിച്ചിരുന്ന സ്ത്രീ വീട്ടിൽനിന്ന് ഇറങ്ങിയാലുടൻ ഞാൻ അശ്ലീലവീഡിയോകൾ കാണുമായിരുന്നു. വന്നുവന്ന് അവൾ വീട്ടിൽനിന്ന് ഇറങ്ങുന്നതുവരെപോലും പിടിച്ചുനിൽക്കാൻ വയ്യെന്നായി.” അങ്ങനെയിരിക്കെ ഒരു ദിവസം, പുനഃസംസ്കരിക്കാൻ കൊണ്ടുവന്ന പുസ്തകങ്ങൾക്കിടയിൽ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നൊരു പുസ്തകം ഇരിക്കുന്നത് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം അത് എടുത്ത് വായിച്ചു. വായിച്ച കാര്യങ്ങൾ ഇഷ്ടപ്പെട്ട അദ്ദേഹം യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ ദുശ്ശീലത്തിൽനിന്ന് പുറത്ത് കടക്കാൻ റിബേറോയ്ക്കു കുറച്ച് കാലം വേണ്ടിവന്നു. ഒടുവിൽ ആ ശീലം ഉപേക്ഷിക്കാൻ റിബേറോയെ എന്താണു സഹായിച്ചത്? അദ്ദേഹം വിശദീകരിക്കുന്നു: “പ്രാർഥിക്കുകയും ബൈബിൾ പഠിക്കുകയും ധ്യാനിക്കുകയും ചെയ്തപ്പോൾ ദൈവത്തിന്റെ ഗുണങ്ങൾ എന്നെ കൂടുതൽ ആകർഷിച്ചുതുടങ്ങി. ഒടുവിൽ യഹോവയോടുള്ള സ്നേഹം, അശ്ലീലം കാണാനുള്ള എന്റെ അഭിനിവേശത്തെ കീഴടക്കി.” ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ റിബേറോ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞു. സ്നാനമേറ്റ അദ്ദേഹം ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്നു.
11. അശ്ലീലത്തിൽനിന്ന് വിട്ടുനിൽക്കാൻ ഒരു വ്യക്തി എന്തു ചെയ്യണം?
11 ആ പോരാട്ടത്തിൽ ജയിക്കാൻ റിബേറോ വെറുതേ ബൈബിൾ പഠിച്ചാൽ മാത്രം പോരായിരുന്നുവെന്നതു ശ്രദ്ധിക്കുക. ബൈബിളിലെ സന്ദേശം തന്റെ ഹൃദയത്തിലെത്താൻ റിബേറോ സമയമെടുത്ത് അതെക്കുറിച്ച് ചിന്തിച്ചു. പ്രാർഥനയിലൂടെയും ധ്യാനത്തിലൂടെയും റിബേറോ വളർത്തിയെടുത്ത ദൈവസ്നേഹം അശ്ലീലം കാണാനുള്ള മോഹത്തെ കീഴടക്കി. യഹോവയോടു ശക്തമായ സ്നേഹവും മോശമായ കാര്യങ്ങളോടു വെറുപ്പും വളർത്തിയെടുക്കുന്നതാണ് അശ്ലീലം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി.—സങ്കീർത്തനം 97:10 വായിക്കുക.
കോപം, അസഭ്യസംസാരം, നുണ എന്നിവ ഉപേക്ഷിക്കുക
12. കോപവും അസഭ്യസംസാരവും ഉപേക്ഷിക്കാൻ സ്റ്റീഫൻ സഹോദരനെ എന്താണു സഹായിച്ചത്?
