പഠനലേഖനം 2
സഭാമധ്യേ യഹോവയെ സ്തുതിക്കുക
“സഭാമധ്യേ ഞാൻ അങ്ങയെ സ്തുതിക്കും.”—സങ്കീ. 22:22.
ഗീതം 59 എന്നോടൊപ്പം യാഹിനെ സ്തുതിപ്പിൻ!
പൂർവാവലോകനംa
1. യഹോവയെക്കുറിച്ച് ദാവീദിന് എന്താണു തോന്നിയത്, അത് എന്തു ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു?
“യഹോവ മഹാൻ, സ്തുതിക്ക് ഏറ്റവും യോഗ്യൻ” എന്നു ദാവീദ് രാജാവ് എഴുതി. (സങ്കീ. 145:3) ദാവീദ് യഹോവയെ സ്നേഹിച്ചു. ആ സ്നേഹം “സഭാമധ്യേ” ദൈവത്തെ സ്തുതിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. (സങ്കീ. 22:22; 40:5) നിങ്ങളും യഹോവയെ സ്നേഹിക്കുന്നുണ്ടെന്നതിൽ സംശയമില്ല. ഉറപ്പായും ദാവീദിന്റെ ഈ വാക്കുകളോടു നിങ്ങളും യോജിക്കും: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നിത്യതയിലെന്നും വാഴ്ത്തപ്പെടട്ടെ.”—1 ദിന. 29:10-13.
2. (എ) നമുക്ക് എങ്ങനെ യഹോവയെ സ്തുതിക്കാം? (ബി) ചിലർ ഏതു പ്രശ്നം നേരിടുന്നു, നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
2 ഇക്കാലത്ത്, ക്രിസ്തീയയോഗങ്ങളിൽ ഉത്തരം പറയുന്നതാണ് യഹോവയെ സ്തുതിക്കാനുള്ള ഒരു മാർഗം. എന്നാൽ നമ്മുടെ ചില സഹോദരീസഹോദരന്മാർക്ക് ഇതു ശരിക്കും ഒരു പ്രശ്നമാണ്. അവർക്കു മീറ്റിങ്ങുകളിൽ ഉത്തരം പറയണമെന്നുണ്ട്, പക്ഷേ പേടി കാരണം അതിനു കഴിയുന്നില്ല. ഈ പേടി അവർക്ക് എങ്ങനെ മറികടക്കാം? പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ പറയാൻ പ്രായോഗികമായ ഏതു നിർദേശങ്ങൾ നമ്മളെ എല്ലാവരെയും സഹായിക്കും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടുപിടിക്കുന്നതിനു മുമ്പ്, മീറ്റിങ്ങുകളിൽ ഉത്തരം പറയേണ്ടതിന്റെ നാലു പ്രധാനപ്പെട്ട കാരണങ്ങൾ നമുക്ക് ഒന്നു പുനരവലോകനം ചെയ്യാം.
മീറ്റിങ്ങുകളിൽ ഉത്തരം പറയേണ്ടത് എന്തുകൊണ്ട്?
3-5. (എ) മീറ്റിങ്ങുകളിൽ അഭിപ്രായം പറയേണ്ടതിന്റെ എന്തു കാരണമാണ് എബ്രായർ 13:15 നൽകുന്നത്? (ബി) നമ്മൾ എല്ലാവരും ഒരേ തരത്തിലുള്ള ഉത്തരം പറയണമെന്നു നിർബന്ധമുണ്ടോ? വിശദീകരിക്കുക.
3 യഹോവ നമുക്ക് ഓരോരുത്തർക്കും തന്നെ സ്തുതിക്കാനുള്ള പദവി തന്നിട്ടുണ്ട്. (സങ്കീ. 119:108) മീറ്റിങ്ങുകളിൽ നമ്മൾ പറയുന്ന ഉത്തരങ്ങൾ “സ്തുതികളാകുന്ന ബലി”യുടെ ഭാഗമാണ്. നമുക്കുവേണ്ടി ആ ബലി അർപ്പിക്കാൻ മറ്റാർക്കും കഴിയില്ല. (എബ്രായർ 13:15 വായിക്കുക.) നമ്മൾ ഓരോരുത്തരിൽനിന്നും യഹോവ ഒരേ തരത്തിലുള്ള ബലി അതായത്, ഉത്തരങ്ങൾ ആണോ പ്രതീക്ഷിക്കുന്നത്? അല്ല, ഒരിക്കലുമല്ല.
