ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മെയ് 1-7
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 32–34
“ഇസ്രായേല്യർ സ്വദേശത്തേക്കു മടങ്ങിവരും എന്നതിന്റെ ഒരടയാളം”
(യിരെമ്യ 32:6-9) യിരെമ്യ പറഞ്ഞു: “യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയും: “നീ അനാഥോത്തിലെ എന്റെ നിലം വാങ്ങണം. കാരണം, അതു വീണ്ടെടുക്കാൻ മറ്റാരെക്കാളും അവകാശമുള്ളതു നിനക്കാണ്.”’” യഹോവ പറഞ്ഞതുപോലെതന്നെ, എന്റെ പിതൃസഹോദരപുത്രനായ ഹനമെയേൽ കാവൽക്കാരുടെ മുറ്റത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു: “ബന്യാമീൻ ദേശത്തെ അനാഥോത്തിലുള്ള എന്റെ നിലം ദയവായി വാങ്ങണം. അതു വീണ്ടെടുത്ത് കൈവശം വെക്കാനുള്ള അവകാശം നിനക്കാണല്ലോ. അതുകൊണ്ട് നീതന്നെ അതു വാങ്ങണം.” ഇത് യഹോവ പറഞ്ഞതനുസരിച്ചാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി. അങ്ങനെ, എന്റെ പിതൃസഹോദരപുത്രനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം ഞാൻ വാങ്ങി. വിലയായി ഏഴു ശേക്കെലും പത്തു വെള്ളിക്കാശും തൂക്കിക്കൊടുത്തു.
(യിരെമ്യ 32:15) കാരണം, ‘ഈ ദേശത്ത് ആളുകൾ വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വാങ്ങുന്ന ഒരു കാലം വീണ്ടും വരും’ എന്ന് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു.”
it-1-E 105 ¶2
അനാഥോത്ത്
യിരെമ്യ അനാഥോത്തുകാരനാണ്. സ്വന്തം ജനത്തിൽനിന്നും ഒട്ടും ‘ആദരവ് ലഭിക്കാത്ത ഒരു പ്രവാചകനായിരുന്നു’ അദ്ദേഹം. യഹോവയുടെ സന്ദേശം പ്രസംഗിച്ചതിന്റെ പേരിൽ യിരെമ്യയുടെ ജീവൻ അപായപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തി. (യിരെമ്യ 1:1; 11:21-23; 29:27) അതിന്റെ ഫലമായി, ആ ദേശത്തിന് വലിയ ഒരു നാശം സംഭവിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. ബാബിലോൺ ഈ ദേശത്തെ പിടിച്ചടക്കിയപ്പോൾ അതു സത്യമെന്നു തെളിഞ്ഞു. (യിരെമ്യ 11:21-23) യരുശലേമിന്റെ നാശത്തിനു മുമ്പേ, തനിക്കുള്ള നിയമപരമായ അവകാശങ്ങൾ ഉപയോഗിച്ചുകൊണ്ട് അനാഥോത്തിലുള്ള തന്റെ ബന്ധുവിൽനിന്ന് യിരെമ്യ ഒരു നിലം വാങ്ങിച്ചു. പ്രവാസത്തിൽനിന്ന് വിടുതൽ ഉണ്ടാകുമെന്നതിന്റെ അടയാളമായിരുന്നു ഇത്. (യിരെമ്യ 32:7-9) പ്രവാസത്തിൽനിന്ന് സെരുബ്ബാബേലിനോടൊപ്പം ആദ്യം വന്നവർ 128 അനാഥോത്തുകാരായിരുന്നു. യിരെമ്യയുടെ പ്രവചനം നിവർത്തിച്ചുകൊണ്ട് പുനഃരുദ്ധരിക്കപ്പെട്ട നഗരങ്ങളിൽ അനാഥോത്തും ഉണ്ടായിരുന്നു.—എസ്ര 2:23; നെഹമ്യ 7:27; 11:32.
(യിരെമ്യ 33:7, 8) യഹൂദയുടെയും ഇസ്രായേലിന്റെയും ബന്ദികളെ ഞാൻ തിരികെ വരുത്തും. തുടക്കത്തിൽ ചെയ്തതുപോലെതന്നെ അവരെ ഞാൻ പണിതുയർത്തും. എനിക്ക് എതിരെ അവർ ചെയ്ത പാപങ്ങളുടെയെല്ലാം കുറ്റത്തിൽനിന്ന് ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എനിക്ക് എതിരെ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും ലംഘനങ്ങളും ഞാൻ ക്ഷമിക്കും.
jr-E 152 ¶22-23
“എന്നെ അറിയുകയെന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇതല്ലേ?”
22 ചിന്തിക്കാതെ ആരെങ്കിലും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്ത കാര്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ യഹോവയെ അനുകരിക്കുമോ? പുരാതനകാലത്തെ ജൂതന്മാരോടുള്ള ബന്ധത്തിൽ ദൈവം പറഞ്ഞത്, തന്റെ ക്ഷമ നേടുന്നവരെ താൻ “ശുദ്ധീകരിക്കും” എന്നാണ്. (യിരെമ്യ 33:8 വായിക്കുക.) ദൈവം അത് എങ്ങനെയാണ് ചെയ്യുന്നത്? അനുതപിക്കുന്ന വ്യക്തിയുടെ പാപത്തെ ഒരർഥത്തിൽ പുറകിലേക്ക് എറിഞ്ഞുകൊണ്ട് അയാളുടെ ജീവിതത്തിന് ദൈവം ഒരു പുതിയ തുടക്കം നൽകുന്നു. ദൈവത്തിന്റെ കാരുണ്യത്താൽ ക്ഷമ ലഭിച്ചു എന്നതിന്റെ അർഥം അയാൾ പാരമ്പര്യമായി കിട്ടിയ അപൂർണതയിൽനിന്ന് മോചിതനാകുകയും ഒരു പൂർണവ്യക്തിയായിത്തീരുകയും ചെയ്തു എന്നല്ല. എന്നിരുന്നാലും ദൈവം മനുഷ്യരെ ശുദ്ധീകരിക്കുന്നതിൽനിന്ന് നമുക്ക് ഒരു പാഠം പഠിക്കാനുണ്ട്. മറ്റുള്ളവർ നമ്മോടു ചെയ്യുന്ന തെറ്റുകൾ പിന്നിലേക്ക് എറിഞ്ഞുകളയാൻ നമുക്കു ശ്രമിക്കാം. വാസ്തവത്തിൽ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ, ഉള്ളിന്റെയുള്ളിൽ നമ്മൾ ഒരു വ്യക്തിയെ വീക്ഷിക്കുന്ന വിധത്തിന് ശുദ്ധീകരണം സംഭവിക്കുകയാണ്. അത് എങ്ങനെ?
