പഠനലേഖനം 51
പ്രയാസസാഹചര്യങ്ങളിലും നിങ്ങൾക്കു സമാധാനത്തോടെയിരിക്കാനാകും
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്, ഭയപ്പെടുകയുമരുത്.” —യോഹ. 14:27.
ഗീതം 112 യഹോവ—സമാധാനത്തിന്റെ ദൈവം
ചുരുക്കംa
1. എന്താണു “ദൈവസമാധാനം,” അത് ഉണ്ടായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (ഫിലിപ്പിയർ 4:6, 7)
പൊതുവേ ആളുകൾക്ക് അറിയില്ലാത്ത ഒരു സമാധാനത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്, “ദൈവസമാധാനം.” നമ്മുടെ സ്വർഗീയപിതാവുമായി വളരെ അടുത്തബന്ധം ഉണ്ടായിരിക്കുന്നതിലൂടെ കിട്ടുന്ന ഒരു ശാന്തതയാണ് അത്. ദൈവത്തിൽനിന്നുള്ള ആ സമാധാനമുണ്ടെങ്കിൽ നമുക്കു സുരക്ഷിതത്വബോധം തോന്നും. (ഫിലിപ്പിയർ 4:6, 7 വായിക്കുക.) നമ്മുടെ സഹോദരങ്ങളുമായി നല്ലൊരു സ്നേഹബന്ധമുണ്ടായിരിക്കും. കൂടാതെ, ‘സമാധാനത്തിന്റെ ദൈവവുമായും’ നമുക്ക് ഉറ്റബന്ധം നിലനിറുത്താനാകും. (1 തെസ്സ. 5:23) സ്വർഗീയപിതാവിനെ അടുത്ത് അറിയുകയും ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ നമുക്കു ദൈവസമാധാനം കിട്ടും. അതു പ്രയാസസാഹചര്യങ്ങളിൽപ്പോലും ഉത്കണ്ഠപ്പെടാതെ ശാന്തരായി നിൽക്കാൻ നമ്മളെ സഹായിക്കും.
2. പ്രയാസസാഹചര്യങ്ങളിൽപ്പോലും ദൈവസമാധാനം കണ്ടെത്താനാകുമെന്നു നമുക്ക് എങ്ങനെ ഉറപ്പോടെ പറയാം?
2 ഒരു രോഗം പടർന്നുപിടിക്കുമ്പോഴോ ദുരന്തം നേരിടുമ്പോഴോ ആഭ്യന്തരകലാപം ഉണ്ടാകുമ്പോഴോ ഉപദ്രവം സഹിക്കേണ്ടിവരുമ്പോഴോ ഒക്കെ ദൈവസമാധാനമുള്ളവരായിരിക്കാൻ നമുക്കാകുമോ? ഇത്തരം സാഹചര്യങ്ങളിൽ സ്വാഭാവികമായും നമുക്കു പേടി തോന്നാം. എന്നാൽ യേശു തന്റെ അനുഗാമികളോടു പറഞ്ഞതു ശ്രദ്ധിക്കുക: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്, ഭയപ്പെടുകയുമരുത്.” (യോഹ. 14:27) ബുദ്ധിമുട്ടുകളൊക്കെ നേരിട്ടപ്പോൾ നമ്മുടെ സഹോദരങ്ങളിൽ പലരും യേശുവിന്റെ ഈ ഉപദേശം അനുസരിച്ചിട്ടുണ്ട്. യഹോവയുടെ സഹായത്താൽ പ്രയാസസാഹചര്യങ്ങളിൽപ്പോലും അവർക്കു സമാധാനത്തോടെയിരിക്കാനും കഴിഞ്ഞിരിക്കുന്നു.
രോഗം പടർന്നുപിടിക്കുമ്പോൾ
3. ഒരു മഹാമാരി ആളുകളുടെ സമാധാനം നശിപ്പിച്ചേക്കാവുന്നത് എങ്ങനെ?
3 ഒരു മഹാമാരി ആളുകളുടെ ജീവിതം ആകെ മാറ്റിമറിച്ചേക്കാം. കോവിഡ്-19 മഹാമാരിയുടെ സമയത്ത് പലരുടെയും കാര്യത്തിൽ അതാണു സംഭവിച്ചത്. ഒരു സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞത്, ഇതു തുടങ്ങിയതിൽപ്പിന്നെ അവർക്കു നന്നായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല എന്നാണ്. കൂടാതെ, ഉത്കണ്ഠ, വിഷാദം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, കുടുംബപ്രശ്നങ്ങൾ, ആത്മഹത്യാശ്രമങ്ങൾ എന്നിവ വലിയ അളവിൽ വർധിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് ഒരു രോഗം പടർന്നുപിടിക്കുന്നെങ്കിൽ അധികം ഉത്കണ്ഠപ്പെടാതിരിക്കാനും ദൈവസമാധാനം നേടാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും?