4 നമ്മുടെ പ്രാപ്തികളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് യഹോവയ്ക്ക് അറിയാം. കഴിവുപോലെ നമ്മൾ അർപ്പിക്കുന്ന യാഗങ്ങൾ യഹോവ വളരെയധികം വിലമതിക്കുന്നു. ഇസ്രായേല്യരിൽനിന്ന് യഹോവ സ്വീകരിച്ച ബലികളെക്കുറിച്ച് ചിന്തിക്കുക. ചില ഇസ്രായേല്യർക്ക് ഒരു ചെമ്മരിയാട്ടിൻകുട്ടിയെയോ കോലാടിനെയോ അർപ്പിക്കുന്നതിനുള്ള ശേഷിയുണ്ടായിരുന്നു. എന്നാൽ ദരിദ്രനായ ഒരു ഇസ്രായേല്യനു “രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ” അർപ്പിക്കാമെന്നു നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഒരു ഇസ്രായേല്യന് അതിനും വകയില്ലെങ്കിൽ, “ഒരു ഏഫായുടെ പത്തിലൊന്ന് അളവ് നേർത്ത ധാന്യപ്പൊടി” യഹോവ സ്വീകരിച്ചിരുന്നു. (ലേവ്യ 5:7, 11) ധാന്യപ്പൊടി വലിയ ചെലവില്ലാത്ത വസ്തുവായിരുന്നു. പക്ഷേ യഹോവ ആ ബലിയും വിലമതിച്ചിരുന്നു, അതു ‘നേർത്തതായിരിക്കണമെന്ന്’ മാത്രം.
5 കാരുണ്യവാനായ നമ്മുടെ ദൈവത്തിന് ഇന്നും മാറ്റമില്ല. അഭിപ്രായങ്ങൾ പറയുമ്പോൾ നമ്മൾ അപ്പൊല്ലോസിനെപ്പോലെ വാക്ചാതുര്യത്തോടെയോ പൗലോസിനെപ്പോലെ ബോധ്യം വരുത്തുന്ന രീതിയിലോ വേണമെന്ന് യഹോവ പറയുന്നില്ല. (പ്രവൃ. 18:24; 19:8) നമുക്കു പറയാൻ കഴിയുന്ന ഏറ്റവും നല്ല ഉത്തരങ്ങൾ പറയാനേ യഹോവ പ്രതീക്ഷിക്കുന്നുള്ളൂ. നമ്മുടെ കഴിവിന് അപ്പുറം യഹോവ നമ്മളോട് ഒന്നും ആവശ്യപ്പെടുന്നില്ല. മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇട്ട വിധവയുടെ കാര്യം ഓർക്കുക. തന്നെക്കൊണ്ട് കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി ആ വിധവ യഹോവയ്ക്കു കൊടുത്തു. അതുകൊണ്ട് ആ വിധവ യഹോവയുടെ കണ്ണിൽ പ്രിയപ്പെട്ടവളായി.—ലൂക്കോ. 21:1-4.
6. (എ) എബ്രായർ 10:24, 25 പറയുന്നതുപോലെ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതു നമ്മളെ എങ്ങനെ സ്വാധീനിക്കും? (ബി) പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ ആരെങ്കിലും പറയുമ്പോൾ, എങ്ങനെ വിലമതിപ്പു കാണിക്കാം?
6 അഭിപ്രായങ്ങൾ പറയുമ്പോൾ നമ്മൾ പരസ്പരം പ്രോത്സാഹിപ്പിക്കുകയാണ്. (എബ്രായർ 10:24, 25 വായിക്കുക.) മീറ്റിങ്ങുകളിൽ വ്യത്യസ്തതരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കുന്നതു നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. ഒരു കൊച്ചുകുട്ടി ഹൃദയത്തിൽനിന്ന് പറയുന്ന ലളിതമായ ഉത്തരങ്ങൾ കേൾക്കുന്നതു നമുക്ക് ഇഷ്ടമല്ലേ? താൻ പുതുതായി കണ്ടെത്തിയ ഒരു ആശയം പറയുന്ന ഒരു സഹോദരന്റെയോ സഹോദരിയുടെയോ വാക്കുകളിലെ ആവേശം നമ്മളെ പ്രോത്സാഹിപ്പിക്കില്ലേ? പേടി കാരണം മടിച്ചുനിൽക്കുന്നവരോ നമ്മുടെ ഭാഷ പഠിച്ചുതുടങ്ങിയിട്ടുള്ളവരോ “ധൈര്യമാർജിച്ച്” ഉത്തരങ്ങൾ പറയുമ്പോൾ അവരോടു നമുക്കു മതിപ്പു തോന്നില്ലേ? (1 തെസ്സ. 2:2) അവരുടെ ശ്രമം വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം? പ്രോത്സാഹനം പകർന്ന അഭിപ്രായം പറഞ്ഞതിന്, മീറ്റിങ്ങിനു ശേഷം നമുക്ക് അവരോടു നന്ദി പറയാം. മറ്റൊന്ന്, നമ്മൾതന്നെ അഭിപ്രായം പറയുന്നതാണ്. അപ്പോൾ മീറ്റിങ്ങുകളിൽ പ്രോത്സാഹനം സ്വീകരിക്കുക മാത്രമല്ല, പ്രോത്സാഹനം കൊടുക്കാനും നമുക്കു കഴിയും.—റോമ. 1:11, 12.
