‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കുന്നവർ സന്തുഷ്ടർ
“യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.”—സങ്കീ. 144:15.
1. യഹോവയുടെ ആരാധകർ സന്തോഷമുള്ള ഒരു ജനമായിരിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
യഹോവയുടെ സാക്ഷികൾ സന്തോഷമുള്ള ഒരു ജനമാണ്. മീറ്റിങ്ങുകൾക്കും സമ്മേളനങ്ങൾക്കും സാമൂഹികകൂടിവരവുകൾക്കും വരുമ്പോഴുള്ള അവരുടെ സംസാരവും പൊട്ടിച്ചിരിയും എല്ലാം ആ സന്തോഷത്തിന്റെ തെളിവാണ്. എന്തുകൊണ്ടാണ് അവർ ഇത്ര സന്തോഷമുള്ളവരായിരിക്കുന്നത്? അതിന്റെ പ്രധാനകാരണം, ‘സന്തോഷമുള്ള ദൈവമായ’ യഹോവയെ അവർക്ക് അറിയാം എന്നതാണ്. ആ ദൈവത്തെ അവർ സേവിക്കുന്നു, അനുകരിക്കാൻ ശ്രമിക്കുന്നു. (1 തിമൊ. 1:11; സങ്കീ. 16:11) നമ്മളും സന്തോഷമുള്ളവരായിരിക്കാൻ ആ ദൈവം ആഗ്രഹിക്കുന്നു. അതിനു ദൈവം ധാരാളം കാരണങ്ങൾ നൽകുകയും ചെയ്യുന്നു.—ആവ. 12:7; സഭാ. 3:12, 13.
2, 3. (എ) സന്തോഷം എന്നാൽ എന്താണ് അർഥം? (ബി) സന്തോഷം നിലനിറുത്തുന്നതു ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
2 എന്നാൽ വ്യക്തിപരമായി നിങ്ങളുടെ കാര്യമെന്ത്? നിങ്ങൾ സന്തോഷമുള്ളവനാണോ? അതു വർധിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? “കേവല സംതൃപ്തി മുതൽ അഗാധവും അത്യന്തവുമായ ജീവിത ആസ്വാദനവും, അത് എന്നെന്നും നിലനിൽക്കണമെന്ന സ്വാഭാവിക ആഗ്രഹവും മുഖമുദ്രയായ, കുറെയൊക്കെ സ്ഥിരതയുള്ള ഒരു ക്ഷേമാവസ്ഥ” എന്നാണു സന്തോഷത്തെ നിർവചിച്ചിരിക്കുന്നത്. ബൈബിളിന്റെ വീക്ഷണത്തിൽ, യഥാർഥസന്തോഷം യഹോവയുടെ അനുഗ്രഹമുള്ള ഒരാളുടെ അവസ്ഥയാണ്. എന്നാൽ ഇന്നത്തെ ലോകത്തിൽ സന്തോഷം നിലനിറുത്താൻ ബുദ്ധിമുട്ടാണ്. എന്തുകൊണ്ട്?
3 നമ്മുടെ പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടപ്പെടുകയോ സഭയിൽനിന്ന് പുറത്താക്കുകയോ ചെയ്യുമ്പോൾ നമ്മുടെ സന്തോഷം നഷ്ടപ്പെടും. അതുപോലെ, ജോലിനഷ്ടവും കുടുംബത്തിലെ സ്വരച്ചേർച്ചയില്ലായ്മയും കുടുംബപ്രശ്നങ്ങളും വിവാഹത്തകർച്ചയും നമ്മുടെ സന്തോഷത്തെ കവർന്നെടുത്തേക്കാം. സഹപ്രവർത്തകരുടെ അല്ലെങ്കിൽ സഹപാഠികളുടെ പരിഹാസവും മതത്തിന്റെ പേരിലുള്ള ഉപദ്രവങ്ങളും ജയിൽവാസവും ഒക്കെ സന്തോഷം നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങളാണ്. ദിവസം ചെല്ലുംതോറും മോശമായിവരുന്ന ആരോഗ്യവും വിട്ടുമാറാത്ത രോഗവും വിഷാദവും മറ്റു ചില കാര്യങ്ങളാണ്. എന്നാൽ, ‘സന്തോഷമുള്ള ഒരേ ഒരു ശ്രേഷ്ഠാധിപതിയായ’ യേശുക്രിസ്തു ആളുകൾക്കു സന്തോഷവും ആശ്വാസവും നൽകാൻ വളരെയധികം ആഗ്രഹിക്കുന്നു. (1 തിമൊ. 6:15; മത്താ. 11:28-30) സാത്താന്റെ ലോകത്തിലെ കടുത്ത പരിശോധനകൾ നേരിടുമ്പോഴും സന്തോഷം നിലനിറുത്താൻ സഹായിക്കുന്ന ചില ഗുണങ്ങളെക്കുറിച്ച് യേശു ഗിരിപ്രഭാഷണത്തിൽ പറയുകയുണ്ടായി.
