കുശുകുശുപ്പ് നിങ്ങളെത്തന്നെയും മററുള്ളവരെയും ദ്രോഹിക്കുന്നത് എങ്ങനെ ഒഴിവാക്കാം
ആളുകൾ ഉള്ളിടത്തോളംകാലം കുശുകുശുപ്പുണ്ടായിരിക്കും. ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന പൂർണ്ണതയുള്ള പുതിയലോകം പോലും കുശുകുശുപ്പിൽനിന്ന് സ്വതന്ത്രമായിരിക്കുവാൻ ഇടയില്ല.a (2 പത്രോസ് 3:13) സുഹൃത്തുക്കളെയും പരിചയക്കാരെയും സംബന്ധിച്ച അനൗപചാരികമായ സംസാരം നാം അന്യോന്യം ആശയവിനിയമം നടത്തുന്നതിന്റെയും ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിന്റെയും ഒരു അവിഭാജ്യ ഭാഗമാണ്.
എന്നുവരികിലും, ഹാനികരവും ദ്രോഹകരവും ആയ കുശുകുശുപ്പിന് അഥവാ ദുഷിക്ക് യാതൊരു ഒഴികഴിവും ഇല്ല! അത്തരം സംസാരം ദ്രോഹിക്കുകയും വികലമാക്കുകയും ചെയ്യുന്നു; അത് ജീവിതങ്ങളും ബന്ധങ്ങളും കീർത്തികളും നശിപ്പിക്കുകപോലും ചെയ്തേക്കാം. ഔചിത്യത്തിന്റെ രേഖ മറികടക്കുന്നതും ദ്രോഹകരമായ കുശുകുശുപ്പിൽ ഏർപ്പെടുന്നതും നിങ്ങൾക്കെങ്ങനെ ഒഴിവാക്കുവാൻ കഴിയും? നിങ്ങൾക്ക് അതിൽനിന്ന് നിങ്ങളെത്തന്നെ എങ്ങനെ സംരക്ഷിക്കാൻ കഴിയും? ഈ വിഷയത്തിൽ ഇതുവരെ നൽകപ്പെട്ടിട്ടുള്ളതിലേക്കും ഏററവും നല്ല ഉപദേശത്തിൽ ചിലത് ബൈബിളിൽ എഴുതിയിട്ടുണ്ട്. ഈ ഉപദേശത്തിൽ ചിലതുമാത്രം നമുക്കു നോക്കാം.
നിങ്ങളുടെ നാവിന കടിഞ്ഞാണിടുക: “സംഭാഷണം മനസ്സിന്റെ ഒരു വ്യായാമമാണ്,എന്നാൽ കുശുകുശുപ്പ് വെറും നാവിന്റെ ഒരു വ്യായാമമാണ്” എന്ന് പറയപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ ദ്രോഹകരമായ മിക്ക സംസാരവും, പകയോടുകൂടിയതല്ല, സംസാരിക്കുന്നതിനുമുമ്പ് ചിന്തിക്കുന്നതിനുള്ള ഒരു പരാജയത്തെ പ്രതിഫലിപ്പിക്കുന്നു. ചിലർ മററുള്ളവരുടെ കാര്യാദികളെക്കുറിച്ച് പുലമ്പുന്നു; പരിണതഫലം ആലോചിക്കാതെ അവർ രസികമാക്കുകയും ഊതിവീർപ്പിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നു. തങ്ങൾ ഏല്പിക്കുന്ന നാശനഷ്ടം തിരിച്ചറിയാതെപോലും അവർ തങ്ങളുടെ സ്നേഹിതരുടെയും ഇണകളുടെയും കുട്ടികളുടെയും തെററുകൾ മററുള്ളവരോട് വെളിപ്പെടുത്തുന്നു.