7. അഭിപ്രായം പറയുന്നതു നമുക്കുതന്നെ ഗുണം ചെയ്യുന്നത് എങ്ങനെ?
7 ഉത്തരം പറയുന്നതു നമുക്കുതന്നെ ഗുണം ചെയ്യും. (യശ. 48:17) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒന്നാമത്, അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നെങ്കിൽ മീറ്റിങ്ങിനു നന്നായി തയ്യാറാകാൻ നമുക്കു തോന്നും. നന്നായി തയ്യാറാകുമ്പോൾ, ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർധിക്കും. അറിവ് വർധിക്കുന്നതിനനുസരിച്ച് പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നമുക്കു കഴിയും. രണ്ടാമത്, അഭിപ്രായങ്ങൾ പറഞ്ഞ് ചർച്ചയിൽ പങ്കെടുക്കുന്നതുകൊണ്ട് മീറ്റിങ്ങ് നമുക്കു വിരസമായി തോന്നുകയില്ല. മൂന്നാമത്, അഭിപ്രായം പറയുന്നതിനു നല്ല ശ്രമം ആവശ്യമായതുകൊണ്ട് മീറ്റിങ്ങ് കഴിഞ്ഞാലും ആ അഭിപ്രായങ്ങൾ നമ്മൾ ഓർത്തിരിക്കാറുണ്ട്.
8-9. (എ) മലാഖി 3:16-ന്റെ അടിസ്ഥാനത്തിൽ, നമ്മൾ പറയുന്ന അഭിപ്രായങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നും എന്നാണു നിങ്ങൾ കരുതുന്നത്? (ബി) അപ്പോഴും ചിലർ എന്തു ബുദ്ധിമുട്ട് അനുഭവിക്കുന്നു?
8 വിശ്വാസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ യഹോവയെ സന്തോഷിപ്പിക്കുകയാണ്. ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: യഹോവ നമ്മൾ പറയുന്നതു ശ്രദ്ധിക്കുന്നുണ്ട്, അഭിപ്രായം പറയാൻ നടത്തുന്ന ശ്രമങ്ങൾ ആഴമായി വിലമതിക്കുന്നുണ്ട്. (മലാഖി 3:16 വായിക്കുക.) യഹോവയെ സന്തോഷിപ്പിക്കാൻ കഠിനശ്രമം ചെയ്യുമ്പോൾ നമ്മളെ അനുഗ്രഹിച്ചുകൊണ്ട് യഹോവ തന്റെ അംഗീകാരം പ്രകടമാക്കും.—മലാ. 3:10.
9 ചുരുക്കത്തിൽ, മീറ്റിങ്ങുകളിൽ ഉത്തരം പറയാൻ നമുക്കു നിരവധി കാരണങ്ങളുണ്ട്. എങ്കിലും ചിലർക്കു മീറ്റിങ്ങുകളിൽ കൈ പൊക്കാൻ പേടി തോന്നിയേക്കാം. നിങ്ങൾക്ക് അങ്ങനെ തോന്നാറുണ്ടെങ്കിൽ, വിഷമിക്കേണ്ടാ. നമുക്കു ചില ബൈബിൾതത്ത്വങ്ങളും ബൈബിളിലെ ചില ഉദാഹരണങ്ങളും സഹായകമായ ചില നിർദേശങ്ങളും പരിശോധിക്കാം. മീറ്റിങ്ങുകളിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ ഇതു നമ്മളെ എല്ലാവരെയും സഹായിക്കും.
ഭയത്തെ മറികടക്കാൻ
10. (എ) എന്തു ചെയ്യാൻ നമുക്ക് എല്ലാവർക്കുംതന്നെ പേടിയുണ്ട്? (ബി) ഉത്തരം പറയാൻ പേടിയുള്ളത് ഒരു നല്ല ലക്ഷണമായിരിക്കാവുന്നത് എങ്ങനെ?
