പഠനലേഖനം 45
ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാനുള്ള അവസരത്തെ വിലയേറിയതായി കാണുക
‘ആകാശവും ഭൂമിയും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക.—വെളി. 14:7.
ഗീതം 93 ഞങ്ങളുടെ കൂടിവരവിനെ അനുഗ്രഹിക്കേണമേ!
ചുരുക്കംa
1. ഒരു ദൈവദൂതൻ എന്താണു പറയുന്നത്, അതെക്കുറിച്ച് നമുക്ക് എന്തു തോന്നണം?
ഒരു ദൈവദൂതൻ നിങ്ങളോടു സംസാരിച്ചാൽ നിങ്ങൾ അതു ശ്രദ്ധിച്ചുകേൾക്കില്ലേ? ഇന്ന് ‘എല്ലാ ജനതകളോടും ഗോത്രക്കാരോടും ഭാഷക്കാരോടും വംശങ്ങളോടും’ ഒരു ദൂതൻ സംസാരിക്കുന്നുണ്ട്. എന്താണ് ആ ദൂതൻ പറയുന്നത്? “ദൈവത്തെ ഭയപ്പെടുക. ദൈവത്തിനു മഹത്ത്വം കൊടുക്കുക. ആകാശവും ഭൂമിയും . . . ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക.” (വെളി. 14:6, 7) യഹോവയാണ് എല്ലാവരും ആരാധിക്കേണ്ട ഒരേ ഒരു സത്യദൈവം. മഹത്തായ ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാനുള്ള വിലയേറിയ അവസരം കിട്ടിയിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം!
2. എന്താണ് യഹോവയുടെ ആത്മീയാലയം? (“അത് എന്തല്ല?” എന്ന ചതുരവും കാണുക.)
2 ശരിക്കും എന്താണ് ഈ ആത്മീയാലയം? അതെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് എവിടെനിന്ന് മനസ്സിലാക്കാം? ഈ ആത്മീയാലയം ശരിക്കുള്ള ഒരു കെട്ടിടമല്ല. യേശുക്രിസ്തുവിന്റെ ബലിമരണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ വിധത്തിൽ ആരാധന നടത്താനുള്ള യഹോവയുടെ ക്രമീകരണമാണ് അത്. ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിൽ താമസിച്ചിരുന്ന എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയ കത്തിൽ അപ്പോസ്തലനായ പൗലോസ് ഈ ക്രമീകരണത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.b
3-4. (എ) യഹൂദ്യയിലെ എബ്രായക്രിസ്ത്യാനികളെക്കുറിച്ച് പൗലോസിന് എന്ത് ഉത്കണ്ഠയുണ്ടായിരുന്നു? (ബി) അദ്ദേഹം എങ്ങനെയാണ് അവരെ സഹായിച്ചത്?
3 യഹൂദ്യയിൽ താമസിക്കുന്ന എബ്രായക്രിസ്ത്യാനികൾക്കു പൗലോസ് ഇങ്ങനെയൊരു കത്ത് എഴുതിയത് എന്തുകൊണ്ടായിരിക്കാം? പ്രധാനമായും അതിനു രണ്ടു കാരണങ്ങളെങ്കിലുമുണ്ട്. ഒന്ന്, അവർക്കു പ്രോത്സാഹനം ആവശ്യമായിരുന്നു. ജൂതമതത്തിൽനിന്നുള്ളവരായിരുന്നു അവരിൽ മിക്കവരും. ക്രിസ്ത്യാനികളായതിന്റെ പേരിൽ അവരുടെ മുമ്പത്തെ മതനേതാക്കൾ അവരെ കളിയാക്കിയിട്ടുണ്ടാകാം. കാരണം, ക്രിസ്ത്യാനികൾക്ക് ആരാധനയ്ക്കായി ഒരു ദേവാലയമോ ദൈവത്തിനു ബലികൾ അർപ്പിക്കാൻ ഒരു യാഗപീഠമോ ശുശ്രൂഷ ചെയ്യാൻ പുരോഹിതന്മാരോ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പരിഹാസം ഒക്കെ കേട്ട് അവരിൽ പലരും നിരാശപ്പെടുകയും ചിലരുടെയെങ്കിലും വിശ്വാസം തണുത്തുപോകുകയും ചെയ്തിരിക്കാം. (എബ്രാ. 2:1; 3:12, 14) തിരിച്ച് ജൂതമതത്തിലേക്കു പോയാലോ എന്നുപോലും ചിലർ ചിന്തിച്ചിട്ടുണ്ടാകാം.
