ലൈംഗികോപദ്രവം—ഒരു ആഗോള പ്രശ്നം
റീനാ വീക്ക്സ് എന്ന ഒരു യുവ സെക്രട്ടറിക്ക് ഉദ്യോഗം ഒരു പേടിസ്വപ്നമായിത്തീർന്നു. അവൾക്കു ജോലി നൽകിയിരുന്ന നിയമ സ്ഥാപനത്തിന് ഒരു പ്രശസ്തമായ പേരും രണ്ടു ഡസനിലധികം രാജ്യങ്ങളിൽ ഓഫീസുകളും ഉണ്ടായിരുന്നു എന്നതു സത്യം തന്നെ. എന്നാൽ അവൾ അവകാശപ്പെടുന്നതനുസരിച്ച്, തന്നെ കടന്നുപിടിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതു നിറുത്താത്ത ഒരു പുരുഷനുവേണ്ടി അവൾ ജോലി ചെയ്തു. അവമതിക്കുന്ന അതിക്രമങ്ങളോടൊപ്പം ഇടയ്ക്കിടെ അശ്ലീലമായ, അന്തസില്ലാത്ത സംസാരവും ഉണ്ടായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഇത്തരം സാഹചര്യങ്ങളിലുള്ള സ്ത്രീകൾക്ക് ഒരുപക്ഷേ ജോലി ഉപേക്ഷിക്കുക എന്നതല്ലാതെ നിർവാഹമൊന്നും ഇല്ലായിരുന്നു. ‘അയാൾക്കെതിരായുള്ള അവളുടെ പ്രസ്താവന’യെ മാനേജ്മെൻറ് തെളിവില്ലാത്തതായി കണ്ടെത്തുമായിരുന്നു. സ്ത്രീയുടെ പക്ഷം വിശ്വസിക്കാൻ ചായ്വുള്ളവർപോലും, ‘ഇതിലെന്താ ഇത്ര കാര്യം?’ എന്നു പറഞ്ഞുകൊണ്ടു പ്രശ്നത്തെ സാധ്യതയനുസരിച്ചു നിസ്സാരമായി തള്ളിക്കളയുമായിരുന്നു. പക്ഷേ കാലം മാറിയിരിക്കുന്നു. റീനാ വീക്ക്സ് കേവലം രോഷാകുലയാകുകയും നിർത്തുകയും ചെയ്യുന്നതിൽ അധികം ചെയ്തു. അവൾ നിയമ നടപടി സ്വീകരിച്ചു
ഒരു യു.എസ്. ന്യായാധിപസംഘം അവളുടെ മുൻ മേലധികാരിയിൽനിന്നു ശിക്ഷാ തുകയായി 2,25,000 ഡോളറും, അതോടൊപ്പം അവളുടെ വൈകാരിക ക്ലേശത്തിനു നഷ്ടപരിഹാരമായി 50,000 ഡോളറും വിധിച്ചു. എന്നിട്ട്, ലോകത്തെമ്പാടുമുള്ള വ്യാപാരങ്ങളുടെയും നിയമ സ്ഥാപനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റിയ ഒരു നീക്കത്തിൽ, പ്രസ്തുത പ്രശ്നം തിരുത്താൻ പരാജയപ്പെട്ടതിന് ആ നിയമ സ്ഥാപനത്തോട്, അത്യന്തം വലിയൊരു തുകയായ 69 ലക്ഷം ഡോളർ ശിക്ഷാ തുകയായി നൽകാൻ ജഡ്ജി ഉത്തരവിട്ടു!
വീക്ക്സിന്റെ കേസ് യാതൊരുപ്രകാരത്തിലും ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തകാലത്തെ മറ്റൊരു വ്യവഹാരത്തിൽ, കിഴിവ് അനുവദിക്കുന്ന കടകളുടെ ഒരു ദേശീയ (യു.എസ്.) ശൃംഖല ഉൾപ്പെട്ടിരുന്നു. തന്റെ സൂപ്പർവൈസർ തന്നോട് ഒട്ടേറെ അശ്ലീല ലൈംഗിക പരാമർശനങ്ങൾ നടത്തിയെന്നു പെഗ്ഗി കിംസി എന്ന ജോലിക്കാരി വാദിച്ചു. 1993-ൽ പെഗ്ഗി കിംസി തന്റെ ജോലി രാജിവച്ചിട്ടു ഹർജികൊടുത്തു. നഷ്ടപ്പെട്ട വേതനമായി 1 പ്രതീകാത്മക ഡോളറോടൊപ്പം അവമാനത്തിനും മനോവ്യഥയ്ക്കുമായി 35,000 ഡോളർ അവൾക്കു പാരിതോഷികം ലഭിച്ചു. പ്രസ്തുത ഉപദ്രവം അനുവദിക്കുകവഴി അവളുടെ മുൻ തൊഴിലുടമ ഒരു ശത്രുതാപരമായ തൊഴിൽ സാഹചര്യം സൃഷ്ടിച്ചെന്നും ജഡ്ജി തീരുമാനിച്ചു. ശിക്ഷയോ? അഞ്ചു കോടി ഡോളർ നഷ്ടപരിഹാരം!