10 ഉത്തരം പറയാൻ കൈ പൊക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ ഉള്ളിൽ തീ കത്തുന്നതുപോലെയാണോ നിങ്ങൾക്കു തോന്നുന്നത്? എങ്കിൽ ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഓർക്കുക. സത്യത്തിൽ, ഉത്തരം പറയാൻ എല്ലാവർക്കുംതന്നെ അൽപ്പം പേടിയുണ്ട്. ഉത്തരം പറയാൻ തടസ്സമായി നിൽക്കുന്ന ഭയത്തെ മറികടക്കണമെങ്കിൽ ആദ്യം അതിന്റെ കാരണം എന്താണെന്നു കണ്ടെത്തണം. പറയാൻ വന്നതു മറന്നുപോകുമെന്നോ പറയുന്ന ഉത്തരം തെറ്റിപ്പോകുമെന്നോ ആണോ നിങ്ങളുടെ ഭയം? മറ്റുള്ളവർ പറയുന്നതു നല്ല ഉത്തരമാണെന്നും അതുപോലെ നിങ്ങളെക്കൊണ്ട് കഴിയില്ലെന്നും ആണോ നിങ്ങൾ ചിന്തിക്കുന്നത്? വാസ്തവത്തിൽ, അങ്ങനെ ചിന്തിക്കുന്നതു താഴ്മയുടെ ലക്ഷണമായിരിക്കാം. നിങ്ങൾക്കു താഴ്മയുണ്ടെന്നും മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുന്നുണ്ടെന്നും ആണ് അതു കാണിക്കുന്നത്. യഹോവ താഴ്മ എന്ന ഗുണം ഇഷ്ടപ്പെടുന്നു. (സങ്കീ. 138:6; ഫിലി. 2:3) എന്നാൽ നിങ്ങൾ യഹോവയെ സ്തുതിക്കാനും മീറ്റിങ്ങുകളിൽ ഉത്തരം പറഞ്ഞുകൊണ്ട് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും യഹോവ ആഗ്രഹിക്കുന്നുണ്ട്. (1 തെസ്സ. 5:11) യഹോവ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് ആവശ്യമായ ധൈര്യം യഹോവ തരും.
11. തിരുവെഴുത്തുകൾ പറയുന്ന ഏതു കാര്യങ്ങൾ നമ്മളെ സഹായിക്കും?
11 തിരുവെഴുത്തുകൾ പറയുന്ന ചില കാര്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ഒന്നു കൊണ്ടുവരാം. പറയുന്ന കാര്യങ്ങളിലും അതു പറയുന്ന രീതിയിലും നമുക്കെല്ലാം തെറ്റുകൾ പറ്റുമെന്നു ബൈബിൾ വ്യക്തമാക്കുന്നു. (യാക്കോ. 3:2) എല്ലാം പിഴവറ്റ രീതിയിൽ നമ്മൾ ചെയ്യണമെന്ന് യഹോവ പ്രതീക്ഷിക്കുന്നില്ല. സഹോദരങ്ങളും അങ്ങനെ പ്രതീക്ഷിക്കുന്നില്ല. (സങ്കീ. 103:12-14) അവർ നമ്മുടെ കുടുംബാംഗങ്ങളാണ്, അവർ നമ്മളെ സ്നേഹിക്കുന്നു. (മർക്കോ. 10:29, 30; യോഹ. 13:35) ചിലപ്പോൾ വിചാരിച്ചതുപോലെ നന്നായി ഉത്തരം പറയാൻ നമുക്കു കഴിയാതെ പോയേക്കാം എന്ന് അവർക്ക് അറിയാം.
12-13. നെഹമ്യയിൽനിന്നും യോനയിൽനിന്നും നമുക്ക് എന്തു പഠിക്കാം?
