വിവരങ്ങൾ സമർഥമായി ഉപയോഗിക്കൽ
“വളരെ സമർഥമായ രീതിയിൽ തുടർച്ചയായി പ്രചാരണം നടത്തിയാൽ സ്വർഗംപോലും നരകമാണെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ കഴിയും. തിരിച്ച്, നരകതുല്യമായ ജീവിതം സ്വർഗീയ സുന്ദരമാണെന്നും.”—അഡോൾഫ് ഹിറ്റ്ലർ, മൈൻ കാംപ്ഫ്
.
ആശയവിനിമയത്തിനുള്ള ഉപാധികൾ വർധിച്ചതോടെ—അച്ചടിയിൽ തുടങ്ങി അത് ടെലിഫോൺ, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയിൽ എത്തിനിൽക്കുന്നു—പ്രേരണാത്മക സന്ദേശങ്ങളുടെ കാര്യത്തിൽ വിസ്മയാവഹമായ ഒരു വർധനവാണ് ഉണ്ടായിരിക്കുന്നത്. ആശയവിനിമയ രംഗത്തെ ഈ വിപ്ലവം വിജ്ഞാനപ്പെരുപ്പത്തിനു കളമൊരുക്കിയിരിക്കുന്നു. നാലുപാടുനിന്നും എത്തുന്ന സന്ദേശങ്ങളുടെ കുത്തൊഴുക്കിൽ അകപ്പെട്ടുപോയിരിക്കുകയാണ് ഇന്നത്തെ ആളുകൾ. ഈ സാഹചര്യത്തോടു പലരും പ്രതികരിക്കുന്നത് കേൾക്കുന്ന കാര്യങ്ങളെ കുറിച്ചു കൂടുതലൊന്നും അന്വേഷിക്കാതെ, അവയെക്കുറിച്ചു വിശകലനം ചെയ്യാതെ തിടുക്കത്തിൽ അവ വിശ്വസിക്കാൻ ചായ്വുകാട്ടിക്കൊണ്ടാണ്.
പ്രചാരണത്തിനു ചുക്കാൻപിടിക്കുന്ന തന്ത്രശാലികൾക്കു വേണ്ടുന്നതും അതുതന്നെയാണ്. പ്രത്യേകിച്ചും, ആളുകൾ യുക്തിപരമായി ചിന്തിക്കാതിരുന്നാൽ അവർക്കു ബഹുസന്തോഷമാണ്. അവർ ഇതിനെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്? വികാരങ്ങളെ ഇളക്കിമറിച്ചും ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഭയങ്ങളെ ചൂഷണം ചെയ്തും ഭാഷാപരമായ അവ്യക്തത മുതലെടുത്തും യുക്തിയെ കോട്ടിമാട്ടിയുമെല്ലാം. ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഈ തന്ത്രങ്ങൾ എത്രമാത്രം ഫലപ്രദമാണെന്നു മനസ്സിലാക്കാൻ കഴിയും.
അൽപ്പം ചരിത്രം
ഇന്ന് “പ്രചാരണം” എന്ന വാക്കു കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ഒരു മോശമായ ചിത്രമാണ് തെളിഞ്ഞുവരുന്നത്. കുടിലമായ തന്ത്രങ്ങളൊക്കെ ഉൾപ്പെടുന്ന എന്തോ ഒന്ന് എന്ന അർഥമാണ് അവർ അതിനു കൽപ്പിക്കുന്നത്. തുടക്കത്തിൽ പക്ഷേ അങ്ങനെയൊരു അർഥമായിരുന്നില്ല അതിന് ഉദ്ദേശിച്ചിരുന്നത്. പ്രചാരണം എന്നതിന്റെ ഇംഗ്ലീഷ് വാക്കായ പ്രോപഗാൻഡാ സാധ്യതയനുസരിച്ച്, ഒരു സംഘം റോമൻ കത്തോലിക്കാ കർദിനാൾമാർക്കു നൽകിയ കോൺഗ്രിഗേറ്റിയോ ദേ പ്രോപഗാൻഡാ ഫീദ (വിശ്വാസ പ്രചാരക സഭ) എന്ന ലാറ്റിൻ പേരിൽനിന്നാണ് ഉത്ഭവിച്ചത്. പ്രോപഗാൻഡാ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ സമിതി, മിഷനറിമാരുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി 1622-ൽ ഗ്രിഗറി XV-ാമൻ പാപ്പാ സ്ഥാപിച്ചതാണ്. കാലക്രമത്തിൽ, ഏതെങ്കിലും ഒരു വിശ്വാസം പരത്തുന്നതിനോടു ബന്ധപ്പെട്ട ശ്രമങ്ങളെ കുറിക്കാൻ പ്രോപഗാൻഡാ എന്ന പദം ഉപയോഗിക്കാൻ തുടങ്ങി.