അങ്ങനെ ബൈബിൾ ഈ ഉപദേശം നൽകുന്നു: “വാക്കുകളുടെ പെരുപ്പത്തിൽ ലംഘനം ഇല്ലാതിരിക്കയില്ല, എന്നാൽ തന്റെ അധരങ്ങളെ അടക്കുന്നവൻ വിവേകത്തോടെ പ്രവർത്തിക്കുന്നു.” (സദൃശവാക്യങ്ങൾ 10:19) മററു വാക്കുകളിൽ നിങ്ങൾ സംസാരിക്കുന്നതിനുമുമ്പ് ആലോചിക്കുക. മററാരെയെങ്കിലുംകുറിച്ച് നിങ്ങൾ എന്തെങ്കിലും പറയുന്നതിനുമുമ്പ് ആലോചിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ അത് ആ വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ ആവർത്തിക്കുമോ? എന്നെക്കുറിച്ച് ഇതുപറഞ്ഞാൽ എനിക്കെന്തുതോന്നും?’ (മത്തായി 7:12) സങ്കീർത്തനം 39:1 ഇപ്രകാരം പറയുന്നു: “നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കും. എന്റെ വായ് കടിഞ്ഞാണിട്ട് കാക്കും.”
നിങ്ങളുടെ നാവിന് കടിഞ്ഞാണിടുന്നത് മിക്കവാറും അസാദ്ധ്യമെന്ന് തെളിയുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്ന് സമ്മതിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ എതിരെ ഗുരുതരമായ പാപം ചെയ്തതായി നിങ്ങൾക്ക് ശക്തമായ സംശയമുണ്ടായിരിക്കാം. നിങ്ങൾക്ക് തെളിവില്ലായിരിക്കാം, എന്നാൽ അതുസംബന്ധിച്ച് എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യം നിങ്ങൾക്കുതോന്നുന്നു. വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോടോ അധികാരസ്ഥാനത്തുള്ള ആരോടെങ്കിലുമോ അതുസംബന്ധിച്ച് സംസാരിക്കുന്നത് ദുഷിയായിരിക്കുമോ? ഉപദേശത്തിനുവേണ്ടി നിങ്ങൾ ആരെയെങ്കിലും സമീപിച്ചാൽ നിങ്ങൾ ദ്രോഹകരമായ കുശുകുശുപ്പുകാരനാകുമോ? വ്യക്തമായും ഇല്ല. രഹസ്യസംസാരത്തിന്റെ ജ്ഞാനത്തെ ബൈബിൾ അംഗീകരിക്കുന്നു. അത്തരം ദുർബ്ബലമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നല്ല ന്യായബോധവും സമനിലയും അതിപ്രധാനമാണ്.—സദൃശവാക്യങ്ങൾ 15:22.
ദ്രോഹകരമായ കുശുകുശുപ്പ് ശ്രദ്ധിക്കരുത്: ‘വൻ കാതുകൾക്ക്’ ഇല്ലെങ്കിൽ ‘വൻ വായ്കൾക്ക്’ എന്തു സംഭവിക്കും? നിരന്തരം മൗഢ്യസംസാരത്തിൽ ഏർപ്പെടുന്നവർ പ്രശ്നത്തിന്റെ ഒരുഭാഗം മാത്രമാണ്; ശ്രദ്ധിക്കുന്നതിൽ മോദം കണ്ടെത്തുന്നവരും ഉത്തരവാദികളാണ്. വെറുതെ ശ്രദ്ധിക്കുന്നത് നിങ്ങളുടെ നിശബ്ദമായ അംഗീകാരം ആയിത്തീരുന്നു, ദ്രോഹകരമായ കുശുകുശുപ്പിന്റെ വ്യാപനത്തിന് സംഭാവനചെയ്യുകയും ചെയ്തേക്കാം. സദൃശവാക്യങ്ങൾ 17:4 പറയുന്നു: “ദുഷ്ക്കർമ്മി ദ്രോഹകരമായ അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു. വഞ്ചകൻ വിപത്തുണ്ടാക്കുന്ന നാവിന് ചെവികൊടുക്കുന്നു.”