4. അവസാനകാലത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തെപ്പറ്റി അറിയുന്നതു സമാധാനത്തോടെയിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
4 അവസാനകാലത്ത് പകർച്ചവ്യാധികൾ അഥവാ മഹാമാരികൾ “ഒന്നിനു പുറകേ ഒന്നായി” പടർന്നുപിടിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കോ. 21:11) ഈ അറിവ് സമാധാനത്തോടെയിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും? ഇത്തരത്തിൽ രോഗം പടർന്നുപിടിക്കുമ്പോൾ നമുക്ക് അതിൽ അതിശയമില്ല. കാരണം യേശു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നു നമുക്ക് അറിയാം. അതുകൊണ്ട് അവസാനകാലത്ത് ജീവിക്കുന്നവർക്കുവേണ്ടി യേശു നൽകിയ ഉപദേശം നമുക്കും അനുസരിക്കാം. യേശു പറഞ്ഞു: “പേടിക്കരുത്.”—മത്താ. 24:6.
5. (എ) ഫിലിപ്പിയർ 4:8, 9 പറയുന്നതനുസരിച്ച് ഒരു രോഗം പടർന്നുപിടിക്കുമ്പോൾ നമുക്ക് എന്തിനുവേണ്ടി പ്രാർഥിക്കാം? (ബി) ബൈബിളിന്റെ ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
5 ഒരു രോഗം പടർന്നുപിടിക്കുമ്പോൾ സ്വാഭാവികമായി നമുക്കു പേടിയും ഉത്കണ്ഠയും ഒക്കെ തോന്നാം. ഡെയ്സിb സഹോദരിയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്? കോവിഡ്-19 പിടിപെട്ട് സഹോദരിയുടെ അപ്പന്റെ അനിയനും അപ്പന്റെ ചേട്ടന്റെ മകനും സഹോദരിയെ ചികിത്സിച്ചിരുന്ന ഡോക്ടറും ഒക്കെ മരിച്ചു. അതോടെ തനിക്കും ഈ രോഗം പിടിപെടുമെന്നും താൻ കാരണം പ്രായമായ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്നും സഹോദരി ചിന്തിച്ചു. മാത്രമല്ല, ജോലി നഷ്ടപ്പെട്ടേക്കാമെന്ന പേടിയുമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ വീട്ടുവാടക എങ്ങനെ കൊടുക്കും, ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തും എന്നെല്ലാം സഹോദരി ഉത്കണ്ഠപ്പെട്ടു. അതൊക്കെ കാരണം പല രാത്രികളിലും നന്നായി ഉറങ്ങാൻപോലും കഴിഞ്ഞില്ല. എന്നാൽ സഹോദരി തന്റെ മനസ്സമാധാനം വീണ്ടെടുത്തു. എങ്ങനെ? ആ സാഹചര്യത്തിലും ശാന്തയായിരിക്കാനും നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും തന്നെ സഹായിക്കണേ എന്ന് എടുത്തുപറഞ്ഞ് യഹോവയോടു പ്രാർഥിച്ചു. (ഫിലിപ്പിയർ 4:8, 9 വായിക്കുക.) കൂടാതെ, ബൈബിളിന്റെ ഓഡിയോ റെക്കോർഡിങ്ങുകൾ കേട്ടുകൊണ്ട് യഹോവ തന്നോടു സംസാരിക്കുന്നതു ശ്രദ്ധിക്കാൻ സഹോദരി തയ്യാറായി. “ശാന്തമായ സ്വരത്തിലുള്ള ബൈബിൾവായന ശ്രദ്ധിച്ചപ്പോൾ എന്റെ ഉത്കണ്ഠ മറികടക്കാനും യഹോവയുടെ കരുണയെക്കുറിച്ച് ചിന്തിക്കാനും എനിക്കു കഴിഞ്ഞു” എന്നു സഹോദരി പറയുന്നു.—സങ്കീ. 94:19.
6. ബൈബിളിന്റെ പഠനവും മീറ്റിങ്ങുകളും നമ്മളെ എങ്ങനെ സഹായിക്കും?
