ബൈബിളിന്റെ വീക്ഷണം
ദൈവം നമ്മുടെ ബലഹീനതകൾക്കു നേരെ കണ്ണടയ്ക്കുമോ?
‘ഞാനൊരു ദുഷ്ടനൊന്നുമല്ല! പക്ഷേ എന്റെ തെറ്റായ വഴികൾ വിട്ടുതിരിയാൻ എത്ര ശ്രമിച്ചിട്ടും എനിക്കാവുന്നില്ല!’
നി ങ്ങൾ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ, അല്ലെങ്കിൽ അങ്ങനെ പറഞ്ഞിട്ടുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? ആഴത്തിൽ വേരൂന്നിയിരിക്കുന്ന ബലഹീനതകൾ പിഴുതെറിയുക സാധ്യമല്ലെന്നാണ് പലരുടെയും പക്ഷം. ചിലയാളുകൾ മദ്യത്തിനും പുകയിലയ്ക്കും മയക്കുമരുന്നിനും ഒക്കെ അടിമപ്പെട്ടവരാണ്. അത്യാഗ്രഹം മറ്റനേകരുടെ ജീവിതത്തെ ഭരിക്കുന്നു. മറ്റു ചിലരാകട്ടെ ലൈംഗിക ദുർന്നടപ്പിനു വഴിപ്പെട്ടിരിക്കുന്നു. കരകയറാൻ ആവാത്തവിധം തങ്ങൾ അതിൽ ആണ്ടുപോയിരിക്കുന്നു എന്നാണ് അവർ അതിനു പറയുന്ന ന്യായം.
മത്തായി 26:41-ൽ, മാനുഷിക ബലഹീനതകളെ താൻ മനസ്സിലാക്കുന്നതായി യേശു ദയാപൂർവം വ്യക്തമാക്കി.a വാസ്തവത്തിൽ, യഹോവയാം ദൈവവും യേശുവും മനുഷ്യരോട് അങ്ങേയറ്റം കരുണയുള്ളവരാണ് എന്നതിന് ഓരോ ബൈബിൾ വിവരണവും തെളിവു നൽകുന്നു. (സങ്കീർത്തനം 103:8, 9) എന്നിരുന്നാലും, നമ്മുടെ എല്ലാ കുറവുകളും ദൈവം കണ്ടില്ലെന്നു വെക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ?
മോശെയും ദാവീദും
മോശെയുടെ കാര്യംതന്നെ എടുക്കുക. “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യ”ൻ എന്നാണ് അവൻ അറിയപ്പെട്ടത്, ആ നല്ല ഗുണം നിലനിറുത്താൻ അവൻ കഠിനമായി യത്നിക്കുകയും ചെയ്തിരുന്നു. (സംഖ്യാപുസ്തകം 12:3) മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഇസ്രായേല്യർ പലവട്ടം അനുചിതമായി പെരുമാറുകയും ദൈവത്തോടും അവന്റെ പ്രതിനിധികളോടും അനാദരവു കാട്ടുകയും ചെയ്തു. ഈ സന്ദർഭങ്ങളിൽ എല്ലാം മോശെ താഴ്മയോടെ മാർഗനിർദേശത്തിനായി ദൈവത്തിലേക്കു തിരിഞ്ഞു.—സംഖ്യാപുസ്തകം 16:12-14, 28-30.
എന്നിരുന്നാലും, ക്ഷീണിപ്പിക്കുന്ന ആ സുദീർഘ യാത്രയുടെ അവസാനം മുഴു ജനതയുടെയും മുമ്പാകെ മോശെ നിയന്ത്രണം വിട്ട് ക്ഷോഭിക്കുകയും ദിവ്യ നിർദേശം അനുസരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ദൈവം അവനോടു ക്ഷമിച്ചു എന്നത് ശരിയാണ്. എങ്കിലും ആ വീഴ്ചയെ യഹോവ ഗൗനിക്കാതിരുന്നോ? തീർച്ചയായും ഇല്ല. “നിങ്ങൾ . . .. എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല” എന്നു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു. അതേ, വാഗ്ദത്ത ദേശത്തു പ്രവേശിക്കുകയെന്ന മഹത്തായ പദവി മോശെക്കു ലഭിക്കുമായിരുന്നില്ല. അങ്ങനെ 40 വർഷമായി മോശെ എന്തിനു വേണ്ടിയാണോ പ്രയത്നിച്ചത്, അതു നഷ്ടമാകാൻ ഗുരുതരമായ ആ മാനുഷിക പിഴവ് ഇടയാക്കി.—സംഖ്യാപുസ്തകം 20:7-12.
