മനുഷ്യനും മൃഗത്തിനും സമാധാനത്തിൽ ജീവിക്കാൻ കഴിയുമോ?
“ഞാൻ പറുദീസയുടെ വാതിൽപ്പടിയിങ്കലാണോ എന്ന് എനിക്ക് തോന്നിപ്പോയി; മനുഷ്യനും മൃഗവും തമ്മിൽ അത്ര ആശ്രയൈക്യം പുലർന്നിരുന്നു.” കെനിയയുടെ യുരാ നദിയുടെ കരയ്ക്ക് പലയിനം പക്ഷികളും മൃഗങ്ങളും വെള്ളം കുടിക്കാനെത്തിയ രംഗം നിരീക്ഷിക്കാനിടയായ ജോയി ആഡംസ്സൺ വർണ്ണിച്ചതാണിങ്ങനെ. ആ രംഗത്തിന്റെ ഏററവും ആകർഷകമായ ഭാഗം അവരുടെ തൊട്ടരികെ സ്വൈരമായി വന്നിരുന്ന മൃഗത്തിന്റെ കാര്യമായിരുന്നു—വളർന്നു മുററിയ ഒരു പെൺ സിംഹം!
ജോയി ആഡംസൺ എഴുതിയ ബോൺ ഫ്രീ എന്ന പുസ്തകത്തിലൂടെ ദശലക്ഷങ്ങൾ വായിച്ചറിയാൻ ഇടയായ എൻസാ എന്ന സിംഹിക്ക് എന്തെങ്കിലും അപൂർവ വിശേഷതയുണ്ടായിരുന്നോ? ഇല്ല. അവൾ ഒരു സാധാരണ പെൺസിംഹം ആയിരുന്നു മനുഷ്യരോടൊത്ത് സ്വൈരമായി പാർക്കാൻ അവൾ പഠിച്ചിരുന്നു എന്നതായിരുന്നു വ്യത്യാസം.
പിന്നീട് ബോൺ ഫ്രീ എന്ന ചിത്രം നിർമ്മിക്കാൻ ഇടയായപ്പോൾ എൽസയെ ചിത്രീകരിക്കാനായി ഇണക്കമുള്ള ഒട്ടേറെ സിംഹികൾ ഉപയോഗിക്കപ്പെട്ടു. ഒന്നിന്റെ പേർ മാരാ എന്നായിരുന്നു. അവൾ ആദ്യം ശങ്കാലു ആയിരുന്നു., പിന്നെപ്പിന്നെ അവളുടെ പുത്തൻ മനുഷ്യ സ്നേഹിതരെ തന്റെ ദൃഷ്ടിയിൽ നിന്ന് മറയാൻപോലും അനുവദിക്കാതെവണ്ണം അവൾ അത്രക്ക് അവരെ തന്റെ സ്വന്തം എന്ന് കരുതിപ്പോന്നു. അവളെ സ്വസ്ഥമാക്കാൻ ജോയിയുടെ ഭർത്താവായ ജോർജ്ജ് ആഡംസൺ തന്റെ കൂടാരം മാരയുടെ വേലിക്കെട്ടിന് അഭിമുഖമായി നീക്കിയടിച്ചു. തുടർന്ന് അദ്ദേഹം കൂടാരം വേലിക്കെട്ടിന്റെ ഉള്ളിലേക്ക് തന്നെ മാററി! “തുടർന്നു വന്ന മൂന്നു മാസക്കാലം അവൾ ക്രമമായി എന്റെ കൂടാരത്തിനുള്ളിൽ ഉറങ്ങി. പലപ്പോഴും എന്റെ കിടക്കയ്ക്കരികെ നിലത്തോ ചിലപ്പോഴെല്ലാം കിടക്കമേലോ അവൾ നിവർന്നു കിടക്കുമായിരുന്നു. . . . എന്റെ വ്യക്തിപരമായ സുരക്ഷിതത്വം സംബന്ധിച്ച് അവൾ ഒരിക്കലും എനിക്ക് ആശങ്കക്ക് കാരണമുണ്ടാക്കിയിട്ടില്ല” എന്ന് ബ്വാനാ ഗയിം എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം എഴുതി.
ഞങ്ങളുടെ പ്രിയങ്കരമായ കളികളിലൊന്നിൽ ഞാൻ കുറെ പുൽച്ചെടികളുടെ മറവിൽ ഒളിഞ്ഞു കിടക്കും. മാര അപ്പോൾ തനി സിംഹശൈലിയിൽ ഉദരം നിലത്തു പററി പാത്തും പതുങ്ങിയും അത്യന്തം ജാഗ്രതയോടെ എന്നെ തിരയും. അനന്തരം മിന്നൽവേഗതയിൽ പാഞ്ഞുവന്ന് എന്റെമേൽ ചാടിവീഴും. അവളെപ്പോഴും തന്റെ ഉഗ്ര നഖങ്ങൾ ഒതുക്കിവെച്ചുകൊണ്ട് എന്നെ ഒരിക്കലും മുറിവേൽപ്പിക്കാതെ സൂക്ഷിച്ചു.
എൽസയുടെ ഭാഗം അഭിനയിച്ച മറെറാരു സിംഹിയടെ പേർ ഗേൾ എന്നായിരുന്നു. ഫിലിമിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ ഗേളിനെ കാട്ടിൽ വിട്ടു. അവിടെ അവൾ ഇണചേർന്ന് രണ്ടു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ആഡംസന്റെ രണ്ടു സ്നേഹിതർ സിംഹങ്ങളുടെ വളപ്പിലെത്തി. ആഡംസൺ ഇങ്ങനെ എഴുതി: “വലിയ ആപത് സാദ്ധ്യത മുൻകണ്ട ആ രണ്ടു പുരുഷൻമാരെ കുഞ്ഞുങ്ങൾ പിറന്നു വീണ ഇടത്തിന് ഏതാനും അടികൾ മാത്രം [ഒരു മീറററോ മറേറാ] അകലെയായി അനുവദിച്ചുകൊണ്ട് ഗേൾ അങ്ങേയററം എടുത്തു പറയത്തക്ക ആശ്രയത്വവും സൽപ്രകൃതവും കാണിച്ചു. . . . [പുരുഷൻമാരിൽ ഒരാൾ] താരതമ്യേന അപരിചിതൻ ആയിരുന്നത് ഗേളിന്റെ പെരുമാററം ഏറെ ശ്രദ്ധേയമാക്കിത്തീർത്തു.” ആഡംസന്റെ കാര്യത്തിലാണെങ്കിൽ തന്റെ കുഞ്ഞുങ്ങളെ സ്പർശിക്കാൻ വരെ അവൾ അദ്ദേഹത്തെ അനുവദിച്ചു, അതേസമയം മററ് സിംഹങ്ങളെ ആട്ടിയോടിക്കയും ചെയ്തു.”
ഒരു ദുഷ്പ്രകൃതിയായ സിംഹത്തെ മെരുക്കൽ
സിംഹങ്ങൾ സ്വഭാവപ്രകൃതിയിൽ ഒന്നോടൊന്ന് ഭിന്നമാണ്. ജോയി ആഡംസൺ എൽസയെ പോററിവളർത്തിക്കൊണ്ടു വന്നപ്പോൾ കുറെക്കൂടെ തെക്ക് വടക്കൻ റൊഡേഷ്യയിൽ (ഇന്ന് സാമ്പിയ) ഒരു വന്യമൃഗ സങ്കേതത്തിന്റെ വാർഡനായ നോർമൻ കാർ രണ്ടു ആൺസിംഹക്കുട്ടികളെ വളർത്തിക്കൊണ്ടു പോന്നിരുന്നു. കുഞ്ഞുങ്ങളിലൊരുവനായ ബിഗ്ബോയ് വളരെ സൗഹൃദപ്രകൃതി ആയിരുന്നു. ലിററിൽ ബോയ് എന്ന് പേരു വിളിച്ച മററവൻ ശുണ്ഠിയായിരുന്നു. രണ്ടാമത്തവനെപ്പററി റിട്ടേൺ ററു ദി വൈൽഡ് എന്ന തന്റെ പുസ്തകത്തിൽ കാർ പിൻവരുന്ന വൃത്താന്തം എഴുതി:
“ലിററിൽ ബോയ് ഇങ്ങനെ ശുണ്ഠിയായിരിക്കുന്ന ഒരു സന്ദർഭത്തിൽ അവൻ മുറുമുറുത്തുകൊണ്ടിരിക്കുമ്പോൾ ഞാൻ അവന്റെ അരികത്തിരിക്കുകയാണ്. വാളിന്റെ മൂർച്ചയുണ്ടായിരുന്ന അവന്റെ രണ്ടിഞ്ചു നീണ്ട നഖങ്ങൾ നീട്ടി അവൻ എന്നെ കടന്നാക്രമിക്കാനുള്ള സാധ്യത നിമിത്തം ഞാൻ അവന്റെ പാദങ്ങളുടെ പിടിക്കപ്പുറമാണ് ഇരിക്കുന്നത്. സുഖദായകമായ വിധത്തിലുള്ള സംസാരത്തിലൂടെ ക്ഷമയോടെ അവനോട് യാചന നടത്തിക്കൊണ്ട് ഇഞ്ചിഞ്ചായി ഞാൻ അവനോട് അടുത്തു ചെല്ലുന്നു; ഒടുവിൽ ഞാനവനെ സ്പർശിക്കുമ്പോൾ ശൗര്യം കുറഞ്ഞ മട്ടിലാണെങ്കിലും പിന്നെയും മുറുമുറുക്കുന്നു. അവന്റെ ജഢ വളർന്ന ചുമലുകൾക്ക് ചുററും കൈവെച്ച് ഞാൻ അവന്റെ നെഞ്ചത്ത് തലോടുമ്പോൾ അവന്റെ വലിഞ്ഞു മുറുകിയ സർവ പേശികൾക്കും അയവ് വന്ന മട്ടിൽ അവൻ ശാന്തതയുടെ ലക്ഷണങ്ങൾ കാട്ടുന്നു . . . അവനെ ലാളിക്കാൻ എന്നെ ക്ഷണിക്കുന്ന മട്ടിൽ തന്റെ തല അവൻ എന്റെ മടിയിൽ വെക്കുന്നു.”
