സംഗീതം, മയക്കുമരുന്നുകൾ, മദ്യം ഇവയൊക്കെയായിരുന്നു എന്റെ ജീവിതം
ഞാൻ ഒരു സ്വദേശീയനായ അമേരിക്കക്കാരനാണ്. നാലു വർഷം മുമ്പു മരിച്ച അച്ഛൻ യു.എസ്.എ., മിഷിഗണിലെ ഷുഗർ ദ്വീപിൽനിന്നുള്ള ഒരു ചിപ്പെവൊ ആയിരുന്നു. കാനഡയിലെ ഒണ്ടേറിയോയിൽ നിന്നുള്ള എന്റെ അമ്മ ഒട്ടാവ, ഓജിബ്വേ ഇന്ത്യൻ ജനതകളിൽനിന്നുള്ളവളാണ്. എന്റെ അച്ഛൻ വഴിയായി ഞാൻ ചിപ്പെവൊ ഇന്ത്യക്കാരുടെ സൂ സെൻറ് മരീ ഗോത്രത്തിൽപ്പെട്ടവനായിരുന്നു. കത്തോലിക്കാ ദൗത്യസംഘത്തിന്റെയും ബോർഡിങ് സ്കൂളുകളുടെയും സ്വാധീനം നിമിത്തം, ഞങ്ങൾ കത്തോലിക്കരായാണു വളർത്തപ്പെട്ടത്. അതിന്റെ അർഥം എല്ലാ ഞായറാഴ്ചയും കുർബാനയിൽ പങ്കുപറ്റണം എന്നായിരുന്നു.
ഇന്ത്യക്കാർക്കുള്ള സംവരണമേഖലകളിലെ എന്റെ കുട്ടിക്കാലം ലളിതവും സന്തോഷപ്രദവുമായിരുന്നു. ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ വേനൽക്കാലങ്ങൾ നീണ്ടതും അലസവും സമാധാനപൂർണവുമായിരുന്നു. ഞങ്ങൾ ഒരു ഉൾനാടൻ പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്—ഞങ്ങൾക്കു പൈപ്പുവെള്ളമോ വീടുകൾക്കകത്തുള്ള കക്കൂസുകളോ ഉണ്ടായിരുന്നില്ല. ഞങ്ങൾ കുളിച്ചിരുന്നത് അടുത്തുള്ള തടാകത്തിലോ ഒരു അലക്കുതൊട്ടിയിലോ ആയിരുന്നു. ഞങ്ങളുടെ കളിസ്ഥലം പുറമ്പോക്കുകളായിരുന്നു. കുതിരകളും കന്നുകാലികളും കൃഷിയിടങ്ങളിലെ മറ്റു വളർത്തുമൃഗങ്ങളുമായിരുന്നു ഞങ്ങളുടെ കളിപ്പാട്ടങ്ങൾ. ആ കാലത്ത്, മുഴുലോകവും എന്നെന്നും അങ്ങനെതന്നെ ആയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.
വളരുന്നതിന്റെ വെല്ലുവിളികൾ
ഞാൻ കുറേക്കൂടി വളർന്നു പൊതുവിദ്യാലയത്തിൽ പോയിത്തുടങ്ങിയപ്പോൾ സംവരണമേഖലകളിലേക്കുള്ള എന്റെ സന്ദർശനങ്ങൾ വല്ലപ്പോഴും മാത്രമായി. സ്കൂളും സ്പോർട്സും സംഗീതവും എന്റെ സമയത്തിന്റെ സിംഹഭാഗവും കവർന്നെടുക്കാൻ തുടങ്ങി. 1960-കളിലെ ഒരു കൗമാരപ്രായക്കാരനെന്ന നിലയിൽ ആ കാലത്തിന്റെ ചിന്താഗതികൾ എന്നെ വളരെയേറെ സ്വാധീനിച്ചു. എനിക്കു 13 വയസ്സായപ്പോഴേക്കും മയക്കുമരുന്നും മദ്യവും എന്റെ അനുദിനജീവിതത്തിന്റെ ഭാഗമായിരുന്നു. സമുദായത്തോടുള്ള മത്സരമനോഭാവം അന്നത്തെ ഫാഷനായിരുന്നു. സമൂഹം എന്തിനെല്ലാംവേണ്ടി നിലകൊണ്ടോ അതിനെയെല്ലാം ഞാൻ വെറുത്തു. ആളുകൾ പരസ്പരം മനുഷ്യത്വമില്ലാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്നതെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലായില്ല.
