ബൈബിളിന്റെ വീക്ഷണം
നമുക്കു പുരോഹിതൻമാരെ യഥാർഥത്തിൽ ആവശ്യമുണ്ടോ?
“പൗരോഹിത്യമെന്ന ദാനത്തിനു നന്ദി കരേററുവിൻ,” 1992-ലെ “പെസഹാ വ്യാഴാഴ്ച” പുരോഹിതൻമാർക്കുള്ള ഒരു വാർഷിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ പറഞ്ഞു. കത്തോലിക്കർ മാത്രമല്ല മററുള്ളവരും തങ്ങളുടെ തെററുകൾ സംബന്ധിച്ചു വേദനയോടെ ബോധ്യമുള്ളവരായിത്തീർന്നിരിക്കുന്നു. ദൈവേഷ്ടം തങ്ങളോട് അറിയിക്കാനും അവിടുത്തേക്കു യാഗമർപ്പിക്കാനും തങ്ങൾക്കുവേണ്ടി ദൈവമുമ്പാകെ മാധ്യസ്ഥ്യം വഹിക്കാനും ദൈവത്തിനു സ്വീകാര്യനായ ഒരാളുടെ ആവശ്യം അവർക്കു തോന്നിയിരിക്കുന്നു. അത്തരമൊരു വ്യക്തി ഒരു പുരോഹിതൻ എന്നു വിളിക്കപ്പെടുന്നു. ദൈവത്തിൽനിന്നു ക്ഷമ നേടാൻ നമ്മെ സഹായിക്കുന്ന ഒരു പുരോഹിതൻ യഥാർഥത്തിൽ നമുക്കാവശ്യമാണോ?
പുരോഹിതൻമാരും യാഗങ്ങളും എന്ന ആശയം ഉത്ഭവിച്ചതു മനുഷ്യരിൽനിന്നല്ല, മറിച്ചു ദൈവത്തിൽനിന്നാണ്. ദൈവത്തിനെതിരെ പാപം ചെയ്തില്ലായിരുന്നെങ്കിൽ പുരോഹിതൻമാരുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. ഏദെനിൽ ആദ്യമനുഷ്യനായ ആദാമിനു പുരോഹിതന്റെ ആവശ്യം ഉണ്ടായിരുന്നില്ല. പാപരഹിതനായാണ് അദ്ദേഹം സൃഷ്ടിക്കപ്പെട്ടത്.—ഉല്പത്തി 2:7, 8; സഭാപ്രസംഗി 7:29.
ആദ്യപുരോഹിതൻമാർ ആരായിരുന്നു?
ആദാം മനഃപൂർവം പാപം ചെയ്യുകയും നാം അദ്ദേഹത്തിന്റെ സന്താനങ്ങൾ ആയിരിക്കുകയും ചെയ്യുന്നതുകൊണ്ടു നാമെല്ലാം പാപപൂർണത അവകാശപ്പെടുത്തിയിരിക്കുന്നു. (റോമർ 3:23) ആദ്യമനുഷ്യനായ ആദാമിന്റെ പുത്രനായ ഹാബേൽ ഇതു തിരിച്ചറിഞ്ഞു. അദ്ദേഹത്തെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു . . . യാഗം കഴിച്ചു.” (എബ്രായർ 11:4) ഹാബേലും വിശ്വാസമുണ്ടായിരുന്ന മററു പുരാതന പുരുഷൻമാരും—നോഹ, അബ്രാഹാം, ഇയ്യോബ് തുടങ്ങിയവർ—പുരോഹിതൻമാർ എന്നു വിളിക്കപ്പെട്ടില്ലെങ്കിലും അവർ തങ്ങൾക്കു വേണ്ടിയോ തങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയോ യാഗങ്ങൾ അർപ്പിക്കുകതന്നെ ചെയ്തു. ഉദാഹരണത്തിന് ഇയ്യോബിനെയും അദ്ദേഹത്തിന്റെ പുത്രൻമാരെയും സംബന്ധിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “ഇയ്യോബ് പക്ഷെ എന്റെ പുത്രൻമാർ പാപം ചെയ്തു . . . പോയിരിക്കും എന്നു പറഞ്ഞു . . . അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും . . . ചെയ്തുപോന്നു.” (ഇയ്യോബ് 1:5) എന്നിരുന്നാലും, അനേകം സംസ്കാരങ്ങളിൽ പുരോഹിതൻമാരും യാഗങ്ങളും സാധാരണമായിത്തീർന്നത് എങ്ങനെയാണ്?
