ഗതകാലസ്മൃതികളുമായി ഒരു അപൂർവസുന്ദര തോട്ടം
ഗ്വാഡലൂപ്പിലെ ഉണരുക! ലേഖകൻ
പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശത്തായിരുന്നു അവരുടെ ജീവിതം. എന്നാൽ ആ മനോഹാരിതയൊന്നും ആസ്വദിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 17-ാം നൂറ്റാണ്ടുമുതൽ ഗ്വാഡലൂപ്പിലും മാർട്ടിനിക്കിലും എത്തിച്ചേർന്ന ഹതഭാഗ്യരായ ആയിരക്കണക്കിന് ആഫ്രിക്കക്കാരുടെ സ്ഥിതിവിശേഷം അതായിരുന്നു. മാതൃദേശത്തുനിന്ന് അവരെ അടിമകളായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ കരീബിയൻ ദ്വീപുകളിലെ കരിമ്പിൻതോട്ടങ്ങളിൽ അവരുടെ ചിരകാലസ്വപ്നങ്ങൾ വാടിക്കരിഞ്ഞുപോയി.
ഭക്ഷണത്തിനുള്ള വക അടിമകൾതന്നെ കണ്ടെത്തിക്കൊള്ളണം എന്നതായിരുന്നു തോട്ടമുടമകളിൽ അനേകരുടെയും നിലപാട്. അതുകൊണ്ട് വളരെ കഷ്ടപ്പെട്ടാണെങ്കിലും അടിമകൾ സ്വന്തമായി കൃഷി ആരംഭിച്ചു. മരച്ചീനിയും ചേനയും പോലുള്ള ഇഷ്ടവിഭവങ്ങൾ കൃഷിചെയ്യാൻ അത് അവരെ സഹായിച്ചു. മുതലാളിമാർ വല്ലപ്പോഴുമൊക്കെ നൽകിയിരുന്ന ഭക്ഷ്യവസ്തുക്കളെക്കാൾ രുചികരവും പോഷകപ്രദവുമായിരുന്നു അവ. ഒപ്പം ഔഷധച്ചെടികളും പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും അവർ നട്ടുണ്ടാക്കി.
ഫ്രഞ്ച് ഗവണ്മെന്റ് 1848-ൽ കരീബിയൻ ദ്വീപുകളിൽ അടിമവേല നിരോധിച്ചു. എന്നാൽ സ്വതന്ത്രരായിത്തീർന്ന ജനം തങ്ങളുടെ തോട്ടംകൃഷി ഉപേക്ഷിച്ചുകളഞ്ഞില്ല. അധ്വാനശീലരായ ആ ആഫ്രിക്കക്കാരുടെ പിൻതലമുറക്കാരായി ഇന്ന് ഗ്വാഡലൂപ്പിലും മാർട്ടിനിക്കിലും ഉള്ള അനേകരും തങ്ങളുടെ തോട്ടങ്ങൾ തുടർന്നും കൃഷിചെയ്തു പരിപാലിക്കുന്നു. അവ ക്രയോൾ തോട്ടങ്ങൾ എന്ന് അറിയപ്പെടുന്നു.
ഒരു കൊച്ചു വനം
അടിമക്കുടുംബങ്ങൾക്ക് രണ്ടുതരം തോട്ടങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് പച്ചക്കറിത്തോട്ടമായിരുന്നു. അതു സാധാരണമായി വീട്ടിൽനിന്ന് കുറെ ദൂരത്താണു സ്ഥിതിചെയ്തിരുന്നത്. മറ്റൊന്ന് “വീട്ടുവളപ്പിലെ തോട്ടം” ആയിരുന്നു. ഷാർഡിൻ ഡെ കാസ് എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന അത് വീടിനോടു ചേർന്നു കാണപ്പെടുന്നു. അതാണ് ഇന്ന് ഒരു ശരാശരി ക്രയോൾ തോട്ടം എന്ന നിലയിൽ വീക്ഷിക്കപ്പെടുന്നത്. ഇടകലർന്നു നിൽക്കുന്ന പൂച്ചെടികളും പുല്ലും മരങ്ങളും കുറ്റിച്ചെടികളുമെല്ലാം ഒരു വനത്തിനുള്ളിലെ സസ്യലതാദികളെപ്പോലെ ഈ തോട്ടങ്ങളിൽ ഇടതൂർന്നു വളരുന്നു. തോട്ടം കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും സസ്യങ്ങളും മറ്റും എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നതിനാൽ ഒന്നിനും ഒരു ക്രമമില്ലെന്നു തോന്നിപ്പോകും. എന്നാൽ നല്ല അടുക്കും ചിട്ടയുമുണ്ടെന്നുമാത്രമല്ല ഓരോന്നും ഇനംതിരിച്ചാണ് നട്ടുപിടിപ്പിച്ചിരിക്കുന്നതും. ഇടുങ്ങിയ കൈവഴികളിലൂടെ ഓരോ ചെടിയുടെയും അരികിലെത്താൻ തോട്ടക്കാരനു സാധിക്കുന്നു.
