ആരോഗ്യാവഹമായ ഒരു ഭക്ഷണക്രമം തിരഞ്ഞെടുക്കൽ
ഇന്നത്തെ ഡോക്ടർമാർ രോഗചികിത്സക്ക് പരിശീലനം സിദ്ധിച്ചവരാണെങ്കിലും ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “വിചിത്രമെന്നു പറയട്ടെ, ആരോഗ്യം ഞങ്ങളുടെ മേഖലയല്ല. ആരോഗ്യം സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.”
ഗുരുതരമായി അടഞ്ഞുപോയ ഒരു ഹൃദയധമനിയുടെ ശസ്ത്രക്രിയയ്ക്കു വിധേയമായി കഴിഞ്ഞപ്പോൾ മുൻ ലേഖനത്തിൽ പരാമർശിച്ച ജോ ഉത്തരവാദിത്വം ഏറ്റെടുത്തു. അദ്ദേഹം തന്റെ ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും അത്ഭുതകരമായ പ്രയോജനങ്ങൾ നേടുകയും ചെയ്തു. “ജോ, നിങ്ങളുടെ ഹൃദയധമനിയുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. നിങ്ങൾ പതിവാക്കിയ ഭക്ഷണക്രമം ഫലിച്ചിരിക്കുന്നു,” അദ്ദേഹത്തിന്റെ ഡോക്ടർ സന്തോഷത്തോടെ പറഞ്ഞു.
നമുക്ക് ഭക്ഷണക്രമത്തിൽ എന്തു ക്രമീകരണങ്ങൾ വരുത്താൻ കഴിയും? ആരോഗ്യം സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനിടയുള്ള വിധത്തിൽ ഭക്ഷണം കഴിക്കാനും നമുക്കെങ്ങനെ കഴിയും?
ആരോഗ്യാവഹമായ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനം
ആരോഗ്യാവഹമായ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനം, ലഭ്യമായ ഭക്ഷണപദാർഥങ്ങളിൽനിന്ന് നല്ല തിരഞ്ഞെടുപ്പുകൾ നടത്തുകയെന്നതാണ്. ആരോഗ്യാവഹമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ സഹായിക്കുന്നതിന് യു.എസ്. കാർഷിക വിഭാഗം നാലു തട്ടുകളുള്ള ഒരു ഭക്ഷ്യ നിർദേശക പിരമിഡ് ശുപാർശചെയ്യുന്നു.—12-ാം പേജിലെ ചാർട്ട് കാണുക.
പിരമിഡിന്റെ ചുവട്ടിൽ സങ്കീർണ ധാന്യകങ്ങളാണുള്ളത്. റൊട്ടി, സിറീയൽ, ചോറ്, പാസ്റ്റ തുടങ്ങിയ ധാന്യ ഭക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ഈ ഭക്ഷണപദാർഥങ്ങൾ ആരോഗ്യാവഹമായ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനമാണ്. രണ്ടാമത്തെ തട്ടിൽ തുല്യ വലുപ്പമുള്ള രണ്ടു കളങ്ങളുണ്ട്: ഒന്ന് പച്ചക്കറികളും മറ്റേത് പഴങ്ങളുമാണ്. ഈ ഭക്ഷണപദാർഥങ്ങളും സങ്കീർണ ധാന്യകങ്ങളാണ്. നിങ്ങളുടെ നിത്യ ഭക്ഷണത്തിലധികവും ഈ മൂന്നു ഭക്ഷണ ഗ്രൂപ്പുകളിൽനിന്നുവേണം തിരഞ്ഞെടുക്കാൻ.
മൂന്നാമത്തെ തട്ടിന് വലുപ്പം കുറഞ്ഞ രണ്ടു കളങ്ങളാണുള്ളത്. ഒരു കളത്തിൽ പാൽ, തൈര്, പാൽക്കട്ടി തുടങ്ങിയ ഭക്ഷണപദാർഥങ്ങളും മറ്റേ കളത്തിൽ മാംസം, കോഴിയിറച്ചി, മത്സ്യം, ഉണക്ക പയറ്, മുട്ടകൾ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.a ഈ ഗ്രൂപ്പുകളിൽപ്പെടുന്ന ഭക്ഷണപദാർഥങ്ങൾ മിതമായ അളവിലേ കഴിക്കാവൂ. എന്തുകൊണ്ട്? കാരണം ഈ ഭക്ഷണപദാർഥങ്ങളിൽ മിക്കതിലും കൊളസ്റ്ററോളും പൂരിത കൊഴുപ്പും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ഹൃദയധമനീരോഗത്തിനും കാൻസറിനും ഉള്ള സാധ്യത വർധിപ്പിക്കാൻ കഴിയും.