ആത്മീയമായി ശക്തരായിരിക്കുക—സന്തോഷത്തിന്റെ അടിസ്ഥാനം
4, 5. നമുക്ക് എങ്ങനെ സന്തോഷം നേടാം, അതു നിലനിറുത്താം?
4 യേശു ആദ്യം പറഞ്ഞ ഈ കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്.” (മത്താ. 5:3) ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം? അതിന്, ആത്മീയഭക്ഷണം കഴിക്കുകയും ആത്മീയമൂല്യങ്ങളെ വിലമതിക്കുകയും ജീവിതത്തിൽ സന്തോഷമുള്ള ദൈവത്തെ ആരാധിക്കുന്നതിനു മുഖ്യസ്ഥാനം കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നെങ്കിൽ നമ്മുടെ സന്തോഷം വർധിക്കും. മാത്രമല്ല, ഉടൻതന്നെ നിറവേറാൻപോകുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടും. ബൈബിൾ നൽകുന്ന “സന്തോഷമേകുന്ന പ്രത്യാശ” പ്രശ്നങ്ങളുടെ മധ്യേ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും.—തീത്തോ. 2:13.
5 നിലനിൽക്കുന്ന സന്തോഷം കണ്ടെത്തുന്നതിന് യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തേ മതിയാകൂ. അപ്പോസ്തലനായ പൗലോസ് എഴുതി: “കർത്താവിൽ എപ്പോഴും സന്തോഷിക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുക!” (ഫിലി. 4:4) അത്തരം ഒരു അമൂല്യമായ ബന്ധം ആസ്വദിക്കുന്നതിനു നമ്മൾ ദൈവികജ്ഞാനം നേടിയെടുക്കണം. ദൈവവചനം പറയുന്നു: “ജ്ഞാനം നേടുകയും വകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. അതു കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷമായിരിക്കും; അതിനെ മുറുകെ പിടിക്കുന്നവർ സന്തുഷ്ടർ എന്ന് അറിയപ്പെടും.”—സുഭാ. 3:13, 18.
6. നിലനിൽക്കുന്ന സന്തോഷത്തിന്റെ താക്കോൽ എന്താണ്?
6 എന്നാൽ നമ്മുടെ സന്തോഷം ചിരകാലം നിലനിൽക്കണമെങ്കിൽ ദൈവവചനം വായിച്ചാൽ മാത്രം പോരാ, അതു ബാധകമാക്കുകയും വേണം. നമ്മൾ പഠിക്കുന്നതു ജീവിതത്തിലേക്കു പകർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് യേശു പറഞ്ഞു: “ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.” (യോഹ. 13:17; യാക്കോബ് 1:25 വായിക്കുക.) ആത്മീയാവശ്യം തൃപ്തിപ്പെടുത്തുന്നതിനും എന്നും സന്തോഷമുള്ളവരായിരിക്കുന്നതിനും ഉള്ള താക്കോൽ ഇതാണ്. എന്നാൽ സന്തോഷം കവർന്നെടുക്കുന്ന അനേകം കാര്യങ്ങളുള്ളപ്പോൾ നമുക്ക് എങ്ങനെ സന്തുഷ്ടരായിരിക്കാൻ കഴിയും? ഗിരിപ്രഭാഷണത്തിൽ യേശു അടുത്തതായി പറഞ്ഞ കാര്യം നമുക്കു ശ്രദ്ധിക്കാം.
സന്തോഷം വർധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ
7. ദുഃഖിക്കുന്നവർക്ക് എങ്ങനെ സന്തുഷ്ടരായിരിക്കാൻ കഴിയും?
