ഫാഷൻ സമനിലയോടെയുള്ള വീക്ഷണം
ദൈവം “ഓരോന്നിനെയും അതതിന്റെ കാലത്ത് സുന്ദരമായി ഉണ്ടാക്കിയിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:11, ഓശാന ബൈബിൾ) നമുക്കു ചുറ്റുമുള്ള ലോകത്തിൽ എവിടെയും നാം സൗന്ദര്യം ദർശിക്കുന്നു. മനുഷ്യരിലും നാം അതു കാണുന്നു.
നാം ധരിക്കുന്ന വസ്ത്രത്തിലൂടെ നമ്മുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടാനാണ് ഫാഷൻ ഡിസൈനറുടെ ശ്രമം. എന്നാൽ, കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടതുപോലെ ഫാഷൻ വ്യവസായം സൗന്ദര്യസങ്കൽപ്പത്തെ മാറ്റിമറിച്ചിരിക്കുന്നു. മനശ്ശാസ്ത്ര പ്രൊഫസറായ രൂത്ത് സ്ട്രീഗൽ മോർ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കൃശഗാത്രരായ സ്ത്രീകളെ നാം സ്ഥിരം കാണുന്നതുകൊണ്ട്, അതാണ് സൗന്ദര്യം എന്ന നിഗമനത്തിൽ നാം എത്തുന്നു.”
മറ്റുള്ളവരോടു ചേർന്നുപോകാനുള്ള സമ്മർദത്തിൽ, ലോകത്തിന്റെ ഇന്നത്തെ സൗന്ദര്യ സങ്കൽപ്പങ്ങൾ നമ്മെ ഭരിക്കാൻ അനുവദിക്കുന്നത് ജ്ഞാനപൂർവകമായിരിക്കില്ല. ഡോറിസ് പൂസർ ഓൾവേയ്സ് ഇൻ സ്റ്റൈൽ എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: “ഇന്നത്തെ സ്ത്രീകൾക്ക്, പൊട്ടിമുളയ്ക്കുന്ന ഓരോരോ ‘സൗന്ദര്യ നിലവാരങ്ങൾ’ അനുസരിച്ച് തന്റെ ശരീരത്തിനു മാറ്റം വരുത്തുകയോ വേഷം കെട്ടുകയോ ചെയ്യേണ്ട യാതൊരു കാര്യവുമില്ല.” ശരിയാണ്, മാധ്യമങ്ങൾ അതിന്റെ മൂശയിൽ നമ്മെ വാർത്തെടുക്കാൻ നാം എന്തിന് അനുവദിക്കണം? “അമിതഭ്രമം നിമിത്തം നമ്മുടെ ബാഹ്യാകാരത്തിനു രൂപഭേദം വരുത്തുന്നതിലും എത്രയോ മെച്ചമാണ് ഇപ്പോൾ നാം ആയിരിക്കുന്ന വിധത്തിലും നമുക്കുള്ള സംഗതികളിലും തൃപ്തരായിരിക്കുന്നത്,” പൂസർ പറയുന്നു.
അനശ്വര സൗന്ദര്യം
ജീവിതത്തിലെ ആത്മവിശ്വാസവും ആത്മസംതൃപ്തിയും സൗന്ദര്യത്തെക്കാളേറെ മറ്റു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. “യഥാർഥ സന്തുഷ്ടി ഒരുവന്റെ ഉള്ളിൽനിന്നാണു വരുന്നത്” എന്ന് മുമ്പ് അനൊറെക്സിയയുടെ പിടിയിലായിരുന്ന ജൂഡി സാർജെന്റ് പറയുന്നു. “അത് തൂക്കം കുറച്ചുകൊണ്ടു നേടിയെടുക്കാവുന്ന ഒന്നല്ല.” സൗന്ദര്യത്തെ കുറിച്ച് ബൈബിൾ കുറേക്കൂടെ ഗഹനമായ ആശയങ്ങൾ നൽകുന്നു. അപ്പൊസ്തലനായ പത്രൊസ് ഇപ്രകാരം എഴുതി: “നിങ്ങളുടെ അലങ്കാരം . . . സൗമ്യതയും ശാന്തതയുമുള്ള മനസ്സ് എന്ന അനശ്വര അലങ്കാരമായ ഹൃദയത്തിന്റെ ആന്തരിക വ്യക്തിത്വം ആയിരിക്കണം; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.”—1 പത്രൊസ് 3:4, വിശുദ്ധ സത്യവേദ പുസ്തകം, മോഡേൺ മലയാളം വേർഷൻ (MMV).
ഇവിടെ പത്രൊസ് പറയുന്ന അനശ്വര അലങ്കാരം ശാരീരിക ലാവണ്യത്തെക്കാൾ മികവാർന്ന ഒന്നാണ്. കാരണം അതു നിലനിൽക്കുന്നതും ദൈവദൃഷ്ടിയിൽ മൂല്യമുള്ളതും ആണ്. അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് ജ്ഞാനിയായ ഒരു രാജാവ് ഇപ്രകാരം പറയുകയുണ്ടായി: “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.”—സദൃശവാക്യങ്ങൾ 31:30.
ഇന്ന്, ശാരീരിക സൗന്ദര്യമുള്ളവരായിരിക്കാം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നുവരികിലും, ക്രിസ്തീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെ അനേകരും ഇന്നും ബഹുമാനിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ. . . . കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിൻ.”—കൊലൊസ്സ്യർ 3:10, 12. പി.ഒ.സി ബൈബിൾ.
