നിങ്ങളുടെ ഭക്ഷണക്രമം—അതിനു നിങ്ങളെ കൊല്ലാൻ കഴിയുമോ?
“നിങ്ങളുടെ ഹൃദയധമനികളിലൊന്ന് ഗുരുതരമായി അടഞ്ഞിരിക്കുകയാണ്, അതിന്റെ 95%-ത്തോളം . . . അധികം താമസിയാതെതന്നെ നിങ്ങൾക്ക് ഒരു ഹൃദയാഘാതം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്.”
നെഞ്ചുവേദനയുടെ കാരണം കണ്ടുപിടിക്കാനായി തന്നെ പരിശോധിച്ച ഹൃദ്രോഗചികിത്സാ വിദഗ്ധന്റെ ആ വാക്കുകൾ മുപ്പത്തിരണ്ടുകാരനായ ജോയ്ക്ക് വിശ്വസിക്കാനായില്ല. ഹൃദ്രോഗംമൂലം മരിക്കുന്നവരിൽ ഏതാണ്ട് പകുതി പേർ തങ്ങൾക്ക് ആ രോഗം ഉള്ള കാര്യം അറിയുന്നുപോലുമില്ല.
എന്നാൽ ജോയ്ക്ക് ഈ സ്ഥിതിവരാൻ കാരണമെന്താണ്? ‘32 വർഷക്കാലം “ഇറച്ചിയും ക്ഷീരോത്പന്നങ്ങളും ധാരാളമായി അടങ്ങിയ” അമേരിക്കയിലെ സാധാരണ ഭക്ഷണക്രമമായിരുന്നു എന്റേത്. അമേരിക്കൻ ഭക്ഷണക്രമം എന്റെ ആരോഗ്യത്തിന് അപകടകരമാണെന്നുള്ള വസ്തുത ഞാൻ എങ്ങനെയോ അവഗണിച്ചുകളഞ്ഞു’ എന്ന് ജോ വിലപിക്കുന്നു.
നിങ്ങളുടെ ഭക്ഷണക്രമവും ഹൃദ്രോഗവും
ജോയുടെ ഭക്ഷണക്രമത്തിന് എന്തായിരുന്നു കുഴപ്പം? അടിസ്ഥാനപരമായി, അതിൽ വളരെയധികം കൊളസ്റ്ററോളും കൊഴുപ്പും അടങ്ങിയിരുന്നു, പ്രത്യേകിച്ചും പൂരിത കൊഴുപ്പ്. ബാല്യം മുതലേ ജോ ഏതാണ്ട് ഓരോ സ്പൂൺ ആഹാരം കഴിക്കുമ്പോഴും തന്നെത്തന്നെ ഹൃദയധമനീരോഗത്തിന്റെ അപകടസാധ്യതയിലാക്കുകയായിരുന്നു. വാസ്തവത്തിൽ, ഐക്യനാടുകളിലെ മരണത്തിന്റെ പത്തു മുഖ്യ കാരണങ്ങളിൽ അഞ്ചെണ്ണം കൊഴുപ്പ് ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. പട്ടികയിൽ ഏറ്റവും മുകളിലുള്ളത് ഹൃദയധമനീരോഗമാണ്.
ഏഴു രാജ്യങ്ങളിലായി 40-നും 49-നും ഇടയ്ക്കു പ്രായമുള്ള ഏതാണ്ട് 12,000 പുരുഷൻമാരിൽ നടത്തിയ ഒരു പഠനം, ഭക്ഷണക്രമവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്നു. ഹൃദയാഘാത നിരക്കിലുള്ള അങ്ങേയറ്റത്തെ വ്യത്യാസങ്ങൾ പ്രത്യേകിച്ചും ഉൾക്കാഴ്ച നൽകുന്നതാണ്. ഫിൻലൻഡിലെ പുരുഷൻമാരുടെ—അവർ കഴിക്കുന്ന കലോറിയുടെ 20 ശതമാനം പൂരിത കൊഴുപ്പാണ്—രക്തത്തിൽ കൊളസ്റ്ററോളിന്റെ അളവു കൂടിയിരുന്നതായും ജപ്പാനിലെ പുരുഷൻമാരുടെ—അവർ കഴിക്കുന്ന കലോറിയുടെ 5 ശതമാനമേ പൂരിത കൊഴുപ്പുള്ളൂ—രക്തത്തിൽ കൊളസ്റ്ററോളിന്റെ അളവു കുറഞ്ഞിരുന്നതായും പഠനം കാണിച്ചു. ഫിൻലൻഡിലെ പുരുഷൻമാരുടെ ഹൃദയാഘാതനിരക്ക് ജപ്പാനിലെ പുരുഷൻമാരുടേതിന്റെ ആറു മടങ്ങായിരുന്നു!
