നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽ!
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽത്തന്നെയാണോ? വിധി. അതാണ് ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. അല്ലാതെ ഒരാളുടെ തിരഞ്ഞെടുപ്പുകളോ തീരുമാനങ്ങളോ അല്ല. ഇങ്ങനെയാണ് ചില ആളുകൾ വിശ്വസിക്കുന്നത്. ലക്ഷ്യങ്ങളിൽ എത്താൻ പരാജയപ്പെടുമ്പോൾ, “എനിക്ക് ഇതിനുള്ള യോഗമില്ല” എന്നു പറഞ്ഞുകൊണ്ട് ചിലർ വിധിയെ പഴിക്കുന്നു.
അനീതിയും ക്രൂരതയും നിറഞ്ഞ ഈ ലോകത്തിൽനിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ലെന്നു തോന്നുമ്പോൾ മറ്റു ചിലർ തകർന്നുപോകുന്നു. അവർ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. യുദ്ധവും അതിക്രമങ്ങളും പ്രകൃതിദുരന്തങ്ങളും രോഗങ്ങളും അവരുടെ പദ്ധതികൾ തകിടം മറിക്കുന്നു. ‘ഇനി ശ്രമിച്ചിട്ട് എന്ത് കാര്യം’ എന്ന് അവർ ചിന്തിക്കുന്നു.
ജീവിതസാഹചര്യങ്ങൾ നിങ്ങളുടെ പദ്ധതികളെ കാര്യമായി ബാധിച്ചേക്കാം. (സഭാപ്രസംഗകൻ 9:11) എന്നാൽ നിങ്ങളുടെ നിത്യമായ ഭാവിയുടെ കാര്യം വരുമ്പോൾ ഒരർഥത്തിൽ നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽത്തന്നെയാണ്. നമ്മൾ എന്തു തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി എന്നാണ് ബൈബിൾ പറയുന്നത്.
പുരാതന ഇസ്രായേൽജനത വാഗ്ദത്തദേശത്തേക്കു കടക്കുന്നതിനു മുമ്പായി, അവരെ നയിച്ചിരുന്ന മോശ യഹോവയുടെ ഈ വാക്കുകൾ ജനത്തെ അറിയിച്ചു: “ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു. . . . നിങ്ങളും നിങ്ങളുടെ വംശജരും ജീവിച്ചിരിക്കാനായി ജീവൻ തിരഞ്ഞെടുത്തുകൊള്ളുക. നിങ്ങൾ ജീവനോടിരിക്കണമെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ വാക്കു കേൾക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും വേണം.”—ആവർത്തനം 30:15, 19, 20.
“ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു. . . . ജീവൻ തിരഞ്ഞെടുത്തുകൊള്ളുക.”—ആവർത്തനം 30:19
ശരിയായിരുന്നു. ദൈവം ഇസ്രായേൽജനതയെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുകയും വാഗ്ദത്തദേശത്ത് സന്തോഷത്തോടെ, സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം നൽകുകയും ചെയ്തു. എന്നാൽ അതെല്ലാം അവർക്കു താനേ ലഭിക്കില്ലായിരുന്നു. അനുഗ്രഹം ലഭിക്കുന്നതിനായി അവർ ‘ജീവൻ തിരഞ്ഞെടുക്കണമായിരുന്നു.’ എങ്ങനെ? ‘ദൈവമായ യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ വാക്കു കേൾക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും’ ചെയ്തുകൊണ്ട്.