6 ഒരു രോഗം പടർന്നുപിടിക്കുമ്പോൾ നമ്മൾ അതുവരെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങൾക്കും തടസ്സം നേരിട്ടേക്കാമെന്നതു ശരിയാണ്. എന്നാൽ അപ്പോഴും സ്വന്തമായി ബൈബിൾ പഠിക്കുന്നതും മീറ്റിങ്ങിനു പോകുന്നതും ഒന്നും നമ്മൾ നിറുത്തിക്കളയരുത്. നമ്മുടെ പ്രസിദ്ധീകരണങ്ങളിലും വീഡിയോകളിലും കാണുന്ന ജീവിതാനുഭവങ്ങളിൽനിന്ന് നമ്മുടേതുപോലുള്ള പ്രശ്നങ്ങൾ നേരിടുന്ന സഹോദരങ്ങൾ അത്തരം സാഹചര്യങ്ങളിലും യഹോവയെ വിശ്വസ്തരായി സേവിക്കുന്നെന്നു നമുക്കു മനസ്സിലാക്കാനാകും. (1 പത്രോ. 5:9) മീറ്റിങ്ങുകൾക്കു പോകുമ്പോൾ ബൈബിളിൽനിന്നുള്ള നല്ലനല്ല ആശയങ്ങൾകൊണ്ട് മനസ്സു നിറയ്ക്കാൻ നമുക്കു കഴിയും. മാത്രമല്ല, അവിടെയായിരിക്കുമ്പോൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരിൽനിന്ന് പ്രോത്സാഹനം സ്വീകരിക്കാനും നമുക്കു സാധിക്കും. (റോമ. 1:11, 12) ഇനി, യഹോവ എങ്ങനെയാണു തന്റെ ആരാധകരെ അവർ രോഗികളായിരുന്നപ്പോഴോ പേടി തോന്നുന്ന ഒരു സാഹചര്യത്തിലൂടെ കടന്നുപോയപ്പോഴോ ഒറ്റയ്ക്കാണെന്നു തോന്നിയപ്പോഴോ ഒക്കെ സഹായിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യുന്നതു നമ്മുടെ വിശ്വാസം ബലപ്പെടുത്തുകയും യഹോവ നമ്മളെയും സഹായിക്കുമെന്നുള്ള ബോധ്യം ശക്തമാക്കുകയും ചെയ്യും.
7. അപ്പോസ്തലനായ യോഹന്നാനിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 നമ്മുടെ സഹോദരങ്ങളുമായി സംസാരിക്കാൻ ശ്രമിക്കുക. രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സഹോദരങ്ങളുടെ കൂടെയായിരിക്കുമ്പോൾപ്പോലും നമ്മൾ അകലം പാലിക്കേണ്ടതുണ്ടായിരിക്കാം. ആ സമയത്ത് അപ്പോസ്തലനായ യോഹന്നാനെപ്പോലെയായിരിക്കും നിങ്ങൾക്കും തോന്നുന്നത്. തന്റെ സ്നേഹിതനായ ഗായൊസിനെ നേരിൽ കാണാൻ അദ്ദേഹം ആഗ്രഹിച്ചു. (3 യോഹ. 13, 14) എന്നാൽ ഉടനെയൊന്നും അതിനു സാധിക്കില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതുകൊണ്ട് തനിക്ക് അപ്പോൾ ചെയ്യാനാകുന്ന കാര്യം അദ്ദേഹം ചെയ്തു; ഗായൊസിന് ഒരു കത്ത് എഴുതി. അതുപോലെ നമുക്കും സഹോദരങ്ങളെ നേരിൽ കാണാൻ കഴിയുന്നില്ലെങ്കിൽ ഫോൺ വിളിക്കാം, വീഡിയോ കോൾ ചെയ്യാം അല്ലെങ്കിൽ ഒരു മെസേജ് അയയ്ക്കാം. അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല എന്നൊരു തോന്നലുണ്ടാകും. അതു വലിയ മനസ്സമാധാനം തരും. ഇനി, വലിയ ഉത്കണ്ഠ തോന്നുന്നെങ്കിൽ നമുക്കു മൂപ്പന്മാരെ വിളിക്കാം. അവർ സ്നേഹത്തോടെ നൽകുന്ന പ്രോത്സാഹനം സ്വീകരിക്കാം.—യശ. 32:1, 2.
ദുരന്തം ഉണ്ടാകുമ്പോൾ
8. ഒരു ദുരന്തം നിങ്ങളുടെ സമാധാനം തകർത്തേക്കാവുന്നത് എങ്ങനെ?
8 വെള്ളപ്പൊക്കം, ഭൂകമ്പം, കാട്ടുതീ എന്നിവപോലുള്ള ഏതെങ്കിലും ദുരന്തം നിങ്ങൾക്കു നേരിട്ടിട്ടുണ്ടോ? എങ്കിൽ കുറെക്കാലത്തേക്കു നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ തോന്നിയേക്കാം. കാരണം നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടാകാം. അല്ലെങ്കിൽ വസ്തുവകകൾ നഷ്ടപ്പെട്ടിരിക്കാം. അതൊക്കെ ഓർത്ത് സങ്കടവും നിരാശയും ദേഷ്യവും തോന്നാം. നിങ്ങൾക്ക് അങ്ങനെ തോന്നി എന്നതിന്റെ അർഥം യഹോവയിൽ നിങ്ങൾക്കു വിശ്വാസമില്ലെന്നോ വസ്തുവകകളെ നിങ്ങൾ ഒരുപാടു സ്നേഹിക്കുന്നെന്നോ അല്ല. ഇതുപോലുള്ള പ്രശ്നങ്ങളെ നേരിടാൻ ശരിക്കും ബുദ്ധിമുട്ടാണ്. അത്തരം സമയങ്ങളിൽ മനസ്സ് അസ്വസ്ഥമാകും. പലവിധ ചിന്തകൾ നമ്മളെ പിടികൂടും. ഇനി, ‘അതൊന്നും കുഴപ്പമില്ല, സ്വാഭാവികമാണ്’ എന്നു മറ്റുള്ളവരും പറഞ്ഞേക്കാം. (ഇയ്യോ. 1:11) എന്നാൽ വിഷമിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുമ്പോഴും നമുക്കു സമാധാനത്തോടെയിരിക്കാനാകും. എങ്ങനെ?
