ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂലൈ 1-7
ദൈവവചനത്തിലെ നിധികൾ | കൊലോസ്യർ 1-4
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 169 ¶3-5
ദൈവരാജ്യം
‘തന്റെ പ്രിയപുത്രന്റെ രാജ്യം.’ യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം പത്തു ദിവസം കഴിഞ്ഞ്, എ.ഡി. 33-ലെ പെന്തിക്കോസ്തിന്, യേശു ‘ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടു’ എന്നതിനു ശിഷ്യന്മാർക്കു തെളിവ് ലഭിച്ചു. യേശു അവരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോഴായിരുന്നു അത്. (പ്രവൃ 1:8, 9; 2:1-4, 29-33) അങ്ങനെ “പുതിയ ഉടമ്പടി” പ്രാബല്യത്തിൽ വന്നു, അതുവഴി ആ ശിഷ്യന്മാർ ആത്മീയ ഇസ്രായേലാകുന്ന ‘വിശുദ്ധജനതയുടെ’ കേന്ദ്രമായിത്തീർന്നു.—എബ്ര 12:22-24; 1പത്ര 2:9, 10; ഗല 6:16.
ക്രിസ്തു അപ്പോൾ തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുകയായിരുന്നു, ക്രിസ്തീയസഭയുടെ ശിരസ്സുമായിരുന്നു. (എഫ 5:23; എബ്ര 1:3; ഫിലി 2:9-11) എ.ഡി. 33-ലെ പെന്തിക്കോസ്തുമുതൽ യേശു ക്രിസ്തീയസഭയുടെ മേൽ ഭരിക്കാൻ തുടങ്ങിയെന്നു തിരുവെഴുത്തുകൾ കാണിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ കൊലോസ്യയിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ, അപ്പോസ്തലനായ പൗലോസ് യേശുക്രിസ്തുവിന് അപ്പോൾത്തന്നെ ഒരു രാജ്യമുണ്ടെന്നു സൂചിപ്പിച്ചു: “ദൈവം നമ്മളെ ഇരുട്ടിന്റെ അധികാരത്തിൽനിന്ന് വിടുവിച്ച് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.”—കൊലോ 1:13; പ്രവൃ 17:6, 7 താരതമ്യം ചെയ്യുക.
എ.ഡി. 33-ലെ പെന്തിക്കോസ്തിൽ തുടങ്ങിയ ക്രിസ്തുവിന്റെ രാജ്യം ആത്മീയ ഇസ്രായേലാകുന്ന ക്രിസ്ത്യാനികളുടെ മേൽ ഉള്ള ഒരു ആത്മീയരാജ്യമായിരുന്നു. ദൈവാത്മാവിനാൽ ദൈവത്തിന്റെ ആത്മീയമക്കളായിത്തീർന്ന ക്രിസ്ത്യാനികൾ ചേർന്നതായിരുന്നു ഈ ആത്മീയ ഇസ്രായേൽ. (യോഹ 3:3, 5, 6) ഈ ആത്മജാത ക്രിസ്ത്യാനികൾക്കു തങ്ങളുടെ സ്വർഗീയപ്രതിഫലം ലഭിക്കുമ്പോൾ അവർ മേലാൽ ക്രിസ്തുവിന്റെ ഈ ആത്മീയരാജ്യത്തിന്റെ ഭൗമികപ്രജകളായിരിക്കുകയില്ല, പകരം ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ രാജാക്കന്മാരായിരിക്കും.—വെളി 5:9, 10.
