ആരോഗ്യാവഹമായ മനോഭാവം—നിലനിർത്താനാകുന്ന വിധം
ശാരീരിക ആരോഗ്യം വലിയൊരു അളവോളം നാം കഴിക്കുന്ന ആഹാരസാധനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തി പോഷകഗുണം ഇല്ലാത്ത ആഹാരമാണ് എപ്പോഴും കഴിക്കുന്നതെങ്കിൽ അയാളുടെ ആരോഗ്യം ഒടുവിൽ ക്ഷയിക്കും. നമ്മുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്.
ഉദാഹരണത്തിന്, നാം മനസ്സിലേക്കെടുക്കുന്ന കാര്യങ്ങളെ ഒരുതരം മാനസിക ആഹാരമായി വിശേഷിപ്പിക്കാവുന്നതാണ്. മാനസിക ആഹാരമോ? അതേ, പുസ്തകങ്ങൾ, മാസികകൾ, ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ, വീഡിയോ കളികൾ, ഇന്റർനെറ്റ്, പാട്ടിലെ ഈരടികൾ തുടങ്ങിയവയിൽനിന്ന് നാം ഉൾക്കൊള്ളുന്ന വിവരങ്ങൾ അക്ഷരീയ ആഹാരം നമ്മുടെ ശരീരത്തെ ബാധിക്കുന്ന അതേ വിധത്തിൽ തന്നെ നമ്മുടെ ചിന്തയെയും വ്യക്തിത്വത്തെയും ബാധിക്കും. അതെങ്ങനെ?
മുമ്പ് ഒരു പരസ്യ എക്സിക്യൂട്ടീവ് ആയിരുന്ന ജെറി മാൻഡർ ജീവിതത്തിൽ ടെലിവിഷൻ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ഇങ്ങനെ എഴുതി: “ആസ്വാദകരിൽ പ്രഭാവം ചെലുത്തുന്ന മറ്റ് ഏതൊരു മാധ്യമത്തെക്കാളും നമ്മുടെ മസ്തിഷ്കത്തിൽ പ്രതിരൂപങ്ങൾ പതിപ്പിക്കുന്നതു ടെലിവിഷനാണ്.” ഈ മാനസിക പ്രതിരൂപങ്ങൾ നമ്മെ വിനോദിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ദ ഫാമിലി തെറാപ്പി നെറ്റ്വർക്കർ മാസിക ഇങ്ങനെ പറയുന്നു: “ബഹുജന മാധ്യമങ്ങളിലെ ഭാഷ, പ്രതിച്ഛായ, ശബ്ദം, ആശയങ്ങൾ, കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ, മൂല്യങ്ങൾ, സൗന്ദര്യസങ്കൽപ്പങ്ങൾ എന്നിവ നമ്മുടെ ചിന്തകളിലും വികാരങ്ങളിലും ഭാവനകളിലും നിറഞ്ഞുനിൽക്കുന്നു.”
അതേ, ടെലിവിഷനുകളിലൂടെയും മറ്റു വിനോദ മാധ്യമങ്ങളിലൂടെയും ദർശിക്കുന്ന കാര്യങ്ങൾ നാം അറിയാതെതന്നെ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിച്ചേക്കാം. അപകടം പതിയിരിക്കുന്നത് അവിടെയാണ്. മാൻഡർ പറയുന്നതുപോലെ, “ക്രമേണ, മനസ്സിൽ കൊണ്ടുനടക്കുന്ന ആ പ്രതിരൂപങ്ങളെ പോലെ ആയിത്തീരും നാം.”