9. ദുരന്തങ്ങൾക്കുവേണ്ടി ഒരുങ്ങാൻ സഹായിക്കുന്ന എന്താണു യേശു മുൻകൂട്ടിപ്പറഞ്ഞത്?
9 ലോകത്തുള്ള ചില ആളുകൾ ചിന്തിക്കുന്നതു തങ്ങൾക്ക് ഒരിക്കലും ഒരു ദുരന്തം നേരിടേണ്ടിവരില്ല എന്നാണ്. എന്നാൽ ഈ അവസാനനാളുകളിൽ ഇതുപോലുള്ള പ്രശ്നങ്ങൾ വർധിച്ചുവരുമെന്നു നമുക്കറിയാം. കാരണം അന്ത്യത്തിനു മുമ്പായി “വലിയ ഭൂകമ്പങ്ങളും” അതുപോലുള്ള മറ്റു ദുരന്തങ്ങളും ഉണ്ടാകുമെന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞിരുന്നു. (ലൂക്കോ. 21:11) അതുകൊണ്ടുതന്നെ അവയിൽ ചിലതു നമുക്കും അനുഭവിക്കേണ്ടിവരുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നു. കൂടാതെ, ‘നിയമലംഘനം വർധിക്കുമെന്നും’ യേശു മുന്നറിയിപ്പു നൽകി. അതും നമുക്കു കാണാനാകുന്നുണ്ട്. കുറ്റകൃത്യങ്ങളും അക്രമവും ഭീകരാക്രമണങ്ങളും ഒന്നിനൊന്നു കൂടിക്കൊണ്ടിരിക്കുകയാണ്. (മത്താ. 24:12) ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ യഹോവയുടെ ആരാധകരല്ലാത്തവർക്കു മാത്രമേ ഉണ്ടാകൂ എന്നു യേശു ഒരിക്കലും പറഞ്ഞില്ല. യഹോവയുടെ വിശ്വസ്താരാധകർക്കും അവയൊക്കെ നേരിടേണ്ടിവരുന്നുണ്ട്. (യശ. 57:1; 2 കൊരി. 11:25) ഒരു ദുരന്തം ഉണ്ടാകുമ്പോൾ യഹോവ നമ്മളെ അത്ഭുതകരമായി രക്ഷിക്കണമെന്നില്ല. പക്ഷേ ശാന്തരായി, മനസ്സമാധാനത്തോടെയിരിക്കാൻ വേണ്ടതെല്ലാം യഹോവ ചെയ്തുതരും.
10. ഒരു ദുരന്തത്തെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതു വിശ്വാസത്തിന്റെ തെളിവായിരിക്കുന്നത് എങ്ങനെ? (സുഭാഷിതങ്ങൾ 22:3)
10 ഒരു ദുരന്തം ഉണ്ടായാൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് നമ്മൾ നേരത്തേതന്നെ ചിന്തിച്ചുവെച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് ശാന്തരായിരിക്കാൻ എളുപ്പമായിരിക്കും. പക്ഷേ ഇങ്ങനെ നേരത്തേ ഒരുങ്ങുന്നത് യഹോവയിൽ നമുക്കു വിശ്വാസമില്ല എന്നതിന്റെ സൂചനയാണോ? ഒരിക്കലുമല്ല. വാസ്തവത്തിൽ, അത്തരം സമയങ്ങളിൽ നമുക്കു വേണ്ടതു ചെയ്തുതരാനുള്ള യഹോവയുടെ കഴിവിൽ വിശ്വാസമുണ്ട് എന്നാണ് അതു കാണിക്കുന്നത്. അത് എങ്ങനെ? വരാനിരിക്കുന്ന ആപത്തു കണ്ട് അതിനുവേണ്ടി ഒരുങ്ങിയിരിക്കാനാണു ബൈബിൾ നമ്മളെ ഉപദേശിക്കുന്നത്. (സുഭാഷിതങ്ങൾ 22:3 വായിക്കുക.) ഇന്ന് യഹോവയുടെ സംഘടന മീറ്റിങ്ങുകളിലൂടെയും മാസികകളിലൂടെയും അറിയിപ്പുകളിലൂടെയും ഒക്കെ ഒരു അടിയന്തിരസാഹചര്യത്തെ നേരിടുന്നതിനുവേണ്ടി ഒരുങ്ങിയിരിക്കാൻ നമ്മളെ കൂടെക്കൂടെ ഓർമിപ്പിക്കാറുണ്ട്.c നമ്മൾ യഹോവയിൽ പൂർണമായി വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഇപ്പോൾ, ഒരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പുതന്നെ, ലഭിക്കുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ അനുസരിക്കും.