23 നിങ്ങൾക്ക് പാരമ്പര്യമായി കൈമാറിവരുന്ന മനോഹരമായ ഒരു അലങ്കാരപാത്രം ലഭിച്ചെന്നു കരുതുക. അതിൽ ചെളിയോ കറയോ പറ്റിയെന്നു കരുതി, നിങ്ങൾ ഉടനെ അത് വലിച്ചെറിഞ്ഞുകളയുമോ? സാധ്യതയില്ല. അതിൽ പറ്റിയ കറയോ അഴുക്കോ ശ്രദ്ധാപൂർവം നീക്കിക്കളയാനായിരിക്കും നിങ്ങൾ ശ്രമിക്കുക. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന അതിന്റെ തനതു ഭംഗി കാത്തുസൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ഇതുപോലെ, നിങ്ങളെ മുറിപ്പെടുത്തിയ ഒരു സഹോദരനോടോ സഹോദരിയോടോ ഇപ്പോഴും മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്ന നീരസം പിഴുതെറിയാൻ കഠിനശ്രമം ചെയ്യുക. നിങ്ങളെ മുറിപ്പെടുത്തിയ വാക്കുകളെയും പ്രവൃത്തികളെയും കുറിച്ചുതന്നെ എപ്പോഴും ചിന്തിക്കുന്ന പ്രവണതയ്ക്കെതിരെ പോരാടുക. അങ്ങനെ ഒരു വ്യക്തിയുടെ പിഴവുകൾ പുറകിലേക്ക് എറിഞ്ഞുകളയുന്നതിൽ നിങ്ങൾ വിജയിക്കുമ്പോൾ, അയാളെക്കുറിച്ചുള്ള കാഴ്ചപ്പാടും ഓർമകളും നിങ്ങൾ ശുദ്ധീകരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള നിഷേധാത്മകചിന്തകൾ ഹൃദയത്തിൽനിന്ന് പടിയിറക്കുമ്പോൾ, അദ്ദേഹവുമായി ഒരിക്കൽ നഷ്ടപ്പെട്ട അടുത്ത സുഹൃദ്ബന്ധം വീണ്ടും ആസ്വദിക്കാനാകും.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 33:15) ‘ആ സമയത്ത്, ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള മുളപ്പിക്കും. അവൻ ദേശത്ത് നീതിയും ന്യായവും നടപ്പിലാക്കും.
jr-E 173 ¶10
പുതിയ ഉടമ്പടിയിൽനിന്ന് നിങ്ങൾക്കും പ്രയോജനം നേടാം
10 വരാനിരുന്ന മിശിഹയെ ദാവീദിൽനിന്നുള്ള “മുള” എന്നാണ് യിരെമ്യ വർണിച്ചത്. ആ വർണന വളരെ കൃത്യവുമാണ്. പ്രവാചകനായി യിരെമ്യ സേവിക്കുന്ന സമയത്ത്, ദാവീദിന്റെ രാജകുടുംബത്തെ പ്രതിനിധീകരിക്കുന്ന മരം വെട്ടിയിടപ്പെട്ടു. എന്നാൽ അതിന്റെ കുറ്റി നിലനിന്നു. കാലാന്തരത്തിൽ ദാവീദ് രാജാവിന്റെ വംശത്തിൽതന്നെ യേശു ജനിച്ചു. “യഹോവ നമ്മുടെ നീതി” എന്ന് യേശുവിനെ വിളിക്കുമായിരുന്നു. ആ ഗുണത്തെ ദൈവം എത്ര പ്രധാന്യമുള്ളതായി കാണുന്നു എന്ന് അത് വ്യക്തമാക്കി. (യിരെമ്യ 23:5, 6 വായിക്കുക.) തന്റെ പ്രിയ മകൻ ഈ ഭൂമിയിലെ കഷ്ടപ്പാട് അനുഭവിച്ചുകൊണ്ട് മരിക്കാൻ യഹോവ അനുവദിച്ചു. അങ്ങനെ യഹോവ തന്റെ നീതിയുടെ അടിസ്ഥാനത്തിൽ, ദാവീദിന്റെ ‘മുളയിലൂടെ’ ലഭ്യമായ മോചനവിലയുടെ മൂല്യം പാപങ്ങൾ ക്ഷമിക്കുന്നതിനായി ഉപയോഗിക്കുന്നു. (യിരെ. 33:15) കൂടാതെ, ഒരു ചെറിയ കൂട്ടത്തെ, ‘നീതിമാന്മാരായി പ്രഖ്യാപിച്ച് ജീവൻ നൽകാനും’ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യാനും അതിലൂടെ അവരെ പുതിയ ഉടമ്പടിയുടെ കക്ഷികളാക്കാനും മോചനവിലയുടെ മൂല്യം യഹോവ ഉപയോഗിക്കുന്നു. ഈ പുതിയ ഉടമ്പടിയിൽ നേരിട്ട് കക്ഷികളാകാത്ത അനേകർക്കും അതിൽനിന്ന് പ്രയോജനം ലഭിക്കും. അത് ദൈവികനീതിയുടെ മറ്റൊരു തെളിവാണ്.—റോമ. 5:18.
മെയ് 8-14
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 35–38
“ഏബെദ്-മേലെക്ക്—ധൈര്യത്തിന്റെയും ദയയുടെയും മാതൃക”
(യിരെമ്യ 38:4-6) പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ദയവുചെയ്ത് ഇയാളെ കൊന്നുകളയാമോ? ഇങ്ങനെയൊക്കെ പറഞ്ഞ് ഈ മനുഷ്യൻ നഗരത്തിൽ ബാക്കിയുള്ള പടയാളികളുടെയും മറ്റെല്ലാവരുടെയും മനോധൈര്യം കെടുത്തിക്കളയുകയാണ്. ജനത്തിനു സമാധാനമല്ല, നാശം വന്നുകാണാനാണ് ഇയാൾ ആഗ്രഹിക്കുന്നത്.” അപ്പോൾ സിദെക്കിയ രാജാവ് പറഞ്ഞു: “ഇതാ, അയാൾ നിങ്ങളുടെ കൈയിലാണ്. നിങ്ങളെ തടയാൻ രാജാവിനു പറ്റുമോ?” അപ്പോൾ അവർ യിരെമ്യയെ പിടിച്ച് രാജകുമാരനായ മൽക്കീയയുടെ കിണറ്റിൽ ഇട്ടു. കാവൽക്കാരുടെ മുറ്റത്തായിരുന്നു അത്. അവർ യിരെമ്യയെ കയറിൽ കെട്ടിയാണ് അതിൽ ഇറക്കിയത്. പക്ഷേ അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു. യിരെമ്യ ചെളിയിലേക്കു താണുതുടങ്ങി.
