‘ഇതൊക്കെ താത്കാലികം മാത്രം!’—വൃക്കരോഗവും പേറിയുള്ള എന്റെ ജീവിതം
ആയിരത്തിത്തൊള്ളായിരത്തെൺപത് ജനുവരി ആരംഭത്തിലെ ആ ദിവസം ഇന്നലെ കഴിഞ്ഞതുപോലെ ഞാൻ ഓർക്കുന്നു. കടയിൽപോയി റൊട്ടി വാങ്ങിക്കൊണ്ടുവരാൻ അമ്മ എന്നോടുപറഞ്ഞു. എന്നാൽ ഞാൻ വീട്ടിൽനിന്ന് ഇറങ്ങാൻ തുടങ്ങവേ ഫോൺ ശബ്ദിച്ചു. എന്റെ ലാബ് പരിശോധനയുടെ ഫലങ്ങൾ അറിയിക്കാൻ എന്റെ ഡോക്ടറായിരുന്നു വിളിച്ചത്. പൊടുന്നനേ മമ്മി പൊട്ടിക്കരഞ്ഞു. തേങ്ങലുകൾക്കിടയിൽ ആ ദുർവാർത്ത അവർ എനിക്കു കൈമാറി. എന്റെ വൃക്കകളുടെ പ്രവർത്തനശേഷി ക്ഷയിച്ചുവരുന്നു. ഒരു വർഷം, കൂടിവന്നാൽ രണ്ടു വർഷംകൂടെ മാത്രമേ എന്റെ വൃക്കകൾ പ്രവർത്തിക്കൂ. ഡോക്ടർ പറഞ്ഞതു ശരിയായിരുന്നു ഒരു വർഷം കഴിഞ്ഞപ്പോൾമുതൽ എനിക്കു ഡയാലിസിസ് നടത്തേണ്ടിവന്നു.
ആയിരത്തിത്തൊള്ളായിരത്തറുപത്തിയൊന്ന് മേയ് 20-ന് ആറു മക്കളിൽ മൂത്തവനായി ഞാൻ ജനിച്ചു. എനിക്ക് ഏതാണ്ട് ആറു മാസം പ്രായമുണ്ടായിരുന്നപ്പോൾ, എന്റെ ഡയപ്പറുകളിൽ പറ്റിയിരുന്ന മൂത്രത്തിൽ രക്തം കലർന്നിരിക്കുന്നതായി അമ്മയുടെ ശ്രദ്ധയിൽപെട്ടു. വിപുലമായ പരിശോധനകൾക്കുശേഷം, എന്റെ അസുഖം ജന്മനാലുള്ള ഒരപൂർവ വൈകല്യമായ ആൽപൊർട്സ് സിൻഡ്രോമാണെന്നു കണ്ടെത്തി. അജ്ഞാതമായ കാരണങ്ങളാൽ, ഈ അസുഖമുള്ള ആണുങ്ങളുടെ വൃക്കകൾക്ക് ഒരു കാലയളവിനുശേഷം തകരാറു സംഭവിക്കാറുണ്ട്. എന്നോടും മാതാപിതാക്കളോടും ഇതിനെക്കുറിച്ചു പറഞ്ഞിരുന്നില്ല. അതുകൊണ്ട് വൃക്കരോഗത്തെക്കുറിച്ചു ഞാൻ വേവലാതിപ്പെട്ടതുമില്ല.
പിന്നീട്, 1979-ലെ വേനൽക്കാലത്ത്, രാവിലെ എന്റെ ശ്വാസത്തിന് അമോണിയയുടേതുപോലുള്ള ഗന്ധം ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ അതിന് അത്ര ശ്രദ്ധ നൽകിയില്ല. എന്നാൽ, എനിക്കു തളർച്ച അനുഭവപ്പെടാൻ തുടങ്ങി. അതു നല്ല ആരോഗ്യമില്ലാത്തതിനാൽ ആയിരിക്കുമെന്നു ഞാൻ കരുതി. അതുകൊണ്ട് ഞാൻ അതു കാര്യമാക്കിയില്ല. ഡിസംബറിൽ, ഞാൻ വർഷംതോറും നടത്താറുള്ള പരിശോധനയ്ക്കു വിധേയനായി. ജനുവരിയിൽ മേൽപ്പറഞ്ഞ ആ ടെലഫോൺ സന്ദേശം ലഭിക്കുകയും ചെയ്തു.
