പോപ്പക്കാറ്റപ്പെറ്റൽ—മെക്സിക്കോയിലെ പ്രൗഢമായ, ഭയജനകമായ അഗ്നിപർവതം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
മനോഹരമായതെങ്കിലും അപകടകാരിയായ ഒരു അഗ്നിപർവതത്തിനരികിൽ താമസിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? ഒരുപക്ഷേ നിങ്ങൾ അതിനെക്കുറിച്ചു രണ്ടാമതൊന്നു ചിന്തിക്കും. എന്നാൽ, മെക്സിക്കോയിലെ പ്രൗഢമായ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപർവതത്തിന്റെ ചുറ്റുവട്ടത്തുള്ള പട്ടണങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സാഹചര്യം വാസ്തവത്തിൽ അതാണ്.
ഈ അഗ്നിപർവതത്തിന്റെ ചരിത്രം
നാവാട്ടിൽ ഭാഷയിൽ അതിന്റെ പേരിന്റെ അർഥം “പുകയുന്ന പർവതം” അല്ലെങ്കിൽ “പുകയുന്ന മല” എന്നാണ്. അതിന് 5,452 മീറ്റർ ഉയരമുണ്ട്. മെക്സിക്കോ, മറേയ്ലസ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിക്കരികെ, പ്വെബ്ല സംസ്ഥാനത്തുള്ള സീയെറ നെവദ പർവതനിരയിലാണ് അതു സ്ഥിതിചെയ്യുന്നത്. മനോഹരവും പ്രൗഢഗംഭീരവുമായ കോണാകൃതിയാണ് അതിനുള്ളത്. അതിന്റെ മകുടത്തിൽ വർഷത്തിലുടനീളം ഹിമം മൂടിക്കിടക്കുന്നു. വർഷങ്ങളിലുടനീളം, മതിപ്പുളവാക്കുന്ന ഈ അഗ്നിപർവതം തദ്ദേശവാസികളായ ഗ്രാമീണരുടെ ജീവിതത്തെ അവതാളത്തിലാക്കിക്കൊണ്ട്, 1347-നും 1927-നും ഇടയ്ക്ക് ഏതാണ്ട് 16 തവണ പൊട്ടിയൊലിച്ചിട്ടുണ്ട്. എങ്കിലും ഇതൊന്നുംതന്നെ കാര്യമായ സ്ഫോടനങ്ങളല്ലായിരുന്നു.
രണ്ടു വലിയ നഗരപ്രദേശങ്ങൾക്കിടയിലാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്: കിഴക്കുമാറി 44 കിലോമീറ്റർ അകലെയുള്ള പ്വെബ്ല നഗരത്തിനും 70 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള മെക്സിക്കോ നഗരത്തിനും ഇടയിൽ. കൂടാതെ പ്വെബ്ല സംസ്ഥാനത്ത്, അഗ്നിപർവതത്തിന്റെ പ്രാന്തത്തിലായി 307 പട്ടണങ്ങളുണ്ട്. ഈ പട്ടണങ്ങളിലെ മൊത്തം ജനസംഖ്യ 4,00,000 ആണ്. ഇവരിൽ എല്ലാവരും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലല്ല താമസിക്കുന്നതെന്നതു ശരിതന്നെ. എങ്കിലും, പോപ്പക്കാറ്റപ്പെറ്റലിന്റെ ഒരു വൻ സ്ഫോടനം, അവരുടെ സാമ്പത്തികവും സാമൂഹികവുമായ മേഖലകളിൽ ഉളവാക്കുന്ന ഫലങ്ങൾ ആ പ്രദേശത്തിനു വളരെ ദോഷം ചെയ്യും.
