പ്രചാരണത്തിന് ഇരയാകാതിരിക്കുക!
“ഒരു വിഡ്ഢി ഏതുവാക്കും വിശ്വസിക്കും.”—സദൃശവാക്യങ്ങൾ 14:15, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം.
വിദ്യാഭ്യാസവും പ്രചാരണവും തമ്മിൽ ഒരു വലിയ വ്യത്യാസം ഉണ്ട്. ഒരാൾ എങ്ങനെ ചിന്തിക്കണമെന്നു വിദ്യാഭ്യാസം കാണിച്ചുതരുന്നു. എന്നാൽ, അയാൾ എന്തു ചിന്തിക്കണമെന്നുള്ളതാണ് പ്രചാരണം അയാളോടു പറയുന്നത്. കാര്യത്തിന്റെ എല്ലാ വശങ്ങളും അവതരിപ്പിക്കുകയും ചർച്ചചെയ്യാൻ പ്രോത്സാഹിപ്പിക്കുകയുമാണ് നല്ല അധ്യാപകർ ചെയ്യുക. പ്രചാരകർ പക്ഷേ, യാതൊരു ദാക്ഷിണ്യവും കൂടാതെ അവരുടെ കാഴ്ചപ്പാടുകൾ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കും. അവയെക്കുറിച്ചു ചർച്ചചെയ്യാൻ അവർ യാതൊരു താത്പര്യവും കാണിക്കുകയില്ല. മിക്കപ്പോഴും, അവരുടെ യഥാർഥ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അവർ വസ്തുതകളെല്ലാം പഠിച്ച ശേഷം തങ്ങൾക്ക് ഉപയോഗപ്പെടുന്നവ മാത്രം പറയുകയും ബാക്കിയുള്ളവ മറച്ചുപിടിക്കുകയും ചെയ്യുന്നു. നുണകളും അർധ-സത്യങ്ങളുമൊക്കെ പറയുന്നതിൽ പ്രത്യേക പ്രാവീണ്യമുള്ള അവർ, വസ്തുതകളെ തങ്ങൾക്കു വേണ്ടുന്ന രീതിയിൽ വളച്ചൊടിക്കുകയും കോട്ടിമാട്ടുകയും ചെയ്യുന്നു. അവർ ലക്ഷ്യമിടുന്നത് നിങ്ങളുടെ വികാരങ്ങളെയാണ് അല്ലാതെ ന്യായയുക്തമായി ചിന്തിക്കാനുള്ള നിങ്ങളുടെ പ്രാപ്തിയെ അല്ല.
തങ്ങൾ പറയുന്നത് ഉചിതവും ധർമിഷ്ഠവുമാണെന്ന് തോന്നത്തക്കവിധം കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രചാരകർ സർവശ്രമവും നടത്തും. എന്നുമാത്രമല്ല, അവ പിൻപറ്റുമ്പോൾ നിങ്ങൾ ആളൊരു മിടുക്കനാണ് എന്ന തോന്നൽ ഉളവാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അവർ ശ്രമിക്കുന്നു. അവർ പറയുന്നത് അതുപോലെ കേൾക്കുകയാണെങ്കിൽ നിങ്ങൾ വിവരമുള്ള ഒരു ആളാണ്, നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങൾക്ക് ഒരു ആശങ്കയ്ക്കും കാരണമുണ്ടാകില്ല എന്നൊക്കെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു.
എന്നാൽ, “വൃഥാവാചാലന്മാരും മനോവഞ്ചകന്മാരു”മെന്ന് ബൈബിൾ വിളിക്കുന്നതരം ആളുകളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും? (തീത്തൊസ് 1:10) അവരുടെ തന്ത്രങ്ങളിൽ ചിലത് മനസ്സിലാക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുന്ന ഏതൊരു സന്ദേശവും കൂടുതൽ നന്നായി വിലയിരുത്താൻ നിങ്ങൾക്കു കഴിയും. അങ്ങനെ ചെയ്യുന്നതിനുള്ള ഏതാനും മാർഗങ്ങൾ ചുവടെ ചേർക്കുന്നു.