മമ്മിക്കു റൊട്ടി വാങ്ങാൻ കടയിലേക്കു വണ്ടിയോടിച്ചു പോകുമ്പോഴും ഞാൻ ഞെട്ടലിൽനിന്നു വിമുക്തനായിരുന്നില്ല. അത് എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതു വിശ്വസിക്കാനായില്ല. “എനിക്കു വെറും 18 വയസ്സേ ഉള്ളൂ!” ഞാൻ കരഞ്ഞു. കാർ ഞാൻ വഴിയരികിൽ നിറുത്തിയിട്ടു. സംഭവിച്ചുകൊണ്ടിരുന്നതിന്റെ ഭീകരത എനിക്കു മനസ്സിലായിത്തുടങ്ങി.
“എന്തുകൊണ്ട് എനിക്കിതു വരുത്തി?”
വഴിവക്കിലിരിക്കവേ, ഞാൻ കരയാൻ തുടങ്ങി. കണ്ണീരോടെ ഞാൻ പറഞ്ഞുപോയി: “ദൈവമേ, എന്തുകൊണ്ട് എനിക്കിതു വരുത്തി? എന്തുകൊണ്ട് എനിക്കിതു വരുത്തി? എന്റെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കാൻ അനുവദിക്കരുതേ!”
1980-ലെ മാസങ്ങൾ കടന്നുപോകവേ, എന്റെ അസുഖം കൂടിക്കൂടിവന്നു; എന്റെ പ്രാർഥന കൂടുതൽ നിരാശാജനകവും കണ്ണീരോടുകൂടിയതുമായി. ആ വർഷാവസാനത്തോടെ, പ്രവർത്തനശേഷി കുറഞ്ഞുവരുന്ന വൃക്കകൾ, രക്തത്തിൽ അടിഞ്ഞുകൂടിയിരുന്ന വിഷവിസർജ്യങ്ങൾ അരിച്ചെടുക്കാതിരുന്നതു നിമിത്തം എനിക്കു ബോധക്ഷയവും കൂടെക്കൂടെയുള്ള ഛർദിയും ഉണ്ടായി. നവംബറിൽ ഞാൻ അവസാനമായി ചില സുഹൃത്തുക്കളുമൊത്ത് ഒരു ക്യാംപിങ് ട്രിപ്പ് നടത്തി. എന്നാൽ, ആ വാരാന്ത്യം മുഴുവൻ വിറച്ചുകൊണ്ട് ഞാൻ കാറിനുള്ളിൽതന്നെ കഴിച്ചുകൂട്ടി. കാരണം എനിക്ക് അത്രയ്ക്കു വയ്യായിരുന്നു. എന്തുചെയ്തിട്ടും എനിക്കു ചൂടു കിട്ടിയില്ല. ഒടുവിൽ, 1981 ജനുവരിയിൽ സംഭവിക്കാനുള്ളതു സംഭവിച്ചു—എന്റെ വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഡയാലിസിസ് നടത്തിയില്ലെങ്കിൽ മരിച്ചുപോകുമെന്ന നിലയിലായി.
ഡയാലിസിസ് നടത്തിയുള്ള ജീവിതം
ഇതിന് ഏതാനും മാസങ്ങൾക്കുമുമ്പ് സിറിഞ്ച് ഉപയോഗിക്കേണ്ടതില്ലാത്തതും ശരീരത്തിന് അകത്ത് രക്തം ശുദ്ധീകരിക്കുന്നതുമായ പുതിയ ഒരു തരം ഡയാലിസിസിനെക്കുറിച്ച് ഞങ്ങളുടെ കുടുംബഡോക്ടർ എന്നോടു പറഞ്ഞിരുന്നു. ഈ പ്രക്രിയ, പെരിട്ടോണിയൽ ഡയാലിസിസ് (പിഡി) എന്ന പേരിലറിയപ്പെടുന്നു. സിറിഞ്ചുകളോടു കഠിനമായ വെറുപ്പുണ്ടായിരുന്നതുകൊണ്ട് ഇതിനെക്കുറിച്ചു കേട്ടപ്പോൾതന്നെ എനിക്കിഷ്ടമായി. ഡയാലിസിസ് നടത്തുന്ന ചില രോഗികൾക്ക് ഈ പ്രക്രിയ വളരെ വിജയകരമായിത്തീർന്നിരിക്കുന്നു.