7 “ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക് ആശ്വാസം കിട്ടും.” (മത്താ. 5:4) ‘ദുഃഖിക്കുന്നവർ സന്തുഷ്ടരോ, അത് എങ്ങനെ സാധിക്കും’ എന്നു ചിലർ ചിന്തിച്ചേക്കാം. പലപല കാര്യങ്ങളെ ചൊല്ലി ദുഃഖിക്കുന്ന എല്ലാവരെയുമല്ല ഇതു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്. ദുഷ്ടരായ ആളുകൾപോലും ‘ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങളിലെ’ കഷ്ടപ്പാടു നിമിത്തം ദുഃഖിക്കാറുണ്ട്. (2 തിമൊ. 3:1) പക്ഷേ ആ ദുഃഖം തങ്ങളുടെ മോശമായ അവസ്ഥയെക്കുറിച്ച് മാത്രം ഓർത്താണ്. അത് അവരെ യഹോവയോട് അടുപ്പിക്കുകയില്ല, അതുകൊണ്ട് ആ ദുഃഖം അവർക്കു സന്തോഷം നേടിക്കൊടുക്കില്ല. യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, ആത്മീയകാര്യങ്ങളോടു ദാഹമുള്ള, ഈ ലോകത്തിന്റെ ശോചനീയമായ ആത്മീയാവസ്ഥ ഓർത്ത് ദുഃഖിക്കുന്ന ആളുകളായിരുന്നിരിക്കണം. അങ്ങനെയുള്ളവർ സ്വന്തം പാപാവസ്ഥ തിരിച്ചറിയുന്നു, മനുഷ്യരുടെ അപൂർണതകൊണ്ടാണു ഹൃദയഭേദകമായ സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അവർ മനസ്സിലാക്കുന്നു. ഇങ്ങനെ ആത്മാർഥമായി ദുഃഖിക്കുന്നവരെ യഹോവ ശ്രദ്ധിക്കുന്നു, അവർക്കു സന്തോഷം കൊടുക്കുന്നു, ദൈവവചനത്തിലൂടെ സാന്ത്വനവും ആശ്വാസവും പകരുന്നു. ഭാവിയിൽ നിത്യജീവൻ നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്യും.—യഹസ്കേൽ 5:11; 9:4 വായിക്കുക.
8. സൗമ്യതയുള്ളവരായിരിക്കുന്നതും സന്തോഷവും തമ്മിലുള്ള ബന്ധം എന്താണ്? വിശദീകരിക്കുക.
8 “സൗമ്യരായവർ സന്തുഷ്ടർ; കാരണം അവർ ഭൂമി അവകാശമാക്കും.” (മത്താ. 5:5) സൗമ്യതയുള്ളവരായിരിക്കുന്നതും സന്തോഷവും തമ്മിലുള്ള ബന്ധം എന്താണ്? സത്യത്തെക്കുറിച്ചുള്ള ശരിയായ അറിവ് നേടുമ്പോൾ വ്യക്തികളിൽ മാറ്റങ്ങൾ വരും. ഒരു കാലത്ത് അവർ മയമില്ലാത്തവരും വഴക്കടിക്കുന്നവരും അക്രമസ്വഭാവമുള്ളവരും ആയിരുന്നു. എന്നാൽ ഇപ്പോൾ അവർ “പുതിയ വ്യക്തിത്വം” ധരിച്ചിരിക്കുന്നു, “ആർദ്രപ്രിയം, അനുകമ്പ, ദയ, താഴ്മ, സൗമ്യത, ക്ഷമ” തുടങ്ങിയ ഗുണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. (കൊലോ. 3:9-12) ഫലമോ? അവർ ഇപ്പോൾത്തന്നെ സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആസ്വദിക്കുന്നു. മാത്രമല്ല, അവർ “ഭൂമി അവകാശമാക്കും” എന്നും ദൈവത്തിന്റെ വചനം വാഗ്ദാനം ചെയ്യുന്നു.—സങ്കീ. 37:8-10, 29.
9. (എ) സൗമ്യരായവർ “ഭൂമി അവകാശമാക്കും” എന്നു പറയുന്നത് ഏത് അർഥത്തിലാണ്? (ബി) ‘നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്ക്’ സന്തുഷ്ടരായിരിക്കാൻ കഴിയുന്നത് എങ്ങനെ?
