പഠനലേഖനം 48
‘നിങ്ങൾ തുടങ്ങിവെച്ച കാര്യം ചെയ്തുതീർക്കുക’
‘നിങ്ങൾ തുടങ്ങിവെച്ച കാര്യം ചെയ്തുതീർക്കുക.’—2 കൊരി. 8:11.
ഗീതം 35 “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പാക്കുക”
പൂർവാവലോകനംa
1. യഹോവ നമ്മളെ എന്തു ചെയ്യാൻ അനുവദിച്ചിരിക്കുന്നു?
നമ്മൾ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു. നല്ല തീരുമാനങ്ങൾ എടുക്കാൻ യഹോവ നമ്മളെ പഠിപ്പിക്കുന്നു. യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങൾ എടുത്താൽ, അവ വിജയകരമായി നടപ്പാക്കാൻ യഹോവ നമ്മളെ സഹായിക്കും. (സങ്കീ. 119:173) ദൈവവചനത്തിലെ തത്ത്വങ്ങൾ നമ്മൾ എത്രയധികം ബാധകമാക്കുന്നോ, അത്രയധികം നമ്മൾ എടുക്കുന്ന തീരുമാനങ്ങളും നല്ലതായിരിക്കും.—എബ്രാ. 5:14.
2. ഒരു തീരുമാനം എടുത്തശേഷം ഏതു പ്രശ്നം നമ്മൾ നേരിട്ടേക്കാം?
2 നമ്മൾ എടുത്ത തീരുമാനം എത്ര നല്ലതാണെങ്കിൽക്കൂടി, തുടങ്ങിവെച്ച കാര്യം പൂർത്തിയാക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടു തോന്നിയേക്കാം. ചില ഉദാഹരണങ്ങൾ നോക്കുക: ഒരു യുവസഹോദരൻ ബൈബിൾ മുഴുവൻ വായിച്ചുതീർക്കാൻ തീരുമാനിക്കുന്നു. ആദ്യത്തെ കുറച്ച് ആഴ്ചകൾ നന്നായി പോയി. പക്ഷേ പിന്നീട് അതു നിൽക്കുന്നു. ഒരു സഹോദരി സാധാരണ മുൻനിരസേവികയാകാൻ തീരുമാനിക്കുന്നു. പക്ഷേ ‘പിന്നെ തുടങ്ങാം, പിന്നെ തുടങ്ങാം’ എന്നു ചിന്തിച്ച് അതു നീട്ടിവെക്കുന്നു. മൂപ്പന്മാരുടെ സംഘം സഭയിൽ കൂടുതൽ ഇടയസന്ദർശനങ്ങൾ നടത്തണമെന്ന് ഏകകണ്ഠമായി തീരുമാനിക്കുന്നു. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും അതു ചെയ്തുതുടങ്ങിയിട്ടില്ല. ഇവരുടെയൊക്കെ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും എല്ലാവരിലും ഒരു കാര്യം പൊതുവായി കാണാം. അവർ തീരുമാനം എടുത്തു, പക്ഷേ അതു നടപ്പാക്കിയില്ല. ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലെ ക്രിസ്ത്യാനികൾക്കും സമാനമായ ഒരു പ്രശ്നമുണ്ടായി. അവരിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം.
3. കൊരിന്തിലെ ക്രിസ്ത്യാനികൾ എന്തു തീരുമാനമാണ് എടുത്തത്, പക്ഷേ എന്തു സംഭവിച്ചു?