നിങ്ങളുടെ മുമ്പിലും സമാനമായ ഒരു തിരഞ്ഞെടുപ്പുണ്ട്. എന്തു തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി. നിങ്ങൾ ഭൂമിയിലെ പറുദീസയിൽ എന്നേക്കുമുള്ള ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ദൈവമായ യഹോവയെ സ്നേഹിക്കാനും ദൈവത്തിന്റെ വാക്കു കേൾക്കാനും ദൈവത്തോടു പറ്റിച്ചേരാനും ആയിരിക്കണം നിങ്ങളുടെ തീരുമാനം. എന്നാൽ ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
ദൈവത്തെ സ്നേഹിക്കുക
സ്നേഹം ദൈവത്തിന്റെ പ്രമുഖഗുണമാണ്. ദൈവപ്രചോദിതമായി അപ്പോസ്തലനായ യോഹന്നാൻ എഴുതിയത് “ദൈവം സ്നേഹമാണ്” എന്നാണ്. (1 യോഹന്നാൻ 4:8) അതുകൊണ്ടാണ് ഏറ്റവും വലിയ കല്പന ഏതാണെന്നു ചോദിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞത്: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.” (മത്തായി 22:37) അതുകൊണ്ട്, യഹോവയുമായി നല്ലൊരു ബന്ധത്തിലേക്കു വരാൻ ഒരാൾ ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ അടിസ്ഥാനം ഭയമായിരിക്കരുത്. മറിച്ച് സ്നേഹമായിരിക്കണം. നിങ്ങൾ ദൈവത്തെ സ്നേഹിക്കാൻ തീരുമാനിക്കുമോ? എങ്കിൽ എന്തുകൊണ്ട്?
സ്നേഹനിധികളായ മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നതുപോലെയാണ് ദൈവം മനുഷ്യരെ സ്നേഹിക്കുന്നത്. കുറവുകളുണ്ടെങ്കിലും സ്നേഹമുള്ള മാതാപിതാക്കൾ, മക്കൾ സന്തോഷത്തോടെയിരിക്കാനും വിജയിച്ച് കാണാനുംവേണ്ടി അവരെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു. എന്നാൽ മാതാപിതാക്കൾ മക്കളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്? തങ്ങളെ സ്നേഹിക്കാനും മക്കളുടെ നന്മക്കായി പറഞ്ഞുകൊടുത്ത കാര്യങ്ങൾ അനുസരിക്കാനും ആണ്. അങ്ങനെയെങ്കിൽ, പരിപൂർണനായ നമ്മുടെ സ്വർഗീയപിതാവ് നമുക്കുവേണ്ടി ചെയ്തുതന്നിരിക്കുന്ന കാര്യങ്ങളെപ്രതി നമ്മൾ ദൈവത്തെ സ്നേഹിക്കാൻ പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?
ദൈവത്തിന്റെ വാക്കു കേൾക്കുക
ബൈബിൾ ആദ്യം എഴുതിയ ഭാഷയിൽ “കേൾക്കുക” എന്ന വാക്കിന് “അനുസരിക്കുക” എന്ന അർഥവുമുണ്ട്. “അപ്പനും അമ്മയും പറയുന്നത് കേൾക്ക്” എന്ന് ഒരു കുട്ടിയോടു പറയുമ്പോൾ നമ്മളും ഇതുതന്നെയല്ലേ ഉദ്ദേശിക്കുന്നത്? ദൈവത്തിന്റെ വാക്കുകൾ കേൾക്കുക എന്നു പറയുമ്പോഴും ആ വാക്കുകൾ മനസ്സിലാക്കുന്നതും അനുസരിക്കുന്നതും ഉൾപ്പെടുന്നു. നമുക്കു ദൈവത്തിന്റെ സ്വരം നേരിട്ട് കേൾക്കാനാവില്ല. എന്നാൽ ദൈവവചനമായ ബൈബിളിലുള്ള കാര്യങ്ങൾ വായിച്ചുകൊണ്ടും അത് അനുസരിച്ച് ജീവിച്ചുകൊണ്ടും നമുക്കു ദൈവത്തിന്റെ വാക്കുകൾ കേൾക്കാം.—1 യോഹന്നാൻ 5:3.