it-2-E 1228 ¶3
സിദെക്കിയ
സിദെക്കിയ ഒരു ദുർബലനായ ഭരണാധികാരിയായിരുന്നെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കി. ഉപരോധത്തിലായിരിക്കുന്ന ജനതയുടെ മനോധൈര്യം കെടുത്തിക്കളയുന്ന യിരെമ്യയെ കൊല്ലാൻ, പ്രഭുക്കന്മാർ രാജാവിനോട് ആവശ്യപ്പെടുന്നു. സിദെക്കിയ പറഞ്ഞു: “ഇതാ, അയാൾ നിങ്ങളുടെ കൈയിലാണ്. നിങ്ങളെ തടയാൻ രാജാവിനു പറ്റുമോ?” എങ്കിലും, യിരെമ്യയെ രക്ഷിക്കാൻ ഏബെദ്-മേലെക്ക് ഒരു അപേക്ഷയുമായി വന്നപ്പോൾ, 30 പേരെ കൂട്ടിക്കൊണ്ടുപോയി യിരെമ്യയെ രക്ഷിക്കാൻ രാജാവ് അദ്ദേഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു. പിന്നീട് യിരെമ്യയുമായി സിദെക്കിയ ഒരു സ്വകാര്യകൂടിക്കാഴ്ച നടത്തി. യിരെമ്യയെ താൻ കൊല്ലില്ലെന്നും അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നവരുടെ കൈയിലേക്കു വിട്ടുകൊടുക്കില്ലെന്നും രാജാവ് വാക്കുകൊടുത്തു. കൽദയരോടൊപ്പം ചേർന്ന ജൂതന്മാരെ ഭയന്ന സിദെക്കിയ രാജാവ്, ബാബിലോണിലെ പ്രഭുക്കന്മാർക്ക് കീഴടങ്ങാനുള്ള യിരെമ്യയുടെ നിശ്വസ്ത ഉപദേശം അനുസരിച്ചില്ല. അതു കൂടാതെ, താനുമായുള്ള സ്വകാര്യകൂടിക്കാഴ്ച അവിടെയുള്ള പ്രഭുക്കന്മാർ അറിയരുതെന്ന് രാജാവ് യിരെമ്യയോട് അഭ്യർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭയമാണ് വീണ്ടും വെളിപ്പെട്ടത്.—യിരെ. 38:1-28.
(യിരെമ്യ 38:7-10) യിരെമ്യയെ കിണറ്റിൽ ഇട്ട വിവരം രാജകൊട്ടാരത്തിലെ ഷണ്ഡനായ ഏബെദ്-മേലെക്ക് എന്ന എത്യോപ്യക്കാരൻ അറിഞ്ഞു. രാജാവ് അപ്പോൾ ബന്യാമീൻ-കവാടത്തിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ട് ഏബെദ്-മേലെക്ക് രാജകൊട്ടാരത്തിൽനിന്ന് പുറത്ത് വന്ന് രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.” അപ്പോൾ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു: “ഇവിടെനിന്ന് 30 പേരെയും കൂട്ടിക്കൊണ്ട് ചെന്ന് യിരെമ്യ പ്രവാചകൻ മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കിണറ്റിൽനിന്ന് വലിച്ചുകയറ്റ്.”
w12-E 5/1 31 ¶2-3
തന്നെ സേവിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവൻ
ഏബെദ്-മേലെക്ക് ആരായിരുന്നു? തെളിവുകളനുസരിച്ച്, യഹൂദാരാജാവായിരുന്ന സിദെക്കിയയുടെ രാജസദസ്സിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അവിശ്വസ്തരായ ജൂതന്മാർക്ക് വരാൻ പോകുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ദൈവം അയച്ച യിരെമ്യ പ്രവാചകന്റെ ഒരു സമകാലികനായിരുന്നു ഏബെദ്-മേലെക്ക്. ദൈവവിശ്വാസം ഇല്ലാത്ത പ്രഭുക്കന്മാരുടെ ഇടയിലാണ് ജീവിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് ദൈവഭയവും, പ്രവാചകനായ യിരെമ്യയോട് വലിയ ആദരവും ഒക്കെ ഉണ്ടായിരുന്നു. ആ ദുഷ്ടരായ പ്രഭുക്കന്മാർ യിരെമ്യയുടെമേൽ രാജ്യദ്രോഹകുറ്റം ചുമത്തി ചെളി നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് യിരെമ്യയെ എറിഞ്ഞു. ആ സാഹചര്യത്തിൽ ഏബെദ്-മേലെക്കിന്റെ ദൈവികഗുണങ്ങൾ പരിശോധിക്കപ്പെട്ടു. (യിരെമ്യ 38:4-6) ഏബെദ്-മേലെക്ക് എന്തു ചെയ്തു?
പ്രഭുക്കന്മാരെയൊന്നും ഭയപ്പെടാതെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഏബെദ്-മേലെക്ക് പ്രവർത്തിച്ചു. അദ്ദേഹം സിദെക്കിയ രാജാവിനെ സമീപിക്കുകയും യിരെമ്യയോട് കാണിക്കുന്ന അനീതിക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ചിലപ്പോൾ അതിക്രമക്കാരെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കാം അദ്ദേഹം രാജാവിനോട് ഇങ്ങനെ പറഞ്ഞത്: “ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്.” (യിരെമ്യ 38:9) ഏബെദ്-മേലെക്ക് അതിൽ വിജയിച്ചു. രാജാവിന്റെ കല്പന പ്രകാരം യിരെമ്യയെ രക്ഷിക്കാൻ 30 പേരെയും കൂട്ടി അദ്ദേഹം പുറപ്പെട്ടു.
(യിരെമ്യ 38:11-13) അങ്ങനെ ഏബെദ്-മേലെക്ക് ആ പുരുഷന്മാരെയും കൂട്ടി രാജകൊട്ടാരത്തിൽ, ഖജനാവിന്റെ കീഴെയുള്ള ഒരു സ്ഥലത്ത് ചെന്ന് കീറിയ കുറച്ച് തുണിക്കഷണങ്ങളും പഴന്തുണികളും എടുത്തു. എന്നിട്ട് അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെമ്യക്ക് ഇറക്കിക്കൊടുത്തു. പിന്നെ, എത്യോപ്യക്കാരനായ ഏബെദ്-മേലെക്ക് യിരെമ്യയോടു പറഞ്ഞു: “പഴന്തുണിയും തുണിക്കഷണവും കക്ഷങ്ങളിൽ വെച്ചിട്ട് അതിന്റെ പുറത്തുകൂടെ കയർ ഇടുക.” യിരെമ്യ അങ്ങനെ ചെയ്തു. അവർ യിരെമ്യയെ കിണറ്റിൽനിന്ന് വലിച്ചുകയറ്റി. അതിനു ശേഷം യിരെമ്യ കാവൽക്കാരുടെ മുറ്റത്ത് കഴിഞ്ഞുപോന്നു.