9 സൗമ്യരായവർ “ഭൂമി അവകാശമാക്കും” എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്? യേശുവിന്റെ ആത്മാഭിഷിക്തരായ അനുഗാമികൾ ഈ ഭൂമിയുടെ മേൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി ഭരിക്കുമ്പോൾ അവർ ഭൂമി അവകാശമാക്കും. (വെളി. 20:6) സ്വർഗീയവിളിയില്ലാത്ത ലക്ഷക്കണക്കിന് ആളുകളുടെ കാര്യമോ? പൂർണരായി, സന്തോഷത്തോടെയും സമാധാനത്തോടെയും എന്നെന്നും ഈ ഭൂമിയിൽ ജീവിക്കാൻ അവരെ അനുവദിക്കും. ആ അർഥത്തിൽ അവർ ഭൂമി അവകാശമാക്കും. ഈ രണ്ടു കൂട്ടരെയും കുറിച്ചുതന്നെയാണ് “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടർ” എന്നു യേശു പറഞ്ഞത്. (മത്താ. 5:6) നീതിക്കായുള്ള അവരുടെ ‘വിശപ്പും ദാഹവും’ പുതിയ ലോകത്തിൽ പൂർണമായും തൃപ്തിപ്പെടും. (2 പത്രോ. 3:13) ദൈവം ദുഷ്ടത പൂർണമായും ഇല്ലാതാക്കുമ്പോൾ നീതിമാന്മാരായ ആളുകളുടെ സന്തോഷത്തിന്, നിയമരാഹിത്യമോ അനീതിയോ ഒന്നും പിന്നെയൊരിക്കലും ഒരു ഭീഷണിയാകില്ല.—സങ്കീ. 37:17.
10. കരുണ കാണിക്കുക എന്നതിന്റെ അർഥം എന്താണ്?
10 “കരുണ കാണിക്കുന്നവർ സന്തുഷ്ടർ; കാരണം അവരോടും കരുണ കാണിക്കും.” (മത്താ. 5:7) കരുണയോടു ബന്ധപ്പെട്ട എബ്രായക്രിയാപദത്തിന്, “മൃദുലവികാരങ്ങളാൽ ഹൃദയം തുടിക്കുക, . . . അനുകമ്പയുള്ളവരായിരിക്കുക” എന്നൊക്കെ അർഥമുണ്ട്. സമാനമായി, ഗ്രീക്കുക്രിയാപദത്തിനു മറ്റൊരാളോടു സഹാനുഭൂതി തോന്നുക എന്ന അർഥമാണുള്ളത്. എന്നാൽ കരുണ എന്നത് ആർദ്രമായ ഒരു വികാരം മാത്രമല്ല. ബൈബിളിൽ ആ വാക്കു കരുണ തോന്നി ചെയ്യുന്ന പ്രവർത്തനത്തെയും അർഥമാക്കുന്നു.
11. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തത്തിൽനിന്ന് കരുണ കാണിക്കുന്നതിനെക്കുറിച്ച് എന്തു പഠിക്കാം?
11 ലൂക്കോസ് 10:30-37 വായിക്കുക. യേശു പറഞ്ഞ നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ, കരുണയുടെ അർഥം എന്താണെന്നു വ്യക്തമായി വരച്ചുകാട്ടുന്നു. മുറിവേറ്റ് കിടന്ന മനുഷ്യന്റെ അവസ്ഥ കണ്ട് ആ ശമര്യക്കാരന് അനുകമ്പയും സഹാനുഭൂതിയും തോന്നുക മാത്രമല്ല, അയാൾക്കു വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. ആ ദൃഷ്ടാന്തകഥ പറഞ്ഞശേഷം, “താങ്കളും പോയി അങ്ങനെതന്നെ ചെയ്യുക” എന്നു യേശു പറഞ്ഞു. അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ അങ്ങനെതന്നെ ചെയ്യുന്നുണ്ടോ, അനുകമ്പയുള്ള ആ ശമര്യക്കാരൻ ചെയ്തതുപോലെ? കഷ്ടപ്പാട് അനുഭവിക്കുന്ന ആളുകളെ സഹായിച്ചുകൊണ്ട് ഞാൻ കരുണ കാണിക്കുന്നുണ്ടോ? ഈ കാര്യത്തിൽ ഞാൻ പുരോഗമിക്കേണ്ടതുണ്ടോ? പ്രായമായ സഹോദരങ്ങൾക്കും വിധവമാർക്കും മാതാപിതാക്കൾ സത്യത്തിലില്ലാത്ത കുട്ടികൾക്കും വേണ്ട സഹായം ഞാൻ കൊടുക്കുന്നുണ്ടോ? “വിഷാദിച്ചിരിക്കുന്നവരോട് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കാൻ” എനിക്കു മുൻകൈയെടുക്കാൻ കഴിയുമോ?’—1 തെസ്സ. 5:14; യാക്കോ. 1:27.