11. മാർഗരെറ്റിന്റെ അനുഭവത്തിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
11 മാർഗരെറ്റിനുണ്ടായ അനുഭവം നോക്കുക. സഹോദരി താമസിക്കുന്ന പ്രദേശത്ത് കാട്ടുതീ പടർന്നുപിടിച്ചപ്പോൾ എത്രയും പെട്ടെന്ന് അവിടം വിട്ട് പോകണമെന്ന് ഒരു നിർദേശം ലഭിച്ചു. എന്നാൽ ഒരുപാട് ആളുകൾ ഒന്നിച്ച് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതുകൊണ്ട് ആർക്കും മുന്നോട്ടുപോകാൻ കഴിയാത്ത രീതിയിൽ റോഡ് ആകെ ബ്ലോക്കായി. പെട്ടെന്നുതന്നെ കറുത്ത പുക അന്തരീക്ഷത്തിലെങ്ങും നിറഞ്ഞു. സഹോദരിക്കു കാറിൽനിന്ന് വെളിയിൽ ഇറങ്ങാൻപോലും പറ്റാത്ത സ്ഥിതിയായി. പക്ഷേ സഹോദരി ആ ദുരന്തത്തെ അതിജീവിച്ചു. എങ്ങനെ? നേരത്തേതന്നെ ഒരുങ്ങിയിരുന്നതുകൊണ്ട്. സഹോദരി തന്റെ ബാഗിൽ ഒരു ഭൂപടം സൂക്ഷിച്ചിരുന്നു. ഇതുപോലൊരു സാഹചര്യത്തിൽ അവിടെനിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന മറ്റൊരു വഴി കാണിക്കുന്നതായിരുന്നു അത്. മാത്രമല്ല നേരത്തേതന്നെ ആ വഴിയേ പോയി അതു കൃത്യമായി മനസ്സിലാക്കിവെക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരുങ്ങിയിരുന്നതുകൊണ്ട് ആ ദുരന്തത്തെ അതിജീവിക്കാൻ മാർഗരെറ്റിനു കഴിഞ്ഞു.
12. സുരക്ഷയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിക്കേണ്ടത് എന്തുകൊണ്ട്?
12 നമ്മുടെ സുരക്ഷയ്ക്കും പ്രദേശത്തെ ക്രമസമാധാനത്തിനും വേണ്ടി ഒരു നിശ്ചിതസമയത്തിനു ശേഷം കൂട്ടംകൂടരുതെന്നോ ഒരു പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നോ ഒക്കെ ചിലപ്പോൾ അധികാരികൾ ആവശ്യപ്പെട്ടേക്കാം. എന്നാൽ വസ്തുവകകളൊക്കെ ഉപേക്ഷിച്ചുപോകാൻ ഇഷ്ടമല്ലാത്തതുകൊണ്ട് ചിലർ അത് അനുസരിക്കാൻ മടി കാണിക്കാറുണ്ട്. എന്നാൽ ക്രിസ്ത്യാനികളായ നമ്മൾ എന്തു ചെയ്യണം? ബൈബിൾ പറയുന്നു: “മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും കർത്താവിനെപ്രതി കീഴ്പെട്ടിരിക്കുക; ഉന്നതനായ അധികാരിയെന്ന നിലയിൽ രാജാവിനും, കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനും നന്മ ചെയ്യുന്നവരെ പ്രശംസിക്കാനും വേണ്ടി രാജാവ് അയച്ചവരെന്ന നിലയിൽ ഗവർണർമാർക്കും കീഴ്പെട്ടിരിക്കുക.” (1 പത്രോ. 2:13, 14) ഇനി, നമ്മുടെ സുരക്ഷയ്ക്കുവേണ്ടി ദൈവത്തിന്റെ സംഘടനയും ചില നിർദേശങ്ങൾ തരാറുണ്ട്. ഉദാഹരണത്തിന്, ഒരു അടിയന്തിരസാഹചര്യത്തിൽ നമ്മളെ ബന്ധപ്പെടുന്നതിനുവേണ്ടി ഏറ്റവും പുതിയ ഫോൺ നമ്പരും അഡ്രസ്സും ഒക്കെ മൂപ്പന്മാർക്കു നൽകണമെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ടല്ലോ. നിങ്ങൾ അങ്ങനെ ചെയ്തോ? മറ്റു ചിലപ്പോൾ വീട്ടിൽത്തന്നെ കഴിയാനോ വീടു വിട്ട് പോകാനോ ആവശ്യമായ സാധനങ്ങളൊക്കെ വാങ്ങി സൂക്ഷിക്കാനോ നമുക്കു നിർദേശങ്ങൾ ലഭിച്ചേക്കാം. മറ്റുള്ളവരെ എപ്പോൾ, എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചും നമ്മളോടു പറഞ്ഞേക്കാം. ഇതുപോലുള്ള നിർദേശങ്ങൾ കിട്ടുമ്പോൾ നമ്മൾ അത് അനുസരിക്കുന്നില്ലെങ്കിൽ നമ്മുടെതന്നെയും ചിലപ്പോൾ മൂപ്പന്മാരുടെയും ജീവൻ അപകടത്തിലായേക്കും. നമുക്ക് ഒന്നോർക്കാം: നമ്മുടെ ജീവനുവേണ്ടി എപ്പോഴും ഉണർന്നിരിക്കുന്നവരാണ് ഈ മൂപ്പന്മാർ. (എബ്രാ. 