വിസ്മയാവഹമായി, ഒരു കൃത്രിമ വൃക്കയായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു സ്തരം നമ്മുടെ ശരീരങ്ങളിലുണ്ട്. ഈ പെരിട്ടോണിയം—ദഹനാവയവങ്ങളെ ആവരണംചെയ്യുന്ന സഞ്ചിപോലെയുള്ള, മിനുസമാർന്ന ഒരു നേർത്ത സ്തരം—രക്തം ശുദ്ധീകരിക്കാൻ ഒരു അരിപ്പപോലെ ഉപയോഗിക്കാവുന്നതാണ്. ഈ സ്തരത്തിന്റെ ഉൾഭാഗം പെരിട്ടോണിയൽ അറ എന്നു വിളിക്കുന്ന പൊള്ളയായ ഒരു ഭാഗത്തെ ആവരണം ചെയ്യുന്നു. പെരിട്ടോണിയം, വായുനിറച്ച ഒരു സഞ്ചി പോലെയാണ്. അത്, ഉദരാശയത്തിലെ അവയവങ്ങളുടെ ഇടയിൽ ഒട്ടിച്ചേർന്നിരിക്കുന്നു.
പിഡി-യുടെ പ്രവർത്തനം ഇപ്രകാരമാണ്: അടിവയറ്റിൽ ശസ്ത്രക്രിയവഴി സ്ഥാപിക്കുന്ന കത്തീറ്ററിലൂടെ (കുഴൽ) ഒരു പ്രത്യേകതരം ഡയാലിസിസ് ദ്രാവകം പെരിട്ടോണിയൽ അറയിൽ വെച്ചിരിക്കുന്നു. ഈ ദ്രാവകത്തിൽ ഡെക്സ്ട്രോസ് അടങ്ങിയിരിക്കുന്നു. വിസർജ്യവസ്തുക്കളും രക്തത്തിലെ കൂടുതലുള്ള ദ്രാവകവും അന്തർവ്യാപനപ്രക്രിയവഴി പെരിട്ടോണിയത്തിലൂടെ പെരിട്ടോണിയൽ അറയിലുള്ള ഡയാലിസിസ് ദ്രാവകത്തിലേക്കു വലിച്ചെടുക്കപ്പെടുന്നു. സാധാരണഗതിയിൽ മൂത്രമായി പുറന്തള്ളപ്പെടുമായിരുന്ന വിസർജ്യവസ്തുക്കൾ, ഇപ്പോൾ ഡയാലിസിസ് ദ്രാവകത്തിലാണ്. ദിവസം നാലു പ്രാവശ്യം നിങ്ങൾ ഇതു മാറ്റണം—ഉപയോഗിച്ച ദ്രാവകം മാറ്റുക, എന്നിട്ട് അറയിൽ പുതിയ ദ്രാവകം നിറയ്ക്കുക. ദ്രാവകം മാറ്റാൻ 45 മിനിറ്റോളം വേണ്ടിവരും. ഇത് എണ്ണ മാറ്റുന്നതിനു സമമാണ്—മൈലേജ് വർധിപ്പിക്കാൻ പഴയ എണ്ണ നീക്കി പുതിയതു നിറയ്ക്കുക, അങ്ങനെ നിങ്ങളുടെ ആയുസ്സ് നീട്ടുക!
1981 ജനുവരി ആരംഭത്തിൽ ആവശ്യമായ കത്തീറ്റർ എന്റെ അടിവയറിനു വലതുവശത്തായി സ്ഥാപിച്ചു. പിന്നീട്, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്കു രണ്ടാഴ്ചത്തെ പരിശീലനം ലഭിച്ചു. അണുബാധ നിവാരണ വിദ്യ കർശനമായി പാലിച്ചുകൊണ്ട് ഈ പ്രക്രിയ ശരിയാംവണ്ണം ചെയ്തില്ലെങ്കിൽ വ്യക്തിക്കു പെരിട്ടോണിയൽവീക്കം സംഭവിച്ചേക്കാം—പെരിട്ടോണിയത്തിനുണ്ടാകുന്ന ഗുരുതരമായ, മരണകരമായേക്കാവുന്ന അണുബാധ.