തിരഞ്ഞെടുക്കൽ മനോഭാവം ഉള്ളവരായരിക്കുക: മുഴുവനായി തുറന്നുവെച്ചിരിക്കുന്ന ഒരു മനസ്സിനെ എന്തും—ഓടയിലൂടെ വരുന്ന മലിനവസ്തുക്കൾ പോലും—ഉള്ളിലൂടെ ഒഴുകാൻ അനുവദിക്കുന്ന ഒരു പൈപ്പിനോട് ഉപമിക്കാൻ കഴിയും. തങ്ങളുടെ മനസ്സുകൾ വിഷലിപ്തമാകുവാൻ ആരും ആഗ്രഹിക്കുന്നില്ല. പുരാതനനാളിലെ ഒരു രാജാവും പ്രബോധകനുമായ ശലോമോൻ ഈ മുന്നറിയിപ്പു നൽകി: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) അതുകൊണ്ട്, കേൾക്കുന്ന കാര്യങ്ങൾ എല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്ന കൂട്ടത്തിലായിരിക്കരുത് നാം. മറിച്ച് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന എല്ലാ സംഗതികളും സൂക്ഷ്മമായി പരിശോധിച്ചുനോക്കണം. അതിനുശേഷം, ഏതു സ്വീകരിക്കണം ഏതു സ്വീകരിക്കേണ്ട എന്നു തീരുമാനിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, നമ്മുടെ ചിന്തയെ മെച്ചപ്പെടുത്താൻ ഉതകുന്ന തരം വസ്തുതകൾ പരിശോധിക്കാൻ മനസ്സില്ലാത്തവിധം ഇടുങ്ങിയ ചിന്താഗതിക്കാർ ആയിരിക്കാൻ നാം ആഗ്രഹിക്കുകയില്ല. ഇതു സംബന്ധിച്ച് ഒരു ശരിയായ സമനില കണ്ടെത്താൻ എങ്ങനെയാണു സാധിക്കുക? പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ അവ തട്ടിച്ചുനോക്കാൻ പറ്റിയ ഒരു മാനദണ്ഡം ഉണ്ടായിരിക്കുകയാണ് അതിന്റെ രഹസ്യം. ഇക്കാര്യത്തിൽ, ഒരു ക്രിസ്ത്യാനിയെ സഹായിക്കാൻ, അവന്റെ ചിന്തകളെ വഴിനയിക്കാൻ, അവന് മഹാജ്ഞാനത്തിന്റെ ഒരു ഉറവിടമുണ്ട്—ബൈബിൾ. ഒരുവശത്ത് അവൻ തന്റെ മനസ്സിന്റെ വാതായനങ്ങൾ തുറന്നു വെച്ചിരിക്കുന്നു, അതായത് അവൻ പുതിയ വിവരങ്ങളെ സ്വാഗതംചെയ്യുന്നു. ഈ വിവരങ്ങളെ അതീവശ്രദ്ധയോടെ ബൈബിളിന്റെ നിലവാരങ്ങളുമായി വിലയിരുത്തിയശേഷം അവയുമായി യോജിച്ചുപോകുന്നവ അവൻ സ്വീകരിക്കുന്നു. മറുവശത്ത്, തന്റെ ബൈബിളധിഷ്ഠിത മൂല്യങ്ങൾക്ക് ഘടകവിരുദ്ധമായ ആശയങ്ങൾ സ്വീകരിക്കുന്നതിൽ പതിയിരിക്കുന്ന അപകടങ്ങൾ അവന്റെ മനസ്സ് മനസ്സിലാക്കുകയും ചെയ്യുന്നു.
വിവേചനം ഉപയോഗിക്കുക: “നേരിയ വ്യതിയാനങ്ങൾപോലും മനസ്സിലാക്കാനുള്ള സൂക്ഷ്മബുദ്ധി”യെയാണു വിവേചനം എന്നു പറയുന്നത്. “ഒന്നിനെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയുന്നതിനുള്ള മനസ്സിന്റെ ശക്തി അഥവാ പ്രാപ്തി” ആണത്. വിവേചനം ഉള്ള ഒരാൾക്ക് കാര്യങ്ങളുടെയോ ആശയങ്ങളുടെയോ അതിസൂക്ഷ്മ വിശദാംശങ്ങൾപോലും ഗ്രഹിക്കാനും നല്ല ന്യായബോധം പ്രകടമാക്കാനും കഴിയും.
“ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയു”ന്നവർ ആരെല്ലാമാണെന്നു മനസ്സിലാക്കാൻ വിവേചനം നമ്മെ സഹായിക്കുന്നു. (റോമർ 16:18) അപ്രധാനമായതും വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ തള്ളിക്കളയാനും ഒപ്പം ഒരു കാര്യത്തിന്റെ സത്ത വേർതിരിച്ചറിയാനും വിവേചനം നമ്മെ പ്രാപ്തരാക്കും. എന്നാൽ, ഒരു സംഗതി വഴിതെറ്റിക്കുന്നതാണോ എന്ന് എങ്ങനെ വിവേചിച്ചറിയാൻ കഴിയും?