13:17) മാർഗരെറ്റ് പറയുന്നതു ശ്രദ്ധിക്കുക: “മൂപ്പന്മാരും യഹോവയുടെ സംഘടനയും നൽകിയ നിർദേശങ്ങൾ അനുസരിച്ചതുകൊണ്ടാണ് എന്റെ ജീവൻ രക്ഷിക്കാനായതെന്ന് എനിക്ക് ഉറപ്പോടെ പറയാനാകും.”
13. വീടു വിട്ട് പോകേണ്ടിവന്ന പല ക്രിസ്ത്യാനികൾക്കും സന്തോഷവും സമാധാനവും നിലനിറുത്താനായത് എങ്ങനെ?
13 ദുരന്തമോ യുദ്ധമോ ആഭ്യന്തരകലാപമോ കാരണം പല സഹോദരങ്ങൾക്കും വീടു വിട്ട് പോകേണ്ടിവന്നിട്ടുണ്ട്. എന്നാൽ ആ പുതിയ സാഹചര്യങ്ങളുമായി അവർ പെട്ടെന്നുതന്നെ പൊരുത്തപ്പെടുകയും ദൈവസേവനത്തിൽ മുഴുകുകയും ചെയ്തു. ഉപദ്രവം നേരിട്ടപ്പോൾ പലയിടങ്ങളിലേക്കു ചിതറിപ്പോയ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ അവരും ‘ദൈവവചനത്തിലെ സന്തോഷവാർത്ത അറിയിക്കുന്നതിൽ’ തുടരുന്നു. (പ്രവൃ. 8:4) ഇങ്ങനെ സന്തോഷവാർത്ത അറിയിക്കുന്നതിലൂടെ തങ്ങൾക്കു നേരിടുന്ന പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് അധികം ചിന്തിക്കാതെ ദൈവരാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്കു കഴിയുന്നു. അതുകൊണ്ട് അവരുടെ സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നില്ല.
ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ
14. ഉപദ്രവം സഹിക്കേണ്ടിവരുന്നതു നമ്മുടെ സമാധാനം നഷ്ടപ്പെടുത്തിയേക്കാവുന്നത് എങ്ങനെ?
14 ശാന്തരായിരിക്കാൻ പൊതുവേ നമ്മളെ സഹായിക്കുന്ന പല പ്രവർത്തനങ്ങളും ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ നമുക്ക് ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഉദാഹരണത്തിന്, പതിവായി കൂടിവരാനോ സ്വതന്ത്രമായി പ്രസംഗപ്രവർത്തനം ചെയ്യാനോ നമുക്കു സാധിക്കാതെവരാം. അതല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യപ്പെടാമെന്നുള്ള പേടി കാരണം ദിവസവും ചെയ്യാറുള്ള പല കാര്യങ്ങളും ചെയ്യാൻ നമുക്കു കഴിയാതെ പോയേക്കാം. ഇത്തരത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ അടുത്തതായി എന്താണു സംഭവിക്കാൻപോകുന്നത് എന്ന ഭയം കാരണം നമുക്ക് ഉത്കണ്ഠ തോന്നാം. അതൊക്കെ സ്വാഭാവികമാണ്. പക്ഷേ നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. കാരണം ഉപദ്രവം നേരിടുമ്പോൾ വീണുപോകാൻ സാധ്യതയുണ്ടെന്ന് യേശു സൂചിപ്പിച്ചു. (യോഹ. 16:1, 2) അതുകൊണ്ട് ഉപദ്രവം സഹിക്കേണ്ടിവരുമ്പോഴും സമാധാനം നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാം?