1981-ലെ വേനൽക്കാലത്ത്, ഞാൻ പിഡി ആരംഭിച്ച് ഏതാണ്ട് 6 മാസം പിന്നിട്ടപ്പോൾ, എന്റെ മാതാപിതാക്കൾക്കു മറ്റൊരു ഫോൺകോൾ ലഭിച്ചു, എന്റെ ജീവിതത്തിൽ ശക്തമായ പ്രഭാവം ചെലുത്താൻപോന്ന ഒന്നായിരുന്നു അത്.
പുതിയ വൃക്കയ്ക്കുവേണ്ടിയുള്ള അന്വേഷണം
1981 ജനുവരിമുതൽ, വൃക്ക മാറ്റിവെക്കലിനായുള്ള ദേശീയ പട്ടികയിൽ എന്റെ പേരുമുണ്ടായിരുന്നു.a വൃക്ക മാറ്റിവെക്കുകവഴി പഴയ ജീവിതം എനിക്കു തിരിച്ചുകിട്ടുമെന്നു ഞാൻ പ്രതീക്ഷിച്ചു. മുന്നിലുള്ളതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു!
ആഗസ്റ്റ് മധ്യത്തിൽ, വൃക്ക ദാനം ചെയ്യാനുള്ള ആളെ കണ്ടെത്തിയിരിക്കുന്നതായി ഞങ്ങൾക്കു ഫോണിലൂടെ വിവരം ലഭിച്ചു. രാത്രി 10 മണിയോടെ ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ മാറ്റിവെക്കാൻ ഉദ്ദേശിക്കുന്ന വൃക്ക എനിക്കു ചേരുമോ എന്നറിയാൻ രക്തത്തിന്റെ സാമ്പിളുകൾ എടുത്തു. ആ ദിവസം, കുറേ സമയംമുമ്പ് അപകടത്തിൽപെട്ടു മരണമടഞ്ഞ ഒരു ചെറുപ്പക്കാരന്റെ വൃക്ക അയാളുടെ കുടുംബം ലഭ്യമാക്കിയിരുന്നു.
പിറ്റേന്നു രാവിലെ ശസ്ത്രക്രിയ നടത്താമെന്നു നിശ്ചയിച്ചു. ഒരു യഹോവയുടെ സാക്ഷിയായതുകൊണ്ടും എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി രക്തപ്പകർച്ച സ്വീകരിക്കാൻ എന്നെ അനുവദിക്കുമായിരുന്നില്ലാത്തതുകൊണ്ടും ശസ്ത്രക്രിയ നടത്തുന്നതിനുമുമ്പ് പ്രധാനപ്പെട്ട ഒരു പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. (പ്രവൃത്തികൾ 15:28, 29) ആദ്യത്തെ രാത്രിതന്നെ അനസ്തേഷ്യാവിദഗ്ധൻ എന്നെ കാണാൻ വന്നു. ശസ്ത്രക്രിയ നടത്തുന്ന മുറിയിൽ, മുൻകരുതൽ എന്നനിലയിൽ മാത്രം രക്തം ലഭ്യമാക്കുന്നതിനു സമ്മതിക്കാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ഞാൻ വേണ്ടെന്നു പറഞ്ഞു.
“എന്തെങ്കിലും കുഴപ്പം പറ്റിയാൽ ഞാൻ എന്താണു ചെയ്യേണ്ടത്? താങ്കളെ മരിക്കാൻ അനുവദിക്കണമോ?” അദ്ദേഹം ചോദിച്ചു.
“നിങ്ങൾ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളും ചെയ്യുക. എന്നാൽ, എന്തുവന്നാലും എനിക്കു രക്തം നൽകാൻ പാടില്ല.”
അദ്ദേഹം പോയശേഷം ശസ്ത്രക്രിയാവിദഗ്ധർ കടന്നുവന്നു. ഇതേ പ്രശ്നം ഞാൻ അവരുമായി ചർച്ചചെയ്തു. രക്തം കൂടാതെ ശസ്ത്രക്രിയ നടത്താമെന്ന് അവർ സമ്മതിച്ചത് എനിക്ക് ഏറെ ആശ്വാസമേകി.