3 എ.ഡി. 55-ൽ കൊരിന്തിലെ ക്രിസ്ത്യാനികൾ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. യരുശലേമിലെയും യഹൂദ്യയിലെയും സഹോദരങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും അവരെ സഹായിക്കാൻ മറ്റു സഭകൾ പണം ശേഖരിക്കുന്നതിനെക്കുറിച്ചും ആ ക്രിസ്ത്യാനികൾ അറിഞ്ഞു. ദയ തോന്നിയ ഉദാരമതികളായ ആ ക്രിസ്ത്യാനികൾ സഹായിക്കാൻ തീരുമാനിച്ചു. എങ്ങനെ അതു ചെയ്യാമെന്ന് അപ്പോസ്തലനായ പൗലോസിനോട് അഭിപ്രായം ചോദിച്ചു. സഭയ്ക്കു പൗലോസ് നിർദേശങ്ങൾ കൊടുക്കുകയും ധനശേഖരണത്തിനു സഹായിക്കാൻ തീത്തോസിനെ നിയമിക്കുകയും ചെയ്തു. (1 കൊരി. 16:1; 2 കൊരി. 8:6) മാസങ്ങൾ കടന്നുപോയി. കൊരിന്തിലെ ക്രിസ്ത്യാനികൾ എടുത്ത തീരുമാനം അവർ പൂർണമായി നടപ്പാക്കിയില്ലെന്നു പൗലോസ് അറിഞ്ഞു. മറ്റു സഭകളിൽനിന്നുള്ള സംഭാവനകൾ യരുശലേമിലേക്കു കൊടുത്തയയ്ക്കാൻ നിശ്ചയിച്ച സമയത്ത് കൊരിന്തുകാരുടെ സംഭാവന കൊടുക്കാൻ കഴിയുമോ എന്നു സംശയമായി.—2 കൊരി. 9:4, 5.
4. 2 കൊരിന്ത്യർ 8:7, 10, 11 പറയുന്നതുപോലെ, എന്തു ചെയ്യാൻ പൗലോസ് കൊരിന്തിലെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു?
4 കൊരിന്തിലെ സഹോദരങ്ങൾ നല്ല ഒരു തീരുമാനമാണ് എടുത്തത്. അവരുടെ ശക്തമായ വിശ്വാസത്തെയും അവരുടെ ഉദാരമനസ്സിനെയും പൗലോസ് അഭിനന്ദിക്കുന്നു. എന്നാൽ ചെയ്തുതുടങ്ങിയ കാര്യം പൂർത്തിയാക്കാൻ പൗലോസിന് അവരെ പ്രോത്സാഹിപ്പിക്കേണ്ടിവന്നു. (2 കൊരിന്ത്യർ 8:7, 10, 11 വായിക്കുക.) നല്ല തീരുമാനങ്ങൾ എടുത്തിട്ട് അതു നടപ്പാക്കാൻ വിശ്വസ്തരായ ക്രിസ്ത്യാനികൾക്കുപോലും ബുദ്ധിമുട്ടു തോന്നിയേക്കാം എന്ന് അവരുടെ അനുഭവം നമ്മളെ പഠിപ്പിക്കുന്നു.
5. നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
5 കൊരിന്തിലെ സഹോദരങ്ങളെപ്പോലെ, നമ്മുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. എന്തുകൊണ്ട്? അപൂർണരായതുകൊണ്ട് നമ്മൾ ചിലപ്പോൾ കാര്യങ്ങൾ നീട്ടിവെച്ചേക്കാം. അല്ലെങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ കാരണം, നമ്മൾ തീരുമാനിച്ച കാര്യം നടപ്പാക്കാൻ കഴിയാതെ വന്നേക്കാം. (സഭാ. 9:11; റോമ. 7:18) നമുക്ക് എങ്ങനെ നല്ല തീരുമാനങ്ങൾ എടുക്കാം? ആവശ്യമായി വരുമ്പോൾ, ഒരു തീരുമാനം പുനഃപരിശോധിക്കാനും അതിൽ മാറ്റം വരുത്തണോ എന്നു ചിന്തിക്കാനും നമുക്ക് എങ്ങനെ കഴിയും? ചെയ്തുതുടങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാം?
എങ്ങനെ നല്ല തീരുമാനങ്ങൾ എടുക്കാം?
