അവരുടെ ലോകം നഷ്ടമായ വിധം
ഐക്യനാടുകളുടെ കഥ അനേക വർഷങ്ങളോളം ഈ മൊഴിയിൽ സംക്ഷേപിക്കപ്പെട്ടിരുന്നു: “പടിഞ്ഞാറൻ നിവാസികൾ ജയിച്ചടക്കപ്പെട്ട വിധം.” ഹോളിവുഡ് ചലച്ചിത്രങ്ങൾ, അമേരിക്കൻ സമതലങ്ങളിലൂടെയും പർവതങ്ങളിലൂടെയും നീങ്ങുന്ന വെള്ളക്കാരായ കുടിയേറ്റക്കാരെ ചിത്രീകരിച്ചു. അവയിൽ, ഉഗ്രതയും കിരാതത്വവും പൂണ്ടവരും മഴു പ്രയോഗം നടത്തുന്നവരുമായ ഇന്ത്യക്കാരോട് ജോൺ വേനിനെപ്പോലെയുള്ള പടയാളികളും ഇടയൻമാരും കുടിയേറ്റക്കാരും പടവെട്ടി. വെള്ളക്കാരൻ ഭൂമിക്കും സ്വർണത്തിനുമായി തിരച്ചിൽ നടത്തിയപ്പോൾ ക്രൈസ്തവലോകത്തിലെ ചില പുരോഹിതൻമാരും പ്രസംഗകരും ദേഹികളെ രക്ഷിക്കുന്നതായി സങ്കൽപ്പിക്കപ്പെട്ടു.
ആദിമ നിവാസികളായ, സ്വദേശികളായ അമേരിക്കക്കാരുടെ നിലപാടിൽ ചരിത്രം എങ്ങനെയാണു കാണപ്പെടുന്നത്? യൂറോപ്യൻമാരുടെ വരവോടുകൂടി, ഇന്ത്യക്കാർ “അവർ നേരിട്ടിട്ടുള്ളതിൽവച്ച് ഏറ്റവും അത്യാർത്തിപൂണ്ട ഇരപിടിയൻ—വെള്ളക്കാരായ യൂറോപ്യൻ ആക്രമണകാരികൾ—തങ്ങളുടെ പരിസ്ഥിതിയിലേക്കു വന്നപ്പോൾ അതിനെ നേരിടാൻ നിർബന്ധിതരായിത്തീർന്നു” എന്ന് സ്വദേശികളായ അമേരിക്കക്കാർ—ഒരു സചിത്ര ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു.
പോരാട്ടത്തിലേക്കു നയിച്ച പൊരുത്തം
വടക്കുകിഴക്കൻ അമേരിക്കയിൽ ആദ്യമെത്തിച്ചേർന്ന യൂറോപ്യൻമാരിൽ അനേകരോടും തുടക്കത്തിൽ സ്വദേശികൾ ദയയോടും സഹകരണത്തോടുംകൂടി പെരുമാറി. ഒരു വിവരണം ഇപ്രകാരം പറയുന്നു: “പൗവറ്റാൻമാരുടെ സഹായമില്ലായിരുന്നെങ്കിൽ, പുതിയ ലോകത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്ഥിരകോളനിയായിരുന്ന വെർജിനിയയിലെ ജെയിംസ്ടൗണിലുള്ള ബ്രിട്ടീഷ് അധിവാസം 1607-08-ലെ ആദ്യത്തെ കൊടുംശൈത്യത്തെ അതിജീവിക്കുമായിരുന്നില്ല. അതുപോലെതന്നെ, വാമ്പനോവാഗുകാരുടെ സഹായമില്ലായിരുന്നെങ്കിൽ മസാച്ചുസെറ്റ്സിലെ പ്ലൈമത്തിലെ ഇംഗ്ലീഷ് കോളനി പരാജയമടഞ്ഞേനെ.” മണ്ണിൽ വളമിടേണ്ടതെങ്ങനെയെന്നും വിളകൾ നട്ടുവളർത്തേണ്ടതെങ്ങനെയെന്നും ചില സ്വദേശികൾ കുടിയേറ്റക്കാരെ കാണിച്ചുകൊടുത്തു. ഷൊഷോൺ വർഗത്തിലെ സ്ത്രീയായ സകജവിയയുടെ സഹായവും ഇടപെടലും ഇല്ലായിരുന്നെങ്കിൽ ലൂസിയാനാ പ്രദേശത്തിനും ഒറിഗൺ കൺട്രി എന്ന് വിളിക്കപ്പെട്ടിരുന്നതിനും ഇടയ്ക്ക് പ്രായോഗികമായ ഒരു ഗതാഗത കണ്ണി കണ്ടെത്താനുള്ള ലൂയിയുടെയും ക്ലാർക്കിന്റെയും 1804-06-ലെ പ്രയാണം എത്ര വിജയപ്രദമാകുമായിരുന്നു? ഇന്ത്യക്കാരെ മുഖാമുഖം നേരിട്ടപ്പോൾ അവൾ അവരുടെ “സമാധാന ചിഹ്നം” ആയിരുന്നു.