വിവരങ്ങൾ പരിശോധിച്ചു നോക്കുക: ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ ഉപദേഷ്ടാവായ യോഹന്നാൻ ഇങ്ങനെ എഴുതി: “എല്ലാ നിശ്വസ്ത സന്ദേശങ്ങളും വിശ്വസിക്കരുത്, പകരം അവ പരിശോധനയ്ക്കു വിധേയമാക്കുവിൻ.”(1 യോഹന്നാൻ 4:1, NW) ചില ആളുകൾ സ്പോഞ്ചുകൾ പോലെയാണ്, എന്തും വലിച്ചെടുക്കുന്ന പ്രകൃതക്കാർ. നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെല്ലാം കണ്ണുമടച്ച് സ്വീകരിക്കുക വളരെ എളുപ്പമുള്ള കാര്യമാണ്.
പക്ഷേ, അതിലും എത്രയോ ഉത്തമമാണ് വ്യക്തികളെന്ന നിലയിൽ തങ്ങൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന വിവരങ്ങൾ ഏതെല്ലാമാണെന്ന് സ്വയം തീരുമാനിക്കുന്നത്! നാം എന്തു കഴിക്കുന്നുവോ അതാണ് നമ്മെ നാം ആക്കുന്നത് എന്നു പറയാറുണ്ടല്ലോ. ശരീരത്തെ പരിപോഷിപ്പിക്കുന്ന ആഹാരത്തിന്റെ കാര്യത്തിൽ മാത്രമല്ല, മനസ്സിലേക്കു കടന്നുചെല്ലുന്ന വിവരങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. അതുകൊണ്ട്, നിങ്ങൾ എന്തു വായിച്ചാലും കേട്ടാലും കണ്ടാലും ശരി, അവ പ്രചാരണാത്മകമാണോ സത്യമാണോ എന്നു പരിശോധിച്ചുനോക്കുക.
നിഷ്പക്ഷരായി നിലകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ, പുതിയ പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ തുടർച്ചയായി പരിശോധനയ്ക്കു വിധേയമാക്കാൻ നാം സന്നദ്ധരാകണം. ഒന്നുമല്ലെങ്കിലും, അവ അഭിപ്രായങ്ങൾ മാത്രമാണല്ലോ. അവ എത്രത്തോളം ആശ്രയയോഗ്യമാണ് എന്നത് നമ്മുടെ പക്കലുള്ള വസ്തുതകളുടെ സാധുതയെയും നമ്മുടെ വാദമുഖങ്ങളുടെ ഗുണമേന്മയെയും അതുപോലെ നാം സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന മാനദണ്ഡങ്ങളെയും അല്ലെങ്കിൽ മൂല്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.
ചോദ്യങ്ങൾ ചോദിക്കുക: ‘പ്രേരണാത്മകമായ വാദമുഖങ്ങൾകൊണ്ട് നമ്മെ വഞ്ചിക്കാൻ’ താത്പര്യമുള്ള അനേകർ ഇന്ന് ഈ ലോകത്തിൽ ഉണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. (കൊലൊസ്സ്യർ 2:4, NW) അതുകൊണ്ട്, അത്തരം വാദമുഖങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.
ആദ്യംതന്നെ, എന്തെങ്കിലും തരത്തിലുള്ള മുൻവിധികൾ ഒളിഞ്ഞിരിപ്പുണ്ടോ എന്നു പരിശോധിച്ചറിയുക. ഈ സന്ദേശത്തിന്റെ ലക്ഷ്യമെന്താണ്? അതിൽ നിറയെ അപകീർത്തിപ്പെടുത്തുന്ന പ്രയോഗങ്ങളും അതുപോലെ ഗൂഢാർഥമുള്ള പ്രയോഗങ്ങളും ഉണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? ഗൂഢാർഥമുള്ള പ്രയോഗങ്ങളെല്ലാം ഒഴിച്ചുനിറുത്തി സന്ദേശം മാത്രമെടുക്കുകയാണെങ്കിൽ, അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്? സാധിക്കുമെങ്കിൽ, ആ സന്ദേശം അവതരിപ്പിക്കുന്നവരെക്കുറിച്ചു കൂടെ വിലയിരുത്താൻ ശ്രമിക്കുക. അവർ സത്യം സംസാരിക്കുന്നവരാണോ? സന്ദേശത്തിൽ അവർ ഏതെങ്കിലും “ആധികാരിക ഉറവിടങ്ങളെ” കുറിച്ചു പരാമർശിക്കുന്നുണ്ടെങ്കിൽ, അവ എന്താണ് അല്ലെങ്കിൽ ആരാണ്? ഈ വ്യക്തിക്ക്—സംഘടനയ്ക്ക് അല്ലെങ്കിൽ പ്രസിദ്ധീകരണത്തിന്—പ്രസ്തുത വിഷയത്തിൽ വിദഗ്ധ ജ്ഞാനം ഉണ്ടെന്നോ ആശ്രയയോഗ്യമായ വിവരം പ്രദാനം ചെയ്യാൻ കഴിയുമെന്നോ ഒക്കെ നിങ്ങൾ എന്തുകൊണ്ടാണു വിശ്വസിക്കുന്നത്? വികാരങ്ങളെ ഉണർത്താൻ പോന്ന വിധത്തിലാണു സന്ദേശം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാകുന്നെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക, ‘തികച്ചും നിർവികാരമായി കാണുകയാണെങ്കിൽ, ഈ സന്ദേശത്തിന്റെ നല്ല വശങ്ങൾ എന്തെല്ലാമാണ്?’
