പഠനലേഖനം 21
ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
“എന്റെ ദൈവമായ യഹോവേ, അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു! അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!”—സങ്കീ. 40:5.
ഗീതം 5 ദൈവത്തിന്റെ അത്ഭുതചെയ്തികൾ
പൂർവാവലോകനംa
1-2. സങ്കീർത്തനം 40:5 അനുസരിച്ച്, യഹോവ ഉദാരനായ ദൈവമാണെന്നു പറയാവുന്നത് എന്തുകൊണ്ട്, ഈ ലേഖനത്തിൽ നമ്മൾ ദൈവത്തിന്റെ ചില സമ്മാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എന്തുകൊണ്ട്?
യഹോവ ഉദാരനായ ദൈവമാണ്. ദൈവം തന്നിട്ടുള്ള ചില സമ്മാനങ്ങളെക്കുറിച്ച് ചിന്തിക്കുക: മനോഹരവും വിശിഷ്ടവും ആയ നമ്മുടെ ഈ ഭൂമി, സങ്കീർണമായി രൂപകല്പന ചെയ്തിരിക്കുന്ന നമ്മുടെ തലച്ചോറ്, ദൈവത്തിന്റെ സ്വന്തം വചനമായ ബൈബിൾ. ഈ മൂന്നു സമ്മാനങ്ങളിലൂടെ യഹോവ നമുക്കു താമസിക്കാൻ ഒരു ഇടവും ചിന്തിക്കാനും ആശയവിനിമയം ചെയ്യാനും ഉള്ള കഴിവും നമ്മൾ ചോദിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരവും തന്നിരിക്കുന്നു.—സങ്കീർത്തനം 40:5 വായിക്കുക.
2 ഈ ലേഖനത്തിൽ നമ്മൾ ഈ മൂന്നു സമ്മാനങ്ങളെക്കുറിച്ച് ചുരുക്കമായി ചിന്തിക്കും. എത്ര കൂടുതൽ നമ്മൾ അവയെക്കുറിച്ച് ധ്യാനിക്കുന്നോ, അത്ര കൂടുതൽ നമ്മൾ അവയെ വിലമതിക്കും. സ്നേഹമുള്ള നമ്മുടെ സ്രഷ്ടാവായ യഹോവയെ സന്തോഷിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹവും അതനുസരിച്ച് ശക്തമാകും. (വെളി. 4:11) പരിണാമം എന്ന തെറ്റായ ആശയത്തിൽ വിശ്വസിക്കുന്നവരെ സഹായിക്കാനുള്ള നമ്മുടെ കഴിവ് വർധിക്കുകയും ചെയ്യും.
നമ്മുടെ മനോഹരമായ ഭൂമി
3. ഭൂമി മറ്റ് എല്ലാ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
3 നമ്മുടെ ഭവനമായ ഭൂമിയെ സൃഷ്ടിച്ചിരിക്കുന്ന വിധം നോക്കിയാൽ, ദൈവത്തിന്റെ ജ്ഞാനം നമുക്കു വ്യക്തമായി കാണാം. (റോമ. 1:20; എബ്രാ. 3:4) നമ്മുടെ ഭൂമി മാത്രമല്ല സൂര്യനെ ചുറ്റി സഞ്ചരിക്കുന്നത്, മറ്റ് ഗ്രഹങ്ങളുമുണ്ട്. എന്നാൽ മനുഷ്യർക്ക് ജീവിക്കാൻ വേണ്ടതെല്ലാം ഇവിടെ ഭൂമിയിൽ മാത്രമേ ഉള്ളൂ.
4. ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നതിൽ ദൈവത്തിന്റെ ജ്ഞാനം കാണാൻ കഴിയുന്നത് എങ്ങനെ? ഒരു ദൃഷ്ടാന്തം പറയുക.