1994-ന്റെ അവസാനത്തിൽ, ഈ അഗ്നിപർവതത്തിന്റെ പ്രക്ഷുബ്ധത കാര്യമായി വർധിച്ചു. അപകടസൂചന മുഴങ്ങി, ആളുകൾ തത്ക്ഷണം അവിടെനിന്ന് ഒഴിഞ്ഞുപോകാൻ തുടങ്ങി. 1994 ഡിസംബർ 21-ന് അഗ്നിപർവതമുഖത്തിന്റെ അടിഭാഗത്ത് ചുരുങ്ങിയത് മൂന്നു ദ്വാരങ്ങളെങ്കിലും ഉണ്ടായി. അവയിലൂടെ വാതകവും ആവിയും വമിച്ചുകൊണ്ടിരുന്നു. പ്വെബ്ല നഗരത്തിനടുത്തുവരെ, എല്ലായിടത്തും വർഷിക്കപ്പെട്ട ചാരം 5,000 ടൺ വരും. ഗവൺമെൻറ് 50,000 ആളുകളെ ഒഴിപ്പിക്കാൻ വേണ്ട ഒരു പദ്ധതി നടപ്പാക്കി. ഇവരിൽ 30,000 പേരെ അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചു.
സഹായമാവശ്യമായവർക്കു താമസസൗകര്യങ്ങൾ പ്രദാനം ചെയ്തുകൊണ്ട് യഹോവയുടെ സാക്ഷികളും പ്രതികരിച്ചു. (പ്രവൃത്തികൾ 4:32-35 താരതമ്യം ചെയ്യുക.) സാക്ഷികളുടെ ദുരിതാശ്വാസ കമ്മിറ്റിയുടെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “നിർണായകവും അടിയന്തിരവുമായ അത്തരമൊരു സാഹചര്യത്തിൽപ്പോലും പ്വെബ്ല നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള സഹോദരങ്ങളുടെ പക്ഷത്തുനിന്നുണ്ടായ പ്രതികരണം എടുത്തുപറയത്തക്കതായിരുന്നു. 600-ലധികം ആളുകളെ താമസിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. ഒരു ടെലിവിഷൻ സ്റ്റേഷൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘യഹോവയുടെ സാക്ഷികൾ താമസംവിനാ പ്രവർത്തിച്ചു. അവർ തത്ക്ഷണം തങ്ങളുടെ സഹോദരങ്ങളെ അപകട മേഖലയിൽനിന്നു മാറ്റിപ്പാർപ്പിച്ചു.’”
അഗ്നിപർവതം സജീവമാകുന്നു
ഔദ്യോഗിക അറിയിപ്പനുസരിച്ച്, 1996 മാർച്ച് 5-ാം തീയതി പുലർച്ചയ്ക്ക് 3.50-ന് അഗ്നിപർവതത്തിന്റെ പ്രകമ്പനം പെട്ടെന്നു വർധിച്ചു. ഒരുപക്ഷേ 1994 ഡിസംബർ 21-ന് ഈ അഗ്നിപർവതം സജീവമായതിന്റെ ഫലമായിട്ടുണ്ടായ വാതകവും നീരാവിയും മൂലം രൂപംകൊണ്ട വൻചാലുകൾ തുറന്നതുമായി ബന്ധപ്പെട്ടായിരിക്കാം ഈ പ്രകമ്പനം. ഫോട്ടോഗ്രാഫുകളും ലഭിച്ച വിവരങ്ങളും ഈ ചാലുകളിൽ ചാരം അടിഞ്ഞുകൂടിയിരുന്നതായി സ്ഥിരീകരിച്ചു. ഇത് അഗ്നിപർവതത്തിന്റെ ആന്തരിക മർദത്തിൽ വർധനവുണ്ടാക്കി. ഈ മർദം ഒടുവിൽ ചാലുകൾ വീണ്ടും തുറക്കാൻ കാരണമായി.
1996 ഏപ്രിൽ 9-ലെ വർത്തമാനപത്രം ഇപ്രകാരം അഭിപ്രായപ്പെട്ടു: “പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപർവതത്തിന്റെ വക്ത്രത്തിൽനിന്നു ലാവ പ്രവഹിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്, അഗ്നിപർവതപ്രക്ഷുബ്ധത വർധിക്കുന്നപക്ഷം നടപടി കൈക്കൊള്ളാൻ ശാസ്ത്രരംഗത്തുള്ളവരും പൊതുജന സംരക്ഷണ ഏജൻസിയിലെ അധികൃതരും ജാഗ്രതയോടെ നിലകൊള്ളുന്നു.” റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: ലാവാപ്രവാഹംമൂലം ഉളവാകുന്ന മാറ്റങ്ങൾ ഒരു “‘കമാന’ത്തിന്റെ രൂപം കൈക്കൊള്ളുന്നു. ഇതു മൂലം പോപ്പ ക്കാറ്റപ്പെറ്റലിന്റെ ‘ചാലുകൾ’ ഏതാനും മാസങ്ങൾക്കൊണ്ടു നിറയുന്നു. ലാവ പുറത്തേക്കു കവിഞ്ഞൊഴുകാൻ ഇത് ഇടയാക്കിയേക്കാം.”
