നമ്മുടെ ഉത്തമ സുഹൃത്ത് ആത്മമണ്ഡലത്തിലാണ്
ആത്മമണ്ഡലത്തിൽ ജീവിക്കുന്നവരെ സംബന്ധിച്ചു ബൈബിൾ വ്യക്തമായ ഒരു ചിത്രം നൽകുന്നു. യഹോവയാം ദൈവം സ്വർഗത്തിൽ പരമോന്നതനാണ്. ശക്തിയിലും അധികാരത്തിലും യഹോവ കഴിഞ്ഞാൽ അടുത്ത സ്ഥാനം യേശുക്രിസ്തുവിനാണ്. ദൈവത്തോടു വിശ്വസ്തരായ ദൂതന്മാർ ദൈവത്തിന്റെയും ഭൂമിയിലെ അവന്റെ ജനത്തിന്റെയും ശുശ്രൂഷകരായി സേവിക്കുന്നു. സാത്താനും അവന്റെ ഭൂതങ്ങളും ദൈവത്തെ എതിർക്കുകയും മനുഷ്യരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നതുവരെ അവർ മരണത്തിൽ നിദ്രകൊള്ളുന്നു.
ഭൂതങ്ങൾ നമ്മുടെ ആരാധന ആഗ്രഹിക്കുന്നു
മരിച്ചവർ നിർജീവരായതുകൊണ്ട്, അവരെ ആരാധിക്കുന്നതിനാൽ യാതൊന്നും നേടാനില്ല. മരിച്ചവർക്കു ബലികളർപ്പിക്കുന്നതു സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ഭോഷ്ക്കുകളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ.
ദൈവദൂതന്മാർ നമ്മുടെ ആരാധന ആഗ്രഹിക്കുന്നുവോ? തീർച്ചയായും ഇല്ല! വിശ്വസ്ത ദൂതന്മാർ ദൈവത്തിനു മഹത്ത്വം നൽകുകയും അതുതന്നെ ചെയ്യാൻ മനുഷ്യരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അപ്പോസ്തലനായ യോഹന്നാൻ രണ്ടുതവണ ദൂതന്മാരെ ആരാധിക്കാൻ ശ്രമിച്ചു. എന്നാൽ, “അതരുതു: . . . ദൈവത്തെ നമസ്കരിക്ക” എന്നു പറഞ്ഞുകൊണ്ട് അവർ അവനെ ഭർത്സിച്ചു.—വെളിപ്പാടു 19:10; 22:8, 9.
വിശ്വസ്ത ദൂതന്മാരിൽനിന്നു വ്യത്യസ്തരായി, സാത്താനും അവന്റെ ഭൂതങ്ങളും ആരാധിക്കപ്പെടാനും മഹത്ത്വീകരിക്കപ്പെടാനും ആഗ്രഹിക്കുന്നു. മനുഷ്യനെന്നനിലയിൽ യേശു ഭൂമിയിലായിരുന്ന സമയത്തു സാത്താൻ അവനെ പ്രലോഭിപ്പിച്ചപ്പോൾ ഇതു പ്രകടമായിരുന്നു. ബൈബിൾ വിവരിക്കുന്നു: “പിന്നെ പിശാചു അവനെ [യേശുവിനെ] ഏററവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.”—മത്തായി 4:8, 9.
“സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നു”വെന്നു യേശു മറുപടി നൽകി. (മത്തായി 4:10) യേശുവിനു യഹോവയുടെ ന്യായപ്രമാണം അറിയാമായിരുന്നു. അതു ലംഘിക്കാൻ അവൻ വിസമ്മതിച്ചു.—ആവർത്തനപുസ്തകം 6:13.