വെറുതെ ഭൂരിപക്ഷത്തിന്റെ പിന്നാലെ പായരുത്: ഒരു കാര്യത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നതു ശരിയായിക്കൊള്ളണമെന്നില്ല എന്നു തിരിച്ചറിഞ്ഞാൽതന്നെ, മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം നിങ്ങൾക്കു ലഭിക്കും. എല്ലാവരും ഒരു കാര്യത്തെക്കുറിച്ച് ഒരു പ്രത്യേക തരത്തിലാണു ചിന്തിക്കുന്നത് എന്നതുകൊണ്ട് നിങ്ങളും അങ്ങനെതന്നെ ചിന്തിക്കണം എന്നുണ്ടോ? ഭൂരിപക്ഷം ആളുകൾ എന്തു വിശ്വസിക്കുന്നു എന്നതല്ല സത്യത്തിന്റെ അളവുകോൽ. പിന്നിട്ട നൂറ്റാണ്ടുകളിൽ, പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന പല ആശയങ്ങളും പിന്നീടു തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും, ഭൂരിപക്ഷത്തിന്റെ വഴിയെ പോകാനുള്ള ചായ്വാണ് ഇപ്പോഴും മിക്കവരും കാണിക്കുന്നത്. പുറപ്പാടു 23:2-ൽ കൊടുത്തിരിക്കുന്ന കൽപ്പനയിൽ വളരെ നല്ലൊരു തത്ത്വം അടങ്ങിയിട്ടുണ്ട്: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു.”
യഥാർഥ പരിജ്ഞാനവും പ്രചാരണവും
വ്യക്തമായി ചിന്തിക്കുന്നതിനുള്ള ഉത്തമ വഴികാട്ടിയാണ് ബൈബിൾ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. യേശു ദൈവത്തോട് പ്രാർഥനയിൽ പറഞ്ഞ സംഗതിയോട് യഹോവയുടെ സാക്ഷികൾ പൂർണഹൃദയത്തോടെ യോജിക്കുന്നു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) കാരണം, ബൈബിളിന്റെ ഗ്രന്ഥകർത്താവായ ദൈവം, “സത്യത്തിന്റെ ദൈവമാണ്.”—സങ്കീർത്തനം 31:5 (ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം [NIBV])
അതേ, ആധുനികമായ മാർഗങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണത്തിന്റേതായ ഈ യുഗത്തിൽ സത്യത്തിന്റെ ഉറവിടം എന്ന നിലയിൽ നമുക്ക് ധൈര്യത്തോടെ യഹോവയുടെ വചനത്തിലേക്കു നോക്കാൻ കഴിയും. ആത്യന്തികമായി, ‘കൗശലവാക്കുകൾകൊണ്ട് നമ്മെ ചൂഷണം ചെയ്യുന്നവരിൽ’ നിന്ന് അതു നമ്മെ സംരക്ഷിക്കും.—2 പത്രൊസ് 2:3, NIBV.
[9-ാം പേജിലെ ചിത്രം]
അപ്രധാനവും വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ തള്ളിക്കളയാൻ വിവേചനം സഹായിക്കും
[10-ാം പേജിലെ ചിത്രം]
നിങ്ങൾ വായിക്കുന്നതോ കാണുന്നതോ ആയ എന്തും സത്യമാണോ എന്നറിയാൻ പരിശോധിച്ചു നോക്കേണ്ടതുണ്ട്
[11-ാം പേജിലെ ചിത്രം]
ഭൂരിപക്ഷാഭിപ്രായം എപ്പോഴും ആശ്രയയോഗ്യമല്ല
[11-ാം പേജിലെ ചിത്രം]
സത്യത്തിന്റെ ഉറവിടം എന്ന നിലയിൽ നമുക്ക് ധൈര്യത്തോടെ ദൈവവചനത്തിലേക്കു നോക്കാൻ കഴിയും