ഫാഷൻ തീർത്തും ക്ഷണികമാണ്. ഏറ്റവും പുതിയ സ്റ്റൈൽ അങ്ങേയറ്റംപോയാൽ, കുറച്ചു നാളത്തേക്കു നമ്മുടെ മോടികൂട്ടിയേക്കാം. പക്ഷേ നമ്മുടെ ബാഹ്യാകാരത്തോടൊപ്പം വ്യക്തിത്വവും കൂടെ നന്നായിരുന്നില്ലെങ്കിൽ നമ്മൾ വളർത്തിയെടുത്ത നല്ല പ്രതിച്ഛായയ്ക്കു പെട്ടെന്നുതന്നെ മങ്ങലേൽക്കും. എന്നാൽ ഓർക്കുക, “ആത്മാവിന്റെ ഫല”ത്തിന്—സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, പരോപകാരം, ഇന്ദ്രിയജയം മുതലായവയ്ക്ക്—ഒരിക്കലും പുതുമ നശിക്കുന്നില്ല.—ഗലാത്യർ 5:22, 23; 1 തിമൊഥെയൊസ് 2:9, 10.
നമ്മുടെ വസ്ത്രധാരണത്തിന് നാം അർഹിക്കുന്ന ശ്രദ്ധകൊടുക്കണം എന്നുള്ളതു ശരിയാണ്. ഇക്കാര്യത്തിൽ സമനില പാലിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നെന്ന് ഫ്രാൻസിൽനിന്നുള്ള അലെൻ സമ്മതിക്കുന്നു. അവൾ പറയുന്നു: “ഒരു കൗമാരപ്രായക്കാരി ആയിരുന്ന എനിക്ക് വസ്ത്രങ്ങളിൽ ശരിക്കും താത്പര്യമുണ്ടായിരുന്നു. ഏറ്റവും പുതിയ ഫാഷൻ തിരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിച്ചു. കാരണം അതെനിക്ക് ആത്മവിശ്വാസം പകർന്നു. ഡിസൈനറുടെ ലേബൽ ഉള്ള വസ്ത്രങ്ങൾ വാങ്ങാൻ കഴിഞ്ഞാൽ എനിക്ക് ഒരുപാടു സംതൃപ്തി തോന്നുമായിരുന്നു.”
“എന്നാൽ ഞാൻ മുതിർന്നപ്പോൾ” അലെൻ തുടരുന്നു, “സാമ്പത്തികമായി എന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കിനടത്താൻ എനിക്കു പഠിക്കേണ്ടതുണ്ടായിരുന്നു. കൂടാതെ, ഞാൻ ക്രിസ്തീയ ശുശ്രൂഷയിൽ അധികം സമയം ചെലവഴിക്കാനും തുടങ്ങി. എന്റെ വരുമാനത്തിൽ ഒതുങ്ങി ജീവിക്കണമെങ്കിൽ മേലാൽ ഞാൻ ഫാഷന് അടിമയാകാൻ പാടില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് വലിയ വിൽപ്പനമേളകൾ നടക്കുന്ന സ്ഥലത്തുനിന്നോ ഡിസ്കൗണ്ടിൽ വിൽക്കുന്ന സ്റ്റോറുകളിൽനിന്നോ ഞാൻ വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങി. ഞാൻ ചെലവഴിക്കുമായിരുന്നതിന്റെ നാലിലൊന്നു വിലയ്ക്ക് നല്ല വസ്ത്രങ്ങൾ വാങ്ങാൻ കഴിയുമെന്ന് ഞാൻ കണ്ടെത്തി. നിങ്ങൾക്ക് ഇണങ്ങുന്നതും ധരിക്കാൻ കൊള്ളാവുന്നതും ഇപ്പോൾ നിങ്ങൾക്കുള്ള വസ്ത്രങ്ങളുമായി ചേർന്നു പോകുന്നതും അതുപോലെ പെട്ടെന്ന് ‘ഔട്ട്-ഓഫ് ഫാഷൻ’ ആകാത്തതുമായ വസ്ത്രങ്ങൾ വാങ്ങാൻ പഠിക്കുക എന്നതാണ് അതിന്റെ രഹസ്യം. ഞാൻ എന്തു വാങ്ങണം എന്നു നിശ്ചയിക്കാൻ ഫാഷനെ അനുവദിക്കുന്നതിനുപകരം, എനിക്ക് ഏതു സ്റ്റൈലാണ് ഇണങ്ങുന്നത് എന്നു തീരുമാനിക്കാൻ ഞാൻ ഇപ്പോൾ ശ്രമിക്കുന്നു. അതുകൊണ്ട് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും താത്പര്യം കാണിക്കാറില്ല എന്നല്ല ഞാൻ പറഞ്ഞതിന്റെ അർഥം. എന്റെ മൂല്യം ബാഹ്യാകാരത്തെക്കാളെല്ലാം ഉപരിയായ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.”
ബാഹ്യാകാരത്തിന് യഥാർഥ ഗുണങ്ങളെക്കാൾ വിലകൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാൽ ക്രിസ്ത്യാനികൾ ബൈബിളിന്റെ പിൻവരുന്ന ഓർമിപ്പിക്കൽ മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:16, 17
(g03 9/08)
[9-ാം പേജിലെ ചിത്രം]
ധരിക്കുന്ന വസ്ത്രമല്ല നല്ല ആന്തരിക ഗുണങ്ങളാണ് യഥാർഥ സൗന്ദര്യം നൽകുന്നത്
[10-ാം പേജിലെ ചിത്രം]
ധരിക്കാൻ കൊള്ളാവുന്നതും ഇപ്പോൾ നിങ്ങൾക്കുള്ളവയോടു ചേർന്നു പോകുന്നതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക