അവരുടെ ഭാവിയെന്ത്?
ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്ന് “ഞങ്ങൾ സംസ്കാരവത്കരണത്തിന്റെയും സ്വാംശീകരണത്തിന്റെയും ശക്തികളെ നേരിടുന്നു”വെന്നതാണെന്ന് ഉണരുക!യുമായുള്ള ഒരു അഭിമുഖത്തിൽ ഷൈയാൻ സമാധാന പ്രമാണിയായ ലോറെൻസ് ഹാർട്ട് പറഞ്ഞു. “ഉദാഹരണത്തിന്, ഞങ്ങൾക്കു ഞങ്ങളുടെ ഭാഷ നഷ്ടമാകുകയാണ്. ഒരു സമയത്ത് ഇത് മനപ്പൂർവമുള്ള ഒരു ഗവൺമെൻറ് നയമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ഞങ്ങളെ ‘സംസ്കാരസമ്പന്നരാ’ക്കാൻ വലിയ ശ്രമങ്ങൾ നടത്തപ്പെട്ടു. ഞങ്ങളെ ബോർഡിങ് സ്കൂളുകളിൽ അയയ്ക്കുകയും നാട്ടു ഭാഷകൾ സംസാരിക്കുന്നതിൽനിന്നു ഞങ്ങളെ തടയുകയും ചെയ്തു.” സാൻഡ്ര കിൻലചീനി ഇപ്രകാരം ഓർക്കുന്നു: “ബോർഡിങ് സ്കൂളിൽവച്ച് ഞാൻ നാവഹോ സംസാരിക്കുന്ന പക്ഷം അധ്യാപകൻ സോപ്പുകൊണ്ട് എന്റെ വായ് കഴുകുമായിരുന്നു!”
പ്രമാണിയായ ഹാർട്ട് ഇപ്രകാരം തുടരുന്നു: “അടുത്തകാലത്തെ പ്രോത്സാഹജനകമായ ഒരു സംഗതി വിവിധ ഗോത്രങ്ങളിൽ ഒരു ഉണർവ് ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്. തങ്ങളുടെ ഭാഷകൾ സംരക്ഷിക്കാനുള്ള ശ്രമം നടത്താത്തപക്ഷം അവ നാമാവശേഷമാകുമെന്ന് അവർ മനസ്സിലാക്കുന്നു.”
കാലിഫോർണിയ ഗോത്രങ്ങളിലൊന്നിന്റെ ഭാഷയായ കരുഗ് സംസാരിക്കുന്നവരായി ഇനി പത്തു പേർ മാത്രമേയുള്ളൂ. 1996 ജനുവരിയിൽ കറ്റൊബ ഭാഷ സംസാരിച്ചുകൊണ്ടിരുന്ന അവസാനത്തെ ഇന്ത്യക്കാരനായ റെഡ് തണ്ടർ ക്ലൗഡ് (കാർളൊസ് വെസ്റ്റെസ്) തന്റെ 76-ാമത്തെ വയസ്സിൽ മരണമടഞ്ഞു. അനേകം വർഷങ്ങളായി അദ്ദേഹത്തിന് ആ ഭാഷ സംസാരിക്കാൻ കൂട്ടിന് ആരുമില്ലായിരുന്നു.
അരിസോണയിലെ നാവഹോ, ഹോപ്പി സംവരണമേഖലകളിലുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ മിക്കവാറും എല്ലാവരുംതന്നെ ഇംഗ്ലീഷു കൂടാതെ നാവഹോയോ ഹോപ്പിയോ സംസാരിക്കുന്നു. ഇന്ത്യക്കാരല്ലാത്ത സാക്ഷികളും നാവഹോ ഭാഷ പഠിക്കുന്നുണ്ട്. നാവഹോ വർഗക്കാരിൽ പലരും തങ്ങളുടെ സ്വന്തം ഭാഷയിൽ മാത്രം നിപുണരായിരിക്കുന്നതിനാൽ സാക്ഷികൾക്ക് തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസ വേല നിർവഹിക്കുന്നതിന് നാവഹോ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഹോപ്പി, നാവഹോ ഭാഷകൾ ഇപ്പോഴും വളരെയധികം പേർ സംസാരിക്കുന്നു. സ്കൂളിൽ അവ ഉപയോഗിക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സ്വദേശികളായ അമേരിക്കക്കാരുടെ വിദ്യാഭ്യാസം
ഐക്യനാടുകളിൽ 29 ഇന്ത്യൻ കോളെജുകളിലായി 16,000 വിദ്യാർഥികളുണ്ട്. ആദ്യത്തെ സ്കൂൾ തുറന്നത് 1968-ൽ അരിസോണയിലാണ്. “ഇത് ഇന്ത്യൻ രാജ്യത്തിലെ ഏറ്റവും അത്ഭുതകരമായ വിപ്ലവങ്ങളിലൊന്നാണ്, നാമാഗ്രഹിക്കുന്ന വിധത്തിൽ പഠിപ്പിക്കാനുള്ള അവകാശം” എന്ന് അമേരിക്കൻ ഇന്ത്യൻ ഉപരി വിദ്യാഭ്യാസ കമ്മിറ്റിയിലെ ഡോ. ഡേവിഡ് ജീപ് പറഞ്ഞു. സിന്റെ ഗ്ലെസ്ക സർവകലാശാലയിൽ ലക്കോട്ട ഭാഷ ഒരു നിർബന്ധിത വിഷയമാണ്.