മസ്തിഷ്കത്തെ വിഷലിപ്തമാക്കുന്നു
ഭൗതിക ആഹാരത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന പലരും മാനസിക ആഹാരത്തിന്റെ കാര്യം വരുമ്പോൾ മാധ്യമങ്ങൾ മുമ്പിൽ കൊണ്ടുവന്നു വെക്കുന്ന എന്തും ഒന്നും ആലോചിക്കാതെ വാരിവലിച്ചു തിന്നുന്നു. ഉദാഹരണത്തിന്, “ഈ ടിവി-യിൽ കാണാൻ കൊള്ളാവുന്ന ഒരു പരിപാടിയും ഇല്ല!” എന്ന് ആരെങ്കിലും പരാതിപ്പെടുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ? നല്ല പരിപാടികൾ വല്ലതും കാണാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശയോടെ ചിലർ ഒരു മാസ്മര വലയത്തിൽ അകപ്പെട്ടതുപോലെ ചാനലുകൾ മാറ്റിക്കൊണ്ടേയിരിക്കും. എന്നാൽ ടിവി ഓഫാക്കുക എന്ന ആശയം അവരുടെ മനസ്സിന്റെ ഏഴയലത്തു പോലും വരില്ല!
വളരെയധികം സമയം അപഹരിക്കുന്നു എന്നതിനു പുറമേ പല പരിപാടികളുടെയും ഇതിവൃത്തം ക്രിസ്ത്യാനികൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവയാണ്. “വിവാദപരമായ കാര്യങ്ങളും ലൈംഗിക വിഷയങ്ങളും മറ്റും പണ്ടത്തെക്കാൾ കൂടുതലായി ഇന്ന് ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന”തായി ആർട്ട്സ് എഴുത്തുകാരനായ ഗാരി കോൾട്ടൂക്യാൻ പറയുന്നു. ഏറ്റവുമധികം ആളുകൾ ടെലിവിഷന്റെ മുമ്പിലിരിക്കുന്ന സമയങ്ങളിൽ ലൈംഗികതയെ ചിത്രീകരിക്കുന്ന കാര്യങ്ങൾ മണിക്കൂറിൽ ശരാശരി 27 തവണ പ്രത്യക്ഷപ്പെടുന്നു എന്ന് ഐക്യനാടുകളിൽ അടുത്തകാലത്തു നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.
ഇത് ആളുകളുടെ ചിന്തയെ എങ്ങനെയാണു ബാധിക്കുന്നത്? ജപ്പാനിൽ ജനപ്രീതിയാർജിച്ച ഒരു ടെലിവിഷൻ നാടകം വളരെയധികം ആളുകളെ സ്വാധീനിച്ചതിന്റെ ഫലമായി അവിടെ “വ്യഭിചാര നിരക്ക് കുതിച്ചുയർന്ന”തായി ആ രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അമേരിക്കയെ നിരീക്ഷിക്കൽ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ ഗ്രന്ഥകർത്താക്കൾ ഇങ്ങനെ പറഞ്ഞു: “മിക്ക ലൈംഗിക സ്വഭാവരീതികളും . . . വ്യക്തിപരമായ ജീവിതശൈലിയുടെ ഭാഗമായി തിരഞ്ഞെടുക്കാവുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്തതും ആയ കാര്യമായിട്ടാണ് ഇന്നു വീക്ഷിക്കപ്പെടുന്നത്.”