6. ഒരു തീരുമാനത്തിൽ മാറ്റം വരുത്തേണ്ടിവന്നേക്കാവുന്നത് എപ്പോൾ?
6 നമ്മൾ എടുക്കുന്ന പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ നമ്മൾ ഒരിക്കലും മാറ്റില്ല. ഉദാഹരണത്തിന്, യഹോവയെ സേവിക്കാൻ നമ്മൾ എടുത്ത തീരുമാനത്തോടു നമ്മൾ പറ്റിനിൽക്കും. അതുപോലെ വിവാഹയിണയോടു വിശ്വസ്തരായിരിക്കാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്. (മത്താ. 16:24; 19:6) എന്നാൽ മറ്റു തീരുമാനങ്ങളിൽ മാറ്റം വരുത്തേണ്ടിവന്നേക്കാം. എന്തുകൊണ്ട്? കാരണം സാഹചര്യങ്ങൾ മാറും. ഏറ്റവും നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ്?
7. നമ്മൾ എന്തിനുവേണ്ടി പ്രാർഥിക്കണം, എന്തുകൊണ്ട്?
7 ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കുക. ഇങ്ങനെ എഴുതാൻ യഹോവ യാക്കോബിനെ പ്രചോദിപ്പിച്ചു: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ; അപ്പോൾ അയാൾക്ക് അതു കിട്ടും.” (യാക്കോ. 1:5) ചില കാര്യങ്ങളിൽ നമുക്ക് എല്ലാവർക്കും ‘ജ്ഞാനം കുറവാണ്’ എന്നതാണു സത്യം. അതുകൊണ്ട് ഒരു തീരുമാനം എടുക്കുമ്പോഴും അതു പുനഃപരിശോധിക്കുമ്പോഴും യഹോവയിൽ ആശ്രയിക്കുക. ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ യഹോവ സഹായിക്കും.
8. ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് നിങ്ങൾ എങ്ങനെ ഗവേഷണം നടത്തണം?
8 നന്നായി ഗവേഷണം ചെയ്യുക. ദൈവവചനം പരിശോധിക്കുക, യഹോവയുടെ സംഘടന തന്നിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ പഠിക്കുക, നിങ്ങൾക്കു നല്ല ഉപദേശങ്ങൾ തരുന്നവരുമായി ആലോചിക്കുക. (സുഭാ. 20:18) മറ്റൊരു ജോലി തിരഞ്ഞെടുക്കാനോ താമസം മാറാനോ തീരുമാനിക്കുമ്പോൾ നമ്മൾ ഇങ്ങനെ ഗവേഷണം ചെയ്യണം. അതുപോലെ യഹോവയെ കൂടുതലായി സേവിക്കുക എന്ന ലക്ഷ്യം നേടാൻ ഏതു വിദ്യാഭ്യാസം തിരഞ്ഞെടുക്കണം എന്നു ചിന്തിക്കുമ്പോഴും നമ്മൾ അങ്ങനെ ചെയ്യണം.
9. ഒരു തീരുമാനമെടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന കാരണത്തെക്കുറിച്ച് സത്യസന്ധമായി വിലയിരുത്തേണ്ടത് എന്തുകൊണ്ട്?