അമേരിക്കൻ ഇന്ത്യൻ കോളെജ് ഫണ്ടിന്റെ പ്രസിഡന്റായ റോൺ മക്നീൽ (ഹുങ്ക്പാപ്പ ലക്കോട്ട) പറയുന്നതനുസരിച്ച് സ്വദേശികളായ അമേരിക്കക്കാരുടെ തൊഴിലില്ലായ്മ 50 മുതൽ 85 വരെ ശതമാനമാണ്, ഐക്യനാടുകളിലെ ഏതു സമൂഹത്തെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യവും പ്രമേഹം, ക്ഷയം, മദ്യപാനാസക്തി എന്നിവയുടെ ഏറ്റവും ഉയർന്ന നിരക്കുകളും ഉള്ളതും ഇന്ത്യക്കാർക്കാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം സഹായകമായിരിക്കാവുന്ന നടപടികളിൽ ഒന്നുമാത്രമാണ്.
പുണ്യനിലങ്ങൾ
സ്വദേശികളായ അമേരിക്കക്കാരിൽ പലർക്കും തങ്ങളുടെ പൂർവികരുടെ നിലങ്ങൾ പുണ്യനിലങ്ങളാണ്. വൈറ്റ് തണ്ടർ ഒരു സെനറ്ററോട് ഇപ്രകാരം പറഞ്ഞു: “ഭൂമിയിൽ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തു ഞങ്ങളുടെ ഈ നിലമാണ്.” ഉടമ്പടികൾ ചെയ്യുകയോ കരാറുകളിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ ഇന്ത്യക്കാർ മിക്കപ്പോഴും കരുതിയത് അവ വെള്ളക്കാരന് നിലം ഉപയോഗിക്കാൻ വേണ്ടിയുള്ളവയാണെന്നാണ്, അല്ലാതെ അവർക്ക് അതു നേരിട്ടു സ്വന്തമാക്കാനോ അതിൻമേൽ ഉടമസ്ഥത കൈവരിക്കാനോ ഉള്ളവയാണെന്നല്ല. 1870-കളിൽ, സ്വർണം തിരഞ്ഞുകൊണ്ട് ഖനകർ ഒഴുകിയെത്തിയപ്പോൾ സൂ ഇന്ത്യൻ ഗോത്രങ്ങൾക്ക് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസിലുള്ള വിലപ്പെട്ട നിലം നഷ്ടമായി. എട്ടു സൂ ഗോത്രങ്ങൾക്ക് ഏതാണ്ട് 105 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി കൊടുക്കാൻ 1980-ൽ യു.എസ്. സുപ്രീം കോടതി ഉത്തരവിട്ടു. ആ പണം സ്വീകരിക്കാൻ ഗോത്രങ്ങൾ ഇന്നോളം വിസമ്മതിച്ചിരിക്കുന്നു—അവർക്കു തിരികെവേണ്ടത് തങ്ങളുടെ പുണ്യനിലമാണ്, ദക്ഷിണ ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ്.
ബ്ലാക്ക് ഹിൽസിലെ റഷ്മോർ പർവതത്തിൽ കൊത്തിവച്ചിരിക്കുന്ന വെള്ളക്കാരായ പ്രസിഡന്റുമാരുടെ മുഖങ്ങൾ കാണുന്നത് പല സൂ ഇന്ത്യക്കാർക്കും സന്തോഷകരമല്ല. കൊത്തുപണിക്കാർ അടുത്തുള്ള ഒരു പർവതത്തിൽ അതിലും വലിയ ഒരു രൂപം കൊത്തിയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഓഗ്ലാലാ സൂ യുദ്ധനേതാവായ ക്രേസി ഹോർസിന്റെ രൂപമാണ് അത്. 1998 ജൂണോടുകൂടി മുഖത്തിന്റെ പണി പൂർത്തിയാകും.
