പഠനലേഖനം 37
യഹോവയ്ക്കു മനസ്സോടെ കീഴ്പെടുക
“നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?”—എബ്രാ. 12:9.
ഗീതം 9 യഹോവ നമ്മുടെ രാജാവ്
പൂർവാവലോകനംa
1. നമ്മൾ യഹോവയ്ക്കു കീഴ്പെടേണ്ടത് എന്തുകൊണ്ട്?
നമ്മൾ യഹോവയ്ക്കു കീഴ്പെടണം,b കാരണം യഹോവ നമ്മുടെ സ്രഷ്ടാവാണ്. അതുകൊണ്ട്, സൃഷ്ടികളായ നമ്മൾ എന്തു ചെയ്യണം എന്നു പറയാനുള്ള അവകാശം യഹോവയ്ക്കുണ്ട്. (വെളി. 4:11) യഹോവയെ അനുസരിക്കാൻ മറ്റൊരു കാരണവുമുണ്ട്. യഹോവയുടെ ഭരണവിധമാണ് ഏറ്റവും മികച്ചത്. ചരിത്രത്തിൽ ഉടനീളം മനുഷ്യഭരണാധികാരികൾ ആളുകളുടെ മേൽ അധികാരം പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ഭരണവിധവും യഹോവയുടെ ഭരണരീതികളും താരതമ്യം ചെയ്താൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം: യഹോവയാണ് ഏറ്റവും ജ്ഞാനവും സ്നേഹവും കരുണയും അനുകമ്പയും ഉള്ള ഭരണാധികാരി.—പുറ. 34:6; റോമ. 16:27; 1 യോഹ. 4:8.
2. യഹോവയ്ക്കു കീഴ്പെടാൻ എബ്രായർ 12:9-11 എന്തെല്ലാം കാരണങ്ങളാണു നൽകുന്നത്?
2 നമ്മൾ പേടിച്ചിട്ട് തന്നെ അനുസരിക്കാനല്ല യഹോവ ആഗ്രഹിക്കുന്നത്. പകരം സ്നേഹമുള്ള പിതാവായി നമ്മൾ ദൈവത്തെ കാണുന്നതുകൊണ്ട് അങ്ങനെ ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. ‘നമുക്കു നല്ലതു വരാൻ’ നമ്മളെ പരിശീലിപ്പിക്കുന്നതുകൊണ്ട് ‘ആ പിതാവിനു മനസ്സോടെ കീഴ്പെടാൻ’ എബ്രായർക്കുള്ള കത്തിൽ പൗലോസ് പ്രോത്സാഹിപ്പിക്കുന്നു.—എബ്രായർ 12:9-11 വായിക്കുക.
3. (എ) യഹോവയ്ക്കു കീഴ്പെടുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?
3 എല്ലാ കാര്യങ്ങളിലും യഹോവയെ അനുസരിക്കുന്നതിന് കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടും സ്വന്തം വിവേകത്തിൽ ആശ്രയിക്കാനുള്ള പ്രലോഭനത്തെ ചെറുത്തുകൊണ്ടും നമ്മൾ യഹോവയ്ക്കു കീഴ്പെടുന്നു. (സുഭാ. 3:5) യഹോവയുടെ പ്രവൃത്തികളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ കീഴ്പെടുന്നത് എളുപ്പമായിത്തീരും. എന്തുകൊണ്ട്? കാരണം, യഹോവ ചെയ്യുന്ന ഓരോ കാര്യത്തെക്കുറിച്ചും പഠിക്കുമ്പോൾ യഹോവയുടെ ഗുണങ്ങൾ നമുക്കു കൂടുതൽ നന്നായി മനസ്സിലാക്കാം. (സങ്കീ. 145:9) യഹോവയെക്കുറിച്ച് എത്ര കൂടുതൽ പഠിക്കുന്നോ, അത്രയധികം നമ്മൾ യഹോവയെ സ്നേഹിക്കും. യഹോവയെ സ്നേഹിക്കുമ്പോൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങളുടെ ഒരു വലിയ പട്ടിക നമുക്കു വേണ്ടിവരില്ല. പകരം, യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും മോശമായ കാര്യങ്ങൾ വെറുക്കാനും ഒഴിവാക്കാനും നമ്മൾ ശ്രമിക്കും. (സങ്കീ. 97:10) എന്നാൽ ചിലപ്പോഴൊക്കെ യഹോവയെ അനുസരിക്കുന്നതിനു നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അതിന്റെ കാരണം നമ്മൾ പഠിക്കും. മൂപ്പന്മാർക്കും അച്ഛനമ്മമാർക്കും ഗവർണറായ നെഹമ്യയുടെയും ദാവീദ് രാജാവിന്റെയും യേശുവിന്റെ അമ്മയായ മറിയയുടെയും മാതൃകയിൽനിന്ന് എന്തെല്ലാം പഠിക്കാമെന്നും ഈ ലേഖനത്തിൽ കാണും.