അവസാനമായി, പിരമിഡിന്റെ ഏറ്റവും മുകളിൽ കൊഴുപ്പുകളും എണ്ണകളും മധുരപദാർഥങ്ങളും അടങ്ങുന്ന ഒരു ചെറിയ ഭാഗമുണ്ട്. ഈ ഭക്ഷണപദാർഥങ്ങൾ വളരെ കുറച്ചു പോഷകങ്ങളെ പ്രദാനംചെയ്യുന്നുള്ളൂ. അതുകൊണ്ട് അവ മിതമായ അളവിലേ കഴിക്കാവൂ. പിരമിഡിന്റെ അടിഭാഗത്തുനിന്ന് കൂടുതലും മുകളിൽനിന്നു കുറച്ചും ആഹാരപദാർഥങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.
പിരമിഡിന്റെ അടിവരെയുള്ള ഓരോ കളത്തിൽനിന്നും ഒരേ ഭക്ഷണയിനങ്ങൾതന്നെ കഴിച്ചുകൊണ്ടിരിക്കുന്നതിനു പകരം ആ കളങ്ങളിലെ വ്യത്യസ്തയിനം ഭക്ഷണപദാർഥങ്ങൾ കഴിച്ചുനോക്കുന്നതു ബുദ്ധിയാണ്. പോഷകങ്ങളുടെയും നാരിന്റെയും മിശ്രണം ഓരോ ഭക്ഷണപദാർഥത്തിലും വ്യത്യസ്തമായിരിക്കുന്നതാണ് ഇതിനു കാരണം. ഉദാഹരണത്തിന്, ചില പച്ചക്കറികളും പഴങ്ങളും എ, സി എന്നീ ജീവകങ്ങളുടെ നല്ല ഉറവിടങ്ങളാണ്, അതേസമയം മറ്റുചിലതിൽ ഫോളിക് ആസിഡും കാൽസ്യവും ഇരുമ്പും ഒക്കെയായിരിക്കും സമൃദ്ധമായി ഉണ്ടായിരിക്കുക.
സസ്യഭക്ഷണക്രമം കൂടുതൽ ജനപ്രീതിയാർജിച്ചുവരുന്നതിൽ അതിശയമില്ല. “സസ്യഭുക്കുകൾക്ക് പൊണ്ണത്തടി, മലബന്ധം, ശ്വാസകോശാർബുദം, മദ്യാസക്തി എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്നുള്ളതിന് ശക്തമായ തെളിവുണ്ട്,” എന്ന് ഭക്ഷണക്രമ നിർണയ വിദഗ്ധയായ ജോഹാന ഡ്വൈയർ എഫ്ഡിഎ കൺസ്യൂമറിൽ പറയുന്നു. ചിലർ വിചാരിച്ചേക്കാവുന്നതിൽനിന്നു വ്യത്യസ്തമായി, ശ്രദ്ധാപൂർവകവും ഉചിതവുമായ ആസൂത്രണം ഉണ്ടെങ്കിൽ മാംസേതര ഭക്ഷണക്രമങ്ങൾക്കുപോലും “പോഷകങ്ങൾക്കായി ‘ശുപാർശ ചെയ്തിരിക്കുന്ന ഭക്ഷണക്രമ അളവുകൾ’ പ്രദാനം ചെയ്യാൻ കഴിയും” എന്ന് 1995-ലെ ഭക്ഷണക്രമ മാർഗരേഖകൾ സൂചിപ്പിക്കുന്നു.
ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് മൊത്തം കലോറിയുടെ 30 ശതമാനത്തിൽ കുറവും പൂരിത കൊഴുപ്പിന്റെ അളവ് 10 ശതമാനത്തിൽ കുറവും ആക്കി നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇതിന് നിങ്ങൾ ഒരു സസ്യഭുക്കായിത്തീരുകയോ ഭക്ഷണംകഴിക്കുന്നതിലെ ആസ്വാദനം അനാവശ്യമായി പരിത്യജിക്കുകയോ ചെയ്യേണ്ടതില്ല. അതെങ്ങനെ?