മെൻസ് ഹെൽത്ത് മാഗസിൻ ഇപ്രകാരം പറയുന്നു: “ലൈംഗികോപദ്രവ കേസുകൾ ബാക്ടീരിയായെപ്പോലെ പെരുകിക്കൊണ്ടിരിക്കുന്നു. 1990-ൽ ഇഇഒസി [തുല്യ തൊഴിലവസര കമ്മീഷൻ] അത്തരം 6,127 പരാതികൾ കൈകാര്യം ചെയ്തു; കഴിഞ്ഞ വർഷത്തോടെ [1993] വാർഷിക മൊത്തം ഏതാണ്ട് ഇരട്ടി, 11,908 ആയി.”
ശക്തിയുടെ ദുരുപയോഗം
അതിശയകരമാംവണ്ണം ഉയർന്ന ന്യായാധിപ പാരിതോഷികങ്ങൾ തലക്കെട്ടുകൾ പിടിച്ചെടുക്കുമ്പോൾതന്നെ, ഏതാനും കേസുകൾ മാത്രമേ എന്നെങ്കിലും കോടതിമുറിയിൽ എത്തുന്നുള്ളൂ എന്നതാണു സത്യം. ഭൂരിഭാഗം ബലിയാടുകളും തങ്ങളുടെ അവമാനം നിശ്ശബ്ദമായി സഹിക്കുന്നു. ഓഫീസുകളിലും തെരുവുകളിലും ബസുകളിലും ഉച്ചഭക്ഷണ ശാലകളിലും ഫാക്ടറികളിലും നടക്കുന്ന ശക്തിയുടെയും ഭയപ്പെടുത്തലിന്റെയും നിന്ദ്യമായ കളിയിലെ ചതുരംഗ-കാലാളുകളാണ് അവർ. ചിലപ്പോൾ ലൈംഗികബന്ധത്തിനായി നേരിട്ടുള്ള ബലപ്രയോഗമുണ്ട്. എന്നാൽ മിക്കപ്പോഴും, അനിഷ്ടകരമായ അല്ലെങ്കിൽ അനുചിതമായ സ്പർശനം, അസഭ്യ പരാമർശനങ്ങൾ, കാമാസക്ത നോട്ടം തുടങ്ങിയ മൃദുവായ, എന്നാൽ നിർലജ്ജമായി കുറ്റകരമായ പ്രവൃത്തികളാണു പ്രസ്തുത ഉപദ്രവങ്ങളിൽ ഉൾപ്പെടുന്നത്.