12. കരുണ കാണിക്കുന്നതു സന്തോഷം കണ്ടെത്താൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
12 കരുണ കാണിക്കുന്നതിലൂടെ നമുക്ക് എങ്ങനെ സന്തോഷം ലഭിക്കും? നമ്മൾ മറ്റുള്ളവരോടു കരുണ കാണിക്കുമ്പോൾ കൊടുക്കുന്നതിന്റെ സന്തോഷം നമുക്കു കിട്ടും. കൂടാതെ, അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെ പ്രസാദിപ്പിക്കുകയാണ്, ആ അറിവും സന്തോഷം തരും. (പ്രവൃ. 20:35; എബ്രായർ 13:16 വായിക്കുക.) മറ്റുള്ളവരോടു കരുണ കാണിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “ജീവന് ആപത്തൊന്നും വരാതെ യഹോവ അവനെ കാക്കും. ഭൂമിയിലെങ്ങും അവൻ സന്തുഷ്ടനെന്ന് അറിയപ്പെടും.” (സങ്കീ. 41:1, 2) മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ യഹോവയുടെ കരുണ നമുക്കു ലഭിക്കും. നിത്യസന്തോഷം ആസ്വദിക്കുന്നതിലേക്ക് അതു നയിക്കും.—യാക്കോ. 2:13.
“ഹൃദയശുദ്ധിയുള്ളവർ” സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
13, 14. ‘ഹൃദയശുദ്ധിയുള്ളവർക്ക്’ സന്തോഷിക്കാവുന്നത് എന്തുകൊണ്ട്?
13 യേശു പറഞ്ഞു: “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ; കാരണം അവർ ദൈവത്തെ കാണും.” (മത്താ. 5:8) ഹൃദയം ശുദ്ധമായി സൂക്ഷിക്കുന്നതിനു നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും ആഗ്രഹങ്ങളും ശുദ്ധിയുള്ളതായിരിക്കണം, നമുക്കു തോന്നുന്ന സ്നേഹം നിർമലമായിരിക്കണം. അതാണു കറ പുരളാത്ത ദൈവഭക്തി.—2 കൊരിന്ത്യർ 4:2 വായിക്കുക; 1 തിമൊ. 1:5.
14 ഹൃദയശുദ്ധിയുള്ളവർക്ക് യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു നിലയുണ്ടായിരിക്കും. യഹോവതന്നെ ഇങ്ങനെ പ്രഖ്യാപിച്ചിരിക്കുന്നു:“തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നവർ സന്തുഷ്ടർ.” (വെളി. 22:14) ഏത് അർഥത്തിലാണ് അവർ ‘തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നത്?’ അഭിഷിക്തക്രിസ്ത്യാനികളുടെ കാര്യത്തിൽ അവർ യഹോവയുടെ കണ്ണുകളിൽ ശുദ്ധിയുള്ളവരാണ്, അവർക്ക് അമർത്യജീവൻ ലഭിക്കും, സ്വർഗത്തിൽ അവർ അനന്തകാലത്തേക്കു സന്തോഷം ആസ്വദിക്കും. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള മഹാപുരുഷാരത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സുഹൃത്തുക്കളെന്ന നിലയിൽ ദൈവമുമ്പാകെ അവർക്കു നീതിയുള്ള നിലയുണ്ട്. അവർ ‘കുഞ്ഞാടിന്റെ രക്തത്തിൽ അവരുടെ വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു.’—വെളി. 7:9, 13, 14.
15, 16. ഹൃദയശുദ്ധിയുള്ളവർ എങ്ങനെയാണു ‘ദൈവത്തെ കാണുന്നത്?’