ഏതാണ്ട് ഇതേ കാലയളവിലായിരുന്നു എനിക്ക് എന്റെ ആദ്യത്തെ ഗിത്താർ കിട്ടിയത്. ഞങ്ങളുടേത് സംഗീതത്തോടു കമ്പമുള്ള ഒരു കുടുംബമായിരുന്നു. അച്ഛൻ പിയാനോ വായനക്കാരനും ടാപ് നർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരും സംഗീത അഭിരുചിയുള്ളവരായിരുന്നു. അതുകൊണ്ട് ഡാഡിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ഒരുമിച്ചു കൂടിയപ്പോഴെല്ലാം വെളുപ്പാൻകാലംവരെ ഞങ്ങൾ ജിഗ്സ് കളിക്കുകയും സ്ക്വയർ നൃത്തം ചെയ്യുകയും ചെയ്തു. എനിക്കതു വലിയ ഇഷ്ടമായിരുന്നു. പെട്ടെന്നുതന്നെ ഞാൻ ഗിത്താർ വായിക്കാൻ പഠിക്കുകയും ഒരു റോക്ക്ൻറോൾ സംഘത്തോടൊപ്പം ചേരുകയും ചെയ്തു. സ്കൂളിൽ ഞങ്ങൾ നൃത്തങ്ങളും മറ്റു പരിപാടികളും അവതരിപ്പിച്ചു. അവ ഞങ്ങളെ ബാറുകളിലേക്കും നിശാക്ലബ്ബുകളിലേക്കും നയിച്ചു. സ്വാഭാവികമായും അതിന്റെ അർഥം കൂടുതൽ മദ്യവും മയക്കുമരുന്നും എന്നായിരുന്നു. മരിഹ്വാനയും മെത്താംഫെറ്റമീനും (സ്പീഡ്) എന്റെ ജീവിതരീതിയുടെ ഭാഗമായിരുന്നു.
വിയറ്റ്നാമിലെ സൈനികസേവനം
19 വയസ്സായപ്പോഴേക്കും ഞാൻ വിവാഹിതനായിരുന്നുവെന്നു മാത്രമല്ല, അച്ഛനാകാൻ പോകുകയുമായിരുന്നു. ആ വർഷം തന്നെ ഞാൻ യു.എസ്. നാവികസേനയിൽ അംഗമായി ചേർക്കപ്പെട്ടു. അവയെല്ലാം എനിക്കു താങ്ങാവുന്നതിലുമധികമായിരുന്നു. പ്രശ്നത്തിനുള്ള പരിഹാരമെന്നവണ്ണം 24 മണിക്കൂറും ഞാൻ മയക്കുമരുന്നിലും മദ്യത്തിലും ശരണം പ്രാപിച്ചു.
ആദ്യം കാലിഫോർണിയയിലുള്ള സാൻറിയാഗോയിലെ നാവികസേനാ നിയമന ഡിപ്പോയിലെ പ്രാഥമിക പരിശീലന ക്യാമ്പിലും പിന്നീട്, കാലാൾ ഭടനായിട്ടുള്ള കൂടുതൽ പരിശീലനത്തിനു കാലിഫോർണിയയിലെ പെൻഡൽടൺ ക്യാമ്പിലും ഞാൻ നിയമിതനായി. ഞാൻ പരിശീലനം സിദ്ധിച്ച, പോർക്കളത്തിലെ സന്ദേശവിനിമയ-റേഡിയോ ഓപ്പറേറ്ററായിത്തീർന്നു. ഇത് 1969-ന്റെ അവസാനഘട്ടത്തിലായിരുന്നു. ശരിയായ പരീക്ഷണം വരാൻപോകുന്നതേയുണ്ടായിരുന്നുള്ളൂ—വിയറ്റ്നാമിലെ സേവനം. അങ്ങനെ 19-ാം വയസ്സിൽ, ഹൈസ്കൂൾ പഠനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുശേഷം, ഞാൻ വിയറ്റ്നാമിലെ ചെമ്മണ്ണിൽ നിലയുറപ്പിച്ചു. ഒരു ന്യൂനപക്ഷമെന്ന നിലയിൽ, സമൂഹം ഒരുപാട് അനീതികൾ ഞങ്ങളോടു കാട്ടിയിരുന്നെങ്കിലും, മറ്റനേകം സ്വദേശികളായ അമേരിക്കക്കാരുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ ദേശഭക്തിയാണ് എന്നെയും സേവനത്തിനു പ്രേരിപ്പിച്ചത്.
ഡാ നാങ്ങിനു തൊട്ടുവെളിയിലുള്ള നാവികസേനയുടെ ഒന്നാം വ്യോമയാനവിഭാഗത്തിലായിരുന്നു എനിക്ക് ആദ്യം നിയമനം ലഭിച്ചത്. ഏകദേശം 50 പുരുഷന്മാർ—വാസ്തവത്തിൽ പയ്യന്മാർ—ആയിരുന്നു സൈനിക വളപ്പിനുള്ളിൽ വാർത്താവിനിമയ സംവിധാനത്തിന്റെ ചുമതല വഹിച്ചിരുന്നത്. വടക്കൻ വിയറ്റ്നാമിനും തെക്കൻ വിയറ്റ്നാമിനുമിടയിലുള്ള ഡിഎംസെഡ് (സൈന്യനിരോധിത മേഖല) മുതൽ ഡാ നാങ്ങിന് ഏകദേശം 80 കിലോമീറ്റർ തെക്കു വരെയുള്ള പ്രദേശം ഞങ്ങൾ കൈകാര്യം ചെയ്തു.