പക്ഷേ, യൂറോപ്യൻമാർ നിലവും പരിമിതമായ ഭക്ഷ്യ വിഭവങ്ങളും ഉപയോഗിച്ച രീതി നിമിത്തം വടക്കേ അമേരിക്കയിലേക്കുള്ള വൻ കുടിയേറ്റം ആക്രമണകാരികളുടെയും സ്വദേശികളുടെയും ഇടയിൽ പിരിമുറുക്കം സൃഷ്ടിച്ചു. 17-ാം നൂറ്റാണ്ടിൽ മസാച്ചുസെറ്റ്സിൽ 30,000 നരഗാൻസെറ്റുകാർ ഉണ്ടായിരുന്നുവെന്ന് കാനഡയിലെ ചരിത്രകാരനായ ഇയൻ കെ. സ്റ്റീൽ വിശദീകരിക്കുന്നു. “അപകടം മണത്തറിഞ്ഞ” അവരുടെ പ്രമാണി മൈയാന്റൊനോമോ “. . . ഒരു പൊതു അമേരിൻഡ്യൻ പ്രതിരോധ പ്രസ്ഥാനം ആരംഭിക്കാനായി മോഹൊക്ക് ഗോത്രവുമായുള്ള തന്റെ സഖ്യം വിപുലമാക്കാൻ ശ്രമിച്ചു.” അദ്ദേഹം മോൺടൊക്കിനോട് 1642-ൽ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “അവരെപ്പോലെ [ഇംഗ്ലീഷുകാർ] നാമും ഒറ്റക്കെട്ടായിരിക്കണം, അല്ലെങ്കിൽ താമസിയാതെ നമ്മുടെയെല്ലാം കഥ കഴിയും, എന്തെന്നാൽ നിങ്ങൾക്കറിയാമല്ലോ, നമ്മുടെ പിതാക്കൻമാർക്ക് ധാരാളം മാനുകളും മാൻതോലുകളും ഉണ്ടായിരുന്നു, നമ്മുടെ വനങ്ങളിലെപ്പോലെതന്നെ സമതലങ്ങളിലും മാനുകൾ നിറഞ്ഞിരുന്നു, [ടർക്കി കോഴികളും] നിറഞ്ഞിരുന്നു, നമ്മുടെ ഉൾക്കടലുകൾ നിറയെ മത്സ്യങ്ങളും പക്ഷികളും ആയിരുന്നു. എന്നാൽ ഈ ഇംഗ്ലീഷുകാർക്ക് നമ്മുടെ ദേശം കിട്ടിക്കഴിഞ്ഞപ്പോൾ അവർ പുൽവെട്ടികളുപയോഗിച്ച് പുല്ല് അരിഞ്ഞുകളഞ്ഞു, കോടാലികളുപയോഗിച്ച് വൃക്ഷങ്ങൾ വെട്ടിയിട്ടു; അവരുടെ പശുക്കളും കുതിരകളും പുല്ലു തിന്നുന്നു, അവരുടെ പന്നികൾ നമ്മുടെ ചിപ്പി തീരങ്ങൾ നശിപ്പിക്കുന്നു, നമ്മളെല്ലാം പട്ടിണിയാകുകയും ചെയ്യും.”—യുദ്ധപാതകൾ—വടക്കേ അമേരിക്കയുടെ ആക്രമണങ്ങൾ (ഇംഗ്ലീഷ്).
ഒരു ഏകീകൃത സ്വദേശ അമേരിക്കൻ മുന്നണി രൂപീകരിക്കാനുള്ള മൈയാന്റൊനോമോയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. 1643-ൽ ഒരു ഗോത്ര യുദ്ധത്തിൽ മോഹിഗൻ ഗോത്രത്തിലെ പ്രമാണിയായ അൻകസ് അദ്ദേഹത്തെ പിടികൂടുകയും ഒരു വിമതനെന്ന നിലയിൽ ഇംഗ്ലീഷുകാർക്ക് കൈമാറുകയും ചെയ്തു. ഇംഗ്ലീഷുകാർക്ക് നിയമപരമായി മൈയാന്റൊനോമോയിൽ കുറ്റം ആരോപിക്കാനോ അദ്ദേഹത്തെ വധിക്കാനോ കഴിഞ്ഞില്ല. അവർ സൗകര്യപ്രദമായ ഒരു പരിഹാരം കണ്ടുപിടിച്ചു. സ്റ്റീൽ ഇപ്രകാരം തുടരുന്നു: “എല്ലാ കോളനികളുടെയും നിയമപരിധിക്കു വെളിയിലായിരുന്ന [മൈയാന്റൊനോമോയെ] വധിക്കാൻ കഴിയാതെ വന്നപ്പോൾ കമ്മീഷണർമാർ അൻകസിനെക്കൊണ്ട് അദ്ദേഹത്തെ വധിപ്പിച്ചു, അതു നടന്നുവെന്നു തെളിയിക്കാനായി ഇംഗ്ലീഷുകാരായ സാക്ഷികളുടെ സാന്നിധ്യത്തിലാണ് ഇതു നടത്തപ്പെട്ടത്.”
ഇത് ആക്രമിച്ചുകയറുന്ന കുടിയേറ്റക്കാരുടെയും സ്വദേശികളായ ജനങ്ങളുടെയും ഇടയിലുള്ള സ്ഥിരമായ പോരാട്ടങ്ങളെ മാത്രമല്ല, പിന്നെയോ വെള്ളക്കാരൻ വടക്കേ അമേരിക്കയിൽ കാലുകുത്തുന്നതിനു മുമ്പുതന്നെ ഗോത്രങ്ങളുടെയിടയിൽ നടമാടിയിരുന്ന പരസ്പര വിനാശകമായ കിടമത്സരത്തെയും വഞ്ചനയെയും കൂടെ ചിത്രീകരിക്കുന്നു. വടക്കേ അമേരിക്കയിലെ കോളനി ആധിപത്യത്തിനുവേണ്ടി ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർക്കെതിരെ യുദ്ധങ്ങൾ നടത്തിയപ്പോൾ ചില ഗോത്രങ്ങൾ അവരുടെ പക്ഷത്തായിരുന്നു. അതേസമയം മറ്റു ഗോത്രങ്ങൾ ഫ്രഞ്ചുകാർക്കു പിന്തുണ നൽകി. പരാജയമടഞ്ഞത് ഏതു പക്ഷമായാലും ശരി, എല്ലാ ഗോത്രങ്ങളും വലിയ വിലയൊടുക്കി.