സിംഹങ്ങൾക്ക് രണ്ടു വയസ്സിനുമേൽ പ്രായമെത്തിയപ്പോൾ ഒരിക്കൽ കാറിന്റെ ക്യാമ്പിന് അരികെയുള്ള ഒരു മൈതാനത്ത് അവ മേൽനോട്ടത്തിനാരുമില്ലാതെ ചുററിത്തിരിയുകയായിരുന്നപ്പോൾ താൻ സാക്ഷ്യം വഹിച്ച ഒരു സംഭവം ആ രാജ്യത്തിന്റെ ഗവർണ്ണർ ജനറലായിരുന്ന ദൽഹൗസി പ്രഭു, കാർ എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ വർണ്ണിക്കുന്നുണ്ട്. കാർ ചൂളമടിച്ചു, അപ്പോഴുണ്ടായ പ്രതികരണം പ്രഭു വർണ്ണിച്ചതിങ്ങനെയാണ്: “തങ്ങളുടെ യജമാനന്റെ ചൂളമടി കേട്ട മാത്രയിൽ അവ കുതിച്ചെത്തി, കരുത്തുററ തലകൾകൊണ്ട് അദ്ദേഹത്തിന്റെ ദേഹത്തു തടവി. കിടിലം കൊള്ളിക്കുന്നതെങ്കിലും സന്തോഷം അലതല്ലിയ ഗർജ്ജനത്തിലൂടെയുള്ള അവരുടെ അഭിവാദനവും അതേ സമയം അവരറിയിച്ചു. അദ്ദേഹത്തോടുള്ള അവയുടെ സ്നേഹവായ്പ്പിന് ഒരു കുറവും ഭവിച്ചിട്ടില്ല.”
സിംഹങ്ങൾക്ക് സ്വാഭാവികമായ ഒരു മാനുഷ ഭയം ഉണ്ട്, അതുകൊണ്ട് അവ സാധാരണ നിലയിൽ മനുഷ്യനെ ഒഴിഞ്ഞുപോവാൻ നോക്കും. സിംഹങ്ങളിലും മററ് മൃഗങ്ങളിലും കാണുന്ന ഈ സഹജമായ പ്രതികരണം ബൈബിളിൽ സൂക്ഷ്മമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. (ഉൽപ്പത്തി 9:2) അതില്ല എങ്കിൽ മനുഷ്യൻ ഏററവും എളുപ്പം ആക്രമിക്കപ്പെടുന്ന ഇരയാകുമായിരുന്നു. എങ്കിലും ചില മൃഗങ്ങൾ നരഭോജികളായിത്തീരുന്നു.
“പ്രമാണത്തിന് അപവാദങ്ങൾ”
ഈ വിഷയത്തിൽ വിദഗ്ദ്ധനായ റോജർ കരാസ് വിശദീകരിക്കുന്നു: “വൻ പൂച്ചകളുടെ മിക്കവാറും എല്ലാ ഇനങ്ങളിലും മനുഷ്യനെ ഭക്ഷണത്തിനായി ഇരതേടുന്ന വിലക്ഷണരായ അംഗങ്ങളുണ്ടായിരിക്കും. അവർ പ്രമാണത്തിന് അപവാദങ്ങളാണ് . . . മനുഷ്യന് [വൻപൂച്ചകളു] മായി സാമാന്യം മെച്ചമായ നിലയിൽത്തന്നെ സമാധാനത്തിൽ കഴിയാൻ സാധിക്കും.”
മനുഷ്യൻ ഒരു വാഹനത്തിന്റെ ഉള്ളിൽ മറഞ്ഞിരിക്കുമ്പോൾ പല മൃഗങ്ങളും അയാളെ തിരിച്ചറിയാനിടയില്ല. ഈ വിധത്തിൽ മനുഷ്യർക്ക് സിംഹങ്ങളുടെ സമീപദൃശ്യങ്ങൾ പകർത്താൻ കഴിയുന്നു. “പക്ഷേ നിങ്ങൾ വാതിൽ തുറക്കുകയോ സിംഹങ്ങളോടടുത്ത് ചെല്ലുകയോ ചെയ്താൽ വലിയ അപകടം ക്ഷണിച്ചുവരുത്തുകയായിരിക്കും ചെയ്യുന്നത്, കാരണംഅവർ മാനുഷ സാന്നിദ്ധ്യം തിരിച്ചറിയുന്നു. കൂടാതെ പെട്ടെന്നുള്ള പ്രത്യക്ഷത ഭയപ്പാടിന്റെ ഞെട്ടൽ വർദ്ധിപ്പിക്കും, അത് സ്വയരക്ഷാർത്ഥം എന്നു കരുതിക്കൊണ്ടുള്ള ഒരാക്രമണത്തിന് എളുപ്പം ഇടയാക്കുകയും ചെയ്തേക്കാം. . . . ഒരു മോട്ടോർ കാറിൽ നിന്ന് പെട്ടെന്നിറങ്ങി ഒരു സിംഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിലുള്ളതിനെക്കാൾ കുറഞ്ഞ അപകടമെ ഒരു കുററിക്കാട്ടിൽ ഒരു സിംഹത്തെ മുഖാമുഖം കണ്ട് അടുത്തു വരുമ്പോഴുള്ളു.