12 ഇനി, ഉത്കണ്ഠകളെ മറികടക്കാൻ സഹായിക്കുന്നതിന് ചില ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കാം. ആദ്യം നെഹമ്യയുടെ കാര്യം നോക്കാം. ശക്തനായ ഒരു രാജാവിന്റെ കൊട്ടാരത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. യരുശലേമിന്റെ മതിലുകളും കവാടങ്ങളും തകർന്നുകിടക്കുകയാണെന്നു കേട്ടപ്പോൾ അദ്ദേഹത്തിനു ദുഃഖം തോന്നി. (നെഹ. 1:1-4) മുഖം വാടിയിരിക്കുന്നതിന്റെ കാരണം പറയാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ, നെഹമ്യക്ക് എത്രമാത്രം പേടി തോന്നിക്കാണുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ! നെഹമ്യ പെട്ടെന്ന് ഒരു പ്രാർഥന നടത്തിയിട്ട് ഉത്തരം കൊടുത്തു. രാജാവിന്റെ പ്രതികരണം എന്തായിരുന്നു? രാജാവ് ദൈവജനത്തെ സഹായിക്കാൻ വളരെയധികം കാര്യങ്ങൾ ചെയ്തു. (നെഹ. 2:1-8) അടുത്തതായി, യോനയുടെ കാര്യം ചിന്തിക്കുക. നിനെവെക്കാരോടു പ്രസംഗിക്കാൻ യഹോവ യോനയോട് ആവശ്യപ്പെട്ടപ്പോൾ, പേടിച്ചരണ്ട യോന നേരേ എതിർദിശയിലേക്ക് ഓടിപ്പോയി. (യോന 1:1-3) എന്നാൽ പിന്നീട് യഹോവയുടെ സഹായത്താൽ യോന ആ നിയമനം നിറവേറ്റി. അദ്ദേഹത്തിന്റെ വാക്കുകൾ നിനെവെക്കാരെ വളരെയധികം സഹായിച്ചു. (യോന 3:5-10) നെഹമ്യയുടെ ദൃഷ്ടാന്തം എന്താണു പഠിപ്പിക്കുന്നത്? ഉത്തരം പറയുന്നതിനു മുമ്പ് പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം. യോനയുടെ ദൃഷ്ടാന്തമോ? എത്ര പേടിയുണ്ടെങ്കിലും തന്നെ സേവിക്കുന്നതിനു നമ്മളെ സഹായിക്കാൻ യഹോവയ്ക്കു കഴിയും എന്ന പാഠം. ഏതായാലും, നിനെവെക്കാരുടെ അത്രയും പേടിപ്പിക്കുന്ന സഭയൊന്നും അല്ലല്ലോ നിങ്ങളുടേത്!
13 മീറ്റിങ്ങുകളിൽ പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ പറയാൻ നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇനി നോക്കാം.
14. മീറ്റിങ്ങുകൾക്കു മുന്നമേ തയ്യാറാകേണ്ടത് എന്തുകൊണ്ട്, നമുക്ക് എപ്പോൾ അതു ചെയ്യാൻ സാധിക്കും?
14 ഓരോ മീറ്റിങ്ങിനും തയ്യാറാകുക. മുൻകൂട്ടി ആസൂത്രണം ചെയ്ത്, നന്നായി തയ്യാറാകുന്നെങ്കിൽ ഉത്തരം പറയാൻ നിങ്ങൾക്ക് ഒരു ആത്മവിശ്വാസം തോന്നും. (സുഭാ. 21:5) ഓരോരുത്തരും മീറ്റിങ്ങിനു തയ്യാറാകാൻ മാറ്റിവെച്ചിരിക്കുന്ന സമയം വ്യത്യസ്തമായിരിക്കും. 80 വയസ്സു പിന്നിട്ട, ഒരു വിധവയായ എലോയീസ് സഹോദരി ആഴ്ചയുടെ ആദ്യദിവസങ്ങളിൽത്തന്നെ വീക്ഷാഗോപുരം പഠിച്ചുതുടങ്ങും. സഹോദരി പറയുന്നു: “നേരത്തേ തയ്യാറാകുമ്പോൾ മീറ്റിങ്ങുകൾ കുറെക്കൂടെ ആസ്വദിക്കാൻ എനിക്കു കഴിയുന്നുണ്ട്.” എല്ലാ ദിവസവും ജോലിക്കു പോകുന്ന ജോയ് എന്ന സഹോദരി ശനിയാഴ്ച വൈകുന്നേരമാണു വീക്ഷാഗോപുരം പഠിക്കാനായി മാറ്റിവെച്ചിരിക്കുന്നത്. സഹോദരി പറയുന്നു: “മീറ്റിങ്ങിന്റെ തലേ ദിവസം പഠിക്കുന്നതുകൊണ്ട് കാര്യങ്ങൾ നന്നായി ഓർത്തിരിക്കാൻ എനിക്കു കഴിയുന്നു.” നല്ല തിരക്കുള്ള ഒരു മൂപ്പനായ ഐക് സഹോദരൻ മുൻനിരസേവനവും ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: “ഒറ്റയിരുപ്പിനു മുഴുവൻ പഠിക്കുന്നതിനു പകരം പഠിക്കാനായി ആഴ്ചയിലെ ഓരോ ദിവസവും കുറച്ച് സമയം ഞാൻ ഉപയോഗിക്കും.”