ജൂലൈ 15-21
ദൈവവചനത്തിലെ നിധികൾ | 2 തെസ്സലോനിക്യർ 1-3
“നിയമനിഷേധി വെളിച്ചത്ത് വരുന്നു”
it-1-E 972-973
ദൈവഭക്തി
യഹോവയുടെ ‘പാവനരഹസ്യത്തോടു’ നേർവിപരീതമായ ഒരു നിഗൂഢതയുണ്ട്. അതു ‘നിയമലംഘനത്തിന്റെ ശക്തിയാണ്.’ ഇതു പൗലോസ് അപ്പോസ്തലന്റെ കാലത്തെ സത്യക്രിസ്ത്യാനികൾക്ക് ഒരു നിഗൂഢതയായിരുന്നു, കാരണം “നിയമനിഷേധി” ആരെയാണോ പ്രതിനിധാനം ചെയ്തത്, ആ കൂട്ടം അന്നു പൂർണമായി രൂപം പ്രാപിച്ചിരുന്നില്ല. “നിയമനിഷേധി” രൂപം പ്രാപിച്ചതിനു ശേഷവും മിക്കയാളുകൾക്കും അതു രഹസ്യമായി തുടർന്നു, കാരണം ‘അയാൾ’ ദുഷ്ടത പ്രവർത്തിച്ചിരുന്നതു ദൈവഭക്തിയുടെ പേരിലും അതിന്റെ മറവിലും ആയിരുന്നു. ശരിക്കും ഇത് യഥാർഥ ദൈവഭക്തിയിൽനിന്നുള്ള ഒരു വിശ്വാസത്യാഗമായിരുന്നു. നിയമലംഘനത്തിന്റെ ശക്തി തന്റെ കാലത്തുതന്നെ നിഗൂഢമായി പ്രവർത്തിക്കുന്നുണ്ട് എന്നു പൗലോസ് പറഞ്ഞു. കാരണം അപ്പോൾത്തന്നെ ഒരു ദുഷിച്ച സ്വാധീനം സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അതു പിന്നീടു വിശ്വാസത്യാഗികളുടെ ഒരു കൂട്ടമുണ്ടാകാൻ വഴിവെക്കുമായിരുന്നു. തന്റെ സാന്നിധ്യം വ്യക്തമാക്കുന്ന സമയത്ത് യേശു ഈ നിയമനിഷേധിയെ നിഗ്രഹിക്കും. വിശ്വാസത്യാഗിയായ, സാത്താന്റെ പിണിയാളായ ഈ മനുഷ്യൻ, ‘മനുഷ്യർ ദൈവം എന്നു വിളിക്കുന്നതോ ആരാധിക്കുന്നതോ (ഗ്രീക്കിൽ, സെബാസ്മാ) ആയ എല്ലാത്തിനെക്കാളും മീതെ തന്നെത്തന്നെ ഉയർത്തും.’ അങ്ങനെ ദൈവത്തിന്റെ ഈ വലിയ എതിരാളി സാത്താന്റെ ഒരു ഉപകരണമെന്ന നിലയിൽ അങ്ങേയറ്റം വഞ്ചന കാണിക്കുകയും അതിന്റെ ആചാരങ്ങൾ പിൻപറ്റുന്നവർക്കു നാശം വരുത്തിവെക്കുകയും ചെയ്യും. ‘നിയമനിഷേധിയുടെ’ പ്രവർത്തനം വിജയിക്കുന്നതിന്റെ കാരണം അവന്റെ ദുഷ്ടത കപടമായ ദൈവഭക്തിയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ്.—2തെസ്സ 2:3-12; മത്ത 7:15, 21-23 താരതമ്യം ചെയ്യുക.