വിപരീത ലിംഗവർഗത്തിൽ പെട്ടവരുടെ ശ്രദ്ധയാകർഷിക്കാനുള്ള ചില പുരുഷൻമാരുടെ ഭാഗത്തെ കേവലം വിലക്ഷണമായ ഒരു ശ്രമമാണ് അത്തരം പെരുമാറ്റം എന്നു വാദിച്ചുകൊണ്ട് അതിനെ ഉപദ്രവമെന്നു വിളിക്കുന്നതിനെ ചിലർ നിരാകരിക്കുന്നുവെന്നതു സത്യംതന്നെ. എന്നാൽ എഴുത്തുകാരിയായ മാർത്താ ലാൻഗെലൻ പോലെ, അനേകർ പ്രസ്തുത കുറ്റകരമായ പെരുമാറ്റത്തിന് ഒഴിവുകഴിവു കണ്ടെത്താനുള്ള അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നു. അവർ ഇപ്രകാരം എഴുതുന്നു: “ഇതു വൈകൃത കോർട്ട്ഷിപ്പോ മര്യാദയില്ലാത്ത കോർട്ട്ഷിപ്പോ തമാശക്കുള്ള കോർട്ട്ഷിപ്പോ ‘തെറ്റിദ്ധരിക്കപ്പെട്ട’ കോർട്ട്ഷിപ്പോ അല്ല. ഇതു സ്ത്രീകളെ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതല്ല; പൂർണമായും മറ്റൊരു പ്രവർത്തനത്തിന് ഉപകരിക്കുന്ന പെരുമാറ്റമാണിത്. ലൈംഗികോപദ്രവം ബലാൽസംഗംപോലെ സ്ത്രീകളെ ശക്തിപ്രയോഗിച്ചു കീഴടക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അവരെ ആകർഷിക്കാനുള്ളതല്ല. . . . [ഇത്] ശക്തിയുടെ ഒരു പ്രകടനമാണ്.” അതേ, മിക്കപ്പോഴും ഇത്തരം ദുഷ്പെരുമാറ്റം ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം’ പ്രയോഗിച്ചിരിക്കുന്ന മറ്റൊരു മാർഗം മാത്രമാണ്.—സഭാപ്രസംഗി 8:9; സഭാപ്രസംഗി 4:1 താരതമ്യം ചെയ്യുക.
ലൈംഗികോപദ്രവത്തോടു സ്ത്രീകൾ ഉല്ലാസത്തോടെയല്ല പ്രത്യുത വെറുപ്പും കോപവും മുതൽ വിഷാദവും അവമാനവും വരെയുള്ള വികാരങ്ങളോടെയാണ് പ്രതികരിക്കുന്നത്. ഇരയാക്കപ്പെട്ട ഒരുവൾ ഓർമിക്കുന്നു: “ആ സാഹചര്യം എന്നെ നശിപ്പിച്ചു. എനിക്ക് എന്റെ ആശ്രയത്വം, എന്റെ ആത്മവിശ്വാസം, എന്റെ ആത്മാഭിമാനം, എന്റെ തൊഴിൽ മോഹങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ടു. എന്റെ വ്യക്തിത്വത്തിന് തീവ്രമായ മാറ്റംഭവിച്ചു. ഞാൻ എപ്പോഴും സന്തോഷമുള്ളവളായിരുന്നു. ഞാൻ പരുഷയും ഒറ്റപ്പെട്ടവളും ലജ്ജിതയുമായി.” അതിക്രമി തൊഴിലുടമയോ അധികാരത്തിലുള്ള മറ്റാരെങ്കിലുമോ ആകുമ്പോൾ, ഉപദ്രവം പ്രത്യേകിച്ചും ഒരു നിന്ദ്യമായ ഭാവം കൈവരിക്കുന്നു.
അപ്പോൾ, കോടതി കുറ്റക്കാരെ ശിക്ഷിക്കാനും ഉപദ്രവത്തിനു വിധേയരായവർക്കു നഷ്ടപരിഹാരം നൽകാനും തുടങ്ങിയതിൽ ഒരതിശയവുമില്ല. യു.എസ്. സുപ്രീം കോടതി അത്തരം ദുഷ്പെരുമാറ്റത്തെ പൗരാവകാശങ്ങളുടെ ലംഘനമായി നിർവചിച്ചതു മുതൽ, “ശത്രുതാപരമോ കുറ്റകരമോ” അല്ലാത്ത തൊഴിൽ സാഹചര്യം നിലനിർത്താൻ തൊഴിലുടമകൾ നിയമപരമായി കൂടുതൽ ബാധ്യസ്ഥരായിരിക്കുന്നു.
ലൈംഗികോപദ്രവം അനുവദിച്ചുകൊടുക്കുന്ന കമ്പനികൾക്കു തൊഴിലാളികളുടെ താഴ്ന്ന മനോവീര്യം, ഹാജരാകാതിരിക്കുന്ന പ്രവണതയിലെ ഉയർച്ച, താഴ്ന്ന ഉത്പാദനക്ഷമത, പകരജോലിക്കാരുടെ എണ്ണം വർധിക്കൽ എന്നിവ അനുഭവിക്കേണ്ടിവന്നേക്കാം. ഇരകളായവർ ഹർജിനൽകാൻ തീരുമാനിച്ചാലുള്ള സാമ്പത്തിക നഷ്ടം പറയാനുമില്ല.
എത്ര വ്യാപകം?