ഇതൊക്കെയാണെങ്കിലും, പ്രചാരണം എന്ന ആശയം ഉടലെടുത്തത് 17-ാം നൂറ്റാണ്ടിൽ ആയിരുന്നില്ല. പ്രാചീനകാലം മുതൽതന്നെ, തങ്ങളുടെ ആശയസംഹിതകൾ പ്രചരിപ്പിക്കുന്നതിനോ പേരുംപെരുമയും അധികാരവുമൊക്കെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോ വേണ്ടി ലഭ്യമായ എല്ലാ മാധ്യമങ്ങളും മനുഷ്യർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഈജിപ്തിലെ ഫറവോന്മാരുടെ കാലം മുതൽ പ്രചാരണപരമായ ഉദ്ദേശ്യങ്ങൾക്കായി കലാവിരുത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തങ്ങൾ പ്രതാപശാലികളാണെന്ന ധാരണ സൃഷ്ടിക്കുന്നതിനായി ഈ രാജാക്കന്മാർ സ്വന്തം പിരമിഡുകൾ പണിതുയർത്തി. റോമാക്കാരുടെ വാസ്തുവിദ്യയാണെങ്കിൽ രാഷ്ട്രീയപരമായ ഒരു ലക്ഷ്യം നിവർത്തിച്ചിരുന്നു—രാഷ്ട്രത്തെ മഹത്ത്വീകരിക്കുക. എന്നാൽ, “പ്രചാരണം” എന്ന വാക്കിന് പൊതുവെ മോശമായ ഒരു പ്രതിച്ഛായ ഉണ്ടാകാൻ തുടങ്ങിയത് ഒന്നാം ലോകമഹായുദ്ധ കാലത്താണ്. മാധ്യമങ്ങൾ പുറത്തുവിടേണ്ട യുദ്ധവാർത്തകൾ തയ്യാറാക്കുന്നതിൽ ഗവൺമെന്റുകൾ സജീവമായി ഉൾപ്പെടാൻ തുടങ്ങിയതോടെയായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്, അഡോൾഫ് ഹിറ്റ്ലറും യോസഫ് ഗൊബെൽസും പ്രചാരണരംഗത്തെ കിരീടം വെക്കാത്ത രാജാക്കന്മാരാണെന്നു തെളിഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന്, ദേശീയ നയം ഉന്നമിപ്പിക്കുന്നതിനുള്ള ഒരു മുഖ്യ ഉപാധിയായി പ്രചാരണത്തെ കൂടുതൽക്കൂടുതൽ ഉപയോഗപ്പെടുത്താൻ തുടങ്ങി. ഒരു പക്ഷത്തും ഉൾപ്പെടാതെ നിൽക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഏതുവിധേനയും തങ്ങളുടെ പക്ഷത്താക്കുന്നതിന് പശ്ചിമ-പൂർവ ചേരികൾ അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങി. ശത്രുചേരിയെ തരംതാഴ്ത്തി കാണിക്കുന്നതിന് ചലച്ചിത്രങ്ങളും ടെലിവിഷനും മറ്റു മാധ്യമങ്ങളുമെല്ലാം ഉപയോഗപ്പെടുത്തുകയുണ്ടായി. സമീപവർഷങ്ങളിൽ, കൂടുതൽക്കൂടുതൽ വികസിതവും സങ്കീർണവുമായിക്കൊണ്ടിരിക്കുന്ന പ്രചാരണമാർഗങ്ങളാണ് തിരഞ്ഞെടുപ്പുകളിലും അതുപോലെ സിഗരറ്റ് കമ്പനികളുടെ പരസ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്നത്. പുകവലി യഥാർഥത്തിൽ പൊതുജനാരോഗ്യത്തിന് ഒരു ഭീഷണിയായിരിക്കെ, അത് ആരോഗ്യത്തിനു കുഴപ്പമൊന്നുമുണ്ടാക്കില്ല എന്നും പുകവലിക്കുന്നത് ഗ്ലാമറുള്ള കാര്യമാണെന്നും ഒക്കെ ചിത്രീകരിക്കുന്നതിനായി ‘വിദഗ്ധരെ’യും മറ്റു നേതാക്കന്മാരെയും നിയോഗിച്ചിരിക്കുകയാണ് ഇന്ന്.
കല്ലുവെച്ച നുണകൾ!
പ്രചാരണം നടത്തുന്നവർക്ക് ഉപയോഗിക്കാൻ ഏറ്റവും എളുപ്പമുള്ള തന്ത്രം, കണ്ണുമടച്ച് നുണകൾ പറയുക എന്നതുതന്നെയാണ്. ഉദാഹരണത്തിന്, യൂറോപ്പിലുള്ള യഹൂദന്മാരെക്കുറിച്ച് 1543-ൽ മാർട്ടിൻ ലൂഥർ എഴുതിപ്പിടിപ്പിച്ച നുണകൾ തന്നെയെടുക്കുക: “അവർ കിണറുകളിൽ വിഷം കലക്കി, കൊലപാതകങ്ങൾ നടത്തി, കുട്ടികളെ തട്ടിക്കൊണ്ടുപോയി . . . അവരുടെ ഉള്ളിൽനിറച്ചും വിഷമാണ്, പ്രതികാരദാഹികളായ ശത്രുക്കളാണവർ, തന്ത്രശാലികളായ സർപ്പങ്ങൾ, ഘാതകർ, മറ്റുള്ളവരെ ഉപദ്രവിക്കുന്ന, ദംശിക്കുന്ന, ചെകുത്താന്റെ മക്കളാണ് അവർ.” ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നവരോട് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് എന്തായിരുന്നു? “അവരുടെ സിനഗോഗുകളോ സ്കൂളുകളോ കണ്ടാൽ അഗ്നിക്കിരയാക്കുക . . . അവരുടെ വീടുകളും ഇടിച്ചുനിരപ്പാക്കി നശിപ്പിക്കുക.”