ഒരു പ്രധാനപ്പെട്ട താക്കോൽ
“പകര വസ്തുക്കൾ ഉപയോഗിക്കുന്നതാണ് താക്കോൽ” എന്ന് ദ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. പീറ്റർ ഒ. ക്വിറ്ററോവിച്ച് പറയുന്നു. “സമ്പൂർണ കൊഴുപ്പ്, പൂരിത കൊഴുപ്പ്, കൊളസ്റ്ററോൾ എന്നിവ കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾക്കു പകരം ഈ കൊഴുപ്പുകൾ കുറഞ്ഞ അളവിലടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുക.” മൃഗക്കൊഴുപ്പോ ഖരാവസ്ഥയിലുള്ള പാചകക്കൊഴുപ്പോ നെയ്യോ—ഇന്ത്യയിൽ സാധാരണമായി ഉപയോഗിക്കുന്ന ശുദ്ധിചെയ്ത വെണ്ണ—ഉപയോഗിക്കുന്നതിനു പകരം സസ്യ എണ്ണയും മയമുള്ള മാർജരിനും ഉപയോഗിക്കുക. പൂരിത കൊഴുപ്പുകൾ ഉയർന്ന അളവിലടങ്ങിയ പാമോയിൽ, വെളിച്ചെണ്ണ തുടങ്ങിയ സസ്യ എണ്ണകളുടെ ഉപയോഗം ഒഴിവാക്കുക. ഡോനട്ട്സ്, കേക്കുകൾ, കുക്കീസ്, പൈ എന്നിങ്ങനെ വ്യാപാരോദ്ദേശ്യത്തോടെ ഉണ്ടാക്കുന്ന ബേക്കറി പലഹാരങ്ങളുടെ ഉപഭോഗം പരമാവധി കുറയ്ക്കുക—കാരണം അവയിലെല്ലാം പൊതുവേ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.
കൂടാതെ, കൊഴുപ്പുനീക്കാത്ത പാലിനു പകരം കൊഴുപ്പുനീക്കിയതോ കൊഴുപ്പുകുറഞ്ഞതോ (1 ശതമാനം) ആയ പാലും വെണ്ണയ്ക്കു പകരം മാർജരിനും സാധാരണ പാൽക്കട്ടിക്കു പകരം കൊഴുപ്പുകുറഞ്ഞ പാൽക്കട്ടിയും ഉപയോഗിക്കുക. ഐസ്ക്രീമിനു പകരം ഐസ് മിൽക്കോ സർബത്തോ കൊഴുപ്പുകുറഞ്ഞ തണുപ്പിച്ച തൈരോ കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാക്കി കുറയ്ക്കുന്നതും നിങ്ങളുടെ ഭക്ഷണക്രമത്തിലെ കൊളസ്റ്ററോളിന്റെ അളവു കുറയ്ക്കാനുള്ള മറ്റൊരു മാർഗമാണ്; ആഹാരം പാകം ചെയ്യുമ്പോഴും ബേക്കു ചെയ്യുമ്പോഴും മുട്ടയുടെ വെള്ളയോ മുട്ടയ്ക്കു പകരമുള്ള സാധനങ്ങളോ ഉപയോഗിക്കുക.