യേശുവിന്റെ ആരാധന പിടിച്ചുപറ്റാൻ സാത്താനു കഴിഞ്ഞില്ലെങ്കിലും, മറ്റുചിലരുടെ ആരാധന നേടുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു. തീർച്ചയായും ആരുംതന്നെ സാത്താനെ മനപ്പൂർവം ആരാധിക്കുകയില്ല. എന്നാൽ, സൂത്രം, വഞ്ചന, ഭോഷ്ക്കുകൾ, ഭയം എന്നിവയിലൂടെ സാത്താനും അവന്റെ ഭൂതങ്ങളും അനേകമാളുകളെ യഹോവയുടെ നിർമലാരാധനയിൽനിന്നു വ്യതിചലിപ്പിച്ചിരിക്കുന്നതിനാൽ അപ്പോസ്തലനായ യോഹന്നാൻ എഴുതി: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ദൈവവചനത്തിനു വിരുദ്ധമായ വിധങ്ങളിൽ ആരാധിക്കുന്നവർ യഹോവയെ അല്ല, സാത്താനെയാണു ബഹുമാനിക്കുന്നത്. “ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—1 കൊരിന്ത്യർ 10:20.
ആരാധന യഹോവയ്ക്കുള്ളത്
നമ്മുടെ ആരാധന ദൈവത്തിലേക്കു മാത്രം തിരിച്ചുവിടേണ്ടതാണ്. യഹോവ മോശയോടു പറഞ്ഞു: “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള [“അനന്യഭക്തി നിഷ്കർഷിക്കുന്ന,” NW] ദൈവം ആകുന്നു.”—പുറപ്പാടു 20:3-5.
യഹോവ മാഹാത്മ്യത്തിൽ ഭയഗംഭീരനാണെങ്കിലും, സമീപിക്കാവുന്നവനാണ്. ശിഷ്യനായ യാക്കോബ് എഴുതി: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) അപ്പോസ്തലനായ പൗലൊസ് പറഞ്ഞു: “അവൻ [ദൈവം] നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.” (പ്രവൃത്തികൾ 17:27) കൂടാതെ അപ്പോസ്തലനായ യോഹന്നാൻ എഴുതി: “അവന്റെ [യഹോവയുടെ] ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.”—1 യോഹന്നാൻ 5:14, 15.
“അവന്റെ [യഹോവയുടെ] ഇഷ്ടപ്രകാരം” നാം ചോദിച്ചാൽ, യഹോവ നമ്മുടെ അപേക്ഷകൾ കേൾക്കുമെന്നാണു യോഹന്നാൻ എഴുതിയതെന്നു ശ്രദ്ധിക്കുക. ദൈവത്തിന്റെ ഇഷ്ടമെന്താണെന്ന് അറിയുന്നതിന്, ബൈബിൾ പഠിപ്പിക്കുന്നതു നാം പഠിക്കണം. ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.
നിങ്ങൾ യഹോവയെക്കുറിച്ചു കൂടുതൽ പഠിക്കവേ, ആത്മമണ്ഡലത്തിൽ ജീവിക്കുന്നവരെക്കുറിച്ചുള്ള കൂടുതൽ അറിവു നിങ്ങൾക്കു ലഭിക്കും. ആളുകളെ ഭയത്തിലും അടിമത്തത്തിലും പിടിച്ചുവെക്കാനായി സാത്താൻ ഉപയോഗിക്കുന്ന അന്ധവിശ്വാസങ്ങൾ, ധാരണകൾ, പാരമ്പര്യങ്ങൾ എന്നിവയിൽനിന്ന് ഈ പരിജ്ഞാനം സ്വാതന്ത്ര്യം കൈവരുത്തുന്നു. ജീവിതത്തിലെ അനുദിന പ്രശ്നങ്ങൾ ഒഴിവാക്കാനോ തരണം ചെയ്യാനോ സഹായിക്കുന്നതിനു ദൈവത്തിൽ ആശ്രയിക്കാൻ ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിലൂടെ നിങ്ങൾ പഠിക്കും. നിങ്ങൾക്കു ദൈവത്തിന്റെ ഒരു സ്നേഹിതനായിത്തീരാൻ കഴിയും. ദൈവം നിങ്ങൾക്ക് ഒരു ‘സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും’ ആണെന്നു തെളിയും.—സങ്കീർത്തനം 46:1.