15. ഉപദ്രവം സഹിക്കേണ്ടിവരുന്നതിനെക്കുറിച്ച് ഓർത്ത് നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (യോഹന്നാൻ 15:20; 16:33)
15 ദൈവവചനം നമ്മളോടു പറയുന്നു: “ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.” (2 തിമൊ. 3:12) എന്നാൽ പല സഹോദരങ്ങൾക്കും ഈ വസ്തുത അംഗീകരിക്കാൻ അത്ര എളുപ്പമല്ല. അങ്ങനെ ഒരാളായിരുന്നു ആൻഡ്രേ. അദ്ദേഹം താമസിക്കുന്ന രാജ്യത്ത് നമ്മുടെ പ്രവർത്തനത്തിന് അധികാരികൾ നിരോധനം ഏർപ്പെടുത്തി. അപ്പോൾ അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാണ്: ‘ഈ രാജ്യത്ത് എത്രയോ സാക്ഷികളുണ്ട്. ഇവരെയെല്ലാം അറസ്റ്റു ചെയ്യാൻ അധികാരികൾക്കു പറ്റുമോ?’ പക്ഷേ ആ ചിന്ത അദ്ദേഹത്തിനു മനസ്സമാധാനം നൽകുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ ഉത്കണ്ഠ കൂട്ടുകയാണ് ചെയ്തത്. അതേസമയം അവിടെയുള്ള മറ്റു സഹോദരങ്ങൾ അറസ്റ്റു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് അവർ കാര്യങ്ങൾ യഹോവയ്ക്കു വിട്ടുകൊടുത്തു. ആൻഡ്രേയെപ്പോലെ ടെൻഷനടിച്ചില്ല. ഇതു കണ്ട് ആൻഡ്രേ സഹോദരനും അവരെപ്പോലെ ചിന്തിക്കാൻ ശ്രമിച്ചു. കാര്യങ്ങളെല്ലാം യഹോവയ്ക്കു വിട്ടുകൊടുക്കാൻ തയ്യാറായി. പെട്ടെന്നുതന്നെ അദ്ദേഹത്തിനും വലിയ മനസ്സമാധാനം കിട്ടി. പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും സന്തോഷത്തോടെയിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നമുക്കും അതിനു കഴിയും. ശിഷ്യന്മാരോടുള്ള യേശുവിന്റെ വാക്കുകളിലെ ആശയം നമുക്ക് ഓർക്കാം: നമുക്ക് ഉപദ്രവം സഹിക്കേണ്ടിവരും. പക്ഷേ അപ്പോഴും വിശ്വസ്തരായി തുടരാൻ നമുക്കാകും.—യോഹന്നാൻ 15:20; 16:33 വായിക്കുക.
16. നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ളപ്പോൾ ഏതു നിർദേശം നമ്മൾ അനുസരിക്കേണ്ടതുണ്ട്?
16 നമ്മുടെ പ്രവർത്തനത്തിന് അധികാരികൾ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തുമ്പോൾ ബ്രാഞ്ചോഫീസിൽനിന്നും മൂപ്പന്മാരിൽനിന്നും നമുക്കു പല നിർദേശങ്ങളും കിട്ടിയേക്കാം. അവയൊക്കെ നമ്മുടെ സംരക്ഷണത്തിനും മുടക്കംകൂടാതെ ആത്മീയാഹാരം കിട്ടുന്നതിനും സാധ്യമാകുന്നിടത്തോളം പ്രസംഗപ്രവർത്തനത്തിൽ തുടരാൻ നമ്മളെ സഹായിക്കുന്നതിനും വേണ്ടിയുള്ളതാണ്. നമുക്ക് ഒരു നിർദേശം കിട്ടുമ്പോൾ അതിന്റെ കാരണം കൃത്യമായി മനസ്സിലായില്ലെങ്കിലും അത് അനുസരിക്കുക. (യാക്കോ. 3:17) കൂടാതെ, നമ്മുടെ സഹോദരങ്ങളെക്കുറിച്ചോ സഭാപ്രവർത്തനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ അതൊന്നും അറിയാൻ അർഹതയില്ലാത്തവരോട് ഒരിക്കലും പറയുകയുമരുത്.—സഭാ. 3:7.
17. ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാരെപ്പോലെ നമ്മളും എന്തു ചെയ്യാൻ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു?