it-2-E 245 ¶7
നുണ
യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു പകരം ‘നുണ വിശ്വസിക്കുന്നതിന്’ വ്യാജം ഇഷ്ടപ്പെടുന്ന വ്യക്തികളെ വശീകരിക്കാൻ ‘ഒരു തെറ്റായ സ്വാധീനത്തെ’ ദൈവം അനുവദിക്കുന്നു. (2തെസ്സ 2:9-12) നൂറ്റാണ്ടുകൾക്കു മുമ്പ് ഇസ്രായേലിന്റെ രാജാവായ ആഹാബിന്റെ കാര്യത്തിൽ സംഭവിച്ചത് ഇതിനൊരു ഉദാഹരണമാണ്. രാമോത്ത്-ഗിലെയാദിന് എതിരെയുള്ള യുദ്ധത്തിൽ ജയിക്കുമെന്നു വ്യാജപ്രവാചകന്മാർ ആഹാബിന് ഉറപ്പു കൊടുത്തു. എന്നാൽ യഹോവയുടെ പ്രവാചകനായ മീഖായ ആഹാബിനു ദുരന്തം സംഭവിക്കുമെന്നാണു പറഞ്ഞത്. യഹോവ ഒരു ദൈവദൂതനെ ആഹാബിന്റെ പ്രവാചകന്മാരുടെ നാവിൽ ‘വഞ്ചനയുടെ ആത്മാവായിത്തീരാൻ’ അനുവദിക്കുന്നത് ഒരു ദർശനത്തിൽ മീഖായ കാണുന്നു. അതായത്, ഈ ദൈവദൂതൻ തന്റെ ശക്തി ഉപയോഗിക്കുന്നതിന്റെ ഫലമായി ആ പ്രവാചകന്മാർ വ്യാജം പറയുന്നു. അവർ പറയാൻ ആഗ്രഹിച്ചതും ആഹാബ് കേൾക്കാൻ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിലും ആഹാബ് ആ പ്രവാചകന്മാരുടെ നുണകൾകൊണ്ട് വിഡ്ഢിയാകാനാണ് ഇഷ്ടപ്പെട്ടത്. അതിനു വിലയായി തന്റെ ജീവൻതന്നെ കൊടുക്കേണ്ടിവന്നു.—1രാജ 22:1-38; 2ദിന 18.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 834 ¶5
തീ
“ഇപ്പോഴത്തെ ആകാശവും ഭൂമിയും . . . തീക്കായി സൂക്ഷിച്ചിരിക്കുന്നു” എന്നു പത്രോസ് എഴുതി. വാക്യത്തിന്റെ പശ്ചാത്തലവും മറ്റു വാക്യങ്ങളും നോക്കിയാൽ ഇത് അക്ഷരീയ തീയെക്കുറിച്ചല്ല പകരം നിത്യനാശത്തെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കാം. നോഹയുടെ കാലത്തെ പ്രളയം അക്ഷരീയമായ ആകാശത്തെയും ഭൂമിയെയും നശിപ്പിച്ചുകളഞ്ഞില്ല. അക്കാലത്തെ അഭക്തരായ ആളുകളെയാണ് അത് ഇല്ലാതാക്കിയത്. അതുപോലെ യേശുക്രിസ്തു തന്റെ ശക്തിയുള്ള ദൂതന്മാരുമായി തീജ്വാലയിൽ വെളിപ്പെടുമ്പോൾ അഭക്തരായ ആളുകളെയും ഈ ദുഷിച്ച വ്യവസ്ഥിതിയെയും എന്നേക്കുമായി നശിപ്പിച്ചുകളയും. അവ മാത്രമേ നശിപ്പിക്കപ്പെടുകയുള്ളൂ. —2പത്ര 3:5-7, 10-13; 2തെസ്സ 1:6-10; യശ 66:15, 16, 22, 24 താരതമ്യം ചെയ്യുക.
it-1-E 1206 ¶4
അരുളപ്പാട്
“അരുളപ്പാടുകൾ”—സത്യവും മിഥ്യയും. അപ്പോസ്തലന്മാരുടെ എഴുത്തുകളിൽ ന്യൂമ (ആത്മാവ്) എന്ന ഗ്രീക്കു പദം ഒരു പ്രത്യേക അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2 തെസ്സലോനിക്യർ 2:2-ൽ പൗലോസ് അപ്പോസ്തലൻ തെസ്സലോനിക്യയിലെ സഹോദരന്മാരോട്, “യഹോവയുടെ ദിവസം എത്തിക്കഴിഞ്ഞെന്ന് അറിയിക്കുന്ന ഒരു അരുളപ്പാടോ (അക്ഷരാർഥം, “ആത്മാവോ”) പറഞ്ഞുകേട്ട ഒരു സന്ദേശമോ ഞങ്ങളുടേതെന്നു തോന്നിക്കുന്ന ഒരു കത്തോ കാരണം” പെട്ടെന്ന് അസ്വസ്ഥരാകരുത് എന്നു പറഞ്ഞു. പൗലോസ് ന്യൂമ (ആത്മാവ്) എന്ന പദം ഉപയോഗിച്ചതു പറഞ്ഞുകേട്ട ഒരു സന്ദേശമോ കത്തോ പോലെയുള്ള ആശയവിനിമയത്തിന്റെ ഭാഗമായിട്ടാണെന്നു വ്യക്തമാണ്. വിൻസെന്റിന്റെ പുതിയനിയമ പദങ്ങളെക്കുറിച്ചുള്ള പഠനം എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ആത്മാവിലൂടെ. ക്രിസ്തീയ കൂടിവരവുകളിൽ ദൈവത്തിന്റെ വെളിപാടുകൾ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് വ്യക്തികൾ നടത്തുന്ന പ്രവചനങ്ങൾ.” (1957,വാല്യം 4 പേ.63) അതുകൊണ്ട് ഇവിടെയും മറ്റു ചില സന്ദർഭങ്ങളിലും ചില പരിഭാഷകർ ന്യൂമയെ കേവലം “ആത്മാവ്” എന്നു മാത്രം പരിഭാഷപ്പെടുത്തുമ്പോൾ മറ്റു ചിലർ “ആത്മാവിന്റെ സന്ദേശം”(AT), “നിഗമനം” (JB),“ദിവ്യജ്ഞാനം” (D’Ostervald; Segond [French]), “അരുളപ്പാട്” (NW) എന്നിങ്ങനെ പരിഭാഷപ്പെടുത്തുന്നു.
