ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 6-12
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 33-34
“യഹോവയുടെ ‘ശാശ്വതഭുജങ്ങളെ’ സങ്കേതമാക്കുക”
it-2-E 51
യശുരൂൻ
ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം. “യശുരൂൻ” എന്ന പദം ഗ്രീക്ക് സെപ്റ്റുവജിന്റിൽ “പ്രിയപ്പെട്ട” എന്നാണു പരിഭാഷ ചെയ്തിരിക്കുന്നത്. സ്നേഹത്തെ കുറിക്കുന്ന ഒരു പദമാണ് ഇത്. ഇസ്രായേൽ ജനതയെ യഹോവ ഒരുപാടു സ്നേഹിക്കുന്നെന്നാണ് ആ പദം സൂചിപ്പിച്ചത്. യഹോവ അവരുമായി ഒരു ഉടമ്പടി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവർ നേരുള്ളവർ അഥവാ ധാർമികശുദ്ധിയുള്ളവർ ആയിരിക്കണമായിരുന്നു.— ആവ 33:5, 26; യശ 44:2.
rr 120, ചതുരം
എഴുന്നേറ്റുനിൽക്കാൻ ഒരു കൈത്താങ്ങ്
യഹോവയ്ക്കു ശക്തിയുണ്ടെന്നു മാത്രമല്ല തന്റെ ജനത്തിനുവേണ്ടി അത് ഉപയോഗിക്കാനുള്ള ആഗ്രഹവും ഉണ്ടെന്ന് യഹസ്കേലിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവാചകനായ മോശ പറഞ്ഞതു നമുക്ക് ഓർക്കാനാകും. അദ്ദേഹം എഴുതി: “പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്. നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.” (ആവ. 33:27) അതെ, വേദനയും ദുരിതവും നിറഞ്ഞ സമയങ്ങളിൽ യഹോവ നമ്മളെ തന്റെ കൈകളിൽ താങ്ങി മെല്ലെ ഉയർത്തുമെന്നും അങ്ങനെ വീണ്ടും എഴുന്നേറ്റുനിൽക്കാൻ സഹായിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.—യഹ. 37:10.
w11 9/15 19 ¶16
ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം
16 അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ മോശയ്ക്കും തന്റെ ജീവിതകാലത്ത് ദൈവത്തിന്റെ വാഗ്ദാന നിവൃത്തി കാണാനായില്ല. ഇസ്രായേല്യർ വാഗ്ദത്ത ദേശത്തിന്റെ കവാടത്തിങ്കൽ എത്തിയപ്പോൾ ദൈവം മോശയോടു പറഞ്ഞു: “നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.” ജനങ്ങൾ മത്സരിച്ചപ്പോൾ മോശയും അഹരോനും അരിശംപൂണ്ട് ‘കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു ദൈവത്തോട് അകൃത്യം’ ചെയ്തതിനാലാണ് അങ്ങനെ സംഭവിച്ചത്. (ആവ. 32:51, 52) മോശ നിരാശപ്പെട്ടോ, അവനു ദേഷ്യം തോന്നിയോ? ഇല്ല. ജനത്തെ അനുഗ്രഹിച്ചുകൊണ്ട് അവൻ അവരോടു പറഞ്ഞ അവസാന വാക്കുകൾ ഇതാണ്: “യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു.”—ആവ. 33:29.
ആത്മീയരത്നങ്ങൾ
it-2-E 439 ¶3
മോശ
ഇസ്രായേല്യർ മോശയുടെ ശവകുടീരം ഒരു ആരാധനാസ്ഥലമാക്കി മാറ്റാതിരിക്കാനായിരിക്കാം യഹോവ അങ്ങനെ ചെയ്തത്. മോശയുടെ ശരീരം ഉപയോഗിച്ച് ആളുകളെ വ്യാജാരാധനയിലേക്കു നയിക്കാൻ പിശാച് ആഗ്രഹിച്ചെന്നു തോന്നുന്നു. യൂദയുടെ വാക്കുകൾ വായിക്കുമ്പോൾ നമുക്ക് അതാണു മനസ്സിലാകുന്നത്: “മുഖ്യദൂതനായ മീഖായേൽപോലും മോശയുടെ ശരീരത്തെക്കുറിച്ച് പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിക്കുമ്പോൾ പിശാചിനെ അധിക്ഷേപിക്കാനോ കുറ്റം വിധിക്കാനോ മുതിർന്നില്ല. പകരം, ‘യഹോവ നിന്നെ ശകാരിക്കട്ടെ’ എന്നു പറഞ്ഞതേ ഉള്ളൂ.”—യൂദ 9.
സെപ്റ്റംബർ 13-19
ദൈവവചനത്തിലെ നിധികൾ | യോശുവ 1-2
“വിജയിക്കാനായി എന്തു ചെയ്യണം?”
w13 1/15 8 ¶7
‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്!’
7 ദൈവേഷ്ടം ചെയ്യാനുള്ള ധൈര്യത്തിനായി നാം ദൈവത്തിന്റെ വചനം പഠിക്കുകയും പ്രാവർത്തികമാക്കുകയും വേണം. മോശയുടെ പിൻഗാമിയായി നിയോഗിക്കപ്പെട്ടപ്പോൾ യോശുവയോട് യഹോവ പറഞ്ഞതും അതുതന്നെയാണ്: “എന്റെ ദാസനായ മോശ നൽകിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. . . . ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാൻ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.” (യോശു. 1:7, 8, പി.ഒ.സി. ബൈബിൾ) യോശുവ ആ ഉദ്ബോധനം അനുസരിച്ചു, അവൻ വിജയം വരിച്ചു. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മളും ധൈര്യമാർജിക്കുകയും ദൈവസേവനത്തിൽ വിജയം വരിക്കുകയും ചെയ്യും.
w13 1/15 11 ¶20
‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്!’
20 ദുഷ്ടതയും പ്രയാസവും നിറഞ്ഞ ഈ ലോകത്തിൽ പരിശോധനകളിന്മധ്യേ ദൈവഭക്തിയോടെ ജീവിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. എന്നാൽ നാം ഒറ്റയ്ക്കല്ല. ദൈവം നമ്മോടു കൂടെയുണ്ട്. അവന്റെ പുത്രൻ സഭയുടെ ശിരസ്സായി നമ്മോടൊപ്പമുണ്ട്. ഗോളമെമ്പാടുമുള്ള, 70 ലക്ഷത്തിലധികം വരുന്ന സഹവിശ്വാസികളും നമ്മോടു കൂടെയുണ്ട്. അവരോടു ചേർന്ന് വിശ്വാസത്തോടെ തുടർന്നും സുവാർത്ത ഘോഷിക്കവെ 2013-ലെ വാർഷികവാക്യം നമുക്ക് മനസ്സിൽപ്പിടിക്കാം: ‘നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക.’—യോശു. 1:9.