4 രണ്ട്, ദൈവവചനത്തിൽ കാണുന്ന “കട്ടിയായ ആഹാരം” അതായത്, ആഴമേറിയ പുതിയ തിരുവെഴുത്തുപദേശങ്ങൾ മനസ്സിലാക്കാൻ ആ എബ്രായ ക്രിസ്ത്യാനികൾ ശ്രമിക്കുന്നില്ലായിരുന്നു. (എബ്രാ. 5:11-14) തെളിവനുസരിച്ച് അവരിൽ ചിലർ അപ്പോഴും മോശയുടെ നിയമം പിൻപറ്റുന്നുണ്ടായിരുന്നു. എന്നാൽ ആ നിയമം ആവശ്യപ്പെടുന്ന ബലികളൊന്നും അവരുടെ പാപം പൂർണമായി ഇല്ലാതാക്കില്ലെന്നു പൗലോസ് വിശദീകരിച്ചു. അതുകൊണ്ടാണു ദൈവം ആ നിയമം “നീക്കിക്കളഞ്ഞത്.” ഇതെല്ലാം പറഞ്ഞശേഷം പൗലോസ് ആഴമേറിയ ചില ഉപദേശങ്ങൾ അവരെ പഠിപ്പിച്ചു. യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിലുള്ള ‘കൂടുതൽ നല്ലൊരു പ്രത്യാശയെക്കുറിച്ച്’ പൗലോസ് സഹവിശ്വാസികളെ ഓർമിപ്പിച്ചു. ‘ദൈവത്തോടു ശരിക്കും അടുക്കാൻ’ അത് അവരെ സഹായിക്കുമായിരുന്നു.—എബ്രാ. 7:18, 19.
5. എബ്രായർ എന്ന ബൈബിൾപുസ്തകത്തിൽനിന്ന് നമ്മൾ എന്തു മനസ്സിലാക്കണം, എന്തുകൊണ്ട്?
5 മുമ്പത്തെ ആരാധനയെക്കാൾ ക്രിസ്ത്യാനികളായതിനു ശേഷമുള്ള അവരുടെ ആരാധന കൂടുതൽ ശ്രേഷ്ഠമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു പൗലോസ് ആ എബ്രായ സഹോദരങ്ങളോടു വിശദീകരിച്ചു. ജൂതമതത്തിലെ ആരാധനാരീതി ‘വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലായിരുന്നു. പക്ഷേ യാഥാർഥ്യം ക്രിസ്തുവാണ്.’ (കൊലോ. 2:17) നിഴൽ എന്നു പറയുന്നത് ഒരു വസ്തുവിന്റെ ഏകദേശരൂപം മാത്രമാണ്, ആ വസ്തുവല്ല. അതുപോലെ ജൂതന്മാരുടെ ആരാധനാരീതിയും വരാനിരുന്ന യാഥാർഥ്യത്തിന്റെ അതായത് ആത്മീയാലയത്തിന്റെ വെറുമൊരു നിഴലായിരുന്നു. യഹോവ ഏർപ്പെടുത്തിയിരിക്കുന്ന ഈ ആത്മീയാലയ ക്രമീകരണത്തിലൂടെയാണു നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതും ശരിയായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ കഴിയുന്നതും. അതുകൊണ്ട് ആ “യാഥാർഥ്യം” എന്താണെന്നു നമ്മൾ മനസ്സിലാക്കേണ്ടതു പ്രധാനമാണ്. നമുക്ക് ഇപ്പോൾ എബ്രായർ എന്ന ബൈബിൾപുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്ന ആ ‘നിഴലിനെയും’ (ജൂതന്മാരുടെ ആരാധനാരീതി) ‘യാഥാർഥ്യത്തെയും’ (ക്രിസ്ത്യാനികളുടെ ആരാധനാരീതി) ഒന്നു താരതമ്യം ചെയ്ത് പഠിക്കാം. അതിലൂടെ ആത്മീയാലയം എന്താണെന്നും അതിൽ നമ്മൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്നും കൂടുതൽ നന്നായി മനസ്സിലാക്കാനാകും.
വിശുദ്ധകൂടാരം
6. വിശുദ്ധകൂടാരം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചിരുന്നത്?