ആ കാലഘട്ടത്തെക്കുറിച്ചു പഠനം നടത്തിയ, ഒരു ഭരണതന്ത്ര-സാമൂഹ്യപാഠ പ്രൊഫസർ പറയുന്നു: “യഹൂദവിരുദ്ധ മനഃസ്ഥിതിക്ക് യഹൂദന്മാരുടെ പ്രവർത്തനങ്ങളുമായി അടിസ്ഥാനപരമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട്, യഹൂദന്മാരുടെ യഥാർഥ സ്വഭാവം അറിയാതെയാണ് വാസ്തവത്തിൽ വിരോധികൾ അവരോടു വെറുപ്പു വെച്ചുപുലർത്തുന്നത്.” അദ്ദേഹം തുടരുന്നു: “യഹൂദൻ എന്ന പദം സർവവിധ കുടിലതയുടെയും പര്യായമായിത്തീർന്നിരുന്നു. അതുകൊണ്ട്, പ്രകൃതിവിപത്തുകൾ ഉണ്ടാകുകയോ സമൂഹത്തിൽ എന്തെങ്കിലും അരുതാത്തതു സംഭവിക്കുകയോ ചെയ്താൽ പിന്നെ ആളുകൾ മറ്റൊന്നും ആലോചിക്കാതെ അതു യഹൂദന്മാരുടെ തലയിൽ കെട്ടിവെക്കുമായിരുന്നു.”
തൂത്തടച്ചുള്ള പ്രസ്താവനകൾ
പ്രചാരണത്തിന് ഉപയോഗിക്കുന്ന, വളരെ വിജയകരമെന്നു തെളിഞ്ഞിട്ടുള്ള മറ്റൊരു തന്ത്രമാണ് തൂത്തടച്ചുള്ള പ്രസ്താവനകൾ. ഉൾപ്പെട്ടിരിക്കുന്ന യഥാർഥ സംഗതികളെക്കുറിച്ചുള്ള സുപ്രധാന വസ്തുതകൾ മൂടിപ്പോകുകയാണ് മിക്കപ്പോഴും ഇതുകൊണ്ടുണ്ടാകുക. മാത്രമല്ല, ഒരു കൂട്ടം ആളുകളെ ഒന്നടങ്കം കരിതേച്ചുകാണിക്കാനാണു പലപ്പോഴും ഇത് ഉപയോഗിക്കുന്നതും. ഉദാഹരണത്തിന്, “ജിപ്സികൾ [അല്ലെങ്കിൽ കുടിയേറ്റക്കാർ] കള്ളന്മാരാണ്” എന്നത് യൂറോപ്പിലെ ചില രാജ്യങ്ങളിൽ കൂടെക്കൂടെ കേൾക്കാറുള്ള ഒരു പ്രയോഗമാണ്. എന്നാൽ അതിൽ എന്തെങ്കിലും കഴമ്പുണ്ടോ?
കോളമെഴുത്തുകാരനായ റിച്ചാർഡോസ് സോമെറിറ്റിസ് പറയുന്നതു കേൾക്കൂ. ഒരു രാജ്യത്തെ ആളുകൾ ഇത്തരം സന്ദേശങ്ങളുമായി പതിവായി സമ്പർക്കത്തിൽ വന്നതുകൊണ്ട് “വിദേശികളോട് ഒരുതരം ഭയവും വെറുപ്പും ഒട്ടുമിക്കപ്പോഴും വർഗീയ ഭ്രാന്തും” വെച്ചുപുലർത്തുന്നതിനു കാരണമായിത്തീർന്നു. എന്നാൽ, ദുഷ്കൃത്യങ്ങളുടെ കാര്യത്തിൽ അന്നാട്ടുകാർ വിദേശികളെക്കാൾ ഒട്ടുംമോശമല്ല എന്നു തെളിഞ്ഞു. ഉദാഹരണത്തിന്, സർവേകൾ തെളിയിച്ചത് ഗ്രീസിൽ “100-ൽ 96 കുറ്റകൃത്യവും ചെയ്യുന്നത് [ഗ്രീക്കുകാർ] തന്നെയാണ്” എന്നാണ്. “കുറ്റകൃത്യത്തിനു കാരണമാകുന്നത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളാണ് അല്ലാതെ ‘വർഗീയ’മല്ല,” അദ്ദേഹം പറയുന്നു. കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വളച്ചൊടിച്ച റിപ്പോർട്ടുകളിലൂടെ വാർത്താ മാധ്യമങ്ങൾ, “വിദേശികളോടുള്ള ഭയവും വെറുപ്പും അതുപോലെ വർഗീയതയും കരുതിക്കൂട്ടി ഊട്ടിവളർത്തു”ന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
അപകീർത്തിപ്പെടുത്തുന്ന പേരുകൾ