ലൈംഗികോപദ്രവം എത്ര വ്യാപകമാണ്? ഐക്യനാടുകളിലെ ജോലിക്കാരായ സ്ത്രീകളിൽ പകുതിയിലധികവും അത് അനുഭവിച്ചിട്ടുണ്ടെന്നു സർവേകൾ സൂചിപ്പിക്കുന്നു. ഒരു പുസ്തകം ഇങ്ങനെ അവകാശപ്പെടുന്നു: “ലൈംഗികോപദ്രവം വിപുലവ്യാപകമായ ഒരു പ്രശ്നമാണ്. വെയ്റ്റ്റസ്സ് മുതൽ കോർപോറേറ്റ് എക്സിക്യൂട്ടീവ് വരെ എല്ലാ തൊഴിലിലുമുള്ള സ്ത്രീകൾക്ക് അതു ഭവിക്കുന്നു. കോർപോറേറ്റ് ഭരണത്തിന്റെ എല്ലാ നിലകളിലും എല്ലാത്തരം വ്യാപാരങ്ങളിലും വ്യവസായങ്ങളിലും അതു സംഭവിക്കുന്നു.” പക്ഷേ പ്രശ്നം ഐക്യനാടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സൂസൻ എൽ. വെബ്ബിനാലുള്ള ഷോക്വേവ്സ്: ദ ഗ്ലോബൽ ഇംപാക്റ്റ് ഓഫ് സെക്ഷ്വൽ ഹരാസ്സ്മെൻറ് (ഇംഗ്ലീഷ്) എന്ന പുസ്തകം പിൻവരുന്ന സ്ഥിതിവിവരക്കണക്കു ഹാജരാക്കുന്നു:a
കാനഡ: “10 സ്ത്രീകളിൽ 4 പേർ ജോലിസ്ഥലത്തു ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതായി റിപ്പോർട്ടുചെയ്തെന്ന് ഒരു സർവേ പ്രകടമാക്കി.”
ജപ്പാൻ: സർവേയോടു “പ്രതികരിച്ച സ്ത്രീകളിൽ 70 ശതമാനം” ജോലിസ്ഥലത്തു ലൈംഗികോപദ്രവം “അനുഭവിച്ചെന്ന് 1991-ആഗസ്ററിലെ ഒരു സർവേ പ്രകടമാക്കി. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയിൽ തങ്ങൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി തൊണ്ണൂറു ശതമാനം പറഞ്ഞു.”
ഓസ്ട്രിയ: “ഏകദേശം 31 ശതമാനം സ്ത്രീകൾ ഗുരുതരമായ ലൈംഗികോപദ്രവ സംഭവങ്ങൾ റിപ്പോർട്ടുചെയ്തതായി 1986-ലെ ഒരു സർവേ കാണിച്ചു.”
ഫ്രാൻസ്: “സർവേയിൽ പങ്കെടുത്ത 1,300 സ്ത്രീകളിൽ 21 ശതമാനം തങ്ങൾ വ്യക്തിപരമായി ലൈംഗികോപദ്രവം അനുഭവിച്ചിട്ടുണ്ടെന്നു പറഞ്ഞെന്ന് 1991-ലെ ഒരു പഠനം കണ്ടെത്തി.”
നെതർലൻഡ്സ്: “[സർവേയോടു] പ്രതികരിക്കുന്ന സ്ത്രീകളിൽ 58 ശതമാനം തങ്ങൾ വ്യക്തിപരമായി ലൈംഗികോപദ്രവം അനുഭവിച്ചിട്ടുണ്ടെന്നു പറഞ്ഞു” എന്ന് ഒരു പഠനം പ്രകടമാക്കി.
കാലത്തിന്റെ ഒരു അടയാളം
ജോലിസ്ഥലത്തെ ലൈംഗികപീഡനവും ഉപദ്രവവും തീർച്ചയായും പുതിയതൊന്നുമല്ല. ബൈബിൾ കാലങ്ങളിൽ പോലും സ്ത്രീകൾ, ചിലപ്പോൾ പുരുഷൻമാരും, ഇത്തരം ദുഷ്പെരുമാറ്റത്തിനു വിധേയരായിട്ടുണ്ട്. (ഉല്പത്തി 39:7, 8; രൂത്ത് 2:8, 9, 15) എന്നാൽ അത്തരം ദുഷ്പെരുമാറ്റം ഇന്നു പ്രത്യേകിച്ചും വിപുലവ്യാപകമാണെന്നു തോന്നുന്നു. എന്തുകൊണ്ടാണ് അങ്ങനെ?