w12-E 5/1 31 ¶4
തന്നെ സേവിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവൻ
ഏബെദ്-മേലെക്ക് ഇപ്പോൾ മറ്റൊരു ഗുണം കൂടി കാണിക്കുന്നു: ദയ. അദ്ദേഹം “കീറിയ കുറച്ച് തുണിക്കഷണങ്ങളും പഴന്തുണികളും എടുത്തു. എന്നിട്ട് അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെമ്യക്ക് ഇറക്കിക്കൊടുത്തു.” എന്തിനായിരുന്നു മൃദുവായ തുണിക്കഷണങ്ങളും പഴന്തുണികളും? കുഴിയിൽനിന്ന് വലിച്ചുകയറ്റുമ്പോൾ ഉരഞ്ഞുപൊട്ടാതിരിക്കാനായി യിരെമ്യയുടെ കക്ഷത്തിൽവെക്കാനായിരുന്നു അവ കൊടുത്തത്.—യിരെമ്യ 38:11-13.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 35:19) അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “എന്റെ സന്നിധിയിൽ സേവിക്കാൻ രേഖാബിന്റെ മകൻ യഹോനാദാബിന് ഒരിക്കലും ഒരു പിന്മുറക്കാരനില്ലാതെവരില്ല.”
it-2-E 759
രേഖാബ്യർ
ആദരപൂർവം അനുസരണം കാണിച്ചതുകൊണ്ട് യഹോവയ്ക്ക് രേഖാബ്യരിൽ പ്രസാദം തോന്നി. സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ച യഹൂദ്യരിൽനിന്ന് വ്യത്യസ്തരായി തങ്ങളുടെ പൂർവികനോടു തികഞ്ഞ അനുസരണം കാണിച്ചവരായിരുന്നു രേഖാബ്യർ. (യിര 35:12-16) ദൈവം രേഖാബ്യർക്ക് പ്രതിഫലമായി ഇങ്ങനെ ഒരു വാഗ്ദാനം കൊടുത്തു: “എന്റെ സന്നിധിയിൽ സേവിക്കാൻ രേഖാബിന്റെ മകൻ യഹോനാദാബിന് ഒരിക്കലും ഒരു പിന്മുറക്കാരനില്ലാതെവരില്ല.”—യിര 35:19.
മെയ് 15-21
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 39–43
“യഹോവ ഓരോരുത്തരുടെയും പ്രവൃത്തിക്കനുസരിച്ച് പകരം കൊടുക്കും”
(യിരെമ്യ 39:4-7) യഹൂദയിലെ സിദെക്കിയ രാജാവും പടയാളികളൊക്കെയും അവരെ കണ്ടപ്പോൾ അവിടെനിന്ന് രാത്രി രാജാവിന്റെ തോട്ടം വഴി ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിനു പുറത്ത് കടന്ന് ഓടിരക്ഷപ്പെട്ടു. അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി. പക്ഷേ കൽദയസൈന്യം അവരുടെ പിന്നാലെ ചെന്ന് യരീഹൊ മരുപ്രദേശത്തുവെച്ച് സിദെക്കിയയെ പിടികൂടി. അവർ അദ്ദേഹത്തെ ഹമാത്ത് ദേശത്തുള്ള രിബ്ലയിൽ ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ അടുത്ത് കൊണ്ടുവന്നു. അവിടെവെച്ച് രാജാവ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. രിബ്ലയിൽവെച്ച് ബാബിലോൺരാജാവ് സിദെക്കിയയുടെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുന്നിൽവെച്ച് വെട്ടിക്കൊന്നു. യഹൂദയിലെ എല്ലാ പ്രഭുക്കന്മാരോടും അദ്ദേഹം അങ്ങനെതന്നെ ചെയ്തു. പിന്നെ അദ്ദേഹം സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബിലോണിലേക്കു കൊണ്ടുപോകാൻ ചെമ്പുകൊണ്ടുള്ള കാൽവിലങ്ങ് ഇട്ട് ബന്ധിച്ചു.
it-2-E 1228 ¶4
സിദെക്കിയ
യരുശലേമിന്റെ നാശം. അങ്ങനെ (ബി.സി. 607) “സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 11-ാം വർഷം . . . നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും” യരുശലേം നശിപ്പിക്കപ്പെട്ടു. ആ രാത്രി സിദെക്കിയയും പടയാളികളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ യരീഹൊമരുപ്രദേശത്തുവെച്ച് സിദെക്കിയയെ പിടിച്ച് രിബ്ലയിൽ, നെബൂഖദ്നേസറിന്റെ അടുത്ത് കൊണ്ടുവന്നു. സിദെക്കിയയുടെ കൺമുന്നിൽവെച്ച് അദ്ദേഹത്തിന്റെ ആൺമക്കളെ കൊന്നുകളഞ്ഞു. ആ സമയത്ത് അദ്ദേഹത്തിന് 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അദ്ദേഹത്തിന്റെ ആൺമക്കൾക്കും അധികം പ്രായം ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. സ്വന്തം മക്കൾ വധിക്കപ്പെടുന്നതു കണ്ടശേഷം സിദെക്കിയയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം മരിക്കുന്നു.—2രാജ 25:2-7; യിര 39:2-7; 44:30; 52:6-11; യിര 24:8-10 താരതമ്യം ചെയ്യുക; യഹ 12:11-16; 21:25-27.
(യിരെമ്യ 39:15-18) കാവൽക്കാരുടെ മുറ്റത്ത് തടവിൽ കഴിഞ്ഞപ്പോൾ, യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടിയിരുന്നു: “ചെന്ന് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോട് ഇങ്ങനെ പറയുക: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈ നഗരത്തിന് എതിരെയുള്ള എന്റെ സന്ദേശങ്ങൾ ഞാൻ ഇതാ, നിവർത്തിക്കുന്നു. നന്മയല്ല, ദുരന്തമാണ് അവർക്ക് ഉണ്ടാകുക. അതു സംഭവിക്കുന്നത് അന്നു നീ സ്വന്തകണ്ണാൽ കാണും.”’ “‘പക്ഷേ നിന്നെ ഞാൻ അന്നു രക്ഷിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നീ പേടിക്കുന്ന പുരുഷന്മാരുടെ കൈയിൽ നിന്നെ ഏൽപ്പിക്കില്ല.’ “‘ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും. നീ വാളിന് ഇരയാകില്ല. നീ എന്നിൽ ആശ്രയിച്ചതുകൊണ്ട് നിന്റെ ജീവൻ നിനക്കു കൊള്ളമുതൽപോലെ കിട്ടും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
w12-E 5/1 31 ¶5
തന്നെ സേവിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവൻ
ഏബെദ്-മേലെക്ക് ചെയ്തത് യഹോവ കണ്ടു. യഹോവ അതു വിലമതിച്ചോ? യഹൂദയുടെ നാശം തൊട്ടടുത്തെത്തിയിരിക്കുന്നെന്ന് യിരെമ്യയിലൂടെ ദൈവം ഏബെദ്-മേലെക്കിനോടു പറഞ്ഞു. ഒരു പണ്ഡിതൻ പറഞ്ഞതുപോലെ “രക്ഷ ലഭിക്കുമെന്നതിന് അഞ്ചിരട്ടി ഉറപ്പാണ്” ഏബെദ്-മേലെക്കിന് ദൈവം കൊടുത്തത്. യഹോവ അദ്ദേഹത്തോടു പറഞ്ഞു: ‘നിന്നെ ഞാൻ അന്നു രക്ഷിക്കും. നീ പേടിക്കുന്ന പുരുഷന്മാരുടെ കൈയിൽ നിന്നെ ഏൽപ്പിക്കില്ല. ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും. നീ വാളിന് ഇരയാകില്ല. നിന്റെ ജീവൻ നിനക്കു കൊള്ളമുതൽപോലെ കിട്ടും.’ ഏബെദ്-മേലെക്കിനെ രക്ഷിക്കും എന്ന് യഹോവ പറഞ്ഞത് എന്തുകൊണ്ടാണ്? കാരണം ‘നീ എന്നിൽ ആശ്രയിച്ചിരിക്കുന്നു’ എന്ന് യഹോവ പറഞ്ഞു. (യിരെമ്യ 39:16-18) ഏബെദ്-മേലെക്ക് യിരെമ്യയെ സഹായിച്ചത് പ്രവാചകനെക്കുറിച്ചുള്ള ചിന്തകൊണ്ട് മാത്രമായിരുന്നില്ല, തന്നിലുള്ള വിശ്വാസവും ആശ്രയവും അതിനു പിന്നിലുണ്ടായിരുന്നെന്ന് യഹോവ മനസ്സിലാക്കി.