6 നിഴൽ. ബി.സി. 1512-ൽ മോശ ഉണ്ടാക്കിയ വിശുദ്ധകൂടാരത്തെ അടിസ്ഥാനമാക്കിയാണു പൗലോസ് കാര്യങ്ങൾ വിശദീകരിച്ചത്. (“നിഴൽ—യാഥാർഥ്യം” എന്ന ചാർട്ട് കാണുക.) ഇസ്രായേല്യർ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറിക്കൊണ്ടിരുന്ന സമയത്തെല്ലാം അവർ ഈ വിശുദ്ധകൂടാരം കൂടെ കൊണ്ടുപോകുമായിരുന്നു. യരുശലേമിൽ ആരാധനയ്ക്കുവേണ്ടി സ്ഥിരമായ ഒരു ആലയം പണിയുന്നതുവരെ ഏകദേശം 500 വർഷം അവർ അത് ഉപയോഗിച്ചു. (പുറ. 25:8, 9; സംഖ്യ 9:22) ഇസ്രായേല്യർക്ക് യഹോവയെ സമീപിക്കാനും ബലികളും ആരാധനയും അർപ്പിക്കാനും ഉള്ള ഒരു കേന്ദ്രമായിരുന്നു ആ ‘സാന്നിധ്യകൂടാരം’ അഥവാ വിശുദ്ധകൂടാരം. (പുറ. 29:43-46) എന്നാൽ ക്രിസ്ത്യാനികൾക്കുവേണ്ടി വരാനിരുന്ന അതിലും ശ്രേഷ്ഠമായ ഒന്നിനെയും ഈ വിശുദ്ധകൂടാരം അർഥമാക്കി.
7. ആത്മീയാലയം ഒരു യാഥാർഥ്യമായിത്തീർന്നത് എപ്പോൾ?
7 യാഥാർഥ്യം. മുമ്പുണ്ടായിരുന്ന വിശുദ്ധകൂടാരം ‘സ്വർഗീയകാര്യങ്ങളുടെ ഒരു നിഴലായിരുന്നു.’ യഹോവയുടെ മഹത്തായ ആത്മീയാലയത്തെയാണ് അത് അർഥമാക്കിയത്. “ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്” എന്നു പൗലോസ് പറഞ്ഞു. (എബ്രാ. 8:5; 9:9) അതിൽനിന്ന്, അദ്ദേഹം എബ്രായക്രിസ്ത്യാനികൾക്ക് അത് എഴുതിയ സമയമായപ്പോഴേക്കും ആ ആത്മീയാലയം നിലവിൽ വന്നിരുന്നു എന്നു മനസ്സിലാക്കാം. എ.ഡി. 29-ൽ യേശു സ്നാനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തപ്പോഴാണ് ആ ആത്മീയാലയം നിലവിൽ വന്നത്. അന്നുമുതൽ യേശു ശ്രേഷ്ഠനായ ഒരു ‘മഹാപുരോഹിതനായി’ ആത്മീയാലയത്തിൽ സേവിക്കാനും തുടങ്ങി.c—എബ്രാ. 4:14; പ്രവൃ. 10:37, 38.
മഹാപുരോഹിതൻ
8-9. എബ്രായർ 7:23-27 പറയുന്നതുപോലെ ഇസ്രായേലിലെ മഹാപുരോഹിതന്മാരും ശ്രേഷ്ഠ മഹാപുരോഹിതനായ യേശുക്രിസ്തുവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം എന്താണ്?