മൂന്നര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ കുഴപ്പമൊന്നുമില്ലാതെ നടന്നു. വളരെക്കുറച്ചു രക്തമേ നഷ്ടപ്പെട്ടുള്ളൂ എന്നു ശസ്ത്രക്രിയാവിദഗ്ധൻ പറഞ്ഞു. റിക്കവറി റൂമിൽവെച്ചു ഞാൻ ഉണർന്നപ്പോൾ മൂന്നു കാര്യങ്ങൾ എന്നെ വേട്ടയാടി—ആദ്യം വിശപ്പും ദാഹവും പിന്നെ വേദനയും! പിങ്ക് കലർന്ന മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകം നിറഞ്ഞുകൊണ്ടിരുന്ന ഒരു സഞ്ചി നിലത്തു കിടക്കുന്നതു കണ്ടപ്പോൾ അതെല്ലാം എങ്ങോ പോയ്മറഞ്ഞു. എന്റെ പുതിയ വൃക്കയിൽനിന്നുള്ള മൂത്രമായിരുന്നു അത്. അവസാനം ഞാൻ മൂത്രമൊഴിക്കാൻ തുടങ്ങിയിരിക്കുന്നു! എന്റെ മൂത്രസഞ്ചിയിൽനിന്നു കത്തീറ്റർ എടുത്തുമാറ്റി മറ്റേവരേയുംപോലെ എനിക്കു മൂത്രമൊഴിക്കാൻ സാധിച്ചപ്പോൾ വളരെ സന്തോഷം തോന്നി.
എന്നാൽ, എന്റെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നിരാശാജനകമായ വാർത്ത എനിക്കു ലഭിച്ചു—എന്റെ പുതിയ വൃക്ക പ്രവർത്തിക്കുന്നില്ല. എനിക്കു ഡയാലിസിസ് വീണ്ടും നടത്തേണ്ടിവരും. പുതിയ വൃക്കയ്ക്കു പ്രവർത്തിക്കാൻ സമയം ലഭിക്കും എന്ന പ്രതീക്ഷയോടെയായിരുന്നു അത്. നിരവധി ആഴ്ചകൾ ഞാൻ ഡയാലിസിസിനു വിധേയനായി.
അപ്പോൾ സെപ്റ്റംബർ മധ്യമായിരുന്നു. ഞാൻ ആശുപത്രിയിലായിട്ട് ഏകദേശം ഒരു മാസമായിരുന്നു. വീട്ടിൽനിന്ന് 80 കിലോമീറ്റർ അകലെയായിരുന്നു ആശുപത്രി. അതുകൊണ്ട്, എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാർക്ക് എന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സഭയിൽ പോകാൻ സാധിക്കാത്തതുകൊണ്ട് എനിക്കു വളരെ ദുഃഖമനുഭവപ്പെട്ടു. സഭായോഗങ്ങൾ റെക്കോർഡു ചെയ്ത ടേപ്പുകൾ എനിക്കു ലഭിച്ചു. എന്നാൽ അവ ശ്രവിച്ചപ്പോൾ ഞാൻ വികാരാധീനനായി. ഏകാന്തതയിൽ യഹോവയോടു സംസാരിച്ചുകൊണ്ട്, സഹിച്ചുനിൽക്കാൻവേണ്ട സഹായം ചോദിച്ചുകൊണ്ട്, ഞാൻ ഏറെ സമയം ചെലവിട്ടു. എന്നാൽ ഇതിലേറെ ഘോരമായ പരീക്ഷണങ്ങൾ വരാനിക്കുന്നതേയുള്ളുവെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല.