പുള്ളിപ്പുലികളെ സംബന്ധിച്ചെന്ത്?
നരഭോജികളായിത്തീരുന്ന പുള്ളിപ്പുലികളും പ്രമാണത്തിന് അപവാദങ്ങളാണ്. ദി ലെപ്പാഡ്സ് റൈയ്ൽ എന്ന തന്റെ പുസ്തകത്തിൽ ജോനാഥാൻ സ്കോട്ട് ഇങ്ങനെ വിശദീകരിക്കുന്നു: “ശല്യം ചെയ്യപ്പെടാത്ത നല്ല ആരോഗ്യമുള്ള പുള്ളിപ്പുലി മനുഷ്യനോട് ശ്രദ്ധേയമായ വിധം ഭയം കാണിക്കുന്ന ലജ്ജാലുവും പിൻവലിയുന്ന പ്രകൃതിയുമുള്ള ഒരു ജീവിയാണ്. മുഖാമുഖം എതിർപെട്ടാൽ സാധാരണയായി അത് ഏററവും അടുത്ത മറവിടത്തേക്ക് ഓടി മറയും.”
താൻ ചുയി എന്നു പേരിട്ട ഒരു പെൺപുലിയുടെ ചലനങ്ങൾ പഠിച്ചുകൊണ്ട് കെനിയയിലെ മസായ് മാരാ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ സ്കോട്ട് മാസങ്ങൾ ചെലവഴിച്ചു. ചുയിക്ക് ക്രമേണ സ്കോട്ടിന്റെ മോട്ടോർ വാഹനം പരിചിതമായിത്തീർന്നു. ഒരവസരത്തിൽ ഇരുളൻ എന്നും വെളുമ്പൻ എന്നും പേർവിളിച്ചിരുന്ന അവളുടെ കുഞ്ഞുങ്ങൾ ഓടി വന്ന് അദ്ദേഹത്തിന്റെ കാർ പരിശോധിച്ചു. പുള്ളിപ്പുലിയുടെ പുറമെ കാണുന്ന നിസ്സംഗതക്കുള്ളിൽ ഊഷ്മളതയേറുന്ന ഒരു പ്രകൃതി ഒളിഞ്ഞു കിടപ്പുണ്ടെന്ന് സ്കോട്ട് വിശ്വസിക്കുന്നു.
പുള്ളിപ്പുലിയുടെ പ്രകൃതിയുടെ ഊഷ്മള വശം മററുള്ളവർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ജോയി ആഡംസൺ, താൻ പെന്നി എന്ന് പേർ വിളിച്ച ഒരു അനാഥ പുലിക്കുഞ്ഞിനെ എടുത്തു വളർത്തി. കാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടശേഷം അവൾ ഇണ ചേർന്ന് ഒരു പററം കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. തന്റെ മാനുഷ സ്നേഹിതർ ചുററുപാടുമുള്ളപ്പോൾ പെന്നി സ്വയം വെളിപ്പെടുത്തുകയും അവർ വന്ന് തന്റെ നവജാത ശിശുക്കളെ കാണാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. സിംഹവളപ്പിൽ അഭിമാനിയായ അമ്മയുടെ തൊട്ടടുത്തിരുന്നുകൊണ്ട് ആ ആനന്ദകരമായ രംഗം ആഡംസൺ ഇങ്ങനെ വിവരിച്ചു: “അവളുടെ കുട്ടികൾ അവളുടെ മുൻകാലുകൾക്കിടയിൽ കടിപിടിക്കൂടിക്കൊണ്ടിരുന്നപ്പോൾ അവൾ ഞങ്ങളുടെ കൈകൾ നക്കിക്കൊണ്ടിരുന്നു, സർവരും സന്തോഷ നിർവൃതിയിലായിരുന്നു. ആഫ്രിക്കയിലെ സകല മൃഗങ്ങളിലും വെച്ച് പുള്ളിപ്പുലികൾ ഏററവും അപകടകാരികളാണെന്നും ശിശുക്കളെ വഹിക്കുന്ന പെൺപുലികൾ വിശേഷാൽ ക്രൗര്യമേറിയവയാണെന്നും ആണ് പൊതുവിലുള്ള ധാരണ.” പക്ഷേ പെന്നിയോടൊപ്പമുള്ള തന്റെ അനുഭവം “അംഗീകാരം സിദ്ധിച്ച മിക്ക ധാരണകളും അബദ്ധമാണെന്ന് തെളിയച്ചേക്കാം” എന്ന് ആഡംസൺ പ്രസ്താവിച്ചു.