ഇന്നത്തെ വെല്ലുവിളികൾ
ആധുനിക ലോകത്തിൽ അതിജീവിക്കുന്നതിന് സ്വദേശികളായ അമേരിക്കക്കാർക്ക് പല വിധങ്ങളിലും പൊരുത്തപ്പെടേണ്ടിയിരുന്നു. പലർക്കും ഇന്ന് നല്ല വിദ്യാഭ്യാസവും കോളെജ് പരിശീലനവും ഗോത്രപരമായ ചുറ്റുപാടിൽ നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്ന പ്രാപ്തികളുമുണ്ട്. മിഷിഗനിൽനിന്നുള്ള ചിപ്പെവൊക്കാരനും മൃദുഭാഷിയുമായ ബർട്ടൊൺ മക്കെർച്ചിയാണ് ഒരു ഉദാഹരണം. അദ്ദേഹം പൊതു പ്രക്ഷേപണ വകുപ്പിനുവേണ്ടിയുള്ള ഡോക്യുമെന്ററികൾ ഫിലിം ചെയ്തിരിക്കുന്നു. വീഡിയോ ഉപയോഗിച്ചുള്ള കോളെജ് ക്ലാസ്മുറി സെഷനുകൾ സംസ്ഥാനമെമ്പാടും ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്പോൾ അരിസോണയിലെ ഹോപ്പി സംവരണമേഖലയിലുള്ള ഒരു ഹൈസ്കൂളിൽ ജോലിചെയ്യുകയാണ്. ഓണൈഡ ജനതയുടെ ഗോത്ര നേതാവായ, ഹാർവാർഡ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ച റേ ഹാൾബ്രിറ്റെറാണ് മറ്റൊരു ഉദാഹരണം.
നാവഹോ കുട്ടികൾക്ക് അനുഭവജ്ഞാനമില്ലെന്നും അവരുടെ മാതാപിതാക്കളും വല്യമ്മവല്യപ്പൻമാരും തങ്ങൾ വളർന്നുവന്നിരുന്ന കാലത്തു ചെയ്തിരുന്നതുപോലെയുള്ള ത്യാഗങ്ങൾ അവർ ചെയ്യുന്നില്ലെന്നും നാവഹോ ടൈംസിൽ എഴുതവേ ആർളീൻ യങ് ഹാറ്റ്ഫീൽഡ് അഭിപ്രായപ്പെട്ടു. അവർ ഇപ്രകാരം എഴുതി: “[ആധുനിക] സൗകര്യങ്ങൾ നിമിത്തം അവർ തങ്ങളുടെ പൂർവികർ ചെയ്തിരുന്നതുപോലെ വിറകു ശേഖരിക്കുകയോ വിറകു വെട്ടുകയോ വെള്ളം കോരുകയോ ചെമ്മരിയാടുകളെ പരിപാലിക്കുകയോ ഒന്നും ഒരിക്കലും ചെയ്തിട്ടില്ല. പണ്ടത്തെ കുട്ടികൾ ചെയ്തിരുന്നതുപോലെ അവർ നമ്മുടെ കുടുംബത്തിന്റെ അഹോവൃത്തിക്കു സംഭാവന ചെയ്യുന്നില്ല.” അവർ ഇപ്രകാരം ഉപസംഹരിക്കുന്നു: “നമ്മുടെ കുട്ടികളെ തീർച്ചയായും സ്വാധീനിക്കുന്ന അനേകം സാമൂഹിക പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക അസാധ്യമാണ്. നമുക്കു നമ്മുടെ കുടുംബങ്ങളെയോ സംവരണമേഖലയെയോ ലോകത്തിന്റെ ബാക്കി ഭാഗത്തുനിന്ന് അകറ്റിനിർത്താനാവില്ല, നമ്മുടെ പൂർവപിതാക്കൻമാരുടെ ജീവിതത്തിലേക്കു മടങ്ങിപ്പോകാനും നമുക്കാവില്ല.”
