ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ഫിലിപ്പിയർ 4:8—“സത്യമായതു ഒക്കെയും . . . ചിന്തിച്ചുകൊൾവിൻ”
“അവസാനമായി സഹോദരങ്ങളേ, സത്യമായതും ഗൗരവം അർഹിക്കുന്നതും നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും സത്കീർത്തിയുള്ളതും അത്യുത്തമമായതും പ്രശംസനീയമായതും ആയ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.”—ഫിലിപ്പിയർ 4:8, പുതിയ ലോക ഭാഷാന്തരം.
“ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8, സത്യവേദപുസ്തകം.
ഫിലിപ്പിയർ 4:8-ന്റെ അർഥം
മനുഷ്യർ ചിന്തിക്കുന്നത് എന്താണെന്നു ദൈവം ശ്രദ്ധിക്കുന്നുണ്ട്. കാരണം ഒരാളുടെ ചിന്തകളാണല്ലോ പ്രവൃത്തിയിലേക്കു നയിക്കുന്നത്. (സങ്കീർത്തനം 19:14; മർക്കോസ് 7:20-23) അതുകൊണ്ട്, ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, ദൈവം മോശമായി കാണുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കണം. പകരം ദൈവം ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം.
ഒരു ക്രിസ്ത്യാനി ‘തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കേണ്ട’ അഥവാ ചിന്തിക്കുന്നത് ഒരു ശീലമാക്കേണ്ട എട്ടു കാര്യങ്ങളെക്കുറിച്ച് ഈ വാക്യത്തിൽ പറയുന്നുണ്ട്.
‘സത്യമായത്.’ ഈ വാക്ക് സൂചിപ്പിക്കുന്നത്, ബൈബിളിൽ കാണുന്നതുപോലെയുള്ള നേരായതും ആശ്രയിക്കാൻ പറ്റുന്നതും ആയ വിവരങ്ങളെയാണ്.—1 തിമൊഥെയൊസ് 6:20.
‘ഗൗരവം അർഹിക്കുന്നത്.’ ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളെയാണ് ഈ വാക്കുകൊണ്ട് അർഥമാക്കുന്നത്. ഒട്ടും പ്രാധാന്യമില്ലാത്ത, നിസ്സാരമായ കാര്യങ്ങളല്ല. പകരം, ശരി ചെയ്യാനുള്ള ഒരു ക്രിസ്ത്യാനിയുടെ തീരുമാനത്തെ ശക്തമാക്കുന്ന കാര്യങ്ങളാണത്.—തീത്തോസ് 2:6-8.
‘നീതിനിഷ്ഠമായത്.’ ഒരു വ്യക്തിയുടെ ചിന്തകളും പ്രവൃത്തികളും മനുഷ്യരുടെ നിലവാരങ്ങൾക്കു ചേർച്ചയിലല്ല, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരുന്നതിനെയാണ് ഈ പദം കുറിക്കുന്നത്. കാരണം മനുഷ്യന്റെ അറിവ് വളരെ പരിമിതമാണ്.—സുഭാഷിതങ്ങൾ 3:5, 6; 14:12.
‘നിർമലമായത്.’ ഈ വാക്ക് സൂചിപ്പിക്കുന്നത് ഇതാണ്; ഒരു വ്യക്തിയുടെ ചിന്തയും ഉദ്ദേശ്യവും എല്ലാം ശുദ്ധമായിരിക്കണം. അത് ലൈംഗികകാര്യങ്ങളോടു ബന്ധപ്പെട്ട് മാത്രമല്ല, എല്ലാ കാര്യങ്ങളിലും.—2 കൊരിന്ത്യർ 11:3.
‘സ്നേഹം ജനിപ്പിക്കുന്നത്.’ ഉള്ളിൽ സ്നേഹം ജനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അല്ലാതെ, വിദ്വേഷത്തിനും വെറുപ്പിനും കലഹത്തിനും ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല.—1 പത്രോസ് 4:8.
‘സത്കീർത്തിയുള്ളത്.’ ഒരാളുടെ സത്പേര് കൂട്ടുന്ന കാര്യങ്ങളും ദൈവഭയമുള്ള ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന തരം കാര്യങ്ങളും അതിൽപ്പെടും.—സുഭാഷിതങ്ങൾ 22:1.
‘അത്യുത്തമമായത്.’ ധാർമികമായി ഉയർന്ന നിലവാരമുള്ളതെന്ന് ദൈവം അംഗീകരിക്കുന്ന കാര്യങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത്, മോശമായതിന്റെ ഒരു കണികപോലുമില്ലാത്ത കാര്യങ്ങൾ.—2 പത്രോസ് 1:5, 9.
‘പ്രശംസനീയമായത്.’ ഈ പദം കുറിക്കുന്നത്, അഭിനന്ദനം അർഹിക്കുന്ന കാര്യങ്ങളെയാണ്, പ്രത്യേകിച്ചും ദൈവത്തിന്റെ കണ്ണിൽ. ഇനി, ദൈവം ചെയ്തിട്ടുള്ള പ്രശംസനീയമായ അഥവാ സ്തുത്യർഹമായ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. ദൈവത്തിന്റെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് മനുഷ്യർ ചിന്തിക്കേണ്ടതാണ്.—സങ്കീർത്തനം 78:4.
ഫിലിപ്പിയർ 4:8-ന്റെ സന്ദർഭം
അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്ക് ഈ കത്ത് എഴുതിയത് റോമിൽ വീട്ടുതടങ്കലിലായിരുന്ന സമയത്താണ്. എങ്കിലും ഈ കത്തിനെ ബൈബിൾനിരൂപകർ വിളിക്കുന്നത്, “സന്തോഷത്തിന്റെ ഒരു കത്ത്” എന്നാണ്. കാരണം, അതിലെ വാക്കുകൾ സ്നേഹവും വാത്സല്യവും സന്തോഷവും നിറഞ്ഞതായിരുന്നു.—ഫിലിപ്പിയർ 1:3, 4, 7, 8, 18; 3:1; 4:1, 4, 10.
പൗലോസ് ഫിലിപ്പിയിലുള്ള തന്റെ ആത്മീയ സഹോദരങ്ങളെ ഒരുപാട് സ്നേഹിച്ചു. തനിക്കുള്ള അതേ സന്തോഷവും സമാധാനവും അവർക്കും ഉണ്ടായിരിക്കണം എന്ന് പൗലോസ് ആഗ്രഹിച്ചു. (ഫിലിപ്പിയർ 2:17, 18) അതുകൊണ്ട് തന്റെ കത്തിന്റെ അവസാനഭാഗത്ത്, സന്തോഷമുള്ള ഒരു മനോഭാവം വളർത്തിയെടുക്കാനും വിട്ടുവീഴ്ച കാണിക്കാനും എപ്പോഴും പ്രാർഥിച്ചുകൊണ്ട് യഹോവയിൽ ആശ്രയിക്കാനും പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ ഉള്ളിലെ സമാധാനവും ദൈവവുമായുള്ള സമാധാനവും കൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും പൗലോസ് ഓർമിപ്പിച്ചു.—ഫിലിപ്പിയർ 4:4-9.
ഫിലിപ്പിയരുടെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.