“തെറ്റിദ്ധാരണകളുടെ ഒരു വിടവ്”
യൂറോപ്യൻ ആക്രമണത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ഇതാണ്: “ഇന്ത്യൻ ജനതയുടെ നേതാക്കൾ മനസ്സിലാക്കാഞ്ഞ, പലപ്പോഴും വളരെ താമസിച്ചു മാത്രം മനസ്സിലാക്കിയ, സംഗതി യൂറോപ്യൻമാർ ഇന്ത്യക്കാരെ വീക്ഷിച്ച വിധമായിരുന്നു. അവർ വെള്ളക്കാരോ ക്രിസ്ത്യാനികളോ ആയിരുന്നില്ല. പലരുടെയും മനസ്സുകളിൽ അവർ കിരാതരും—കാടരും മൃഗീയരും—അടിമക്കമ്പോളങ്ങൾക്കു വേണ്ടിയുള്ള അപകടകരവും വികാരശൂന്യവുമായ ചരക്കുമായിരുന്നു.” അവരുടെ ഈ ശ്രേഷ്ഠതാ മനോഭാവം ഗോത്രങ്ങൾക്ക് വിനാശക ഫലങ്ങളിൽ കലാശിച്ചു.
യൂറോപ്യൻ വീക്ഷണഗതി സ്വദേശികളായ അമേരിക്കക്കാർക്ക് ദുർഗ്രഹമായിരുന്നു. നാവഹോ വർഗക്കാരനായ ഫിൽമെർ ബ്ലൂഹൗസ് എന്ന ഉപദേഷ്ടാവ് അടുത്തയിടെ ഉണരുക!യുമായി നടന്ന ഒരു അഭിമുഖത്തിൽ “തെറ്റിദ്ധാരണകളുടെ ഒരു വിടവ്” എന്നു വിളിച്ചത് അവിടെയുണ്ടായിരുന്നു. സ്വദേശികൾ തങ്ങളുടെ നാഗരികത്വത്തെ തരംതാഴ്ന്നതായിട്ടല്ല, പിന്നെയോ വ്യത്യസ്തമായി, തീർത്തും വ്യത്യസ്ത മൂല്യങ്ങളോടുകൂടിയ ഒന്നായിട്ടാണു വീക്ഷിച്ചത്. ഉദാഹരണത്തിന്, സ്ഥലം വിൽപ്പന ഇന്ത്യക്കാർക്ക് തീർത്തും അപരിചിതമായ ഒരു സംഗതിയായിരുന്നു. വായുവും കാറ്റും വെള്ളവും നിങ്ങൾക്കു വാങ്ങാനും വിൽക്കാനും കഴിയുമോ? പിന്നെയെന്തിനാണു സ്ഥലം അങ്ങനെചെയ്യുന്നത്? അത് എല്ലാവരുടെയും ഉപയോഗത്തിനുള്ളതായിരുന്നു. അതിനാൽ, ഇന്ത്യക്കാർ സ്ഥലം വേലികെട്ടി തിരിച്ചതായി കേട്ടിരുന്നില്ല.
ബ്രിട്ടീഷുകാർ, സ്പെയിൻകാർ, ഫ്രഞ്ചുകാർ എന്നിവരുടെ വരവോടെ “രണ്ട് അന്യ സംസ്കാരങ്ങളുടെ വിപ്ലവാത്മക സംഗമം” എന്നു വർണിച്ചിരിക്കുന്നതു സംഭവിച്ചു. ശതകങ്ങളായി ദേശത്തോടും പ്രകൃതിയോടും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നവരും പരിസ്ഥിതിയുടെ താളംതെറ്റിക്കാതെ അതിജീവിക്കാനറിയാവുന്നവരുമായിരുന്ന ആളുകളായിരുന്നു നാട്ടുകാർ. എങ്കിലും വെള്ളക്കാരൻ ഉടൻതന്നെ സ്വദേശികളായ നിവാസികളെ അധമരായ ഹിംസ്ര സൃഷ്ടികളായി വീക്ഷിക്കാൻ തുടങ്ങി—അവരെ കീഴടക്കുന്നതിലെ തന്റെ സ്വന്തം കിരാതത്വം തരംപോലെ മറന്നുകൊണ്ടുതന്നെ! 1831-ൽ ഫ്രഞ്ച് ചരിത്രകാരനായ ആലെക്സി ദെ ടോക്വിവില്ലെ ഇന്ത്യക്കാരെക്കുറിച്ചു നിലവിലുണ്ടായിരുന്ന വെള്ളക്കാരന്റെ അഭിപ്രായം ഈ രീതിയിൽ സംക്ഷേപിച്ചു: “ദൈവം അവരെ ഉണ്ടാക്കിയതു പരിഷ്കൃതരായിത്തീരാനല്ല; അവർ മരിക്കേണ്ടത് അനിവാര്യമാണ്.”