1996 മേയ് 2 വ്യാഴാഴ്ച, പ്വെബ്ല നഗരത്തിലെ ഒരു യോഗത്തിൽ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപർവതത്തിന്റെ സ്വഭാവത്തിന്റെ പുതിയ വശത്തെക്കുറിച്ചു ചർച്ച ചെയ്യപ്പെട്ടു. മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റിയിലെ ഭൂഭൗതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗമായ ഡോ. സെർവാൻഡോ ദെ ല ക്രൂസ് റേയ്ന ഇപ്രകാരം അഭിപ്രായപ്പെട്ടു: “സ്വാഭാവികമായും ഇതു വർധിച്ച ഉത്കണ്ഠ ഉളവാക്കുന്നു . . . അഗ്നിപർവതം കൂടുതൽ സ്ഫോടനാത്മകമായ ഒരു ഘട്ടത്തിലെത്താനുള്ള സാധ്യത എപ്പോഴുമുണ്ട്. ഇതു സംഭവിച്ചേക്കാം. നമുക്കതു നിരാകരിക്കാനാവില്ല.”
ഗവൺമെൻറ്, ഭവന നിർമാണ പദ്ധതികളെയും മാറ്റിപ്പാർപ്പിക്കലിനെയും കുറിച്ചു സംസാരിക്കുകയും പൊതുജനങ്ങൾക്കു മാർഗനിർദേശം നൽകാൻ യോഗങ്ങൾ സംഘടിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അഗ്നിപർവതം പൊട്ടിത്തെറിക്കുകയാണെങ്കിൽ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രദേശത്തെ ആളുകൾക്കു തോന്നുന്നുവെന്ന വസ്തുത വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. ഉദാഹരണത്തിന് മുമ്പു പരാമർശിച്ച യോഗത്തിൽ, അഗ്നിപർവതത്തിനടുത്തു സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽനിന്നുള്ള വിവിധ പ്രതിനിധികൾ, ഒരു വിപത്തുണ്ടാകുന്നപക്ഷം ഏത് അഭയകേന്ദ്രത്തിലേക്ക് അല്ലെങ്കിൽ കേന്ദ്രങ്ങളിലേക്കു പോകണമെന്നു തങ്ങൾക്കറിയില്ലെന്നു പറഞ്ഞുകൊണ്ട് പ്രതിഷേധം പ്രകടിപ്പിച്ചു.
അഗ്നിപർവതത്തിൽനിന്നു വാതകവും ആവിയും വമിച്ചുകൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ് ഗൗരവമായിട്ടെടുക്കേണ്ടതാണ്. വിവേകമുള്ള ആളുകൾ, ഭൗതിക വസ്തുക്കൾ ത്യജിക്കേണ്ടതുണ്ടെങ്കിൽപ്പോലും തങ്ങളുടെ ജീവൻ രക്ഷിക്കാൻ തങ്ങളാലാകുന്നതു ചെയ്യുമെന്നുള്ളതിൽ സംശയമില്ല. ആ മേഖലയിൽ താമസിക്കുന്ന യഹോവയുടെ സാക്ഷികൾ ആവശ്യം വന്നാൽ അവിടം വിട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. ആ മേഖല പതിവായി സന്ദർശിക്കാൻ ഒരു ദുരിതാശ്വാസക്കമ്മിററിയെ നിയോഗിച്ചിട്ടുണ്ട്. വിപത്തുണ്ടായാൽ എന്തു ചെയ്യാനാകുമെന്നതു സംബന്ധിച്ച് ഇവർ ആളുകൾക്കു മാർഗനിർദേശം നൽകുന്നു. ഇനിയും സമയം അവശേഷിക്കെ, അപകടമേഖലയ്ക്കടുത്തു താമസിക്കുന്ന ചിലരെ അവിടം വിട്ടുപോകാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അഗ്നിപർവതം ഒരു ആസന്നമായ വിപത്താണെന്ന് അഗ്നിപർവതശാസ്ത്രജ്ഞന്മാർ വ്യക്തമായ മുന്നറിയിപ്പു നൽകിയിട്ടുള്ളതുകൊണ്ടാണിത്. ആ തീരുമാനം ഓരോ കുടുംബത്തിനും വിട്ടുകൊടുത്തിരിക്കുകയാണെന്നു വ്യക്തം.