യഹോവയ്ക്കു കീഴ്പെടുന്നതു ബുദ്ധിമുട്ടായേക്കാവുന്നതിന്റെ കാരണം
4-5. റോമർ 7:21-23 പറയുന്നതനുസരിച്ച്, യഹോവയ്ക്കു കീഴ്പെടുന്നതു ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
4 യഹോവയ്ക്കു കീഴ്പെടുന്നതു ചിലപ്പോൾ ബുദ്ധിമുട്ടാകുന്നതിന്റെ ഒരു കാരണം നമ്മൾ എല്ലാവരും പാപികളും അപൂർണരും ആണ് എന്നതാണ്. അതുകൊണ്ട് ധിക്കരിക്കാനുള്ള ഒരു ചായ്വ് നമുക്കുണ്ട്. ദൈവത്തെ ധിക്കരിക്കുകയും വിലക്കപ്പെട്ട പഴം കഴിക്കുകയും ചെയ്തുകൊണ്ട് ആദാമും ഹവ്വയും ശരിയും തെറ്റും എന്താണെന്നു സ്വന്തമായി തീരുമാനിക്കാൻ തുടങ്ങി. (ഉൽപ. 3:22) ഇന്നും, മനുഷ്യവർഗത്തിൽ മിക്കവരും യഹോവയെ അവഗണിക്കുകയും ശരിയേത്, തെറ്റേത് എന്നു സ്വന്തമായി തീരുമാനിക്കുകയും ചെയ്യുന്നു.
5 യഹോവയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കുപോലും യഹോവയ്ക്കു പൂർണമായി കീഴ്പെടുന്നതിനു ചിലപ്പോൾ ബുദ്ധിമുട്ടു തോന്നിയേക്കാം. പൗലോസ് അപ്പോസ്തലൻ ഈ ബുദ്ധിമുട്ടു നേരിട്ട ഒരാളാണ്. (റോമർ 7:21-23 വായിക്കുക.) പൗലോസിനെപ്പോലെ, യഹോവയുടെ കണ്ണിൽ ശരിയായതു ചെയ്യാനാണു നമ്മുടെയും ആഗ്രഹം. അതുകൊണ്ട് തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയ്ക്ക് എതിരെ നമ്മൾ പോരാടിക്കൊണ്ടേയിരിക്കണം.
6-7. യഹോവയ്ക്കു കീഴ്പെടുന്നതു ബുദ്ധിമുട്ടാകുന്നതിന്റെ രണ്ടാമത്തെ കാരണം എന്താണ്? ഒരു ഉദാഹരണം പറയുക.
6 നമ്മൾ വളർന്നുവന്ന ചുറ്റുപാടുകൾ നമ്മുടെ ചിന്താരീതിയെ സ്വാധീനിക്കും. ഇതാണ് യഹോവയ്ക്കു കീഴ്പെടുന്നതു ബുദ്ധിമുട്ടാക്കുന്ന മറ്റൊരു കാരണം. യഹോവ പറയുന്ന കാര്യങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണു പലയാളുകളും നമ്മളോടു പറയുന്ന കാര്യങ്ങൾ. അവർ ചിന്തിക്കുന്നതുപോലെ ചിന്തിക്കാതിരിക്കാൻ നമ്മൾ കഠിനമായി ശ്രമിക്കണം. ഒരു ഉദാഹരണം നോക്കാം.