ആത്മീയരത്നങ്ങൾ
w04 12/1 9 ¶1
യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
2:4, 5—ഒറ്റുകാരെ അന്വേഷിച്ചുവന്ന രാജാവിന്റെ ആളുകൾക്ക് രാഹാബ് തെറ്റായ വിവരം നൽകിയത് എന്തുകൊണ്ടാണ്? രാഹാബ് സ്വന്തം ജീവൻ പണയംവെച്ച് ഒറ്റുകാരെ രക്ഷിക്കുന്നത് യഹോവയിലുള്ള വിശ്വാസം അവളുടെ ഹൃദയത്തിൽ വേരെടുത്തിരുന്നതിനാലാണ്. അതിനാൽ, ദൈവജനത്തെ ദ്രോഹിക്കാൻ ശ്രമിക്കുകയായിരുന്നവരോട് ഒറ്റുകാരെക്കുറിച്ചുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്താനുള്ള കടപ്പാട് അവൾക്കില്ലായിരുന്നു. (മത്തായി 7:6; 21:23-27; യോഹന്നാൻ 7:3-10) രാഹാബ് ‘പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു’ എന്നു ബൈബിൾ പറയുന്നു. അതിൽ രാജാവിന്റെ ദൂതന്മാരെ വഴിതിരിച്ചുവിട്ടതും ഉൾപ്പെടുന്നു.—യാക്കോബ് 2:24-26.
സെപ്റ്റംബർ 20-26
ദൈവവചനത്തിലെ നിധികൾ | യോശുവ 3-5
“വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ യഹോവ അനുഗ്രഹിക്കുന്നു”
it-2-E 105
യോർദാൻ
ഗലീലക്കടലിന്റെ (കിന്നേരത്ത്) താഴ്വശത്തുള്ള യോർദാൻനദിയുടെ ഭാഗത്തിനു പൊതുവേ 1 മുതൽ 3 മീറ്റർ വരെ (3 മുതൽ 10 അടിവരെ) ആഴവും 27 മുതൽ 30 മീറ്റർ വരെ (90 മുതൽ 100 അടിവരെ) വീതിയും ആണുള്ളത്. എന്നാൽ മാർച്ച്/ഏപ്രിൽ മാസങ്ങളിൽ യോർദാൻ കരകവിഞ്ഞ് ഒഴുകുന്നതുകൊണ്ട് അതിന്റെ ആഴവും വീതിയും ഒക്കെ കൂടുമായിരുന്നു. (യോശ 3:15) സ്ത്രീകളും കുട്ടികളും ഒക്കെ കൂടെയുള്ളതുകൊണ്ട് അങ്ങനെയൊരു സമയത്ത് ഇസ്രായേൽ ജനത ഈ നദി കുറുകെ കടക്കുന്നത് ഒട്ടും സുരക്ഷിതമല്ലായിരുന്നു. പ്രത്യേകിച്ച് യരീഹൊയ്ക്ക് അടുത്തുള്ള ഭാഗം വളരെ അപകടംപിടിച്ചതായിരുന്നു. ഇന്നുപോലും അവിടെ നല്ല കുത്തൊഴുക്കാണ്. അതുകൊണ്ട് അവിടെ കുളിക്കാൻ ഇറങ്ങിയ പലരും ഒഴുക്കിൽപ്പെട്ട് മരിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ യഹോവ അത്ഭുതകരമായി യോർദാനിലെ വെള്ളം തടഞ്ഞുനിറുത്തിയതുകൊണ്ട് ഇസ്രായേല്യർക്ക് ഉണങ്ങിയ നിലത്തുകൂടെ അക്കര കടക്കാനായി.—യോശ 3:14-17.
w13 9/15 16 ¶17
യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക
17 വിശ്വാസത്തോടെയുള്ള പ്രവൃത്തികൾ യഹോവയിൽ ശക്തമായ ആശ്രയംവെക്കുന്നതിന് നമ്മെ സഹായിക്കുന്നത് എങ്ങനെയാണ്? ഇസ്രായേല്യർ വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണം നമുക്കു നോക്കാം. നിയമപെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരോട് നേരെ യോർദാൻ നദിയിലേക്ക് നടന്നിറങ്ങാൻ യഹോവ നിർദേശിച്ചിരുന്നു. എന്നിരുന്നാലും, ജനം അടുത്തുവന്നപ്പോൾ കണ്ടത് നദി കരകവിഞ്ഞൊഴുകുന്നതാണ്. അവർ എന്തു ചെയ്യുമായിരുന്നു? നദീതീരത്ത് പാളയമടിച്ച് പ്രളയജലം ഇറങ്ങുന്നതുവരെ ആഴ്ചകളോളം കാത്തിരിക്കുമായിരുന്നോ? ഇല്ല, അവർ യഹോവയിൽ പൂർണമായി ആശ്രയിച്ച് അവൻ പറഞ്ഞതുപോലെതന്നെ ചെയ്തു. എന്തായിരുന്നു ഫലം? വിവരണം ഇങ്ങനെ പറയുന്നു: “പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; . . . ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.” (യോശു. 3:12-17) കുതിച്ചൊഴുകിക്കൊണ്ടിരുന്ന പ്രളയജലം ചിറകെട്ടിയപോലെ നിന്നു! ആ കാഴ്ച ഇസ്രായേല്യരെ കോരിത്തരിപ്പിച്ചിരിക്കണം. യഹോവയുടെ മാർഗനിർദേശങ്ങളിൽ ആശ്രയിച്ചതുനിമിത്തം ഇസ്രായേല്യർക്ക് യഹോവയിൽ ഉണ്ടായിരുന്ന വിശ്വാസം ശക്തിപ്പെടാൻ ഇടയായി.
