ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഏപ്രിൽ 22-28
ദൈവവചനത്തിലെ നിധികൾ | 1 കൊരിന്ത്യർ 14–16
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w12-E 9/1 9, ചതുരം
സ്ത്രീകൾ സഭകളിൽ സംസാരിക്കുന്നത് അപ്പോസ്തലനായ പൗലോസ് വിലക്കിയോ?
“സ്ത്രീകൾ സഭകളിൽ മിണ്ടാതിരിക്കട്ടെ” എന്നു പൗലോസ് അപ്പോസ്തലൻ എഴുതി. (1 കൊരിന്ത്യർ 14:34) എന്താണു പൗലോസ് അർഥമാക്കിയത്? അവരുടെ ബുദ്ധിശക്തി വില കുറച്ച് കാണുകയായിരുന്നോ? അല്ല. വാസ്തവത്തിൽ, സ്ത്രീകൾ നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം പലപ്പോഴും എഴുതിയിട്ടുണ്ട്. (2 തിമൊഥെയൊസ് 1:5; തീത്തോസ് 2:3-5) കൊരിന്ത്യർക്കുള്ള തന്റെ കത്തിൽ, ഒരു വിശ്വാസി സംസാരിക്കുമ്പോൾ ‘മിണ്ടാതിരിക്കാൻ’ സ്ത്രീകളെ മാത്രമല്ല, ഭാഷാപ്രാപ്തിയും പ്രവചനവരവും ഉള്ള വ്യക്തികളെയും പൗലോസ് ഉപദേശിച്ചു. (1 കൊരിന്ത്യർ 14:26-30, 33) സാധ്യതയനുസരിച്ച്, തങ്ങൾ പുതുതായി കണ്ടെത്തിയ വിശ്വാസത്തിൽ ആവേശംകൊണ്ട് ചില ക്രിസ്തീയസ്ത്രീകൾ പ്രസംഗകനോട് ഇടയ്ക്കുകയറി ചോദ്യങ്ങൾ ചോദിച്ചിരുന്നു. ലോകത്തിന്റെ ആ ഭാഗത്ത് അങ്ങനെയൊരു രീതിയുണ്ടായിരുന്നു. ഇങ്ങനെയുള്ള ക്രമമില്ലാത്ത രീതികൾ ഒഴിവാക്കുന്നതിന്, സ്ത്രീകൾ ‘വീട്ടിൽവെച്ച് ഭർത്താവിനോടു ചോദിക്കാൻ’ പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു.—1 കൊരിന്ത്യർ 14:35.
it-1-E 1197-1198
അനശ്വരത
യേശുവിന്റേതുപോലുള്ള പുനരുത്ഥാനത്തിൽ യേശുവിനോടു ചേരുന്ന കൂട്ടവകാശികൾ, ആത്മവ്യക്തികൾ എന്ന നിലയിലാണല്ലോ ഉയിർപ്പിക്കപ്പെടുന്നത്. അവർ എന്നേക്കും ജീവിക്കുമെന്നു മാത്രമല്ല അവർക്ക് അമർത്യതയും അനശ്വരതയും ലഭിക്കും. നശ്വരമായ, അതായത് ജീർണിച്ചുപോകുന്ന, ഭൗതികശരീരത്തിലായിരുന്ന കാലത്ത് അവർ വിശ്വസ്തമായി സേവിച്ചു, മരിച്ചു. അവർക്കു പൗലോസ് 1 കൊരിന്ത്യർ 15:42-ൽ വ്യക്തമായി പറയുന്നതുപോലെ അനശ്വരമായ, അതായത് ജീർണിക്കാത്ത, ആത്മശരീരങ്ങൾ ലഭിക്കുന്നു. അമർത്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അവർ ആസ്വദിക്കുന്ന ജീവന്റെ ഗുണമേന്മയാണ്, അതായത് അവരുടെ ജീവൻ അനന്തവും നശിപ്പിക്കപ്പെടാനാകാത്തതും ആയിരിക്കും എന്നാണ്. അതേസമയം അനശ്വരത എന്നു പറഞ്ഞാൽ ദൈവം അവർക്കു നൽകുന്ന ശരീരം ജീർണിക്കാത്തതും കേടുപാടു പറ്റാത്തതും നശിക്കാത്തതും ആയിരിക്കും എന്നാണ്. ദൈവം അവർക്കു സ്വയം നിലനിൽക്കാനുള്ള ശക്തി കൊടുക്കുന്നതുപോലെ തോന്നുന്നു. അവർക്കു മറ്റ് ഉറവിടങ്ങളിൽനിന്നുള്ള ഊർജത്തിന്റെ ആവശ്യമില്ല. സ്വർഗത്തിലും ഭൂമിയിലും ദൈവം സൃഷ്ടിച്ച മറ്റൊന്നിനും ഈ പ്രാപ്തിയില്ല. ദൈവത്തിന് അവരിലുള്ള വിശ്വാസത്തിന്റെ ശക്തമായ തെളിവാണ് ഇത്. ആരെയും ആശ്രയിക്കാതെയും നാശമില്ലാതെയും ഉള്ള ഇത്തരം ജീവിതം അവരെ ദൈവത്തിന്റെ നിയന്ത്രണത്തിൽനിന്ന് നീക്കിക്കളയുന്നില്ല. മറിച്ച് അവർ അവരുടെ തലയായ ക്രിസ്തുയേശുവിനെപ്പോലെ തങ്ങളുടെ പിതാവിന്റെ ഇഷ്ടത്തിനും മാർഗദർശനത്തിനും തുടർന്നും കീഴ്പെടും.—1കൊ 15:23-28.