(യിരെമ്യ 40:1-6) കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ യിരെമ്യയെ രാമയിൽനിന്ന് വിട്ടയച്ചശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. യരുശലേമിൽനിന്നും യഹൂദയിൽനിന്നും ബാബിലോണിലേക്കു നാടുകടത്തുന്നവരുടെകൂടെ അയാൾ യിരെമ്യയെയും കൈവിലങ്ങുവെച്ച് രാമയിലേക്കു കൊണ്ടുപോയിരുന്നു. കാവൽക്കാരുടെ മേധാവി യിരെമ്യയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തിന് എതിരെ ഇങ്ങനെയൊരു ദുരന്തം മുൻകൂട്ടിപ്പറഞ്ഞതാണ്. പറഞ്ഞതുപോലെതന്നെ യഹോവ അതു വരുത്തുകയും ചെയ്തു. കാരണം, നിങ്ങൾ യഹോവയോടു പാപം ചെയ്തു; ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞാൻ ഇപ്പോൾ നിന്റെ കൈവിലങ്ങുകൾ അഴിച്ച് നിന്നെ സ്വതന്ത്രനാക്കുന്നു. എന്റെകൂടെ ബാബിലോണിലേക്കു വരുന്നതാണു നല്ലതെന്നു തോന്നുന്നെങ്കിൽ പോരൂ, ഞാൻ നിന്നെ നോക്കിക്കൊള്ളാം. എന്റെകൂടെ വരാൻ താത്പര്യമില്ലെങ്കിൽ വരേണ്ടാ. ഇതാ! ദേശം മുഴുവനും നിന്റെ മുന്നിലുണ്ട്. ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കൊള്ളൂ.” തിരികെ പോകണോ വേണ്ടയോ എന്നു ചിന്തിച്ചുനിൽക്കുന്ന യിരെമ്യയോടു നെബൂസരദാൻ പറഞ്ഞു: “യഹൂദാനഗരങ്ങളുടെ മേൽ ബാബിലോൺരാജാവ് നിയമിച്ച ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയുടെ അടുത്തേക്കു മടങ്ങിപ്പോയി അയാളോടൊപ്പം ജനത്തിന് ഇടയിൽ താമസിക്കുക. ഇനി, മറ്റ്എവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കിൽ അങ്ങനെയും ചെയ്യാം.” ഇങ്ങനെ പറഞ്ഞിട്ട്, കാവൽക്കാരുടെ മേധാവി ഭക്ഷണവും സമ്മാനവും കൊടുത്ത് യിരെമ്യയെ പറഞ്ഞയച്ചു. അങ്ങനെ യിരെമ്യ മിസ്പയിൽ അഹീക്കാമിന്റെ മകൻ ഗദല്യയുടെ അടുത്തേക്കു പോയി ദേശത്ത് ശേഷിച്ച ജനത്തിന്റെ ഇടയിൽ അയാളോടൊപ്പം താമസിച്ചു.
it-2-E 482
നെബൂസരദാൻ
നെബൂഖദ്നേസരിന്റെ കല്പന പ്രകാരം നെബൂസരദാൻ യിരെമ്യയെ വിട്ടയയ്ക്കുകയും അദ്ദേഹത്തോട് ദയയോടെ സംസാരിക്കുകയും എന്തു ചെയ്യണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്തു. കൂടാതെ യിരെമ്യയുടെ കാര്യങ്ങൾ നോക്കാനും അദ്ദേഹത്തിന് ഭക്ഷണവും സമ്മാനവും നൽകാനും നെബൂസരദാൻ തയ്യാറായി. ഇനി, ബാബിലോണിലെ രാജാവിന്റെ വക്താവായ നെബൂസരദാൻ ബാക്കിയുള്ളവരെ ഭരിക്കുന്നതിനുവേണ്ടി ഗവർണറായി ഗദല്യയെ നിയമിക്കുന്നു. (2രാജ 25:22; യിര 39:11-14; 40:1-7; 41:10) അഞ്ചു വർഷത്തിനു ശേഷം, ബി.സി. 602-ൽ മറ്റു ജൂതന്മാരെ ബന്ദികളായി നെബൂസരദാൻ പിടിച്ചുകൊണ്ടുപോകുന്നു. സമീപപ്രദേശങ്ങളിലേക്കു ഓടിപ്പോയവരെ ആയിരിക്കാം പിടിച്ചുകൊണ്ടുപോയത്.—യിര 52:30.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 43:6, 7) പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, രാജകുമാരിമാർ എന്നിവരെയും കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ, ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയുടെ പക്കൽ വിട്ടിട്ടുപോന്ന എല്ലാവരെയും യിരെമ്യ പ്രവാചകനെയും നേരിയയുടെ മകൻ ബാരൂക്കിനെയും അവർ കൊണ്ടുപോയി. യഹോവയുടെ വാക്ക് അനുസരിക്കാൻ കൂട്ടാക്കാതെ അവർ ഈജിപ്ത് ദേശത്തേക്കു പോയി. അവർ തഹ്പനേസ് വരെ ചെന്നു.