w13 9/15 16 ¶18
യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക
18 ഇന്ന് യഹോവ തന്റെ ജനത്തിനുവേണ്ടി ഇതുപോലുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ല എന്നത് ശരിയാണ്. എന്നാൽ അവർ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളെ അവൻ അനുഗ്രഹിക്കുന്നുണ്ട്. ലോകവ്യാപകമായി രാജ്യസന്ദേശം ഘോഷിക്കുകയെന്ന നിയമിതവേല നിറവേറ്റാൻ തന്റെ പ്രവർത്തനനിരതമായ ശക്തി നൽകിക്കൊണ്ട് യഹോവ അവരെ ബലപ്പെടുത്തുന്നു. യഹോവയുടെ സാക്ഷികളിൽ പ്രമുഖനായ, പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുയേശു, ഈ സുപ്രധാനവേലയിൽ തന്റെ ശിഷ്യന്മാരെ പിന്തുണയ്ക്കുമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.” (മത്താ. 28:19, 20) അപരിചിതരോട് സംസാരിക്കുന്നതിന്, മുമ്പ് ലജ്ജയോ പേടിയോ ഉള്ളവരായിരുന്നു സാക്ഷികളിൽ അനേകരും. എന്നാൽ അതിനുള്ള ധൈര്യം ദൈവത്തിന്റെ പരിശുദ്ധാത്മാവ് തങ്ങൾക്ക് നൽകിയിരിക്കുന്നതായി സ്വന്തം അനുഭവത്തിൽനിന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.—സങ്കീർത്തനം 119:46; 2 കൊരിന്ത്യർ 4:7 വായിക്കുക.
ആത്മീയരത്നങ്ങൾ
w04 12/1 9 ¶2
യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
5:14, 15—“യഹോവയുടെ സൈന്യത്തിന്റെ അധിപതി” ആരാണ്? വാഗ്ദത്ത ദേശത്തിന്റെ ജയിച്ചടക്കൽ തുടങ്ങാനിരിക്കെ, യോശുവയ്ക്കു ധൈര്യംപകരാൻ എത്തിയ സേനാധിപതി, മനുഷ്യപൂർവ അസ്തിത്വത്തിലായിരുന്ന “വചനം” എന്ന യേശുക്രിസ്തുവല്ലാതെ മറ്റാരുമായിരിക്കാൻ സാധ്യതയില്ല. (യോഹന്നാൻ 1:1; ദാനീയേൽ 10:13) ഇന്നു ദൈവജനം ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു അവരോടൊപ്പം ഉണ്ടെന്നറിയുന്നത് അവർക്ക് എത്രമാത്രം ധൈര്യം പകരുന്നു!
സെപ്റ്റംബർ 27–ഒക്ടോബർ 3
ദൈവവചനത്തിലെ നിധികൾ | യോശുവ 6-7
“ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽനിന്ന് നോട്ടം തിരിക്കുക”
w10 4/15 20 ¶5
വ്യർഥകാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിക്കുക!
5 നൂറ്റാണ്ടുകൾക്കു ശേഷം, ആഖാനെ പ്രലോഭിപ്പിച്ചതും അവന്റെ കണ്ണുകളാണ്. ഇസ്രായേല്യർ യെരീഹോ പട്ടണം കീഴടക്കിയപ്പോൾ പിടിച്ചെടുത്ത വസ്തുക്കളിൽ ചിലതു മോഷ്ടിക്കാൻ അത് അവനെ പ്രേരിപ്പിച്ചു. യഹോവയുടെ ഭണ്ഡാരത്തിലേക്കുള്ള വസ്തുക്കൾ ഒഴികെ ആ പട്ടണത്തിലുള്ള സകലതും നശിപ്പിക്കാനായിരുന്നു യഹോവയുടെ കൽപ്പന. നഗരത്തിൽനിന്ന് വസ്തുക്കളൊന്നും എടുക്കാൻ ആഗ്രഹം തോന്നാതിരിക്കേണ്ടതിന്, “ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ” എന്ന് ഇസ്രായേല്യർക്ക് മുന്നറിയിപ്പു ലഭിച്ചിരുന്നു. ആഖാൻ ആ കൽപ്പന ലംഘിച്ചതുനിമിത്തം ഇസ്രായേല്യർക്ക് ഹായി പട്ടണക്കാരോട് തോറ്റോടേണ്ടിവന്നു, അവരിൽ പലരും കൊല്ലപ്പെട്ടു. പിടിക്കപ്പെടുന്നതുവരെ ആഖാൻ കുറ്റം ഏറ്റുപറഞ്ഞില്ല. താൻ അവ “കണ്ടു മോഹിച്ചു എടുത്തു” എന്ന് ആഖാൻ പിന്നീട് സമ്മതിച്ചു. അതെ, ആഖാൻ വിലക്കപ്പെട്ട വസ്തുക്കൾ മോഹിച്ചു. അവന്റെ കണ്മോഹം അവന്റെയും ‘അവനുള്ള സകലതിന്റെയും’ നാശത്തിനിടയാക്കി.—യോശു. 6:18, 19; 7:1-26.
w97 8/15 28 ¶2
തെറ്റ് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ട്?
ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്യേണ്ടതിന്റെ ഒരു കാരണം അത് സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നുവെന്നതാണ്. യഹോവ ശുദ്ധിയുള്ള, വിശുദ്ധിയുള്ള ഒരു ദൈവമാണ്. തന്നെ ആരാധിക്കുന്നവരെല്ലാം ആത്മീയമായും ധാർമികമായും ശുദ്ധിയുള്ളവരായിരിക്കാൻ അവൻ ആവശ്യപ്പെടുന്നു. അവന്റെ നിശ്വസ്ത വചനം ഉദ്ബോധിപ്പിക്കുന്നു: ‘പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ (1 പത്രൊസ് 1:14-16) അശുദ്ധമായ കാര്യങ്ങളോ ദുഷ്പ്രവൃത്തിയോ ചെയ്യുന്ന വ്യക്തികളെ തിരുത്തുന്നതിനോ നീക്കംചെയ്യുന്നതിനോ നടപടി എടുക്കുന്നില്ലെങ്കിൽ, അവർ മുഴു സഭയുടെയുംമേൽ കളങ്കവും യഹോവയുടെ അപ്രീതിയും കൈവരുത്തിയേക്കാം.—യോശുവ 7-ാം അധ്യായം താരതമ്യം ചെയ്യുക.
w10 4/15 21 ¶8
വ്യർഥകാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിക്കുക!