അടുത്ത വർഷങ്ങളിലായി അതിശയകരമാംവണ്ണം വലിയോരുസംഖ്യ സ്ത്രീകൾ തൊഴിൽ കമ്പോളത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നുള്ളതാണ് ഒരു സംഗതി. അതുകൊണ്ടു കൂടുതൽ സ്ത്രീകൾ അത്തരം ദുഷ്പെരുമാറ്റങ്ങൾ സംഭവിക്കാനിടയുള്ള സാഹചര്യങ്ങളിലായിരിക്കുന്നു. എന്നിരുന്നാലും, ഇതിനെക്കുറിച്ചു വളരെ നാളുകൾക്കു മുമ്പു ബൈബിൾ പ്രവചിച്ചിരുന്നുവെന്നതാണു വർധിച്ച പ്രാധാന്യമർഹിക്കുന്നത്: “ഇത് ഓർമിക്കുക! അന്ത്യനാളുകളിൽ ദുർഘടസമയങ്ങൾ ഉണ്ടായിരിക്കും. മനുഷ്യർ സ്വാർത്ഥരും അത്യാഗ്രഹികളും പൊങ്ങച്ചം പറയുന്നവരും അഹങ്കാരികളുമായിരിക്കും; അവർ അവമാനിക്കുന്നവരായിരിക്കും . . . ; അവർ ദയയില്ലാത്തവരും കരുണയില്ലാത്തവരും അപവാദം പറയുന്നവരും അക്രമികളും ഉഗ്രൻമാരുമായിരിക്കും.” (2 തിമോത്തി 3:1-3, ടുഡേസ് ഇംഗ്ലീഷ് വേർഷൻ) ഈ വാക്കുകൾ ഇന്നു നിവർത്തിയേറുന്നു എന്നതിന്റെ വിസ്മയാവഹമായ വെറും ഒരു തെളിവുമാത്രമാണു ലൈംഗികോപദ്രവത്തിന്റെ വ്യാപനം. രസാവഹമായി, മെൻസ് ഹെൽത്ത് മാഗസിനിലെ ഒരു ലേഖനം, “ലൈംഗികോപദ്രവ പരാതികളുടെ വർധനവിനെ പൊതു നാഗരികത്വത്തിന്റെ അതിശയകരമായ അധഃപതനം അനുചരിച്ചിരിക്കുന്നു. ചീത്ത പെരുമാറ്റരീതികൾ എല്ലായിടത്തുമുണ്ടെ”ന്നു കുറിക്കൊള്ളുന്നു.
1960-കളിൽ ലോകത്ത് അതിവേഗം പടർന്നു പിടിച്ച “നവധാർമികത”യെയും ലൈംഗികോപദ്രവത്തിന്റെ വ്യാപനം പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത ധാർമിക പരിധികളുടെ പിച്ചിച്ചീന്തലിനെ മറ്റുള്ളവരുടെ അവകാശങ്ങളോടും വികാരങ്ങളോടുമുള്ള ഭീതിപ്പെടുത്തുന്ന അനാദരവു പിന്തുടർന്നിരിക്കുന്നു. കാരണങ്ങൾ എന്തുതന്നെയായിരുന്നാലും ലൈംഗികോപദ്രവം ജോലിസ്ഥലത്തെ ഒരു ഭയാനക യാഥാർഥ്യമാണ്. തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനു പുരുഷൻമാർക്കും സ്ത്രീകൾക്കും എന്തുചെയ്യാൻ കഴിയും? ജോലിസ്ഥലം ലൈംഗികോപദ്രവ വിമുക്തമായിരിക്കുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടായിരിക്കുമോ?
[അടിക്കുറിപ്പ്]
a ഗവേഷകർ വ്യത്യസ്ത സർവേരീതികളും ലൈംഗികോപദ്രവത്തിന്റെ വ്യത്യസ്ത നിർവചനങ്ങളും ഉപയോഗിക്കുന്നതിനാൽ സ്ഥിതിവിവരക്കണക്കുകൾ വ്യത്യസ്തമായിരിക്കാനുള്ള പ്രവണതയുണ്ട്.