അഭയാർഥികൾ ഡാ നാങ്ങിലേക്കു പറ്റംപറ്റമായി വന്നുകൊണ്ടിരുന്നു. എങ്ങും കുടിലുകൾ നിറഞ്ഞ ചേരിപ്പട്ടണങ്ങൾ കൂണുപോലെ മുളച്ചുവരുന്നുണ്ടായിരുന്നു. വളരെയധികം അനാഥാലയങ്ങളും അവിടെയുണ്ടായിരുന്നു. പരിക്കേറ്റ നിരവധി കൊച്ചുകുട്ടികളെ കണ്ടത് എന്നിൽ കനത്ത ആഘാതമേൽപ്പിച്ചു. അവരിൽ ഭൂരിഭാഗവും പെൺകുട്ടികളോ ചെറിയ ആൺകുട്ടികളോ ആയിരുന്നു എന്നതു വളരെ വിചിത്രമായി എനിക്കു തോന്നി. പെട്ടെന്നുതന്നെ ഞാൻ അതിന്റെ കാരണം കണ്ടെത്തി. പതിനൊന്നും അതിലധികവും വയസ്സുള്ള ആൺകുട്ടികൾ യുദ്ധത്തിൽ പോരാടിയിരുന്നു. പിന്നീട്, ഒരു യുവ വിയറ്റ്നാമീസ് പടയാളിയെ കണ്ടുമുട്ടിയപ്പോൾ അവനെത്ര വയസ്സായെന്നു ഞാൻ ചോദിച്ചു. “പതിന്നാല്” എന്നായിരുന്നു ഉത്തരം. അതിനോടകംതന്നെ അവൻ മൂന്നുവർഷത്തോളം പോരാട്ടത്തിൽ പങ്കെടുത്തിരുന്നു! ഇതെന്നെ സ്തബ്ധനാക്കി. അവൻ എന്റെ 14-വയസ്സുകാരനായ അനുജനെ ഓർമിപ്പിച്ചു. അവന്റെ താത്പര്യങ്ങൾ കൊലചെയ്യുന്നതിലല്ല, ബാല സമിതിയുടെ ബേസ്ബോൾ കളിയിലായിരുന്നു എന്ന ഒരേയൊരു വ്യത്യാസം മാത്രം.
നാവികസേനയിലെ എന്റെ സേവന കാലത്ത് എന്നിൽ ഉത്തരങ്ങൾ ലഭിക്കേണ്ട ചോദ്യങ്ങൾ ഉദിക്കാൻതുടങ്ങി. ഒരു രാത്രി, ഞാൻ ഞങ്ങളുടെ വളപ്പിലുള്ള പള്ളിയിൽ ചെന്നു. അവിടുത്തെ കത്തോലിക്കാ ചാപ്പൽ പുരോഹിതൻ യേശു, സമാധാനം, സ്നേഹം എന്നിവയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തി! എനിക്കു കൂക്കിവിളിക്കാനാണു തോന്നിയത്. അദ്ദേഹത്തിന്റെ പ്രസംഗം അവിടെ സംഭവിച്ചുകൊണ്ടിരുന്നതിനെല്ലാം കടകവിരുദ്ധമായിരുന്നു. ചടങ്ങുകൾക്കുശേഷം ഞാൻ അദ്ദേഹത്തോട്, ഒരു ക്രിസ്ത്യാനിയായിരിക്കുകയും അതേസമയം ഈ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാൻ സാധിക്കുന്നുവെന്നു ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരമോ? “കൊള്ളാം, സൈനികാ, ഇങ്ങനെയാണു നാം കർത്താവിനു വേണ്ടി പോരാടുന്നത്.” പള്ളിയുമായി മേലാൽ യാതൊരു ബന്ധവും വേണ്ട എന്നു സ്വയം പറഞ്ഞുകൊണ്ടു ഞാൻ പുറത്തേക്കിറങ്ങി.
എന്റെ സൈനിക കാലാവധി കഴിയുംവരെ ജീവനോടെ ശേഷിച്ചതിൽ ഞാൻ ഭാഗ്യവാനായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും മാനസികവും ധാർമികവുമായി ഞാൻ വളരെയേറെ കഷ്ടതകൾ അനുഭവിച്ചുകഴിഞ്ഞിരുന്നു. യുദ്ധവും മരണവും ദിവസേന കേൾക്കുകയും കാണുകയും മണക്കുകയും ചെയ്തത് എന്റെ യുവ മനസ്സിലും ഹൃദയത്തിലും ആഴമേറിയ മുറിവുകൾ ശേഷിപ്പിച്ചു. അതെല്ലാം സംഭവിച്ചത് 25-ലേറെ വർഷം മുമ്പാണെങ്കിലും, ഇന്നലെ എന്നപോലെ ഞാനോർമിക്കുന്നു.