7 ചില പ്രദേശങ്ങളിൽ പണമുണ്ടാക്കുന്നതിനു ജീവിതം മാറ്റിവെക്കാൻ ചെറുപ്പക്കാർക്കു സമ്മർദം അനുഭവപ്പെടാറുണ്ട്. മേരിc എന്ന സഹോദരിക്ക് അത്തരം ഒരു സാഹചര്യം നേരിട്ടു. യഹോവയെക്കുറിച്ച് അറിയുന്നതിനു മുമ്പ്, മേരി രാജ്യത്തെ പ്രശസ്തമായ ഒരു സർവകലാശാലയിലാണു പഠിച്ചത്. മറ്റുള്ളവരുടെ ആദരവ് കിട്ടുന്ന, ഉയർന്ന ശമ്പളമുള്ള ഒരു ജോലി നേടാൻ കുടുംബാംഗങ്ങൾ മേരിയെ നിർബന്ധിച്ചു. മേരിയുടെ ആഗ്രഹവും അതുതന്നെയായിരുന്നു. എന്നാൽ യഹോവയെക്കുറിച്ച് പഠിക്കുകയും യഹോവയെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ മേരി ലക്ഷ്യങ്ങളിൽ മാറ്റം വരുത്തി. പക്ഷേ ഇന്നും പണമുണ്ടാക്കാനുള്ള പ്രലോഭനം ഇടയ്ക്കൊക്കെ സഹോദരിക്കു തോന്നാറുണ്ട്. മേരി പറയുന്നു: “ചില അവസരങ്ങളിൽ പണമുണ്ടാക്കാനുള്ള ചില നല്ല മാർഗങ്ങൾ ഞാൻ കാണാറുണ്ട്. പക്ഷേ അതു സ്വീകരിച്ചാൽ എന്റെ ആത്മീയപ്രവർത്തനങ്ങൾക്കു തടസ്സം വരുമെന്ന് എനിക്ക് അറിയാം. ഞാൻ വളർന്നുവന്ന സാഹചര്യങ്ങൾ ഓർക്കുമ്പോൾ, അത്തരം അവസരങ്ങൾ വേണ്ടെന്നുവെക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടു തോന്നും. ദൈവസേവനത്തിൽനിന്ന് ശ്രദ്ധ മാറ്റിക്കളയുന്ന ജോലി സ്വീകരിക്കാനുള്ള പ്രലോഭനം ശരിക്കും ശക്തമാണ്. അതിനെ ചെറുക്കാനുള്ള സഹായത്തിനായി എനിക്കു പ്രാർഥിക്കേണ്ടിവരാറുണ്ട്.”—മത്താ. 6:24.
8. നമ്മൾ ഇനി എന്താണ് പഠിക്കാൻപോകുന്നത്?
8 യഹോവയ്ക്കു കീഴ്പെട്ടിരിക്കുന്നതു നമുക്കുതന്നെ പ്രയോജനം ചെയ്യും എന്നതിനു സംശയമില്ല. പക്ഷേ മൂപ്പന്മാർ, അച്ഛനമ്മമാർ തുടങ്ങി ഒരളവോളം അധികാരമുള്ള ആളുകൾ ദൈവത്തിനു കീഴ്പെട്ടിരുന്നാൽ, അതു മറ്റുള്ളവർക്കും പ്രയോജനം ചെയ്യും. നമുക്ക് ഇപ്പോൾ ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ നോക്കാം. യഹോവയെ സന്തോഷിപ്പിക്കുന്ന വിധത്തിൽ അധികാരം ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അതിൽനിന്ന് നമുക്കു മനസ്സിലാക്കാം.
മൂപ്പന്മാർക്കു നെഹമ്യയിൽനിന്ന് എന്തു പഠിക്കാം?
9. ബുദ്ധിമുട്ടുള്ള എന്തെല്ലാം സാഹചര്യങ്ങളാണു നെഹമ്യ നേരിട്ടത്?
9 തന്റെ ജനത്തെ മേയ്ക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പന്മാർക്കു നൽകിയിട്ടുണ്ട്. (1 പത്രോ. 5:2) നെഹമ്യ ദൈവജനത്തോട് ഇടപെട്ട വിധം പരിശോധിക്കുന്നതിൽനിന്ന് മൂപ്പന്മാർക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. യഹൂദയുടെ ഗവർണർ എന്ന നിലയിൽ, നെഹമ്യക്കു വളരെയധികം അധികാരമുണ്ടായിരുന്നു. (നെഹ. 1:11; 2:7, 8; 5:14) നെഹമ്യക്കുണ്ടായ ചില ബുദ്ധിമുട്ടുകളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. ജനം ആലയം മലിനമാക്കിയെന്ന് അദ്ദേഹം മനസ്സിലാക്കി. മോശയുടെ നിയമം ആവശ്യപ്പെട്ടതുപോലെ, അവർ ലേവ്യരെ പിന്തുണച്ചിരുന്നില്ല. ശബത്ത് നിയമം അവർ ലംഘിച്ചു. ചില പുരുഷന്മാർ വിദേശികളായ സ്ത്രീകളെ വിവാഹം കഴിക്കുകപോലും ചെയ്തു. ഗവർണറായ നെഹമ്യക്ക് ഇങ്ങനെയൊരു വിഷമസാഹചര്യം കൈകാര്യം ചെയ്യേണ്ടിവന്നു.—നെഹ. 13:4-30.