എന്നിരുന്നാലും, ഹൃദയധമനീരോഗം ജപ്പാനിൽ മേലാൽ വിരളമല്ല. പാശ്ചാത്യ രീതിയിലുള്ള തത്ക്ഷണ ആഹാരപദാർഥങ്ങൾ അവിടെ ജനപ്രീതിയാർജിച്ചതോടെ, കഴിഞ്ഞ പല വർഷങ്ങളായി ജന്തുക്കളിൽനിന്നുള്ള കൊഴുപ്പിന്റെ ഉപഭോഗം അവിടെ 800 ശതമാനം വർധിച്ചിട്ടുണ്ട്. ഇപ്പോൾ, ജപ്പാനിലെ ആൺകുട്ടികളുടെ രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് അമേരിക്കയിലെ അതേ പ്രായത്തിലുള്ള ആൺകുട്ടികളുടേതിനെക്കാൾ കൂടുതലാണ്! വ്യക്തമായും, ഭക്ഷണത്തിലെ കൊഴുപ്പും കൊളസ്റ്ററോളും ജീവന് ഭീഷണി ഉയർത്തുന്ന അവസ്ഥകൾക്ക്, പ്രത്യേകിച്ച് ഹൃദ്രോഗത്തിന് ഇടയാക്കുന്നു.
കൊളസ്റ്ററോളിന്റെ ധർമം
ജീവന് അനിവാര്യമായ വെളുത്ത, പശിമയുള്ള ഒരു പദാർഥമാണ് കൊളസ്റ്ററോൾ. എല്ലാ മനുഷ്യരുടെയും ജന്തുക്കളുടെയും കോശങ്ങളിൽ അതുണ്ട്. നമ്മുടെ കരൾ കൊളസ്റ്ററോൾ ഉത്പാദിപ്പിക്കുന്നു, നാം കഴിക്കുന്ന ആഹാരപദാർഥങ്ങളിലും വ്യത്യസ്ത അളവിൽ അത് അടങ്ങിയിട്ടുണ്ട്. രക്തം കോശങ്ങളിലേക്കു കൊളസ്റ്ററോളിനെ വഹിക്കുന്നത് ലിപ്പോപ്രോട്ടീനുകൾ എന്നു വിളിക്കപ്പെടുന്ന തൻമാത്രകൾ മുഖാന്തരമാണ്. അവ കൊളസ്റ്ററോൾ, കൊഴുപ്പുകൾ, മാംസ്യങ്ങൾ എന്നിവകൊണ്ടു നിർമിതമാണ്. രക്തത്തിലെ കൊളസ്റ്ററോളിലധികവും വഹിക്കുന്ന രണ്ടുതരം ലിപ്പോപ്രോട്ടീനുകൾ ലോലഘനത്വം ഉള്ള ലിപ്പോപ്രോട്ടീനുകളും (എൽഡിഎൽ) ഉന്നതഘനത്വം ഉള്ള ലിപ്പോപ്രോട്ടീനുകളും (എച്ച്ഡിഎൽ) ആണ്.