സാധാരണ ജീവിതത്തോട് ഇണങ്ങിച്ചേരുന്നതിനുള്ള പോരാട്ടം
വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ സംഗീത ജീവിതചര്യയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിച്ചു. എന്റെ സ്വകാര്യ ജീവിതം ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു—ഞാൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു, എന്നിട്ടും വളരെയധികം മയക്കുമരുന്നും മദ്യവും ഞാനുപയോഗിച്ചുവന്നു. ഭാര്യയുമായുള്ള എന്റെ ബന്ധത്തിന് ഉലച്ചിൽതട്ടി. വിവാഹമോചനമായിരുന്നു ഫലം. ഒരുപക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും ചൈതന്യമറ്റ സമയം അതായിരുന്നിരിക്കണം. ഞാൻ എന്നെത്തന്നെ ഒറ്റപ്പെടുത്തുകയും വെളിമ്പ്രദേശങ്ങളിലും മിനിസോട്ടയിലെയും ഉത്തര മിഷിഗണിലെയും ഉൾപ്രദേശങ്ങളിൽ പൂമീൻ പിടിക്കുന്നതിലും മറ്റും ആശ്വാസം കണ്ടെത്തുകയും ചെയ്തു.
1974-ൽ ഒരു ഗിത്താർ വായനക്കാരനും പാട്ടുകാരനുമെന്ന നിലയിലുള്ള എന്റെ സംഗീത ജീവിതചര്യയിൽ ഉന്നമനം കണ്ടെത്തുക എന്ന ഉദ്ദേശ്യവുമായി ഞാൻ ടെനെസ്സിയിലുള്ള നാഷ്വില്ലിലേക്കു താമസം മാറ്റി. സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് എന്നെങ്കിലും പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ധാരാളം നിശാക്ലബ്ബുകളിൽ എന്റെ പരിപാടികൾ അവതരിപ്പിച്ചു. എന്നാൽ അതൊരു ദുഷ്കരമായ വെല്ലുവിളിയായിരുന്നു—ഒരു നല്ലകാലത്തിനുവേണ്ടി പ്രയത്നിക്കുന്ന കഴിവുള്ള ഒട്ടേറെ ഗിത്താർ വായനക്കാരുണ്ടായിരുന്നു.
എന്നിരുന്നാലും, കാര്യങ്ങളെല്ലാം ഞാൻ ആഗ്രഹിച്ചതുപോലെ ശരിയായി പോയിത്തുടങ്ങുകയും തൊഴിൽപരമായ വിജയം സാധ്യമാണെന്ന് എനിക്കു തോന്നിത്തുടങ്ങുകയും ചെയ്ത ആ സമയത്ത്, എന്നെ ഞെട്ടിച്ച ചില സംഭവവികാസങ്ങൾ ഉണ്ടായി.
വിപത്കരമായ ജീവിതരീതി
ഞാൻ, എനിക്കു മയക്കുമരുന്ന് ഇടപാടുണ്ടായിരുന്ന ഒരു പഴയ പരിചയക്കാരനെ കാണാൻ പോയി. അയാൾ 12 ഗേജ് അളവിന്റെ ഒരു തോക്കുമായാണ് എന്നെ അഭിവാദ്യം ചെയ്തത്. അയാളുടെ ശരീരം ഭാഗികമായി പ്ലാസ്റ്ററിട്ടിരിക്കുകയായിരുന്നു, മാത്രമല്ല, താടിയെല്ലു പൊട്ടിപ്പോയതുകൊണ്ട് വായ് തുറക്കാനാവാത്ത അവസ്ഥയായിരുന്നു. ചേർത്തുപിടിച്ച പല്ലുകൾക്കിടയിലൂടെ സംസാരിച്ചുകൊണ്ട് അയാൾ സംഭവിച്ചതെന്താണെന്ന് എന്നോടു പറഞ്ഞു. അയാൾക്ക് നാഷ്വില്ലിയിലെ ഒരു നിയമവിരുദ്ധ മയക്കുമുരുന്നു ശൃംഖലയുമായി ബന്ധമുണ്ടായിരുന്നു. എനിക്കതേപ്പറ്റി അറിവുണ്ടായിരുന്നില്ല. ഒരു വലിയ അളവു കൊക്കെയ്ൻ അപ്രത്യക്ഷമായിരുന്നു. മയക്കുമരുന്നു നേതാക്കൾ അയാൾക്കു നേരെയാണു വിരൽ ചൂണ്ടിയത്. അയാളെ തല്ലാൻ അവർ അവരുടെ ആജ്ഞാനുവർത്തികളെ അല്ലെങ്കിൽ ഗുണ്ടകളെ അയച്ചു. ഒന്നുകിൽ കൊക്കെയ്ൻ മടക്കിക്കൊടുക്കണം അല്ലെങ്കിൽ തെരുവുവിലയായ 20,000 ഡോളർ കൊടുക്കണമെന്ന് അവർ അയാളോടാവശ്യപ്പെട്ടു. ഭീഷണി അയാൾക്കു മാത്രമല്ലായിരുന്നു, അയാളുടെ ഭാര്യയും കുഞ്ഞും അപായഭീതിയിലായിരുന്നു. എന്നെ അയാളോടൊപ്പം കാണുന്നതു സുരക്ഷിതമല്ലെന്നും ഞാൻ അവിടം വിടണമെന്നും അയാളെന്നോടു പറഞ്ഞു. സൂചന മനസ്സിലാക്കി ഞാനവിടം വിട്ടു.