“നല്ല പ്രകൃതം” കാട്ടിയ ഹാരിയററ് എന്ന് പേർ വിളിച്ച മറെറാരു പുള്ളിപ്പുലി വടക്കേ ഇന്ത്യയിലെ അർജ്ജുൻ സിംഗിന് ഇതിലേറെ ശ്രദ്ധാർഹമായ അനുഭവം കാഴ്ചവെച്ചു. സിംഗ് ബാല്യം മുതൽക്കെ ഹാരിയററിനെ വളർത്തി. തന്റെ വയലിന് തൊട്ടപ്പുറത്തുള്ള കാട്ടിൽ സ്വയം പോരാടി ജീവിക്കാൻ അവളെ പരിശീലിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമെന്ന നിലയിൽ സിംഗ് ചിലപ്പോഴെല്ലാം ആക്രമിക്കാൻ അവളോട് ആവശ്യപ്പെടുമായിരുന്നു. “ഞാൻ കുനിഞ്ഞു കിടന്നുകൊണ്ട് അവളോട് ചാടിവീഴാൻ ആവശ്യപ്പെടുമ്പോൾ അവൾ നേർക്കുനേരെ ഓടി വരും . . . പക്ഷേ എന്റെ ദേഹത്തേക്ക് അവൾ ചാടിവീഴുമ്പോൾ എന്റെ തലയിൽ പിൻകാൽ ഊന്നി മുതുകത്തുകൂടെ ഊർന്നിറങ്ങുമായിരുന്നു. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രം കൊണ്ട് മറച്ചിട്ടില്ലാത്ത എന്റെ ചുമലുകളിൽ ഒരു പോറൽപോലും അവൾ ഏൽപ്പിക്കയില്ലായിരുന്നു” എന്ന് പ്രിൻസ് ഓഫ് ക്യാററ്സ് എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു.
സിംഗിന്റെ ഈലി എന്ന പട്ടിയുമൊത്ത് പുലി കളിക്കുന്ന വിധവും ശ്രദ്ധ അർഹിക്കുന്നു. “പട്ടി ചാടി അടുക്കുമ്പോൾ [പുള്ളിപ്പുലി] പിൻകാൽ കുത്തിയിരുന്ന് മുൻകാൽകൊണ്ട് അടിക്കുന്നതായി ഒരു ഫിലിം കാണിക്കുന്നു—പക്ഷേ അക്രമിയെ അടിച്ചു വീഴ്ത്താൻ അവൾ ഒരുമ്പെടുന്നതേ ഇല്ല. അവളുടെ വലിയ മുൻകാൽപ്പത്തി ഒരു കൊച്ചു പഞ്ഞിപ്പൊതിയുടെ മാർദ്ദവത്തോടെ ഈലിയുടെ കഴുത്തിൽ നിന്ന് തലയിലേക്കും അവിടെനിന്ന് മറുവശത്തുകൂടെ താഴേക്കും തെന്നിനീങ്ങുമായിരുന്നു.”
മനുഷ്യനും പട്ടിയും പുള്ളിപ്പുലിയും തമ്മിലുള്ള ഈ സുഹൃദ്ബന്ധം ഹാരിയററ് വീടു വിട്ട് സമീപത്തുള്ള കാട്ടിൽ ജീവിക്കാൻ പോയശേഷവും തുടർന്നുപോന്നു. “പുള്ളിപ്പുലികളെ ആശ്രയിക്കാനാവില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ എന്റെ കൃഷിയിടത്തെ തുറസ്സായ സ്ഥലങ്ങളിൽ ഞാൻ ഉറങ്ങിക്കിടക്കാറുള്ളപ്പോൾ പാതിരാവുകളിൽ ഹാരിയററ് അവിടേക്കു വന്ന് എന്നെ മെല്ലെ ഉണർത്തി അഭിവാദനങ്ങൾ അർപ്പിച്ച പല സന്ദർഭങ്ങൾ ഓർക്കുക മാത്രം മതി എനിക്ക്,” എന്ന് സിംഗ് നിഗമനം ചെയ്തു.
കുറെ നാൾ കഴിഞ്ഞ് ഹാരിയററ് ഇണചേർന്ന് രണ്ടു കുഞ്ഞുങ്ങളെ ജനിപ്പിച്ചു. അവളുടെ വളപ്പിൽ പ്രളയഭീഷണി ഉണ്ടായപ്പോൾ ഹാരിയററ് കുഞ്ഞുങ്ങളെ ഒന്നൊന്നായി കടിച്ചുപിടിച്ചുകൊണ്ട് സിംഗിന്റെ ഭവനത്തിലെ രക്ഷിത സ്ഥാനത്തെത്തിച്ചു. പ്രളയമൊഴിഞ്ഞപ്പോൾ ഹാരിയററ് സിംഗിന്റെ ബോട്ടിൽ ചാടിക്കയറി നദിക്കു കുറുകെ അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞ് ഓരോ കുഞ്ഞുമായി തന്നെ ഒരു പുതിയ കാട്ടുവളപ്പിലേക്ക് കൊണ്ടെത്തിക്കാൻ അദ്ദേഹത്തെ അവൾ പ്രേരിപ്പിച്ചു.