ഏറ്റവും മാരകമായ കൊലയാളി
പുതിയ കുടിയേറ്റക്കാർ വടക്കേ അമേരിക്കയിലൂടെ പടിഞ്ഞാറോട്ടു നീങ്ങിയപ്പോൾ അക്രമം അക്രമത്തെ ജനിപ്പിച്ചു. അതുകൊണ്ട് ആദ്യം ആക്രമിക്കുന്നത് ഇന്ത്യക്കാരോ യൂറോപ്യൻ ആക്രമണകാരികളോ ആയിരുന്നാലും രണ്ടു പക്ഷക്കാരും ഘോരകൃത്യങ്ങൾ ചെയ്തു. ഇന്ത്യക്കാരെക്കുറിച്ച് ഉച്ചിത്തൊലി ഉരിയുന്നവർ എന്ന ശ്രുതി ഉണ്ടായിരുന്നതിനാൽ ആളുകൾ അവരെ ഭയന്നു. ഈ നടപടി ഉച്ചിത്തൊലി ഉരിയലിനു പാരിതോഷികം നൽകിയിരുന്ന യൂറോപ്യൻമാരിൽനിന്ന് അവർ പഠിച്ചതാണെന്നു ചിലർ വിശ്വസിക്കുന്നു. പക്ഷേ, ഇന്ത്യക്കാർ എണ്ണത്തിലും ആയുധങ്ങളിലും മികച്ചവരായിരുന്ന എതിരാളികൾക്കെതിരെ പരാജയം ഉറപ്പായ ഒരു പോരാട്ടം നടത്തുകയായിരുന്നു. മിക്ക സന്ദർഭങ്ങളിലും ഗോത്രങ്ങൾക്ക് ഒടുവിൽ തങ്ങളുടെ പൂർവികരുടെ നിലങ്ങൾ വിട്ടുകൊടുക്കേണ്ടതായോ മരിക്കേണ്ടതായോ വന്നു. മിക്കപ്പോഴും രണ്ടും ഒരുമിച്ചു സംഭവിച്ചു—അവർ തങ്ങളുടെ നിലങ്ങൾ വിട്ടുകൊടുത്തു, അതിനുശേഷം കൊല്ലപ്പെടുകയോ രോഗത്താലും പട്ടിണിയാലും മരിക്കുകയോ ചെയ്തു.
എന്നാൽ, സ്വദേശ ഗോത്രങ്ങളുടെ ഏറ്റവും വലിയ നാശത്തിന് ഇടയാക്കിയ ഘടകം യുദ്ധക്കളത്തിലെ മരണമായിരുന്നില്ല. ഇയൻ കെ. സ്റ്റീൽ ഇപ്രകാരം എഴുതുന്നു: “വടക്കേ അമേരിക്കയുടെ ആക്രമണത്തിലെ ഏറ്റവും ശക്തമായ ആയുധം തോക്കോ കുതിരയോ ബൈബിളോ യൂറോപ്യൻ ‘നാഗരികത’യോ ആയിരുന്നില്ല. അതു പകർച്ചവ്യാധി ആയിരുന്നു.” യൂറോപ്പിലെ രോഗങ്ങൾക്ക് അമേരിക്കകളിലുണ്ടായിരുന്ന ഫലത്തെക്കുറിച്ച് ഒരു ചരിത്ര പ്രൊഫസറായ പട്രിഷ നെൽസൺ ലിംറിക് ഇപ്രകാരം എഴുതി: “അമേരിക്കകളിലേക്കു കൊണ്ടുചെന്നപ്പോൾ ഈ രോഗങ്ങൾതന്നെ [യൂറോപ്യൻമാർ പ്രതിരോധശക്തി വളർത്തിയെടുക്കാൻ നൂറ്റാണ്ടുകൾ എടുത്തവ]—ചിക്കൻപോക്സ്, അഞ്ചാംപനി, ഇൻഫ്ളൂവൻസാ, മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം, ക്ഷയം, എല്ലാറ്റിനുമുപരിയായി വസൂരി—പ്രതിരോധശക്തിയില്ലായിരുന്ന ആളുകൾക്കു പിടിപെട്ടു. മരണ നിരക്ക് ഗ്രാമങ്ങൾതോറും 80-ഓ 90-ഓ ശതമാനംവരെ ഉയർന്നു.”
1837-ൽ ഉണ്ടായ ഒരു വസൂരി പകർച്ചവ്യാധിയെക്കുറിച്ച് റസ്സൽ ഫ്രീഡ്മാൻ ഇപ്രകാരം വർണിക്കുന്നു: “ആദ്യം രോഗം ബാധിച്ചതു മാൻഡാൻകാരെയാണ്, അവരുടെ തൊട്ടുപിന്നാലെ ഹിഡാറ്റ്സർ, അസ്സിനിബൊയ്നർ, അരിക്കറർ, സൂ, ബ്ലാക്ക്ഫീറ്റ് എന്നീ കൂട്ടർക്കു രോഗം പിടിപെട്ടു.” മാൻഡാൻകാർ മിക്കവാറും പൂർണമായി നിർമൂലമാക്കപ്പെട്ടു. 1834-ൽ 1,600-ഓളമുണ്ടായിരുന്ന അവരുടെ ജനസംഖ്യ 1837-ൽ 130 ആയി കുറഞ്ഞു.
കരാറുകൾക്ക് എന്തു സംഭവിച്ചു?
19-ാം നൂറ്റാണ്ടിൽ യു.എസ്. ഗവൺമെൻറ് തങ്ങളുടെ പൂർവപിതാക്കൻമാരുമായി ഒപ്പുവെച്ച കരാറുകളുടെ തീയതികൾ ഗോത്ര മൂപ്പൻമാർക്ക് ഇന്നും അതിവേഗം പറയാൻ കഴിയും. എന്നാൽ ആ കരാറുകൾ വാസ്തവത്തിൽ എന്താണു നൽകിയത്? സാധാരണമായി അവർക്കു സംവരണംചെയ്യപ്പെട്ട തരിശുനിലത്തിനും ഗവൺമെൻറിൽനിന്നുള്ള അഹോവൃത്തിക്കുമായി നല്ല നിലം പ്രയോജനകരമല്ലാത്ത വിധത്തിൽ കൈമാറേണ്ടിവന്നു.
1783-ൽ അവസാനിച്ച സ്വാതന്ത്ര്യസമരത്തിൽ അമേരിക്കൻ കുടിയേറ്റക്കാർ ബ്രിട്ടീഷുകാരെ തോൽപ്പിച്ചതിനുശേഷമുള്ള ഇറൊക്വൊയി ജനതകളുടെ (കിഴക്കുനിന്നു പടിഞ്ഞാറോട്ട്, മോഹൊക്ക്, ഓണൈഡ, ഓണൻഡൊഗ, കേയൂഗ, സെനിക) അനുഭവം സ്വദേശ ഗോത്രങ്ങളോടു കാണിച്ചിരുന്ന അവമതിപ്പിന് ഒരു ഉദാഹരണമാണ്. ഇറൊക്വൊയികൾ ബ്രിട്ടീഷുകാരുടെ പക്ഷം പിടിച്ചിരുന്നു. എന്നാൽ ആൽവിൻ ജോസെഫി ജൂണിയർ പറയുന്നതനുസരിച്ച് അവർക്ക് ആകെ കിട്ടിയ പ്രതിഫലം അവഗണനയും നിന്ദയും ആയിരുന്നു. ബ്രിട്ടീഷുകാർ “[ഇറൊക്വൊയികളെ] അവഗണിച്ചുകൊണ്ട് അവരുടെ നിലങ്ങളുടെ പരമാധികാരം ഐക്യനാടുകൾക്ക് ഏൽപ്പിച്ചുകൊടുത്തു.” ബ്രിട്ടീഷുകാർക്കെതിരെ കുടിയേറ്റക്കാരുടെ പക്ഷംചേർന്നിരുന്ന ഇറൊക്വൊയികളെ “അത്യാർത്തിപൂണ്ട സ്ഥലമിടപാടുകാരും ഊഹക്കച്ചവടക്കാരും അമേരിക്കൻ ഗവൺമെന്റുതന്നെയും ബലാൽക്കാരേണ നിയന്ത്രിച്ചുനിർത്തി.”
1784-ൽ ഒരു കരാർ യോഗം വിളിച്ചുകൂട്ടിയപ്പോൾ ഇന്ത്യൻ കാര്യങ്ങളിൽ ഇടപെടുന്ന കോണ്ടിനെന്റൽ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു മുൻ പ്രതിനിധിയായിരുന്ന ജെയിംസ് ഡ്വേൻ “ഇറൊക്വൊയികളോടു തരംതാണവരോടെന്ന പോലെ മനഃപൂർവം ഇടപെട്ടുകൊണ്ട് അവരുടെയിടയിൽ ശേഷിച്ചിരുന്ന ഏതു ആത്മധൈര്യത്തെയും തകിടംമറിക്കാൻ” ഗവൺമെൻറ് കാര്യസ്ഥരെ ഉദ്ബോധിപ്പിച്ചു.
അദ്ദേഹത്തിന്റെ ഗർവിഷ്ഠമായ നിർദേശങ്ങൾ നടപ്പാക്കി. ഇറൊക്വൊയികളിൽ ചിലരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും “കൂടിയാലോചനകൾ” തോക്കിൻ മുനയിൽ നടത്തപ്പെടുകയും ചെയ്തു. ഇറൊക്വൊയികൾ യുദ്ധത്തിൽ ജയിച്ചടക്കപ്പെടാത്തവരായി തങ്ങളെത്തന്നെ കരുതിയെങ്കിലും അവർക്ക് ന്യൂയോർക്കിന്റെ പടിഞ്ഞാറു ഭാഗത്തും പെൻസിൽവേനിയയിലും ഉള്ള നിലങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരുകയും ന്യൂയോർക്ക് സംസ്ഥാനത്തിലെ വിസ്തൃതി കുറഞ്ഞ സംവരണമേഖല സ്വീകരിക്കേണ്ടിവരുകയും ചെയ്തു.
മിക്ക സ്വദേശ ഗോത്രങ്ങൾക്കുമെതിരെ സമാനമായ തന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു. “ഡെലവാർമാർ, വൈയൻഡോട്ടുകാർ, ഒട്ടാവർ, ചിപ്പെവൊകാർ [അഥവാ ഓജിബ്വേകാർ], ഷൊണീമാർ എന്നിവരിൽനിന്നും മറ്റ് ഒഹായോ ജനതകളിൽനിന്നും നിലം പിടിച്ചുവാങ്ങാനുള്ള ശ്രമത്തിൽ” അമേരിക്കൻ ഏജന്റുമാർ “കൈക്കൂലി, ഭീഷണികൾ, മദ്യം എന്നിവയും അനധികൃതരായ പ്രതിനിധികളെക്കൊണ്ടുള്ള കൃത്രിമോപായങ്ങളും ഉപയോഗിച്ചു”വെന്നും ജോസഫി പ്രസ്താവിക്കുന്നു. വെള്ളക്കാരനിലും അവന്റെ പൊള്ളയായ വാഗ്ദാനങ്ങളിലും ഇന്ത്യക്കാർക്കു പെട്ടെന്നുതന്നെ വിശ്വാസം നഷ്ടമായതിൽ തെല്ലും അതിശയമില്ല!