ഈ സംഭവം എന്റെ ജീവനെക്കുറിച്ച് അൽപ്പം ഭീതി എന്നിലുളവാക്കി. അറിയാതെതന്നെ ഞാൻ ഒരു അക്രമാസക്ത ലോകത്തിന്റെ ഭാഗമായിത്തീർന്നിരുന്നു. എന്റെ സംഗീത, മയക്കുമരുന്നു വൃന്ദത്തിലെ പരിചയക്കാരിൽ ഭൂരിഭാഗവും കൈത്തോക്കു കൊണ്ടുനടന്നിരുന്നു. ഞാനും സ്വയരക്ഷയ്ക്കായി ഒരു .38 റിവോൾവർ വാങ്ങാനുള്ള പുറപ്പാടിലായിരുന്നു. സംഗീത വ്യവസായത്തിന്റെ മുഖ്യധാരയോട് ഞാൻ എത്രമാത്രം അടുക്കുന്നുവോ, ഒടുക്കേണ്ടി വരുന്ന വിലയും അത്രമാത്രം കൂടുതലായിരിക്കും എന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, ഞാൻ നാഷ്വില്ലി വിടാൻ തീരുമാനിക്കുകയും ലാറ്റിനമേരിക്കൻ സംഗീതം പഠിക്കുന്നതിനായി ബ്രസീലിലേക്കു പോകാൻ പരിപാടിയിടുകയും ചെയ്തു.
ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ
മതത്തിൽ നിന്ന് എനിക്കു കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടും, ദൈവത്തെ ആരാധിക്കാൻ എനിക്കു ശക്തമായ ആഗ്രഹമുണ്ടായിരുന്നു. മാത്രമല്ല, എനിക്കപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ സത്യത്തിനു വേണ്ടിയുള്ള എന്റെ അന്വേഷണം ആരംഭിച്ചു. ഞാൻ മതഭേദമില്ലാത്ത അനേകം സഭാകൂട്ടങ്ങളിൽ പങ്കുപറ്റിയെങ്കിലും തൃപ്തനായില്ല. മിനിസോട്ടയിലെ ഒരു സഭ ഞാനോർമിക്കുന്നു. അന്ന്, മിനിസോട്ട വൈക്കിങ്സ് ഫുട്ബോൾ ടീമിന്റെ കളിയുണ്ടായിരുന്നതിനാൽ പാസ്റ്റർ തന്റെ പ്രഭാഷണം ചുരുക്കി. വീട്ടിൽപ്പോയി വൈക്കിങ്സിന്റെ വിജയത്തിനുവേണ്ടി പ്രാർഥിക്കാൻ അദ്ദേഹം ഞങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു! ഞാനവിടെനിന്നും എഴുന്നേറ്റു പുറത്തുകടന്നു. ദൈവത്തെ ഉപരിപ്ലവമായ സ്പോർട്സ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന പൊള്ളയായ ചിന്താഗതി എന്നെ ഇന്നോളം അലോസരപ്പെടുത്തുന്നു.
ഞാൻ മിനിസോട്ടയിലെ ഡുലൂത്തിൽ ജോലിചെയ്തിരുന്ന കാലത്ത് ഒരു സുഹൃത്ത് എന്റെ അപ്പാർട്ടുമെൻറിൽ ഒരു വീക്ഷാഗോപുരം മാസിക വെച്ചിട്ടുപോയി. മത്തായി 24-ാം അധ്യായത്തെക്കുറിച്ച് അതിലുണ്ടായിരുന്ന ചർച്ച ഞാൻ വായിച്ചു. അതിൽ സത്യത്തിന്റെ ധ്വനിയുണ്ടായിരുന്നു. അതെന്നെ ചിന്തിപ്പിച്ചു, ‘ആരാണീ യഹോവയുടെ സാക്ഷികൾ? ആരാണ് യഹോവ?’ 1975 വരെ എനിക്ക് ഉത്തരം കിട്ടിയില്ല. അതേ സുഹൃത്ത് നിത്യജീവനിലേക്കു നയിക്കുന്ന സത്യംa എന്ന പുസ്തകവും ഒരു ബൈബിളും എനിക്കു തന്നിട്ടു പോയി.
ആ രാത്രി ഞാൻ പുസ്തകം വായിച്ചു. ഒന്നാമത്തെ അധ്യായത്തിന്റെ അവസാനമെത്തിയപ്പോഴേക്കും സത്യം കണ്ടെത്തിയിരിക്കുന്നു എന്നെനിക്കു മനസ്സിലായി. എന്റെ മനസ്സിന്റെ മൂടുപടം നീക്കിയതുപോലെയായിരുന്നു അത്. ഞാൻ പുസ്തകം വായിച്ചു തീർത്ത്, പിറ്റേന്നുതന്നെ ഞങ്ങളുടെ തെരുവിനപ്പുറത്തുള്ള സാക്ഷികളായ ഏതാനും അയൽക്കാരുടെ അടുക്കൽച്ചെന്ന് അവരോട്, എന്നെ ബൈബിൾ പഠിപ്പിക്കാനാവശ്യപ്പെട്ടു.