ആരെങ്കിലും തങ്ങളുടെ ആശയങ്ങളോടു യോജിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം എന്താണെന്നു പരിശോധിക്കുന്നതിന് പകരം അവരുടെ സ്വഭാവത്തെയും ഉദ്ദേശ്യശുദ്ധിയെയും ചോദ്യംചെയ്ത് അവരെ അപമാനിക്കുകയാണു ചിലർ ചെയ്യുക. ആ ലക്ഷ്യത്തിൽ അവർ ചെയ്യുന്ന ഒരു സംഗതി, ഒരു വ്യക്തിക്കോ സംഘത്തിനോ ആശയത്തിനോ അപകീർത്തിപ്പെടുത്തുന്ന തരം പേര് ഇടുക എന്നതാണ്. ആ പേര് ശരിക്കും പതിഞ്ഞുപോകണമെന്നാണ് അവരുടെ ആഗ്രഹം. വസ്തുതകൾ സ്വയം വിലയിരുത്തുന്നതിനു പകരം ആ പേരിന്റെ അടിസ്ഥാനത്തിൽ ആളുകൾ ആ വ്യക്തിയെയോ ആശയത്തെയോ തിരസ്കരിക്കാൻ തുടങ്ങിയാൽ അവരുടെ തന്ത്രം ജയിച്ചു എന്നർഥം.
ഉദാഹരണത്തിന്, സമീപവർഷങ്ങളിലായി യൂറോപ്പിലെ പല രാജ്യങ്ങളിലും അതുപോലെ മറ്റു സ്ഥലങ്ങളിലും വ്യവസ്ഥാപിത മതങ്ങളിൽ നിന്നു വിട്ടുമാറിയ മതവിഭാഗങ്ങൾക്കെതിരെ ശക്തമായ വികാരങ്ങൾ അലയടിക്കുന്നുണ്ട്. ആളുകളുടെ വികാരങ്ങളെ ഇളക്കിമറിക്കുന്നതിലും അവരുടെ മനസ്സുകളിൽ ഒരു ശത്രുവിന്റെ പ്രതിച്ഛായ പതിപ്പിക്കുന്നതിലും മത ന്യൂനപക്ഷങ്ങൾക്കെതിരെ നിലവിലുണ്ടായിരുന്ന മുൻവിധികൾക്ക് ഒന്നുകൂടി ആക്കംകൂട്ടുന്നതിലുമാണ് ഇതുകൊണ്ടെത്തിച്ചിരിക്കുന്നത്. വ്യവസ്ഥാപിത മതത്തോടു കടുത്തവിരോധം വെച്ചുപുലർത്തുന്ന ഒരു മതവിഭാഗം എന്ന അർഥം ധ്വനിപ്പിക്കുന്ന രീതിയിൽ ഉള്ള പേരുകൾ പല മതവിഭാഗങ്ങൾക്കും ലഭിക്കാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു പേരിനെക്കുറിച്ച് 1993-ൽ ജർമൻ പ്രൊഫസറായ മാർട്ടിൻ ക്രീലെ ഇങ്ങനെയെഴുതി: ‘ഇംഗ്ലീഷിൽ സെക്റ്റ് എന്നു പറയുന്ന അത്തരത്തിലുള്ള ഒരു പേരിന് ഒരു പാഷണ്ഡിയെ (വ്യവസ്ഥാപിത മതത്തോടു കടുത്ത വിരോധം വെച്ചുപുലർത്തുന്ന ഒരു വ്യക്തി) സൂചിപ്പിക്കാൻ കഴിയും. ജർമനിയിൽ ഇന്നൊരു പാഷണ്ഡിയെ, പണ്ടത്തെപ്പോലെ തീവെച്ചു കൊല്ലാൻ വിധിക്കില്ലെങ്കിലും . . . സ്വഭാവഹത്യ ചെയ്തും ഒറ്റപ്പെടുത്തിയും സാമ്പത്തികമായി തകർത്തും അയാളെ കൊല്ലാക്കൊല ചെയ്യും.’
“ചീത്തപ്പേരുവിളികൾ ഈ ലോകത്തിന്റെ ചരിത്രത്തിലും നമ്മുടെ വ്യക്തിത്വ വികാസത്തിലും വളരെ പ്രബലമായ ഒരു പങ്കുവഹിച്ചിട്ടുണ്ട്. അവ സത്പേരുകളെ കളങ്കപ്പെടുത്തിയിരിക്കുന്നു, . . . [ആളുകളെ] കാരാഗൃഹത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടിരിക്കുന്നു, പടവെട്ടാനും സഹജീവികളെ നിഷ്കരുണം കൊന്നൊടുക്കാനും പോന്നവിധത്തിൽ അവ ആളുകളുടെ ഉള്ളിൽ കോപത്തിന്റെ തീ ആളിക്കത്തിച്ചിരിക്കുന്നു” എന്ന് പ്രചാരണ വിശകലന ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്നു.