ആരെക്കുറിച്ചെങ്കിലുമുള്ള സംസാരം നിയന്ത്രണം വിടുമ്പോൾ നിങ്ങൾ അല്പം ധൈര്യം കാണിച്ച് ഇപ്രകാരം പറയേണ്ടതുണ്ടായിരിക്കാം, ‘നമുക്ക് വിഷയം മാററാം.’ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃദ്വലയം മാററംവരുത്താൻ കഴിയാതവണ്ണം ദ്രോഹകരമായ കുശുകുശുപ്പിൽ ഏർപ്പെടുന്ന പ്രവണതയുള്ളതാണെന്ന് തെളിയുന്നെങ്കിൽ പുതിയ സഹകാരികളെ കണ്ടെത്തുന്നതിനെക്കുറിച്ചുപോലും നിങ്ങൾ ചിന്തിക്കേണ്ടതുണ്ടായിരിക്കാം. ബൈബിൾ ഇപ്രകാരം പറയുന്നു: “ഒരു കുശുകുശുപ്പിന് ഒരിക്കലും രഹസ്യം സൂക്ഷിക്കാൻ കഴിയില്ല. അധികം സംസാരിക്കുന്ന ആളുകളിൽനിന്ന് അകന്നുനില്ക്കുക.” (സദൃശവാക്യങ്ങൾ 20:19, ററുഡേസ് ഇംഗ്ലീഷ് വേർഷൻ) അല്പസമയത്തിനുള്ളിൽ നിങ്ങൾ ഒരു ചർച്ചാവിഷയമായിത്തീരാൻ സാദ്ധ്യതയുണ്ട്.
കുശുകുശുപ്പിനോട് അതിരുകടന്ന് പ്രതികരിക്കരുത്: കുശുകുശുപ്പ് തങ്ങളെക്കുറിച്ചല്ലെങ്കിൽ മിക്കയാളുകളും അത് ആസ്വദിക്കുന്നു. നേരേമറിച്ച് നിങ്ങൾ മോശമായ ഒരു കിംവദന്തിയുടെയോ കള്ളക്കഥയുടെയോ ഇരയാണെന്ന് സങ്കൽപ്പിക്കുക. ചിലപ്പോൾ കഥയുടെ ഉറവ് കണ്ടുപിടിക്കാനും ഒച്ചപ്പാടുണ്ടാക്കാതെ കാര്യങ്ങൾ നേരെയാക്കാനും കഴിയുന്നു. എന്നാൽ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ എന്ത്?
നിങ്ങൾ കുപിതനാകുന്നതിനാൽ യാതൊന്നും സാധിക്കുന്നില്ല. “പെട്ടെന്നു കോപിക്കുന്നവൻ ഭോഷത്വം പ്രവർത്തിക്കും,” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 14:17) അങ്ങനെ ശലോമോൻ ഈ ഉപദേശം നൽകുന്നു: “ആളുകൾ സംസാരിച്ചേക്കാവുന്ന സകലവാക്കിനും നീ ശ്രദ്ധകൊടുക്കരുത് . . . എന്തെന്നാൽ നീ, നീതന്നെ മററുള്ളവരെ പലപ്രാവശ്യം ശപിച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിന് നന്നായി അറിയാമല്ലോ” (സഭാപ്രസംഗി 7:21, 22) കുശുകുശുപ്പ് ജീവിതത്തിലെ ഒരു വസ്തുതയാണ്, ഒരുസമയത്ത് അഥവാ മറെറാരിക്കൽ നിങ്ങൾതന്നെ അതിലെ ഒരു സജീവ പങ്കാളിയായിരുന്നിരിക്കാൻ ഇടയുണ്ട്. കാര്യം അതിനെക്കുറിച്ച് അസ്വസ്ഥനാകത്തക്കവണ്ണം യഥാർത്ഥത്തിൽ മൂല്യമുള്ളതാണോ? കുറച്ചുകഴിഞ്ഞാൽ അത് സ്വാഭാവികമായും മാഞ്ഞുപോകാൻ ഇടയുണ്ടോ? “ചിരിക്കാൻ ഒരു സമയമുണ്ട്,” ഒരുപക്ഷെ നിങ്ങൾക്ക് നർമ്മബോധമുണ്ടെന്ന് പ്രകടമാക്കുന്നത്, അത് ചിരിച്ചുതള്ളുന്നതായിരിക്കും കിംവദന്തി കെടുത്തിക്കളയുന്നതിനുള്ള ഏററവും നല്ല മാർഗ്ഗം.—സഭാപ്രസംഗി 3:4.