15. എങ്ങനെയാണു മീറ്റിങ്ങിനു നന്നായി തയ്യാറാകാൻ കഴിയുന്നത്?
15 മീറ്റിങ്ങിനു നന്നായി തയ്യാറാകുക എന്നു പറഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യണം? ഓരോ പ്രാവശ്യവും പഠിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനായി യഹോവയോട് അപേക്ഷിക്കുക. (ലൂക്കോ. 11:13; 1 യോഹ. 5:14) അടുത്തതായി, പാഠഭാഗം ആകമാനം ഒന്ന് ഓടിച്ചുനോക്കുക. തലക്കെട്ടും ഉപതലക്കെട്ടുകളും ചിത്രങ്ങളും കൊടുത്തിരിക്കുന്ന ചതുരങ്ങളും വിശകലനം ചെയ്യുക. ഖണ്ഡികകൾ ഓരോന്നായി പഠിക്കുമ്പോൾ, കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ കഴിയുന്നിടത്തോളം എടുത്തുനോക്കുക. പഠിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുക, നിങ്ങൾ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്ന പോയിന്റുകൾക്കു പ്രത്യേകശ്രദ്ധ കൊടുക്കുക. എത്ര നന്നായി തയ്യാറാകുന്നോ, അത്ര കൂടുതൽ നിങ്ങൾക്ക് അതു പ്രയോജനം ചെയ്യും. അഭിപ്രായം പറയുന്നത് എളുപ്പമാകുകയും ചെയ്യും.—2 കൊരി. 9:6.
16. നിങ്ങൾക്ക് ഏതൊക്കെ ഉപാധികൾ ലഭ്യമാണ്, നിങ്ങൾ അത് ഉപയോഗിക്കുന്നത് എങ്ങനെ?
16 സാധിക്കുമെങ്കിൽ, നിങ്ങൾക്ക് അറിയാവുന്ന ഒരു ഭാഷയിൽ ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് ഉപാധികൾ ഉപയോഗിക്കുക. മീറ്റിങ്ങുകൾക്കു തയ്യാറാകാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ തന്റെ സംഘടനയിലൂടെ ഇലക്ട്രോണിക് ഉപാധികൾ പ്രദാനം ചെയ്തിട്ടുണ്ട്. JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് പഠിക്കാനുള്ള പ്രസിദ്ധീകരണങ്ങൾ മൊബൈലിലോ ടാബിലോ ഡൗൺലോഡ് ചെയ്തുവെക്കാം. അപ്പോൾ എവിടെവെച്ചും, ഏതു സമയത്തും നമുക്കു പഠിക്കാൻ കഴിയും, കുറഞ്ഞപക്ഷം വായിക്കാനോ അതിന്റെ റെക്കോർഡിങ്ങ് ശ്രദ്ധിക്കാനോ എങ്കിലും കഴിയും. ജോലിക്കു പോകുന്നവരും വിദ്യാർഥികളും ഉച്ചസമയത്തെ ഇടവേളയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്. പലരും യാത്ര ചെയ്യുമ്പോഴും ഇത് ഉപയോഗിക്കുന്നു. നമ്മൾ കണ്ടെത്തിയ ചില ആശയങ്ങളെക്കുറിച്ച് കുറച്ചുകൂടെ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്നതാണു വാച്ച്ടവർ ലൈബ്രറിയും വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയും.