വികാരങ്ങളെ പിടിച്ചുലച്ചുകൊണ്ട്
യുക്തിയും വസ്തുതകളും അവതരിപ്പിക്കുന്ന ഒരു ന്യായവാദത്തിന്റെ കാര്യത്തിൽ, വികാരങ്ങൾക്കു വലിയ സ്ഥാനമൊന്നും ഇല്ലായിരിക്കാം. എന്നാലും, പ്രേരണകലയിൽ അവ അതിനിർണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട്. വികാരങ്ങളെ ഉണർത്താനുള്ള ശ്രമങ്ങളുടെയെല്ലാം പിന്നിൽ ആ രംഗത്തു വളരെയധികം അനുഭവപരിചയമുള്ളവരാണുള്ളത്. നിപുണനായ ഒരു വൈണികൻ വീണയുടെ തന്ത്രികളെ തൊട്ടുണർത്തുന്ന വൈദഗ്ധ്യത്തോടെയാണ് അവർ ആളുകളുടെ ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്നത്.
ഉദാഹരണത്തിന്, നമ്മുടെ ന്യായബോധമെല്ലാം മങ്ങിപ്പോകാൻ ഇടയാക്കുന്ന ഒരു വികാരമാണ് ഭയം. അസൂയയെപോലെതന്നെ, ആളുകളുടെ ഭയത്തെയും മുതലെടുക്കാൻ കഴിയും. കാനഡയിലെ വർത്തമാനപത്രമായ ദ ഗ്ലോബ് ആൻഡ് മെയിലിന്റെ 1999 ഫെബ്രുവരി 15-ലെ പതിപ്പ് മോസ്കോയിൽ സംഭവിച്ച ഒരു കാര്യം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മോസ്കോയിൽ കഴിഞ്ഞയാഴ്ച മൂന്നു പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ, റഷ്യയിലെ വാർത്താമാധ്യമങ്ങൾ, ഈ പെൺകുട്ടികൾ യഹോവയുടെ സാക്ഷികളുടെ മതഭ്രാന്തരായ അനുയായികളാണെന്ന് ഉടനടി റിപ്പോർട്ടു ചെയ്യുകയുണ്ടായി.” “മതഭ്രാന്തരായ” എന്ന വാക്കു ശ്രദ്ധിക്കുക. സ്വാഭാവികമായും, തങ്ങളുടെ ഇടയിലെ യുവജനങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മതഭ്രാന്തുപിടിച്ച ഒരു മതസംഘടനയെ ആളുകൾ ഭയപ്പാടോടെയെ വീക്ഷിക്കൂ. എന്നാൽ, വാസ്തവത്തിൽ ഈ പെൺകുട്ടികൾക്ക് യഹോവയുടെ സാക്ഷികളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ?
ഗ്ലോബ് ഇങ്ങനെ തുടർന്നു: “[യഹോവയുടെ സാക്ഷികളുമായി] ആ പെൺകുട്ടികൾക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് പൊലീസ് പിന്നീട് സമ്മതിച്ചു. എന്നാൽ, ആ സമയമായപ്പോഴേക്കും ഒരു മോസ്കോ ടെലിവിഷൻ ചാനൽ യഹോവയുടെ സാക്ഷികളുടെമേൽ പുതിയ ഒരു ആരോപണവുമായി എത്തിക്കഴിഞ്ഞിരുന്നു: നാസി ജർമനിയിൽ, യഹോവയുടെ സാക്ഷികൾ അഡോൾഫ് ഹിറ്റ്ലറുമായി കൈകോർത്തു പ്രവർത്തിച്ചിരുന്നു എന്ന്. അവരുടെ ആയിരക്കണക്കിന് അംഗങ്ങൾക്കു നാസിപ്പാളയങ്ങളിൽ ജീവൻ നഷ്ടമായിട്ടുണ്ട് എന്നതിന് ചരിത്രപരമായ തെളിവുകൾ ഉണ്ടായിരിക്കെ ആണിത്.” തെറ്റായ വിവരം ലഭിച്ച, സാധ്യതയനുസരിച്ച് ഭയഗ്രസ്തരായ പൊതുജനങ്ങളുടെ മനസ്സിൽ, യഹോവയുടെ സാക്ഷികൾ ഒരു ആത്മഹത്യാ പ്രസ്ഥാനമോ നാസി സഹകാരികളോ ആയിമാറി!
പ്രചാരണം നടത്തുന്നവർ മുതലെടുക്കാറുള്ള ഒരു ശക്തമായ വികാരമാണ് വെറുപ്പ്. ഗൂഢാർഥമുള്ള പ്രയോഗങ്ങൾ അതിനു തിരികൊളുത്തുന്നതിൽ പ്രത്യേകിച്ചും ഫലപ്രദമാണ്. ഒരു പ്രത്യേക വർഗത്തിനോ വംശത്തിനോ മതവിഭാഗത്തിനോ എതിരെ വെറുപ്പ് ഊട്ടിവളർത്തുകയും അതിനെ മുതലെടുക്കുകയും ചെയ്യുന്ന മോശമായ വാക്കുകൾക്ക് ഒരു അവസാനവുമില്ലേ എന്ന് ആരും ന്യായമായും സംശയിച്ചുപോകുന്ന അവസ്ഥയായിരിക്കുന്നു ഇന്ന്.