എൽഡിഎൽ-കൾ കൊളസ്റ്ററോൾ സമൃദ്ധമാണ്. രക്തപ്രവാഹത്തിലൂടെ പരിസഞ്ചരണം നടത്തുമ്പോൾ അവ കോശഭിത്തികളിലുള്ള എൽഡിഎൽ സ്വീകാരികളിലൂടെ കോശങ്ങളിലേക്കു പ്രവേശിക്കുകയും കോശത്തിന്റെ ഉപയോഗത്തിനായി വിഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക കോശങ്ങൾക്കും അത്തരം സ്വീകാരികളുണ്ട്, അവ കുറെ എൽഡിഎൽ-നെ സ്വീകരിക്കുന്നു. എന്നാൽ രക്തപ്രവാഹത്തിലെ എൽഡിഎൽ-ന്റെ 70 ശതമാനവും കരളിലെ എൽഡിഎൽ സ്വീകാരികളാൽ നീക്കം ചെയ്യപ്പെടത്തക്കവിധമാണ് കരൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
നേരേമറിച്ച്, എച്ച്ഡിഎൽ-കൾ കൊളസ്റ്ററോൾ ദാഹികളായ തന്മാത്രകളാണ്. രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുമ്പോൾ അവ അധികമുള്ള കൊളസ്റ്ററോളിനെ ആഗിരണം ചെയ്ത് കരളിലേക്കു കൊണ്ടുപോകുന്നു. കരൾ കൊളസ്റ്ററോളിനെ വിഘടിപ്പിച്ച് ശരീരത്തിൽനിന്നു നീക്കംചെയ്യുന്നു. അങ്ങനെ, ശരീരം അതിനാവശ്യമായ കൊളസ്റ്ററോൾ ഉപയോഗപ്പെടുത്താനും മിച്ചംവരുന്നതു നീക്കംചെയ്യാനും തക്കവണ്ണം അത്ഭുതകരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു.
രക്തത്തിൽ വേണ്ടതിലധികം എൽഡിഎൽ ഉള്ളപ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ഇത് ധമനീ ഭിത്തികളിൽ കൊഴുപ്പുപാളി രൂപംകൊള്ളാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൊഴുപ്പുപാളി രൂപംകൊള്ളുമ്പോൾ ധമനികൾ ഇടുങ്ങിയതായിത്തീരുകയും അവയിലൂടെ കടന്നുപോകുന്ന ഓക്സിജൻ വാഹിയായ രക്തത്തിന്റെ അളവു കുറയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ആതെറോസ്ക്ലെറോസിസ് എന്നു വിളിക്കുന്നു. ഈ പ്രക്രിയ സാവധാനത്തിലും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയും തുടരുന്നു. അതിന്റെ തിരിച്ചറിയത്തക്ക ലക്ഷണങ്ങൾ പ്രകടമാകാൻ പതിറ്റാണ്ടുകളെടുക്കുന്നു. അതിന്റെ ലക്ഷണങ്ങളിലൊന്ന് ജോയ്ക്ക് അനുഭവപ്പെട്ടതുപോലുള്ള അൻജൈന പെക്ടോറിസ് അല്ലെങ്കിൽ നെഞ്ചുവേദനയാണ്.
ഒരു ഹൃദയധമനി പൂർണമായും അടഞ്ഞുപോകുമ്പോൾ—മിക്കപ്പോഴും ഒരു രക്തക്കട്ടയാൽ—ആ ധമനിയിൽനിന്നു രക്തം സ്വീകരിക്കുന്ന ഹൃദയത്തിന്റെ ഭാഗം നിർജീവമാകുന്നു. ഫലം പൊടുന്നനെയുള്ള, മിക്കപ്പോഴും മാരകമായ, മയോകാർഡിയൽ ഇൻഫാർക്ഷനാണ്—അത് കൂടുതലും അറിയപ്പെടുന്നത് ഹൃദയാഘാതമെന്ന പേരിലാണ്. ഒരു ഹൃദയധമനി ഭാഗികമായി അടയുന്നതുപോലും ഹൃദയത്തിലെ കലകളുടെ നാശത്തിനിടയാക്കുന്നു, അത് പ്രകടമായ ശാരീരിക അസ്വാസ്ഥ്യം ഉളവാക്കിയെന്നു വരില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ധമനികൾ അടഞ്ഞുപോകുന്നത് മസ്തിഷ്കാഘാതങ്ങൾക്കും കാലുകൾ മരവിച്ചഴുകുന്നതിനും വൃക്കയുടെ പ്രവർത്തനം നിലച്ചുപോകുന്നതിനുപോലും ഇടയാക്കുന്നു.