10. തനിക്കു നേരിട്ട ബുദ്ധിമുട്ടുകൾ നെഹമ്യ എങ്ങനെയാണു കൈകാര്യം ചെയ്തത്?
10 നെഹമ്യ തന്റെ അധികാരം ദുർവിനിയോഗം ചെയ്തില്ല. സ്വന്തം ആശയങ്ങൾ ദൈവജനത്തിനു മേൽ അടിച്ചേൽപ്പിച്ചില്ല. പകരം ആത്മാർഥമായ പ്രാർഥനയിലൂടെ യഹോവയുടെ മാർഗനിർദേശം തേടി. ആളുകളെ യഹോവയുടെ നിയമങ്ങൾ പഠിപ്പിക്കുകയും ചെയ്തു. (നെഹ. 1:4-10; 13:1-3) കൂടാതെ, യരുശലേമിന്റെ മതിലുകൾ പുനർനിർമിക്കുന്നതിനു ജനത്തിന്റെ കൂടെനിന്ന് നെഹമ്യ താഴ്മയോടെ ജോലി ചെയ്യുകപോലും ചെയ്തു.—നെഹ. 4:15.
11. 1 തെസ്സലോനിക്യർ 2:7, 8 അനുസരിച്ച്, മൂപ്പന്മാർ സഭയിലുള്ളവരോട് എങ്ങനെയാണ് ഇടപെടേണ്ടത്?
11 നെഹമ്യ നേരിട്ടതുപോലുള്ള പ്രശ്നങ്ങൾ മൂപ്പന്മാർക്കു നേരിടേണ്ടിവരില്ലായിരിക്കാം. എങ്കിലും, അവർക്കു പല വിധങ്ങളിൽ നെഹമ്യയെ അനുകരിക്കാൻ കഴിയും. ഉദാഹരണത്തിന്, അവർ സഹോദരങ്ങളുടെ പ്രയോജനത്തിനായി കഠിനാധ്വാനം ചെയ്യുന്നു. അധികാരമുള്ളതുകൊണ്ട് തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് അവർ വിചാരിക്കുന്നില്ല. പകരം അവർ സഭയിലെ സഹോദരങ്ങളോടു സ്നേഹത്തോടെ ഇടപെടുന്നു. (1 തെസ്സലോനിക്യർ 2:7, 8 വായിക്കുക.) അവർക്കു താഴ്മയും ആത്മാർഥമായ സ്നേഹവും ഉള്ളതുകൊണ്ട് അവർ എപ്പോഴും ദയയോടെ സംസാരിക്കും. വർഷങ്ങളായിട്ട് മൂപ്പനായി സേവിക്കുന്ന ആൻഡ്രൂ സഹോദരൻ പറയുന്നു: “ഒരു മൂപ്പൻ ദയയും സൗഹൃദവും കാണിക്കുമ്പോൾ സഹോദരങ്ങൾ നല്ല രീതിയിൽ പ്രതികരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഈ ഗുണങ്ങൾ മൂപ്പന്മാരോടു സഹകരിക്കാൻ സഹോദരങ്ങളെ പ്രചോദിപ്പിക്കുന്നു.” അതുപോലെ, അനുഭവപരിചയമുള്ള ഒരു മൂപ്പനായ ടോണി സഹോദരൻ പറയുന്നു: “ഫിലിപ്പിയർ 2:3 പറയുന്നതുപോലെ മറ്റുള്ളവരെ എന്നെക്കാൾ ശ്രേഷ്ഠരായിട്ട് കാണാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു. ഒരു അധികാരിയെപ്പോലെ പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ ഇത് എന്നെ സഹായിക്കുന്നു.”
12. മൂപ്പന്മാർക്കു താഴ്മ വേണമെന്നു പറയുന്നത് എന്തുകൊണ്ട്?