എരിതീയിൽ എണ്ണയൊഴിക്കരുത്: കഥ പൂർണ്ണമായും അപ്രത്യക്ഷമാകുന്നില്ലെങ്കിൽ നിങ്ങളോടുതന്നെ ചൊദിക്കുക: ‘ഞാൻ മററുള്ളവർക്ക് കുശുകുശുക്കാൻ ഒരു കാരണം നൽകുന്നതുകൊണ്ടായിരിക്കുമോ? ദുഷ്ക്കർമ്മത്തിന്റെ ഭാവം കാണിക്കുന്ന, ചോദ്യംചെയ്യാവുന്ന ചോദ്യം ഒരു വിധത്തിൽ ഞാൻ പെരുമാറുന്നതുകൊണ്ടായിരിക്കുമോ?’ പിൻവരുന്ന സന്ദർഭങ്ങൾ പരിചിന്തിക്കുക:
◻ ഒരു സ്ത്രീയുടെ സഹജോലിക്കാർ അവളെ മടിച്ചിയെന്നും ആശ്രയിക്കാൻകൊള്ളാത്തവളെന്നും അവൾ കേൾക്കാതെ വിളിക്കുന്നു—അവൾ തന്റെ ചുമതലകൾ തൃപ്തികരമായി നിർവ്വഹിക്കുന്നെങ്കിൽതന്നെയും. ഈ ദുഷ്ക്കീർത്തി എന്തുകൊണ്ട്? ഒരു സംഗതി, മടിയായി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന അല്ലലില്ലാത്ത, ഒരു അനായാസ മനോഭാവം അവൾ പ്രകടമാക്കുന്നു. അവൾ ജോലിചെയ്യുന്ന ചുററുപാടിൽ അവളുടെ ചമയം തീരെ അശ്രദ്ധമാണ്. ഒടുവിൽ, വ്യക്തിപരമായ കാര്യത്തിന് ഫോൺചെയ്യുമ്പോൾ മുഴു ഓഫീസ് ജീവനക്കാരുടെയും ശ്രദ്ധയാകർഷിക്കത്തക്കവണ്ണം ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് അവൾ വിവേചനയില്ലാത്തവളാണ്. അതുകൊണ്ടാണ് കുശുകുശുപ്പ്.
◻ പ്രദേശത്തെ ഒരു കടക്കാരൻ തന്റെ ചെറിയ സമൂഹത്തിനുള്ളിൽ സംസാരവിഷയമാണ്. അയാൾ തന്റെ ഭാര്യയോടുള്ള ബന്ധത്തിൽ അവിശ്വസ്തനാണെന്നുള്ളതാണ് കിംവദന്തി. അയാൾ ആ വ്യാജ ആരോപണത്തെ തീർത്തും നിഷേധിക്കുന്നു. കിംവദന്തിയുടെ കാരണമോ? ഇടപാടുകാരികളുമായി അയാൾ അമിത അടുപ്പത്തിലായിരിക്കുന്നതിന്റെ കീർത്തിയാണ് കാരണം.
◻ ഒരു കൗമാരപ്രായക്കാരിക്ക് കുത്തഴിഞ്ഞ ധാർമ്മികനിലവാരങ്ങൾ ഉള്ളതായി സംസാരം. അവൾക്ക് പല കമിതാക്കൾ ഉണ്ടെന്നും അവൾ ഒരു കൊക്കെയ്ൻ ഉപഭോക്താവാണെന്നും ചിലർ അവകാശപ്പെടുന്നു. കഥകളെല്ലാം കള്ളമാണ്. എന്നാൽ അവൾ മയക്കുമരുന്നുമണ്ഡലത്തിലുള്ള ആളുകളോട് സഹവസിക്കുന്നതായി അറിയപ്പെടുന്നു. അവൾ തന്റെ വസ്ത്രത്തിലും കേശാലങ്കാരത്തിലും ചമയത്തിലും അതിരുകടന്നവളാണ്.
നിങ്ങൾ ദ്രോഹകരമായ കുശുകുശുപ്പിന് ഇരയാണെങ്കിൽ നിങ്ങളുടെ പെരുമാററം, മററുള്ളവരോടുള്ള നിങ്ങളുടെ ഇടപെടൽരീതിയും നിങ്ങളുടെ വസ്ത്രധാരണവും ചമയവും പോലും ഏതെങ്കിലും വിധത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്നുവോയെന്ന് തിട്ടപ്പെടുത്തുന്നത് സഹായകമെന്ന് തെളിഞ്ഞേക്കാം. ഒരുപക്ഷേ നിങ്ങളുടെ ജീവിതരീതിയിലുള്ള ചില മാററങ്ങൾ കിംവദന്തി അവസാനിപ്പിച്ചേക്കാം. “വിറകില്ലാത്തടത്ത് തീ കെട്ടുപോകുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവക്യങ്ങൾ 26:20) അതിനുപുറമെ, നിങ്ങളുടെ പ്രവർത്തനങ്ങൾ അനുചിതമായതിന്റെ അതിർത്തിരേഖയോടടുത്താണെങ്കിൽ ദുഷ്പ്രവൃത്തിയിലേക്ക് വഴുതിവീഴാനുള്ള യഥാർത്ഥ അപകടം എല്ലായ്പ്പോഴുമുണ്ട്—ഒരിക്കൽ ഒരു കിംവദന്തിയായിരുന്നത് ഒരു യാഥാർത്ഥ്യമാക്കിത്തീർത്തുകൊണ്ടുതന്നെ.—ഗലാത്യർ 6:7,8-ഉം 1കൊരിന്ത്യർ 10:12-ഉം താരതമ്യം ചെയ്യുക.