ദൈവത്തിന്റെ വാക്കുകൾ കേൾക്കേണ്ടതിന്റെ പ്രാധാന്യം കാണിച്ചുകൊണ്ട് യേശു ഒരവസരത്തിൽ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ വായിൽനിന്ന് വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്.” (മത്തായി 4:4) ഭക്ഷണം കഴിക്കുന്നതുപോലെ, അല്ലെങ്കിൽ അതിലും പ്രധാനമാണ്, ദൈവത്തിൽനിന്നുള്ള അറിവു നേടുക എന്നത്. എന്തുകൊണ്ട്? ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ വിശദീകരിച്ചു: “പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ ജ്ഞാനവും ഒരു സംരക്ഷണമാണ്. പക്ഷേ, അറിവിന്റെ മേന്മ ഇതാണ്: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.” (സഭാപ്രസംഗകൻ 7:12) ദൈവത്തിൽനിന്നുള്ള അറിവിനും ജ്ഞാനത്തിനും നമ്മളെ ഇന്നു സംരക്ഷിക്കാനാകും. മാത്രമല്ല, ഭാവിയിൽ എന്നേക്കുമുള്ള ജീവൻ ലഭിക്കുന്നതിലേക്കു നയിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനും അതു സഹായിക്കും.
ദൈവത്തോടു പറ്റിച്ചേരുക
കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞ രണ്ടു വഴികളെക്കുറിച്ച് നമുക്ക് ഒന്നുകൂടിയൊന്നു നോക്കാം. യേശു പറഞ്ഞു: “ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്. കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.” (മത്തായി 7:13, 14) പരിചിതമല്ലാത്ത ചെറിയ വഴിയിലൂടെ പോകുമ്പോൾ നമ്മൾ ആരോടെങ്കിലും സഹായം തേടുന്നതുപോലെ ജീവനിലേക്കുള്ള വഴിയേ പോകുന്നതിനു നമുക്കു സഹായം വേണം. വിദഗ്ധവഴികാട്ടിയായ ദൈവത്തോടു നമ്മൾ പറ്റിനിൽക്കണം. എന്നാൽ മാത്രമേ നിത്യജീവൻ എന്ന ലക്ഷ്യത്തിൽ എത്തുകയുള്ളൂ. (സങ്കീർത്തനം 16:8) അതിന് നമുക്ക് എങ്ങനെ കഴിയും?
ദിവസവും നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ ആഗ്രഹിക്കുന്നതും ആയ അനേകം കാര്യങ്ങളുണ്ട്. ഈ കാര്യങ്ങളൊക്കെ നമ്മളെ തിരക്കുള്ളവരാക്കുന്നു. നമ്മൾ എന്ത് ചെയ്യാനാണ് ദൈവം ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയംപോലും നമുക്കു കിട്ടിയെന്നു വരില്ല. അതുകൊണ്ടാണ് ബൈബിൾ നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നത്: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക. കാരണം കാലം ദുഷിച്ചതാണ്.” (എഫെസ്യർ 5:15, 16) ദൈവവുമായുള്ള ബന്ധത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ നമ്മൾ ദൈവത്തോടു പറ്റിനിൽക്കുകയായിരിക്കും.—മത്തായി 6:33.
തിരഞ്ഞെടുപ്പ് നിങ്ങളുടേത്
നിങ്ങളുടെ കഴിഞ്ഞ കാലം മാറ്റാൻ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എങ്കിലും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നല്ല ഒരു ഭാവി ഉറപ്പാക്കുന്നതിനുവേണ്ടി പലതും ചെയ്യാൻ കഴിയും. നമ്മുടെ സ്വർഗീയപിതാവായ യഹോവ നമ്മളെ അങ്ങേയറ്റം സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ എന്താണ് ചെയ്യേണ്ടതെന്നു ബൈബിളിലൂടെ യഹോവ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകനായ മീഖയുടെ ഈ വാക്കുകൾ ശ്രദ്ധിക്കുക:
“മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്. നീതിയോടെ ജീവിക്കാനും വിശ്വസ്തതയെ പ്രിയപ്പെടാനും ദൈവത്തോടൊപ്പം എളിമയോടെ നടക്കാനും അല്ലാതെ യഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?”—മീഖ 6:8.
തന്നോടൊപ്പം നടക്കുന്നവർക്കായി യഹോവ നിത്യാനുഗ്രഹങ്ങൾ കരുതിവെച്ചിരിക്കുന്നു. യഹോവയോടൊപ്പം നടക്കാനുള്ള ഈ ക്ഷണം നിങ്ങൾ സ്വീകരിക്കുമോ? തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.