17. (എ) പല അഭിപ്രായങ്ങൾ പറയാൻ തയ്യാറാകുന്നതിന്റെ പ്രയോജനം എന്താണ്? (ബി) യഹോവയുടെ കൂട്ടുകാരാകാം—തയാറായി അഭിപ്രായങ്ങൾ പറയാം എന്ന വീഡിയോയിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
17 സാധിക്കുമെങ്കിൽ, ഒന്നിലധികം അഭിപ്രായങ്ങൾ പറയാൻ തയ്യാറാകുക. എന്തുകൊണ്ട്? കാരണം കൈ ഉയർത്തിയെന്നുവെച്ച് നിങ്ങളോടു ചോദിക്കണമെന്നില്ല. ആ ചോദ്യത്തിനു ചിലപ്പോൾ മറ്റുള്ളവരും കൈ പൊക്കിയിട്ടുണ്ടായിരിക്കും. നിർവാഹകൻ അവരിൽ ആരോടെങ്കിലും ചോദിച്ചേക്കാം. കൃത്യസമയത്ത് മീറ്റിങ്ങ് തീർക്കണമെന്നുള്ളതുകൊണ്ട് ചിലപ്പോൾ ഒരു ചോദ്യത്തിനു പലരോട് അഭിപ്രായം ചോദിക്കാൻ നിർവാഹകനു കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് പഠനത്തിന്റെ തുടക്കത്തിൽ നിങ്ങളോടു ചോദ്യം ചോദിച്ചില്ലെങ്കിൽ അതിന്റെ പേരിൽ വിഷമം തോന്നുകയോ നിരുത്സാഹിതനാകുകയോ ചെയ്യേണ്ടതില്ല. പല അഭിപ്രായങ്ങൾ നിങ്ങൾ തയ്യാറായിട്ടുണ്ടെങ്കിൽ ചർച്ചയിൽ പങ്കെടുക്കാൻ നിങ്ങൾക്കു പിന്നീട് അവസരങ്ങൾ ലഭിച്ചേക്കാം. ഒരുപക്ഷേ ഒരു വാക്യം വായിക്കാനും നിങ്ങൾക്കു തയ്യാറാകാൻ കഴിയും. എന്നാൽ കഴിയുമെങ്കിൽ സ്വന്തം വാക്കുകളിൽ ഒരു അഭിപ്രായം പറയാനും നിങ്ങൾക്കു തയ്യാറാകാം.b
18. നിങ്ങളുടെ ഉത്തരങ്ങൾ ഹ്രസ്വമായിരിക്കേണ്ടത് എന്തുകൊണ്ട്?
18 ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുക. ചെറുതും ലളിതവും ആയ അഭിപ്രായങ്ങളാണു സാധാരണഗതിയിൽ കൂടുതൽ പ്രോത്സാഹനം പകരുന്നത്. അതുകൊണ്ട് ഹ്രസ്വമായ അഭിപ്രായങ്ങൾ പറയാൻ ലക്ഷ്യം വെക്കുക. അഭിപ്രായം 30 സെക്കന്റിൽ കൂടാതിരിക്കാൻ ശ്രമിക്കുക. (സുഭാ. 10:19; 15:23) വർഷങ്ങളായി മീറ്റിങ്ങുകളിൽ അഭിപ്രായം പറയുന്ന ഒരാളാണു നിങ്ങളെങ്കിൽ, നിങ്ങൾക്കു വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമുണ്ട്—ഹ്രസ്വമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് മാതൃക വെക്കുക. ഏതാനും മിനിട്ടുകൾ ദൈർഘ്യമുള്ള സങ്കീർണമായ അഭിപ്രായങ്ങളാണു നിങ്ങൾ പറയുന്നതെങ്കിൽ, മറ്റുള്ളവർക്കു നിരുത്സാഹം തോന്നിയേക്കാം, നിങ്ങൾ പറയുന്നതുപോലെ അത്ര നന്നായി ഉത്തരം പറയാൻ തങ്ങളെക്കൊണ്ട് കഴിയില്ലെന്ന് അവർ ചിന്തിക്കാൻ ഇടയായേക്കാം. അതുപോലെ ചെറിയ ഉത്തരങ്ങൾ പറയുമ്പോൾ മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രത്യേകിച്ചും ചോദ്യത്തിന്റെ ആദ്യത്തെ ഉത്തരമാണു നിങ്ങൾ പറയുന്നതെങ്കിൽ നേരിട്ടുള്ള, ലളിതമായ ഉത്തരം പറയുക. ഖണ്ഡികയിലെ എല്ലാ ആശയങ്ങളും പറയാൻ ശ്രമിക്കരുത്. ഒരു ഖണ്ഡികയിലെ പ്രധാനപ്പെട്ട ആശയം ചർച്ച ചെയ്തുകഴിഞ്ഞാൽ, അതിലെ മറ്റ് ആശയങ്ങളെക്കുറിച്ച് നിങ്ങൾക്ക് അഭിപ്രായം പറയാം.— “എന്തിനെക്കുറിച്ചൊക്കെ എനിക്ക് അഭിപ്രായം പറയാം?” എന്ന ചതുരം കാണുക.
19. നിർവാഹകനു നിങ്ങളെ എങ്ങനെ സഹായിക്കാം, അതിനു നിങ്ങൾ എന്തു ചെയ്യണം?
19 ഒരു പ്രത്യേകഖണ്ഡികയിലെ ഉത്തരം പറയാൻ ആഗ്രഹിക്കുന്നുണ്ടെന്നു നിർവാഹകനെ അറിയിക്കുക. ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുന്നെങ്കിൽ, മീറ്റിങ്ങ് തുടങ്ങുന്നതിനു മുമ്പു നിർവാഹകനോട് അക്കാര്യം പറയുക. ആ ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, പെട്ടെന്നു കൈ ഉയർത്തുക. നിർവാഹകനു കാണാവുന്ന രീതിയിൽ കൈ ഉയർത്തിപ്പിടിക്കുക.