എൽഡിഎൽ-നെ ചീത്ത കൊളസ്റ്ററോളെന്നും എച്ച്ഡിഎൽ-നെ നല്ല കൊളസ്റ്ററോളെന്നും വിളിക്കുന്നതിൽ അതിശയമില്ല. രക്തത്തിൽ എൽഡിഎൽ-ന്റെ അളവ് കൂടിയിരിക്കുന്നതായോ എച്ച്ഡിഎൽ-ന്റെ അളവ് കുറഞ്ഞിരിക്കുന്നതായോ പരിശോധനകൾ കാണിക്കുന്നെങ്കിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്.a അൻജൈന പോലെയുള്ള ശ്രദ്ധേയമായ രോഗലക്ഷണങ്ങൾ ഒരു വ്യക്തിക്ക് അനുഭവവേദ്യമാകുന്നതിന് ദീർഘനാൾ മുമ്പുതന്നെ ലളിതമായ ഒരു രക്തപരിശോധന പലപ്പോഴും ആസന്നമായ അപകടത്തെക്കുറിച്ച് സൂചനനൽകുന്നു. അതുകൊണ്ട് രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവു നിയന്ത്രിച്ചുനിർത്തേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമം കൊളസ്റ്ററോളിന്റെ അളവിനെ ബാധിക്കുന്നതെങ്ങനെയെന്നു നമുക്കിപ്പോൾ കാണാം.
രക്തത്തിലെ കൊളസ്റ്ററോളും ഭക്ഷണക്രമവും
ജന്തുക്കളിൽനിന്നു ലഭിക്കുന്ന ആഹാരപദാർഥങ്ങളുടെ പ്രകൃതിദത്തമായ ഒരു ഭാഗമാണ് കൊളസ്റ്ററോൾ. മാംസം, മുട്ട, മത്സ്യം, കോഴിയിറച്ചി, ക്ഷീരോത്പന്നങ്ങൾ എന്നിവയിലെല്ലാം കൊളസ്റ്ററോളുണ്ട്. നേരേമറിച്ച്, സസ്യജങ്ങളായ ആഹാരപദാർഥങ്ങളിൽ കൊളസ്റ്ററോളില്ല.
ശരീരം അതിനാവശ്യമായ മുഴു കൊളസ്റ്ററോളും ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്റ്ററോൾ ആവശ്യത്തിലധികമാണ്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്റ്ററോളിലധികവും കരളിലെത്തിച്ചേരുന്നു. സാധാരണഗതിയിൽ, ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്റ്ററോൾ കരളിൽ എത്തിച്ചേരുമ്പോൾ കരൾ അതിനെ വിഘടിപ്പിക്കുകയും അതിന്റെതന്നെ കൊളസ്റ്ററോൾ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ രക്തത്തിലെ കൊളസ്റ്ററോളിന്റെ മൊത്തത്തിലുള്ള അളവ് നിയന്ത്രിച്ചുനിർത്തപ്പെടുന്നു.
എന്നാൽ കരളിന് വേഗത്തിൽ വിഘടിപ്പിക്കാൻ കഴിയാത്തവിധം വളരെയധികം കൊളസ്റ്ററോൾ ഭക്ഷണക്രമത്തിൽ ഉണ്ടെങ്കിലോ? ധമനീ ഭിത്തിയിലെ കോശങ്ങളിലേക്ക് കൊളസ്റ്ററോൾ അതുപടി പ്രവേശിക്കുന്നതിനുള്ള സാധ്യത വർധിക്കുന്നു. അങ്ങനെ പ്രവേശിക്കുമ്പോൾ ആതെറോസ്ക്ലെറോസിസ് എന്ന പ്രക്രിയ സംഭവിക്കുന്നു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്റ്ററോളിന്റെ അളവു ഗണ്യമാക്കാതെ ശരീരം സാധാരണ ഉണ്ടാക്കുന്ന അത്രയുംതന്നെ കൊളസ്റ്ററോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ സ്ഥിതിവിശേഷം പ്രത്യേകിച്ചും അപകടകരമാണ്. ഐക്യനാടുകളിൽ 5-ൽ ഒരാൾക്ക് ഈ പ്രശ്നമുണ്ട്.
അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിലെ കൊളസ്റ്ററോളിന്റെ അളവു കുറയ്ക്കുന്നത് ബുദ്ധിയാണ്. എന്നാൽ നമ്മുടെ ഭക്ഷണക്രമത്തിലെ മറ്റൊരു ഘടകം രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവിൽ കൂടുതലായ സ്വാധീനം ചെലുത്തുന്നു—പൂരിത കൊഴുപ്പുകൾ.
കൊഴുപ്പുകളും കൊളസ്റ്ററോളും
കൊഴുപ്പുകൾ രണ്ടു തരത്തിലുണ്ട്: പൂരിത കൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും. അപൂരിത കൊഴുപ്പുകൾ ഏക അപൂരിത കൊഴുപ്പുകളോ ബഹു അപൂരിത കൊഴുപ്പുകളോ ആകാം. പൂരിത കൊഴുപ്പുകളെക്കാളും നല്ലത് അപൂരിത കൊഴുപ്പുകളാണ്. എന്തുകൊണ്ടെന്നാൽ, പൂരിത കൊഴുപ്പുകൾ കഴിക്കുമ്പോൾ രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവു വർധിക്കുന്നു. പൂരിത കൊഴുപ്പുകൾ രണ്ടു വിധങ്ങളിലാണ് ഇതു ചെയ്യുന്നത്: അവ കരളിൽ കൂടുതൽ കൊളസ്റ്ററോൾ ഉണ്ടാകുന്നതിന് ഇടയാക്കുന്നു, കൂടാതെ അവ കരൾ കോശങ്ങളിലെ എൽഡിഎൽ സ്വീകാരികളെ തടയുകയും അങ്ങനെ രക്തത്തിൽനിന്ന് എൽഡിഎൽ നീക്കംചെയ്യപ്പെടുന്ന പ്രക്രിയയെ സാവധാനത്തിലാക്കുകയും ചെയ്യുന്നു.
പൂരിത കൊഴുപ്പുകൾ മുഖ്യമായും അടങ്ങിയിട്ടുള്ളത് വെണ്ണ, മുട്ടയുടെ മഞ്ഞക്കരു, പന്നിക്കൊഴുപ്പ്, പാൽ, ഐസ്ക്രീം, മാംസം, കോഴിയിറച്ചി എന്നിങ്ങനെ ജന്തുജങ്ങളായ ആഹാരപദാർഥങ്ങളിലാണ്. ചോക്കലേറ്റ്, നാളികേരം, വെളിച്ചെണ്ണ, സസ്യകൊഴുപ്പ്, പാമോയിൽ എന്നിവയിലും പൂരിത കൊഴുപ്പുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പൂരിത കൊഴുപ്പുകൾ സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ സ്ഥിതിചെയ്യുന്നു.
മറിച്ച്, അപൂരിത കൊഴുപ്പുകൾ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലാണു സ്ഥിതിചെയ്യുന്നത്. പൂരിത കൊഴുപ്പുകൾ അടങ്ങിയ ആഹാരപദാർഥങ്ങൾക്കു പകരം ഏക അപൂരിത കൊഴുപ്പുകളോ ബഹു അപൂരിത കൊഴുപ്പുകളോ അടങ്ങിയ ആഹാരപദാർഥങ്ങൾ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവു കുറയ്ക്കാൻ സഹായിച്ചേക്കാം.b ചോള എണ്ണയിലും സൂര്യകാന്തി എണ്ണയിലും പൊതുവേയുള്ള ബഹു അപൂരിത കൊഴുപ്പുകൾ നല്ലതും ചീത്തയുമായ കൊളസ്റ്ററോളിന്റെ അളവു കുറയ്ക്കുമ്പോൾ ഒലിവെണ്ണയിലും കനോലാ എണ്ണയിലും സമൃദ്ധമായുള്ള ഏക അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്റ്ററോളിന്റെ അളവു മാത്രമേ കുറയ്ക്കുന്നുള്ളു, നല്ല കൊളസ്റ്ററോളിന്റെ അളവിൽ വ്യത്യാസമൊന്നും വരുത്തുന്നില്ല.