4 ഒരർഥത്തിൽ, പ്രപഞ്ചം എന്ന വിശാലമായ സമുദ്രത്തിലൂടെ നീങ്ങുന്ന ഒരു കപ്പൽപോലെയാണ് ഭൂമി. നിറയെ യാത്രക്കാരുമായി പോകുന്ന മനുഷ്യനിർമിതമായ ഒരു കപ്പലും നമ്മുടെ ഭൂമിയും തമ്മിൽ പ്രധാനപ്പെട്ട പല വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഒരു കപ്പലിലെ ആളുകൾക്ക് ആവശ്യമായ ഓക്സിജനും ഭക്ഷണവും വെള്ളവും അവർ തന്നെ ഉണ്ടാക്കണമെന്നു കരുതുക. പാഴ്വസ്തുക്കൾ പുറത്തുകളയാൻ നിർവാഹവുമില്ല. അങ്ങനെയെങ്കിൽ, അവർക്ക് എത്രകാലം അതിൽ ജീവൻ നിലനിറുത്താൻ കഴിയും? ആ കപ്പലിലുള്ളവർ അധികം കാലം ജീവിക്കില്ല. എന്നാൽ ഭൂമിയോ? അത് അതിലെ കോടിക്കണക്കിന് ജീവജാലങ്ങളെ പോറ്റിപ്പുലർത്തുന്നു. അവയ്ക്കെല്ലാം വേണ്ട ഓക്സിജനും ഭക്ഷണവും വെള്ളവും ഭൂമി തനിയെ ഉണ്ടാക്കുന്നു. അവ ഒന്നും തീർന്നുപോകുന്നില്ല. അതേസമയം ഭൂമി പാഴ്വസ്തുക്കൾ ശൂന്യാകാശത്തേക്ക് കളയുന്നുമില്ല. എന്നിട്ടും ഭൂമി താമസയോഗ്യമാണ്, സുന്ദരമാണ്! ഇത് എങ്ങനെ നടക്കുന്നു? മാലിന്യങ്ങളെ പ്രയോജനമുള്ള വസ്തുക്കളാക്കി മാറ്റാനുള്ള കഴിവോടെയാണ് യഹോവ ഭൂമിയെ രൂപകല്പന ചെയ്തിരിക്കുന്നത്. അതിനുവേണ്ടി യഹോവ ചെയ്തിരിക്കുന്ന അത്ഭുതകരമായ ചില പരിവൃത്തികളിൽ രണ്ടെണ്ണമാണ് ഓക്സിജൻ പരിവൃത്തിയും ജലപരിവൃത്തിയും. നമുക്ക് അവ ഒന്ന് പഠിക്കാം.
5. എന്താണ് ഓക്സിജൻ പരിവൃത്തി, അത് ഏതു വസ്തുത ശരിവെക്കുന്നു?
5 മനുഷ്യൻ ഉൾപ്പെടെയുള്ള മിക്ക ജീവജാലങ്ങൾക്കും ജീവൻ നിലനിറുത്താൻ ആവശ്യമായ ഒരു വാതകമാണ് ഓക്സിജൻ. ഓരോ വർഷവും ജീവജാലങ്ങൾ ഏകദേശം പതിനായിരം കോടി ടൺ ഓക്സിജൻ ശ്വസിക്കുന്നെന്നു കണക്കാക്കപ്പെടുന്നു. എന്നിട്ട്, ഇതേ ജീവജാലങ്ങൾ കാർബൺ ഡൈ ഓക്സൈഡ് എന്ന വാതകം പുറത്തേക്കു വിടുന്നു. എങ്കിലും അവ ഈ ഓക്സിജൻ മുഴുവൻ ഉപയോഗിച്ചുതീർക്കുന്നില്ല. അതുപോലെ അവ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകംകൊണ്ട് അന്തരീക്ഷം നിറയുന്നുമില്ല. എന്തുകൊണ്ട്? കാരണം യഹോവ വലിയ മരങ്ങൾമുതൽ വെള്ളത്തിൽ വളരുന്ന ചെറിയ ആൽഗവരെയുള്ള സസ്യങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അതു കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്ത് വിടും. ഈ ഓക്സിജൻ പരിവൃത്തി നമുക്കു ശ്വസിക്കാൻ ആവശ്യമായ വായു തരുന്നതുകൊണ്ട് പ്രവൃത്തികൾ 17:24, 25-ലെ വാക്കുകളോടു നമ്മൾ പൂർണമായി യോജിക്കും: “ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്.”