ഇനി, മറ്റു ചിലർ മുതലെടുക്കുക അഭിമാനത്തെയാണ്. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അഭിമാനത്തെ ഉണർത്തുക എന്നതാണോ ലക്ഷ്യമെന്ന് അറിയാൻ അതിലെ ഏതാനും ചില പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. “ബുദ്ധിയുള്ള ഏതൊരാൾക്കും . . . അറിയാം”, “നിങ്ങളുടെ അത്രയും വിദ്യാഭ്യാസമുള്ള ഒരാൾക്ക് . . . അംഗീകരിക്കാതിരിക്കാൻ പറ്റില്ല” തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. അഭിമാനത്തെ ഉണർത്താനുള്ള മറ്റൊരു മാർഗം, മറ്റുള്ളവരുടെ മുന്നിൽ ഒരു വിഡ്ഢിയായി കാണപ്പെടുമോ എന്ന ഭയത്തെ മുതലെടുക്കുകയാണ്. ഇക്കാര്യം പ്രേരണകലയിൽ വിദഗ്ധരായവർക്ക് ശരിക്കും അറിയാം താനും.
മുദ്രാവാക്യങ്ങളും പ്രതീകങ്ങളും
ഒരു പ്രത്യേക ലക്ഷ്യമോ ഏതെങ്കിലും കാര്യത്തിൽ അവലംബിക്കുന്ന നിലപാടോ വ്യക്തമാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അവ്യക്തമായ പ്രസ്താവനകളാണു മുദ്രാവാക്യങ്ങൾ. അവ്യക്തമായതുകൊണ്ടുതന്നെ, അവയോടു യോജിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല.
ഉദാഹരണത്തിന്, രാഷ്ട്രീയ പ്രതിസന്ധികളോ സംഘട്ടനങ്ങളോ ഒക്കെ ഉണ്ടാകുമ്പോൾ ജനനായകർ ഒരുപക്ഷേ പിൻവരുന്നവപോലുള്ള മുദ്രാവാക്യങ്ങൾ ഉപയോഗിച്ചേക്കാം. “എന്റെ രാജ്യം, അതു ശരിയായാലും കൊള്ളാം തെറ്റായാലും കൊള്ളാം,” “പിതൃരാജ്യം, മതം, കുടുംബം,” അല്ലെങ്കിൽ “ഒന്നുകിൽ സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം.” എന്നാൽ, ആ പ്രതിസന്ധിയിൽ അല്ലെങ്കിൽ സംഘട്ടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന യഥാർഥ വസ്തുതകൾ എന്തെല്ലാമാണ് എന്ന് മിക്കവരും ശ്രദ്ധാപൂർവം വിശകലനം ചെയ്യാറുണ്ടോ? അതോ, കേൾക്കുന്ന കാര്യങ്ങൾ അവർ വെറുതെ കണ്ണുമടച്ചു സ്വീകരിക്കുകയാണോ?
ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് എഴുതവെ വിൻസ്റ്റൻ ചർച്ചിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “കൈവിരലൊന്നു ഞൊടിക്കുകയേ വേണ്ടൂ, സമാധാനത്തിൽ കഴിയുന്ന, ഒട്ടനവധിവരുന്ന ഈ കർഷകരും തൊഴിലാളികളും പരസ്പരം കടിച്ചുകീറുന്ന അതിശക്തമായ ഒരു പടയായിമാറാൻ.” എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞപ്പോൾ മുന്നുംപിന്നും നോക്കാതെ ഒരു കളിപ്പാവയെപോലെ അനുസരിക്കുക മാത്രമാണു മിക്കവരും ചെയ്തത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരകന് തന്റെ ആവനാഴിയിൽ ഇനിയും അസ്ത്രങ്ങൾ ബാക്കിയുണ്ട്. അവ ഏതെല്ലാമാണെന്നല്ലെ? വൈവിധ്യമാർന്നതരം അടയാളങ്ങളും ആളുകളിൽ അനുകൂല പ്രതികരണം ഉളവാക്കാൻ കഴിവുള്ള പ്രതീകങ്ങളും. 21 തോക്കുകൾ ഉപയോഗിച്ചുള്ള ആചാരവെടി, സൈനിക സല്യൂട്ട്, പതാക തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. മാതാപിതാക്കളോടുള്ള സ്നേഹവും ചൂഷണം ചെയ്യപ്പെട്ടേക്കാം. അങ്ങനെ, പിതൃദേശം, മാതൃഭൂമി തുടങ്ങി ആളുകളുടെ വികാരങ്ങൾ ഉണർത്താൻ പര്യാപ്തമായ പ്രതീകപ്രയോഗങ്ങൾ തന്ത്രശാലിയായ പ്രചാരകന്റെ കയ്യിൽ വിലപ്പെട്ട ആയുധങ്ങളായി മാറുന്നു.