എന്നിരുന്നാലും, ലൈംഗികതയെ പച്ചയായി ചിത്രീകരിക്കുന്ന ടിവി പരിപാടികൾ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. അക്രമങ്ങളെ സ്പഷ്ടമായി ചിത്രീകരിക്കുന്ന പരിപാടികളും സർവസാധാരണമാണ്. എളുപ്പം വശീകരിക്കാൻ കഴിയുന്ന കുരുന്നുമനസ്സുകളിൽ അക്രമാസക്തമായ ടിവി പരിപാടികളും ചലച്ചിത്രങ്ങളും ഉളവാക്കുന്ന വിനാശക ഫലങ്ങളാണ് വിശേഷിച്ചും ഉത്കണ്ഠ ഉയർത്തുന്നത്. “ടിവി-യിൽ ആരെയെങ്കിലും വെടിവെച്ചു കൊല്ലുന്നതോ കുത്തിക്കൊല്ലുന്നതോ ബലാത്സംഗം ചെയ്യുന്നതോ മൃഗീയമായി ആക്രമിക്കുന്നതോ തരംതാഴ്ത്തുന്നതോ ഒക്കെ കൊച്ചുകുട്ടികൾ കാണുമ്പോൾ അവയെല്ലാം ശരിക്കും കൺമുമ്പിൽ സംഭവിക്കുന്നതുപോലെയാണ് അവർക്കു തോന്നുന്നത്” എന്ന് സൈന്യത്തിൽനിന്നു വിരമിച്ച ഒരു ഉദ്യോഗസ്ഥനും കൊലപാതകത്തിനു പിന്നിലെ മനശ്ശാസ്ത്രത്തെ കുറിച്ചുള്ള പഠനമേഖലയിൽ വിദഗ്ധനുമായ ഡേവിഡ് ഗ്രോസ്മാൻ പറയുന്നു. ഇതേ പ്രശ്നത്തെ കുറിച്ച് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസ്സിയേഷൻ ഇങ്ങനെ പറഞ്ഞു: “മൂന്നും നാലും വയസ്സു പ്രായമുള്ള പല കുട്ടികൾക്കും ടെലിവിഷൻ പരിപാടികളിലെ യാഥാർഥ്യത്തെയും മിഥ്യയെയും വേർതിരിച്ചറിയാൻ സാധിക്കുന്നില്ല, മുതിർന്നവർ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്താൽപോലും.” മറ്റു വിധത്തിൽ പറഞ്ഞാൽ, ‘അവർ ശരിക്കു മരിച്ചിട്ടില്ല, മരിച്ചതുപോലെ അഭിനയിച്ചതാണ്’ എന്നെല്ലാം അച്ഛനോ അമ്മയോ കുട്ടിയോടു പറഞ്ഞാലും അവന് ആ വ്യത്യാസം മനസ്സിലാകില്ല. ഒരു കൊച്ചു കുട്ടിയെ സംബന്ധിച്ചിടത്തോളം ടിവി-യിൽ കാണുന്ന അക്രമം യഥാർഥ സംഭവം പോലെയാണ്.
“മാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന അക്രമാസക്തത”യുടെ സ്വാധീനത്തെ സംക്ഷേപിച്ചുകൊണ്ട് ടൈം മാസിക പറഞ്ഞു: “ടിവി-യിലെയും സിനിമയിലെയും രക്തച്ചൊരിച്ചിലുകൾ അവ നിരീക്ഷിക്കുന്ന കുട്ടികളെ ബാധിക്കുമോയെന്ന കാര്യത്തിൽ ഗവേഷകരിൽ ആർക്കുംതന്നെ ഇപ്പോൾ സംശയമില്ല.” ഏതു തരത്തിലാണ് അവ കുട്ടികളെ ബാധിക്കുന്നത്? “ദശകങ്ങളായി അവതരിപ്പിച്ചു പോരുന്ന അക്രമാസക്തമായ വിനോദപരിപാടികൾ പൊതുജനങ്ങളുടെ ധാരണകളെയും മൂല്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു” എന്ന് സിനിമാ നിരൂപകനായ മൈക്കൽ മെഡ്വെഡ് പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “സമൂഹത്തിന്റെ മനസ്സു മരവിക്കുന്നത് അതിനെ സംബന്ധിച്ചിടത്തോളം ഒരു നല്ല സംഗതിയല്ല.” നാലു വയസ്സുള്ള ഒരു കുട്ടി അക്രമാസക്തമായ സിനിമകൾ കാണുമ്പോൾ അത് “[അവന്റെ] മസ്തിഷ്കത്തെ വിഷലിപ്തമാക്കുന്നു” എന്ന് ഒരു എഴുത്തുകാരൻ പറഞ്ഞതിൽ അതിശയിക്കാനില്ല.
എല്ലാ ടെലിവിഷൻ പരിപാടികളും മോശമാണെന്ന് ഇതിനർഥമില്ല. പുസ്തകങ്ങൾ, മാസികകൾ, വീഡിയോകൾ, കമ്പ്യൂട്ടർ കളികൾ തുടങ്ങിയ വിനോദ മാധ്യമങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. എന്നിരുന്നാലും, വിനോദം എന്നു വിളിക്കപ്പെടുന്നവയിൽ അധികവും ആരോഗ്യാവഹമായ മനോഭാവം വെച്ചുപുലർത്താൻ ആഗ്രഹിക്കുന്നവർക്കു യോജിച്ചവയല്ല.