20. മീറ്റിങ്ങുകൾ സുഹൃത്തുക്കളുമൊത്തുള്ള ഒരു ഭക്ഷണവേളപോലെയായിരിക്കുന്നത് എങ്ങനെ?
20 കൂട്ടുകാരോടൊത്ത് കഴിക്കുന്ന ഒരു വിരുന്നുപോലെയാണു മീറ്റിങ്ങുകൾ. സഭയിലെ ചില സുഹൃത്തുക്കൾ ഭക്ഷണത്തിനായി ഒന്നിച്ചുകൂടാൻ പദ്ധതിയിടുന്നെന്നിരിക്കട്ടെ. ചെറിയ എന്തെങ്കിലും ഒരു വിഭവം ഉണ്ടാക്കിക്കൊണ്ടുവരാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്ക് അൽപ്പം ഉത്കണ്ഠയുണ്ടാകും. പക്ഷേ എല്ലാവരുടെയും സന്തോഷത്തിനുവേണ്ടി കഴിവുപോലെ, ഏറ്റവും നന്നായി നിങ്ങൾ അത് ഉണ്ടാക്കിക്കൊണ്ടുവരും. നമ്മുടെ ആതിഥേയനായ യഹോവ മീറ്റിങ്ങുകളിൽ നമുക്കായി വിഭവസമൃദ്ധമായ മേശ തയ്യാറാക്കിവെച്ചിട്ടുണ്ട്. (സങ്കീ. 23:5; മത്താ. 24:45) ചെറുതെങ്കിലും നമ്മളെക്കൊണ്ട് കഴിയുന്ന ഏറ്റവും നല്ല ഒരു സമ്മാനവുമായി ചെല്ലുമ്പോൾ യഹോവയ്ക്കു സന്തോഷം തോന്നും. അതുകൊണ്ട് നന്നായി തയ്യാറാകുക, കഴിയുന്നത്രയും അഭിപ്രായങ്ങൾ പറയുക. അപ്പോൾ നിങ്ങൾ യഹോവയുടെ മേശയിൽനിന്ന് കഴിക്കുക മാത്രമല്ല സഭയിലെ സഹോദരങ്ങൾക്കു ചില സമ്മാനങ്ങൾ കൊടുക്കുകയുമാണ്.
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
a സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ, നമ്മൾ എല്ലാവരും യഹോവയെ സ്നേഹിക്കുന്നു. യഹോവയെ സ്തുതിക്കുന്നതു നമുക്കെല്ലാം ഇഷ്ടമാണ്. സഭയോടൊത്ത് ആരാധനയ്ക്കായി കൂടിവരുമ്പോൾ ദൈവത്തോടുള്ള നമ്മുടെ സ്നേഹം കാണിക്കാനുള്ള നല്ല ഒരു അവസരമാണു ലഭിക്കുന്നത്. എന്നാൽ നമ്മളിൽ ചിലർക്കു മീറ്റിങ്ങുകളിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. നിങ്ങൾക്ക് ആ പ്രശ്നമുണ്ടെങ്കിൽ, നിങ്ങളെ പിന്നോട്ടുനിറുത്തുന്ന കാരണങ്ങൾ മനസ്സിലാക്കാനും അവ മറികടക്കാനും ഈ ലേഖനം നിങ്ങളെ സഹായിക്കും.
b jw.org-ൽ യഹോവയുടെ കൂട്ടുകാരാകാം—തയാറായി അഭിപ്രായങ്ങൾ പറയാം എന്ന വീഡിയോ കാണുക. ബൈബിൾപഠിപ്പിക്കലുകൾ>കുട്ടികൾ എന്നതിനു കീഴിൽ നോക്കുക.
c ചിത്രക്കുറിപ്പ്: ഒരു സഭയിലെ അംഗങ്ങൾ സന്തോഷത്തോടെ വീക്ഷാഗോപുരത്തിന്റെ ചർച്ചയിൽ പങ്കെടുക്കുന്നു.
d ചിത്രക്കുറിപ്പ്: മുൻചിത്രത്തിൽ കാണിച്ചിരിക്കുന്ന ചിലർ വീക്ഷാഗോപുരപഠനത്തിനായി തയ്യാറെടുക്കുന്നു. പലരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും മീറ്റിങ്ങുകൾക്കുള്ള പാഠഭാഗം തയ്യാറാകുന്നതിന് അവർ സമയം മാറ്റിവെച്ചിട്ടുണ്ട്.