കുറ്റകൃത്യമില്ലാത്ത ഒരു ലോകം പെട്ടെന്നുതന്നെ ആഗതമാകുന്നു!
ഇന്നത്തെ ലോകാവസ്ഥയിലേക്കു കണ്ണോടിക്കുമ്പോൾ മോശമായ കാര്യങ്ങൾ ചെയ്യാൻ സ്വാധീനിക്കപ്പെടാതിരിക്കുക വളരെ ബുദ്ധിമുട്ടാണെന്നുള്ളത് സ്പഷ്ടമായിത്തീരുന്നു. വാസ്തവത്തിൽ, നാമെല്ലാവരും മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയോടെ, അപൂർണരായിട്ടാണ് ജനിച്ചിരിക്കുന്നത്. (1 രാജാക്കന്മാർ 8:46; ഇയ്യോബ് 14:4; സങ്കീർത്തനം 51:5) പിശാചായ സാത്താൻ സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടിരിക്കുന്നതിനാൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് അവൻ പൂർവാധികം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.—വെളിപ്പാടു 12:7-12.
അതിന്റെ ഭവിഷ്യത്തുകൾ ഭയാനകമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, 11-നും 15-നും ഇടയ്ക്കു പ്രായമുള്ളവരുടെ മൂന്നിൽ രണ്ട് ഇപ്പോൾത്തന്നെ കുറ്റകൃത്യങ്ങളിലേർപ്പെട്ടിരിക്കുന്നതായി 4,000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കോട്ട്ലൻഡിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. ഏതാണ്ട് മൂന്ന് കൗമാരപ്രായക്കാരിൽ ഒരാൾക്കു വീതം കടയിൽനിന്ന് സാധനം മോഷ്ടിക്കുന്നതിൽ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നുന്നില്ലെന്ന് ബ്രിട്ടനിലുടനീളം നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നു. കടക്കാരനിൽനിന്ന് കൂടുതൽ പണം ബാക്കി കിട്ടുന്നെങ്കിൽ തങ്ങളത് എടുക്കുമെന്ന് പകുതിയിലേറെ പേർ സമ്മതിച്ചുപറഞ്ഞു.
ലോക്കാസ്യോനെ ഏ ല്വോമൊ ലാഡ്രോ (അവസരവും കള്ളനും) എന്ന ഇറ്റാലിയൻ പുസ്തകം ആളുകൾ മോഷണം നടത്തുന്നതിന്റെ കാരണം സംബന്ധിച്ച് ഉൾക്കാഴ്ച പകരുന്നു. കള്ളൻമാർക്ക് “ആത്മനിയന്ത്രണം കുറവാണെ”ന്നും അവർക്ക് “സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള പ്രേരണയെ തടുക്കാനുള്ള കഴിവില്ലെ”ന്നും ആ പുസ്തകം പറയുന്നു. മിക്ക കള്ളൻമാരും മോഷണം തൊഴിലാക്കിയിട്ടുള്ളവരല്ലെന്നും പകരം “സാഹചര്യങ്ങളെ മുതലെടുക്കാൻ ഒരുക്കമുള്ള അവസരവാദികൾ” മാത്രമാണെന്നും ആ പുസ്തകം കൂട്ടിച്ചേർക്കുന്നു.
രസകരമെന്നു പറയട്ടെ, അനേകമാളുകൾ “നിയമലംഘനം നടത്താത്തതി”ന്റെ കാരണത്തെക്കുറിച്ചും ആ പുസ്തകം പ്രസ്താവിക്കുന്നു. അവർ അതു ചെയ്യാത്തത് “നിയമപരമായ ശിക്ഷാ നടപടികളെ ഭയപ്പെടുന്നതു”കൊണ്ടല്ല. “പിന്നെയോ നിയമലംഘനം നടത്തുന്നതിൽനിന്ന് അവരെ തടയുന്ന സാൻമാർഗിക മൂല്യങ്ങൾ അവർക്കുള്ളതുകൊണ്ടാണ്” എന്ന് അതു നിഗമനം ചെയ്യുന്നു. അത്തരം ശരിയായ സാൻമാർഗിക മൂല്യങ്ങൾ ആളുകൾക്ക് എവിടെനിന്നു പഠിക്കാൻ കഴിയും?