വിനോദം ബുദ്ധിപൂർവം തിരഞ്ഞെടുക്കുക
കണ്ണുകളിലൂടെ മനസ്സിൽ പതിയുന്ന പ്രതിരൂപങ്ങൾ നമ്മുടെ ചിന്തയെയും പ്രവർത്തനങ്ങളെയും ശക്തമായി സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, അധാർമികമായ വിനോദ പരിപാടികൾ കൊണ്ട് നാം നിരന്തരം മനസ്സിനെ പോഷിപ്പിക്കുകയാണെങ്കിൽ “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന ബൈബിൾ കൽപ്പന പാലിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ദുർബലമായി തീർന്നേക്കാം. (1 കൊരിന്ത്യർ 6:18) സമാനമായി, “ദുഷ്പ്രവൃത്തിക്കാ”രെ ചിത്രീകരിക്കുന്ന വിനോദപരിപാടികൾ ആസ്വദിക്കുകയാണെങ്കിൽ “സകലമനുഷ്യരോടും സമാധാനമായിരി”ക്കാൻ നമുക്കു ബുദ്ധിമുട്ട് അനുഭവപ്പെടും. (സങ്കീർത്തനം 141:4; റോമർ 12:18) ഇത് ഒഴിവാക്കാൻ നാം “നീചകാര്യ”ങ്ങളിൽനിന്നു നമ്മുടെ കണ്ണുകളെ തിരിച്ചുകളയണം.—സങ്കീർത്തനം 101:3; സദൃശവാക്യങ്ങൾ 4:25, 27.
പാരമ്പര്യ സിദ്ധമായ അപൂർണത നിമിത്തം, ശരിയായതു ചെയ്യാൻ നമുക്കെല്ലാം കഠിനമായി പോരാടേണ്ടി വരുന്നു എന്നതു സത്യംതന്നെ. അപ്പൊസ്തലനായ പൗലൊസ് ഇത് തുറന്നു സമ്മതിക്കുകയുണ്ടായി: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമർ 7:22, 23) പൗലൊസ് തന്റെ ജഡിക ബലഹീനതകൾക്കു കീഴടങ്ങി എന്നാണോ അതിനർഥം? തീർച്ചയായും അല്ല! അവൻ പറഞ്ഞു: “ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.”—1 കൊരിന്ത്യർ 9:27.
സമാനമായി, അപൂർണതയെ പാപം ചെയ്യാനുള്ള ഒഴികഴിവായി വീക്ഷിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കയില്ല. ബൈബിൾ എഴുത്തുകാരനായ യൂദാ പറഞ്ഞു: “പ്രിയരേ, . . . വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു [“ശക്തമായി പോരാടേണ്ടതിനു,” NW] പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.” (യൂദാ 3, 4) അതേ, മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിനോദപരിപാടികൾ ഒഴിവാക്കാൻ നാം “ശക്തമായി പോരാടേണ്ട”തുണ്ട്.a
ദിവ്യ മാർഗനിർദേശം തേടുക
ഈ വ്യവസ്ഥിതിയിൽ ആരോഗ്യാവഹമായ മാനസിക കാഴ്ചപ്പാട് നട്ടുവളർത്തുന്നത് എപ്പോഴും എളുപ്പമായിരിക്കുകയില്ല. എന്നാൽ മാനസികവും ധാർമികവുമായി ശുദ്ധിയുള്ളവരായിരിക്കാൻ സാധിക്കുമെന്ന് ബൈബിൾ നമുക്ക് ഉറപ്പു തരുന്നു. എങ്ങനെ? സങ്കീർത്തനം 119:11-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു [“നിധി പോലെ കരുതുന്നു,” NW].”