it-1-E 463 ¶4
കാലക്രമം
സിദെക്കിയ രാജാവിന്റെ ഭരണത്തിന്റെ 9-ാം വർഷത്തിൽ (ബി.സി. 609) യരുശലേം അതിന്റെ അവസാനത്തെ ഉപരോധത്തിലായി. എന്നാൽ നഗരം വീഴുന്നത് അദ്ദേഹത്തിന്റെ വാഴ്ചയുടെ 11-ാം വർഷത്തിൽ (ബി.സി. 607) ആണ്. അതായത് നെബൂഖദ്നേസർ രാജാവിന്റെ വാഴ്ചയുടെ 19-ാം വർഷത്തിൽ. (ബി.സി. 625-ൽ അദ്ദേഹം സ്ഥാനാരോഹിതനായ വർഷംമുതൽ എണ്ണുമ്പോൾ.) (2രാജ 25:1-8) ആ വർഷം 5-ാം മാസം (ആബ് മാസം, ജൂലൈ ആഗസ്റ്റ് മാസത്തിനു തത്തുല്യം.) നഗരം കത്തിച്ചാമ്പലായി, മതിലുകൾ തകർക്കപ്പെട്ടു, ധാരാളം പേരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി. എന്നാൽ ദേശത്തെ “ദരിദ്രരായ ചിലരെ” അവിടെത്തന്നെ തുടരാൻ അനുവദിച്ചു. പക്ഷേ നെബൂഖദ്നേസർ നിയമിച്ച ഗദല്യ കൊല്ലപ്പെടുന്നതുവരെ മാത്രമേ അവർ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് യഹൂദയെ ഒരു പാഴ്നിലമാക്കിക്കൊണ്ട് അവർ എല്ലാവരും ഈജിപ്തിലേക്ക് ഓടിപ്പോയി. (2രാജ 25:9-12, 22-26) ഇതു സംഭവിച്ചത് 7-ാം മാസമായ ഏഥാനീമിലായിരുന്നു. (അല്ലെങ്കിൽ തിസ്രി മാസം, സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾക്കു തത്തുല്യം.) അങ്ങനെ 70 വർഷത്തേക്കുള്ള പ്രവാസം, ബി.സി.607 ഒക്ടോബർ 1-ൽ തുടങ്ങി ബി.സി. 537-ൽ അവസാനിച്ചു. ദേശം സമ്പൂർണമായി നശിപ്പിക്കപ്പെട്ട് കൃത്യം 70 വർഷത്തിനു ശേഷം, അതായത് ബി.സി.537-ലെ 7-ാം മാസത്തിൽ, ആദ്യത്തെ ജൂതന്മാരുടെ സംഘം പ്രവാസത്തിൽനിന്ന് യഹൂദയിലേക്ക് തിരിച്ചെത്തി.—2ദിന 36:21-23; എസ്ര 3:1.
മെയ് 22-28
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 44–48
“‘നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകുന്നത്’ നിറുത്തുക”
(യിരെമ്യ 45:2, 3) “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ച് പറയുന്നത് ഇതാണ്: ‘നീ ഇങ്ങനെ പറഞ്ഞില്ലേ: “എന്റെ കാര്യം കഷ്ടം! യഹോവ എന്റെ വേദനയോടു ദുഃഖവുംകൂടെ കൂട്ടിയിരിക്കുന്നു. ഞരങ്ങിഞരങ്ങി ഞാൻ തളർന്നു. എനിക്കു വിശ്രമിക്കാൻ എങ്ങും ഒരിടം കിട്ടിയില്ല.”’
jr-E 104-105 ¶4-6
‘വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകരുത്’
4 പേരും പ്രശസ്തിയും നേടുക എന്നതിനെ ചുറ്റിപ്പറ്റി ആയിരുന്നിരിക്കണം ബാരൂക്കിന്റെ ചിന്തകൾ. യിരെമ്യ പ്രവാചകൻ പറയുന്ന കാര്യങ്ങൾ പകർത്തിയെഴുതുന്ന വെറുമൊരു പകർപ്പെഴുത്തുകാരൻ ആയിരുന്നില്ല ബാരൂക്ക്. യിരെമ്യ 36:32-ൽ ബാരൂക്കിനെ ‘സെക്രട്ടറിയായാണ്’ പരിചയപ്പെടുത്തുന്നത്. പുരാവസ്തുശാസ്ത്രം നൽകുന്ന തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച്, രാജസദസ്സിലെ ഉന്നത ഔദ്യോഗിക പദവികൾ ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സമാനമായി, യഹൂദാ പ്രഭുക്കന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന എലീശാമയും “സെക്രട്ടറി” എന്ന പദവിയിലാണ് അറിയപ്പെട്ടിരുന്നത്. ഇതു സൂചിപ്പിക്കുന്നത് ഏലീശാമയുടെ സഹപ്രവർത്തകനായ ബാരൂക്കിനും ‘രാജഭവനത്തിലുള്ള സെക്രട്ടറിയുടെ മുറിയിലേക്കു’ പ്രവേശനമുണ്ടായിരുന്നു എന്നാണ്. (യിരെ. 36:11, 12, 14) അതുകൊണ്ട് രാജകൊട്ടാരത്തിലെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗസ്ഥനായിരുന്നിരിക്കണം ബാരൂക്ക്. അദ്ദേഹത്തിന്റെ സഹോദരനായ സെരായ സിദെക്കിയ രാജാവിന്റെ പാളയവിചാരകനായിരുന്നു.
5 ഒന്നിനുപുറകേ ഒന്നായി യഹൂദയ്ക്കെതിരെ ഒട്ടും ജനസമിതിയില്ലാത്ത സന്ദേശങ്ങൾ രേഖപ്പെടുത്തുക എന്നത് ഉന്നത സ്ഥാനത്തുള്ള ഒരാൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നിരിക്കാം. വാസ്തവത്തിൽ, ദൈവത്തിന്റെ പ്രവാചകനെ പിന്തുണയ്ക്കുന്നത് ബാരൂക്കിന്റെ സ്ഥാനത്തിനും ജോലിക്കും ഒക്കെ ഒരു ഭീഷണി ആകുമായിരുന്നു. എന്നാൽ യിരെമ്യ 45:4-ൽ നമ്മൾ വായിക്കുന്നതുപോലെ യഹോവ പണിതതിനെ യഹോവ തകർത്തുകളയുമ്പോൾ എന്തു സംഭവിക്കുമായിരുന്നു? രാജസദസ്സിൽ ഉന്നതസ്ഥാനം നേടുന്നതോ ഭൗതികനേട്ടം ഉണ്ടാക്കുന്നതോ പോലുള്ള ‘വലിയവലിയ കാര്യങ്ങളായിരുന്നു’ ബാരൂക്കിന്റെ മനസ്സിലുണ്ടായിരുന്നതെങ്കിൽ, അതെല്ലാം വെറുതെയാകുമായിരുന്നു. ഉടനെ നശിക്കാൻ പോകുന്ന യഹൂദാവ്യവസ്ഥിതിയിൽ ഒരു ഭദ്രമായ സ്ഥാനം ബാരൂക്ക് ആഗ്രഹിച്ചപ്പോൾ അതിൽനിന്ന് അവനെ പിന്തിരിപ്പിക്കാൻ ദൈവത്തിന് കാരണങ്ങളുണ്ടായിരുന്നു.