9 നിങ്ങളുടെ തീരുമാനത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് ചിന്തിക്കുക. ഒരു കാര്യം ചെയ്യാൻ നമ്മൾ തീരുമാനിക്കുന്നതിന്റെ കാരണം യഹോവ ശ്രദ്ധിക്കുന്നുണ്ട്. (സുഭാ. 16:2) എല്ലാ കാര്യത്തിലും നമ്മൾ സത്യസന്ധരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഒരു തീരുമാനം എടുക്കുമ്പോൾ അതിനു നമ്മളെ പ്രേരിപ്പിക്കുന്ന കാര്യം നമ്മൾ സത്യസന്ധമായി വിലയിരുത്തണം. അതെക്കുറിച്ച് മറ്റുള്ളവരോടു പറയുമ്പോഴും സത്യസന്ധരായിരിക്കണം. അല്ലെങ്കിൽ, ആ തീരുമാനം നടപ്പാക്കാൻ നമുക്കു ബുദ്ധിമുട്ടായേക്കാം. ഉദാഹരണത്തിന്, ഒരു യുവസഹോദരൻ സാധാരണ മുൻനിരസേവനം തുടങ്ങാൻ തീരുമാനിക്കുന്നു. എന്നാൽ കുറച്ച് നാൾ കഴിഞ്ഞ്, മണിക്കൂർവ്യവസ്ഥയിൽ എത്തിച്ചേരാൻ ആ സഹോദരനു ബുദ്ധിമുട്ടാകുന്നു. ശുശ്രൂഷയിൽനിന്ന് വലിയ സന്തോഷവും ലഭിക്കുന്നില്ല. യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹംകൊണ്ടാണു മുൻനിരസേവനം തുടങ്ങുന്നതെന്ന് ആ സഹോദരൻ ചിന്തിച്ചിരിക്കാം. ശരിക്കും അതാണോ ആ സഹോദരനെ അതിനു പ്രേരിപ്പിച്ചത്? അതോ, മാതാപിതാക്കളെയോ അദ്ദേഹം സ്നേഹിക്കുന്ന മറ്റാരെയെങ്കിലുമോ സന്തോഷിപ്പിക്കാനുള്ള ആഗ്രഹമാണോ?
10. മാറ്റങ്ങൾ വരുത്താൻ എന്താണ് ആവശ്യം?
10 പുകവലി നിറുത്താൻ തീരുമാനിച്ച ഒരു ബൈബിൾവിദ്യാർഥിയെക്കുറിച്ച് ചിന്തിക്കുക. ഒന്നോ രണ്ടോ ആഴ്ചയൊക്കെ നന്നായി പോകും, പക്ഷേ വീണ്ടും വലിക്കും. കുറച്ച് കാലം ഇങ്ങനെ ബുദ്ധിമുട്ടി. എങ്കിലും അദ്ദേഹം അവസാനം വിജയിച്ചു. യഹോവയോടുള്ള സ്നേഹവും യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹവും ആണ് ആ ദുശ്ശീലത്തിൽനിന്ന് പുറത്തുകടക്കാൻ ആ വിദ്യാർഥിയെ സഹായിച്ചത്.—കൊലോ. 1:10; 3:23.
11. നിങ്ങൾ കൃത്യമായ ലക്ഷ്യങ്ങൾ വെക്കേണ്ടത് എന്തുകൊണ്ട്?
11 കൃത്യമായ ലക്ഷ്യങ്ങൾ വെക്കുക. അങ്ങനെ ചെയ്യുന്നത്, തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, എല്ലാ ദിവസവും ബൈബിൾ വായിക്കണമെന്നു നിങ്ങൾ തീരുമാനിച്ചിട്ടുണ്ടാകും. പക്ഷേ കൃത്യമായ ഒരു പട്ടികയില്ലെങ്കിൽ ഈ ലക്ഷ്യത്തിൽ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയണമെന്നില്ല.b മൂപ്പന്മാർ സഭയിൽ കൂടുതൽ ഇടയസന്ദർശനങ്ങൾ നടത്തണമെന്നു തീരുമാനിച്ചിരിക്കാം. പക്ഷേ കുറച്ച് നാൾ കഴിഞ്ഞെങ്കിലും ആ തീരുമാനം നടപ്പാക്കിയിട്ടുണ്ടാകില്ല. ഈ തീരുമാനത്തോടു ബന്ധപ്പെട്ട് അവർക്കു കൃത്യമായ ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കാൻ സഹായിക്കുന്ന ചില ചോദ്യങ്ങൾ നോക്കാം: ‘പ്രത്യേകിച്ചും ആർക്കൊക്കെയാണ് ഇടയസന്ദർശനം വേണ്ടതെന്ന് ആലോചിച്ചിട്ടുണ്ടോ? അവരെ സന്ദർശിക്കുന്നതിന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ടോ?’