മരിക്കാൻ ഭയമില്ല
അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് നീണ്ട ആറാഴ്ചകൾ പിന്നിട്ടിരുന്നു. എന്റെ ശരീരം വൃക്കയെ പുറന്തള്ളിയിരിക്കുന്നുവെന്ന് ഇതിനോടകം വേദനാജനകമാംവിധം വെളിവായിരുന്നു. എന്റെ ഉദരം വികൃതമാംവിധം വീർത്തിരുന്നു; ശരീരം പുറന്തള്ളിയ വൃക്ക നീക്കംചെയ്യേണ്ടിവരുമെന്നു ഡോക്ടർമാർ എന്നോടു പറഞ്ഞു. രക്തം സംബന്ധിച്ച പ്രശ്നം വീണ്ടും പൊന്തിവന്നു. എന്റെ രക്തത്തിന്റെ അളവു തീരെ കുറവായതുകൊണ്ട് ഇത്തവണ ശസ്ത്രക്രിയ കൂറേക്കൂടെ അപകടകരമാണെന്നു ഡോക്ടർമാർ വിശദമാക്കി. ക്ഷമയോടെ, എന്നാൽ ദൃഢതയോടെ, എന്റെ ബൈബിളധിഷ്ഠിത നിലപാടു ഞാൻ വിശദമാക്കി. രക്തമില്ലാതെ ശസ്ത്രക്രിയ നടത്താമെന്ന് ഒടുവിൽ അവർ സമ്മതിച്ചു.b
ശസ്ത്രക്രിയയ്ക്കുശേഷം കാര്യങ്ങളെല്ലാം തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ഞാൻ റിക്കവറി റൂമിലായിരുന്ന സമയത്ത് എന്റെ ശ്വാസകോശങ്ങളിൽ നീർക്കെട്ടുണ്ടാകാൻ തുടങ്ങി. ഒരു രാത്രി മുഴുവൻ കഠിനമായ ഡയാലിസിസിനു വിധേയനായശേഷം എനിക്ക് അൽപ്പം സുഖമായി. എന്നാൽ, രണ്ടു ദിവസത്തിനുശേഷം എന്റെ ശ്വാസകോശങ്ങൾ വീണ്ടും നിറഞ്ഞു. തുടർന്നുള്ള രാത്രിയിലും ഡയാലിസിസ് നടത്തുകയുണ്ടായി. ആ രാത്രിയെക്കുറിച്ച് എനിക്ക് അധികമൊന്നും ഓർമയില്ല. എന്നാൽ, എന്റെ പിതാവ് അരികിലിരുന്നുകൊണ്ട്, “ഒരിക്കൽകൂടി ശ്വാസമെടുക്കൂ, ലീ! ശ്രമിക്കൂ. നിനക്കതിനു കഴിയും! ഒന്നുകൂടി, അങ്ങനെതന്നെ, ശ്വസിച്ചുകൊണ്ടേയിരിക്കൂ!” എന്നൊക്കെ പറയുന്നതു ഞാൻ ഓർക്കുന്നുണ്ട്. ഞാൻ തീർത്തും അവശനായിരുന്നു. മുമ്പൊരിക്കലും അത്ര ക്ഷീണം തോന്നിയിട്ടില്ല. ഇതെല്ലാം ഒന്നു കഴിഞ്ഞുകിട്ടി ദൈവത്തിന്റെ പുതിയ ലോകത്തിൽ എഴുന്നേറ്റുവന്നാൽ മതിയെന്നായിരുന്നു എനിക്ക്. മരിക്കാൻ എനിക്കു ഭയമില്ലായിരുന്നു.—വെളിപ്പാടു 21:3, 4.
പിറ്റേന്നു രാവിലെ എന്റെ നില ഗുരുതരമായി. എന്റെ ഹിമേറ്റോക്രിറ്റ്, അതായത്, പര്യയനം ചെയ്തുകൊണ്ടിരിക്കുന്ന രക്തത്തിലെ അരുണരക്താണുക്കളുടെ എണ്ണം, 7.3 ആയി കുറഞ്ഞിരുന്നു—സാധാരണ ഇത് 40-ലധികം വേണം! എന്റെ കാര്യത്തിൽ ഡോക്ടർമാർക്കു ശുഭപ്രതീക്ഷയില്ലായിരുന്നു. രക്തം സ്വീകരിക്കാൻ അവർ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സുഖപ്പെടണമെങ്കിൽ അത് അത്യന്താപേക്ഷിതമാണത്രേ.
എന്നെ ഇൻറൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. എന്റെ ഹെമേറ്റോക്രിറ്റ് 6.9 ആയി കുറഞ്ഞു. എന്നാൽ അമ്മയുടെ സഹായത്തോടെ എന്റെ ഹെമേറ്റോക്രിറ്റ് സാവധാനം ഉയരാൻ തുടങ്ങി. വീട്ടിലെ ബ്ലന്റർ ഉപയോഗിച്ച്, ഉയർന്ന തോതിൽ ഇരുമ്പടങ്ങിയ ഭക്ഷണപദാർഥങ്ങളിൽനിന്നു പാനീയങ്ങളുണ്ടാക്കി അവർ കൊണ്ടുവരുമായിരുന്നു. എന്നെ പ്രോത്സാഹിപ്പിക്കാനായി അവർ അത് എന്നോടൊപ്പം കുടിക്കുകപോലും ചെയ്തു. ഒരമ്മയ്ക്ക് മക്കളോടുള്ള സ്നേഹം വിശിഷ്ടം തന്നെ!