12 യഹോവ താഴ്മയുള്ളവനാണ്. മൂപ്പന്മാരും അതുപോലെ താഴ്മയുള്ളവരായിരിക്കണം. പ്രപഞ്ചത്തിന്റെ പരമാധികാരിയാണെങ്കിലും യഹോവ “സാധുവിനെ പൊടിയിൽനിന്ന്” പിടിച്ചുയർത്താൻ ‘കുനിയുന്നു.’ (സങ്കീ. 18:35; 113:6, 7) അഹങ്കാരമുള്ളവരെ യഹോവയ്ക്ക് അറപ്പാണെന്നു ബൈബിൾ പറയുന്നു.—സുഭാ. 16:5.
13. ഒരു മൂപ്പൻ ‘നാവിനു കടിഞ്ഞാണിടേണ്ടത്’ എന്തുകൊണ്ട്?
13 യഹോവയ്ക്കു കീഴ്പെടുന്ന ഒരു മൂപ്പൻ ‘നാവിനു കടിഞ്ഞാണിടണം.’ അല്ലാത്തപക്ഷം, ആരെങ്കിലും തന്നോടു മര്യാദയില്ലാതെ പെരുമാറിയാൽ അദ്ദേഹം ദയയില്ലാതെ സംസാരിച്ചേക്കാം. (യാക്കോ. 1:26; ഗലാ. 5:14, 15) നമ്മൾ നേരത്തേ കണ്ട ആൻഡ്രൂ സഹോദരൻ പറയുന്നു: “മുമ്പൊക്കെ സഭയിലെ ആരെങ്കിലും ആദരവില്ലാതെ എന്നോടു പെരുമാറിയാൽ തിരിച്ച് ദയയില്ലാതെ സംസാരിക്കാൻ എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ ബൈബിളിലെ വിശ്വസ്തരായ വ്യക്തികളുടെ മാതൃക ഞാൻ ധ്യാനിച്ചു. താഴ്മയും സൗമ്യതയും കാണിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചിട്ടുണ്ട്.” മൂപ്പന്മാർ സഹോദരങ്ങളോടും സഹമൂപ്പന്മാരോടും സ്നേഹത്തോടെ, ഹൃദ്യമായി സംസാരിക്കുമ്പോൾ അവർ യഹോവയ്ക്കു കീഴ്പെടുന്നെന്നു കാണിക്കുകയാണ്.—കൊലോ. 4:6.
പിതാക്കന്മാർക്കു ദാവീദ് രാജാവിൽനിന്ന് എന്തു പഠിക്കാം?
14. യഹോവ പിതാക്കന്മാർക്ക് ഏതു നിയമനമാണു കൊടുത്തിരിക്കുന്നത്, യഹോവ അവരിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു?
14 യഹോവ പിതാക്കന്മാരെ കുടുംബത്തിന്റെ തലയായി നിയമിച്ചിരിക്കുന്നു. അവർ മക്കളെ പഠിപ്പിക്കാനും തിരുത്താനും മക്കൾക്കു മാർഗനിർദേശങ്ങൾ കൊടുക്കാനും ദൈവം പ്രതീക്ഷിക്കുന്നു. (1 കൊരി. 11:3; എഫെ. 6:4) എന്നാൽ പിതാക്കന്മാരുടെ അധികാരം പരിമിതമാണ്. എല്ലാ കുടുംബങ്ങൾക്കും പേരു വരാൻ കാരണമായ യഹോവയോട് അവർ കണക്കു ബോധിപ്പിക്കണം. (എഫെ. 3:14, 15) യഹോവയെ സന്തോഷിപ്പിക്കുന്ന വിധത്തിൽ തങ്ങളുടെ അധികാരം ഉപയോഗിച്ചുകൊണ്ട് പിതാക്കന്മാർക്ക് യഹോവയോടുള്ള കീഴ്പെടൽ കാണിക്കാം. ഇക്കാര്യത്തിൽ, ദാവീദ് രാജാവിന്റെ ജീവിതത്തിൽനിന്ന് അവർക്കു പലതും പഠിക്കാൻ കഴിയും.
15. ദാവീദ് രാജാവ് പിതാക്കന്മാർക്ക് ഒരു നല്ല മാതൃകയാണെന്നു പറയുന്നത് എന്തുകൊണ്ട്?