12. നിങ്ങൾ എന്തു ചെയ്യേണ്ടിവന്നേക്കാം, എന്തുകൊണ്ട്?
12 യാഥാർഥ്യബോധമുള്ളവരായിരിക്കുക. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള സമയമോ പണമോ ഊർജമോ നമുക്കില്ല. അതുകൊണ്ട് യാഥാർഥ്യബോധമുള്ളവരായിരിക്കുക, ന്യായമായ പ്രതീക്ഷകൾ വെക്കുക. ചില തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്നു മനസ്സിലായാൽ നമ്മൾ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. (സഭാ. 3:6) നിങ്ങളുടെ തീരുമാനം പുനഃപരിശോധിച്ചു, ആവശ്യമായ മാറ്റങ്ങൾ വരുത്തി, ഇപ്പോൾ നിങ്ങൾക്ക് അതു നടപ്പാക്കാൻ കഴിയുമെന്നു തോന്നുന്നു. നിങ്ങൾ തുടങ്ങിവെച്ച കാര്യം പൂർത്തിയാക്കാൻ സഹായിക്കുന്ന അഞ്ചു കാര്യങ്ങൾ നമുക്കു നോക്കാം.
തീരുമാനങ്ങൾ നടപ്പാക്കാൻ
13. ഒരു തീരുമാനം നടപ്പാക്കാനുള്ള ശക്തി നിങ്ങൾക്ക് എങ്ങനെ നേടാം?
13 പ്രവർത്തിക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുക. ‘പ്രവർത്തിക്കാനും’ നിങ്ങളുടെ തീരുമാനം നടപ്പാക്കാനും ഉള്ള ‘ശക്തി’ തരാൻ ദൈവത്തിനു കഴിയും. (ഫിലി. 2:13) അതുകൊണ്ട് നിങ്ങൾക്ക് ആവശ്യമായശക്തി ലഭിക്കുന്നതിനു പരിശുദ്ധാത്മാവിനെ തരാൻയഹോവയോട് അപേക്ഷിക്കുക. നിങ്ങളുടെ പ്രാർഥനയ്ക്കു പെട്ടെന്ന് ഉത്തരം കിട്ടുന്നില്ലെന്നു തോന്നിയാലും പ്രാർഥന നിറുത്തിക്കളയരുത്. യേശു പറഞ്ഞു: “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു (പരിശുദ്ധാത്മാവ്) കിട്ടും.”—ലൂക്കോ. 11:9, 13.
14. സുഭാഷിതങ്ങൾ 21:5-ലെ തത്ത്വം തീരുമാനം നടപ്പിലാക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
14 തീരുമാനം നടപ്പാക്കാൻ ഒരു പദ്ധതി തയ്യാറാക്കുക. (സുഭാഷിതങ്ങൾ 21:5 വായിക്കുക.) നിങ്ങൾ തുടങ്ങിവെച്ച ഏതൊരു കാര്യവും പൂർത്തിയാക്കാൻ, അതിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ കാര്യവും എങ്ങനെ ചെയ്യണം എന്നു മുന്നമേ തീരുമാനിക്കണം, അത് എഴുതിവെക്കുന്നതും നല്ലതാണ്. എന്നിട്ട്, അതിനു ചേർച്ചയിൽ പ്രവർത്തിക്കണം. വലിയ ജോലികൾ ചെറിയചെറിയ ജോലികളായി തിരിക്കുന്നത്, നിങ്ങൾ എത്രത്തോളം പുരോഗമിച്ചെന്നു മനസ്സിലാക്കാൻ സഹായിക്കും. ഉദാഹരണത്തിന്, പൗലോസ് വന്നതിനു ശേഷം പണം ശേഖരിക്കാൻ പോകുന്നതിനു പകരം “ഓരോ ആഴ്ചയുടെയും ആദ്യദിവസംതന്നെ” എന്തെങ്കിലും മാറ്റിവെക്കാൻ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 കൊരി. 16:2) വലിയ ജോലികൾ ചെറിയ ജോലികളായി തിരിക്കുന്നതുകൊണ്ട് മറ്റൊരു പ്രയോജനവുമുണ്ട്. നിങ്ങളെക്കൊണ്ട് അതു ചെയ്തുതീർക്കാൻ സാധിക്കില്ല എന്നു തോന്നാതിരിക്കാൻ അതു സഹായിക്കും.