6 ഇനി, ബാരൂക്ക് ആഗ്രഹിച്ച ‘വലിയ കാര്യങ്ങളിൽ’ ഒരുപക്ഷേ ഭൗതികനേട്ടങ്ങളും ഉണ്ടായിരുന്നിരിക്കാം. യഹൂദയ്ക്കു ചുറ്റുമുണ്ടായിരുന്ന ദേശങ്ങൾ അവരുടെ വസ്തുവകകളിലും സമ്പത്തിലും ഒക്കെയായിരുന്നു കൂടുതൽ ആശ്രയം വെച്ചിരുന്നത്. മോവാബ് അവളുടെ ‘വിലപിടിപ്പുള്ള വസ്തുക്കളിലും നേട്ടങ്ങളിലും’ ആണ് ആശ്രയിച്ചത്. അമ്മോനും അതുതന്നെയാണ് ചെയ്തത്. യഹോവ ബാബിലോണിനെ വിളിച്ചത്, “അളവറ്റ സമ്പത്തുള്ളവളേ” എന്നാണ്. (യിരെ. 48:1, 7; 49:1, 4; 51:1, 13) എന്നാൽ ദൈവം ഈ ദേശങ്ങളെയെല്ലാം കുറ്റംവിധിച്ചു.
(യിരെമ്യ 45:4, 5എ) “നീ അവനോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ! ഞാൻ പണിതുയർത്തിയതു ഞാൻതന്നെ തകർത്തുകളയുന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചുകളയുന്നു. ദേശത്തോടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും. പക്ഷേ നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകുന്നു. ഇനി അങ്ങനെ ചെയ്യരുത്.’”
jr-E 103 ¶2
‘വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകരുത്’
2 ഹൃദയങ്ങളെ പരിശോധിക്കുന്ന യഹോവയ്ക്കു ബാരൂക്കിന്റെ പ്രശ്നങ്ങളുടെ കാരണം നന്നായി അറിയാം. അതുകൊണ്ട് യിരെമ്യയെ ഉപയോഗിച്ചുകൊണ്ട് ദൈവം ദയാപൂർവം ബാരൂക്കിനെ തിരുത്തി. (യിരെമ്യ 45:1-5 വായിക്കുക.) ബാരൂക്ക് ഇത്രയധികം പ്രയാസപ്പെടുന്നത് എന്തുകൊണ്ടാണെന്നു നമ്മൾ ചിന്തിച്ചേക്കാം. അദ്ദേഹത്തിനു ലഭിച്ച നിയമനമോ അല്ലെങ്കിൽ ഇപ്പോൾ ആ നിയമനം നിർവഹിക്കേണ്ട സാഹചര്യമോ ആണോ ബാരൂക്കിനെ അലട്ടിയത്? അദ്ദേഹത്തിന്റെ വികാരങ്ങൾ ഹൃദയത്തിൽ നുരഞ്ഞുപൊന്തി. ബാരൂക്ക് ‘വലിയവലിയ കാര്യങ്ങളാണ്’ ആഗ്രഹിച്ചത്. എന്തായിരുന്നു അത്? ദൈവത്തിന്റെ വഴിനടത്തിപ്പും മാർഗനിർദേശവും അദ്ദേഹം സ്വീകരിച്ചാൽ എന്ത് അനുഗ്രഹം കിട്ടുമെന്നാണ് യഹോവ അദ്ദേഹത്തോടു പറഞ്ഞത്? ബാരൂക്കിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 48:13) തങ്ങൾ ആശ്രയം വെച്ചിരുന്ന ബഥേലിനെ ഓർത്ത് ഇസ്രായേൽഗൃഹം നാണിക്കുന്നതുപോലെ മോവാബ്യർ കെമോശിനെ ഓർത്ത് നാണിക്കും.
it-1-E 430
കെമോശ്
മോവാബിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനത്തിൽ, അവരുടെ പ്രധാന ദൈവമായ കെമോശും അതിന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും ബന്ദികളായി പോകേണ്ടിവരുമെന്ന് യിരെമ്യ പറഞ്ഞു. കാളക്കുട്ടി ആരാധന നടത്തിയ പത്തു ഗോത്ര രാജ്യത്തെ ഇസ്രായേല്യർ ബഥേലിനെക്കുറിച്ച് ഓർത്ത് നാണിച്ചതുപോലെ, തങ്ങളുടെ ദൈവത്തിന്റെ കഴിവില്ലായ്മ നിമിത്തം മോവാബ്യരും നാണിക്കുമായിരുന്നു.—യിര 48:7, 13, 46.
(യിരെമ്യ 48:42) “‘മോവാബിനെ നിശ്ശേഷം നശിപ്പിക്കും; മോവാബ് ഒരു ജനതയല്ലാതാകും. കാരണം, അവൻ തന്നെത്തന്നെ ഉയർത്തിയത് യഹോവയ്ക്കെതിരെയാണ്.
it-2-E 422 ¶2
മോവാബ്
മോവാബിനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ കൃത്യമായ നിവൃത്തി ഒരിക്കലും തള്ളിക്കളയാനാകില്ല. ഒരു ജനത എന്ന നിലയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ മോവാബ്യർ നാമാവശേഷമായി. (യിര 48:42) നെബോ, ഹെശ്ബോൻ, അരോവേർ, ബേത്ത്-ഗാമൂൽ, ബാൽ-മേയോൻ എന്നീ മോവാബ്യ നഗരങ്ങൾ ഇന്ന് വെറും പാഴ്നിലങ്ങളാണ്. ഇനി, അവിടത്തെ പല സ്ഥലങ്ങളുടെ പേരുപോലും ഇന്ന് അജ്ഞാതമാണ്.
മെയ് 29–ജൂൺ 4
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 49–50
“യഹോവ താഴ്മയുള്ളവരെ അനുഗ്രഹിക്കുന്നു, അഹങ്കാരികളെ ശിക്ഷിക്കുന്നു”
(യിരെമ്യ 50:4-7) “യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത് ഇസ്രായേൽ ജനവും യഹൂദാജനവും ഒരുമിച്ച് വരും. കരഞ്ഞുകൊണ്ട് അവർ വരും. അവർ ഒന്നിച്ച് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും. അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേക്കുള്ള വഴി ചോദിക്കും. അവർ പറയും: ‘വരൂ! ഒരിക്കലും വിസ്മരിക്കപ്പെടാത്ത നിത്യമായ ഒരു ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം.’ കാണാതെപോയ ആട്ടിൻപറ്റമാണ് എന്റെ ജനം. അവയുടെ ഇടയന്മാർതന്നെയാണ് അവയെ വഴിതെറ്റിച്ചത്. അവർ അവയെ മലകളിലേക്കു കൊണ്ടുപോയി മലകളിലും കുന്നുകളിലും അലഞ്ഞുതിരിയാൻ വിട്ടു. അവ തങ്ങളുടെ വിശ്രമസ്ഥലം മറന്നു. കണ്ടവർ കണ്ടവർ അവയെ തിന്നുകളഞ്ഞു. അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാരല്ല. കാരണം അവർ യഹോവയോട്, നീതിയുടെ വാസസ്ഥലവും അവരുടെ പൂർവികരുടെ പ്രത്യാശയും ആയ യഹോവയോട്, പാപം ചെയ്തിരിക്കുന്നു.’”