വീടിന്റെ മുൻവശത്തേക്കുവരെ നീളുന്ന ഈ തോട്ടം അതിഥികൾക്ക് ഹൃദയാവർജകമായ ഒരു കാഴ്ചയാണ്. വർണശബളമായ ഇലച്ചെടികൾ, ഗോൾഡൻ ട്രംപറ്റ്, നിറപ്പകിട്ടാർന്ന ബൊഗേൻവില്ല, ഇക്സോറ എന്നിവയെല്ലാം വീട്ടുകാരോടൊപ്പം അവർക്കു സ്വാഗതമരുളുന്നു.
ക്രയോൾ തോട്ടത്തിന്റെ ഇതര ഭാഗങ്ങളിൽ, പ്രത്യേകിച്ച് വീടിനോടു ചേർന്ന് തണലുള്ള സ്ഥലത്ത് ഔഷധച്ചെടികൾ തഴച്ചുവളരുന്നു. ബേസിൽ, കറുവാപ്പട്ട, ഗോട്ട്വീഡ്, എടന, ജാക്ക് ഇൻ ദ ബുഷ് എന്നിവയെല്ലാം ഈ ദ്വീപുകളിലെ ഔഷധ സസ്യങ്ങളിൽപ്പെടുന്നവയാണ്. തോട്ടത്തിൽ വളരുന്ന ഇഞ്ചിപ്പുല്ല് ഉണക്കിക്കത്തിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കുന്നു.
ഔഷധച്ചെടികളെക്കുറിച്ചു തങ്ങൾക്കുള്ള അറിവിൽ അനേകം ദ്വീപുവാസികളും അഭിമാനം കൊള്ളുന്നു. മുൻകാലങ്ങളിൽ, രോഗം പിടിപെടുകയോ അപകടം സംഭവിക്കുകയോ ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ അടുത്ത് എത്തിച്ചേരാൻ ആളുകൾക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. അതു ബുദ്ധിമുട്ടായിരുന്നതിനാൽ അവർ ചികിത്സയ്ക്കായി ക്രയോൾ തോട്ടത്തിലെ പച്ചമരുന്നുകളിൽ ആശ്രയിച്ചു. ഇന്നും അത്തരം നാട്ടുചികിത്സ പ്രചാരത്തിലുണ്ടെങ്കിലും സ്വയം ചികിത്സ അപകടവും വരുത്തിവെക്കുന്നു. എന്തെങ്കിലും കൈപ്പിഴ പറ്റിയാൽ രോഗം സുഖപ്പെടുന്നതിനുപകരം രോഗിയുടെ നില കൂടുതൽ വഷളായേക്കാം. അതുകൊണ്ട് ഇന്ന് ഈ ദ്വീപുകളിൽ പാർക്കുന്ന മിക്കവരും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സാരംഗത്തു പരിശീലനം സിദ്ധിച്ചവരെത്തന്നെ സമീപിക്കുന്നു.
വീടിന്റെ പിൻവശത്ത് ചേന, കത്തിരി, ചോളം, സ്പ്ലീൻ അമരാന്ത്, പച്ചടിക്കീര എന്നിവയും അവ പാകംചെയ്യുന്നതിന് ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യുന്നു. വാഴ, കടപ്ലാവ്, വെണ്ണപ്പഴം, പേര, മാവ് എന്നിവയും ചിലപ്പോൾ അവിടെ കാണാം. ഇതാണ് ക്രയോൾ തോട്ടത്തിന്റെ പ്രധാന ഭാഗം.
അനുഭൂതികളുണർത്തുന്ന ഒരു തോട്ടം
ക്രയോൾ തോട്ടത്തിലൂടെ നടന്നുനീങ്ങുമ്പോൾ അതിന്റെ വശ്യത നിങ്ങളുടെ മനംകവരും. കതിരോന്റെ പൊൻപ്രഭയിൽ വെട്ടിത്തിളങ്ങുന്ന വർണാഭമായ പൂക്കളും അവയ്ക്കു മാറ്റുകൂട്ടുന്ന ചാരുതയാർന്ന ഇലച്ചാർത്തുകളും നിങ്ങളുടെ കണ്ണുകൾക്കു വിരുന്നൊരുക്കും. ഇളകിയെത്തുന്ന പൂങ്കാറ്റിൽ ചൂഴ്ന്നു നിൽക്കുന്ന സൗരഭ്യം ഇന്നു കടകളിൽ ലഭിക്കുന്ന വാസനദ്രവ്യങ്ങളെയെല്ലാം കടത്തിവെട്ടുന്നതാണ്. അങ്ങനെ ഈ പര്യടനം നിങ്ങൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിത്തീരുന്നു. എന്നാൽ അത്തരം ഒരു തോട്ടം നട്ടുണ്ടാക്കുകയും ദിവസവും അതിൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന വീട്ടുകാരന്റെ അനുഭൂതി നിങ്ങൾക്കു വിഭാവന ചെയ്യാനാകുമോ!