തീർച്ചയായും കൊഴുപ്പുകൾ നമ്മുടെ ഭക്ഷണക്രമത്തിന്റെ അനിവാര്യമായ ഒരു ഭാഗമാണ്. ഉദാഹരണത്തിന്, അവയില്ലെങ്കിൽ എ, ഡി, ഇ, കെ എന്നീ ജീവകങ്ങളുടെ ആഗിരണം നടക്കുകയില്ല. എന്നിരുന്നാലും ശരീരത്തിനു വളരെ കുറച്ചു കൊഴുപ്പേ ആവശ്യമായിരിക്കുന്നുള്ളൂ. പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ അത് ശരീരത്തിന് അനായാസം ലഭ്യമാകുന്നു. അതുകൊണ്ട് ഭക്ഷണത്തിലെ പൂരിത കൊഴുപ്പുകളുടെ അളവു കുറയ്ക്കുന്നതുകൊണ്ട് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടാതെ പോകുന്നില്ല.
കൊഴുപ്പുകളുടെയും കൊളസ്റ്ററോളിന്റെയും അളവ് കുറയ്ക്കേണ്ടതിന്റെ കാരണം
കൊഴുപ്പുകളും കൊളസ്റ്ററോളും സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം എല്ലായ്പോഴും രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് വർധിപ്പിക്കുമോ? നിർബന്ധമില്ല. ആദ്യ ലേഖനത്തിൽ പരാമർശിച്ച തോമസ്, ഉണരുക!യുമായുള്ള അഭിമുഖത്തിനുശേഷം ഒരു രക്തപരിശോധന നടത്താൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കൊളസ്റ്ററോൾ അളവ് അഭികാമ്യമായ പരിധികൾക്കുള്ളിലാണെന്ന് ഫലങ്ങൾ വെളിപ്പെടുത്തി. വ്യക്തമായും, അദ്ദേഹത്തിന്റെ കരളിന് കൊളസ്റ്ററോളിന്റെ അളവു നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞു.
എങ്കിലും, തോമസിന് അപകടസാധ്യതയില്ലെന്ന് ഇത് അർഥമാക്കുന്നില്ല. ഭക്ഷണത്തിലെ കൊളസ്റ്ററോൾ രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവിൽ വ്യത്യാസം വരുത്തിയാലും ഇല്ലെങ്കിലും അത് ഹൃദയധമനീരോഗത്തിനുള്ള സാധ്യതയെ സ്വാധീനിച്ചേക്കാം എന്ന് അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു. “കൊളസ്റ്ററോൾ സമൃദ്ധമായി അടങ്ങിയ ആഹാരപദാർഥങ്ങൾ, രക്തത്തിൽ കൊളസ്റ്ററോൾ കുറവുള്ള ആളുകളിൽപ്പോലും ഹൃദ്രോഗത്തിന് ഇടയാക്കുന്നു. രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് എത്രയായിരുന്നാലും ഭക്ഷണത്തിലെ കൊളസ്റ്ററോളിന്റെ അളവു കുറയ്ക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതുകൊണ്ടാണ്” എന്ന് നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡോ. ജെരമയാ സ്റ്റാമ്ലർ പറയുന്നു.