(യിരെമ്യ 50:29-32) ബാബിലോണിന് എതിരെ വില്ലാളികളെ വിളിച്ചുകൂട്ടൂ! വില്ലു വളച്ച് കെട്ടുന്ന എല്ലാവരും വരട്ടെ. അവളുടെ ചുറ്റും പാളയമടിക്കൂ! ആരും രക്ഷപ്പെടരുത്. അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവളോടു പകരം വീട്ടൂ! അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ! അവൾ യഹോവയോട്, ഇസ്രായേലിന്റെ പരിശുദ്ധനോട്, ധിക്കാരം കാട്ടിയിരിക്കുന്നല്ലോ. അതുകൊണ്ട് അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ വീഴും. അവളുടെ പടയാളികളെല്ലാം അന്നു നശിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ധിക്കാരീ, ഞാൻ നിനക്ക് എതിരാണ്” എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു. “നിന്റെ ദിവസം, ഞാൻ നിന്നോടു കണക്കു ചോദിക്കുന്ന സമയം, നിശ്ചയമായും വരും. ധിക്കാരിയായ നീ ഇടറി വീഴും. ആരും നിന്നെ എഴുന്നേൽപ്പിക്കില്ല. ഞാൻ നിന്റെ നഗരങ്ങൾക്കു തീയിടും. അതു നിന്റെ ചുറ്റുമുള്ളതെല്ലാം ചുട്ടുചാമ്പലാക്കും.”
it-1-E 54
ശത്രുക്കൾ
ദൈവജനം അവിശ്വസ്തരായിത്തീർന്നപ്പോൾ അവരുടെ ശത്രുക്കൾ അവരെ കൊള്ളയടിക്കാനും കീഴ്പെടുത്താനും ദൈവം അനുവദിച്ചു. (സങ്ക 89:42; വില 1:5, 7, 10, 17; 2:17; 4:12) എന്നാൽ ആ ശത്രുക്കൾ അവർക്കു ലഭിച്ച വിജയങ്ങളുടെ മഹത്ത്വം അവരുടെ ദൈവങ്ങൾക്കു നൽകി. അതു തങ്ങളുടെ സ്വന്തം കഴിവുകൊണ്ടാണെന്നു വീമ്പിളക്കി. യഹോവയുടെ ജനത്തോട് എന്തു ചെയ്താലും ആരും ചോദിക്കാനില്ലെന്ന മട്ടിൽ അവർ പ്രവർത്തിച്ചു. (ആവ 32:27; യിര 50:7) അതുകൊണ്ട് അഹങ്കാരികളും വീമ്പിളക്കുന്നവരും ആയ ഈ ശത്രുക്കളെ താഴ്മ പഠിപ്പിക്കാൻ യഹോവ നിർബന്ധിതനായി. (യശ 1:24; 26:11; 59:18; നഹൂ 1:2); തന്റെ വിശുദ്ധനാമത്തെക്കരുതിയാണ് യഹോവ ഇത് ചെയ്യുന്നത്.—യശ 64:2; യഹ 36:21-24.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 49:1, 2) അമ്മോന്യരെക്കുറിച്ച് യഹോവ പറയുന്നു: “ഇസ്രായേലിന് ആൺമക്കളില്ലേ? അവന് അനന്തരാവകാശികളില്ലേ? പിന്നെ എന്താണു മൽക്കാം ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്? അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?” “‘അതുകൊണ്ട് അമ്മോന്യരുടെ രബ്ബയ്ക്കെതിരെ ഞാൻ യുദ്ധഭേരി മുഴക്കുന്ന കാലം ഇതാ, വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അപ്പോൾ, അവൾ ഉപേക്ഷിക്കപ്പെടും, നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും. അവളുടെ ആശ്രിതപട്ടണങ്ങൾക്കു തീയിടും.’ ‘തന്നെ കുടിയൊഴിപ്പിച്ചവരുടെ ദേശം ഇസ്രായേൽ കൈവശപ്പെടുത്തും’ എന്ന് യഹോവ പറയുന്നു.
it-1-E 94 ¶6
അമ്മോന്യർ
തിഗ്ലത്ത്-പിലേസർ മൂന്നാമനും അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരാളും ഇസ്രായേലിന്റെ വടക്കേ രാജ്യത്തുനിന്നുള്ള ആളുകളെ നാടുകടത്തി. (2 രാജാ. 15:29; 17:6) അതിനു ശേഷമാണ് അമ്മോന്യർ ഗാദ് വംശജരുടെ അതിർത്തി പിടിച്ചടക്കാൻ തുടങ്ങിയത്. അതിനായി അവർ യിഫ്താഹുമായി ഏറ്റുമുട്ടി. പക്ഷേ പരാജയപ്പെട്ടു. (സങ്കീ. 83:4-8 താരതമ്യം ചെയ്യുക.) ഗാദ്യരുടെ പാരമ്പര്യ സ്വത്തുക്കൾ പിടിച്ചെടുത്തതിന് അമ്മോന്യരെ യഹോവ ശക്തമായി ശാസിക്കുകയും അവർക്കും അവരുടെ ദൈവമായ മൽക്കാമിനും വരാൻ പോകുന്ന നാശത്തെക്കുറിച്ച് യിരെമ്യയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. (യിരെ. 49:1-5) എന്നാൽ അമ്മോന്യർ യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ അവസാന വർഷങ്ങളിൽ ഒരു കവർച്ചപ്പടയെ അയച്ചുകൊണ്ട് രാജാവിനെ ക്ലേശിപ്പിച്ചു.—2 രാജാ. 24:2, 3.
(യിരെമ്യ 49:17, 18) “ഏദോം പേടിപ്പെടുത്തുന്ന ഒരിടമാകും. അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിക്കും, അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും. നശിപ്പിക്കപ്പെട്ട സൊദോമിന്റെയും ഗൊമോറയുടെയും അവയുടെ അയൽപ്പട്ടണങ്ങളുടെയും കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.
jr 163-E ¶18
“യഹോവ തന്റെ മനസ്സിലുള്ളതു ചെയ്തു”
18 ഏദോം സൊദോമിനെയും ഗൊമോറയെയും പോലെ ആകുമായിരുന്നു. അത് അസ്തിത്വത്തിൽ ഇല്ലാതവണ്ണം എല്ലാ കാലത്തേക്കും ആൾപ്പാർപ്പില്ലാതെ ആകുമായിരുന്നു. (യിര 49:7-10, 17, 18) ആ പറഞ്ഞതു തന്നെയാണ് സംഭവിച്ചത്. ഏദോം, ഏദോമ്യർ—ഈ പേരുകൾ ഇന്ന് എവിടെ കണ്ടെത്താനാകും? ആധുനികഭൂപടങ്ങളിൽ കണ്ടെത്താനാകുമോ? ഇല്ല. ഇവയെല്ലാം ബൈബിളിലോ പുരാതനമായ ഏതെങ്കിലും പുസ്തകത്തിലോ അല്ലെങ്കിൽ ആ കാലഘട്ടത്തെ ഏതെങ്കിലും ഭൂപടത്തിലോ മാത്രമേ കാണാനാകൂ!