8 ജഡമോഹവും കണ്മോഹവും സത്യക്രിസ്ത്യാനികളെയും ബാധിച്ചേക്കാം. അതുകൊണ്ട് നാം എന്തു കാണുന്നു, എന്ത് ആഗ്രഹിക്കുന്നു എന്നീ കാര്യങ്ങളിൽ ആത്മശിക്ഷണം കൂടിയേതീരൂ എന്ന് ദൈവവചനം പറയുന്നു. (1 കൊരി. 9:25, 27; 1 യോഹന്നാൻ 2:15-17 വായിക്കുക.) കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ അടുത്തബന്ധമുണ്ടെന്ന് നീതിമാനായ ഇയ്യോബിന് അറിയാമായിരുന്നു. അവൻ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോ. 31:1) അധാർമിക ചിന്തകളോടെ ഇയ്യോബ് ഒരു സ്ത്രീയെ തൊട്ടില്ലെന്നു മാത്രമല്ല, അത്തരം ചിന്തകൾ തന്റെ മനസ്സിൽ ഇടംനേടാൻ അവൻ അനുവദിച്ചതുമില്ല. അധാർമിക ചിന്തകൾക്ക് ഇടംനൽകാതെ മനസ്സ് ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യേശുവും പറയുകയുണ്ടായി: “ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.”—മത്താ. 5:28.
ആത്മീയരത്നങ്ങൾ
w15 11/15 13 ¶2-3
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുരാതന നാളുകളിൽ കെട്ടുറപ്പുള്ള നഗരം അക്രമികൾ ഉപരോധിക്കാറുണ്ടായിരുന്നു. വിജയകരമായ ഒരു ഉപരോധത്തിന്റെ ദൈർഘ്യം എത്രയായിരുന്നാലും, വിജയികൾ, അവശേഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നഗരത്തിന്റെ സകല സമ്പത്തും കൊള്ളയടിക്കുമായിരുന്നു. എങ്കിലും യെരീഹോയുടെ നാശാവശിഷ്ടങ്ങളിൽ ഒരു വൻ ഭക്ഷ്യശേഖരം പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിനെക്കുറിച്ച് ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ ഇങ്ങനെ പറയുന്നു: “യെരീഹോയുടെ അവശിഷ്ടങ്ങളിൽ മൺപാത്രങ്ങൾക്കു ശേഷം ഏറ്റവും കൂടുതലായി കണ്ടെടുത്തത് ധാന്യമായിരുന്നു. . . . പലസ്തീന്റെ പുരാവസ്തുശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഇത് ഒരു ഒറ്റപ്പെട്ട കാര്യമാണ്. ചിലപ്പോൾ ഒന്നോ രണ്ടോ ഭരണിയൊക്കെ കിട്ടുമായിരുന്നു. പക്ഷേ, ഇത്ര വലിയ അളവിൽ ധാന്യം കിട്ടുന്നത് അസാധാരണമാണ്.”
തിരുവെഴുത്തുവിവരണം അനുസരിച്ച് യെരീഹോയിൽനിന്ന് ധാന്യം കൊള്ളയടിക്കാതിരിക്കുന്നതിന് ഇസ്രായേല്യർക്ക് വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് യഹോവ അവരോട് നിർദേശിച്ചിരുന്നു. (യോശു. 6:17, 18) വസന്തകാലത്താണ് ഇസ്രായേല്യർ യെരീഹോ ആക്രമിച്ചത്, കൊയ്ത്തുകാലം കഴിഞ്ഞ് അധികം വൈകാതെ. അതായത്, ധാന്യശേഖരം സമൃദ്ധമായിരുന്നപ്പോൾ. (യോശു. 3:15-17; 5:10) യെരീഹോയിൽ അത്രമാത്രം ധാന്യശേഖരമുണ്ടായിരുന്നെന്ന വസ്തുത കാണിക്കുന്നത് ഇസ്രായേല്യർ ഏർപ്പെടുത്തിയ ഉപരോധം ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെതന്നെ ഹ്രസ്വമായിരുന്നു എന്നാണ്.
ഒക്ടോബർ 4-10
ദൈവവചനത്തിലെ നിധികൾ | യോശുവ 8-9
“ഗിബെയോന്യരെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് പഠിക്കാനാകുന്നത്”
it-1-E 930-931
ഗിബെയോൻ
യോശുവയുടെ കാലത്ത്. യഹോവ നശിപ്പിക്കാൻ പറഞ്ഞ ഏഴു കനാന്യജനതകളിൽ ഒന്നായിരുന്നു ഗിബെയോന്യർ. (ആവ 7:1, 2; യോശ 9:3-7) എന്നാൽ മറ്റു കനാന്യരിൽനിന്നെല്ലാം വ്യത്യസ്തരായിരുന്നു അവർ. അതുപോലെ വലിയ സൈനികശക്തിയും ശക്തമായ വലിയ നഗരവും ഒക്കെ അവർക്കുണ്ടായിരുന്നു. എങ്കിലും യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നതുകൊണ്ട് അവരെ തോൽപ്പിക്കാൻ തങ്ങൾക്കു കഴിയില്ലെന്നു ഗിബെയോന്യർ മനസ്സിലാക്കി. അതുകൊണ്ട് യരീഹൊ, ഹായി എന്നീ പട്ടണങ്ങളെ ഇസ്രായേല്യർ നശിപ്പിച്ചു കഴിഞ്ഞപ്പോൾ അവരുമായി ഒരു സമാധാന ഉടമ്പടിയുണ്ടാക്കാൻ ഗിബെയോന്യർ ഗിൽഗാലിൽ യോശുവയുടെ അടുത്തേക്ക് ഒരു പ്രതിനിധിസംഘത്തെ അയച്ചു. പഴകിക്കീറിയ വസ്ത്രങ്ങളും തേഞ്ഞുതീരാറായ ചെരിപ്പുകളും പൊട്ടിയ വീഞ്ഞുതുരുത്തികളും ഉണങ്ങിയ അപ്പക്കഷണങ്ങളും ഒക്കെ കാണിച്ച് തങ്ങൾ വളരെ ദൂരെനിന്ന് വരുന്നവരാണെന്ന് ഇസ്രായേല്യരെ വിശ്വസിപ്പിച്ചു. അങ്ങനെ അവർ തങ്ങൾ വാഗ്ദത്തദേശത്തുനിന്നുള്ളവരല്ലെന്നും ഇസ്രായേല്യർ കീഴടക്കാൻപോകുന്ന ജനതകളുടെ ഭാഗമല്ലെന്നും തോന്നിപ്പിച്ചു. ഈജിപ്തിനും അമോര്യരാജാക്കന്മാരായ സീഹോനും ഓഗിനും സംഭവിച്ചതിനെല്ലാം പിന്നിൽ യഹോവയുടെ കൈകളാണെന്ന് അവർ സമ്മതിച്ചുപറഞ്ഞു. അതേസമയം അവർ ബുദ്ധിപൂർവം യരീഹൊയ്ക്കും ഹായിക്കും സംഭവിച്ചതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. തങ്ങൾ പുറപ്പെടുന്നതിനു മുമ്പ് ‘വളരെ ദൂരെയുള്ള തങ്ങളുടെ ദേശത്ത്’ അതെക്കുറിച്ചുള്ള വാർത്ത എത്തിയില്ല എന്നു വരുത്തിത്തീർക്കാൻവേണ്ടിയായിരുന്നു അവർ അക്കാര്യം പറയാതിരുന്നത്.—യോശ 9:3-15.