15. ഒരു തീരുമാനം എടുത്ത് എഴുതിവെച്ചതിനു ശേഷം എന്തു ചെയ്യണം?
15 ഇങ്ങനെ എഴുതിവെക്കുന്നതു നിങ്ങൾ എടുത്ത തീരുമാനം നടപ്പാക്കാൻ സഹായിക്കും. (1 കൊരി. 14:40) ഉദാഹരണത്തിന്, മൂപ്പന്മാരുടെ സംഘം എടുക്കുന്ന തീരുമാനങ്ങൾ, അത് ആരെയാണ് ഏൽപ്പിച്ചത്, അത് എന്നു ചെയ്തുതീർക്കണം എന്നതിന്റെയൊക്കെ രേഖയുണ്ടാക്കിവെക്കാൻ ഒരു മൂപ്പനെ നിയമിക്കണമെന്നു മൂപ്പന്മാരുടെ സംഘത്തിനു നിർദേശം കൊടുത്തിട്ടുണ്ട്. ഈ നിർദേശം പാലിക്കുന്നെങ്കിൽ അവർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാനുള്ള സാധ്യത കൂടുതലാണ്. (1 കൊരി. 9:26) നിങ്ങൾ സ്വന്തം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളുടെ കാര്യത്തിലും ഈ രീതി പിൻപറ്റാം. ഉദാഹരണത്തിന്, ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങൾ അതു ചെയ്യേണ്ട ക്രമത്തിൽ എഴുതിവെക്കുക. ഇങ്ങനെ ചെയ്യുന്നതു നിങ്ങൾ തുടങ്ങിവെച്ച കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തുതീർക്കാൻ സഹായിക്കും.
16. ഒരു തീരുമാനം നടപ്പിലാക്കാൻ ആവശ്യമായിരിക്കുന്നത് എന്താണ്, അതെക്കുറിച്ച് റോമർ 12:11 എന്താണു പറയുന്നത്?
16 കഠിനശ്രമം ചെയ്യുക. നിങ്ങളുടെ പദ്ധതിക്കു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് തുടങ്ങിവെച്ച കാര്യം പൂർത്തിയാക്കാൻ നിങ്ങളുടെ ഭാഗത്ത് നല്ല ശ്രമം ആവശ്യമാണ്. (റോമർ 12:11 വായിക്കുക.) നന്നായി പഠിപ്പിക്കുന്നതിന്, അർപ്പിതനായിരിക്കാനും മടുത്തുപോകാതിരിക്കാനും പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു. മറ്റ് ആത്മീയലക്ഷ്യങ്ങളോടുള്ള ബന്ധത്തിലും ആ ബുദ്ധിയുപദേശം ബാധകമാക്കാം.—1 തിമൊ. 4:13, 16.
17. തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ എഫെസ്യർ 5:15, 16 നമുക്ക് എങ്ങനെ ബാധകമാക്കാം?