6. ജലപരിവൃത്തി എന്താണ്, അത് എന്താണു തെളിയിക്കുന്നത്? (“ജലപരിവൃത്തി എന്ന സമ്മാനം” എന്ന ചതുരം കാണുക.)
6 സൂര്യനിൽനിന്ന് കൃത്യമായ അകലത്തിൽ ഭൂമി നിൽക്കുന്നതുകൊണ്ടാണു ദ്രാവകരൂപത്തിൽ ഭൂമിയിൽ വെള്ളം ഉള്ളത്. ഭൂമി സൂര്യനോട് അൽപ്പംകൂടി അടുത്തായിരുന്നെങ്കിൽ ഭൂമിയിലെ വെള്ളം മുഴുവൻ ആവിയായിപ്പോകുകയും യാതൊരു ജീവജാലങ്ങളുമില്ലാതെ ചുട്ടുപഴുത്ത ഒരു പാറക്കെട്ടായിത്തീരുകയും ചെയ്തേനേ. ഭൂമി അൽപ്പംകൂടി അകലെയായിരുന്നെങ്കിൽ അതിലെ വെള്ളം തണുത്തുറഞ്ഞ് ഒരു മഞ്ഞുഗോളമായി മാറുമായിരുന്നു. യഹോവ ഭൂമിയെ കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നതുകൊണ്ട്, ഭൂമിയിലെ ജലപരിവൃത്തിക്ക് ഇവിടെ ജീവൻ നിലനിറുത്താൻ കഴിയുന്നു. സൂര്യപ്രകാശത്തിന്റെ ചൂടുകൊണ്ട് സമുദ്രങ്ങളിലെയും ഭൂമിയുടെ ഉപരിതലത്തിലെയും വെള്ളം ബാഷ്പീകരിക്കപ്പെട്ട് മേഘങ്ങളുണ്ടാകുന്നു. ലോകത്ത് എല്ലായിടത്തുമുള്ള തടാകങ്ങളിലെ വെള്ളത്തെക്കാൾ കൂടുതൽ വെള്ളമാണ് ഓരോ വർഷവും സൂര്യപ്രകാശമേറ്റ് നീരാവിയായി പോകുന്നത്. ബാഷ്പീകരിക്കപ്പെട്ട ഈ വെള്ളം ഏകദേശം പത്തു ദിവസത്തോളം അന്തരീക്ഷത്തിൽ തങ്ങിനിന്നതിനു ശേഷമാണ് മഴയായോ മഞ്ഞായോ പെയ്യുന്നത്. അങ്ങനെ സമുദ്രങ്ങളിലും മറ്റു ജലാശയങ്ങളിലും തിരികെ വെള്ളം എത്തുന്നു. ഭൂമിയിൽ എന്നും വെള്ളം കിട്ടത്തക്ക രീതിയിൽ യഹോവ ഈ ജലപരിവൃത്തി ക്രമീകരിച്ചു. അത് യഹോവയുടെ ജ്ഞാനവും ശക്തിയും തെളിയിക്കുന്നു.—ഇയ്യോ. 36:27, 28; സഭാ. 1:7.
7. സങ്കീർത്തനം 115:16-ൽ പറഞ്ഞിരിക്കുന്ന സമ്മാനം വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെയെല്ലാം കാണിക്കാം?
7 അത്ഭുതകരമായ ഈ ഗ്രഹത്തിനും അതിലുള്ള നല്ല കാര്യങ്ങൾക്കെല്ലാത്തിനും നമുക്കു നന്ദി തോന്നണമെങ്കിൽ എന്തു ചെയ്യണം? (സങ്കീർത്തനം 115:16 വായിക്കുക.) യഹോവ ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നതാണു നമുക്കു ചെയ്യാവുന്ന ഒരു കാര്യം. നമുക്കു തന്നിരിക്കുന്ന നല്ല കാര്യങ്ങൾക്ക് യഹോവയോടു നന്ദി പറയാൻ അപ്പോൾ നമുക്കു തോന്നും. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചുകൊണ്ടും ഭൂമി എന്ന സമ്മാനത്തെ വിലമതിക്കുന്നെന്നു നമുക്കു കാണിക്കാം.
