മറിയ ദൈവമാതാവാണോ?
ബൈബിളിന്റെ ഉത്തരം
അല്ല. മറിയ ദൈവമാതവാണെന്നോ ക്രിസ്ത്യാനികൾ മറിയയെ ആരാധിക്കണമെന്നോ വന്ദിക്കണമെന്നോ ബൈബിൾപഠിപ്പിക്കുന്നില്ല.a നോക്കാം:
താൻ ദൈവമാതാവാണെന്ന് മറിയ ഒരിക്കലും അവകാശപ്പെട്ടില്ല. ബൈബിൾ പറയുന്നത്, മറിയ ‘ദൈവപുത്രനു’ ജന്മം നൽകിയെന്നാണ്, അല്ലാതെ ദൈവത്തിനല്ല.—മർക്കോസ് 1:1; ലൂക്കോസ് 1:32.
മറിയ ദൈവമാതാവാണെന്നോ പ്രത്യേകഭക്തി അർഹിക്കുന്നുണ്ടെന്നോ യേശുക്രിസ്തു ഒരിക്കലും പറഞ്ഞിട്ടില്ല. യേശുവിന്റെ അമ്മയായതുകൊണ്ട് മറിയയെ അനുഗൃഹീത എന്നു വിശേഷിപ്പിച്ച ഒരു സ്ത്രീയെ യേശു ഇങ്ങനെ പറഞ്ഞുകൊണ്ടു തിരുത്തി: “അല്ല, ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ.”—ലൂക്കോസ് 11:27, 28.
“ദൈവമാതാവ്,” “തിയോറ്റോക്കോസ്” (ദൈവത്തെ വഹിച്ചവൾ) എന്നീ പദങ്ങൾ ബൈബിളിലില്ല.
ബൈബിളിൽ “ആകാശരാജ്ഞി” എന്നു പരാമർശിക്കുന്നത് വിശ്വാസത്യാഗികളായ ഇസ്രായേല്യർ ആരാധിച്ചിരുന്ന ഒരു വ്യാജദേവതയെയാണ്, അല്ലാതെ മറിയയെയല്ല. (യിരെമ്യ 44:15-19) “ആകാശരാജ്ഞി” ഒരു ബാബിലോണിയൻ ദേവതയായ ഇഷ്തർ (അസ്റ്റാർട്ടീ) ആയിരിക്കാൻ സാധ്യതയുണ്ട്.
ആദ്യകാലക്രിസ്ത്യാനികൾ മറിയയെ ആരാധിക്കുകയോ മറിയയ്ക്കു പ്രത്യേക ബഹുമതികൾ കൊടുക്കുകയോ ചെയ്തില്ല. മറിയയെക്കുറിച്ചുള്ള ഒരു പ്രസിദ്ധീകരണത്തിൽ ഒരു ചരിത്രകാരൻ പറയുന്നത് ആദ്യകാലക്രിസ്ത്യാനികൾ “വ്യക്തികളെ ആരാധിച്ചിരിക്കാൻ സാധ്യതയില്ല” എന്നാണ്. “മറിയയ്ക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകിയാൽ അതു മറ്റുള്ളവർ ദേവീപൂജയായി കണക്കാക്കുമെന്ന് അവർ ഭയന്നും കാണും.”
ദൈവം എല്ലാ കാലത്തും ഉണ്ടായിരുന്നെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 90:1, 2; യശയ്യ 40:28) ദൈവത്തിനു തുടക്കമില്ലാത്തതുകൊണ്ട് ദൈവത്തിന് ഒരു അമ്മ ഉണ്ടായിരിക്കുക സാധ്യമല്ല. ദൈവത്തെ ഗർഭപാത്രത്തിൽ വഹിക്കാൻ മറിയയ്ക്കു കഴിയില്ലായിരുന്നു. കാരണം, സ്വർഗങ്ങൾക്കുപോലും ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് ബൈബിൾ പറയുന്നത്.—1 രാജാക്കന്മാർ 8:27.
മറിയ “ദൈവമാതാവ്” അല്ല യേശുവിന്റെ അമ്മയാണ്
ദാവീദ് രാജാവിന്റെ കുടുംബപരമ്പരയിൽ വരുന്ന ഒരു ജൂതവംശജയായിരുന്നു മറിയ. (ലൂക്കോസ് 3:23-31) മറിയയുടെ വിശ്വാസവും ഭക്തിയും മറിയയെ ദൈവത്തിനു പ്രിയമുള്ളവളാക്കി. (ലൂക്കോസ് 1:28) യേശുവിന്റെ അമ്മയാകാൻ ദൈവം മറിയയെ തിരഞ്ഞെടുത്തു. (ലൂക്കോസ് 1:31, 35) മറിയയ്ക്കു യോസേഫിലൂടെ വേറെ മക്കളും ഉണ്ടായിരുന്നു.—മർക്കോസ് 6:3.
മറിയ യേശുവിന്റെ ഒരു ശിഷ്യയായിത്തീർന്നെന്നു ബൈബിൾ പറയുന്നുണ്ടെങ്കിലും മറിയയെക്കുറിച്ച് കൂടുതലൊന്നും ബൈബിളിൽ കാണുന്നില്ല.—പ്രവൃത്തികൾ 1:14.
a പല മതവിഭാഗങ്ങളും മറിയ ദൈവമാതാവാണെന്ന് പഠിപ്പിക്കുന്നു. അവർ മറിയയെ “ആകാശരാജ്ഞി” എന്നോ “ദൈവത്തെ വഹിച്ചവൾ” എന്ന് അർഥം വരുന്ന തിയോറ്റോക്കോസ് എന്ന ഗ്രീക്ക് പദം ഉപയോഗിച്ചോ പരാമർശിക്കാറുണ്ട്.