ഭക്ഷണക്രമത്തിലെ കൊഴുപ്പിന്റെ കാര്യവും ശ്രദ്ധേയമാണ്. രക്തത്തിൽ കൊഴുപ്പ് വളരെയധികമുള്ളത്—അത് ഭക്ഷണത്തിലെ പൂരിത കൊഴുപ്പിൽനിന്നായാലും അപൂരിത കൊഴുപ്പിൽനിന്നായാലും—അരുണരക്താണുക്കൾ കട്ടകൂടുന്നതിന് ഇടയാക്കുന്നു. അപ്രകാരം കട്ടികൂടിയ രക്തം ഇടുങ്ങിയ ലോമികകളിലൂടെ കടന്നുപോകുന്നില്ല, അങ്ങനെ കലകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെപോകുന്നു. കട്ടകൂടിയ കോശങ്ങൾ ധമനികളിലൂടെ നീങ്ങുന്നത് ധമനീ ഭിത്തികളിലേക്കുള്ള ഓക്സിജൻ വിതരണത്തെയും തടസ്സപ്പെടുത്തുന്നു. അത് ആ ഭിത്തികളുടെ പ്രതലത്തിന് ക്ഷതംവരുത്തുകയും അങ്ങനെ അവിടെ കൊഴുപ്പുപാളി അനായാസം രൂപംകൊള്ളുകയും ചെയ്യുന്നു. എന്നാൽ കൊഴുപ്പ് അമിത അളവിൽ കഴിക്കുന്നത് മറ്റൊരു അപകടത്തിനും ഇടയാക്കുന്നു.
കാൻസറും ഭക്ഷണക്രമവും
“എല്ലാത്തരം കൊഴുപ്പുകളും—പൂരിതവും അപൂരിതവും—ചിലയിനം കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് ഇടയാക്കുന്നു,” എന്ന് ഡോ. ജോൺ എ. മക്ഡൂജൽ പറയുന്നു. വൻകുടൽ, മലാശയം, മലദ്വാരം എന്നിവയെ ബാധിക്കുന്ന കാൻസറിന്റെയും സ്തനാർബുദത്തിന്റെയും അന്തർദേശീയ നിരക്കു സംബന്ധിച്ച ഒരു സർവേ, കൊഴുപ്പ് സമൃദ്ധമായടങ്ങിയ ഭക്ഷണക്രമമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിൽ വമ്പിച്ച വ്യത്യാസങ്ങളുള്ളതായി പ്രകടമാക്കി. ഉദാഹരണത്തിന്, ഐക്യനാടുകളിൽ, വൻകുടൽ, മലാശയം, മലദ്വാരം എന്നിവയെ ബാധിക്കുന്ന കാൻസർ സ്ത്രീപുരുഷൻമാർക്കിടയിൽ കണ്ടുവരുന്ന ഏറ്റവും സാധാരണ കാൻസറുകളിൽ രണ്ടാമത്തേതായിരിക്കുമ്പോൾ സ്തനാർബുദം സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന ഏറ്റവും സാധാരണ കാൻസറാണ്.
അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നതനുസരിച്ച്, ഉയർന്ന കാൻസർ നിരക്കുള്ള രാജ്യത്തേക്ക് താമസം മാറ്റുന്ന ജനസമൂഹങ്ങൾ ഒടുവിൽ ആ രാജ്യത്തെ കാൻസർ നിരക്ക് വികസിപ്പിച്ചെടുക്കുന്നു. എന്നാൽ ഇത് പുതിയ ജീവിതശൈലിയോടും ഭക്ഷണക്രമത്തോടും ഇഴുകിച്ചേരാനുള്ള സമയദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. “ഹവായിയിലേക്കു കുടിയേറിപ്പാർക്കുന്ന ജപ്പാൻകാർ ഒരു പാശ്ചാത്യ കാൻസർ മാതൃക വികസിപ്പിച്ചെടുക്കുകയാണ്: അതായത് അവിടെ വൻകുടലിനെയും സ്തനത്തെയും ബാധിക്കുന്ന കാൻസറുകൾ കൂടുതലും ഉദര കാൻസർ കുറവും ആണ്—ഇത് ജപ്പാനിലെ കാൻസർ മാതൃകയ്ക്കു നേരേ വിപരീതമാണ്” എന്ന് കാൻസർ സൊസൈറ്റിയുടെ പാചകഗ്രന്ഥം അഭിപ്രായപ്പെടുന്നു. കാൻസർ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതു വ്യക്തം.