“ദീർഘദൂര നടപ്പും” കണ്ണീർ യാത്രയും
അമേരിക്കൻ ആഭ്യന്തര യുദ്ധം (1861-65) പൊട്ടിപ്പുറപ്പെട്ടപ്പോൾ തെക്കുകിഴക്കുള്ള നാവഹോ ദേശത്തുനിന്ന് സൈനികർ പിൻമാറി. നാവഹോ വർഗക്കാർ ഈ താത്കാലിക വിരാമം പ്രയോജനപ്പെടുത്തി ന്യൂ മെക്സിക്കോ പ്രദേശത്തുള്ള റിയോ ഗ്രാൻഡെ സമതലത്തിലുള്ള അമേരിക്കക്കാരുടെയും മെക്സിക്കോക്കാരുടെയും അധിവാസങ്ങൾ ആക്രമിച്ചു. നാവഹോ വർഗക്കാരെ അടിച്ചമർത്താനും ബൊസ്കെ റെഡൊണ്ടോ എന്നു വിളിക്കപ്പെടുന്ന തരിശായ തുണ്ടുഭൂമിയിലുള്ള ഒരു സംവരണമേഖലയിലേക്ക് അവരെ മാറ്റാനുമായി ഗവൺമെൻറ്, കേണൽ കിറ്റ് കാർസണെയും അദ്ദേഹത്തിന്റെ ന്യൂ മെക്സിക്കോ വോളൻറിയെഴ്സിനെയും അങ്ങോട്ടേക്ക് അയച്ചു. നാവഹോ വർഗക്കാരെ പട്ടിണിക്കിടാനും വടക്കുകിഴക്കൻ അരിസോണയിലെ ഭയാവഹമായ കാൻയൊൺ ദെ ഷേയിൽനിന്ന് അവരെ ഓടിക്കുന്നതിനുമായി കാർസൺ അവർക്ക് ഉപകാരപ്പെടുന്നതെന്തും നശിപ്പിക്കുന്ന യുദ്ധതന്ത്രം പിന്തുടർന്നു. അദ്ദേഹം 5,000-ത്തിലേറെ പീച്ച് മരങ്ങളും നശിപ്പിച്ചു.
കാർസൺ ഏതാണ്ട് 8,000 പേരെ കൂട്ടിവരുത്തുകയും ന്യൂ മെക്സിക്കോയിലെ ഫോർട്ട് സമ്നെറിലുള്ള ബൊസ്കെ റെഡൊണ്ടോ തടങ്കൽപ്പാളയംവരെ 480-ഓളം കിലോമീറ്റർ വരുന്ന “ദീർഘദൂര നടപ്പ്” നടത്താൻ അവരെ ബലാൽക്കാരേണ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “കാലാവസ്ഥ കൊടും ശൈത്യമുള്ളതായിരുന്നു, വേണ്ടവിധം വസ്ത്രം ധരിക്കാഞ്ഞ, വിശന്നുവലഞ്ഞ പല പ്രവാസികളും മാർഗമധ്യേ മരണമടഞ്ഞു.” സംവരണമേഖലയിലെ അവസ്ഥകൾ ഭയങ്കരമായിരുന്നു. അഭയം കണ്ടെത്താനായി നാവഹോ വർഗക്കാർക്ക് മണ്ണിൽ കുഴികൾ കുഴിക്കേണ്ടി വന്നു. 1868-ൽ, തങ്ങൾക്കു പറ്റിയ വലിയ അബദ്ധം തിരിച്ചറിഞ്ഞ ഗവൺമെൻറ് നാവഹോ വർഗക്കാർക്ക് അരിസോണയിലും ന്യൂ മെക്സിക്കോയിലുമുള്ള അവരുടെ പൂർവിക സ്വദേശത്തിന്റെ 35 ലക്ഷം ഏക്കർ അനുവദിച്ചുകൊടുത്തു. അവർ തിരികെപ്പോയി, എന്നാൽ അവർക്ക് എന്തൊരു വിലയാണ് ഒടുക്കേണ്ടിവന്നത്!
1820-നും 1845-നും ഇടയ്ക്ക്, ചോക്റ്റൊ, ചെറൊകീ, ചിക്കസൊ, ക്രീക്ക്, സെമിനോൾ എന്നീ വർഗങ്ങളിൽപ്പെട്ട ദശസഹസ്രക്കണക്കിനാളുകളെ തെക്കുകിഴക്കുള്ള അവരുടെ നിലങ്ങളിൽനിന്ന് ഓടിക്കുകയും മിസ്സിസ്സിപ്പി നദിക്കപ്പുറത്തുള്ള, നൂറുകണക്കിനു കിലോമീറ്റർ അകലെ കിടക്കുന്ന ഇപ്പോഴത്തെ ഒക്ലഹോമവരെ പടിഞ്ഞാറോട്ടു മാർച്ചുചെയ്യാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. മരംകോച്ചുന്ന ശൈത്യമുള്ള അവസ്ഥകളിൽ പലരും മൃതിയടഞ്ഞു. പടിഞ്ഞാറോട്ടുള്ള ഈ നിർബന്ധിത മാർച്ച് കണ്ണീർ യാത്രയെന്ന നിലയിൽ കുപ്രസിദ്ധമായിത്തീർന്നു.