15 യഹോവ ദാവീദിനെ സ്വന്തം കുടുംബത്തിന്റെ മാത്രമല്ല, മുഴുവൻ ഇസ്രായേൽ ജനതയുടെയും തലയായി നിയമിച്ചു. രാജാവായതുകൊണ്ട് ദാവീദിനു വലിയ അധികാരമുണ്ടായിരുന്നു. ചില അവസരങ്ങളിൽ ദാവീദ് ആ അധികാരം ദുർവിനിയോഗം ചെയ്തതുകൊണ്ട് ഗുരുതരമായ പിശകുകൾ വരുത്തി. (2 ശമു. 11:14, 15) എന്നാൽ ശിക്ഷണം സ്വീകരിച്ചുകൊണ്ട് യഹോവയോടുള്ള കീഴ്പെടൽ ദാവീദ് പ്രകടമാക്കി. പ്രാർഥനയിൽ ദാവീദ് യഹോവയുടെ മുമ്പാകെ തന്റെ ഹൃദയം പകർന്നു. യഹോവയുടെ ബുദ്ധിയുപദേശം അനുസരിക്കാൻ ദാവീദ് പരമാവധി പരിശ്രമിച്ചു. (സങ്കീ. 51:1-4) കൂടാതെ, പുരുഷന്മാരിൽനിന്ന് മാത്രമല്ല, സ്ത്രീകളിൽനിന്നും ദാവീദ് താഴ്മയോടെ ഉപദേശം സ്വീകരിച്ചു. (1 ശമു. 19:11, 12; 25:32, 33) ദാവീദ് തന്റെ തെറ്റുകളിൽനിന്ന് പഠിച്ചു. ദൈവസേവനമായിരുന്നു ദാവീദിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
16. പിതാക്കന്മാർക്കു ദാവീദിൽനിന്ന് എന്തൊക്കെ പഠിക്കാം?
16 പിതാക്കന്മാർക്കു ദാവീദ് രാജാവിൽനിന്ന് പഠിക്കാൻ കഴിയുന്ന ചില പാഠങ്ങൾ നോക്കാം: യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന അധികാരം ഒരിക്കലും ദുർവിനിയോഗം ചെയ്യരുത്. തെറ്റു പറ്റിയാൽ സമ്മതിക്കുക. മറ്റുള്ളവർ തരുന്ന തിരുവെഴുത്തധിഷ്ഠിതമായ ബുദ്ധിയുപദേശം സ്വീകരിക്കുക. അങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങൾക്കു താഴ്മയുണ്ടെന്നു കുടുംബാംഗങ്ങൾ മനസ്സിലാക്കും, അപ്പോൾ അവർ നിങ്ങളെ ബഹുമാനിക്കും. കുടുംബത്തോടൊപ്പം പ്രാർഥിക്കുമ്പോൾ യഹോവയുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. നിങ്ങൾ യഹോവയെ എത്രമാത്രം ആശ്രയിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കട്ടെ. ദൈവസേവനത്തെ കേന്ദ്രീകരിച്ച് നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക. (ആവ. 6:6-9) ഓർക്കുക: നിങ്ങളുടെ നല്ല മാതൃകയാണു കുടുംബത്തിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം.
അമ്മമാർക്കു മറിയയിൽനിന്ന് എന്തു പഠിക്കാം?
17. കുടുംബത്തിൽ യഹോവ അമ്മമാർക്ക് എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്?
17 കുടുംബത്തിൽ അമ്മയ്ക്ക് യഹോവ ആദരണീയമായ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്. മക്കളുടെ മേൽ ചില അധികാരങ്ങളും കൊടുത്തിട്ടുണ്ട്. (സുഭാ. 6:20) വാസ്തവത്തിൽ, ഒരു അമ്മ പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ മക്കളെ ആയുഷ്കാലം മുഴുവൻ സ്വാധീനിച്ചേക്കാം. (സുഭാ. 22:6) അമ്മമാർക്കു യേശുവിന്റെ അമ്മയായ മറിയയിൽനിന്ന് എന്തെല്ലാം പഠിക്കാമെന്നു നോക്കാം.
18-19. മറിയയുടെ മാതൃകയിൽനിന്ന് അമ്മമാർക്ക് എന്തെല്ലാം പഠിക്കാം?
18 മറിയയ്ക്കു തിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നു. യഹോവയോട് ആഴമായ ആദരവുണ്ടായിരുന്ന മറിയ യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്തിയെടുത്തിരുന്നു. യഹോവയുടെ നിർദേശത്തിനു കീഴ്പെടാൻ എപ്പോഴും മനസ്സു കാണിച്ചു. ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിടുന്ന സാഹചര്യത്തിൽപ്പോലും മറിയ യഹോവയെ അനുസരിച്ചു.—ലൂക്കോ. 1:35-38, 46-55.