അതുല്യമായ നമ്മുടെ മസ്തിഷ്കം
8. നമ്മുടെ മസ്തിഷ്കം അത്ഭുതകരമായി രൂപകൽപ്പന ചെയ്തതാണെന്നു പറയുന്നത് എന്തുകൊണ്ട്?
8 മനുഷ്യമസ്തിഷ്കം അത്ഭുതകരമായി രൂപകൽപ്പന ചെയ്തതാണ്. നിങ്ങൾ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾ വളരെ ക്രമീകൃതമായ ഒരു വിധത്തിൽ തലച്ചോറ് വികസിക്കാൻ തുടങ്ങി. ഓരോ മിനിട്ടിലും പതിനായിരക്കണക്കിനു പുതിയ നാഡീകോശങ്ങളാണു നിർമിക്കപ്പെട്ടിരുന്നത്. ഗവേഷകർ പറയുന്നത്, മുതിർന്ന ഒരാളുടെ തലച്ചോറിൽ പതിനായിരം കോടിയോളം നാഡീകോശങ്ങൾ ഉണ്ടെന്നാണ്. ഈ കോശങ്ങളെയെല്ലാം ഭംഗിയായി ക്രമീകരിച്ചിട്ടുമുണ്ട്. ഏതാണ്ട് ഒന്നര കിലോ ഭാരമുള്ള നമ്മുടെ തലച്ചോറിന്റെ അതിശയകരമായ ഏതാനും ചില സവിശേഷതകൾ മാത്രം നമുക്ക് ഒന്നു നോക്കാം.
9. സംസാരപ്രാപ്തി ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ട്?
9 സംസാരിക്കാനുള്ള നമ്മുടെ പ്രാപ്തി ശരിക്കും ഒരു അത്ഭുതമാണ്. നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടക്കുന്നെന്ന് ഒരു നിമിഷം ഒന്നു ചിന്തിക്കുക. നിങ്ങൾ ഓരോ വാക്കും പറയുമ്പോൾ നിങ്ങളുടെ നാവിലെയും തൊണ്ടയിലെയും ചുണ്ടിലെയും താടിയെല്ലിലെയും നെഞ്ചിലെയും നൂറോളം പേശികളുടെ ചലനങ്ങൾ നിങ്ങളുടെ തലച്ചോറ് ഏകോപിപ്പിക്കുന്നുണ്ട്. ഈ പേശികളെല്ലാം ഒരു നിർദിഷ്ടക്രമത്തിൽ ചലിച്ചെങ്കിലേ പറയുന്ന കാര്യം വ്യക്തമാകൂ. ഇനി ഒരു ഭാഷ സംസാരിക്കാനുള്ള നമ്മുടെ കഴിവിനെക്കുറിച്ച് നോക്കാം. 2019-ലെ ഒരു പഠനം കാണിക്കുന്നത്, നവജാതശിശുക്കൾക്കു വാക്കുകൾ വേറിട്ട് തിരിച്ചറിയാൻ കഴിയും എന്നാണ്. ഇതു കാലങ്ങളായി ഗവേഷകർ വിശ്വസിക്കുന്ന ഒരു കാര്യത്തിനു കൂടുതൽ ബലം പകർന്നു, അതായത് ഭാഷകൾ മനസ്സിലാക്കാനും പഠിക്കാനും ഉള്ള പ്രാപ്തിയോടെയാണ് നമ്മൾ ജനിക്കുന്നത്. അതെ നമ്മുടെ സംസാരപ്രാപ്തി ദൈവത്തിൽനിന്നുള്ള ഒരു സമ്മാനംതന്നെയാണ്.—പുറ. 4:11.