ഭക്ഷ്യ നിർദേശക പിരമിഡിൽ മാംസത്തെ പട്ടികപ്പെടുത്തിയിരിക്കുന്നത് കോഴിയിറച്ചിയും മത്സ്യവും ഉൾപ്പെടുന്ന അതേ കളത്തിൽ തന്നെയാണ്. എങ്കിലും സാധാരണഗതിയിൽ മത്സ്യം, കോഴി, തുർക്കി കോഴി തുടങ്ങിയവയിൽ കാള, ആട്, പന്നി എന്നിവയുടെ മാംസങ്ങളിലുള്ളതിനെക്കാൾ കുറച്ചു കൊഴുപ്പേ അടങ്ങിയിട്ടുള്ളൂ. എന്നാൽ ഇത്, മാംസം അവയുടെ ശരീരത്തിന്റെ ഏതു ഭാഗത്തുനിന്ന് എടുത്തതാണെന്നതിനെയും പാചകരീതിയെയും ആശ്രയിച്ചിരിക്കുന്നു. സാധാരണ ഹാംബർഗർ, ഹോട്ട് ഡോഗുകൾ, ഉപ്പിട്ടു പുകച്ചുണക്കിയ പന്നിയിറച്ചി, സോസിജ് എന്നിവയിൽ പൂരിത കൊഴുപ്പിന്റെ അളവ് സാധാരണഗതിയിൽ പ്രത്യേകിച്ചും കൂടുതലാണ്. കൊഴുപ്പില്ലാത്ത ഇറച്ചി, മത്സ്യം, കോഴിയിറച്ചി എന്നിവ ദിവസവും 170 ഗ്രാമിൽ കൂടുതൽ കഴിക്കാതിരിക്കാൻ പല ഭക്ഷണക്രമ നിർണയ വിദഗ്ധരും ശുപാർശചെയ്യുന്നു. കരൾ പോലെയുള്ള പ്രത്യേക അവയവങ്ങൾക്ക് ഭക്ഷണസംബന്ധമായ പ്രയോജനങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിലും അവയിൽ പലപ്പോഴും കൊളസ്റ്ററോളിന്റെ അളവ് കൂടുതലാണെന്ന കാര്യം മറക്കരുത്.
സാധാരണ ഭക്ഷണസമയങ്ങൾക്കിടയിൽ ഉരുളക്കിഴങ്ങ് ഉപ്പേരി, നിലക്കടല, കശുവണ്ടിപ്പരിപ്പ്, കുക്കീസ്, ചോക്കലേറ്റ് പൊതിഞ്ഞ മിഠായികൾ എന്നിങ്ങനെയുള്ള സാധനങ്ങൾ കൊറിക്കുന്നത് പലർക്കും ഇഷ്ടമാണ്. ആരോഗ്യാവഹമായ ഭക്ഷണക്രമത്തിന്റെ മൂല്യം മനസ്സിലാക്കുന്നവർ ഇവയ്ക്കു പകരം, വെണ്ണയോ ഉപ്പോ ചേർക്കാത്ത, വീട്ടിലുണ്ടാക്കിയ ചോളപ്പൊരി, സംസ്കരണവിധേയമാക്കാത്ത പഴം, വേവിക്കാത്ത പച്ചക്കറികളായ കാരറ്റ്, സെലെറി, ബ്രോക്കൊലി എന്നിങ്ങനെ കൊഴുപ്പ് കുറവുള്ള സാധനങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നു.
കലോറിയുടെ അളവു നിയന്ത്രിക്കുക
നിങ്ങളുടെ ഭക്ഷണക്രമം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾക്കു പകരം സങ്കീർണ ധാന്യകങ്ങളിൽ കേന്ദ്രീകരിച്ചുള്ളതാകുമ്പോൾ തീർച്ചയായും പ്രയോജനങ്ങളുണ്ടാകും. നിങ്ങൾക്ക് അമിതതൂക്കമുണ്ടെങ്കിൽ അതു കുറയാനും ഇതു സഹായിക്കും. മാംസത്തിനുപകരം നിങ്ങൾ എത്രകണ്ട് ധാന്യങ്ങളും പച്ചക്കറികളും പയറും കഴിക്കുന്നുവോ നിങ്ങളുടെ ശരീരത്തിൽ സംഭരിക്കപ്പെടുന്ന കൊഴുപ്പിന്റെ അളവ് അത്രകണ്ട് കുറവായിരിക്കും.