പുരാതന ഗോത്രപിതാവായ നോഹയെ ചുററിപ്പററിയുള്ള സംഭവങ്ങൾ പരിചിന്തിക്കുക. ആഗോള ജലപ്രളയത്തെ അതിജീവിച്ച മനുഷ്യർ നോഹയും അദ്ദേഹത്തിന്റെ കുടുംബവും മാത്രമായിരുന്നു. കഴുകി ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ അവർ കാലുകുത്തിയപ്പോൾ യഹോവയുടെ കരുണയോടും സംരക്ഷണാത്മക ഭുജത്തോടുമുള്ള വിലമതിപ്പിൽ നോഹ ഒരു യാഗപീഠം പണിതു യാഗങ്ങൾ അർപ്പിച്ചു. സകല ജനതകളും നോഹയുടെ പിൻഗാമികളായിരിക്കുന്നതുകൊണ്ട് അവർ നിസ്സംശയമായും അദ്ദേഹത്തിന്റെ മാതൃക പിൻപററുകയും ക്രമേണ തങ്ങളുടെ പാപങ്ങൾക്കു വേണ്ടി മധ്യസ്ഥരോടും യാഗങ്ങളോടും ബന്ധപ്പെട്ട പലതരം പാരമ്പര്യങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.—ഉല്പത്തി 10:32.
ഒരു നൂററാണ്ടിലേറെക്കാലം കഴിഞ്ഞപ്പോൾ ബാബേൽ എന്ന നഗരത്തിൽ ദൈവത്തിനെതിരെയുള്ള ഒരു മത്സരം പൊട്ടിപ്പുറപ്പെട്ടു. ദൈവം അവരുടെ ഭാഷ കലക്കിക്കളഞ്ഞപ്പോൾ അവർ ചിതറിപ്പോയി. (ഉല്പത്തി 11:1-9) അപ്പോൾ ചില പുരോഹിതൻമാർ ഏതു ദേശങ്ങളിലേക്കു പിരിഞ്ഞുപോയോ അവിടെ വികൃതവും അധമവുമായ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി ഭയങ്കരമായ ചടങ്ങുകൾ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും, ഒരു മഹാപുരോഹിതനും ഉപപുരോഹിതൻമാരും തനിക്കു സ്വീകാര്യമായ യാഗങ്ങളുമുൾപ്പെട്ട ഒരു യഥാർഥ പൗരോഹിത്യത്തിനു വേണ്ടിയുള്ള തന്റെ ആരാധകരുടെ ആവശ്യം സംബന്ധിച്ച് അവരെ പഠിപ്പിക്കേണ്ട ആവശ്യകത ദൈവം മനസ്സിലാക്കി.
ദൈവം പുരോഹിതൻമാരെ നിയമിച്ചതിന്റെ കാരണം
രണ്ട് അടിസ്ഥാന ധർമങ്ങൾ നിർവഹിച്ച പുരോഹിതൻമാരെ യഹോവ തക്കസമയത്ത് ഇസ്രയേൽ ജനതയ്ക്കു നൽകി. ഒന്നാമതായി, ന്യായാധിപൻമാരും ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കൻമാരും എന്നനിലയിൽ അവർ ജനത്തിന്റെ മുമ്പാകെ ദൈവത്തെ പ്രതിനിധാനം ചെയ്തു. (ആവർത്തനപുസ്തകം 17:8, 9; മലാഖി 2:7) രണ്ടാമതായി, ജനത്തിനുവേണ്ടി ദൈവത്തിനു യാഗങ്ങൾ അർപ്പിച്ചുകൊണ്ട് അവർ ദൈവമുമ്പാകെ ജനത്തെ പ്രതിനിധാനം ചെയ്തു. എബ്രായ ക്രിസ്ത്യാനികൾക്കുള്ള പൗലോസിന്റെ ലേഖനം വിശദമാക്കുന്നു: “മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു. . . . എന്നാൽ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.”—എബ്രായർ 5:1, 4.