ബ്രസീലിലേക്കു പോകാനുള്ള എന്റെ പരിപാടി ഉപേക്ഷിച്ച് ഞാൻ രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകാനാരംഭിച്ചു. യഹോവയുടെ സഹായത്താൽ മയക്കുമരുന്നു ദുരുപയോഗം നിർത്തുന്നതിനും മദ്യപാന പിൻവലിയൽ അസ്വാസ്ഥ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും എനിക്കു സാധിച്ചു, 12 വർഷത്തെ അടിമത്തത്തിനുശേഷമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. ഏതാനും മാസങ്ങൾക്കുള്ളിൽ, ഞാൻ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തുതുടങ്ങി.
എന്നിരുന്നാലും, ഞാൻ അഭിമുഖീകരിക്കേണ്ടിയിരുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. ഞാൻ ഒരിക്കലും സ്ഥിരമായ ഒരു ജോലിയിൽ ഏർപ്പെട്ടിരുന്നില്ല. മാത്രമല്ല, ഒരു പട്ടികയാൽ കൂച്ചുവിലങ്ങിടപ്പെടുക എന്ന ചിന്തതന്നെ എനിക്ക് അസഹ്യമായിരുന്നു. ഇപ്പോൾ ഡെബി വീണ്ടും എന്റെ ജീവിതത്തിലേക്കു മടങ്ങിവന്നതിനാൽ ഞാൻ ഉത്തരവാദിത്വബോധമുള്ള ഒരാളായിത്തീരേണ്ടിയിരുന്നു. ഞാൻ അവളുമായി നേരത്തേ ഡേറ്റിങ് നടത്തുന്നുണ്ടായിരുന്നു; എന്നാൽ അവൾ ഒരു ടീച്ചറാകാനുള്ള പഠനത്തിനായി കോളെജിൽപ്പോകുകയും ഞാൻ ഒരു സംഗീതജ്ഞനാകാൻ ശ്രമിക്കുകയും ചെയ്തു. ഇപ്പോൾ അവളും ബൈബിൾ സത്യം സ്വീകരിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും അന്യോന്യം അടുത്തു. ഞങ്ങൾ വിവാഹിതരാകുകയും അതിനുശേഷം 1976-ൽ കാനഡയിലെ ഒണ്ടേറിയോയിലുള്ള സൂ സെൻറ് മരീയിൽ വെച്ചു സാക്ഷികളായി സ്നാപനമേൽക്കുകയും ചെയ്തു. കാലാന്തരത്തിൽ ഞങ്ങൾക്ക് നാലു കുട്ടികളുണ്ടായി—മൂന്ന് ആണും ഒരു പെണ്ണും.
കുടുംബത്തിനുവേണ്ടി കരുതുന്നതിന്, ഞാൻ സംഗീതക്കളരി ആരംഭിക്കുകയും ജാസ് സംഗീതനിർമാണവും ഗിത്താറും പഠിപ്പിക്കുകയും ചെയ്തു. ഒരു ചെറിയ റെക്കോർഡിങ് സ്റ്റുഡിയോയും ഞാൻ നടത്തിവന്നു. വല്ലപ്പോഴുമൊക്കെ നിശാക്ലബ്ബുകളിലും പരിപാടികൾ അവതരിപ്പിച്ചു. പിന്നീട്, പെട്ടെന്നൊരുനാൾ, പ്രൊഫഷണൽ സംഗീത ലോകത്തു പ്രസിദ്ധിയാർജിക്കത്തക്ക അവസരങ്ങൾ എന്നെത്തേടിയെത്തി. പ്രസിദ്ധ റെക്കോർഡിങ് കലാകാരന്മാർക്കു പശ്ചാത്തല സംഗീതമൊരുക്കാൻ മൂന്ന് അവസരങ്ങൾ എന്നെത്തേടിയെത്തി. എനിക്കൊരു വലിയ അവസരം കൈവന്നിരിക്കുന്നു—വാസ്തവത്തിൽ രണ്ടു വർഷത്തിനകം മൂന്നാമത്തേത്. കാലിഫോർണിയയിലെ ലോസാഞ്ചലസിൽ ഒരു പ്രശസ്ത ജാസ് സംഗീതസംഘത്തോടൊപ്പം പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം എനിക്കു വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ അതിന്റെ അർഥം കൂടെക്കൂടെയുള്ള യാത്രകൾക്കും കച്ചേരികൾക്കും റെക്കോർഡിങ് സെഷനുകൾക്കും പോകേണ്ടിവരുക എന്നതാണെന്ന് എനിക്കറിയാമായിരുന്നു. വാഗ്ദാനത്തെപ്പറ്റി അഞ്ചു നിമിഷങ്ങളോളം ഞാൻ ചിന്തിച്ചു, എന്നിട്ട്, ബഹുമാനത്തോടെ പറഞ്ഞു, “വേണ്ട, നന്ദി.” മയക്കുമരുന്നും മദ്യവും കൊള്ളക്കാരിൽ നിന്നുള്ള അപകടവും നിറഞ്ഞ എന്റെ മുൻകാല ജീവിതത്തെപ്പറ്റിയുള്ള ഓർമതന്നെ വാഗ്ദാനം തക്ക മൂല്യമുള്ളതല്ല എന്നു തിരിച്ചറിയാൻ എന്നെ സഹായിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഭാര്യയും കുട്ടികളുമൊത്തുള്ള പുതിയ ക്രിസ്തീയ ജീവിതം വളരെയേറെ മൂല്യമുള്ളതായിരുന്നു.