17 സാത്താൻ ഇന്നു ദൈവജനത്തിന് എതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടിരിക്കുന്നതിന്റെ ഒരു പ്രധാനകാരണം, അവർ ‘യേശുവിനുവേണ്ടി സാക്ഷി പറയുന്നു’ എന്നതാണ്. (വെളി. 12:17) നമ്മളെ ഭയപ്പെടുത്താൻ സാത്താനെയും അവന്റെ ലോകത്തെയും ഒരിക്കലും അനുവദിക്കരുത്. എതിർപ്പുകളൊക്കെയുള്ളപ്പോഴും നമ്മൾ സന്തോഷവാർത്ത അറിയിക്കുകയും ആളുകളെ ബൈബിൾ പഠിപ്പിക്കുകയും ആണെങ്കിൽ നമുക്കു വലിയ സന്തോഷവും സമാധാനവും കിട്ടും. ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാരുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. അന്നത്തെ ജൂതഭരണാധികാരികൾ അവരോടു പ്രസംഗപ്രവർത്തനം നിറുത്തണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ വിശ്വസ്തരായ ആ പുരുഷന്മാർ ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ പ്രസംഗപ്രവർത്തനം തുടർന്നു, അതിലൂടെ അവർക്കു വലിയ സന്തോഷം കിട്ടി. (പ്രവൃ. 5:27-29, 41, 42) നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുള്ളപ്പോൾ സൂക്ഷിച്ചേ പ്രസംഗപ്രവർത്തനം ചെയ്യാവൂ എന്നതു ശരിയാണ്. (മത്താ. 10:16) പക്ഷേ അപ്പോഴും നമ്മൾ പരമാവധി ചെയ്യുന്നെങ്കിൽ നമുക്കു വലിയ സമാധാനവും സന്തോഷവും കിട്ടും. കാരണം നമ്മുടെ ഈ പ്രവർത്തനം യഹോവയെ സന്തോഷിപ്പിക്കുന്നു. മാത്രമല്ല, ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സന്ദേശമാണു നമ്മൾ അറിയിക്കുന്നത്.
“സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും”
18. ശരിക്കുള്ള സമാധാനം ആരിൽനിന്ന് മാത്രമേ കിട്ടുകയുള്ളൂ?
18 ഏറ്റവും പ്രയാസം നിറഞ്ഞ സമയങ്ങളിൽപ്പോലും നമുക്കു സമാധാനത്തോടെയിരിക്കാനാകും. അത്തരം സമയങ്ങളിൽ നമുക്കു വേണ്ട സമാധാനം ദൈവസമാധാനമാണ്. അതായത്, യഹോവയ്ക്കു മാത്രം നൽകാൻ കഴിയുന്ന സമാധാനം. ഒരു രോഗം പടർന്നുപിടിക്കുമ്പോഴോ ദുരന്തം ആഞ്ഞടിക്കുമ്പോഴോ ഉപദ്രവം സഹിക്കേണ്ടിവരുമ്പോഴോ യഹോവയിൽ പൂർണമായി ആശ്രയിക്കുക. യഹോവയുടെ സംഘടനയോടു പറ്റിനിൽക്കുക. കൂടാതെ, നമുക്കായി യഹോവ കരുതിയിരിക്കുന്ന നല്ല ഭാവിയിലേക്കു നോക്കുക. അങ്ങനെയൊക്കെ ചെയ്യുമ്പോൾ “സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.” (ഫിലി. 4:9) അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നത്, പ്രയാസങ്ങൾ സഹിക്കേണ്ടിവരുമ്പോൾ സമാധാനത്തോടെയിരിക്കാൻ സഹവിശ്വാസികളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചാണ്.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a തന്നെ സ്നേഹിക്കുന്നവർക്കു സമാധാനം നൽകുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. ദൈവം തരുന്ന ആ സമാധാനം എന്താണ്? നമുക്ക് അത് എങ്ങനെ കണ്ടെത്താം? ഒരു രോഗം പടർന്നുപിടിക്കുമ്പോഴോ ദുരന്തം ആഞ്ഞടിക്കുമ്പോഴോ ഉപദ്രവം സഹിക്കേണ്ടിവരുമ്പോഴോ “ദൈവസമാധാനം” നമ്മളെ എങ്ങനെ സഹായിക്കും? അവയ്ക്കുള്ള ഉത്തരം ഈ ലേഖനത്തിലൂടെ നമ്മൾ കാണും.
b ചില പേരുകൾക്കു മാറ്റമുണ്ട്.
c 2017 ഉണരുക! നമ്പർ 5-ലെ “ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ—ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ആവശ്യം വന്നാൽ വീടു വിട്ട് പോകുന്നതിന് ഒരു സഹോദരി നേരത്തേതന്നെ ഒരുങ്ങിയിരുന്നു.
e ചിത്രത്തിന്റെ വിവരണം: നമ്മുടെ പ്രസംഗപ്രവർത്തനത്തിനു നിയന്ത്രണമുള്ള ദേശത്ത് താമസിക്കുന്ന ഒരു സഹോദരൻ വിവേകത്തോടെ സന്തോഷവാർത്ത അറിയിക്കുന്നു.