w11 11/15 8 ¶14
“സ്വന്ത വിവേകത്തിൽ ഊന്നരുത്”
14 അനുഭവപരിചയമുള്ള മൂപ്പന്മാർ ഉൾപ്പെടെ നാമെല്ലാം അപൂർണരാണ്. അതുകൊണ്ട് യഹോവയുടെ മാർഗനിർദേശം ആരായാതെ തീരുമാനങ്ങളെടുക്കാനുള്ള പ്രവണതയെ നാമെല്ലാം ചെറുക്കേണ്ടതുണ്ട്. മോശയുടെ പിൻഗാമിയായ യോശുവയും ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാരും ചെയ്തത് എന്താണെന്ന് ഓർത്തുനോക്കൂ. കുശാഗ്രബുദ്ധികളായിരുന്ന ഗിബെയോന്യർ ദൂരദേശത്തുനിന്നു വരുന്നതായി നടിച്ച് അവരെ സമീപിച്ചപ്പോൾ യഹോവയോട് ചോദിക്കാതെ അവർ അവരുമായി സമാധാന ഉടമ്പടി ചെയ്തു. യഹോവ പിന്നീട് ആ ഉടമ്പടിയെ പിന്തുണച്ചു എന്നതു ശരിതന്നെ. എന്നാൽ തന്നോട് അന്വേഷിക്കുന്നതിൽ അവർ വീഴ്ചവരുത്തിയ കാര്യം നമ്മുടെ പ്രയോജനത്തിനായി തിരുവെഴുത്തുകളിൽ രേഖപ്പെടുത്താൻ അവൻ ഇടയാക്കി.—യോശു. 9:3-6, 14, 15.
w04 10/15 18 ¶14
‘ദേശത്തു സഞ്ചരിക്ക’
14 ആ പ്രതിനിധികൾ പറഞ്ഞു: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യോശുവ 9:3-9) വിദൂരത്തുനിന്നു വരുന്നു എന്ന അവരുടെ അവകാശവാദത്തെ ശരിവെക്കുന്ന വിധത്തിലുള്ളത് ആയിരുന്നു അവരുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും. എന്നാൽ യഥാർഥത്തിൽ ഗിബെയോനിൽനിന്നു ഗിൽഗാലിലേക്ക് ഏകദേശം 30 കിലോമീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ യോശുവയും പ്രഭുക്കന്മാരും ഗിബെയോനുമായും അതിനോടു ബന്ധപ്പെട്ട സമീപസ്ഥ പട്ടണങ്ങളുമായും ഒരു സൗഹൃദ ഉടമ്പടി ഉണ്ടാക്കി. ഗിബെയോന്യർ കേവലം നാശം ഒഴിവാക്കാൻ ഒരു തന്ത്രം പ്രയോഗിക്കുകയായിരുന്നോ? വാസ്തവത്തിൽ അത് ഇസ്രായേലിന്റെ ദൈവത്തിന്റെ പ്രീതി നേടുന്നതിനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിച്ചു. “സഭെക്കും യഹോവയുടെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകൊരുന്നവരുമായി” അവരെ നിയമിക്കാനുള്ള തീരുമാനം യഹോവ അംഗീകരിച്ചു. (യോശുവ 9:11-27) ഗിബെയോന്യർ യഹോവയുടെ സേവനത്തിൽ താഴ്മയോടെ പ്രവർത്തിക്കാനുള്ള മനസ്സൊരുക്കം കാണിക്കുന്നതിൽ തുടർന്നു. ബാബിലോണിൽനിന്നു മടങ്ങിവന്ന് പുനർനിർമിക്കപ്പെട്ട ആലയത്തിൽ സേവിച്ച നെഥിനിമുകളുടെ അഥവാ ദേവാലയദാസന്മാരുടെ കൂട്ടത്തിൽ അവരിൽ ചിലർ ഉണ്ടായിരുന്നിരിക്കാം. (എസ്രാ 2:1, 2, 43-54; 8:20) ദൈവവുമായി സമാധാനബന്ധം നിലനിറുത്താൻ യത്നിച്ചുകൊണ്ടും അവന്റെ സേവനത്തിൽ എളിയ നിയമനങ്ങൾ പോലും നിർവഹിക്കാൻ മനസ്സൊരുക്കം കാണിച്ചു കൊണ്ടും നമുക്ക് അവരുടെ മനോഭാവം അനുകരിക്കാൻ പരിശ്രമിക്കാം.
ആത്മീയരത്നങ്ങൾ
it-1-E 1030
തൂക്കുക
ഇസ്രായേല്യർക്കു കൊടുത്ത നിയമമനുസരിച്ച് ചില പ്രത്യേക കുറ്റവാളുകളുടെ കാര്യത്തിൽ അവരെ കൊല്ലുക മാത്രമല്ല അവരുടെ ശവം സ്തംഭത്തിൽ തൂക്കുന്ന രീതിയുമുണ്ടായിരുന്നു. അങ്ങനെ സ്തംഭത്തിൽ തൂക്കപ്പെടുന്നവരെ ദൈവത്താൽ ശപിക്കപ്പെട്ടവരായി കണക്കാക്കിയിരുന്നു. മരണശേഷം ഒരാളെ ഇങ്ങനെ സ്തംഭത്തിൽ തൂക്കുന്നത് എല്ലാവർക്കും ഒരു മുന്നറിയിപ്പായിരുന്നു.
പ്രസംഗം
it-1-E 520, 525 ¶1
ഉടമ്പടി
“ഉടമ്പടി” എന്നു പരിഭാഷ ചെയ്തിരിക്കുന്ന എബ്രായപദത്തിന്റെ അർഥം “കരാർ” എന്നാണ്. രണ്ടോ അതിലധികമോ ആളുകൾ അതിൽ ഉൾപ്പെടാം. ഒരു കാര്യം ചെയ്യാമെന്നോ ചെയ്യില്ലെന്നോ അവർ പരസ്പരം വാക്കു കൊടുക്കുന്നതിനെ അല്ലെങ്കിൽ കരാർ ചെയ്യുന്നതിനെ ആണ് ഉടമ്പടി എന്നു പറയുന്നത്.