അതാണ് സ്വദേശികളായ അമേരിക്കക്കാരുടെ വെല്ലുവിളി—ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന പുറംലോകത്തോട് അനുരൂപപ്പെടവേ തങ്ങളുടെ അതുല്യമായ ഗോത്ര പാരമ്പര്യങ്ങളും മൂല്യങ്ങളും എങ്ങനെ മുറുകെ പിടിക്കണമെന്നതുതന്നെ.
മയക്കുമരുന്നുകളോടും മദ്യത്തോടും പോരാടുന്നു
മദ്യാസക്തി സ്വദേശികളായ അമേരിക്കക്കാരുടെ സമൂഹത്തിൽ ഇന്നോളം വിനാശം വിതച്ചിരിക്കുന്നു. ഒരു ശിശുരോഗവിദഗ്ധനും പൊതു ചികിത്സകനും എന്ന നിലയിൽ 12 വർഷത്തോളം ഹോപ്പി, നാവഹോ ജനങ്ങളെ സേവിച്ച ഡോ. ലൊറേൻ ലൊർച്ച് ഉണരുക!യുമായുള്ള അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “മദ്യാസക്തി പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുപോലെ ഗുരുതരമായ പ്രശ്നമാണ്. കരുത്തുറ്റ ശരീരം കരൾവീക്കം, അപകടമരണം, ആത്മഹത്യ, കൊലപാതകം എന്നിവയ്ക്ക് ഇരയായിത്തീരുന്നു. മദ്യാസക്തി കുട്ടികളെക്കാളും ഇണകളെക്കാളും ദൈവത്തെക്കാൾപ്പോലും മുൻഗണനയുള്ളതായിരിക്കുന്നതു കാണുന്നതു സങ്കടകരമാണ്. ചിരി കണ്ണീരിനും സൗമ്യത അക്രമത്തിനും വഴിമാറിക്കൊടുക്കുന്നു.” അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “നാവഹോയും ഹോപ്പിയും ഒരിക്കൽ പവിത്രമായി കണക്കാക്കിയിരുന്ന ചില ആചാരങ്ങൾപോലും അമിതകുടിയാലും കാമാസക്തിയാലും ഇപ്പോൾ ചിലപ്പോൾ പവിത്രമല്ലാതായിത്തീരുന്നു. മദ്യം, സൗന്ദര്യമുള്ള ഈ ആളുകളിൽനിന്ന് അവരുടെ ആരോഗ്യം, ബുദ്ധി, സർഗാത്മകത, യഥാർഥ വ്യക്തിത്വം എന്നിവ കവർന്നെടുക്കുന്നു.”
അരിസോണയിലെ വിൻഡോ റോക്കിലുള്ള നാവഹോ ജനതയുടെ നീതിന്യായ വകുപ്പിലെ സമാധാന സ്ഥാപകനായ ഫിൽമെർ ബ്ലൂഹൗസ്, മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ദുരുപയോഗത്തെ “സ്വയം ചികിത്സ” എന്ന് മൃദുവായി വർണിച്ചു. ദുഃഖങ്ങൾ മറക്കാനും ജീവിതത്തിന്റെ കഠിന യാഥാർഥ്യത്തിൽനിന്നു ശ്രമം കൂടാതെ, പലപ്പോഴും ഉദ്ദേശ്യവും കൂടാതെ, ഒഴിഞ്ഞുമാറാനും ഈ ദുരുപയോഗം സഹായിക്കുന്നു.
എന്നിരുന്നാലും, സ്വദേശികളായ അമേരിക്കക്കാരിൽ പലരും വെള്ളക്കാരൻ കൊണ്ടുവന്ന മദ്യ “പിശാചി”നോടു പോരാടി ജയിച്ചിരിക്കുന്നു, മയക്കുമരുന്ന് ആസക്തിയെ പരാജയപ്പെടുത്തുന്നതിനും അവർ പണിപ്പെട്ടു ശ്രമിച്ചിരിക്കുന്നു. വാഷിങ്ടൺ സംസ്ഥാനത്തിലെ സ്പോകാൻ ഇന്ത്യൻ സംവരണമേഖലയിൽനിന്നുള്ള ക്ലൈഡും ഹെൻറിയെറ്റ ഏബ്രഹാംസണും രണ്ടു ദൃഷ്ടാന്തങ്ങളാണ്. ഇരുണ്ട തലമുടിയും കണ്ണുകളുമുള്ള ദൃഢഗാത്രനാണ് ക്ലൈഡ്. അദ്ദേഹം ഉണരുക!യോട് ഇങ്ങനെ വിശദീകരിച്ചു:
“ജീവിതത്തിന്റെ സിംഹഭാഗവും ഞങ്ങൾ സംവരണമേഖലയിലാണു വളർന്നത്. കോളെജിൽ പോകാനായി പിന്നെ ഞങ്ങൾ സ്പോകാൻ നഗരത്തിലേക്കു താമസം മാറി. മദ്യവും മയക്കുമരുന്നുകളും ഉൾപ്പെട്ട ഞങ്ങളുടെ ജീവിതശൈലി ഞങ്ങൾക്കിഷ്ടപ്പെട്ടില്ല. ഞങ്ങൾക്ക് ആകെക്കൂടി അറിയാമായിരുന്നത് അത്തരം ജീവിതമായിരുന്നു. ഈ രണ്ടു സ്വാധീനങ്ങൾ കുടുംബത്തിൽ ഉണ്ടാക്കിയതായി കണ്ട പ്രശ്നങ്ങൾ നിമിത്തം അവയെ വെറുത്തുകൊണ്ടാണു ഞങ്ങൾ വളർന്നുവന്നത്.
“അങ്ങനെയിരിക്കെ ഞങ്ങൾ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽവന്നു. നഗരത്തിലേക്കു പോകും മുമ്പ് ഞങ്ങൾ അവരെക്കുറിച്ച് ഒരിക്കലും കേട്ടിരുന്നില്ല. ഞങ്ങളുടെ പുരോഗതി മന്ദഗതിയിലായിരുന്നു. ഞങ്ങൾക്കറിയാൻ പാടില്ലായിരുന്ന ആളുകളെ, പ്രത്യേകിച്ചു വെള്ളക്കാരെ ഞങ്ങൾ യഥാർഥത്തിൽ വിശ്വസിച്ചില്ല എന്നതായിരിക്കാം അതിന്റെ കാരണം. മൂന്നു വർഷത്തോളം ഞങ്ങൾ ഇടയ്ക്കും തലയ്ക്കും ബൈബിളധ്യയനങ്ങൾക്കിരുന്നു. എനിക്ക് വിട്ടുകളയാൻ ഏറ്റവും വിഷമമുണ്ടായിരുന്ന ശീലം മരിജ്വാന വലിയായിരുന്നു. എനിക്കു 14 വയസ്സുള്ളപ്പോൾ ഞാൻ വലി തുടങ്ങിയതായിരുന്നു, ഉപേക്ഷിക്കാൻ ശ്രമം നടത്തിയതാകട്ടെ 25-ാം വയസ്സിലും. മുതിർന്ന യുവാവായുള്ള എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ ലഹരിയിൽ കഴിച്ചുകൂട്ടി. 1986-ൽ, ജനുവരി 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “മറ്റെല്ലാവരും മരിജ്വാന വലിക്കുന്നു—എനിക്കെന്തുകൊണ്ട് ആയിക്കൂടാ?” എന്ന തലക്കെട്ടോടുകൂടിയ ലേഖനം ഞാൻ വായിച്ചു. മരിജ്വാന വലിക്കുന്നത് എത്ര മൗഢ്യമാണെന്നു ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു—പ്രത്യേകിച്ച് സദൃശവാക്യങ്ങൾ 1:22 വായിച്ചുകഴിഞ്ഞപ്പോൾ. അതിങ്ങനെ പറയുന്നു: “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?”
“ഞാൻ ആ ശീലം ഉപേക്ഷിച്ചു. 1986 വസന്തത്തിൽ ഹെൻറിയെറ്റയും ഞാനും വിവാഹിതരായി. 1986 നവംബറിൽ ഞങ്ങൾ സ്നാപനമേറ്റു. 1993-ൽ ഞാൻ സഭയിലെ മൂപ്പനായിത്തീർന്നു. ഞങ്ങളുടെ രണ്ടു പുത്രിമാരും 1994-ൽ സാക്ഷികളായി സ്നാപനമേറ്റു.”
ചൂതാട്ടസ്ഥലങ്ങളും ചൂതാട്ടവും ഒരു പരിഹാരമാണോ?
