കാപ്പി നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കുന്നുവോ?
ബ്രസീലിലെ ഉണരുക! ലേഖകൻ
ഫിൽട്ടർ ചെയ്യാത്ത കാപ്പി കുടിച്ചാൽ കൊളസ്ട്രോളിന്റെ അളവു വർധിക്കുമെന്ന് നെതർലൻഡ്സിലെ വാക്കെനിങ്ങെൻ കാർഷിക സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
“ഫിൽട്ടർ ചെയ്യാത്ത” എന്നതിനാണ് ഇവിടെ പ്രസക്തി. എന്തുകൊണ്ട്? കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കുന്ന കാഫെസ്റ്റോൾ എന്ന ഒരു പദാർഥം കാപ്പിക്കുരുവിൽ ഉള്ളതായി നെതർലൻഡ്സിലെ ശാസ്ത്ര ഗവേഷണ സംഘടനയുടെ വാർത്താപത്രികയായ ഗവേഷണ റിപ്പോർട്ടുകൾ (ഇംഗ്ലീഷ്) പറയുന്നു. കാപ്പിപ്പൊടിയിലേക്ക് നേരിട്ട് തിളച്ചവെള്ളം ഒഴിക്കുമ്പോൾ കാഫെസ്റ്റോൾ പുറത്തു വരുന്നു. ടർക്കിഷ് കാപ്പി തയ്യാറാക്കുമ്പോൾ ചെയ്യാറുള്ളതുപോലെ നേർമയുള്ള കാപ്പിപ്പൊടി വെള്ളത്തിലിട്ട് പല പ്രാവശ്യം തിളപ്പിക്കുമ്പോഴും ഫ്രഞ്ച് പ്രസ്സിലേതു പോലെ പേപ്പർ ഫിൽട്ടറിനു പകരം ഒരു ലോഹ ഫിൽട്ടർ ഉപയോഗിക്കുമ്പോഴും ഇതു തന്നെ സംഭവിക്കുന്നു. കൂട്ടിയെടുക്കുന്ന കാപ്പിയിൽ കാഫെസ്റ്റോൾ ഇല്ലാതിരിക്കണമെങ്കിൽ അത് അരിക്കാൻ പേപ്പർ ഫിൽട്ടർ തന്നെ ഉപയോഗിക്കണം.
ഫിൽട്ടർ ചെയ്യാത്ത ഒരു കപ്പു കാപ്പിയിൽ നാലു മില്ലിഗ്രാം കാഫെസ്റ്റോൾ വരെ അടങ്ങിയിട്ടുണ്ടാകാം. അതിന് കൊളസ്ട്രോളിന്റെ അളവ് ഒരു ശതമാനത്തോളം കൂട്ടാൻ കഴിയും. എസ്പ്രെസോ കാപ്പിയിലും കാഫെസ്റ്റോൾ അടങ്ങിയിട്ടുണ്ട്, കാരണം പേപ്പർ ഫിൽട്ടർ ഉപയോഗിക്കാതെയാണ് അതു തയ്യാറാക്കുന്നത്. എന്നാൽ എസ്പ്രെസോ കുടിക്കാൻ ഡെമിറ്റാസെ എന്ന ചെറിയ കപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ കൊളസ്ട്രോൾ അളവ് അധികം വർധിക്കുകയില്ല. കാരണം, കുറച്ച് എസ്പ്രെസോ എന്നാൽ കുറച്ച് കാഫെസ്റ്റോൾ എന്നാണർഥം. ഓരോ കപ്പിലും ഒന്നോ രണ്ടോ മില്ലിഗ്രാം കാഫെസ്റ്റോൾ മാത്രമേ ഉണ്ടായിരിക്കൂ. എന്നിരുന്നാലും ഒരു ദിവസം അഞ്ചു ചെറിയ കപ്പ് എസ്പ്രെസോ കുടിച്ചാൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു രണ്ടു ശതമാനം കൂടുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ മുന്നറിയിപ്പു നൽകുന്നു.
അതുകൊണ്ട്, അന്തസ്സത്ത ഇതാണ്: പേപ്പർ ഫിൽട്ടർ ഉപയോഗിക്കുക, കാഫെസ്റ്റോൾ വിമുക്ത കാപ്പി ആസ്വദിക്കുക.