8 നിഴൽ. ജനങ്ങൾക്കുവേണ്ടി ദൈവത്തെ സമീപിക്കാൻ അധികാരമുണ്ടായിരുന്നതു മഹാപുരോഹിതനായിരുന്നു. വിശുദ്ധകൂടാരത്തിന്റെ സമർപ്പണസമയത്ത് യഹോവയാണ് ഇസ്രായേൽ ജനത്തിന്റെ ആദ്യ മഹാപുരോഹിതനായി അഹരോനെ നിയമിച്ചത്. എന്നാൽ ‘എന്നും പുരോഹിതനായിരിക്കാൻ മരണം ആരെയും അനുവദിക്കാഞ്ഞതുകൊണ്ട് പലരും ഒന്നിനു പുറകേ ഒന്നായി ആ സ്ഥാനത്ത് വരേണ്ടിവന്നു’ എന്നു പൗലോസ് വിശദീകരിച്ചു.d (എബ്രായർ 7:23-27 വായിക്കുക.) മാത്രമല്ല, അപൂർണ മനുഷ്യരായിരുന്നതുകൊണ്ട് ആ മഹാപുരോഹിതന്മാർക്കു സ്വന്തം പാപങ്ങൾക്കുവേണ്ടിയും യാഗങ്ങൾ അർപ്പിക്കേണ്ടിവന്നു. എന്നാൽ ഈ കാര്യങ്ങളിൽ ഇസ്രായേലിലെ മഹാപുരോഹിതന്മാരും ശ്രേഷ്ഠനായ മഹാപുരോഹിതനായ യേശുക്രിസ്തുവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
9 യാഥാർഥ്യം. യേശുക്രിസ്തു ‘സത്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്ന ഒരു മഹാപുരോഹിതനാണ്. ആ കൂടാരം നിർമിച്ചതു മനുഷ്യനല്ല, യഹോവയാണ്.’ (എബ്രാ. 8:1, 2) “യേശു എന്നും ജീവിക്കുന്നതുകൊണ്ട് യേശുവിന്റെ പൗരോഹിത്യത്തിനു പിന്തുടർച്ചക്കാരില്ല” എന്നു പൗലോസ് വിശദീകരിച്ചു. യേശു ‘നിർമലനും പാപികളിൽനിന്ന് വ്യത്യസ്തനും’ ആണെന്നും ഇസ്രായേലിലെ മഹാപുരോഹിതന്മാരെപ്പോലെ യേശുവിനു സ്വന്തം പാപങ്ങൾക്കുവേണ്ടി ‘ദിവസവും ബലി അർപ്പിക്കേണ്ട ആവശ്യമില്ല’ എന്നും പൗലോസ് കൂട്ടിച്ചേർത്തു. ഇനി, ഇസ്രായേലിലെ യാഗപീഠവും ബലിയും ആത്മീയാലയത്തിലെ യാഗപീഠവും ബലിയും തമ്മിലുള്ള വ്യത്യാസം നോക്കാം.
യാഗപീഠങ്ങളും ബലികളും
10. ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ അർപ്പിച്ചിരുന്ന ബലികൾ എന്തിന്റെ നിഴലായിരുന്നു?
10 നിഴൽ. യഹോവയ്ക്കുവേണ്ടി മൃഗങ്ങളെ ബലി അർപ്പിക്കാനുള്ള ചെമ്പുകൊണ്ടുള്ള ഒരു യാഗപീഠം വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ, വെളിയിലുണ്ടായിരുന്നു. (പുറ. 27:1, 2; 40:29) എന്നാൽ മനുഷ്യരുടെ പാപങ്ങൾ പൂർണമായി ക്ഷമിച്ചുകിട്ടാൻ ആ ബലികൾ പോരായിരുന്നു. (എബ്രാ. 10:1-4) വിശുദ്ധകൂടാരത്തിൽ വീണ്ടുംവീണ്ടും അർപ്പിച്ചിരുന്ന ആ മൃഗബലികൾ, മനുഷ്യന്റെ പാപങ്ങൾ പൂർണമായി മോചിപ്പിക്കുമായിരുന്ന ഒരു ബലിയുടെ നിഴൽ മാത്രമായിരുന്നു.
11. യേശു തന്നെത്തന്നെ അർപ്പിച്ചത് ഏതു യാഗപീഠത്തിലാണ്? (എബ്രായർ 10:5-7, 10)
11 യാഥാർഥ്യം. മുഴു മനുഷ്യകുടുംബത്തിനുംവേണ്ടി തന്റെ മനുഷ്യജീവൻ ഒരു ബലിയായി അർപ്പിക്കാനാണു തന്നെ യഹോവ ഭൂമിയിലേക്ക് അയച്ചതെന്നു യേശുവിന് അറിയാമായിരുന്നു. (മത്താ. 20:28) അതുകൊണ്ട് സ്നാനസമയത്ത് യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനുവേണ്ടി യേശു തന്നെത്തന്നെ വിട്ടുകൊടുത്തു. (യോഹ. 6:38; ഗലാ. 1:4) യേശു തന്നെത്തന്നെ അർപ്പിച്ചതു മനുഷ്യൻ നിർമിച്ച ഒരു യാഗപീഠത്തിലല്ല, മറിച്ച് യഹോവയുടെ ‘ഇഷ്ടമാകുന്ന’ ഒരു ആലങ്കാരിക യാഗപീഠത്തിലാണ്. യേശു തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലിയായി അർപ്പിക്കുക എന്നതായിരുന്നു യഹോവയുടെ ആ “ഇഷ്ടം.” അങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പാപങ്ങൾ പൂർണമായി മോചിച്ചുകിട്ടാൻ യേശു എല്ലാ കാലത്തേക്കുംവേണ്ടി “ഒരിക്കലായിട്ട്” തന്റെ ജീവൻ ബലിയർപ്പിച്ചു. (എബ്രായർ 10:5-7, 10 വായിക്കുക.) അടുത്തതായി വിശുദ്ധകൂടാരത്തിന്റെ ഉള്ളിലുള്ള ചില കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നോക്കാം.