[4-ാം പേജിലെ ചതുരം]
ലൈംഗികോപദ്രവം—മിഥ്യ യാഥാർഥ്യത്തിനെതിരെ
മിഥ്യ: ലൈംഗികോപദ്രവം അത്യന്തം പെരുപ്പിച്ചു റിപ്പോർട്ടുചെയ്യപ്പെടുന്നു. ഇതു കേവലം മറ്റൊരു ഭ്രമമാണ്, മാധ്യമത്തിന്റെ അതിരുകവിഞ്ഞ പരസ്യപ്പെടുത്തലിന്റെയും ഹിസ്റ്റീരിയായുടെയും ഉത്പന്നം.
യാഥാർഥ്യം: ഇരയാകൽ റിപ്പോർട്ടു ചെയ്യുന്നതിനാൽ പൊതുവിൽ ഒരു സ്ത്രീക്കു നഷ്ടപ്പെടാൻ വളരെയധികവും നേടാൻ വളരെക്കുറച്ചുമാണുള്ളത്. സ്ത്രീകളുടെ ഒരു ന്യൂനപക്ഷം (ഒരു സർവേയനുസരിച്ച് 22 ശതമാനം) മാത്രമേ തങ്ങൾ ഉപദ്രവിക്കപ്പെട്ടെന്ന് എന്നെങ്കിലും ആരോടെങ്കിലും പറയുന്നുള്ളൂ. ഭയം, സംഭ്രമം, ആത്മനിന്ദ, ആശയക്കുഴപ്പം, തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവനിമിത്തം പല സ്ത്രീകളും അതെക്കുറിച്ചു മിണ്ടാറില്ല. അതുകൊണ്ടു പ്രസ്തുത പ്രശ്നം അത്യന്തം കുറച്ചേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ എന്ന് ഒട്ടേറെ വിദഗ്ധർ വിശ്വസിക്കുന്നു!
മിഥ്യ: ശ്രദ്ധ ലഭിക്കുന്നതു മിക്ക സ്ത്രീകളും ആസ്വദിക്കുന്നു. ഉപദ്രവിക്കപ്പെട്ടെന്ന് അവകാശപ്പെടുന്ന സ്ത്രീകൾ വെറും അതിസൂക്ഷ്മവേദികളാണ്.
യാഥാർഥ്യം: അത്തരം പരുഷമായ പെരുമാറ്റം സ്ത്രീകൾ വെറുക്കുന്നുവെന്നു സർവേകൾ സ്ഥിരമായി പ്രകടമാക്കുന്നു. ഒരു സർവേയിൽ, “സ്ത്രീകളിൽ അഞ്ചിൽ രണ്ടിലധികം തങ്ങൾക്കു വെറുപ്പനുഭവപ്പെട്ടെന്നും മൂന്നിലൊന്ന് തങ്ങൾ കോപിഷ്ഠരായിരുന്നെന്നും പറഞ്ഞു.” മറ്റുള്ളവർ ഉത്കണ്ഠ, മനോവേദന, വിഷാദം ആദിയായവ അനുഭവപ്പെടുന്നതായി റിപ്പോർട്ടു ചെയ്തു.
മിഥ്യ: സ്ത്രീകളുടെ അത്രയും തന്നെ പുരുഷൻമാരും ഇരകളാക്കപ്പെടുന്നു.
യാഥാർഥ്യം: “കണക്കാക്കപ്പെട്ട ലൈംഗികോപദ്രവ കേസുകളിൽ 90 ശതമാനത്തിൽ സ്ത്രീകളെ ഉപദ്രവിച്ച പുരുഷൻമാരാണ് ഉൾപ്പെടുന്നത്, 9 ശതമാനം ഒരേ ലിംഗവർഗത്തിൽപെട്ടരാണ് . . . , ഒരു ശതമാനം മാത്രമാണ് പുരുഷൻമാരെ ഉപദ്രവിച്ച സ്ത്രീകൾ ഉൾപ്പെടുന്നത്” എന്നു നാഷണൽ അസോസിയേഷൻ ഓഫ് വർക്കിങ് വിമണിനു (യു. എസ്.) വേണ്ടിയുള്ള ഗവേഷകർ റിപ്പോർട്ടു ചെയ്യുന്നു.
[5-ാം പേജിലെ ചിത്രം]
ലൈംഗികോപദ്രവം ലൈംഗികതയെക്കുറിച്ചു മാത്രമുള്ളതല്ല