യോശുവയും ഇസ്രായേൽ തലവന്മാരും ഗിബെയോൻ നഗരത്തിലെ ആളുകളുമായി ഒരു ഉടമ്പടി ചെയ്തു. അതിൽ അവരെ കൊന്നുകളയില്ലെന്ന് അവർ വാക്കു കൊടുത്തു. ഗിബെയോന്യർ കനാന്യരായതുകൊണ്ട് അവർ വാസ്തവത്തിൽ ശപിക്കപ്പെട്ടവരായിരുന്നു. ഇസ്രായേല്യർ അവരെ നശിപ്പിക്കേണ്ടതുമായിരുന്നു. എന്നാൽ അവരുമായി ഉടമ്പടി ചെയ്തുപോയതുകൊണ്ട് അതിനു വിരുദ്ധമായി ഇസ്രായേല്യർക്ക് ഒന്നും ചെയ്യാനാകില്ലായിരുന്നു. അതുകൊണ്ട് അവരെ ജീവനോടെ വെച്ചു. എന്നാൽ അവരുടെ മേലുള്ള ശാപം അങ്ങനെതന്നെയുണ്ടായിരുന്നു: അവരെ ഇസ്രായേൽ സമൂഹത്തിനുവേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആയി നിയമിച്ചു.—യോശ 9:15, 16, 23-27.
ഒക്ടോബർ 11-17
ദൈവവചനത്തിലെ നിധികൾ | യോശുവ 10-11
“യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു”
it-1-E 50
അദോനീ-സേദെക്ക്
ഇസ്രായേല്യർ വാഗ്ദത്തദേശം കീഴടക്കുന്ന സമയത്ത് യരുശലേമിൽ ഭരണം നടത്തിയിരുന്ന രാജാവ്. ഗിബെയോന്യർ യോശുവയുമായി സമാധാന ഉടമ്പടിയുണ്ടാക്കിയെന്നു കണ്ടപ്പോൾ മറ്റു രാജ്യങ്ങളും തങ്ങളുടെ ശത്രുക്കളായ ഇസ്രായേല്യരുടെ പക്ഷം ചേരുമോയെന്ന് അദോനീ-സേദെക്ക് ഭയന്നു. അതുകൊണ്ടാണ് അദ്ദേഹം വേറെ നാലു രാജാക്കന്മാരെയും കൂട്ടി ഗിബെയോന്യരെ ആക്രമിക്കാൻ ചെന്നത്.
it-1-E 1020
ആലിപ്പഴം
യഹോവ അത് ഉപയോഗിച്ചു. തന്റെ വാഗ്ദാനം നിറവേറ്റാനും തന്റെ മഹാശക്തി കാണിക്കാനും യഹോവ ഉപയോഗിച്ചിട്ടുള്ള ഒന്നാണ് ആലിപ്പഴം. (സങ്ക 148:1, 8; യശ 30:30; പുറ 9:18-26; സങ്ക 78:47, 48; 105:32, 33) വാഗ്ദത്തദേശത്തുവെച്ച് ഇസ്രായേല്യർ ഗിബെയോന്യരെ സഹായിക്കാനായി അഞ്ച് അമോര്യരാജാക്കന്മാർക്കെതിരെ പോരാടുന്ന സമയത്ത് യഹോവ അമോര്യരുടെ മേൽ വലിയ ആലിപ്പഴങ്ങൾ വർഷിച്ചു. ആ സമയത്ത് ഇസ്രായേല്യരുടെ കൈയാൽ മരിച്ചവരെക്കാൾ കൂടുതൽ പേർ ആലിപ്പഴങ്ങൾ വീണ് മരിച്ചു.—യോശ 10:3-7, 11.
w04 12/1 11 ¶1
യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
10:13—ഇത്തരമൊരു പ്രതിഭാസം സംഭവിക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ? സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ “യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” (ഉല്പത്തി 18:14) ഭൂമിയിൽനിന്നു നോക്കുന്ന ഒരു വ്യക്തിക്ക് സൂര്യനും ചന്ദ്രനും നിശ്ചലമായി നിൽക്കുന്നുവെന്നു തോന്നുന്ന വിധത്തിൽ ഭൂമിയുടെ ചലനം നിയന്ത്രിക്കാൻ വേണമെങ്കിൽ യഹോവയ്ക്കു കഴിയും. ഇനി അതല്ലെങ്കിൽ, ഭൂമിയും ചന്ദ്രനും ചലിക്കുമ്പോൾത്തന്നെ സൂര്യനിൽനിന്നും ചന്ദ്രനിൽനിന്നുമുള്ള വെളിച്ചം ഭൂമിയിൽ തുടർന്നും കിട്ടത്തക്കവണ്ണം പ്രകാശ രശ്മികൾക്ക് അപവർത്തനം സംഭവിപ്പിക്കാൻ അവനു കഴിയും. എന്തുതന്നെ ആയിരുന്നാലും, മാനവചരിത്രത്തിൽ “ആ ദിവസംപോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.”—യോശുവ 10:14.
ആത്മീയരത്നങ്ങൾ
w09 3/15 32 ¶5
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ചില പുസ്തകങ്ങളെക്കുറിച്ചു ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്നു എന്നതുകൊണ്ടോ ബൈബിളിന്റെ എഴുത്തിനു സഹായിച്ചു എന്നതുകൊണ്ടോ അവ ദൈവനിശ്വസ്തമാണെന്നു നാം നിഗമനം ചെയ്യരുത്. എന്നാൽ നമ്മുടെ ദൈവമായ യഹോവ താൻ നിശ്വസ്തമാക്കിയ ‘വചനങ്ങൾ’ ഒക്കെയും സംരക്ഷിച്ചിരിക്കുന്നു; അത് ‘എന്നേക്കും നിലനിൽക്കുകയും’ ചെയ്യും. (യെശ. 40:8) നാം ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവർ ആകാനുള്ളതെല്ലാം’ 66 ബൈബിൾ പുസ്തകങ്ങളിലായി ദൈവം ഉൾക്കൊള്ളിച്ചിട്ടുണ്ട്.—2 തിമൊ. 3:16, 17.