നിങ്ങളുടെ ഭക്ഷണക്രമത്തിൽ സമ്പൂർണ കൊഴുപ്പ്, പൂരിത കൊഴുപ്പ്, കൊളസ്റ്ററോൾ, കലോറി എന്നിവയുടെ അളവു കൂടുതലാണെങ്കിൽ നിങ്ങൾ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നല്ല ഭക്ഷണക്രമം നല്ല ആരോഗ്യത്തിനിടയാക്കുന്നു, മാത്രമല്ല അതിന് മോശമായ ഭക്ഷണക്രമത്തിന്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ പോലും കഴിയും. മിക്കപ്പോഴും 40,000 ഡോളറോ അതിലധികമോ ചെലവുവരുന്ന വേദനാകരമായ ബൈപാസ് ശസ്ത്രക്രിയയും മറ്റും ചെയ്യേണ്ടിവരുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇതു തീർച്ചയായും അഭികാമ്യമാണ്.
ഭക്ഷണം വിവേകപൂർവം തിരഞ്ഞെടുക്കുക വഴി നിങ്ങളുടെ തൂക്കം കുറയുകയും നിങ്ങൾക്കു കൂടുതൽ സുഖം അനുഭവപ്പെടുകയും ചെയ്യും, കൂടാതെ ചില രോഗങ്ങൾ ഒഴിവാക്കാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ അതു നിങ്ങളെ സഹായിക്കും. ഇതു സംബന്ധിച്ച നിർദേശങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a കൊളസ്റ്ററോൾ അളക്കുന്നത് ഡെസിലിറ്ററിന് മില്ലിഗ്രാം എന്ന തോതിലാണ്. മൊത്തം കൊളസ്റ്ററോളിന്റെ അളവ്—എൽഡിഎൽ-ന്റെയും എച്ച്ഡിഎൽ-ന്റെയും രക്തത്തിലെ മറ്റു ലിപ്പോപ്രോട്ടീനുകളിലെ കൊളസ്റ്ററോളിന്റെയും ആകെ അളവ്—ഡെസിലിറ്ററിന് 200 മില്ലിഗ്രാമിലും താഴെയായിരിക്കുന്നതാണ് അഭികാമ്യം. എച്ച്ഡിഎൽ-ന്റെ അളവ് ഡെസിലിറ്ററിന് 45 മില്ലിഗ്രാമോ അതിലധികമോ ആയിരിക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു.
b കൊഴുപ്പിന്റെ മൊത്ത അളവ് നിത്യേന കഴിക്കുന്ന കലോറിയുടെ 30 ശതമാനത്തിൽ കൂടാതിരിക്കാനും പൂരിത കൊഴുപ്പിന്റെ അളവ് കലോറിയുടെ 10 ശതമാനത്തിൽ താഴെയായി കുറയ്ക്കാനും അമേരിക്കക്കാർക്കു വേണ്ടിയുള്ള 1995-ലെ ഭക്ഷണക്രമ മാർഗരേഖകൾ ശുപാർശചെയ്യുന്നു. പൂരിത കൊഴുപ്പുകളുടെ കലോറി 1 ശതമാനം കുറയ്ക്കുന്നത് സാധാരണഗതിയിൽ രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് ഡെസിലിറ്ററിന് 3 മില്ലിഗ്രാം എന്ന തോതിൽ കുറയുന്നതിന് ഇടയാക്കുന്നു.
[8-ാം പേജിലെ രേഖാചിത്രം]
ഹൃദയധമനികളുടെ പരിച്ഛേദം: (1) പൂർണമായി തുറന്നത്, (2) ഭാഗികമായി അടഞ്ഞത്, (3) ഏതാണ്ട് പൂർണമായി അടഞ്ഞത്