രണ്ടാമത്തെ ലേഖനത്തിൽ പരാമർശിച്ച റോസ ഒരു വർഷംകൊണ്ട് ഏതാണ്ട് 25 കിലോ തൂക്കം കുറയ്ക്കാൻ ആഗ്രഹിച്ചു. അര കിലോ തൂക്കം കുറയ്ക്കാൻ അവൾ തന്റെ ശരീരത്തിനാവശ്യമുള്ള കലോറിയെക്കാൾ ഏതാണ്ട് 3,500 കലോറി കുറച്ചേ സ്വീകരിക്കാൻ പാടുള്ളൂ. ഭക്ഷണത്തിന്റെ അളവു കുറച്ചുകൊണ്ടോ ശാരീരികമായ പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെട്ടുകൊണ്ടോ അവൾക്ക് ഇതു ചെയ്യാൻ കഴിയും. റോസ ഇതു രണ്ടും ചെയ്യാൻ തീരുമാനിച്ചു. അവൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ് 300 വീതം കുറച്ചു. ഓരോ ആഴ്ചയിലും 32 കിലോമീറ്ററോളം നടക്കാൻ തുടങ്ങി, അങ്ങനെയും അവൾ ഏതാണ്ട് 1,500 കലോറി വിനിയോഗിച്ചു. ഈ പദ്ധതിയോടു പറ്റിനിന്നുകൊണ്ട് ഓരോ ആഴ്ചയും അവൾക്ക് ഏതാണ്ട് അര കിലോ വീതം കുറയ്ക്കാൻ കഴിഞ്ഞിരിക്കുന്നു.
പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോൾ
തത്ക്ഷണ ഭോജനശാലകൾ ജനപ്രീതിയാർജിച്ചിരിക്കുകയാണ്. എന്നാൽ ജാഗ്രത ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ അത്തരം റെസ്റ്ററന്റുകളിൽനിന്നു ലഭിക്കുന്ന ആഹാരത്തിൽ പൂരിത കൊഴുപ്പിന്റെയും കലോറിയുടെയും അളവ് സാധാരണഗതിയിൽ കൂടുതലാണ്. ഉദാഹരണത്തിന്, ഒരു വലിയ ഹാംബർഗറിൽ അല്ലെങ്കിൽ ഇരട്ട ഹാംബർഗറിൽ 525-ഉം 980-ഉം കലോറി അടങ്ങിയിരിക്കുന്നു—അവയിലധികവും കൊഴുപ്പിൽനിന്നുള്ളവയാണ്. മിക്കപ്പോഴും, തത്ക്ഷണ ആഹാരങ്ങൾ വറത്തുപൊരിച്ച സാധനങ്ങളാണ്, അല്ലെങ്കിൽ അവ വിളമ്പുന്നത് കൊഴുപ്പു വർധിപ്പിക്കുന്ന പാൽക്കട്ടികളോ ടോപ്പിങ്ങുകളോ ഡ്രസ്സിങ്ങുകളോ വെച്ചായിരിക്കും. അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനു ഹാനിവരുത്താനിടയുണ്ട്.
നിങ്ങളുടെ രാജ്യത്തെ റെസ്റ്ററന്റുകൾ വളരെയധികം ആഹാരം വിളമ്പുന്ന കൂട്ടത്തിലാണെങ്കിൽ നിങ്ങൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിൽ ശ്രദ്ധയുള്ളവരായിരിക്കേണ്ടതുണ്ട്. വിളമ്പുന്ന ആഹാരം മുഴുവൻ നിങ്ങൾ കഴിക്കുന്നില്ലെങ്കിൽ കഴിക്കാത്ത ആഹാരം വീട്ടിൽ കൊണ്ടുപൊയ്ക്കൊള്ളട്ടെ എന്നു ചോദിക്കാവുന്നതാണ്. ഭക്ഷണക്രമത്തെക്കുറിച്ചു ബോധവാൻമാരായ ചില ആളുകൾ, വിശപ്പുണ്ടാകുന്നതിനുവേണ്ടി ഭക്ഷണത്തിനു മുമ്പു കഴിക്കാറുള്ള വിഭവം മാത്രം ഓർഡർ ചെയ്യുന്നു. അത് ഒരു സാധാരണ മുഖ്യവിഭവത്തിന്റെ അത്രയും വരില്ല. ചില ദമ്പതിമാർ ഒരു മുഖ്യവിഭവം ഓർഡർ ചെയ്ത് പങ്കിടുന്നു. എന്നാൽ അവർ കൂടുതലായി ഒരു സാലഡും കൂടെ ഓർഡർ ചെയ്യുന്നു. മിതമായ വിലയ്ക്ക് എത്ര വേണമെങ്കിലും ആഹാരം തരുന്ന റെസ്റ്ററന്റുകളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുന്നത് ജ്ഞാനമാണ്. ഈ സ്ഥലങ്ങൾ അമിതതീറ്റിക്ക് പ്രലോഭനമേകിയേക്കാം!