12 ദേഷ്യം വന്നാൽ, കോപപ്രകൃതക്കാരായവർ മറ്റുള്ളവരെ അധിക്ഷേപിച്ചും തരംതാഴ്ത്തിയും ഒക്കെ സംസാരിക്കാറുണ്ട്. തീർച്ചയായും ഇത്തരത്തിലുള്ള അസഭ്യസംസാരം കുടുംബജീവിതത്തിന്റെ സന്തോഷം കെടുത്തും. ഓസ്ട്രേലിയയിലെ ഒരു പിതാവായ സ്റ്റീഫൻ പറയുന്നു: “ഞാൻ നേരത്തേ ഒരുപാട് അസഭ്യം പറയുമായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യപ്പെടുന്ന സ്വഭാവമായിരുന്നു എന്റേത്. ഞാനും ഭാര്യയും മൂന്നു പ്രാവശ്യം പിരിഞ്ഞ് താമസിച്ചു. ഒടുവിൽ ഞങ്ങൾ വിവാഹമോചനത്തിന്റെ വക്കോളമെത്തി.” ആ സമയത്താണ് ഈ ദമ്പതികൾ യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. സ്റ്റീഫൻ ബൈബിളിലെ ഉപദേശം അനുസരിച്ചുതുടങ്ങിയപ്പോൾ എന്തു സംഭവിച്ചു? അദ്ദേഹം പറയുന്നു: “ഞങ്ങളുടെ കുടുംബജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. മുമ്പ് ഞാൻ പകയും വിദ്വേഷവും കുത്തിനിറച്ച ഒരു ബോംബുപോലെയായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്റെ മനസ്സു നിറയെ സമാധാനവും ശാന്തതയും ആണ്. യഹോവയാണ് അതിനു സഹായിച്ചത്.” സ്റ്റീഫൻ ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ കുറെ വർഷങ്ങളായി സാധാരണ മുൻനിരസേവികയാണ്. സ്റ്റീഫൻ സഹോദരന്റെ സഭയിലെ മൂപ്പന്മാർ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ശാന്തനും കഠിനാധ്വാനിയും ആയ ഒരു സഹോദരനാണു സ്റ്റീഫൻ. അദ്ദേഹം നല്ല താഴ്മയുള്ള ആളാണ്.” സ്റ്റീഫൻ സഹോദരൻ ദേഷ്യപ്പെടുന്നത് അവർ കണ്ടിട്ടേ ഇല്ല. എന്നാൽ ഇതെല്ലാം സ്വന്തം കഴിവാണെന്നാണോ സഹോദരനു തോന്നുന്നത്? അദ്ദേഹം പറയുന്നു: “എന്റെ വ്യക്തിത്വം അപ്പാടേ മാറ്റിയെടുക്കാൻ യഹോവ നീട്ടിയ സഹായം സ്വീകരിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും നല്ല അനുഗ്രഹങ്ങളൊന്നും കിട്ടില്ലായിരുന്നു.”
13. കോപം ഇത്ര അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്, എന്തു മുന്നറിയിപ്പാണു ബൈബിൾ തരുന്നത്?
13 ബൈബിൾ കോപത്തിനും അസഭ്യസംസാരത്തിനും ആക്രോശത്തിനും എതിരെ മുന്നറിയിപ്പു നൽകിയിരിക്കുന്നതിനു തക്കതായ കാരണമുണ്ട്. (എഫെ. 4:31) അത്തരം പെരുമാറ്റം മിക്കപ്പോഴും അക്രമത്തിൽ ചെന്നായിരിക്കും അവസാനിക്കുക. ഇന്നത്തെ ലോകത്തിന്റെ നോട്ടത്തിൽ, കോപിക്കുന്നത് ഒരു സാധാരണ സംഗതിയാണ്. പക്ഷേ യഥാർഥത്തിൽ അതു നമ്മുടെ സ്രഷ്ടാവിനു നിന്ദ വരുത്തിവെക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ പല സഹോദരങ്ങളും തങ്ങളുടെ മോശമായ വഴികൾ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നു.—സങ്കീർത്തനം 37:8-11 വായിക്കുക.
14. അക്രമാസക്തനായ ഒരാൾക്കു സൗമ്യനാകാൻ കഴിയുമോ?
14 ഓസ്ട്രിയയിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്ന ഹാൻസിന്റെ കാര്യമോ? ഹാൻസ് സഹോദരന്റെ സഭയിലെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇത്രയ്ക്കു സൗമ്യനായ ഒരു സഹോദരനെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല.” എന്നാൽ ഹാൻസ് സഹോദരൻ മുമ്പ് അങ്ങനെയല്ലായിരുന്നു. കൗമാരപ്രായത്തിൽ അമിതമായി മദ്യപിക്കാൻ തുടങ്ങിയ അദ്ദേഹം അക്രമസ്വഭാവക്കാരനായി മാറി. മദ്യലഹരിയിലായിരുന്ന ഒരു സമയത്ത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അദ്ദേഹം കാമുകിയെ കൊന്നു. അതിന് അദ്ദേഹത്തിന് 20 വർഷത്തെ തടവുശിക്ഷയും കിട്ടി. ജയിലിലായിട്ടും ഹാൻസ് സഹോദരന്റെ അക്രമാസക്തമായ സ്വഭാവത്തിനു പെട്ടെന്നൊന്നും മാറ്റം വന്നില്ല. അങ്ങനെയിരിക്കെ, സഹോദരന്റെ അമ്മ അദ്ദേഹവുമായി സംസാരിക്കാൻ ഒരു മൂപ്പനെ ഏർപ്പാടു ചെയ്തു. അങ്ങനെ അദ്ദേഹം ജയിലിൽവെച്ച് ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നത് എനിക്കു ശരിക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ ‘ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ’ എന്ന യശയ്യ 55:7-ഉം മുൻകാലപാപങ്ങൾ ഉപേക്ഷിച്ചവരെക്കുറിച്ച്, ‘നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു’ എന്നു പറയുന്ന 1 കൊരിന്ത്യർ 6:11-ഉം എന്നെ സഹായിച്ച ചില ബൈബിൾവാക്യങ്ങളാണ്. പുതിയ വ്യക്തിത്വം ധരിക്കാൻ യഹോവ എന്നെ വർഷങ്ങളോളം പരിശുദ്ധാത്മാവിലൂടെ ക്ഷമാപൂർവം സഹായിച്ചു.” പതിനേഴര വർഷത്തെ ജയിൽവാസത്തിനു ശേഷം ഹാൻസ് സഹോദരൻ മോചിതനായി. അതിനോടകം അദ്ദേഹം സ്നാനമേറ്റിരുന്നു. സഹോദരൻ പറയുന്നു: “യഹോവ കാണിച്ച അളവറ്റ കരുണയ്ക്കും ക്ഷമയ്ക്കും എനിക്കു നന്ദിയുണ്ട്.”