10. ദൈവം നമുക്കു തന്നിരിക്കുന്ന സംസാരപ്രാപ്തി വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
10 നമ്മൾ സംസാരപ്രാപ്തി വിലമതിക്കുന്നെന്നു കാണിക്കാനുള്ള ഒരു വിധം ഏതാണ്? പരിണാമത്തിൽ വിശ്വസിക്കുന്നവരോട്, എല്ലാം ദൈവം ഉണ്ടാക്കിയതാണെന്നു നമ്മൾ വിശ്വസിക്കുന്നതിന്റെ കാരണം നമുക്കു പറഞ്ഞുകൊടുക്കാം. (സങ്കീ. 9:1; 1 പത്രോ. 3:15) ഭൂമിയും അതിലുള്ളതും യാദൃച്ഛികമായി ഉണ്ടായതാണെന്നു നമ്മൾ വിശ്വസിക്കാനാണു പരിണാമവാദത്തിന്റെ വക്താക്കൾ ആഗ്രഹിക്കുന്നത്. ബൈബിളും ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്ത ചില ആശയങ്ങളും ഉപയോഗിച്ച് നമ്മുടെ സ്വർഗീയപിതാവിനുവേണ്ടി നമുക്കു സംസാരിക്കാം. അതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നവരോട്, യഹോവയാണ് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്നു നമുക്ക് ഇത്ര ഉറപ്പുള്ളത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാം.—സങ്കീ. 102:25; യശ. 40:25, 26.
11. നമ്മുടെ തലച്ചോറിന്റെ അപാരമായ മറ്റൊരു പ്രാപ്തി എന്താണ്?
11 ഓർത്തിരിക്കാനുള്ള നമ്മുടെ പ്രാപ്തി അപാരമാണ്. രണ്ടു കോടി പുസ്തകങ്ങളിലുള്ള അത്രയും വിവരങ്ങൾ ഓർത്തിരിക്കാനുള്ള കഴിവ് നമുക്കുണ്ടെന്നാണ് മുമ്പ് ഒരു എഴുത്തുകാരൻ പറഞ്ഞിരുന്നത്. എന്നാൽ അതിലും കൂടുതൽ വിവരങ്ങൾ ഓർത്തിരിക്കാനുള്ള കഴിവുണ്ടെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ഓർത്തിരിക്കാനുള്ള പ്രാപ്തി മനുഷ്യർക്കു മറ്റൊരു കഴിവ് തരുന്നു. എന്താണ് അത്?
12. ജീവിതപാഠങ്ങൾ പഠിക്കാനുള്ള പ്രാപ്തി മൃഗങ്ങളിൽനിന്ന് നമ്മളെ വ്യത്യസ്തരാക്കുന്നത് എങ്ങനെ?
12 പഴയ സംഭവങ്ങൾ ഓർത്തിരിക്കാനും വിശകലനം ചെയ്യാനും അതിന്റെ വെളിച്ചത്തിൽ ജീവിതപാഠങ്ങൾ പഠിക്കാനും ഉള്ള കഴിവ് ഭൂമിയിൽ മനുഷ്യർക്കു മാത്രമേ ഉള്ളൂ. അങ്ങനെ ചിന്തയിലും പ്രവൃത്തിയിലും മാറ്റങ്ങൾ വരുത്താനും കുറെക്കൂടെ നല്ല വ്യക്തികളാകാനും നമുക്കു കഴിയുന്നു. (1 കൊരി. 6:9-11; കൊലോ. 3:9, 10) ശരിയും തെറ്റും തിരിച്ചറിയാൻ നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാനും നമുക്കു സാധിക്കുന്നു. (എബ്രാ. 5:14) സ്നേഹം, അനുകമ്പ, കരുണ പോലുള്ള ഗുണങ്ങൾ കാണിക്കാനും നമുക്കു കഴിയും. നീതിബോധമുള്ളവരായിരിക്കാനും നമുക്കു സാധിക്കും.