വടക്കുള്ള സൂ, ഷൈയാൻ ജനങ്ങളെ വേട്ടയാടിയ അമേരിക്കൻ ജനറൽ ജോർജ് ക്രുക്കിന്റെ വാക്കുകളിൽ സ്വദേശികളായ അമേരിക്കക്കാർക്കെതിരെ നടത്തപ്പെട്ട അനീതികൾ കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “കേസിൽ ഇന്ത്യക്കാരുടെ പക്ഷം വിരളമായേ കേൾക്കുന്നുള്ളൂ. . . . പിന്നീട്, [ഇന്ത്യക്കാരുടെ] ലഹള ആരംഭിക്കുമ്പോൾ പൊതുജന ശ്രദ്ധ ഇന്ത്യക്കാരിലേക്കു തിരിയുന്നു, ഈ ഗതിക്ക് അവരെ പ്രേരിപ്പിക്കാൻ തക്കവണ്ണം അനീതി കാണിച്ച ആളുകൾ യാതൊരു ശിക്ഷയും കൂടാതെ രക്ഷപ്പെട്ടപ്പോൾ അവരുടെ കുറ്റകൃത്യങ്ങളും നിഷ്ഠുരതകളും മാത്രം അപലപിക്കപ്പെടുന്നു . . . ഈ വസ്തുത ഇന്ത്യക്കാരനെക്കാൾ മെച്ചമായി ആർക്കും അറിയില്ല, അതുകൊണ്ട് അവനെ ഇഷ്ടംപോലെ കൊള്ളയടിക്കാൻ വെള്ളക്കാരനെ അനുവദിക്കുന്നതും എന്നാൽ അവനെ ശിക്ഷിക്കുകമാത്രം ചെയ്യുന്നതുമായ ഒരു ഗവൺമെൻറിൽ അവൻ യാതൊരു നീതിയും കാണാത്തതിൽ അവനെ കുറ്റംപറയാനില്ല.”—ബറി മൈ ഹാർട്ട് അറ്റ് വൂണ്ടെഡ് നീ.
യൂറോപ്യൻമാരുടെ നൂറിലേറെ വർഷത്തെ ആധിപത്യത്തിനുശേഷം സ്വദേശികളായ അമേരിക്കക്കാരുടെ ഇന്നത്തെ അവസ്ഥയെന്താണ്? സ്വാംശീകരണത്തിന്റെ ഫലമായുള്ള അപ്രത്യക്ഷമാകലിന്റെ അപകടത്തിലാണോ അവർ? അവർക്ക് ഭാവിക്കായി എന്തു പ്രത്യാശയാണുള്ളത്? അടുത്ത ലേഖനം ഇവയും മറ്റു ചോദ്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും.
[9-ാം പേജിലെ ചതുരം]
സ്ത്രീകൾക്ക് ഒരു കഷ്ടപ്പെട്ട ജീവിതം
മിക്ക ഗോത്രങ്ങളിലും പുരുഷൻമാർ നായാട്ടുകാരും യോദ്ധാക്കളുമായിരുന്നു. സ്ത്രീകൾക്ക് ഒരിക്കലും തീരാത്തതുപോലെ പണികളുണ്ടായിരുന്നു. അതിൽ കുട്ടികളെ വളർത്തുന്നതും ധാന്യം കൃഷിചെയ്യുന്നതും കൊയ്യുന്നതും പൊടിച്ചു മാവാക്കുന്നതും ഉൾപ്പെട്ടിരുന്നു. കോളിൻ ടെയ്ലർ ഇപ്രകാരം വിശദീകരിക്കുന്നു: “സമതലങ്ങളിലെ സ്ത്രീകളുടെ മുഖ്യ ധർമം . . . സുസ്ഥാപിതമായ ഭവനം നിലനിർത്തുന്നതും കുട്ടികൾക്കു ജൻമം നൽകുന്നതും ആഹാരം തയ്യാറാക്കുന്നതും ആയിരുന്നു. തോട്ടക്കൃഷി നടത്തിയിരുന്ന സമൂഹങ്ങളിൽ അവർ വയലുകൾ പരിപാലിച്ചപ്പോൾ . . . അലഞ്ഞുനടക്കുന്ന പോത്തിനെ വേട്ടയാടുന്ന പടിഞ്ഞാറൻ ഗോത്രങ്ങളിൽ അവർ മൃഗത്തെ കശാപ്പു ചെയ്യാൻ സഹായിക്കുകയും പാളയത്തിലേക്ക് ഇറച്ചി കൊണ്ടുവന്നു പാകം ചെയ്യുകയും ഭാവി ഉപയോഗത്തിനായി തുകൽ ഊറയ്ക്കിടുകയും ചെയ്തു.”—ദ പ്ലെയ്ൻസ് ഇന്ത്യൻസ്.
അപ്പാച്ചി ജനങ്ങളെക്കുറിച്ച് മറ്റൊരു ഉറവിടം ഇപ്രകാരം പറയുന്നു: “കൃഷിപ്പണി സ്ത്രീകളുടെ ജോലിയായിരുന്നു. അത് ഒരു പ്രകാരത്തിലും വിലകുറഞ്ഞതോ തരംതാണതോ ആയിരുന്നില്ല. പുരുഷൻമാർ സഹായിച്ചിരുന്നു, എന്നാൽ സ്ത്രീകൾ പുരുഷൻമാരെക്കാളും ഗൗരവമായി കൃഷിയെ വീക്ഷിച്ചു. . . . കാർഷിക ചടങ്ങുകൾ നിർവഹിക്കേണ്ടതെങ്ങനെയെന്നു സ്ത്രീകൾക്ക് എല്ലായ്പോഴും അറിയാമായിരുന്നു. കൃഷിനിലത്ത് ജലസേചനം നടത്തുമ്പോൾ മിക്ക സ്ത്രീകളും പ്രാർഥിച്ചിരുന്നു.”—സ്വദേശികളായ അമേരിക്കക്കാർ—ഒരു സചിത്ര ചരിത്രം.