19 അമ്മമാരേ, നിങ്ങൾക്കു പല വിധങ്ങളിൽ മറിയയെ അനുകരിക്കാം. എങ്ങനെ? ഒന്ന്, യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്തിയെടുക്കുക. അതിനുവേണ്ടി വ്യക്തിപരമായി ബൈബിൾ പഠിക്കുകയും യഹോവയോടു തനിച്ച് പ്രാർഥിക്കുകയും ചെയ്യുക. രണ്ട്, യഹോവയെ സന്തോഷിപ്പിക്കാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് എപ്പോഴും തയ്യാറായിരിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മാതാപിതാക്കൾ മിക്കപ്പോഴും ദേഷ്യപ്പെടുകയും നിങ്ങളോടു പരുഷമായി സംസാരിക്കുകയും ചെയ്തിരുന്നെന്നു കരുതുക. അതു കാരണം കുട്ടികളെ ഇങ്ങനെയാണു വളർത്തിക്കൊണ്ടുവരേണ്ടത് എന്ന ധാരണ നിങ്ങളിൽ വേരുപിടിച്ചിരിക്കാം. എന്നാൽ യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ മക്കളോടു ശാന്തമായും ക്ഷമയോടെയും ഇടപെടണം എന്നു നിങ്ങൾ മനസ്സിലാക്കി. എങ്കിലും അത് എപ്പോഴും എളുപ്പമായിരിക്കണമെന്നില്ല, വിശേഷിച്ച് നിങ്ങൾ ക്ഷീണിച്ചിരിക്കുന്ന സമയത്ത് അവർ അനുസരിക്കാതെ വരുമ്പോൾ. (എഫെ. 4:31) അത്തരം അവസരങ്ങളിൽ സഹായത്തിനായി യഹോവയോട് തീവ്രമായി പ്രാർഥിക്കുക. ലിഡിയ എന്നു പേരുള്ള അമ്മ പറയുന്നു: “ചിലപ്പോൾ മകൻ അനുസരണക്കേടു കാണിക്കുമ്പോൾ പൊട്ടിത്തെറിക്കാതിരിക്കാൻ എനിക്കു തീവ്രമായി പ്രാർഥിക്കേണ്ടിവരും. ചിലപ്പോഴൊക്കെ ഞാൻ ദേഷ്യപ്പെടാൻ തുടങ്ങും, എന്നാൽ പെട്ടെന്നുതന്നെ നിയന്ത്രിക്കും. എന്നിട്ട് സഹായത്തിനായി യഹോവയോടു നിശ്ശബ്ദമായി പ്രാർഥിക്കും. ശാന്തമായി മുന്നോട്ടുപോകാൻ പ്രാർഥന എന്നെ സഹായിക്കുന്നു.”—സങ്കീ. 37:5.
20. ചില അമ്മമാർ നേരിടുന്ന പ്രശ്നം എന്താണ്, അവർക്ക് അത് എങ്ങനെ മറികടക്കാം?
20 ചില അമ്മമാർ നേരിടുന്ന മറ്റൊരു പ്രശ്നമുണ്ട്. അവർക്കു മക്കളോടു സ്നേഹമുണ്ട്, പക്ഷേ അതു പ്രകടിപ്പിക്കുന്നതു ബുദ്ധിമുട്ടാണ്. (തീത്തോ. 2:3, 4) എന്തുകൊണ്ടായിരിക്കാം? കാരണം അവരിൽ മിക്കവരുടെയും മാതാപിതാക്കൾ അവരോടു സ്നേഹം കാണിച്ചിട്ടില്ല. അങ്ങനെ വളർന്നുവന്ന ഒരാളാണു നിങ്ങളെങ്കിൽ, മാതാപിതാക്കളുടെ തെറ്റായ പാത പിന്തുടരണമെന്നില്ല. യഹോവയുടെ ഇഷ്ടത്തിനു കീഴ്പെടുന്ന ഒരു അമ്മ മക്കളോട് എങ്ങനെ സ്നേഹം കാണിക്കണമെന്നു പഠിക്കണമായിരിക്കും. ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതി മാറ്റാൻ അവർക്കു ബുദ്ധിമുട്ടായിരിക്കാം, പക്ഷേ മാറ്റം വരുത്താൻ കഴിയും. ആ മാറ്റങ്ങൾ അമ്മയ്ക്കും കുടുംബത്തിനും ഒരുപോലെ പ്രയോജനം ചെയ്യും.