നിരവധി വർഷങ്ങൾ പിബിഎസ് (പൊതു പ്രക്ഷേപണ സേവനം) ടെലിവിഷനിൽ അവതരിപ്പിച്ചിരുന്ന വിദ്യാഭ്യാസ, ഡോക്യുമെന്ററി പരിപാടികളുടെ പ്രക്ഷേപണ എഞ്ചിനീയറായി ഞാൻ ജോലിചെയ്തു. ഉത്തര അരിസോണയിലെ ഒരു സർവകലാശാലയ്ക്കുവേണ്ടി വീഡിയോ വാർത്താവിനിമയ ശൃംഖല ഹോപ്പി സംവരണ മേഖലകളുമായി ബന്ധിപ്പിക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ജോലി.
തിരികെ എന്റെ സ്വന്തം ആൾക്കാരോടൊത്ത്
യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം നടന്നിട്ട് ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു. ഇരുപതു വർഷമെത്തിയ ഒരു സന്തുഷ്ട ദാമ്പത്യവും എനിക്കുണ്ട്. ഡെബിയും 19-കാരനായ ഞങ്ങളുടെ മകൻ ഡിലനും 16-കാരിയായ ഞങ്ങളുടെ മകൾ ലെസ്ലിയും മുഴുസമയ സേവനത്തിലാണ്. വാസ്തവത്തിൽ, ഡിലൻ വാച്ച്ടവർ സൊസൈറ്റിയുടെ അച്ചടിശാലയും കൃഷിയിടവുമുള്ള ന്യൂയോർക്കിലെ വാൾക്കില്ലിലാണ് ഇപ്പോൾ സേവിക്കുന്നത്. ഞങ്ങളുടെ ഇളയ രണ്ട് ആൺമക്കൾ, 12-കാരൻ കേസിയും 14-കാരൻ മാർഷലും അടുത്തയിടെ തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു.
മൂന്നു വർഷം മുമ്പ്, ഞങ്ങൾ ക്രിസ്തീയ പ്രസംഗവേലയുടെ ആവശ്യം കൂടുതലുള്ള സ്ഥലത്തു പ്രവർത്തിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും അരിസോണയിലെ കിംസ് കാന്യണിൽ നാവഹോ, ഹോപ്പി ഇന്ത്യക്കാരുടെ ഇടയിൽ സേവിക്കുന്നതിനായി വരുകയും ചെയ്തു. ഞാൻ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഒരിക്കൽക്കൂടി സ്വദേശികളായ അമേരിക്കക്കാരോടൊത്തു ജീവിക്കുക എന്നത് സന്തോഷം പകരുന്ന സംഗതിയാണ്. ഇവിടുത്തെ ജീവിത സാഹചര്യങ്ങളും ഒരു സാധാരണ അമേരിക്കൻ പട്ടണപ്രാന്തത്തിലെ ജീവിതവും തമ്മിലുള്ള വ്യത്യാസം നിമിത്തം, മിഷനറി വേലയിലേർപ്പെടുന്നതുപോലുള്ള ഒരു അനുഭൂതിയാണ് ഞങ്ങൾക്കു ലഭിക്കുന്നത്. വലുപ്പമേറിയ, സൗകര്യപ്രദമായ വീട് ഉപേക്ഷിച്ച് ഞങ്ങൾ—ആറു പേർ—താരതമ്യേന വളരെ ചെറിയ, ഒരു സഞ്ചരിക്കുന്ന ഭവനത്തിലാണു താമസിക്കുന്നത്. ഇവിടെ ജീവിതം കൂടുതൽ കഷ്ടപ്പാടു നിറഞ്ഞതാണ്. മിക്ക വീടുകൾക്കും ജലവിതരണ സജ്ജീകരണങ്ങളൊന്നുമില്ല. ശൗചകർമങ്ങൾക്കായി വെളിയിൽപ്പോകേണ്ടതുണ്ട്. ശീതകാലത്ത് വിറകിനും കൽക്കരിക്കുമായി മാത്രം ചില കുടുംബങ്ങൾ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നു. വെള്ളം പൊതു കിണറുകളിൽനിന്നു കോരിയെടുക്കേണ്ടതുണ്ട്. മിക്ക റോഡുകളും, മാപ്പിൽ അടയാളപ്പെടുത്താത്ത മണ്ണുറോഡുകളാണ്. സംവരണ മേഖലയിലെ ഒരു കുട്ടിയെന്നനിലയിൽ ഞാൻ അവയെല്ലാം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി അംഗീകരിച്ചിരിക്കുന്നു. അനുദിനജീവിതത്തിലെ അത്യാവശ്യ ജോലികൾക്കായി മാത്രം എത്രത്തോളം കഠിനാധ്വാനവും ഊർജവും ആവശ്യമായിവരുന്നു എന്നത് ഞാനും എന്റെ കുടുംബവും ഇപ്പോൾ നന്നായി വിലമതിക്കുന്നു.