ആവശ്യമായിരിക്കുന്ന വിദ്യാഭ്യാസം
അനവധി വാർത്താവിനിമയ സരണികളിൽനിന്ന് ആളുകൾ എന്താണു പഠിക്കുന്നതെന്നു പരിചിന്തിക്കുക. ഉദാഹരണത്തിന്, ചലച്ചിത്രങ്ങളും ടെലിവിഷനും സാധാരണമായി അറിയിക്കുന്ന സന്ദേശം അക്രമവും വ്യഭിചാരവും ദുഷ്പെരുമാറ്റവും സ്വീകാര്യമാണെന്നാണ്. അതുകൊണ്ട് ആളുകൾക്ക് ആത്മനിയന്ത്രണം ഇത്രയും കുറവായിരിക്കുന്നതിൽ അതിശയിക്കാനില്ല. നേരേമറിച്ച്, ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ പഠിപ്പിക്കുന്നു: “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.”—സദൃശവാക്യങ്ങൾ 16:32.
ഇന്നത്തെ പ്രചാരണസംവിധാനത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ അനേകമാളുകൾക്ക് ‘സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള പ്രേരണയെ തടുക്കാൻ കഴിയാത്ത’തിൽ അതിശയം തോന്നരുത്. ആളുകൾ വീണ്ടും വീണ്ടും കേൾക്കുന്നത് ഇതാണ്: “ഇപ്പോൾ വാങ്ങുക, വില പിന്നെ കൊടുക്കുക.” “നിങ്ങളോടുതന്നെ നല്ലവനായിരിക്കുക.” “നിങ്ങൾ ഏറ്റവും നല്ലത് അർഹിക്കുന്നു.” “നിങ്ങളെത്തന്നെ പരിപാലിക്കുക.” സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നത് സാധാരണവും ഉചിതവുമായിരിക്കുന്നതായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, സ്വകേന്ദ്രീകൃതമായ അത്തരമൊരു വീക്ഷണം “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന ബൈബിൾ പഠിപ്പിക്കലിനു വിരുദ്ധമാണ്.—ഫിലിപ്പിയർ 2:4.
സത്യസന്ധരല്ലാത്ത മിക്കയാളുകളും അവസരവാദികളാണെന്നതിനോടു നിങ്ങൾ യോജിക്കുകയില്ലേ? സങ്കടകരമെന്നു പറയട്ടെ, സ്വന്തം നേട്ടത്തിനായി സാഹചര്യങ്ങളെ ചൂഷണം ചെയ്യാൻ തയ്യാറാകുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഒരു കൃത്യം ധാർമികമായി ശരിയായതാണോ എന്ന് അവർ ചോദിക്കുന്നില്ല. ‘പിടിക്കപ്പെടാതെ എനിക്കതു ചെയ്യാൻ കഴിയുമോ’ എന്നു മാത്രമാണ് അവരുടെ ചിന്ത.
എന്താണ് ആവശ്യമായിരിക്കുന്നത്? മുകളിൽ സൂചിപ്പിച്ചതുപോലെ, സാൻമാർഗിക മൂല്യങ്ങളാണ് ആവശ്യമായിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും ജീവന്റെ പവിത്രതയെ അവഗണിക്കുന്നതിൽനിന്നും വിവാഹത്തിന്റെ വിശുദ്ധി ലംഘിക്കുന്നതിൽനിന്നും ഉചിതമായ പെരുമാറ്റത്തിന്റെ അതിർവരമ്പുകൾ മറികടക്കുന്നതിൽനിന്നും മറ്റുള്ളവരുടെ അവകാശങ്ങളിൽ ഏതെങ്കിലും വിധത്തിൽ കൈകടത്തുന്നതിൽനിന്നും ആ മൂല്യങ്ങൾ ആളുകളെ തടയും. ആ മൂല്യങ്ങൾ പഠിക്കാത്തവർ ബൈബിൾ പറയുന്നതുപോലെ “സകല ധാർമിക ബോധവും നഷ്ടപ്പെട്ട”വരാണ്. (എഫെസ്യർ 4:19, NW) ഭക്തികെട്ട അത്തരം ആളുകളുടെ കുറ്റകരമായ പ്രവർത്തനങ്ങളാണ് കുറ്റകൃത്യമില്ലാത്ത ഒരു ലോകം ആസ്വദിക്കുന്നതിൽനിന്ന് നമ്മെ തടയുന്നത്.