15. ഇന്ന് ഏതു കാര്യം സർവസാധാരണമാണ്, പക്ഷേ ബൈബിൾ അതിനെക്കുറിച്ച് എന്താണു പറയുന്നത്?
15 അസഭ്യസംസാരംപോലെതന്നെ നുണപറച്ചിലും പഴയ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, നികുതി കൊടുക്കുന്ന കാര്യത്തിൽ കള്ളത്തരം കാണിക്കുന്നതും ഒരു തെറ്റിന്റെ ഉത്തരവാദിത്വം വെച്ചൊഴിയാൻ നുണ പറയുന്നതും ഒക്കെ ഇന്ന് ഒരു സാധാരണസംഗതിയാണ്. എന്നാൽ യഹോവ ‘സത്യത്തിന്റെ ദൈവമാണ്.’ (സങ്കീ. 31:5) അതുകൊണ്ടുതന്നെ തന്റെ ആരാധകരിൽ “ഓരോരുത്തരും അയൽക്കാരനോടു സത്യം സംസാരിക്കണം” എന്നും അവരാരും “നുണ പറയരുത്” എന്നും യഹോവ ആവശ്യപ്പെടുന്നു. (എഫെ. 4:25; കൊലോ. 3:9) നാണക്കേടോ ബുദ്ധിമുട്ടോ തോന്നിയാൽപ്പോലും നമ്മൾ സത്യം പറയണം എന്നാണ് ഇതു കാണിക്കുന്നത്.—സുഭാ. 6:16-19.
അവർ വിജയിച്ചത് എങ്ങനെ?
16. പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ നമ്മളെ എന്തു സഹായിക്കും?
16 പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ സ്വന്തശക്തി മാത്രം പോരാ! ഈ ലേഖനത്തിൽ കണ്ട സാകുറ, റിബേറോ, സ്റ്റീഫൻ, ഹാൻസ് എന്നിവർക്കെല്ലാം മോശമായ ശീലങ്ങൾ ഒഴിവാക്കാൻ കഠിനപോരാട്ടംതന്നെ നടത്തേണ്ടിവന്നു. ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും ശക്തി തങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കാൻ അനുവദിച്ചതുകൊണ്ടാണ് അവർക്കു വിജയിക്കാനായത്. (ലൂക്കോ. 11:13; എബ്രാ. 4:12) ആ ശക്തി നമുക്ക് ഉപകാരപ്പെടണമെങ്കിൽ നമ്മൾ ദിവസവും ബൈബിൾ വായിക്കണം, വായിച്ചതിനെക്കുറിച്ച് ധ്യാനിക്കണം, ഒപ്പം ബൈബിളിലെ നിർദേശങ്ങൾ ബാധകമാക്കാനുള്ള ജ്ഞാനത്തിനും ശക്തിക്കും വേണ്ടി ഇടവിടാതെ പ്രാർഥിക്കുകയും വേണം. (യോശു. 1:8; സങ്കീ. 119:97; 1 തെസ്സ. 5:17) സഭായോഗങ്ങൾക്കായി തയ്യാറാകുകയും അവയിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴും നമ്മൾ പരിശുദ്ധാത്മാവിൽനിന്നും ദൈവവചനത്തിൽനിന്നും പ്രയോജനം നേടുകയാണ്. (എബ്രാ. 10:24, 25) ഇതിനെല്ലാം പുറമേ, ഇന്നു ലോകമെങ്ങുമുള്ള ദൈവജനത്തിന് ആത്മീയാഹാരം ലഭ്യമാക്കുന്ന വിവിധക്രമീകരണങ്ങളും നമ്മൾ നന്നായി പ്രയോജനപ്പെടുത്തണം.—ലൂക്കോ. 12:42.
17. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
17 ക്രിസ്ത്യാനികൾ ഉരിഞ്ഞുകളയേണ്ടതും അകലം പാലിക്കേണ്ടതും ആയ നിരവധി കാര്യങ്ങളെക്കുറിച്ച് നമ്മൾ കണ്ടു. എന്നാൽ ദൈവത്തിന്റെ അംഗീകാരം നേടാൻ അതു മാത്രം മതിയോ? പോരാ. നമ്മൾ പുതിയ വ്യക്തിത്വം ധരിക്കുകയും അതു നഷ്ടമാകാതെ നോക്കുകയും വേണം. ആലങ്കാരികമായ ആ വസ്ത്രത്തിന്റെ വിവിധഭാഗങ്ങളെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും.
a ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
b “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലെ 249-251 പേജുകളിലുള്ള, “സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക” എന്ന ഭാഗം കാണുക.