“നിങ്ങളുടെ സ്വന്തം കാര്യം നോക്കുക”
കുശുകുശുപ്പ് ഇവിടെയുണ്ടായിരിക്കും. എന്നിരുന്നാലും അതിന്റെ വിനാശകശക്തി വിലമതിക്കപ്പെടണം. ജ്ഞാനമുള്ള ഈ വചനങ്ങൾ ബാധകമാക്കുന്നതിനാൽ നിങ്ങൾക്കുതന്നെയും മററുള്ളവർക്കും വളരെ ഹൃദയവേദനയും സങ്കടവും ഒഴിവാക്കുവാൻ കഴിയും: “സത്യമായതൊക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമ്മലമായതൊക്കെയും രമ്യമായതൊക്കെയും സൽക്കീർത്തിയായതൊക്കെയും സൽഗുണവും പുകഴ്ച്ചയും ആയതൊക്കെയും, ഈ കാര്യങ്ങൾ പരിചിന്തിക്കുന്നതിൽ തുടരുക . . . ,സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”—ഫലിപ്പിയർ 4:8, 9.
അതെ, നാം മററുള്ളവരോട് സംസാരിക്കുന്ന വിധത്തിൽ ദൈവംതന്നെയും തല്പരനാണ്. യേശുക്രിസ്തു ഇപ്രകാരം മുന്നറിയിപ്പുനൽകി: “മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിദിവസത്തിൽ കണക്കുബോധിപ്പിക്കേണ്ടിവരും; എന്തെന്നാൽ നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ നീ കുററംവിധിക്കപ്പെടുകയും ചെയ്യും.”—മത്തായി 12:36, 37; സങ്കീർത്തനം 52:2-5 താരതമ്യം ചെയ്യുക.
നിങ്ങൾ മററുള്ളവരോട് നല്ല ബന്ധങ്ങളും മനസ്സമാധാനവും എല്ലാററിലും പ്രധാനമായി ദൈവമുമ്പാകെ ഒരു നല്ല നിലപാടും ആഗ്രഹിക്കുന്നുവോ? എങ്കിൽ ദൈവവചനത്തിലെ നിശ്വസ്ത ബുദ്ധ്യുപദേശം പിൻപററുക: “അടങ്ങിപ്പാർക്കുന്നതും സ്വന്തകാര്യം നോക്കുന്നതും നിങ്ങളുടെ ലാക്കാക്കിത്തീർക്കുക.” (1 തെസ്സലൊനീക്യർ 4:11) മററുള്ളവരിൽ താല്പര്യം പ്രകടമാക്കുക, എന്നാൽ ദയാപൂർവ്വവും അന്തസ്സുററതുമായ ഒരുവിധത്തിൽ അതുചെയ്യുക. അങ്ങനെ നിങ്ങൾ ദ്രോഹകരവും ഹാനികരവുമായ കുശുകുശുപ്പിൽനിന്ന് തീർത്തും വിട്ടുനിൽക്കും. (g91 6/8)
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരത്തിന് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 19-ാം അദ്ധ്യായം കാണുക.
[9-ാം പേജിലെ ചിത്രം]
ദ്രോഹകരമായ സംസാരത്തിൽനിന്ന് വിട്ടുപോകുക
[10-ാം പേജിലെ ചിത്രം]
നിങ്ങളുടെ വിവേകമില്ലാത്ത പെരുമാററം നിങ്ങളെക്കുറിച്ച് കുശുകുശുക്കാൻ ആളുകൾക്ക് ന്യായം നൽകുന്നുവോ?