വിശുദ്ധസ്ഥലം, അതിവിശുദ്ധം
12. വിശുദ്ധകൂടാരത്തിന്റെ ഓരോ ഭാഗത്തും ആർക്കൊക്കെ പ്രവേശിക്കാനാകുമായിരുന്നു?
12 നിഴൽ. വിശുദ്ധകൂടാരത്തിനും യരുശലേമിൽ പിന്നീട് പണിത ആലയങ്ങൾക്കും ഒരുപാടു സമാനതകളുണ്ടായിരുന്നു. അവയുടെ ഉള്ളിൽ രണ്ടു ഭാഗങ്ങളുണ്ടായിരുന്നു: ‘വിശുദ്ധസ്ഥലവും അതിവിശുദ്ധവും.’ അവ തമ്മിൽ ചിത്രപ്പണികളുള്ള തിരശ്ശീലകൊണ്ട് വേർതിരിച്ചിരുന്നു. (എബ്രാ. 9:2-5; പുറ. 26:31-33) വിശുദ്ധസ്ഥലത്ത് സ്വർണംകൊണ്ടുള്ള ഒരു തണ്ടുവിളക്കും സുഗന്ധക്കൂട്ട് കത്തിക്കാനുള്ള ഒരു യാഗപീഠവും കാഴ്ചയപ്പം വെക്കാനുള്ള ഒരു മേശയും ഉണ്ടായിരുന്നു. ‘അഭിഷിക്തപുരോഹിതന്മാർക്കു’ മാത്രമേ വിശുദ്ധസ്ഥലത്ത് പുരോഹിതകർമങ്ങൾ നിർവഹിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. (സംഖ്യ 3:3, 7, 10) അതിവിശുദ്ധസ്ഥലത്ത് യഹോവയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന സ്വർണം പൊതിഞ്ഞ ഉടമ്പടിപ്പെട്ടകമുണ്ടായിരുന്നു. (പുറ. 25:21, 22) തിരശ്ശീലയ്ക്ക് അപ്പുറത്തുള്ള അതിവിശുദ്ധത്തിൽ പ്രവേശിക്കാൻ മഹാപുരോഹിതനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അദ്ദേഹം വർഷത്തിലൊരിക്കൽ പാപപരിഹാരദിവസമാണ് അതിൽ പ്രവേശിച്ചിരുന്നത്. (ലേവ്യ 16:2, 17) ഓരോ വർഷവും അദ്ദേഹം തന്റെതന്നെയും മുഴുജനതയുടെയും പാപപരിഹാരത്തിനായി മൃഗങ്ങളുടെ രക്തവുംകൊണ്ട് അവിടെ പ്രവേശിക്കുമായിരുന്നു. പിന്നീട് യഹോവ ഇവയുടെയെല്ലാം ശരിക്കുള്ള അർഥം എന്താണെന്നു പരിശുദ്ധാത്മാവിലൂടെ നമുക്കു വെളിപ്പെടുത്തിത്തന്നു.—എബ്രാ. 9:6-8.e
13. വിശുദ്ധകൂടാരത്തിലെ വിശുദ്ധസ്ഥലവും അതിവിശുദ്ധവും എന്തിനെയാണ് അർഥമാക്കുന്നത്?