ദൈവത്തിന്റെ വചനങ്ങളെ നിധി പോലെ കരുതുക എന്നതിന്റെ അർഥം അവയെ അമൂല്യമായി കണക്കാക്കുക അഥവാ അവയ്ക്ക് ഉയർന്ന മൂല്യം കൽപ്പിക്കുക എന്നാണ്. ബൈബിളിൽ പറയുന്ന കാര്യങ്ങൾ എന്താണ് എന്ന് അറിയില്ലെങ്കിൽ അതിനെ വിലമതിക്കാൻ ബുദ്ധിമുട്ടായിരിക്കും. ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം നേടുകവഴി നാം ദൈവത്തിന്റെ വിചാരങ്ങൾ ഉൾക്കൊള്ളുന്നു. (യെശയ്യാവു 55:8, 9; യോഹന്നാൻ 17:3) അത് നമ്മെ ആത്മീയമായി സമ്പുഷ്ടരാക്കുകയും ഉന്നതമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ആത്മീയവും മാനസികവുമായി ആരോഗ്യാവഹമായത് എന്തെന്നു നിർണയിക്കാൻ ആശ്രയയോഗ്യമായ ഏതെങ്കിലും അളവുകോൽ ഉണ്ടോ? ഉണ്ട്! അപ്പൊസ്തലനായ പൗലൊസ് ഈ ബുദ്ധിയുപദേശം നൽകി: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8.
എന്നാൽ യഥാർഥ പ്രയോജനം നേടാൻ ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിലും അധികം ആവശ്യമാണ്. പ്രവാചകനായ യെശയ്യാവ് ഇങ്ങനെ എഴുതാൻ നിശ്വസ്തനാക്കപ്പെട്ടു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17, ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അതേ, നാം ദിവ്യ മാർഗനിർദേശം തേടിയാൽ മാത്രം പോരാ, ആ പരിജ്ഞാനത്തിന് അനുസരിച്ചു പ്രവർത്തിക്കുകയും വേണം.
ധാർമികവും ആത്മീയവുമായി പ്രയോജനം അനുഭവിക്കാനുള്ള മറ്റൊരു മാർഗം “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയെ വിളിച്ചപേക്ഷിക്കുകയാണ്. (സങ്കീർത്തനം 65:2; 66:19) ആത്മാർഥതയോടും താഴ്മയോടും കൂടെ നാം നമ്മുടെ സ്രഷ്ടാവിനെ സമീപിക്കുകയാണെങ്കിൽ നമ്മുടെ അപേക്ഷയ്ക്ക് അവൻ ചെവിചായ്ക്കും. നാം “അവനെ അന്വേഷിക്കുന്നു എങ്കിൽ . . . അവനെ കണ്ടെത്തും [‘നാം അവനെ കണ്ടെത്താൻ അവൻ ഇടയാക്കും,’ NW].”—2 ദിനവൃത്താന്തം 15:2.
അതുകൊണ്ട് അക്രമവും അധാർമികതയും നിറഞ്ഞ ഈ ലോകത്ത് മാനസിക ആരോഗ്യം നിലനിർത്തുക സാധ്യമാണോ? തീർച്ചയായും! ഈ ലോകത്തിന്റെ വിനോദങ്ങൾ നമ്മുടെ മനസ്സിനെ മരവിപ്പിക്കാൻ അനുവദിക്കാതിരിക്കുകയും ദൈവവചനത്തിന്റെ പഠനത്തിലൂടെ നമ്മുടെ ചിന്താപ്രാപ്തികളെ ബലിഷ്ഠമാക്കുകയും ദിവ്യമാർഗനിർദേശം തേടുകയും ചെയ്യുകവഴി നമുക്ക് ആരോഗ്യാവഹമായ മാനസിക കാഴ്ചപ്പാടു നിലനിർത്താനാകും!
[അടിക്കുറിപ്പുകൾ]
a ആരോഗ്യാവഹമായ വിനോദങ്ങൾ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1997 മേയ് 22 ഉണരുക!-യുടെ 8-10 പേജുകൾ കാണുക.