ഒരു പുതിയ ലോകം ആഗതമാകുന്ന വിധം
സത്യസന്ധരായിരിക്കാനും സഹമനുഷ്യരോട് ആദരവോടും പരിഗണനയോടും കൂടി പെരുമാറാനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കാനും തീർച്ചയായും അനേകമാളുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ലോകത്തിലെ സകലയാളുകളും ഈ ശ്രമം ചെയ്യുമെന്നു വിചാരിക്കുന്നത് ബുദ്ധിശൂന്യമായിരിക്കും. അനേകരും ശ്രമിക്കുകയില്ല. നീതിമാനായ നോഹയുടെ നാളുകളിൽ ജീവിച്ചിരുന്ന മിക്കയാളുകളും ശരിയായതു ചെയ്യുന്നതിന് മനസ്സൊരുക്കമുള്ളവരല്ലാഞ്ഞതുപോലെതന്നെ. അക്രമം നിറഞ്ഞ ആ ലോകത്തിൽ നോഹയും അവന്റെ കുടുംബവും മാത്രമേ ഭക്തികെട്ട നടത്തയിൽനിന്ന് ഒഴിഞ്ഞിരിക്കുകയും ദൈവത്തിന്റെ അംഗീകാരം നേടുകയും ചെയ്തുള്ളൂ. ഭക്തികെട്ടയാളുകളെ ആഗോള ജലപ്രളയത്തിൽ തുടച്ചുനീക്കിക്കൊണ്ട് നമ്മുടെ സ്രഷ്ടാവ് കുറ്റകൃത്യത്തിൽനിന്ന് താത്കാലികമായി വിമുക്തമായ ഒരു ലോകത്തെ ആനയിച്ചു.
പ്രളയത്തെയും ഭക്തികെട്ടവരുടെ നാശത്തെയും കുറിച്ചുള്ള ബൈബിൾ വിവരണം രസകരമായ വെറുമൊരു കഥയല്ല എന്ന് ഓർമിക്കുന്നത് പ്രധാനമാണ്. യേശുക്രിസ്തു ഇങ്ങനെ വിശദീകരിച്ചു: “നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.” (ലൂക്കൊസ് 17:26; 2 പത്രൊസ് 2:5; 3:5-7) പ്രളയത്തിനുമുമ്പുണ്ടായിരുന്ന അക്രമാസക്തമായ ആ ലോകത്തെ നശിപ്പിച്ചതുപോലെതന്നെ ദൈവം കുറ്റകൃത്യം നിറഞ്ഞ ഈ ലോകത്തെയും നശിപ്പിക്കും.
യേശുവിന്റെ പ്രിയ അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞ പിൻവരുന്ന വസ്തുത ആശ്രയയോഗ്യമായ ഒരു ഉറവിൽനിന്നുള്ളതാണ്: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) ഈ ലോകത്തിന്റെ അവസാനം ഒരു പുതിയ ലോകത്തിന് വഴിയൊരുക്കും. ആ പുതിയ ലോകത്തിലെ അവസ്ഥകളെക്കുറിച്ച് ബൈബിൾ പറയുന്നതിങ്ങനെയാണ്: “[ദൈവം മനുഷ്യവർഗത്തോടു]കൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും; ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:3-5.
ആ പുതിയ ലോകം ആഗതമാകുന്ന വിധത്തെക്കുറിച്ചു വർണിച്ചുകൊണ്ട് ബൈബിൾ ഇങ്ങനെയും പറയുന്നു: “ദുഷ്ടന്മാർ ദേശത്തുനിന്നു [“ഭൂമിയിൽനിന്നു,” NW] ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” (സദൃശവാക്യങ്ങൾ 2:22) നീതിനിഷ്ഠരായ ആളുകൾ മാത്രം ഭൂമിയിൽ ശേഷിക്കുമ്പോൾ ഈ ബൈബിൾ പ്രവചനം നിവൃത്തിയാകും. “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.
ദൈവത്തിന്റെ പുതിയ ലോകത്തിൽ ജന്തുക്കളും അക്രമസ്വഭാവം ഇല്ലാത്തവയായിത്തീരും. ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. . . . സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:6-9; 65:17; 2 പത്രൊസ് 3:13.
ദൈവത്തിന്റെ പുതിയ ലോകം സമീപം
അത്തരം സമാധാനപൂർണമായ അവസ്ഥകൾ പെട്ടെന്നുതന്നെ ഭൂവ്യാപകമായി യാഥാർഥ്യമാകും എന്നതാണ് സുവാർത്ത. നമുക്ക് അതു സംബന്ധിച്ച് ഇത്രകണ്ട് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ടാണ്? അത്, ലോകാവസാനത്തിനു തൊട്ടുമുമ്പു സംഭവിക്കുമെന്ന് യേശു പ്രവചിച്ച സംഗതികൾ നിമിത്തമാണ്. മറ്റു സംഗതികളോടൊപ്പം യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”—മത്തായി 24:7, 12.
യേശുവിന്റെ ഒരു അപ്പോസ്തലനും ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “[ഈ ലോകത്തിന്റെ] അന്ത്യകാലത്തു [“അവസാന നാളുകളിൽ,” NW] ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും . . . അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും . . . ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രുമായിരിക്കും. (2 തിമൊഥെയൊസ് 3:1-5) തീർച്ചയായും, നാം ഈ ലോകത്തിന്റെ “അവസാന നാളുകളി”ലാണു ജീവിക്കുന്നത്! അതുകൊണ്ട്, പെട്ടെന്നുതന്നെ ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകം അതിന്റെ സ്ഥാനത്തു വരും!
കുറ്റകൃത്യമില്ലാത്ത ഒരു ലോകം സാധ്യമാണെന്ന് ബൈബിളിന്റെ പഠനം ദശലക്ഷക്കണക്കിനാളുകളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ വഴികളിൽ പഠിപ്പിക്കപ്പെടുന്നതിനുള്ള ക്ഷണമനുസരിച്ച് അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. (യെശയ്യാവു 2:3) അവരോടൊപ്പം ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? കുറ്റകൃത്യമില്ലാത്ത പുതിയ ലോകത്തിലെ ജീവിതം നേടിയെടുക്കുന്നതിന് ശ്രമം ചെലുത്താൻ നിങ്ങൾ തയ്യാറാണോ?
ഒന്നാമതായി എന്താണ് ആവശ്യമായിരിക്കുന്നതെന്ന് യേശു കാണിച്ചുതന്നു. അവൻ ഇങ്ങനെ വിശദീകരിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അതുകൊണ്ട്, നിങ്ങളുടെ നിത്യ ക്ഷേമം ആശ്രയിച്ചിരിക്കുന്നത് ദൈവവചനം പഠിക്കുന്നതിലും പഠിക്കുന്നതു പ്രാവർത്തികമാക്കുന്നതിലുമാണ്.—യോഹന്നാൻ 17:3.
[8-ാം പേജിലെ ചിത്രം]
ബൈബിൾ കുറ്റകൃത്യമില്ലാത്ത ഒരു പുതിയലോകത്തെക്കുറിച്ചു വർണിക്കുകയും നമുക്കതെങ്ങനെ ആസ്വദിക്കാമെന്നു പറയുകയും ചെയ്യുന്നു