1984-ൽ ഐക്യനാടുകളിൽ ഇന്ത്യക്കാർ നടത്തിയിരുന്ന ചൂതാട്ടകേന്ദ്രമൊന്നും ഇല്ലായിരുന്നു. ദ വാഷിങ്ടൺ പോസ്റ്റ് പറയുന്നതനുസരിച്ച്, ഈ വർഷം 200 ഗോത്രങ്ങൾക്ക് 24 സംസ്ഥാനങ്ങളിലായി 220 ചൂതാട്ടകേന്ദ്രങ്ങൾ ഉണ്ട്. ഇതുവരെ പ്രലോഭനത്തെ ചെറുത്തുനിന്നിരിക്കുന്ന നാവഹോയും ഹോപ്പിയും പ്രമുഖ അപവാദങ്ങളാണ്. എന്നാൽ, ചൂതാട്ടസ്ഥലങ്ങളും ബിങ്ഗോ ഹാളുകളും സംവരണമേഖലയിലുള്ളവർക്ക് സമൃദ്ധിയും കൂടുതൽ തൊഴിലുകളും ലഭിക്കാനുള്ള സരണിയാണോ? ഫിൽമെർ ബ്ലൂഹൗസ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ചൂതാട്ടം ഒരു ഇരുവായ്ത്തലയുള്ള വാളാണ്. അത് ഉപദ്രവിക്കുന്നതിനെക്കാളധികം പേർക്കു പ്രയോജനം ചെയ്യുമോയെന്നതാണു ചോദ്യം.” ഇന്ത്യൻ ചൂതാട്ടസ്ഥലങ്ങൾ ദേശമൊട്ടുക്ക് 1,40,000 പേർക്കു തൊഴിലുകൾ നൽകിയിരിക്കുന്നുവെന്ന് ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു, എന്നാൽ ഇന്ത്യക്കാരുടേതായിട്ട് ഇതിൽ 15 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അത് ചൂണ്ടിക്കാണിക്കുന്നു.
ചൂതാട്ടസ്ഥലങ്ങളും ചൂതാട്ടവും സംവരണമേഖലകളെ സ്വാധീനിക്കുന്ന വിധത്തെക്കുറിച്ച് ഷൈയാൻ പ്രമാണിയായ ഹാർട്ട് ഉണരുക!യോട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്റെ വികാരങ്ങൾ പരസ്പരവിരുദ്ധമാണ്. അത് ഗോത്രങ്ങൾക്ക് തൊഴിലുകളും വരുമാനവും എത്തിക്കുന്നുവെന്നതാണ് ഒരേയൊരു നല്ല കാര്യം. അതേസമയംതന്നെ, ഇടപാടുകാരിൽ അനേകരും നമ്മുടെ സ്വന്തം ആളുകളായിരിക്കുന്നതായി ഞാൻ നിരീക്ഷിച്ചിരിക്കുന്നു. എനിക്കറിയാവുന്ന ചിലർ ബിങ്ഗോയോട് ആസക്തിയുള്ളവരായിത്തീർന്നിരിക്കുന്നു. കുട്ടികൾ സ്കൂളിൽനിന്നു വരുന്നതിനു മുമ്പുതന്നെ അവിടെ പോകുന്നതിനായി ചിലർ നേരത്തെ വീട്ടിൽനിന്നിറങ്ങുന്നു. അപ്പോൾ കുട്ടികൾവന്നു വീടു തുറക്കുകയും മാതാപിതാക്കൾ ബിങ്ഗോ കളികഴിഞ്ഞ് മടങ്ങിയെത്തുംവരെ അവർ ഒറ്റയ്ക്കിരിക്കുകയും ചെയ്യുന്നു.
“തങ്ങൾ ജയിക്കാനും വരുമാനം വർധിപ്പിക്കാനും പോകുകയാണെന്നുള്ള കുടുംബങ്ങളുടെ വിചാരമാണു മുഖ്യ പ്രശ്നം. സാധാരണഗതിയിൽ അവർക്കതു സാധിക്കുന്നില്ല; അവർക്കു നഷ്ടം ഭവിക്കുന്നു. പലചരക്കുകളോ കുട്ടികൾക്കു വസ്ത്രമോ വാങ്ങാൻവേണ്ടി മാറ്റിവച്ചിരിക്കുന്ന പണമെടുത്ത് അവർ ചെലവഴിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.”
ഭാവിയെന്തു കൈവരുത്തും?