സംവരണമേഖലകളിൽ ഇന്ത്യക്കാർക്ക് തങ്ങളുടേതായ ഭരണസംവിധാനം ഉണ്ടെങ്കിലും എല്ലാ ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്ന തരം പ്രശ്നങ്ങൾ അവരും അഭിമുഖീകരിക്കുന്നു—ആഭ്യന്തര കലഹങ്ങൾ, സ്വജനപക്ഷപാതം, മൂലധനത്തിന്റെ പരിമിതി, അനാവശ്യ ചെലവുകൾ എന്നിവ തുടങ്ങി അവരുടെ ഉദ്യോഗസ്ഥന്മാരുടെയും നേതാക്കളുടെയുമിടയിലുള്ള കുറ്റകൃത്യങ്ങൾ വരെ. മദ്യാസക്തി, മയക്കുമരുന്നു ദുരുപയോഗം, തൊഴിലില്ലായ്മ, വീട്ടിനുള്ളിൽത്തന്നെയുള്ള ദുഷ്പെരുമാറ്റങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകളും ദാമ്പത്യ, കുടുംബ പ്രശ്നങ്ങളും ഇന്ത്യക്കാർ അഭിമുഖീകരിക്കുന്നു. ചില ഇന്ത്യക്കാർ ഇപ്പോഴും തങ്ങളുടെ ദുരവസ്ഥയ്ക്കു വെള്ളക്കാരെ പഴിക്കുന്നു. എന്നാൽ വെള്ളക്കാരും അതേ വ്യാധികളാൽ ക്ലേശിതരാണ്. എന്നിരുന്നാലും, കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും സ്വഗോത്രത്തിലുള്ളവരിൽനിന്നും ഉള്ള സമ്മർദ്ദങ്ങളെല്ലാം സഹിച്ചുകൊണ്ട് വളരെയേറെ സ്വദേശികളായ അമേരിക്കക്കാർ യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ വേലയോടു പ്രതികരിക്കുന്നു. ദൈവവുമായുള്ള സുഹൃദ്ബന്ധം എത്ര വലിയ വിലയ്ക്കും തക്ക മൂല്യമുള്ളതായി അവർ കാണുന്നു. പലരും ക്രിസ്തീയ യോഗങ്ങളിൽ പങ്കുപറ്റാൻ വേണ്ടി ഒരു ദിശയിലേക്ക് 120 കിലോമീറ്ററിലധികം ദൂരം യാത്രചെയ്യുന്നു. നാവഹോ, ഹോപ്പി വർഗക്കാരുമായി ദൈവരാജ്യത്തിന്റെ സുവിശേഷം പങ്കുവെക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
യഹോവയുടെ ഭരണം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുകയും അനുസരണമുള്ള മുഴു മനുഷ്യവർഗവും സമാധാനത്തിലും ഐക്യത്തിലും ഒരു ഏകീകൃത കുടുംബമെന്നപോലെ ഒത്തൊരുമിച്ചു വസിക്കുകയും ചെയ്യുന്ന ആ ദിവസത്തിനുവേണ്ടി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു. അപ്പോൾ, കാനഡയിൽ ഒരു ചിപ്പെവൊ കുട്ടിയായിരുന്നപ്പോൾ ജീവിതം എങ്ങനെയായിരിക്കണമെന്നു ഞാൻ ആഗ്രഹിച്ചുവോ അങ്ങനെ ആയിത്തീരും. (വെളിപ്പാടു 11:18; 21:1-4)—ബർട്ടൺ മക്കെർച്ചി പറഞ്ഞപ്രകാരം.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്; ഇപ്പോൾ മുദ്രണം ചെയ്യപ്പെടുന്നില്ല.
[13-ാം പേജിലെ ചിത്രം]
ദൈവത്തെ സംബന്ധിച്ചുള്ള എന്റെ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു
[15-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: എന്റെ കുടുംബവും ഇടത് ഒരു നാവഹോ സുഹൃത്തും
താഴെ: രാജ്യഹാളിനടുത്തായി ഞങ്ങളുടെ സഞ്ചരിക്കുന്ന ഭവനം