ബലഹീനതയ്ക്കു വഴിപ്പെട്ട മറ്റൊരു ദൈവഭക്തൻ ആയിരുന്നു ദാവീദ്. ഒരു സന്ദർഭത്തിൽ അധാർമിക അഭിനിവേശത്തിനു കീഴ്പെട്ട്, അവൻ മറ്റൊരുവന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ആ സ്ത്രീയുടെ ഭർത്താവിനെ വധിക്കാൻ കരുക്കൾ നീക്കിക്കൊണ്ട് അവൻ കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചു. (2 ശമൂവേൽ 11:2-27) എങ്കിലും പിന്നീട്, താൻ ചെയ്തുപോയ തെറ്റുകളെ ഓർത്ത് ദാവീദ് ആഴമായി അനുതപിച്ചു. ദൈവം അവനോടു ക്ഷമിക്കുകയും ചെയ്തു. എന്നാൽ ദാവീദ് ഒരു കുടുംബം തകർത്തിരുന്നു. തന്റെ തെറ്റുകളുടെ ദാരുണമായ ഭവിഷ്യത്തുകളിൽനിന്ന് രക്ഷപ്പെടാൻ ദൈവം അവനെ അനുവദിച്ചില്ല. ദാവീദിനു ജനിച്ച ആൺകുഞ്ഞിനു ഗുരുതരമായ രോഗം പിടിപെട്ടു. കുഞ്ഞിനുവേണ്ടി ദാവീദ് പലവട്ടം അപേക്ഷിച്ചെങ്കിലും യഹോവ ആ പ്രാർഥനകൾ ചെവിക്കൊണ്ടില്ല. ശിശു മരിച്ചുപോയി. ദാവീദിന്റെ കുടുംബത്തിൽ ഒന്നിനു പുറകേ ഒന്നായി ദുരന്തങ്ങൾ അരങ്ങേറി. (2 ശമൂവേൽ 12:13-18; 18:33) ധാർമിക ബലഹീനതയ്ക്കു വഴിപ്പെട്ടതു നിമിത്തം ദാവീദിനു വലിയ വില ഒടുക്കേണ്ടിവന്നു.
തങ്ങളുടെ ചെയ്തികളുടെ പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെടാൻ ദൈവം മനുഷ്യരെ അനുവദിക്കില്ലെന്ന് ഈ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. അവനെ സേവിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ആത്മീയതയിൽ ഉള്ള ബലഹീന വശങ്ങളെ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടു മെച്ചപ്പെട്ട ക്രിസ്ത്യാനികൾ ആയിത്തീരണം. ഒന്നാം നൂറ്റാണ്ടിൽ അനേകർ അപ്രകാരം ചെയ്തു. ചില മികച്ച ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
പാപപ്രവൃത്തികൾ വെടിയാനുള്ള പോരാട്ടം
ക്രിസ്ത്യാനികൾ എങ്ങനെ ജീവിക്കണം എന്നുള്ളതിന് ഉത്തമ മാതൃക വെച്ച ഒരുവനാണ് അപ്പൊസ്തലനായ പൗലൊസ്. എന്നാൽ അവനും തന്റെ ബലഹീനതകൾക്ക് എതിരെ ഒരു നിരന്തര പോരാട്ടം ഉണ്ടായിരുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? റോമർ 7:18-25 വാക്യങ്ങൾ, ഈ ‘പോരാട്ടത്തെ’ വ്യക്തമായി വർണിക്കുന്നു. പാപം അതിശക്തനായ ഒരു എതിരാളിയാണെന്ന് അറിയാമായിരുന്നതിനാൽ പൗലൊസ് നിറുത്താതെ പോരാടി.—1 കൊരിന്ത്യർ 9:26, 27.
പുരാതന കൊരിന്തിലെ ക്രിസ്തീയ സഭാംഗങ്ങളിൽ ചിലർ മുൻകാലങ്ങളിൽ പാപ പ്രവൃത്തികൾ ശീലമാക്കിയിരുന്നവർ ആയിരുന്നു. ഒരുകാലത്ത് അവർ ‘ദുർന്നടപ്പുകാർ, വ്യഭിചാരികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ’ ഒക്കെ ആയിരുന്നു എന്ന് ബൈബിൾ പറയുന്നു. എന്നാൽ അവർ ‘ശുദ്ധീകരണം’ പ്രാപിച്ചിരിക്കുന്നു എന്നും അതു പ്രസ്താവിക്കുന്നു. (1 കൊരിന്ത്യർ 6:9-11) എങ്ങനെ? തങ്ങളുടെ ദുർന്നടപടികൾ വിട്ടുതിരിയാൻ സൂക്ഷ്മ പരിജ്ഞാനവും ക്രിസ്തീയ സഹവാസവും ദൈവാത്മാവും അവരെ ശക്തീകരിച്ചു. ഒടുവിൽ, ക്രിസ്തുവിന്റെ നാമത്തിൽ ദൈവം അവരെ നീതിമാന്മാരായി പ്രഖ്യാപിച്ചു. അതേ, അവരുടെ പാപങ്ങൾ മോചിച്ചുകൊണ്ട് ദൈവം അവർക്ക് ഒരു ശുദ്ധ മനസ്സാക്ഷി നൽകി.—പ്രവൃത്തികൾ 2:38; 3:19.