13 യാഥാർഥ്യം. ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ കുറച്ച് പേർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അവർ യഹോവയുമായുള്ള ഒരു പ്രത്യേകബന്ധത്തിലേക്കു വരുകയും ചെയ്തിരിക്കുന്നു. ആ 1,44,000 പേർ യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിതന്മാരായി സേവിക്കാനുള്ളവരാണ്. (വെളി. 1:6; 14:1) അവർ ഭൂമിയിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് തന്റെ സ്വന്തം പുത്രന്മാരായി ദത്തെടുക്കുന്നു. യഹോവയുമായി അവർക്കുള്ള ഈ പ്രത്യേകബന്ധത്തെയാണു വിശുദ്ധകൂടാരത്തിലെ വിശുദ്ധസ്ഥലം സൂചിപ്പിക്കുന്നത്. (റോമ. 8:15-17) ഇനി, വിശുദ്ധകൂടാരത്തിലെ അതിവിശുദ്ധം സൂചിപ്പിക്കുന്നത് യഹോവയുടെ വാസസ്ഥലമായ സ്വർഗത്തെയാണ്. വിശുദ്ധകൂടാരത്തിലെ ഈ രണ്ടു ഭാഗങ്ങളെ വേർതിരിക്കുന്ന “തിരശ്ശീല” അർഥമാക്കുന്നത് യേശുവിന്റെ മനുഷ്യശരീരത്തെയാണ്. മനുഷ്യശരീരത്തിൽ ആയിരിക്കുന്നിടത്തോളം കാലം യേശുവിന് ആത്മീയാലയത്തിന്റെ ശ്രേഷ്ഠനായ മഹാപുരോഹിതൻ എന്ന നിലയിൽ സ്വർഗത്തിലേക്കു പ്രവേശിക്കാനാകുമായിരുന്നില്ല. മുഴു മനുഷ്യകുടുംബത്തിനുംവേണ്ടി യേശു തന്റെ ശരീരം ഒരു ബലിയായി അർപ്പിച്ചതിലൂടെ എല്ലാ അഭിഷിക്തക്രിസ്ത്യാനികൾക്കും സ്വർഗീയജീവൻ നേടാനുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു. സ്വർഗീയജീവൻ കിട്ടാൻ അവരും തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിക്കേണ്ടതുണ്ട്. (എബ്രാ. 10:19, 20; 1 കൊരി. 15:50) യേശു പുനരുത്ഥാനപ്പെട്ടശേഷം ആത്മീയാലയത്തിലെ അതിവിശുദ്ധത്തിലേക്കു പ്രവേശിച്ചു. ഒടുവിൽ എല്ലാ അഭിഷിക്തരും അവിടെ യേശുവിനോടൊപ്പം ചേരും.
14. എബ്രായർ 9:12, 24-26 പറയുന്നതനുസരിച്ച് യഹോവയുടെ ആത്മീയാലയ ക്രമീകരണം ഏറ്റവും ശ്രേഷ്ഠമാണെന്നു പറയുന്നത് എന്തുകൊണ്ട്?
14 യേശുക്രിസ്തുവിന്റെ ബലിമരണത്തിന്റെയും പൗരോഹിത്യത്തിന്റെയും അടിസ്ഥാനത്തിൽ ശുദ്ധാരാധനയ്ക്കുവേണ്ടി യഹോവ ചെയ്തിരിക്കുന്ന ക്രമീകരണം ശരിക്കും ശ്രേഷ്ഠമാണ്! ഇസ്രായേല്യ മഹാപുരോഹിതൻ മനുഷ്യനിർമിതമായ കൂടാരത്തിന്റെ അതിവിശുദ്ധത്തിലേക്കാണു പ്രവേശിച്ചത്. അദ്ദേഹം മൃഗബലിയുടെ രക്തവുമായാണ് അതിവിശുദ്ധത്തിലേക്കു കടന്നിരുന്നത്. എന്നാൽ യേശു ഏറ്റവും അതിവിശുദ്ധസ്ഥലമായ “സ്വർഗത്തിലേക്കുതന്നെയാണു” പ്രവേശിച്ചത്, യഹോവയുടെ സന്നിധിയിലേക്ക്. “സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് പാപത്തെ ഇല്ലാതാക്കാൻ” യേശു തന്റെ പൂർണതയുള്ള മനുഷ്യജീവന്റെ മൂല്യമാണു ദൈവമുമ്പാകെ സമർപ്പിച്ചത്. (എബ്രായർ 9:12, 24-26 വായിക്കുക.) യേശുവിന്റെ ബലിയിലൂടെ മാത്രമാണു നമ്മുടെ പാപങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കാനാകുന്നത്. ഇനി നമ്മൾ പഠിക്കാൻ പോകുന്നതു നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനാണെങ്കിലും ഭൂമിയിൽ ജീവിക്കാനാണെങ്കിലും എല്ലാവർക്കും യഹോവയെ ആത്മീയാലയത്തിൽ ആരാധിക്കാനാകും എന്നതിനെക്കുറിച്ചാണ്.