സ്ത്രീകൾ ടിപ്പികൾ എന്നു വിളിക്കപ്പെടുന്ന താത്കാലിക വീടുകളും ഉണ്ടാക്കി. അത് സാധാരണഗതിയിൽ രണ്ടു വർഷത്തോളം നിന്നിരുന്നു. അവർ അതു പടുത്തുയർത്തുകയും ഗോത്രത്തിനു സ്ഥലംമാറേണ്ടി വരുമ്പോൾ പൊളിച്ചുമാറ്റുകയും ചെയ്തു. സ്ത്രീകൾ കഷ്ടപ്പെട്ടാണു ജീവിച്ചതെന്നുള്ളതിനു സംശയമില്ല. എന്നാൽ ഗോത്രത്തിന്റെ രക്ഷകർത്താക്കൾ എന്ന നിലയിൽ പുരുഷൻമാരും പാടുപെട്ടിരുന്നു. സ്ത്രീകൾ ആദരിക്കപ്പെട്ടിരുന്നു, അവർക്ക് അനേകം അവകാശങ്ങളും ഉണ്ടായിരുന്നു. ഹോപ്പിപോലെയുള്ള ചില ഗോത്രങ്ങളിൽ സ്വത്തവകാശം ഇന്നും സ്ത്രീകൾക്കാണ്.
[10-ാം പേജിലെ ചതുരം/ചിത്രം]
അവരുടെ ലോകത്തെ മാറ്റിമറിച്ച ഒരു മൃഗം
പല ഗോത്രങ്ങളുടെയും ജീവിതശൈലിയെ മാറ്റിമറിച്ച ഒരു മൃഗത്തെ യൂറോപ്യൻമാർ വടക്കേ അമേരിക്കയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തു—അത് കുതിരയാണ്. 17-ാം നൂറ്റാണ്ടിൽ ആ ഭൂഖണ്ഡത്തിലേക്ക് ആദ്യമായി കുതിരകളെ കൊണ്ടുവന്നത് സ്പെയിൻകാരാണ്. സ്വദേശികളായ അമേരിക്കക്കാർ കുതിരക്കോപ്പില്ലാതെ യാത്രചെയ്യുന്ന മിടുമിടുക്കരായ സവാരിക്കാരായിത്തീർന്നതായി ആക്രമണം നടത്തിക്കൊണ്ടിരുന്ന യൂറോപ്യൻമാർ പെട്ടെന്നുതന്നെ കണ്ടെത്തി. കുതിരകളുടെ സഹായത്താൽ സ്വദേശികൾക്ക് പോത്തിനെ വളരെയേറെ എളുപ്പത്തിൽ വേട്ടയാടാൻ കഴിഞ്ഞു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഗോത്രങ്ങൾക്ക് ഗ്രാമങ്ങളിൽ താമസമുറപ്പിച്ചിരിക്കുന്ന അയൽ ഗോത്രങ്ങളുടെമേൽ മെച്ചമായി മിന്നലാക്രമണം നടത്താനും അവരെ കൊള്ളയിടാനും സ്ത്രീകളെയും അടിമകളെയും മോഷ്ടിക്കാനും കഴിഞ്ഞു.
[7-ാം പേജിലെ ഭൂപടം/ചിത്രം]
വടക്കേ അമേരിക്കയിലെ ചില ഗോത്രങ്ങളുടെ 17-ാം നൂറ്റാണ്ടിലെ സ്ഥാനങ്ങൾ
കൂട്ടെനേ
സ്പോകാൻ
നെസ് പെഴ്സ്
ഷൊഷോൺ
ക്ലാമത്ത്
വടക്കൻ പൈയൂട്ട്
മിവോക്ക്
യോക്കട്സ്
സെറാനോ
മോഹാവി
പാപ്പഗോ
ബ്ലാക്ക്ഫൂട്ട്
ഫ്ളാറ്റ്ഹെഡ്
ക്രോ
ഷൈയാൻ
യൂട്ട്
അറപ്പഹോ
ഹികരിയ
ഹോപ്പി
നാവഹോ
അപ്പാച്ചി
മെസ്കലെറോ
കൊമാൻചി
ലിപ്പാൻ
പ്ലെയ്ൻസ് ക്രീ
അസ്സിനിബൊയ്ൻ
ഹിഡാറ്റ്സ
മാൻഡാൻ
അരിക്കറ
യാങ്ടൊണേ
റ്റിറ്റോൺ
സൂ
യാങ്ക്ടൊൺ
പാനീ
ഓഡോ
കാൻസ
കൈയൊവൊ
ഓസേജ്
ക്വൊപ്പൊ
കാഡോ
വിചിറ്റൊ
അറ്റാകപ്പ
ടോങ്കവ
സാൻറി
ഐയ്യൊവ
മിസ്സൗറി
ഇല്ലിനോയ്സ്
ചിക്കസൊ
അലബാമ
ചോക്റ്റൊ
ക്രീക്ക്
റ്റിമുകൂവ
ഓജിബ്വേ
സൊക്ക്
ഫോക്സ്
കിക്കപ്പൂ
മിയാമി
ഷൊണീ
ചെറൊകീ
കറ്റൊബ
പൗവറ്റാൻ
ടസ്കറോറ
ഡെലവാർ
ഇറീ
സസ്ക്വെഹാന
പോഡവാഡൊമി
ഇറൊക്വൊയി
ഹ്യൂറൺ
ഒട്ടാവ
ആൽഗോൺക്വിയൻ
സോകോക്കി
മസാച്ചുസെറ്റ്
വാമ്പനോവാഗ്
നരഗാൻസെറ്റ്
മോഹിഗൻ
മോൺടൊക്ക്
അബ്നാക്കി
മാലെസിറ്റ്
മിക്മാക്
[കടപ്പാട്]
Indian: Artwork based on photograph by Edward S. Curtis; North America: Mountain High Maps® Copyright © 1995 Digital Wisdom, Inc.
[8-ാം പേജിലെ ചിത്രങ്ങൾ]
നാവഹോയുടെ കലാപരമായ നെയ്ത്തും ആഭരണങ്ങളും
[11-ാം പേജിലെ ചിത്രം]
“ദീർഘദൂര നടപ്പ്” ആരംഭിച്ച കാൻയൊൺ ദെ ഷേ