ജനത്തെ തന്നോടു നിരപ്പിക്കാനുള്ള ദൈവത്തിന്റെ അന്തിമ മാർഗമല്ലായിരുന്നു ഇസ്രയേലിന്റെ പൗരോഹിത്യം എന്നു പൗലോസ് തുടർന്നു വിശദീകരിക്കുന്നു. പുരോഹിതൻമാരുടെ ചുമതലകൾ ഏറെ നല്ല കാര്യങ്ങളിലേക്ക്, “സ്വർഗീയ കാര്യങ്ങ”ളിലേക്ക്, വിരൽ ചൂണ്ടുന്ന പ്രതീകങ്ങളായിരുന്നു. (എബ്രായർ 8:5, NW) ആ സ്വർഗീയ കാര്യങ്ങൾ എത്തിക്കഴിഞ്ഞപ്പോൾ മേലാൽ പ്രതീകങ്ങൾ ആവശ്യമില്ലായിരുന്നു. ദൃഷ്ടാന്തത്തിന്: നിങ്ങൾക്ക് അങ്ങേയററം ആവശ്യമുള്ള ഒരു ഉത്പന്നത്തിന്റെ പരസ്യം നിങ്ങൾ കൈവശം വെച്ചേക്കാം, എന്നാൽ ആ ഉത്പന്നം സമ്പാദിച്ചുകഴിയുമ്പോൾ നിങ്ങൾ അത് ഉപേക്ഷിക്കുകയില്ലേ?
ഇസ്രയേൽ ജനത അസ്തിത്വത്തിലേക്കു വന്നിട്ട് ഏറെത്താമസിയാതെ ഇസ്രയേലിന്റെ മാത്രമല്ല മുഴു മനുഷ്യവർഗത്തിന്റെയും അനുഗ്രഹത്തിനായി ഉതകുമായിരുന്ന ഒരു പൗരോഹിത്യം ദൈവം ഉദ്ദേശിച്ചു. ആ പൗരോഹിത്യത്തിലെ അംഗങ്ങളെ പ്രദാനം ചെയ്യാനുള്ള അവസരത്തിന്റേതായ പദവി ആദ്യം ഇസ്രയേലിനു ലഭിച്ചു. ആ ജനത രൂപം കൊണ്ടപ്പോൾ യഹോവ ഇസ്രയേലിനോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു [അനുസരിച്ചാൽ] . . . നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറപ്പാടു 19:5, 6; ഉല്പത്തി 22:18 താരതമ്യപ്പെടുത്തുക.) ദുഃഖകരമെന്നു പറയട്ടെ, ആ ജനത ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല. അതുകൊണ്ടു പുരോഹിതൻമാരോടും പരീശൻമാരോടും യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും.” മനുഷ്യവർഗത്തിന്റെ അനുഗ്രഹത്തിനായി പുരോഹിതൻമാരെന്നനിലയിൽ സേവിക്കാൻ ഇനി ആരാണുള്ളത്?—മത്തായി 21:43.
ക്രിസ്ത്യാനികൾക്ക് ഏതു പൗരോഹിത്യമാണ് ആവശ്യം?
നാം ആദാമിൽനിന്നു പാപം അവകാശപ്പെടുത്തിയിരിക്കുന്നതുകൊണ്ടു നിത്യജീവനിലേക്കുള്ള രക്ഷ യേശു നൽകിയ പൂർണ ബലി മുഖാന്തരം മാത്രമേ സാധ്യമായിരിക്കുന്നുള്ളു. (1 യോഹന്നാൻ 2:2) ഇസ്രയേലിന്റെ പൗരോഹിത്യത്തിൽ മുൻനിഴലാക്കപ്പെട്ടതുപോലെ മഹാപുരോഹിതൻ എന്നനിലയിൽ യേശുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. എബ്രായർ 9:24 ഇങ്ങനെ പറയുന്നു; “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” അതുകൊണ്ടു ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തിന്റെ അതിശ്രേഷ്ഠമായ വൈശിഷ്ട്യം മാധ്യസ്ഥർ എന്നനിലയിലുള്ള മനുഷ്യരുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു. എന്നാൽ, ഉപപുരോഹിതൻമാരുടെ സേവനങ്ങൾ ഇപ്പോഴും ആവശ്യമാണ്. ഏതു വിധത്തിൽ?