ഇപ്പോൾ, അഗ്നിപർവതത്തിന്റെ ചുറ്റുവട്ടത്തു താമസിക്കുന്നവർ സാധാരണ ജീവിതമാണു നയിക്കുന്നത്. എങ്കിലും, അടിയന്തിര സാഹചര്യത്തെ സൂചിപ്പിക്കുന്ന, അഗ്നിപർവതത്തിൽനിന്നോ അധികാരികളിൽനിന്നോ ഉള്ള ഏതു മുന്നറിയിപ്പും സംബന്ധിച്ച് ജനങ്ങൾ ജാഗ്രതയോടെയിരിക്കുന്നതായിരിക്കും ബുദ്ധി. പ്രൗഢമായ, എന്നാൽ ഭയജനകമായ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപർവതത്തിന്റെ മുന്നറിയിപ്പുകളോടു നിസ്സംഗത കാണിക്കുന്നതു ബുദ്ധിയായിരിക്കുകയില്ല.
[20-ാം പേജിലെ ചതുരം]
വിപത്തുണ്ടാകുന്നപക്ഷം പിൻപറ്റാനുള്ള നിർദേശങ്ങൾ
ദേശീയ വിപത്തുപ്രതിരോധ കേന്ദ്രം, വിപത്തുണ്ടാകുന്നതിനുമുമ്പ് എടുക്കേണ്ടതായ നടപടികളുടെ ഒരു പട്ടിക നൽകുന്നു:
• ഒഴിഞ്ഞുപോകുന്നതിനുള്ള വഴിയെക്കുറിച്ച് അറിവുണ്ടായിരിക്കുക. (ഉയർന്ന സ്ഥലങ്ങൾ തേടുക. അല്ലാതെ ലാവ, വെള്ളം അല്ലെങ്കിൽ ചെളി ഒഴുകിവരാവുന്ന താഴ്ന്നപ്രദേശങ്ങളല്ല)
• വ്യക്തിപരമായ രേഖകൾ, മരുന്നുകൾ, വെള്ളം, മാറ്റുവാനുള്ള വസ്ത്രം (ശരീരം മുഴുവൻ മൂടുന്നതരത്തിലുള്ള ഏതെങ്കിലും കട്ടിയുള്ള വസ്ത്രം അഭികാമ്യം), ഒരു തൊപ്പി, മൂക്കും വായും മൂടാൻ ഒരു തൂവാല, ബാറ്ററികൊണ്ടു കത്തിക്കുന്ന വിളക്ക്, റേഡിയോ, ബാറ്ററികൾ, കമ്പിളിപ്പുതപ്പ് എന്നിവയടങ്ങിയ ഒരു സ്യൂട്ട്കേസ് തയ്യാറാക്കിവെക്കുക
• താമസസൗകര്യം പ്രദാനം ചെയ്യാൻ സാധിക്കുന്ന ബന്ധുക്കളുമായി വേണ്ട ഏർപ്പാടുകൾ ചെയ്യുക, അങ്ങനെ പൊതു അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കാം
• അനിവാര്യമായ വസ്തുക്കൾ മാത്രം കൂടെക്കൊണ്ടുപോകുക. ഓമനമൃഗങ്ങളെയോ മറ്റു മൃഗങ്ങളെയോ കൂടെക്കൊണ്ടുപോകരുത്
• പൊതു അഭയകേന്ദ്രങ്ങൾ കണ്ടെത്താനാകുന്ന വിധം അറിഞ്ഞിരിക്കുക
• വൈദ്യുതി, വാതകം, വെള്ളം എന്നിവയുടെ ബന്ധം വിച്ഛേദിക്കുക
• ശാന്തരായി നിലകൊള്ളുക