മുറ്റങ്ങൾ
15. വിശുദ്ധകൂടാരത്തിന്റെ മുറ്റത്ത് ശുശ്രൂഷ ചെയ്തിരുന്നത് ആരാണ്?
15 നിഴൽ. വിശുദ്ധകൂടാരത്തിന് ഒരു മുറ്റമുണ്ടായിരുന്നു. ചുറ്റും വേലികെട്ടി തിരിച്ച, വിശാലമായ ഒരു സ്ഥലമായിരുന്നു അത്. അവിടെയാണു പുരോഹിതന്മാർ തങ്ങളുടെ ജോലികൾ ചെയ്തിരുന്നത്. ദഹനയാഗം അർപ്പിച്ചിരുന്ന ചെമ്പുകൊണ്ടുള്ള ഒരു യാഗപീഠം അവിടെയുണ്ടായിരുന്നു. കൂടാതെ, ശുശ്രൂഷ ചെയ്യുന്നതിനു മുമ്പ് പുരോഹിതന്മാർക്കു കൈകാലുകൾ കഴുകാനുള്ള വെള്ളം വെച്ചിരുന്ന ചെമ്പുപാത്രവും അതിന് അടുത്തുണ്ടായിരുന്നു. (പുറ. 30:17-20; 40:6-8) പിന്നീടു പണിത ദേവാലയങ്ങളിൽ പുറത്തെ മുറ്റവുമുണ്ടായിരുന്നു. പുരോഹിതന്മാരല്ലാത്തവർക്കും അവിടെ വരാനും ദൈവത്തെ ആരാധിക്കാനും കഴിയുമായിരുന്നു.
16. ആത്മീയാലയത്തിന്റെ മുറ്റങ്ങളിൽ ഇന്ന് യഹോവയെ സേവിക്കുന്നത് ആരൊക്കെയാണ്?
16 യാഥാർഥ്യം. യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിതന്മാരായി സേവിക്കാൻ പോകുന്നതിനു മുമ്പ് അഭിഷിക്തരിൽ ബാക്കിയുള്ളവർ ഭൂമിയിൽ ആത്മീയാലയത്തിന്റെ അകത്തെ മുറ്റത്ത് യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. വിശുദ്ധകൂടാരത്തിലും ദേവാലയങ്ങളിലും ഉണ്ടായിരുന്ന ആ വലിയ പാത്രത്തിലെ വെള്ളം അവരെയും എല്ലാ ക്രിസ്ത്യാനികളെയും ഒരു കാര്യം ഓർമിപ്പിക്കുന്നു: ധാർമികമായും ആത്മീയമായും ശുദ്ധരായിരിക്കുന്നതു പ്രധാനമാണെന്ന കാര്യം. അങ്ങനെയെങ്കിൽ ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുന്ന “മഹാപുരുഷാരം” എവിടെയാണ് ആരാധന നടത്തുന്നത്? അവർ ‘സിംഹാസനത്തിനു മുന്നിൽ’ നിൽക്കുന്നതും “രാപ്പകൽ ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസേവനം അനുഷ്ഠിക്കുന്നതും” അപ്പോസ്തലനായ യോഹന്നാൻ കണ്ടു. ഇന്നു മഹാപുരുഷാരം അതു ചെയ്യുന്നത് ഇവിടെ ഭൂമിയിൽ ആത്മീയാലയത്തിന്റെ പുറത്തെ മുറ്റത്താണ്. (വെളി. 7:9, 13-15) തന്റെ മഹത്തായ ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാൻ വിലപ്പെട്ട ഒരു അവസരം തന്നതിൽ യഹോവയോടു നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം!
യഹോവയെ ആരാധിക്കാനുള്ള മഹത്തായ അവസരം
17. യഹോവയ്ക്ക് എന്തെല്ലാം ബലികൾ അർപ്പിക്കാനുള്ള അവസരമാണു നമുക്കുള്ളത്?
17 ഇന്ന് എല്ലാ ക്രിസ്ത്യാനികൾക്കും തങ്ങളുടെ സമയവും ഊർജവും വസ്തുവകകളും ഉപയോഗിച്ചുകൊണ്ട് യഹോവയെ ആരാധിക്കാനുള്ള അവസരമുണ്ട്. അപ്പോസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികളോടു പറഞ്ഞതുപോലെ “ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അധരഫലം, അതായത് സ്തുതികളാകുന്ന ബലി, യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.” (എബ്രാ. 13:15) ദൈവസേവനത്തിൽ നമ്മുടെ പരമാവധി ചെയ്തുകൊണ്ട് യഹോവയെ ആരാധിക്കാൻ കിട്ടിയിരിക്കുന്ന അവസരത്തിനു നന്ദിയുള്ളവരാണെന്നു നമുക്കു തെളിയിക്കാം.