പുരോഹിതൻമാർ “യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മീയയാഗം” അർപ്പിക്കണം. (1 പത്രൊസ് 2:5) ഇത്തരം യാഗങ്ങൾ എങ്ങനെയുള്ളതാണെന്നതു സംബന്ധിച്ചു പൗലോസ് ഇപ്രകാരം എഴുതി: “അധരഫലം എന്ന സ്തുതിയാഗം നമുക്കു ദൈവത്തിന് എപ്പോഴും അർപ്പിക്കാം.” (എബ്രായർ 13:15, NW) അതുകൊണ്ടു രാജകീയ പൗരോഹിത്യത്തിൽ ഉൾപ്പെടുന്നവർ ഭൂമിയിൽ ആയിരിക്കെത്തന്നെ അവിടുത്തെ സാക്ഷികൾ എന്നനിലയിൽ മനുഷ്യരുടെ മുമ്പാകെ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു, മാധ്യസ്ഥ്യം വഹിക്കുന്നവരായിട്ടല്ല. പിന്നീട്, ക്രിസ്തുവിന്റെ ബലിയുടെ പ്രയോജനങ്ങൾ നടപ്പാക്കിക്കൊണ്ടും എല്ലാത്തരം വൈകല്യങ്ങളും സൗഖ്യമാക്കിക്കൊണ്ടും ക്രിസ്തുവിനോടൊത്തു സ്വർഗത്തിൽ ദൈവമുമ്പാകെ അവർ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു.—മർക്കൊസ് 2:9-12 താരതമ്യപ്പെടുത്തുക.
വിശ്വാസികളെല്ലാവരും സാക്ഷ്യം വഹിക്കേണ്ടതുള്ളപ്പോൾ താരതമ്യേന കുറച്ചുപേർ മാത്രമേ സ്വർഗീയ “പുരോഹിതരാജത്വ”ത്തിൽ സേവിക്കുകയുള്ളു. യേശു ഇങ്ങനെ പറഞ്ഞു: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കൊസ് 12:32; വെളിപ്പാടു 14:1) ഇവർ സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്യപ്പെട്ട് “ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതൻമാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.”—വെളിപ്പാടു 20:6.
യാതൊരു പൗരോഹിത്യത്തിനും ഇന്നേവരെ ചെയ്യാൻ കഴിയാത്ത ആത്മീയവും ഭൗതികവുമായ ഒരർഥത്തിൽ കാര്യങ്ങൾ ചെയ്യാൻ ഈ സ്വർഗീയ പുരോഹിതൻമാർക്കു വേണ്ടി ദൈവം ക്രമീകരണം ചെയ്തിരിക്കുന്നു. പെട്ടെന്നുതന്നെ അവർ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ബാധകമാക്കുമ്പോൾ വിശ്വസിക്കുന്ന മനുഷ്യവർഗത്തെ മാനുഷിക പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കുന്നതിൽ പങ്കുപററാൻ അവർ പ്രാപ്തരായിരിക്കും. അപ്പോൾ യെശയ്യാവ് 33:24-ന് [NW] അത്ഭുതകരമായ നിവൃത്തി ഉണ്ടാകും. അതിങ്ങനെ പറയുന്നു: “‘എനിക്കു രോഗമാണ്’ എന്നു യാതൊരു നിവാസിയും പറയുകയില്ല. ദേശത്തു പാർക്കുന്ന ജനം തങ്ങളുടെ അകൃത്യം ക്ഷമിച്ചുകിട്ടിയവരായിരിക്കും.” (g93 10/8)
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
“Benediction of the Wheat at Artois” 1857, by Jules Breton: France / Giraudon/Art Resource, N.Y.