ആഫ്രിക്കൻ ആന
മെരുക്കിയെടുക്കാനാകാത്ത വിധം വന്യമാണ് ആഫ്രിക്കൻ ആന [ലോക്സോഡോൻറാ ആഫ്രിക്കാനാ ആഫ്രിക്കാനാ] എന്നു പറയപ്പെട്ടിട്ടുണ്ട്. പക്ഷേ പല ആളുകളും വസ്തുതകൾ മറിച്ചാണ് എന്ന് തെളിയിച്ചിരിക്കുന്നു. മൂന്ന് ആഫ്രിക്കൻ ആനകളും റാൻറൽ മൂർ എന്ന അമേരിക്കക്കാരനും തമ്മിലുണ്ടായിരുന്ന ഹൃദയസ്പർശിയായ ബന്ധമാണ് ഒരു ദൃഷ്ടാന്തം. തെക്കെ ആഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കിൽ നിന്ന് പിടിച്ച് ഐക്യനാടുകളിലേക്ക് കയററി അയക്കപ്പെട്ട ഒരു പററം ആനക്കുട്ടികളിൽ പെട്ടവയായിരുന്നു ഇവ. കാലക്രമത്തിൽ ഇവയെ സർക്കസ്സ് വിദ്യകൾ അഭ്യസിപ്പിച്ചു, ഇവ നന്നായി അവ പ്രകടിപ്പിക്കുകയും ചെയ്തു. ഉടമസ്ഥൻ മരിച്ചപ്പോൾ മൂന്നിനെയും മൂറിനു തിരികെ നൽകുകയും ആഫ്രിക്കയിലേക്ക് മടക്കി അയക്കുകയും ചെയ്തു.
പിടിയാനകളായ ഒവാലയെയും ദുർഗ്ഗയെയും 1982-ൽ ബോബുനററ് സ്വാനയിലെ പിലാനസ്ബർഗ് സങ്കേതത്തിൽ എത്തിച്ചു. അന്ന് ആ പാർക്കിൽ അനാഥരായ ഒട്ടേറെ ആനക്കുട്ടികളുണ്ടായിരുന്നു. അവയുടെ സ്ഥിതി മോശമായിരുന്നതിനാൽ മുതിർന്ന പിടിയാനകളുടെ മേൽനോട്ടം ആവശ്യമായിരുന്നു. സർക്കസ്സ് അഭ്യാസികളായ ഒവാലയും ദുർഗ്ഗയും ഈ റോളെടുക്കാൻ മുതിരുമോ?
തന്റെ ആനകൾ 14 അനാഥക്കുട്ടികളെ ദത്തെടുത്തു കഴിഞ്ഞു എന്നും ഇനിയുമേറെ അനാഥരെ പാർക്കിലേക്ക് കൊണ്ടുവരികയാണെന്നും ഉള്ള റിപ്പോർട്ടാണ് ഒരു വർഷത്തിനുശേഷം മൂറിന് ലഭിച്ചത്. നാലു വർഷത്തെ അസാന്നിദ്ധ്യത്തിനുശേഷം സ്ഥിതി നേരിട്ട് കാണാൻ മൂർ മടങ്ങിച്ചെന്ന് പിലാനസ്ബർഗ്ഗ് കുന്നുകളിൽ നീണ്ട ഒരു തെരച്ചിൽ നടത്തേണ്ടിവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും താൻ വന്ന ഉടനെതന്നെ ഒരു വലിയ ആനക്കൂട്ടത്തിനിടയിൽ ഒവാലയെയും ദുർഗ്ഗയെയും തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞു. “സ്വാഭാവികമായി എന്നിൽ ആദ്യമുണ്ടായ ഉൾപ്രചോദനം ഉടനെ അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് അവരെ ആശ്ലേഷിച്ച് കലവറയില്ലാതെ അനുമോദനങ്ങൾ ചൊരിയുക എന്നതായിരുന്നു. പക്ഷേ ആ പ്രേരണയ്ക്കു പകരം കുറെക്കൂടി ബോധപൂർവകമായ ഒരു സമീപനം ഞാൻ അവലംബിച്ചു.