17 സമയം നന്നായി ഉപയോഗിക്കുക. (എഫെസ്യർ 5:15, 16 വായിക്കുക.) നിങ്ങൾ തീരുമാനിച്ച കാര്യം ചെയ്യാനുള്ള സമയം പട്ടികപ്പെടുത്തുക. ആ സമയത്തുതന്നെ അതു ചെയ്യുക. സാഹചര്യങ്ങളെല്ലാം ശരിയായതിനു ശേഷം തുടങ്ങാം എന്നു ചിന്തിച്ചാൽ, ചിലപ്പോൾ ഒരിക്കലും തുടങ്ങാൻ പറ്റിയെന്നുവരില്ല. (സഭാ. 11:4) പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ സമയവും ഊർജവും കവർന്നെടുക്കാൻ അനുവദിക്കരുത്. അങ്ങനെ വന്നാൽ, നിങ്ങൾക്കു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നേക്കാം. (ഫിലി. 1:10) സാധിക്കുമെങ്കിൽ, മറ്റുള്ളവർ ശല്യപ്പെടുത്താൻ സാധ്യതയില്ലാത്ത ഒരു സമയം തിരഞ്ഞെടുക്കുക. നിങ്ങളുടെ ഈ പട്ടികയെക്കുറിച്ച് മറ്റുള്ളവർ അറിയട്ടെ. ഫോൺ ഓഫാക്കുകയോ മെസ്സേജുകളും സോഷ്യൽ മീഡിയയും പിന്നീടു നോക്കുകയോ ചെയ്യുക.c
18-19. നിരാശപ്പെടുത്തുന്ന കാര്യങ്ങളുണ്ടായാലും നിങ്ങൾ എടുത്ത നല്ലൊരു തീരുമാനത്തോടു പറ്റിനിൽക്കാൻ എങ്ങനെ കഴിയും?
18 പ്രയോജനത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ തീരുമാനത്തിന്റെ ഫലം ഒരു യാത്രയുടെ ലക്ഷ്യസ്ഥാനംപോലെയാണ്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ യാത്ര തുടരും. ഒരു വഴിയിൽ തടസ്സം നേരിട്ടാൽ മറ്റൊരു വഴി തിരഞ്ഞെടുക്കും. അതുപോലെ, നമ്മുടെ തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിച്ചാലും മടുത്ത് പിന്മാറാതിരിക്കാൻ നമുക്കു കഴിയും.—ഗലാ. 6:9.
19 നല്ല തീരുമാനങ്ങളെടുക്കുന്നതും അതു നടപ്പാക്കുന്നതും ബുദ്ധിമുട്ടായിരിക്കും. പക്ഷേ യഹോവയുടെ സഹായത്താൽ, തുടങ്ങിവെച്ച കാര്യം പൂർത്തിയാക്കാനുള്ള ജ്ഞാനവും ശക്തിയും നേടാൻ നിങ്ങൾക്കു കഴിയും.
ഗീതം 65 മുന്നേറുവിൻ
a നിങ്ങൾ എപ്പോഴെങ്കിലും ഒരു തീരുമാനമെടുത്തിട്ട് ‘ശ്ശൊ, തെറ്റിപ്പോയല്ലോ’ എന്നോർത്ത് വിഷമിച്ചിട്ടുണ്ടോ? അതോ, തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നാറുണ്ടോ? ഇത്തരം പ്രശ്നങ്ങൾ മറികടക്കാനും ചെയ്തുതുടങ്ങിയ ഒരു കാര്യം എങ്ങനെ ചെയ്തുതീർക്കാമെന്നു മനസ്സിലാക്കാനും ഈ ലേഖനം സഹായിക്കും.
b വ്യക്തിപരമായ ബൈബിൾവായനയ്ക്കുവേണ്ടി കൃത്യമായ പട്ടികയുണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കുന്നതാണു jw.org ®-ൽ ലഭ്യമായ “ബൈബിൾ വായനയ്ക്കുള്ള പട്ടിക.”
c സമയം എങ്ങനെ നന്നായി ഉപയോഗിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ 2010 ഏപ്രിൽ ലക്കം ഉണരുക!-യിലെ (ഇംഗ്ലീഷ്) “സമയം ലാഭിക്കാൻ 20 വഴികൾ” എന്ന ലേഖനം കാണുക.