നവംബർ മധ്യത്തിൽ എന്നെ ആശുപത്രിയിൽനിന്നു വിട്ടപ്പോൾ എന്റെ ഹെമേറ്റോക്രിറ്റ് 11 ആയിരുന്നു. 1987-ന്റെ ആരംഭത്തിൽ, രക്തത്തിലേക്ക് പുതിയ അരുണരക്താണുക്കളെ അയയ്ക്കാൻ തക്കവണ്ണം മജ്ജയെ ഉത്തേജിപ്പിക്കുന്ന ഒരു കൃത്രിമ ഹോർമോണായ ഇപിഒ (എരിത്രോപൊയെറ്റിൻ) ഞാൻ കഴിക്കാൻ തുടങ്ങി. ഇപ്പോൾ എന്റെ ഹെമേറ്റോക്രിറ്റ് 33 ആണ്.c
‘ലീ, ഇതെല്ലാം താത്കാലികം മാത്രം!’
1984, 1988, 1990, 1993, 1995, 1996 എന്നീ വർഷങ്ങളിലെല്ലാം എനിക്കു പ്രധാന ശസ്ത്രക്രിയകൾക്കു വിധേയനാകേണ്ടിവന്നു—എല്ലാം വൃക്കകളുടെ തകരാറുമൂലംതന്നെ. വൃക്കരോഗവും പേറിയുള്ള ഇത്രയേറെ വർഷത്തെ എന്റെ ജീവിതത്തിൽ, പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്, ‘ഇതെല്ലാം താത്കാലികം മാത്രം’ എന്ന ഒരേയൊരു ചിന്തയാണ്. നമ്മുടെ പ്രശ്നങ്ങൾ ശാരീരികമോ അല്ലാത്തതോ ആയിക്കൊള്ളട്ടെ, വരാൻപോകുന്ന പുതിയ ലോകത്തിലെ ദൈവരാജ്യത്തിൻകീഴിൽ അവയെല്ലാം പരിഹരിക്കപ്പെടും. (മത്തായി 6:9, 10) എപ്പോഴെങ്കിലും പുതിയ ഒരു വെല്ലുവിളിയെ നേരിടുകയും വിഷാദം അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഞാൻ എന്നോടുതന്നെ പറയും, ‘ലീ, ഇതെല്ലാം താത്കാലികം മാത്രം!’ കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടിൽ നിർത്താൻ അതെന്നെ സഹായിക്കുന്നു.—2 കൊരിന്ത്യർ 4:17, 18 താരതമ്യം ചെയ്യുക.
1986 എന്ന വർഷത്തിലാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ സംഗതി നടന്നത്—ഞാൻ വിവാഹിതനായി. ഒരിക്കലും വിവാഹിതനാകുകയില്ലെന്നാണു ഞാൻ കരുതിയത്. ‘എന്നെ വിവാഹം ചെയ്യാൻ ആരാണ് ആഗ്രഹിക്കുക?’ എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ, കിമ്പർലീ കടന്നുവന്നു. എന്നിലെ ആന്തരിക വ്യക്തിയെയാണ് അവൾ കണ്ടത്. അല്ലാതെ, ക്ഷയിച്ചുകൊണ്ടിരുന്ന പുറമേയുള്ള എന്നെയല്ല. എന്റെ നില താത്കാലികമാണെന്ന് അവളും കണ്ടു.