ഒന്നാമതായി തങ്ങളുടെ പഴയ സുഹൃത്തിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ഒവാലയ്ക്കും ദുർഗ്ഗക്കും ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. അവർ അദ്ദേഹത്തിന്റെ നീട്ടിയ കൈ തങ്ങളുടെ തുമ്പിക്കൈകൊണ്ട് സൂക്ഷ്മമായി പരിശോധിച്ചു. “ഒവാല അടുത്ത ഉത്തരവ് സ്വീകരിക്കാൻ എന്ന മട്ടിൽ എന്റെയരികിൽ എഴുന്നു നിന്നു. കൂട്ടത്തിലെ ശേഷിച്ച അംഗങ്ങൾ നിർന്നിമേഷരായി ചുററും കൂടിനിന്നു. ഞാൻ അവർക്ക് വഴങ്ങി. ‘ഒവാലാ . . . തുമ്പിക്കൈയും കാലുമുയർത്തൂ!’ ഉടനെ അവൾ തന്റെ മുൻകാൽ അന്തരീക്ഷത്തിലേക്ക് ഉയർത്തി. തന്റെ തുമ്പിക്കൈ വളച്ച് പഴയകാല സർക്കസ്സ് ദിനങ്ങളിലെപ്പോലെ ഐതിഹാസികമായ അഭിവാദന രൂപത്തിൽ പൊക്കി നിർത്തി. ഒരാന ഒരിക്കലും മറക്കില്ല എന്ന് ആദ്യം പറഞ്ഞതാരായിരുന്നു?” എന്ന് മൂർ എഴുതി.
മൂന്നു വർഷങ്ങൾക്കുശേഷം 1989 ഒക്ടോബറിൽ ഒവാലയുടെ ഓർമ്മശക്തി മറെറാരു പരീക്ഷണത്തിന് വിധേയമാക്കി. ഈ പ്രാവശ്യം ആനകളെ ഏഴു വർഷങ്ങൾ മുമ്പ് പാർക്കിലേക്കു സ്വാഗതംചെയ്ത നാൾ തൊട്ട് ഇതുവരെ താൻ ചെയ്തിട്ടില്ലാത്ത ഒരു കാര്യം പരീക്ഷിച്ചു നോക്കാൻ മൂർ തീരുമാനിച്ചു. താഴേക്ക് കുനിഞ്ഞ് അവളുടെ പുറത്തു കയറാൻ തന്നെ അനുവദിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ആജ്ഞയും ഒവാല അനുസരിച്ചു. മുപ്പതിലധികം വരുന്ന കാട്ടാനകളുടെ മദ്ധ്യേ അദ്ദേഹം അവളുടെ പുറത്തേറി സവാരി ചെയ്യുന്നത് ഉൾപുളകത്തോടെയാണ് തെക്കെ ആഫ്രിക്കയിലെ ടെലിവിഷൻ കാണികൾ നിരീക്ഷിച്ചത്. “താൻ ഇങ്ങനെ ചെയ്തത് പേരെടുക്കാനുള്ള നടപടി എന്ന നിലക്കല്ല, പിന്നെയോ ഒരാനയുമായി എത്രമാത്രം അടുപ്പം സ്ഥാപിക്കാമെന്നും അതിന് എത്രമാത്രം ബുദ്ധിവൈഭവം ഉണ്ടെന്നും അറിയാൻ ഉള്ള എന്റെ കൗതുകം നിമിത്തം ആയിരുന്നു” എന്ന് ഉണരുക!യുമായുള്ള ഒരു അഭിമുഖത്തിൽ മൂർ വിശദീകരിച്ചു. പിലാനസ്ബർഗിലെ അനാഥക്കുട്ടികൾ ഒവാലയുടെയും ദുർഗ്ഗയുടെയും വിദഗ്ദ്ധ പരിചരണയിലാണ് വളർന്നു മുതിർന്നത്.
മനുഷ്യനും വന്യമൃഗവും തമ്മിലുള്ള സുഹൃദ് ബന്ധത്തിന്റെ ഉദാഹരണങ്ങൾ ഇന്ന് സാർവത്രിക പ്രമാണമല്ല; അവധാനതാപൂർവം പരിപോഷിപ്പിക്കേണ്ടതുണ്ട്. ഒരു ശരാശരി വ്യക്തി കാട്ടിലേക്ക് ഇറങ്ങി സിംഹങ്ങളെയും പുള്ളിപ്പുലികളെയും ആനകളെയും സമീപിക്കുന്നത് പക്ഷേ മഠയത്തരം ആയിരിക്കും. പക്ഷേ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അത്തരം സൗഹൃദം ഇന്ന് പ്രായേണ അപൂർവമാണെന്നിരിക്കെ ഭാവിയെ സംബന്ധിച്ചെന്ത്? പ്രമാണം അതായിരിക്കുമോ? (g91 4/8)
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സിംഹങ്ങളെ മെരുക്കാൻ കഴിയും!
“വന്ന് എന്റെ സിംഹങ്ങളോടൊപ്പം ഏതാനും ചിത്രങ്ങൾ എടുക്കുക” എന്ന് ദക്ഷിണാഫ്രിക്കയിലെ ഹർത്തേബീസ്പൂർട്ട്ഡാം സ്നേക്ക് ആൻഡ് അനിമൽ പാർക്കിന്റെ ഡയറക്ടറായ ജാക്ക് സിൽ പറഞ്ഞു. സംരക്ഷണവേലിക്കു പുറത്തുനിന്ന് ചിത്രങ്ങളെടുക്കാൻ അദ്ദേഹം എന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ സിംഹത്തിന്റെ വേലിക്കെട്ടിനടുത്തേക്ക് വീര്യത്തോടെ അദ്ദേഹത്തെ പിന്തുടർന്നു.