15 ദൈവത്തെ ‘കണ്ടിട്ട് ഒരു മനുഷ്യനും ജീവനോടിരിക്കാത്ത’ സ്ഥിതിക്ക് ഹൃദയശുദ്ധിയുള്ളവർ എങ്ങനെയാണു ‘ദൈവത്തെ കാണുന്നത്?’ (പുറ. 33:20) “കാണുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന് “മനസ്സുകൊണ്ട് കാണുക, ഗ്രഹിക്കുക, അറിയുക” എന്നൊക്കെ അർഥമുണ്ട്. അതെ, ‘ഹൃദയത്തിന്റെ കണ്ണുകൾകൊണ്ടാണ്’ അവർ ദൈവത്തെ കാണുന്നത്. ദൈവത്തെ യഥാർഥമായി അറിയാനിടയാകുകയും ദൈവത്തിന്റെ ഗുണങ്ങളെ വിലമതിക്കുകയും ചെയ്യുമ്പോഴാണ് അവർക്ക് അതു സാധിക്കുന്നത്. (എഫെ. 1:18) യേശു ദൈവത്തിന്റെ വ്യക്തിത്വത്തെ പൂർണമായും പ്രതിഫലിപ്പിച്ചു. അതുകൊണ്ട് യേശുവിന്, “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു പറയാൻ കഴിഞ്ഞു.—യോഹ. 14:7-9.
16 ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് അറിയുന്നതു കൂടാതെ, ദൈവം തങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വിധം നിരീക്ഷിച്ചുകൊണ്ടും സത്യാരാധകർക്കു ‘ദൈവത്തെ കാണാൻ’ കഴിയും. (ഇയ്യോ. 42:5) ഹൃദയശുദ്ധിയുള്ളവരായിരിക്കാനും ദൈവത്തെ വിശ്വസ്തമായി സേവിക്കാനും കഠിനമായി ശ്രമിക്കുന്നവർക്കുവേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന വലിയ അനുഗ്രഹങ്ങളിൽ അവർ തങ്ങളുടെ ‘ഹൃദയത്തിന്റെ കണ്ണുകൾ’ ഉറപ്പിക്കുന്നു. പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർ അവരുടെ സ്വർഗീയപ്രതിഫലം പ്രാപിക്കുമ്പോൾ അക്ഷരീയമായിത്തന്നെ യഹോവയെ കാണും.—1 യോഹ. 3:2.
പ്രശ്നങ്ങളുടെ മധ്യേയും സന്തുഷ്ടർ
17. സമാധാനം ഉണ്ടാക്കുന്നവർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
17 അടുത്തതായി യേശു പറഞ്ഞു: “സമാധാനം ഉണ്ടാക്കുന്നവർ സന്തുഷ്ടർ.” (മത്താ. 5:9) സമാധാനം ഉണ്ടാക്കാൻ മുൻകൈയെടുക്കുന്നവർക്കു സന്തുഷ്ടരായിരിക്കാൻ കഴിയും. ശിഷ്യനായ യാക്കോബ് എഴുതി: “സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി നീതിയുടെ ഫലം വിതയ്ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്.” (യാക്കോ. 3:18) സഭയിലെയോ കുടുംബത്തിലെയോ ആരെങ്കിലുമായി നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കുന്നവരാകാൻ നമുക്കു ദൈവത്തോടു യാചിക്കാൻ കഴിയും. അപ്പോൾ യഹോവ പരിശുദ്ധാത്മാവിനെ നമുക്കു തരും, അതു ക്രിസ്തീയഗുണങ്ങൾ കാണിക്കാൻ നമ്മളെ സഹായിക്കും, അങ്ങനെ നമുക്കു സന്തോഷം ലഭിക്കും. സമാധാനം ഉണ്ടാക്കുന്നതിനു മുൻകൈയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു ഇങ്ങനെ ഊന്നിപ്പറഞ്ഞു: “നീ കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ. നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്ച അർപ്പിക്കുക.”—മത്താ. 5:23, 24.
18, 19. ഉപദ്രവം നേരിടുമ്പോഴും ക്രിസ്ത്യാനികൾ സന്തോഷിക്കുന്നത് എന്തുകൊണ്ട്?
18 “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച് പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.” ഇവിടെ യേശു എന്താണ് അർഥമാക്കിയത്? യേശു തുടർന്നുപറഞ്ഞു: “സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.” (മത്താ. 5:11, 12) അപ്പോസ്തലന്മാരെ അടിക്കുകയും പ്രസംഗപ്രവർത്തനം നിറുത്താൻ ആജ്ഞാപിക്കുകയും ചെയ്തപ്പോൾ “സന്തോഷിച്ചുകൊണ്ട് അവർ സൻഹെദ്രിന്റെ മുന്നിൽനിന്ന് പോയി.” അടിയുടെ വേദനയല്ല അവർക്കു സന്തോഷം കൊടുത്തത്. പകരം, “യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ” ആണ് അവർ സന്തോഷിച്ചത്.—പ്രവൃ. 5:41.