തെക്കുപടിഞ്ഞാറൻ ഗോത്രങ്ങളുടെ ഭാവിയെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ പ്രചാരം സിദ്ധിച്ച രണ്ടു സമീപനങ്ങളുണ്ടെന്ന് ടോം ബാറ്റി വിശദീകരിക്കുന്നു: “ആദ്യത്തേത് അമേരിക്കൻ ജീവിതത്തിന്റെ മുഖ്യധാരയിലേക്കുള്ള സ്വദേശ സംസ്കാരങ്ങളുടെ ആസന്നമായ തിരോധാനം വെട്ടിത്തുറന്നു പ്രവചിക്കുന്നു. രണ്ടാമത്തേത് കൂടുതൽ അവ്യക്തമാണ് . . . ‘പഴയതിന്റെ മേൻമയും പുതിയതിന്റെ മേൻമയും’ വിവേകപൂർവം കൂട്ടിക്കലർത്താൻ നിർദേശിച്ചുകൊണ്ട് അത് സംസ്കാരവത്കരണ പ്രക്രിയയെക്കുറിച്ച് മൃദുവായി സംസാരിക്കുന്നു. അത്, ഇന്ത്യക്കാരൻ തന്റെ കരകൗശലപ്പണികളിൽ വൈചിത്ര്യം പൂണ്ടും വർണോജ്ജ്വല മതമുള്ളവനായും തത്ത്വചിന്തയിൽ ജ്ഞാനിയായും എന്നാൽ സംഗതികളെ നമ്മുടെ (ഉന്നത [വെള്ളക്കാരന്റെ] സംസ്കാരം) രീതിയിൽ വീക്ഷിക്കാൻ തക്കവണ്ണം നാമുമായുള്ള ബന്ധങ്ങളിൽ വേണ്ടവിധത്തിൽ ന്യായമുള്ളവനായും നിലകൊണ്ടേക്കാവുന്ന സുവർണ സംസ്കാരത്തിന്റെ ഒരുതരം അസ്തമനമാണ്.”
എന്നിട്ട് ബാറ്റി ഒരു ചോദ്യം ഉന്നയിക്കുന്നു. “മാറ്റം അനിവാര്യമാണ്; എന്നാൽ ആരു മാറ്റും, എന്ത് ഉദ്ദേശ്യത്തിൽ? . . . മറ്റെല്ലാ ആളുകളെയും അവികസിതരായ അമേരിക്കക്കാരായി കണക്കാക്കുന്ന ഒരു ദുശ്ശീലം ഞങ്ങൾക്ക് [വെള്ളക്കാർക്ക്] ഉണ്ട്. അവർ തങ്ങളുടെ ജീവിതരീതിയിൽ അസംതൃപ്തരാണെന്നും ഞങ്ങളെപ്പോലെ ജീവിക്കാനും ചിന്തിക്കാനും ആകാംക്ഷയുള്ളവരാണെന്നും ഞങ്ങൾ അനുമാനിക്കുന്നു.”
അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഒരു കാര്യം തീർച്ചയാണ്—അമേരിക്കൻ ഇന്ത്യക്കാരുടെ കഥ ഇതുവരെ കഴിഞ്ഞിട്ടില്ല, അത് എങ്ങനെ അവസാനിക്കും അല്ലെങ്കിൽ അവസാനിക്കുമോ എന്നതു കാണേണ്ടിയിരിക്കുന്നു. നമ്മുടെ ശേഷിക്കുന്ന ഇന്ത്യൻ സമുദായങ്ങളെ കുഴപ്പിക്കുന്ന വെറും സാമൂഹിക പ്രശ്നങ്ങളായി കാണുന്നതിനു പകരം അവരെ വിലപ്പെട്ട സാംസ്കാരിക വിഭവങ്ങളായി കണ്ടു തുടങ്ങാൻ ഒരുപക്ഷേ ഇനിയും സമയമുണ്ടായിരിക്കാം.”
ഐക്യവും നീതിയുമുള്ള ഒരു പുതിയ ലോകത്തിലെ ജീവിതം
സ്വദേശികളായ അമേരിക്കക്കാർക്കും എല്ലാ രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും പെട്ട ആളുകൾക്കും എന്തു ഭാവി ഉണ്ടായിരിക്കാൻ കഴിയുമെന്ന് ബൈബിൾ വീക്ഷണത്തിൽനിന്ന് യഹോവയുടെ സാക്ഷികൾ മനസ്സിലാക്കുന്നു. ‘പുതിയ ആകാശവും പുതിയ ഭൂമിയും’ സൃഷ്ടിക്കുമെന്ന് യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.—യെശയ്യാവു 65:17; 2 പത്രൊസ് 3:13; വെളിപ്പാടു 21:1, 3, 4.