ചുരുക്കത്തിൽ, ആളുകളുടെ ചിന്താപ്രാപ്തിയെ മരവിപ്പിക്കാനും വ്യക്തമായി ചിന്തിക്കുന്നതിൽ നിന്നും വിവേചനം ഉപയോഗിക്കുന്നതിൽ നിന്നും ആളുകളെ തടയാനും ആളുകളെ ഒറ്റക്കെട്ടായി ഏതെങ്കിലും ഒരു കാര്യത്തിന് ഇളക്കിവിടാൻ പാകത്തിനു പരുവപ്പെടുത്തിയെടുക്കാനും പ്രചാരണം എന്ന കൗശലപൂർണമായ കലയ്ക്കു കഴിയും. നിങ്ങൾക്ക് നിങ്ങളെത്തന്നെ എങ്ങനെയാണു സംരക്ഷിക്കാൻ കഴിയുക?
[8-ാം പേജിലെ ആകർഷക വാക്യം]
ചിന്താപ്രാപ്തിയെ മരവിപ്പിക്കാനും വ്യക്തമായി ചിന്തിക്കുന്നതിൽനിന്ന് ആളുകളെ തടയാനും പ്രചാരണം എന്ന കൗശലപൂർണമായ കലയ്ക്കു കഴിയും
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം പ്രചാരണാത്മകമാണോ?
യഹോവയുടെ സാക്ഷികളെ എതിർക്കുന്നവരിൽ ചിലർ, അവർ സൈയോണിസം പ്രചരിപ്പിക്കുന്നവരാണ് എന്നു കുറ്റപ്പെടുത്താറുണ്ട്. മറ്റുചിലരാണെങ്കിൽ, അവരുടെ പ്രവർത്തനം കമ്മ്യൂണിസത്തെ ഉന്നമിപ്പിക്കുന്ന വിധത്തിലുള്ളതാണെന്ന് ആരോപിക്കുന്നു. ഇനിയും ചിലർ പറയുന്നത് യഹോവയുടെ സാക്ഷികളുടെ വേല “അമേരിക്കൻ സാമ്രാജ്യത്വശക്തിയുടെ” താത്പര്യങ്ങളെയും ആദർശങ്ങളെയും ഉയർത്തിക്കാട്ടുന്നവയാണ് എന്നാണ്. ഇതുംകൂടാതെ, നിലവിലുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവും നിയമപരവുമായ വ്യവസ്ഥയെ മാറ്റുക എന്ന ലക്ഷ്യത്തിൽ സമൂഹത്തിൽ ക്രമരാഹിത്യം ഇളക്കിവിടുന്ന അരാജകത്വവാദികളാണ് അവർ എന്ന് തറപ്പിച്ചുപറയുന്നവരും ഉണ്ട്. ഈ ആരോപണങ്ങളെല്ലാം പരസ്പരവിരുദ്ധങ്ങളായ സ്ഥിതിക്ക് അവ എല്ലാംകൂടെ ശരിയായിരിക്കാൻ സാധിക്കുകയില്ല.
ഈ ആരോപണങ്ങളിൽ ഒന്നും സത്യമല്ല എന്നതാണു വാസ്തവം. “നിങ്ങൾ . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്ന് യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കു നൽകിയ കൽപ്പനയോടുള്ള വിശ്വസ്തമായ അനുസരണത്തിന്റെ ഭാഗമായാണ് അവരുടെ വേല നടപ്പാക്കപ്പെടുന്നത്. (പ്രവൃത്തികൾ 1:8) മുഴുഭൂമിയിലും സമാധാനം ആനയിക്കാനുള്ള ദൈവത്തിന്റെ ക്രമീകരണമായ സ്വർഗീയ രാജ്യത്തെക്കുറിച്ചുള്ള സുവാർത്തയെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ് അവരുടെ വേല.—മത്തായി 6:10; 24:14.
യഹോവയുടെ സാക്ഷികളെ നിരീക്ഷിച്ചിട്ടുള്ളവർക്ക് ആ ക്രിസ്തീയ സമുദായം ഏതെങ്കിലും ഒരു രാജ്യത്തിന്റെ ക്രമസമാധാനത്തിന് എന്നെങ്കിലും ഭീഷണിയായിരുന്നിട്ടുണ്ട് എന്നുള്ളതിനു തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
തങ്ങൾ ജീവിക്കുന്ന സമുദായത്തിന് യഹോവയുടെ സാക്ഷികൾ ചെയ്തിട്ടുള്ള നന്മകളെക്കുറിച്ച് പത്രപ്രവർത്തകരും ജഡ്ജിമാരും മറ്റും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ സംബന്ധിച്ചശേഷം, തെക്കൻ യൂറോപ്പിൽ നിന്നെത്തിയ ഒരു റിപ്പോർട്ടർ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ശക്തമായ കുടുംബബന്ധങ്ങൾ ഉള്ളവരാണ് ഇവർ. സ്നേഹിക്കാനും തങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനും അവർ പഠിപ്പിക്കപ്പെടുന്നു. അങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ നിന്നു വിട്ടുനിൽക്കാൻ അവർ പ്രേരിപ്പിക്കപ്പെടുന്നു.”