19 ഇക്കാലത്തും, ബുദ്ധിമുട്ടേറിയ പരിശോധനകൾ നേരിടുമ്പോഴും യേശുവിന്റെ പേരിനുവേണ്ടി ഉപദ്രവം നേരിടുമ്പോഴും യഹോവയുടെ ജനം സന്തോഷത്തോടെ സഹിച്ചുനിൽക്കുന്നു. (യാക്കോബ് 1:2-4 വായിക്കുക.) അപ്പോസ്തലന്മാരുടെ കാര്യത്തിലെന്നപോലെ കഷ്ടപ്പാടുകൾ അതിൽത്തന്നെ നമുക്കു സന്തോഷം തരുന്നില്ല. പക്ഷേ പരിശോധനകൾ ഉണ്ടാകുമ്പോൾ ദൈവത്തോടു വിശ്വസ്തത പുലർത്തുകയാണെങ്കിൽ ധൈര്യത്തോടെ സഹിച്ചുനിൽക്കാൻ യഹോവയ്ക്കു നമ്മളെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, 1944 ആഗസ്റ്റിൽ ഹെൻറിക് ഡോർനിക് സഹോദരനെയും അദ്ദേഹത്തിന്റെ ചേട്ടനെയും ഒരു ഏകാധിപത്യഭരണകൂടം തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. എന്നാൽ ശത്രുക്കൾ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “എന്തെങ്കിലും ചെയ്യാൻ ഇവരെക്കൊണ്ട് സമ്മതിപ്പിക്കുക അസാധ്യമാണ്. ഉപദ്രവം അനുഭവിക്കേണ്ടിവന്നാലും അവർക്ക് അതിൽ സന്തോഷമേയുള്ളൂ.” ഹെൻറിക് സഹോദരൻ വിശദീകരിച്ചു: “ഒരു രക്തസാക്ഷിയാകാൻ എനിക്കു താത്പര്യമില്ലായിരുന്നെങ്കിലും യഹോവയോടുള്ള വിശ്വസ്തത കാക്കാൻ ധീരതയോടെയും അന്തസ്സോടെയും കഷ്ടം സഹിക്കുന്നതിന് എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. . . . ഹൃദയംഗമമായ പ്രാർഥന യഹോവയുമായി കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചു, അവിടുന്ന് എന്റെ ആശ്രയയോഗ്യനായ സഹായിയെന്നു തെളിയുകയും ചെയ്തു.”
20. ‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കുന്നതു നമുക്കു സന്തോഷം തരുന്നത് എന്തുകൊണ്ട്?
20 “സന്തോഷമുള്ള ദൈവം” തന്റെ അംഗീകാരത്തിന്റെ മന്ദസ്മിതം തൂകുമ്പോൾ, മതപരമായ പീഡനമോ വീട്ടിൽനിന്നുള്ള എതിർപ്പോ രോഗമോ പ്രായാധിക്യമോ എന്തൊക്കെ നേരിട്ടാലും നമുക്കു സന്തോഷിക്കാൻ കഴിയും. (1 തിമൊ. 1:11) “നുണ പറയാൻ കഴിയാത്ത” ദൈവത്തിന്റെ വിലയേറിയ വാഗ്ദാനങ്ങളും നമുക്കു സന്തോഷിക്കാനുള്ള കാരണങ്ങളാണ്. (തീത്തോ. 1:2) യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തി നമ്മൾ ആസ്വദിക്കുമ്പോൾ ഇപ്പോഴത്തെ കഷ്ടപ്പാടുകളും പരിശോധനകളും എല്ലാം നമ്മൾ മറന്നുപോകും, അത്ര മനോഹരമായിരിക്കും ആ സമയം! വരാൻപോകുന്ന പറുദീസയിലെ അനുഗ്രഹങ്ങൾ നമ്മുടെ എല്ലാ സങ്കൽപ്പങ്ങളെയും കടത്തിവെട്ടുന്നതായിരിക്കും. തീർച്ചയായും മുമ്പൊരിക്കലും അനുഭവിച്ചറിയാത്ത സന്തോഷം നമ്മൾ അന്ന് ആസ്വദിക്കും. അതെ, നമ്മൾ “സമാധാനസമൃദ്ധിയിൽ . . . അത്യധികം ആനന്ദിക്കും.”—സങ്കീ. 37:11.