എപ്പോഴും യഹോവയ്ക്കു കീഴ്പെടുക
21-22. യശയ്യ 65:13, 14 പറയുന്നതനുസരിച്ച്, യഹോവയ്ക്കു കീഴ്പെടുന്നതുകൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
21 യഹോവയ്ക്കു കീഴ്പെട്ടിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ദാവീദ് രാജാവിന് അറിയാമായിരുന്നു. ദാവീദ് എഴുതി: “യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു; യഹോവയുടെ കല്പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. അവയാൽ അങ്ങയുടെ ദാസനു മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു; അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്.” (സങ്കീ. 19:8, 11) ഇന്ന്, യഹോവയ്ക്കു കീഴ്പെട്ടിരിക്കുന്നവരും യഹോവയുടെ സ്നേഹത്തോടെയുള്ള ഉപദേശം തള്ളിക്കളയുന്നവരും തമ്മിലുള്ള വ്യത്യാസം നമുക്കു കാണാൻ കഴിയും. യഹോവയ്ക്കു കീഴ്പെടുന്നവർ ‘ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കുന്നു.’—യശയ്യ 65:13, 14 വായിക്കുക.
22 മൂപ്പന്മാരും അച്ഛനമ്മമാരും യഹോവയ്ക്കു മനസ്സോടെ കീഴ്പെടുമ്പോൾ അവരുടെ ജീവിതം മെച്ചപ്പെടും, അവരുടെ കുടുംബങ്ങൾ കൂടുതൽ സന്തോഷമുള്ളതാകും, സഭയുടെ ഐക്യം വർധിക്കും. ഏറ്റവും പ്രധാനകാര്യം, അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും എന്നതാണ്. (സുഭാ. 27:11) അതിൽപ്പരം എന്താണു വേണ്ടത്!
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
a യഹോവയ്ക്കു കീഴ്പെടേണ്ടത് എന്തുകൊണ്ടാണെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. സഭയിൽ മൂപ്പന്മാർക്കും കുടുംബത്തിൽ അച്ഛനമ്മമാർക്കും ഒരു അളവോളം അധികാരമുണ്ട്. ഗവർണറായ നെഹമ്യയിൽനിന്നും ദാവീദ് രാജാവിൽനിന്നും യേശുവിന്റെ അമ്മയായ മറിയയിൽനിന്നും അവർക്കു പഠിക്കാൻ കഴിയുന്ന ചില പാഠങ്ങളും ഈ ലേഖനം ചർച്ച ചെയ്യുന്നു.
b പദപ്രയോഗങ്ങളുടെ വിശദീകരണം: നിവൃത്തിയില്ലാത്തതുകൊണ്ട് ആരെയെങ്കിലും അനുസരിക്കേണ്ടിവരുന്ന ആളുകൾക്കു കീഴ്പെടുക, കീഴ്പെടൽ എന്നീ പദങ്ങൾ അരോചകമാണ്. എന്നാൽ, ദൈവജനം കീഴ്പെടലിനെ കാണുന്നത് അങ്ങനെയല്ല. അവർ ദൈവത്തെ അനുസരിക്കുന്നതു മനസ്സോടെയാണ്.
c ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
d ചിത്രക്കുറിപ്പുകൾ: യരുശലേമിന്റെ മതിലുകൾ പുനർനിർമിക്കുന്നതിൽ നെഹമ്യ നേരിട്ട് പങ്കെടുത്തതുപോലെ, രാജ്യഹാളിന്റെ അറ്റകുറ്റപ്പണിയിൽ ഒരു മൂപ്പൻ മകന്റെകൂടെ ജോലി ചെയ്യുന്നു.
e ചിത്രക്കുറിപ്പ്: കുടുംബത്തോടൊപ്പം ഒരു പിതാവ് യഹോവയോടു ഹൃദയം തുറന്ന് പ്രാർഥിക്കുന്നു.
f ചിത്രക്കുറിപ്പ്: വീഡിയോ ഗെയിമുകൾ കളിച്ചുകൊണ്ട് ഒരു കുട്ടി സമയം കളഞ്ഞു. വീട്ടിലെ അവന്റെ ജോലികൾ അവൻ ചെയ്തിട്ടില്ല, ഒന്നും പഠിച്ചിട്ടുമില്ല. ജോലി കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണെങ്കിലും അമ്മ ശാന്തമായി അവനെ തിരുത്തുന്നു. ദേഷ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നില്ല.