സാക്ഷികളെക്കുറിച്ച് മുമ്പ് മോശമായ അഭിപ്രായം വെച്ചുപുലർത്തിയിരുന്ന മറ്റൊരു പത്രപ്രവർത്തകൻ ഇങ്ങനെ പറഞ്ഞു: “അവർ തികച്ചും മാതൃകായോഗ്യമായ ജീവിതം നയിക്കുന്നവരാണ്, ധാർമിക നിലവാരങ്ങളിൽ ഒട്ടും വിട്ടുവീഴ്ച വരുത്താത്തവരും.” ഒരു രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞനും സാക്ഷികളെക്കുറിച്ച് സമാനമായ അഭിപ്രായപ്രകടനം നടത്തുകയുണ്ടായി: “അങ്ങേയറ്റം ദയയോടും സ്നേഹത്തോടും സൗമ്യതയോടും കൂടെയാണ് അവർ മറ്റുള്ളവരോട് ഇടപെടുന്നത്.”
അധികാരത്തിനു കീഴ്പെടേണ്ടതിന്റെ ഔചിത്യം സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. നിയമം അനുസരിക്കുന്ന പൗരന്മാരെന്ന നിലയിൽ, അവർ സത്യസന്ധതയും വിശ്വസ്തതയും ശുചിത്വവും സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ പിൻപറ്റുന്നു. കുടുംബവൃത്തത്തിനുള്ളിൽ നല്ല ധാർമിക നിലവാരങ്ങൾ പിന്തുടരുന്ന അവർ അതുചെയ്യാൻ മറ്റുള്ളവരെയും സഹായിക്കുന്നു. ക്രമസമാധാനം ഭഞ്ജിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളിലോ രാഷ്ട്രീയ വിപ്ലവങ്ങളിലോ അവർ ഉൾപ്പെടില്ല എന്നുമാത്രമല്ല, എല്ലാ മനുഷ്യരുമായും സമാധാനത്തിൽ കഴിയുകയും ചെയ്യുന്നു. ഈ ഭൂമിയിൽ നീതിനിഷ്ഠമായ ഗവൺമെന്റും സമ്പൂർണ സമാധാനവും പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഏറ്റവും ഉയർന്ന അധികാരിക്കായി, പരമാധികാര കർത്താവായ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരിക്കുമ്പോൾത്തന്നെ, മാനുഷിക ശ്രേഷ്ഠാധികാരികളുടെ നിയമങ്ങൾ അനുസരിക്കുന്നതിൽ നല്ല മാതൃക വെക്കാനും അവർ ശ്രദ്ധിക്കുന്നു.
അതേസമയംതന്നെ, യഹോവയുടെ സാക്ഷികളുടെ വേല വിദ്യാഭ്യാസപരവുമാണ്. ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ന്യായയുക്തമായി ചിന്തിക്കാനും അങ്ങനെ പെരുമാറ്റവും ധാർമിക വിശ്വസ്തതയും സംബന്ധിച്ച് ഉചിതമായ നിലവാരം രൂപപ്പെടുത്തിയെടുക്കാനും അവർ ലോകമെമ്പാടുമുള്ള ആളുകളെ പഠിപ്പിക്കുന്നു. കുടുംബജീവിതത്തെ മെച്ചപ്പെടുത്തുന്ന മൂല്യങ്ങൾ ഉന്നമിപ്പിക്കുന്നതോടൊപ്പം യുവജനങ്ങളെ അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രത്യേക വെല്ലുവിളികളെ തരണംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. തങ്ങൾക്കുള്ള ചീത്തശീലങ്ങൾ ഉപേക്ഷിക്കുന്നതിനുവേണ്ട ധാർമികശക്തി സംഭരിക്കാനും അതുപോലെ മറ്റുള്ളവരുമായി യോജിച്ചുപോകാനുള്ള കഴിവു വളർത്തിയെടുക്കാനും അവർ ആളുകളെ സഹായിക്കുന്നു. ഇത്തരം ഒരു വേലയെ എങ്ങനെയാണ് “പ്രചാരണ”ത്തിന്റെ ഗണത്തിൽ പെടുത്താൻ കഴിയുക? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതുപോലെ, ആശയങ്ങൾ സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിൽ, “അതു വിദ്യാഭ്യാസമാണ്, പ്രചാരണമല്ല.”
[ചിത്രങ്ങൾ]
കുടുംബ മൂല്യങ്ങളെയും ഉയർന്ന ധാർമിക നിലവാരങ്ങളെയും ഉന്നമിപ്പിക്കുന്നവയാണ് യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ
[5-ാം പേജിലെ ചിത്രം]
യുദ്ധം, പുകവലി എന്നിവയെ ഉന്നമിപ്പിക്കുന്ന തരം പ്രചാരണം അനേകരുടെ മരണത്തിന് ഇടയാക്കിയിരിക്കുന്നു