1986-ൽ, ജൂൺ 21-ന് കാലിഫോർണിയയിലെ പ്ലെസൻറണിലുള്ള ഞങ്ങളുടെ പ്രാദേശിക രാജ്യഹാളിൽവെച്ച് ഞാനും കിമ്പർലീയും വിവാഹിതരായി. എന്റെ അസുഖം പാരമ്പര്യമായി ലഭിക്കുന്നതായതുകൊണ്ട് കുട്ടികളൊന്നും വേണ്ടെന്നാണു ഞങ്ങളുടെ തീരുമാനം. എന്നാൽ, ഒരുപക്ഷേ ഇതും താത്കാലികമായിരിക്കാം. യഹോവയ്ക്ക് ഇഷ്ടമാണെങ്കിൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ കുട്ടികളുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഇന്ന്, കാലിഫോർണിയയിലെ ഹൈലാൻറ് ഓക്സ് സഭയിൽ ഒരു മൂപ്പനായി സേവിക്കുകയെന്ന പദവി എനിക്കു ലഭിച്ചിരിക്കുന്നു. കൂടാതെ, കിമ്പർലീ ഒരു മുഴുസമയ സുവിശേഷകയായും സേവനമനുഷ്ഠിക്കുന്നു. ഇപ്പോൾ എന്റെ ആരോഗ്യം ഒരുവിധം മെച്ചപ്പെട്ടിരിക്കുന്നു. 1981-ൽ നേരിടേണ്ടിവന്ന അഗ്നിപരീക്ഷ എന്റെ ശരീരത്തെ ആകെ നശിപ്പിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് ആരോഗ്യം നന്നേ കുറവാണ്. അതിനുശേഷം എന്റെ സഹോദരിക്കും ആൽപൊർട്സ് സിൻഡ്രോം നേരിയ തോതിൽ ഉടലെടുത്തിട്ടുണ്ട്. ഈ അസുഖമുള്ള എന്റെ രണ്ടു സഹോദരന്മാരുടെയും വൃക്കകൾ തകരാറിലായതുകൊണ്ട് അവർ ഇപ്പോൾ ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്നു. എന്റെ മറ്റു രണ്ടു സഹോദരന്മാർ നല്ല ആരോഗ്യവാന്മാരാണ്.
ഞാൻ ഇപ്പോഴും പെരിട്ടോണിയൽ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്നു. അതു നിമിത്തം എനിക്കുള്ള യാത്രാസ്വാതന്ത്ര്യത്തിൽ ഞാൻ സന്തോഷിക്കുന്നു. ഭാവിയിലേക്കു ഞാൻ പ്രത്യാശയോടും ദൃഢവിശ്വാസത്തോടും കൂടെയാണു നോക്കുന്നത്. കാരണം, വൃക്കസംബന്ധമായ പ്രശ്നമുൾപ്പെടെ ഇന്നുള്ള പ്രശ്നങ്ങളെല്ലാം താത്കാലികം മാത്രമാണല്ലോ.—ലീ കൊർഡവേ പറഞ്ഞപ്രകാരം
ഏതെങ്കിലും പ്രത്യേകതരം വൈദ്യചികിത്സ ഉണരുക! ശുപാർശ ചെയ്യുന്നില്ല. ഹീമോഡയാലിസിസ് ചെയ്യുന്നതുൾപ്പെടെ മറ്റുതരം ചികിത്സകളെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയല്ല ഈ ലേഖനം. ഓരോ രീതിക്കും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. ഏതു രീതി സ്വീകരിക്കണമെന്നതു സംബന്ധിച്ച് ഓരോ വ്യക്തിയും തന്റേതായ, മനസ്സാക്ഷിപൂർവകമായ തീരുമാനമെടുക്കണം.
[അടിക്കുറിപ്പുകൾ]
a ഒരു ക്രിസ്ത്യാനി അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാകുമോ ഇല്ലയോ എന്നുള്ളതു വ്യക്തിപരമായ തീരുമാനമാണ്.—1980 മാർച്ച് 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 31-ാം പേജ് കാണുക.
b രക്തം കൂടാതെ വലിയ ശസ്ത്രക്രിയ നടത്തുന്നതു സംബന്ധിച്ച കൂടുതൽ വിവരത്തിന് വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്നതിന്റെ 16-17 പേജുകൾ കാണുക.
c ഒരു ക്രിസ്ത്യാനി ഇപിഒ സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളതു വ്യക്തിപരമായ ഒരു തീരുമാനമാണ്.—1994 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 31-ാം പേജ് കാണുക.
[12-ാം പേജിലെ ചിത്രം]
എന്റെ ഭാര്യ കിമ്പർലീയോടൊപ്പം
[13-ാം പേജിലെ രേഖാചിത്രം]
പെരിട്ടോണിയൽ ഡയാലിസിസ് പ്രവർത്തിക്കുന്ന വിധം
കരൾ
ചെറുകുടലിന്റെ ചുരുളുകൾ
കത്തീറ്റർ(ശുദ്ധമായ ലായനി സ്വീകരിക്കുന്നു; പഴയ ലായനി പുറന്തള്ളുന്നു)
പെരിട്ടോണിയം
പെരിട്ടോണിയൽ അറ
മൂത്രസഞ്ചി