ക്രയോൾ തോട്ടം തുടർന്നും നിലനിൽക്കുമോ? അമൂല്യമായ ഈ മനോഹര തോട്ടങ്ങൾ പരിപാലിക്കാൻ ഇളംതലമുറയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ചില ദ്വീപുവാസികൾ പരാതിപ്പെടുന്നു. എങ്കിലും അതിന്റെ മാസ്മരിക സൗന്ദര്യവും സാംസ്കാരിക പൈതൃകവും അങ്ങേയറ്റം വിലമതിക്കുന്ന അനേകം ചെറുപ്പക്കാരും പ്രായമായവരും ഇന്നിവിടെയുണ്ട്. തങ്ങളുടെ ദുരവസ്ഥയിലും ജീവിതം ധന്യമാക്കാൻ പാടുപെട്ട ആഫ്രിക്കൻ അടിമകളുടെ സ്മരണകൾ ഉണർത്തുന്നവയാണ് ഇവിടെയുള്ള ഓരോ ക്രയോൾതോട്ടവും.
[27-ാം പേജിലെ ചതുരം]
“ക്രയോൾ” എന്ന പദത്തിന്റെ അർഥം
അമേരിക്കയിൽ ജനിച്ചുവളർന്ന യൂറോപ്യൻ വംശജരെയാണ് “ക്രയോൾ” എന്ന പദം ആദ്യമൊക്കെ പരാമർശിച്ചിരുന്നത്. എന്നാൽ ഇന്ന് അതിനു വ്യത്യസ്ത അർഥങ്ങൾ കൈവന്നിരിക്കുന്നു. വളരെ ആകർഷകമോ വിലയേറിയതോ ആയ എന്തിനെയെങ്കിലും വർണിക്കാൻ ചില ഹെയ്റ്റിക്കാർ “ക്രയോൾ” എന്ന വാക്ക് ഉപയോഗിക്കുന്നു. ജമെയ്ക്ക, ഹെയ്റ്റി എന്നിങ്ങനെയുള്ള ദേശങ്ങളിലെ ചില ഭാഷകൾ ക്രയോൾ എന്നാണ് അറിയപ്പെടുന്നത്. അടിസ്ഥാനപരമായി നോക്കിയാൽ, ഒരു ക്രയോൾ ഭാഷ ഒരു പിജിൻ ഭാഷയിൽനിന്ന് ഉരുത്തിരിഞ്ഞതും പിന്നീട് ഒരുകൂട്ടം ആളുകളുടെ പ്രാദേശിക ഭാഷയായി മാറിയതുമാണ്.
ആളുകളുടെ സവിശേഷമായ ജീവിത രീതികളെ പരാമർശിക്കാനും ഇന്നു “ക്രയോൾ” എന്ന പദം ഉപയോഗിക്കുന്നു. പല കരീബിയൻ ദ്വീപുകളിലും വികാസംപ്രാപിച്ചിരിക്കുന്ന തദ്ദേശീയ സംസ്കാരങ്ങൾ അറിയപ്പെടുന്നത് ആ പേരിലാണ്. ക്രിഓയോ എന്ന തത്തുല്യമായ സ്പാനീഷ് പദത്തിന് പോർട്ടറിക്കോയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും അതേ അർഥമാണുള്ളത്. തദ്ദേശീയർ, ആഫ്രിക്കക്കാർ, യൂറോപ്യന്മാർ എന്നിവരുടെയെല്ലാം പിൻതലമുറക്കാർ നൂറ്റാണ്ടുകളായി കരീബിയൻ ദ്വീപുകളിൽ ഇടകലർന്നു ജീവിക്കുകയും പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരിക്കുന്നു. സുമുഖരായ കുട്ടികളുടെ ഒരു തലമുറയ്ക്കും രസകരമായ അനേകം പാരമ്പര്യങ്ങൾക്കും അതു ജന്മം നൽകിയിരിക്കുന്നു. അത്തരം പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്വാഡലൂപ്പിലെയും മാർട്ടിനിക്കിലെയും ക്രയോൾ തോട്ടങ്ങൾക്ക് ആ പേരു ലഭിച്ചത്.
[26-ാം പേജിലെ ചിത്രങ്ങൾ]
ഇൻസെറ്റിൽ (മുകളിൽനിന്ന്): ആൽപിനിയ, കുരുമുളക്, കൈതച്ചക്ക, കൊക്കോ, കാപ്പി