ജൂലൈ 22-28
ദൈവവചനത്തിലെ നിധികൾ |1 തിമൊഥെയൊസ് 1–3
“വിശിഷ്ടമായൊരു കാര്യത്തിനായി പരിശ്രമിക്കുക”
km-E 9/78 4 ¶7
‘നല്ല പേര് നേടിയെടുക്കുന്നവർ’
‘അവർ ഒരു നല്ല പേര് നേടിയെടുക്കുന്നവർ’ ആണെന്നു പൗലോസ് പറഞ്ഞത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ചിലർ പറയുന്നതുപോലെ, ഇതു പള്ളികളിൽ ലഭിക്കുന്ന ഒരു സ്ഥാനക്കയറ്റമല്ല. മറിച്ച്, “നല്ല രീതിയിൽ ശുശ്രൂഷ ചെയ്യുന്ന” ശുശ്രൂഷാദാസന്മാർ യഹോവയിൽനിന്നും യേശുവിൽനിന്നും അനുഗ്രഹം നേടുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവർക്കു മുഴുസഭയുടെയും ആദരവും പിന്തുണയും കിട്ടും. “ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നല്ല ആത്മധൈര്യത്തോടെ സംസാരിക്കാനും” അവർക്കു കഴിയും. നിയമനത്തോടു വിശ്വസ്തമായി പറ്റിനിൽക്കുന്നെങ്കിൽ നല്ല സേവനത്തെപ്രതി അവർ പ്രശംസിക്കപ്പെടും. അവർ വിശ്വാസത്തിൽ ഉറപ്പുള്ളവരാകും. ആരും തങ്ങളെ കുറ്റം പറയില്ല എന്ന ഉറപ്പോടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാനും അവർക്കു കഴിയും.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 914-915
വംശാവലി
ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതും ചർച്ച ചെയ്യുന്നതും കൊണ്ട് ഒരു ഗുണവുമില്ല. പൗലോസ് തിമൊഥെയൊസിനു കത്ത് എഴുതിയ സമയത്ത് ഇതു കൂടുതൽ പ്രസക്തമായിരുന്നു. ഒരാളുടെ പാരമ്പര്യം തെളിയിക്കുന്നതിനുവേണ്ടി വംശാവലിയുടെ രേഖകൾ സൂക്ഷിക്കേണ്ട ആവശ്യം മേലാൽ ഇല്ലായിരുന്നു. കാരണം ക്രിസ്തീയസഭയിൽ ജൂതരെന്നോ ജനതകളിൽപെട്ടവരെന്നോ ഉള്ള വേർതിരിവ് ദൈവത്തിനില്ലായിരുന്നു. (ഗല 3:28) കൂടാതെ, ക്രിസ്തു ദാവീദിന്റെ വംശത്തിലൂടെയാണ് വന്നതെന്നു വംശാവലിയുടെ രേഖകൾ തെളിയിച്ചുകഴിഞ്ഞിരുന്നു. ഇനി, പൗലോസ് തിമൊഥെയൊസിന് ഈ ബുദ്ധിയുപദേശം കൊടുത്ത് അധികം വൈകാതെതന്നെ ജൂതന്മാരുടെ എല്ലാ രേഖകളും സഹിതം യരുശലേം നശിച്ചുപോകുമായിരുന്നു. ദൈവം അവയൊന്നും സംരക്ഷിച്ചില്ല. അതുകൊണ്ട് തിമൊഥെയൊസും മറ്റു സഹോദരന്മാരും ഒരാളുടെ പാരമ്പര്യംപോലുള്ള കാര്യത്തെക്കുറിച്ച് ഗവേഷണം ചെയ്യാനും തർക്കിക്കാനും സമയം ചെലവിട്ട് അവരുടെ ശ്രദ്ധ വ്യതിചലിച്ചുപോകുമോ എന്നു പൗലോസ് ഉത്കണ്ഠപ്പെട്ടു. അവ അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന കാര്യങ്ങളേ അല്ലായിരുന്നു. ബൈബിൾ നൽകുന്ന വംശാവലി യേശുക്രിസ്തു മിശിഹയാണെന്നു തെളിയിക്കാൻ പര്യാപ്തമാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ച് വംശാവലിയെക്കുറിച്ചുള്ള പ്രാധാന്യവും ഇതുതന്നെയാണ്. തിരുവെഴുത്തു രേഖകൾ സത്യമാണെന്നും അവ യഥാർഥ ചരിത്ര വിവരണങ്ങൾത്തന്നെയാണെന്നും ബൈബിളിൽ കൊടുത്തിരിക്കുന്ന മറ്റു വംശാവലികൾ സാക്ഷ്യപ്പെടുത്തുന്നു.
ജൂലൈ 29–ആഗസ്റ്റ് 4
ദൈവവചനത്തിലെ നിധികൾ | 1 തിമൊഥെയൊസ് 4-6
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 714 ¶1-2
പരസ്യവായന
ക്രിസ്തീയസഭയിൽ. ഒന്നാം നൂറ്റാണ്ടിൽ ബൈബിളിന്റെ പരസ്യവായന വളരെ ആവശ്യമായിരുന്നു. കാരണം, വളരെ ചുരുക്കം പേർക്കേ ബൈബിളിന്റെ ചുരുളുകൾ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പൗലോസ് അപ്പോസ്തലൻ താൻ അയയ്ക്കുന്ന കത്തുകൾ സഭകളിൽ പരസ്യമായി വായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റു സഭകളിലുള്ളവരും വായിക്കുന്നതിന് അവർക്കുകൂടി ആ കത്തുകൾ കൈമാറണമെന്ന് അദ്ദേഹം നിർദേശിച്ചു. (കൊലോ 4:16; 1തെസ്സ 5:27) “പരസ്യമായി വായിക്കുന്നതിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും” അർപ്പിതനായിരിക്കാൻ ഒരു യുവമൂപ്പനായ തിമൊഥെയൊസിനെ പൗലോസ് ഉപദേശിച്ചു.—1തിമ 4:13.
പരസ്യവായന ഒഴുക്കോടെ നിർവഹിക്കേണ്ട ഒന്നാണ്. (ഹബ 2:2) മറ്റുള്ളവരെ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലുള്ളതാണു പരസ്യവായന. അതുകൊണ്ട് വായിക്കുന്നയാൾക്കു താൻ വായിക്കുന്ന ഭാഗത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം, അത് എഴുതിയതിന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയിരിക്കണം, അതുപോലെ കേൾവിക്കാർക്കു തെറ്റിദ്ധാരണ തോന്നുന്ന രീതിയിൽ വായിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെളിപാട് 1:3 പറയുന്നതനുസരിച്ച്, ആ പ്രവചനപുസ്തകം ഉച്ചത്തിൽ വായിക്കുന്നയാളും അതുപോലെ അതു കേൾക്കുന്നവരും കേൾക്കുന്ന കാര്യങ്ങൾ അനുസരിക്കുന്നവരും സന്തുഷ്ടരായിരിക്കും.