13. സങ്കീർത്തനം 77:11, 12 അനുസരിച്ച്, ഓർത്തിരിക്കാനുള്ള കഴിവ് നമ്മൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
13 ഓർത്തിരിക്കാനുള്ള കഴിവ് വിലമതിക്കാനുള്ള ഒരു മാർഗം മുൻകാലങ്ങളിൽ യഹോവ നമ്മളെ സഹായിച്ചതും ആശ്വസിപ്പിച്ചതും ആയ എല്ലാ സന്ദർഭങ്ങളും ഓർക്കാൻ ശ്രമിക്കുന്നതാണ്. അങ്ങനെ ചെയ്യുന്നത്, ഭാവിയിൽ യഹോവ നമ്മളെ സഹായിക്കും എന്ന നമ്മുടെ ബോധ്യം ശക്തമാക്കും. (സങ്കീർത്തനം 77:11, 12 വായിക്കുക; സങ്കീ. 78:4, 7) മറ്റുള്ളവർ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ഓർത്തിരിക്കുന്നതും അതിനോടു നന്ദിയുള്ളവരായിരിക്കുന്നതും ആണ് മറ്റൊരു വിധം. നന്ദിയുള്ള ആളുകൾ മറ്റുള്ളവരെക്കാൾ കൂടുതൽ സന്തോഷമുള്ളവരായിരിക്കും എന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. യഹോവ മറന്നുകളയുന്ന കാര്യങ്ങളുടെ കാര്യത്തിലും നമ്മൾ യഹോവയെ അനുകരിക്കണം. ഉദാഹരണത്തിന്, യഹോവയ്ക്ക് എല്ലാം ഓർത്തിരിക്കാൻ കഴിയും, എന്നിട്ടും നമ്മൾ പശ്ചാത്താപം കാണിക്കുന്നെങ്കിൽ നമ്മുടെ തെറ്റുകൾ ക്ഷമിക്കാനും അതു മറന്നുകളയാനും യഹോവ തീരുമാനിക്കുന്നു. (സങ്കീ. 25:7; 130:3, 4) മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കുന്ന എന്തെങ്കിലും തെറ്റു ചെയ്താൽ നമ്മളും ക്ഷമിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്.—മത്താ. 6:14; ലൂക്കോ. 17:3, 4.
14. മസ്തിഷ്കം എന്ന അത്ഭുതകരമായ സമ്മാനത്തിനു നന്ദിയുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം?
14 മസ്തിഷ്കം എന്ന അതുല്യമായ സമ്മാനം നമുക്കു നൽകിയ വ്യക്തിയെ ആദരിക്കുന്ന രീതിയിൽ അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ആ സമ്മാനത്തോടുള്ള വിലമതിപ്പു കാണിക്കാം. ചിലർ തങ്ങളുടെ മസ്തിഷ്കം സ്വാർഥമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു, അതായത് തെറ്റും ശരിയും സംബന്ധിച്ച് അവർ തങ്ങളുടേതായ നിലവാരങ്ങൾ വെക്കുന്നു. എന്നാൽ യഹോവ നമ്മുടെ സ്രഷ്ടാവായതുകൊണ്ട് നമ്മൾ സ്വന്തമായി വെക്കുന്ന ഏതു നിലവാരങ്ങളെക്കാളും ശ്രേഷ്ഠമായിരിക്കും യഹോവയുടെ നിലവാരങ്ങൾ. (റോമ. 12:1, 2) യഹോവയുടെ നിലവാരങ്ങളനുസരിച്ച് ജീവിക്കുമ്പോൾ നമുക്കു സമാധാനമുണ്ടായിരിക്കും. (യശ. 48:17, 18) കൂടാതെ നമ്മുടെ ജീവിതത്തിനു വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരിക്കും, നമ്മുടെ സ്രഷ്ടാവും പിതാവും ആയ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യം.—സുഭാ. 27:11.
ബൈബിൾ—അനുപമമായ ഒരു സമ്മാനം
15. ബൈബിൾ എന്ന സമ്മാനം മനുഷ്യവർഗത്തോടുള്ള യഹോവയുടെ സ്നേഹം വെളിപ്പെടുത്തുന്നത് എങ്ങനെ?