പൗലൊസും കൊരിന്ത്യ ക്രിസ്ത്യാനികളും തങ്ങളുടെ പാപപ്രവണതകളെ ലാഘവത്തോടെ കണ്ടില്ല. പകരം അവർ അവയ്ക്കെതിരെ പോരാടി; ദൈവത്തിന്റെ സഹായത്താൽ വിജയംവരിക്കയും ചെയ്തു. മോശമായ ചുറ്റുപാടുകളും അപൂർണ ചായ്വുകളും ഉണ്ടായിരുന്നിട്ടും ഒന്നാം നൂറ്റാണ്ടിലെ ആ സത്യാരാധകർ ധാർമിക ശുദ്ധിയുള്ളവരായി നിലകൊണ്ടു. നമ്മെ സംബന്ധിച്ചോ?
സ്വന്തം ബലഹീനതകൾക്കെതിരെ നാം പോരാടാൻ ദൈവം പ്രതീക്ഷിക്കുന്നു
ഒരു ബലഹീനതയെ ജയിച്ചടക്കാൻ കഴിഞ്ഞാലും അതിനെ പൂർണമായി നീക്കം ചെയ്യാൻ സാധിച്ചെന്നു വരില്ല. മിക്കപ്പോഴും നമുക്കു ചെറുത്തു തോൽപ്പിക്കാനാകുന്നതും എന്നാൽ അതേസമയം നമുക്കു നശിപ്പിക്കാനാകാത്തതുമായ ഒരു എതിരാളിയാണ് അപൂർണത. ചിലപ്പോൾ അതു നമ്മിൽ സ്ഥായിയായ ബലഹീനതകൾ പോലും ഉളവാക്കിയേക്കാം. എങ്കിലും നമ്മുടെ ബലഹീനതകൾക്കു നാം ഒരിക്കലും അടിയറവു പറയരുത്. (സങ്കീർത്തനം 119:11) അത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടെന്നാൽ അപൂർണതയെ മോശമായ പെരുമാറ്റത്തിനുള്ള ഒരു ഒഴികഴിവായി കാണാൻ ദൈവം അനുവദിക്കുകയില്ല. (യൂദാ 4) മനുഷ്യർ അവരുടെ മോശമായ വഴികൾ വിട്ടുതിരിഞ്ഞ് ശുദ്ധിയുള്ളവർ ആയിത്തീരാനും ധാർമികമായി ഒരു നല്ല ജീവിതം നയിക്കാനും ദൈവം ആഗ്രഹിക്കുന്നു. “ദുഷ്ടമായതിനെ വെറുക്കുവിൻ” എന്നു ബൈബിൾ പറയുന്നു. (റോമർ 12:9, NW) ദൈവം അത്തരം ശക്തമായ ഒരു നിലപാട് എടുക്കുന്നത് എന്തുകൊണ്ടാണ്?
ബലഹീനതയ്ക്കു മുമ്പിൽ അടിയറവു പറയുന്നതു ദോഷകരമാണ് എന്നതാണ് ഒരു കാരണം. “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന് ഗലാത്യർ 6:7-ൽ ബൈബിൾ പ്രസ്താവിക്കുന്നു. ആസക്തികൾക്കും അത്യാഗ്രഹത്തിനും കുത്തഴിഞ്ഞ ലൈംഗികതയ്ക്കും വഴിപ്പെടുന്നവർ മിക്കപ്പോഴും തങ്ങളുടെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുന്നു. എന്നാൽ അതിലും പ്രധാനമായ മറ്റൊരു കാരണം കൂടിയുണ്ട്.
പാപം ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. അതു നമ്മെയും ദൈവത്തെയും ‘തമ്മിൽ അകറ്റുന്നു.’ (യെശയ്യാവു 59:2, പി.ഒ.സി. ബൈബിൾ) പാപം ചെയ്യുന്നതിൽ തുടരുന്നവർക്കു ദൈവപ്രീതി നേടുക സാധ്യമല്ലാത്തതിനാൽ ദൈവം ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: “നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ. . .തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.”—യെശയ്യാവു 1:16.
നമ്മുടെ സ്രഷ്ടാവ് സ്നേഹവാനും കരുണാമയനും ആണ്. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛി”ക്കുന്നു. (2 പത്രൊസ് 3:9) ബലഹീനതകൾക്കു സ്ഥിരമായി വഴിപ്പെടുന്നത് അനുതാപം പ്രകടമാക്കുന്നതിൽനിന്നും ദൈവാംഗീകാരം നേടുന്നതിൽനിന്നും നമ്മെ തടയും. അതേ, ദൈവം നമ്മുടെ ബലഹീനതകൾ ഗൗനിക്കാതെ വിടുന്നില്ല. നാമും അങ്ങനെ ചെയ്യരുത്. (g02 11/08)
[അടിക്കുറിപ്പുകൾ]
a യേശു പറഞ്ഞു: “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.”