ദുഷ്ടസേനകൾ നീക്കംചെയ്യപ്പെടും
നന്മയുടെ ആത്മസേനകൾ തിന്മയുടെ ആത്മസേനകളുടെമേൽ വിജയംവരിക്കുമെന്നതിനെ ഒരിക്കലും സംശയിക്കരുത്. സാത്താനിൽനിന്നും അവന്റെ ദുഷ്ടസഹകാരികളിൽനിന്നും സ്വർഗത്തെ ശുദ്ധീകരിച്ച ഒരു യുദ്ധം ആത്മമണ്ഡലത്തിൽ നടന്നുകഴിഞ്ഞിരിക്കുന്നു. വെളിപ്പാടു പുസ്തകം പറയുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും [പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു] അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.”—വെളിപ്പാടു 12:7-9.
ആ യുദ്ധത്തിന്റെ ഫലമെന്തായിരുന്നു? റിപ്പോർട്ടു തുടരുന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) പ്രശ്നങ്ങൾക്കിടയാക്കാൻ സാത്താനും അവന്റെ ഭൂതങ്ങളും മേലാൽ സ്വർഗത്തിലില്ലാത്തതിനാൽ അവിടെയുള്ളവർക്കു സന്തോഷിക്കാൻ കഴിഞ്ഞു. എന്നാൽ, സ്വർഗത്തിൽനിന്ന് അവൻ എറിയപ്പെട്ടത്, ഭൂമിയിലുള്ളവർക്കു വളരെയധികം കഷ്ടം, വലിയ പ്രശ്ങ്ങൾ, കൈവരുത്തിയിരിക്കുന്നു. ആ കഷ്ടത്തിന്റെ സമയത്താണു നാം ഇപ്പോൾ ജീവിക്കുന്നത്.—2 തിമൊഥെയൊസ് 3:1-5.
ദുഷ്ടതയില്ലാത്ത ഒരു ഭാവി
എന്നാൽ, ബൈബിൾ പ്രത്യാശയും വെച്ചുനീട്ടുന്നു. പ്രവർത്തനരഹിതനാക്കപ്പെടുന്നതിനു മുമ്പു പിശാചിന് “അല്പകാലമേയുള്ളു”വെന്ന് അതു നമുക്ക് ഉറപ്പുനൽകുന്നു. അതു സംഭവിക്കുമ്പോൾ, ഭൂമിയിൽ തന്റെ സൗഹൃദം തേടുന്ന എല്ലാവർക്കും യഹോവ വിസ്മയാവഹമായ അനുഗ്രഹങ്ങൾ കൈവരുത്തും. ഭാവിയിലേക്കുള്ള അവന്റെ ഏതാനും വാഗ്ദാനങ്ങൾ പരിഗണിക്കുക:
“ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും.”—സങ്കീർത്തനം 72:16.
“എന്റെ വൃതന്മാർ [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല.”—യെശയ്യാവു 65:22, 23.
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.
“അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 35:5, 6.
“അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
“നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
സത്യദൈവമായ യഹോവയ്ക്കു മാത്രമേ മഹത്തായ അത്തരം വാഗ്ദാനങ്ങൾ നിവർത്തിക്കാൻ കഴിയൂ. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽനിന്നു യാതൊന്നും അവനെ തടയുകയില്ല. “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ.”—ലൂക്കൊസ് 1:37.
[9-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ ദൈവത്തിന്റെ സുഹൃത്താകുമ്പോൾ ജീവിത പ്രശ്നങ്ങളെ നേരിടാൻ അവൻ നിങ്ങളെ സഹായിക്കും