18. എബ്രായർ 10:22-25 പറയുന്നതനുസരിച്ച് ഏതൊക്കെ കാര്യങ്ങൾ നമ്മൾ എപ്പോഴും ചെയ്യണം, ഏതു കാര്യങ്ങൾ ഒരിക്കലും മറക്കരുത്?
18 എബ്രായർ 10:22-25 വായിക്കുക. എബ്രായർക്ക് എഴുതിയ കത്തിന്റെ അവസാനഭാഗത്ത് പൗലോസ്, യഹോവയെ ആരാധിക്കുന്നതിനോടു ബന്ധപ്പെട്ട് നമ്മൾ എപ്പോഴും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് എഴുതി. ഈ കാര്യങ്ങളിൽ ഉൾപ്പെടുന്നതാണ് യഹോവയോടു പ്രാർഥിക്കുന്നതും നമ്മുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതും മീറ്റിങ്ങുകൾക്കു കൂടിവരുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒക്കെ. യഹോവയുടെ ദിവസം “അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.” വെളിപാടു പുസ്തകത്തിന്റെ അവസാനത്തിൽ യഹോവയുടെ ദൂതൻ ‘ദൈവത്തെ ആരാധിക്കുക!’ എന്നു രണ്ടു പ്രാവശ്യം പറയുന്നതു കാണാം. യഹോവയെ ആരാധിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനാണു ദൂതൻ അങ്ങനെ ചെയ്തത്. (വെളി. 19:10; 22:9) യഹോവയുടെ ആത്മീയാലയത്തെക്കുറിച്ച് എത്ര ആഴമേറിയ സത്യങ്ങളാണു നമ്മൾ മനസ്സിലാക്കിയതെന്നും മഹാദൈവമായ യഹോവയെ ആരാധിക്കാൻ എത്ര നല്ല അവസരമാണു നമുക്കു കിട്ടിയിരിക്കുന്നതെന്നും ഒരിക്കലും മറക്കാതിരിക്കാം.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചു തരേണമേ
a യഹോവയുടെ മഹത്തായ ആത്മീയാലയത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ ആഴത്തിൽ പഠിക്കേണ്ട ഒരു വിഷയമാണ്. ഏതാണ് ആ ആലയം? എബ്രായർ എന്ന ബൈബിൾപുസ്തകത്തിൽ ഈ ആലയത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോവയെ ആരാധിക്കാൻ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന അവസരത്തെ വിലയേറിയതായി കാണാൻ ഈ പഠനം സഹായിക്കട്ടെ.
b എബ്രായർ എന്ന പുസ്തകത്തിൽ എന്താണുള്ളതെന്നു ചുരുക്കമായി അറിയാൻ jw.org-ൽ എബ്രായർ—ആമുഖം എന്ന വീഡിയോ കാണുക.
c ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ എബ്രായർ എന്ന പുസ്തകത്തിൽ മാത്രമേ യേശുവിനെക്കുറിച്ച് മഹാപുരോഹിതൻ എന്നു പറഞ്ഞിട്ടുള്ളൂ.
d എ.ഡി. 70-ൽ യരുശലേം നശിപ്പിക്കപ്പെടുന്നതുവരെയുള്ള കാലത്ത് ഇസ്രായേലിൽ 84 മഹാപുരോഹിതന്മാരെങ്കിലും ഉണ്ടായിരുന്നതായി ഒരു പുസ്തകം പറയുന്നു.
e പാപപരിഹാരദിവസം മഹാപുരോഹിതൻ ചെയ്തിരുന്ന കാര്യങ്ങളുടെ അർഥം മനസ്സിലാക്കാൻ jw.org-ൽ വിശുദ്ധകൂടാരം (ഇംഗ്ലീഷ്) എന്ന വീഡിയോ കാണുക.
g 2010 ജൂലൈ 15 ലക്കം വീക്ഷാഗോപുരം, പേ. 22-ലെ “ആത്മീയ ആലയത്തിന്റെ അർഥം ആത്മാവു വെളിപ്പെടുത്തിയ വിധം” എന്ന ചതുരം കാണുക.