ഒക്ടോബർ 18-24
ദൈവവചനത്തിലെ നിധികൾ | യോശുവ 12-14
“യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക”
w04 12/1 12 ¶2
യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
14:10-13. കാലേബിന് 85 വയസ്സുണ്ടായിരുന്നെങ്കിലും ഹെബ്രോനിലെ ആളുകളെ തുരത്താനുള്ള ദുഷ്കരമായ നിയോഗം അവൻ ചോദിച്ചുവാങ്ങുന്നു. ആ പ്രദേശത്തു വസിച്ചിരുന്നവർ അനാക്യർ ആയിരുന്നു, അസാധാരണ വലുപ്പമുള്ള മല്ലന്മാർ. എന്നാൽ യഹോവയുടെ സഹായത്തോടെ പരിചയസമ്പന്നനായ ഈ യോദ്ധാവ് വിജയംവരിക്കുന്നു. ഹെബ്രോൻ ഒരു സങ്കേതനഗരമായി മാറുന്നു. (യോശുവ 15:13-19; 21:11-13) ബുദ്ധിമുട്ടുള്ള ദിവ്യാധിപത്യ നിയമനങ്ങൾ ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറരുതെന്നു കാലേബിന്റെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു.
w06 10/1 18 ¶11
വിശ്വാസവും ദൈവഭയവും നമ്മെ ധൈര്യശാലികളാക്കുന്നു
11 അത്തരം വിശ്വാസം, മുരടിച്ച ഒരു മരം പോലെയല്ല. നാം സത്യത്തിനു ചേർച്ചയിൽ ജീവിക്കുകയും അതിന്റെ പ്രയോജനങ്ങൾ രുചിച്ചറിയുകയും പ്രാർഥനകൾക്കുള്ള ഉത്തരം ലഭിക്കുന്നതായി കാണുകയും മറ്റു വിധങ്ങളിൽ യഹോവ നമ്മെ വഴിനടത്തുന്നതായി മനസ്സിലാക്കുകയും ചെയ്യവേ ആ വിശ്വാസം തഴച്ചുവളരുന്നു. (സങ്കീർത്തനം 34:8; 1 യോഹന്നാൻ 5:14, 15) ദൈവം എത്ര നല്ലവനാണെന്നു രുചിച്ചറിഞ്ഞതിലൂടെ യോശുവയുടെയും കാലേബിന്റെയും വിശ്വാസം തീർച്ചയായും ആഴമുള്ളതായിത്തീർന്നു. (യോശുവ 23:14) ഇക്കാര്യങ്ങൾ പരിചിന്തിക്കുക: ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ, മരുഭൂമിയിലൂടെയുള്ള 40 വർഷത്തെ പ്രയാണത്തെ അവരിരുവരും അതിജീവിച്ചു. (സംഖ്യാപുസ്തകം 14:27-30; 32:11, 12) കനാന്യർക്കെതിരെ ആറു വർഷം നീണ്ട പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കാനുള്ള പദവി ദൈവം അവർക്കു നൽകി. ഒടുവിൽ വാഗ്ദത്തദേശത്ത് അവർക്കു സ്വന്തമായി അവകാശം ലഭിക്കുകയും ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കുകയും ചെയ്തു. വിശ്വസ്തതയോടും ധൈര്യത്തോടും കൂടെ തന്നെ സേവിക്കുന്നവരെ യഹോവ എത്ര സമൃദ്ധമായി അനുഗ്രഹിക്കുന്നു!—യോശുവ 14:6, 9-14; 19:49, 50; 24:29.
ആത്മീയരത്നങ്ങൾ
it-1-E 902-903
ഗെബാൽ
ഇസ്രായേല്യർ ഇനിയും കീഴടക്കാനുള്ള പ്രദേശങ്ങളുടെ പേര് യഹോവ പറഞ്ഞ കൂട്ടത്തിൽ “ഗബാല്യരുടെ ദേശവും” ഉണ്ടായിരുന്നു. (യോശ 13:1-5) എന്നാൽ ഗെബാൽ ഇസ്രായേലിനു വടക്ക് അങ്ങു ദൂരെയുള്ള (ദാനിൽനിന്ന് ഏ. 100 കി.മീ. വടക്ക്) ഒരു സ്ഥലമായതുകൊണ്ട് ആ സ്ഥലമല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും അതുകൊണ്ടായിരിക്കാം ഇസ്രായേല്യർ ഒരിക്കലും ആ ദേശം കൈവശമാക്കാതിരുന്നതെന്നും വിമർശകർ പറയുന്നു. ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്ന എബ്രായപാഠഭാഗത്തിന്റെ കുറച്ച് ഭാഗം നശിച്ചുപോയെന്നും ശരിക്കും ആ ഭാഗത്ത് “ലബാനോന് തൊട്ട് അടുത്തുള്ള ദേശം” എന്നോ ‘ഗെബാല്യരുടെ അതിർത്തിക്ക് അടുത്തുവരെ’ എന്നോ ആണ് വരേണ്ടിയിരുന്നത് എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇസ്രായേല്യർ കനാൻദേശം കൈവശമാക്കണമെങ്കിൽ അവർ അനുസരണമുള്ളവരായിരിക്കണമെന്ന വ്യവസ്ഥ യഹോവ വെച്ചിരുന്നു. യോശുവ 13:2-7-ൽ പറഞ്ഞിരുന്ന എല്ലാ ദേശങ്ങളുടെ കാര്യത്തിലും ഇതു ബാധകമായിരുന്നു. അതുകൊണ്ട് ഇസ്രായേല്യർക്ക് ഗെബാൽ കൈവശപ്പെടുത്താൻ കഴിയാതെപോയത് അവരുടെതന്നെ അനുസരണക്കേടു കാരണമായിരിക്കണം.—യോശ 23:12, 13 താരതമ്യം ചെയ്യുക.
ഒക്ടോബർ 25-31
ദൈവവചനത്തിലെ നിധികൾ | യോശുവ 15-17
“നിങ്ങളുടെ അമൂല്യമായ അവകാശം സംരക്ഷിക്കുക”
it-1-E 1083 ¶3
ഹെബ്രോൻ
ഇസ്രായേല്യർ യോശുവയുടെ നേതൃത്വത്തിൽ ഹെബ്രോൻ കീഴടക്കിയെങ്കിലും അവിടം സംരക്ഷിക്കാൻ സൈനികരെ അവിടെ നിയമിച്ചില്ലെന്നു തോന്നുന്നു. അതുകൊണ്ട് ഇസ്രായേല്യർ മറ്റു സ്ഥലങ്ങളിൽ പോരാട്ടം നടത്തുന്ന സമയത്ത് അനാക്യർ വീണ്ടും ഹെബ്രോൻ കൈവശപ്പെടുത്തിയിരിക്കണം. ആ നഗരം കാലെബിന് അവകാശമായി കൊടുത്തിരുന്നതുകൊണ്ട് അദ്ദേഹം (അല്ലെങ്കിൽ കാലെബിന്റെ നേതൃത്വത്തിൽ യഹൂദയുടെ പുത്രന്മാർ) അവരെ അവിടെനിന്ന് വീണ്ടും ഓടിച്ചുകളഞ്ഞു.—യോശ 11:21-23; 14:12-15; 15:13, 14; ന്യായ 1:10.