ഈ വാഗ്ദാനം ഒരു പുതിയ ഗ്രഹത്തെ അർഥമാക്കുന്നില്ല. സ്വദേശികളായ അമേരിക്കക്കാർക്ക് നന്നായി അറിയാവുന്നതുപോലെ, ആദരിക്കപ്പെടുകയും ഉചിതമായി കൈകാര്യംചെയ്യപ്പെടുകയും ചെയ്യുന്നപക്ഷം ഈ ഭൂമി ഒരു രത്നമാണ്. ഒരു പുതിയ ഗ്രഹത്തിനു പകരം, മനുഷ്യവർഗത്തിന്റെ ചൂഷണംചെയ്യുന്ന ഗവൺമെന്റുകളുടെ സ്ഥാനത്തുവരുന്ന ഒരു പുതിയ സ്വർഗീയ ഭരണത്തെക്കുറിച്ച് ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. പുനഃസ്ഥാപിക്കപ്പെട്ട വനങ്ങൾ, സമതലങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയോടു കൂടിയ ഒരു പറുദീസയായി മാറും ഈ ഭൂമി. ദേശത്തിന്റെ നടത്തിപ്പിൽ എല്ലാ ആളുകളും നിസ്വാർഥമായി പങ്കുപറ്റും. ചൂഷണവും അത്യാർത്തിയും മേലാൽ ഉണ്ടായിരിക്കുകയില്ല. അവിടെ ധാരാളം നല്ല ആഹാരവും കെട്ടുപണിചെയ്യുന്ന പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.
മരിച്ചവരുടെ പുനരുത്ഥാനത്തിൽ എല്ലാ കഴിഞ്ഞകാല അനീതികളും നീക്കപ്പെടും. അതേ, അരിസോണയിലും ന്യൂ മെക്സിക്കോയിലും പാർക്കുന്ന അനവധി പൂയെബ്ലോ ഇന്ത്യക്കാരുടെ പൂർവികരായ ആനസാസി പോലും (“പുരാതനർ”ക്കുള്ള നാവഹോ പേര്) പുനഃസ്ഥാപിക്കപ്പെട്ട ഭൂമിയിലെ നിത്യജീവന്റെ അവസരം ആസ്വദിക്കാനായി തിരികെവരും. കൂടാതെ, ഇന്ത്യൻ ചരിത്രത്തിലെ പ്രസിദ്ധ നേതാക്കൻമാരായ ജെറോനിമോ, സിറ്റിങ് ബുൾ, ക്രേസി ഹോർസ്, റ്റെകുംസെ, മാന്യൂയെലിറ്റോ, പ്രമാണിയായ ജോസഫ്, പ്രമാണിയായ സിയറ്റ്ൽ എന്നിവരും മറ്റനേകരും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ആ പുനരുത്ഥാനത്തിൽ തിരികെവന്നേക്കാം. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) അവർക്കും ഇപ്പോൾ ദൈവത്തെ സേവിക്കുന്ന എല്ലാവർക്കും വേണ്ടി ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രയോ അത്ഭുതകരമായ ഒരു പ്രതീക്ഷയാണു പ്രദാനം ചെയ്യുന്നത്!
[15-ാം പേജിലെ ചിത്രം]
മണ്ണുപൊതിഞ്ഞ തടികൊണ്ടുണ്ടാക്കിയ സാധാരണ നാവഹോ ഹോഗാൻ
[15-ാം പേജിലെ ചിത്രം]
പശ്ചാത്തലത്തിലുള്ള പർവതത്തിലെ കൊത്തുപണിയുടെ അടിസ്ഥാനമായ ക്രേസി ഹോർസിന്റെ സ്വരൂപം
[കടപ്പാട്]
Photo by Robb DeWall, courtesy Crazy Horse Memorial Foundation (nonprofit)
[15-ാം പേജിലെ ചിത്രം]
അരിസോണയിലെ കീംസ് കാൻയൊണിലുള്ള ഹോപ്പി, നാവഹോ സാക്ഷികൾ അവരുടെ രാജ്യഹാളിൽ കൂടിവരുന്നു, ഇത് മുമ്പ് ഒരു വ്യാപാര സ്ഥലമായിരുന്നു
[16-ാം പേജിലെ ചിത്രം]
1,000-ത്തിലേറെ വർഷം പഴക്കമുള്ള ആനസാസി വീടുകൾ (മേസാ വെർഡെ, കൊളറാഡൊ)
[16-ാം പേജിലെ ചിത്രം]
ജെറോനിമോ (1829-1909), പ്രസിദ്ധനായ അപ്പാച്ചി പ്രമാണി
[കടപ്പാട്]
Courtesy Mercaldo Archives/Dictionary of American Portraits/Dover