സകലർക്കും ആരോഗ്യാവഹമായ ഭക്ഷണക്രമം
പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ പൊണ്ണത്തടിയുമായി മല്ലിടുകയും ബൈപാസ് ശസ്ത്രക്രിയയ്ക്കും രാസചികിത്സയ്ക്കും റേഡിയേഷനും ചെലവേറിയ വൈദ്യ ചികിത്സകൾക്കും വിധേയരാകുകയും ചെയ്യുമ്പോൾ വേണ്ടത്ര പോഷണം ലഭിക്കാത്ത അല്ലെങ്കിൽ പട്ടിണികിടന്നു മരിക്കുകപോലും ചെയ്യുന്ന അനേകമാളുകളുണ്ട്. എന്നിരുന്നാലും, ദൈവം വാഗ്ദാനം ചെയ്യുന്ന പുതിയ ലോകത്തിൽ ഭക്ഷണവും പോഷണവും സംബന്ധിച്ച പ്രശ്നങ്ങൾ ഗതകാല സംഗതികളായിരിക്കും. ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടായിരിക്കും; പർവതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്കുണ്ടായിരിക്കും.” (സങ്കീർത്തനം 72:16, NW) സമൃദ്ധമായ ആഹാരം പ്രയോജനകരമായ ഒരു വിധത്തിൽ ആസ്വദിക്കേണ്ടതെങ്ങനെയെന്നും മനുഷ്യവർഗം അന്നറിയും. എന്തുകൊണ്ടെന്നാൽ ബൈബിൾ നമുക്ക് ഇങ്ങനെയും ഉറപ്പുനൽകുന്നു: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.
തികഞ്ഞ ആരോഗ്യത്തിന്റെ ആ സമയം ആസന്നമാണ്. അതുവരെ, ലഭ്യമായ ആഹാരപദാർഥങ്ങളിൽനിന്ന് ആരോഗ്യാവഹമായ തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട് ഒരളവുവരെ നല്ല ആരോഗ്യം നിലനിർത്താൻ നമുക്കു ശ്രമിക്കാവുന്നതാണ്.
[അടിക്കുറിപ്പ്]
a ചില ഭക്ഷണപദാർഥങ്ങൾ ഒന്നിലധികം ഗ്രൂപ്പുകളിൽ പെടുന്നവയാണ്. ഉദാഹരണത്തിന്, ഉണക്ക പയറിനെയും പരിപ്പുകളെയും പച്ചക്കറി ഗ്രൂപ്പിലോ ഇറച്ചിയും പയറും പെടുന്ന ഗ്രൂപ്പിലോ പെടുത്താൻ കഴിയും.
[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഭക്ഷ്യ നിർദേശക പിരമിഡ്
ഭക്ഷ്യ നിർദേശക പിരമിഡിന്റെ അടിഭാഗത്തുനിന്ന് കൂടുതൽ ആഹാരപദാർഥങ്ങൾ തിരഞ്ഞെടുക്കുന്നതു ബുദ്ധിയാണ്
കൊഴുപ്പ്, എണ്ണ, മധുര പദാർഥങ്ങൾ
മിതമായി ഉപയോഗിക്കുക
പാല്, തൈര്, പാൽക്കട്ടി മാംസം, കോഴിയിറച്ചി, മത്സ്യം, ഉണക്ക പയറ്,
എന്നിവയടങ്ങുന്ന ഗ്രൂപ്പ് മുട്ടകൾ, അണ്ടിപ്പരിപ്പുകൾ എന്നിവയടങ്ങുന്ന ഗ്രൂപ്പ്
ദിവസം 2-3 തവണ ദിവസം 2-3 തവണ
പച്ചക്കറി ഗ്രൂപ്പ് പഴങ്ങളുടെ ഗ്രൂപ്പ്
ദിവസം 3-5 തവണ ദിവസം 2-4 തവണ
റൊട്ടി, സിറീയൽ, ചോറ്, പാസ്റ്റ എന്നിവയടങ്ങുന്ന ഗ്രൂപ്പ്
ദിവസം 6-11 തവണ
[കടപ്പാട്]
Source: U.S. Department of Agriculture,
U.S. Department of Health and Human Services