it-1-E 848
നിർബന്ധിതജോലി
വാഗ്ദത്തദേശത്തു പ്രവേശിച്ച ഇസ്രായേല്യർ യഹോവയുടെ കല്പന പൂർണമായി അനുസരിച്ചില്ല. കനാന്യരെ മുഴുവൻ ഓടിച്ചുകളയുകയും അവരെ കൊന്നുകളയുകയും ചെയ്യുന്നതിനു പകരം അവരെ അടിമകളാക്കി. അതുകൊണ്ട് എന്തു സംഭവിച്ചു? ഇസ്രായേല്യർ വ്യാജാരാധനയിലേക്കു വഴുതിവീഴാൻ ഇടയായി.—യോശ 16:10; ന്യായ 1:28; 2:3, 11, 12.
it-1-E 402 ¶3
കനാൻ
ഇസ്രായേല്യർ കനാൻദേശം കൈവശമാക്കിയ സമയത്ത് ആ നാശത്തെ പല കനാന്യരും അതിജീവിച്ചെങ്കിലും “ഇസ്രായേല്യരുടെ പൂർവികർക്കു നൽകുമെന്നു സത്യം ചെയ്ത ദേശമെല്ലാം യഹോവ ഇസ്രായേലിനു കൊടുത്തു,” “ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു,” “ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും നിറവേറാതിരുന്നില്ല” എന്നൊക്കെ പറയാനാകുമായിരുന്നു. (യോശ 21:43-45) ഇസ്രായേല്യർക്കു ചുറ്റുമുണ്ടായിരുന്ന ശത്രുജനതകൾക്ക് അവരെ പേടിയായിരുന്നു. അതുകൊണ്ട് ആരും ഇസ്രായേല്യർക്ക് ഒരു ഭീഷണിയായിരുന്നില്ല. എന്നാൽ കനാന്യരുടെ കൈവശം ഇരുമ്പരിവാൾ ഘടിപ്പിച്ച യുദ്ധരഥങ്ങളും മറ്റും ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർക്ക് അവരെ പേടിയായിരുന്നു. പക്ഷേ വിജയം ഇസ്രായേല്യർക്കായിരിക്കുമെന്ന് യഹോവ അവർക്ക് ഉറപ്പുകൊടുത്തു. (യോശ 17:16-18; ന്യായ 4:13) എങ്കിലും ചില സന്ദർഭങ്ങളിൽ അവർക്കു പരാജയം നേരിട്ടു. അത് യഹോവ സഹായിക്കാഞ്ഞിട്ടല്ല, പകരം അവരുടെതന്നെ അവിശ്വസ്തത കാരണമായിരുന്നെന്ന് ബൈബിൾ വിവരണങ്ങൾ സൂചിപ്പിക്കുന്നു.—സംഖ 14:44, 45; യോശ 7:1-12.
ആത്മീയരത്നങ്ങൾ
w15 7/15 32
നിങ്ങൾക്ക് അറിയാമോ?
പുരാതന ഇസ്രായേൽ, ബൈബിളിൽ സൂചിപ്പിച്ചിരിക്കുന്നത്ര വനനിബിഡമായിരുന്നോ?
വാഗ്ദത്തദേശത്തിലെ ചില സ്ഥലങ്ങൾ വനനിബിഡമായിരുന്നെന്നും അവിടെ ‘സമൃദ്ധമായി’ മരങ്ങളുണ്ടായിരുന്നെന്നും ബൈബിൾ പറയുന്നു. (1 രാജാ. 10:27, പി.ഒ.സി.; യോശു. 17:15, 18) എങ്കിലും അവിടെ അങ്ങനെയായിരുന്നോ എന്ന്, വിസ്തൃതമായ ആ പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ട് പല സന്ദേഹവാദികളും സംശയം പ്രകടിപ്പിക്കുന്നു.
ബൈബിൾക്കാലങ്ങളിൽ ഇസ്രായേലിലെ ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം “പുരാതന ഇസ്രായേലിലെ വനപ്രദേശങ്ങൾ ഇന്നത്തേതിലും വളരെ വിസ്തൃതമായിരുന്നു” എന്ന് പറയുന്നു. അവിടത്തെ ഉയർന്ന പ്രദേശങ്ങളിൽ അലെപോ പൈൻ (പൈനസ് ഹേയ്ൽപെൻസിസ്), നിത്യഹരിത ഓക്ക് (ക്വെർക്കസ് കാലിപ്രിനോസ്), ടെറബിന്ദ് (പിസ്റ്റേഷ്യ പലെസ്റ്റീന) എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ ഇടതൂർന്ന് നിൽക്കുന്നു. മധ്യപർവതനിരകൾക്കും മധ്യധരണ്യാഴിയുടെ തീരത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന, അടിവാരക്കുന്നുകൾ നിറഞ്ഞ ഷെഫീലയിൽ സിക്ക്മൂർ അത്തിമരങ്ങളും (ഫിക്കസ് സൈക്കോമോറസ്) ധാരാളമുണ്ടായിരുന്നു.
ബൈബിളിലെ സസ്യങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇസ്രായേലിലെ ചില പ്രദേശങ്ങളിൽ ഇപ്പോൾ ഒട്ടുംതന്നെ മരങ്ങളില്ലെന്ന് പറയുന്നു. എന്തായിരിക്കാം കാരണം? അത് പതുക്കെപ്പതുക്കെയുള്ള ഒരു പ്രക്രിയയായിരുന്നെന്ന് വിശദീകരിച്ചുകൊണ്ട് ആ പുസ്തകം ഇങ്ങനെ പറയുന്നു: “കൃഷിയിടത്തിനും മേച്ചിൽപ്പുറങ്ങൾക്കും ആയി ആളുകൾ അവിടെയുള്ള വൃക്ഷലതാദികൾ സ്ഥിരം നശിപ്പിച്ചുകൊണ്ടിരുന്നു. കൂടാതെ നിർമാണപ്രവർത്തനത്തിന് ആവശ്യമായ വസ്തുക്കൾക്കുവേണ്ടിയും ഇന്ധനത്തിനുവേണ്ടിയും അവർ വനപ്രദേശങ്ങൾ കൈയടക്കി.”