വേലിക്കെട്ട് വൃത്തിയുള്ളതും ചുററുപാടുമുള്ള വൃക്ഷങ്ങളിൽ നിന്ന് ധാരാളം തണൽ ലഭിക്കുന്നതുമായിരുന്നു. ഒരു സഹായിയോടൊപ്പം അദ്ദേഹം വേലിക്കെട്ടിനകത്തേക്ക് കാലെടുത്തുവെച്ചപ്പോൾ ശക്തരായ ഒൻപതു സിംഹങ്ങൾ പെട്ടെന്ന് തങ്ങളുടെ പരിശീലകനെ തിരിച്ചറിഞ്ഞു. സിംഹങ്ങൾ സ്നേഹത്തോടെ മുരളുകയും ഉത്സാഹത്തോടെ ഓടി നടക്കുകയും ചെയ്തു.
“അകത്തേക്ക് വരൂ,” ജാക്ക് പറഞ്ഞു. ഞാനത് കേൾക്കാത്തതുപോലെ ഭാവിച്ചു. “അകത്തേക്ക് വരൂ” കുറച്ചുകൂടെ ഉച്ചത്തിൽ അദ്ദേഹം ആവർത്തിച്ചു. സിംഹങ്ങളിൽനിന്നും തങ്ങളേത്തന്നെ പ്രതിരോധിക്കാൻ അവർക്ക് ആകെയുണ്ടായിരുന്നത് വടികളായിരുന്നു. ഭീരുത്വത്തോട് ഏററുമുട്ടി ഒടുവിൽ അകത്തേക്ക് കയറിപ്പോകവെ എന്റെ ഹൃദയസ്പന്ദനത്തിനു വേഗതയേറി. ജാക്ക് തന്റെ പ്രൗഢിയാർന്ന സിംഹങ്ങളിൽ ചിലതിനെ ലാളിക്കവെ പെട്ടെന്ന് ഞാൻ എന്റെ ക്യാമറ പ്രവർത്തിപ്പിച്ചുതുടങ്ങി. ഞങ്ങളെല്ലാവരും സുരക്ഷിതരായി പുറത്തെത്തിക്കഴിഞ്ഞപ്പോൾ എന്തൊരു ആശ്വാസമാണ് എനിക്ക് അനുഭവപ്പെട്ടത്! എന്നാൽ ഞാൻ ഭയപ്പെടേണ്ടതില്ലായിരുന്നു.
പിന്നീട് ജാക്ക് ഇങ്ങനെ വിശദീകരിച്ചു: “ഞങ്ങൾ ഉള്ളിൽ കടക്കുമ്പോൾ വടികൾ കൊണ്ടുപോകുന്നതിന്റെ കാരണം, സിംഹങ്ങൾ സ്നേഹമുള്ളവയാണ്, അവ സ്നേഹപ്രകടനമായി കടിക്കുന്നു. ഞങ്ങൾ ഈ വടികൾ നീട്ടിക്കൊടുക്കുന്നു. അതുകൊണ്ട് അവക്ക് ഞങ്ങളുടെ കൈത്തണ്ടിനു പകരം വടികൾ ചവയ്ക്കാൻ കഴിയുന്നു. ജാക്കും അദ്ദേഹത്തിന്റെ സിംഹഗണവും നമിബിയായിലെ എറേറാഷാ നാഷണൽ പാർക്കിൽ നിന്ന് എത്തിയതെ ഉണ്ടായിരുന്നുള്ളു. ഇത്ര അകലെ കാട്ടിലേക്ക് അദ്ദേഹം അവരെ കൊണ്ടുപോയത് എന്തുകൊണ്ടായിരുന്നു? അദ്ദേഹം വിശദീകരിക്കുന്നു.
“നമിബിയായിലെ കാട്ടിൽ സിംഹങ്ങളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കാനായി ശാസ്ത്രകാരൻമാർ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണത്തെക്കുറിച്ച് ഒരു ഡോക്യുമെൻററി പിടിക്കുന്നതിന് അവയെ ഉപയോഗിക്കുകയായിരുന്നു. എന്നാൽ എന്റെ സിംഹങ്ങൾ അവ ഇവിടെ പരിചയപ്പെട്ട് വളർന്നു വന്ന തരം ജീവിതത്തെ ഏറെ ഇഷ്ടപ്പെടുന്നു. നമിബിയായിൽ വെച്ച് എന്റെ ട്രക്ക് കണ്ടയുടനെ അവ അതിനടുത്തേക്ക് വന്നു. അവയെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരാൻ അൽപ്പവും പ്രയാസമില്ലായിരുന്നു.”—സംഭാവന ചെയ്യപ്പെട്ടത്.
[കടപ്പാട്]
Courtesy Hartebeespoortdam Snake and Animal Park
[9-ാം പേജിലെ ചിത്രം]
റൻറാൽ മൂർ തന്റെ സംരക്ഷണയിലുള്ള മൃഗങ്ങളുമായി ആഫ്രിക്കൻ കുററിക്കാട്ടിൽ