[9-ാം പേജിലെ ആകർഷകവാക്യം]
“പല കുട്ടികൾക്കും ടെലിവിഷൻ പരിപാടികളിലെ യാഥാർഥ്യത്തെയും മിഥ്യയെയും വേർതിരിച്ചറിയാൻ സാധിക്കുന്നില്ല”
[11-ാം പേജിലെ ആകർഷകവാക്യം]
“ദശകങ്ങളായി അവതരിപ്പിച്ചു പോരുന്ന അക്രമാസക്തമായ വിനോദപരിപാടികൾ പൊതുജനങ്ങളുടെ ധാരണകളെയും മൂല്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു”
[11-ാം പേജിലെ ചതുരം]
ഹൃദ്രോഗ സാധ്യത കുറയ്ക്കൽ
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ദ ന്യുട്രീഷൻ ആക്ഷൻ ഹെൽത്ത്ലെറ്റർ പിൻവരുന്ന നടപടികൾ നിർദേശിക്കുന്നു.
• പുകവലി നിറുത്തുക. ഇന്നുതന്നെ അത് ഉപേക്ഷിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ഹൃദ്രോഗ സാധ്യത കുറയുന്നതായിരിക്കും, തൂക്കം വർധിച്ചാൽതന്നെയും.
• തൂക്കം കുറയ്ക്കുക. അമിത തൂക്കം ഉണ്ടെങ്കിൽ അഞ്ചു മുതൽ പത്തു വരെ പൗണ്ട് തൂക്കം കുറയ്ക്കുന്നത് വലിയ വ്യത്യാസം ഉളവാക്കും.
• വ്യായാമം ചെയ്യുക. ക്രമമായ വ്യായാമം (ചുരുങ്ങിയത് ആഴ്ചയിൽ മൂന്നു തവണയെങ്കിലും) ഹാനികരമായ കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവു കുറയ്ക്കുന്നു. കൂടാതെ, അത് രക്തസമ്മർദം വർധിക്കാതിരിക്കാനും തൂക്കം അമിതമായി കൂടാതിരിക്കാനും സഹായിക്കുന്നു.
• പൂരിത കൊഴുപ്പുകൾ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. രക്തത്തിൽ എൽഡിഎൽ-ന്റെ അളവു കൂടുതലാണെങ്കിൽ കൊഴുപ്പു കുറഞ്ഞ മാംസം കഴിക്കുക. അതുപോലെതന്നെ, 2 ശതമാനം കൊഴുപ്പ് അടങ്ങിയ പാലിനു പകരം കൊഴുപ്പു കുറഞ്ഞതോ, അതായത് ഒരു ശതമാനം കൊഴുപ്പ് അടങ്ങിയതോ കൊഴുപ്പു നീക്കിയതോ ആയ, പാൽ കുടിക്കുക.
• മദ്യം കഴിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക. ചുവന്ന വീഞ്ഞ് മിതമായ തോതിൽ കുടിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയാൻ ഇടയുണ്ടെന്നുള്ളതിനു സൂചനകൾ ഉണ്ട്.
• ലയിക്കുന്ന തരം നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണസാധനങ്ങൾ, അതായത് പഴവർഗങ്ങളും പച്ചക്കറികളും മറ്റും കൂടുതൽ കഴിക്കുക.
[8-ാം പേജിലെ ചിത്രം]
ടിവി-യിലെ അക്രമാസക്ത പരിപാടികൾ ഒരു കുട്ടിയുടെ മസ്തിഷ്കത്തെ വിഷലിപ്തമാക്കുന്നു
[9-ാം പേജിലെ ചിത്രം]
ടിവി-യിൽ കാണുന്ന അക്രമ പ്രവർത്തനങ്ങൾ കുട്ടികൾ ചിലപ്പോൾ അനുകരിക്കുന്നു
[10-ാം പേജിലെ ചിത്രം]
നല്ല വിവരങ്ങൾ അടങ്ങിയ വിവിധ തരം പുസ്തകങ്ങളും മറ്റും വായിക്കാൻ കൊടുത്തുകൊണ്ട് മാതാപിതാക്കൾക്കു മക്കളെ സഹായിക്കാനാകും