15 ദൈവം സ്നേഹത്തിൽ പൊതിഞ്ഞ് മനുഷ്യർക്കു തന്ന ഒരു സമ്മാനമാണു ബൈബിൾ. ഭൂമിയിലെ തന്റെ മക്കളെക്കുറിച്ച് നമ്മുടെ സ്വർഗീയപിതാവിനു ചിന്തയുള്ളതുകൊണ്ടാണ് ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ പ്രചോദിപ്പിച്ചത്. ബൈബിളിലൂടെ നമ്മൾ ചോദിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോവ നമുക്കു തരുന്നു. ഉദാഹരണത്തിന്, നമ്മൾ എവിടെനിന്നാണു വന്നത്? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? ഭാവിയിൽ എന്തു സംഭവിക്കും? തന്റെ മക്കളെല്ലാവരും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലുടനീളം ബൈബിൾ പല ഭാഷകളിലേക്കു പരിഭാഷ ചെയ്യാൻ യഹോവ മനുഷ്യരെ ഉപയോഗിച്ചിരിക്കുന്നു. ഇന്ന്, ബൈബിൾ മുഴുവനുമോ അതിന്റെ ഭാഗങ്ങളോ ഏതാണ്ട് 3,000-ത്തിലധികം ഭാഷകളിൽ ലഭ്യമാണ്. ഇത്രയധികം പരിഭാഷ ചെയ്തിട്ടുള്ള മറ്റൊരു പുസ്തകമില്ല. ഇത്രയധികം വിതരണം ചെയ്തിട്ടുള്ള പുസ്തകവും വേറൊന്നില്ല. എവിടെ ജീവിക്കുന്നവരായാലും, ഏതു ഭാഷ സംസാരിക്കുന്നവരായാലും ബൈബിളിന്റെ സന്ദേശം സ്വന്തം ഭാഷയിൽ മനസ്സിലാക്കാനുള്ള അവസരം ഇന്ന് അനേകർക്കുമുണ്ട്.—“ആഫ്രിക്കയിലെ ഭാഷകളിൽ ബൈബിൾ ലഭ്യമാക്കുന്നു” എന്ന ചതുരം കാണുക.
16. മത്തായി 28:19, 20-ന്റെ അടിസ്ഥാനത്തിൽ ബൈബിളിനെ വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
16 ദിവസവും ബൈബിൾ വായിച്ചുകൊണ്ടും അതു പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടും അതിൽനിന്ന് മനസ്സിലാക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നന്നായി ശ്രമിച്ചുകൊണ്ടും ബൈബിളിനെ വിലമതിക്കുന്നെന്നു നമുക്കു തെളിയിക്കാം. കഴിയുന്നത്ര ആളുകളോട് അതിലെ സന്ദേശം അറിയിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടും നമുക്കു ദൈവത്തോടുള്ള നന്ദി കാണിക്കാം.—സങ്കീ. 1:1-3; മത്താ. 24:14; മത്തായി 28:19, 20 വായിക്കുക.
17. ഏതെല്ലാം സമ്മാനങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ പഠിച്ചത്, അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
17 ഈ ലേഖനത്തിൽ ദൈവം തന്ന മൂന്നു സമ്മാനങ്ങളെക്കുറിച്ച് കണ്ടു: നമ്മുടെ ഭവനമായ ഭൂമി, അത്ഭുതകരമായി രൂപകൽപ്പന ചെയ്ത നമ്മുടെ മസ്തിഷ്കം, ദൈവത്തിന്റെ വചനമായ ബൈബിൾ. കണ്ടറിയാനോ തൊട്ടറിയാനോ പറ്റാത്ത ചില സമ്മാനങ്ങളും യഹോവ നമുക്കു തന്നിട്ടുണ്ട്. ആ സമ്മാനങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
ഗീതം 12 യഹോവ മഹാദൈവം
a ഈ ലേഖനം യഹോവയെയും യഹോവ തന്നിട്ടുള്ള മൂന്നു സമ്മാനങ്ങളെയും വിലമതിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. കൂടാതെ ദൈവമുണ്ടോ എന്നു സംശയിക്കുന്നവരുമായി ന്യായവാദം ചെയ്യാനും ഇതു സഹായിക്കും.
b ചിത്രക്കുറിപ്പ്: കുടിയേറ്റക്കാരെ ദൈവവചനത്തിലെ സത്യം പഠിപ്പിക്കുന്നതിന് ഒരു സഹോദരി ഒരു വിദേശഭാഷ പഠിക്കുന്നു.