ഉദ്യാനത്തോടുള്ള നമ്മുടെ പ്രിയം
ബഹളത്തിൽനിന്നും തിരക്കുപിടിച്ച ജീവിതത്തിൽനിന്നുമുള്ള അഭയസ്ഥാനമായി മനോജ്ഞമായ ഒരു ഉദ്യാനത്തിന്റെ പ്രശാന്തതയെ നിങ്ങൾ സ്വാഗതം ചെയ്യുമോ? നിങ്ങൾ കുടുംബത്തോടൊത്ത് ഉല്ലാസയാത്രയ്ക്കു പോകാനോ ഒരു സുഹൃത്തിനോടൊപ്പം ഉലാത്താനോ പ്രിയപ്പെടുന്ന സ്ഥലം പുൽത്തകിടികളും പൂക്കളും തണൽവൃക്ഷങ്ങളും കുളങ്ങളുമുള്ള ശാന്തമായ പാർക്കുകളാണോ? അതേ, എത്ര കുളിർമ പകരുന്നതും സമാശ്വാസകരവും സമാധാനപൂർണവും രോഗശമനകവുമാണ് ഉദ്യാനം!
ഒരുപക്ഷേ ചിലർ സമയക്കുറവുമൂലം ഉദ്യാനപാലനത്തിനു മിനക്കെടാറില്ലെങ്കിലും, ഉദ്യാനത്തിലെ വർണങ്ങളും സുഗന്ധങ്ങളും ശബ്ദങ്ങളും പഴങ്ങളും നമുക്കെല്ലാം ആനന്ദം പകരുന്നു. ശിൽപ്പിയും ശാസ്ത്രകാരനും വക്കീലും കണ്ടുപിടിത്തക്കാരനും യു.എസ്. പ്രസിഡൻറുമായിരുന്ന തോമസ് ജെഫേഴ്സൺ ഉദ്യാനത്തെ സ്നേഹിച്ചിരുന്നു. അദ്ദേഹം എഴുതി: “മണ്ണിൽ കൃഷി ചെയ്യുന്നതിനെക്കാൾ ആനന്ദകരമായ ജോലി എനിക്കു വേറൊന്നുമില്ല. . . . എനിക്കിപ്പോഴും ഉദ്യാനത്തോട് അർപ്പണഭാവമുണ്ട്. എനിക്കു പ്രായമേറെയായെങ്കിലും എന്നിലെ തോട്ടക്കാരൻ ചെറുപ്പമാണ്.”
അദ്ദേഹത്തിന്റെ വീക്ഷണം ഇന്നും പലർക്കുമുണ്ട്. തന്നെയുമല്ല, ലോകത്തിലെ വിഖ്യാത ഉദ്യാനങ്ങളിലേക്ക് ഓരോ വർഷവും പ്രവഹിക്കുന്നവർ ദശലക്ഷക്കണക്കിനാണ്. ഇംഗ്ലണ്ടിലെ ക്യൂ ഉദ്യാനങ്ങൾ (ദ റോയൽ ബൊട്ടാണിക് ഗാർഡൻസ്); ജപ്പാനിലെ ക്യോട്ടോ ഉദ്യാനങ്ങൾ; ഫ്രാൻസിലെ വേഴ്സെയ്ൽസ് കൊട്ടാര ഉദ്യാനങ്ങൾ; യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള ലോങ്വുഡ് ഉദ്യാനങ്ങൾ തുടങ്ങിയവ ഇവയിൽ ഏതാനും ചിലതാണ്. വൃക്ഷങ്ങൾ നിരനിരയായി നിൽക്കുന്ന വീഥികൾക്കിടയിൽ, കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉജ്ജ്വല വർണ പുഷ്പങ്ങളും ചുറ്റും നിൽക്കുന്ന വീടുകളോടുകൂടിയ നഗരപ്രദേശങ്ങളുണ്ട്—ഒരു കൊച്ചു പറുദീസപോലെയാണത്.
ഉദ്യാനങ്ങൾക്ക് ആരോഗ്യം വർധിപ്പിക്കാനാകും
പ്രകൃതിയുമായുള്ള മനുഷ്യരുടെ സമ്പർക്കം പൂക്കളെയും വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും പക്ഷികളെയും ഒരു ജാലകത്തിലൂടെ കാണുന്നതിലധികമൊന്നും അല്ലെങ്കിലും, അത്തരം സമ്പർക്കത്തിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഒരു ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ ഒരു ഉദ്യാനം നട്ടുപിടിപ്പിക്കുന്നതിന് ഇതു പ്രചോദനമായി. “അതിനു വമ്പിച്ച അംഗീകാരമാണു ലഭിച്ചത്,” ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “രോഗികൾക്കും ചികിത്സകർക്കും മനക്കരുത്ത് നൽകുന്ന ഒന്നായിരിക്കുന്നു അത്. . . . അതിനു ധാരാളം രോഗശമന സാധ്യതകളുള്ളതായി ഞങ്ങൾ മനസ്സിലാക്കുന്നു.” പ്രകൃതിയെക്കൊണ്ട് ഇന്ദ്രിയങ്ങളെ വിരുന്നൂട്ടുന്നതിനാൽ ആളുകൾക്കു ശാരീരികവും മാനസികവും വൈകാരികവുമായ പ്രയോജനമുണ്ടെന്നു തീർച്ചയായും പഠനങ്ങൾ കാണിക്കുന്നു.
തന്നെയുമല്ല, ദൈവത്തിന്റെ കരവേലയുടെ മധ്യത്തിലായിരിക്കുമ്പോൾ ആത്മീയാവബോധമുള്ള ഒരു വ്യക്തിക്ക് അവനോടു കൂടുതൽ അടുത്തായിരിക്കുന്നതായി തോന്നും. ഉദ്യാനത്തിന്റെ ഈ സവിശേഷത ഭൂമിയിലെ ആദ്യത്തെ ഉദ്യാനമായ ഏദെൻതോട്ടത്തിന്റെ കാര്യത്തിലും കാണാവുന്നതാണ്. അവിടെവെച്ചാണു ദൈവം മനുഷ്യനുമായി ആദ്യം ആശയവിനിയമം നടത്തിയത്.—ഉല്പത്തി 2:15-17; 3:8.
ഉദ്യാനത്തോടുള്ള പ്രിയം സാർവത്രികമാണ്. നാം കാണാൻ പോകുന്നതുപോലെ അതു പ്രാധാന്യമുള്ള ഒരു സംഗതിയാണ്. എന്നിരുന്നാലും, ആ വശത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു മുമ്പായി പറുദീസയ്ക്കായുള്ള ഈ അഭിലാഷം യഥാർഥത്തിൽ ആളുകളുടെ ഹൃദയത്തിൽ എത്രമാത്രം ആഴത്തിൽ വേരോടിയിരിക്കുന്നുവെന്നു കാണാൻ ചരിത്രപ്രസിദ്ധമായ ഏതാനും ഉദ്യാനങ്ങളിലൂടെ “ഉലാത്താൻ” ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.