പാഠം 15
നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക
1-4. ശുശ്രൂഷകരെന്ന നിലയിൽ ഹൃദയം നമുക്കു പ്രാധാന്യമുളളതായിരിക്കുന്നത് എന്തുകൊണ്ട്?
1 അപ്പോസ്തലനായ പൗലോസ്, താൻ സുവാർത്ത പ്രസംഗിച്ചിരുന്നവരുടെ ‘ഹൃദയദൃഷ്ടി പ്രകാശിതമാകേണ’മെന്ന് അവർക്കുവേണ്ടി യഹോവയോടു പ്രാർഥിക്കുന്നതു നിർത്തിക്കളഞ്ഞില്ല. (എഫെ. 1:16-18) മനസ്സല്ല, ഹൃദയം പ്രകാശിതമാകുന്നതിനെക്കുറിച്ച് അദ്ദേഹം ഇവിടെ സംസാരിച്ചതായി കുറിക്കൊളളുക. അദ്ദേഹം എന്താണ് അർഥമാക്കിയത്? ഫലപ്രദരായ പ്രസംഗകരും ഉപദേഷ്ടാക്കളുമായിരിക്കുന്നതിനു നാം ഈ കാര്യം മനസ്സിലാക്കേണ്ടതുണ്ട്.
2 ഹൃദയത്തിന്റെ വലിയ പരിശോധകന്റെ മററു വിശ്വസ്തദാസരിലൂടെ യഹോവയുടെ ആത്മാവു സംസാരിച്ചിരുന്നതുതന്നെ ഇപ്പോൾ പൗലോസിലൂടെ അതു വെളിപ്പെടുത്തുകയായിരുന്നു. (സദൃ. 21:2) ദൃഷ്ടാന്തത്തിന്, വൃദ്ധനായ ദാവീദുരാജാവു തന്റെ രാജകീയാവകാശിക്ക് ഈ നല്ല ബുദ്ധ്യുപദേശം കൊടുത്തു: “എന്റെ മകനേ, . . . നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക. യഹോവ സർവ്വ ഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തളളിക്കളയും.” (1 ദിന. 28:9) ഹൃദയത്തിൽനിന്നുളള ആത്മാർഥമായ ആരാധനയാണു സ്രഷ്ടാവിനു പ്രമോദം കൈവരുത്തുന്നത്.
3 വലിപ്പമേറിയ ദാവീദായ യേശുക്രിസ്തു “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ, NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു പഠിപ്പിച്ചപ്പോൾ ജ്ഞാനപൂർവകമായ സമാന ബുദ്ധ്യുപദേശം കൊടുത്തു. (മർക്കൊ. 12:28-30) ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യത്തിൽ, സൃഷ്ടിയുടെ ഹൃദയത്തിലുളളതിനാണു മുഖ്യ പ്രാധാന്യം. നാം ഇതു വിലമതിക്കുമ്പോൾ, സദൃശവാക്യങ്ങൾ 4:23-ലെ വാക്കുകൾ കൂടിയ ശക്തിയോടെ നമുക്കു ബോധ്യമാകുന്നു: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.”
4 ഓരോ ശ്രോതാവിന്റെയും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ബോധ്യം വരുത്തുകയും ചെയ്യുക എന്ന ഈ സംഗതി ദൈവരാജ്യസുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും താത്പര്യമുളള കാര്യമായിരിക്കണം. അത്, കുട്ടികളെ പഠിപ്പിക്കുമ്പോൾ ക്രിസ്തീയ പിതാവിനും സുവാർത്ത ശ്രദ്ധിക്കുന്നവരുമായി ഒരു ഭവനബൈബിളധ്യയനം നടത്തുന്ന ഓരോ ക്രിസ്ത്യാനിക്കും താത്പര്യമുളള കാര്യമാണ്. അത് പ്ലാററ്ഫാറത്തിൽനിന്നു പഠിപ്പിക്കുന്ന സഹോദരൻമാരുടെ ശ്രദ്ധാപൂർവകമായ പരിഗണന അർഹിക്കുന്നു. അങ്ങനെയുളള എല്ലാ സാഹചര്യങ്ങളിലും സത്യത്തിന്റെ വിലയേറിയ സന്ദേശം മററുളളവരുടെ മനസ്സുകൾക്കു പ്രദാനംചെയ്യാൻ നാം കഠിനശ്രമം ചെയ്യുന്നു. എന്നാൽ നാം വളരെയധികംകൂടെ ചെയ്യാൻ ശ്രമിക്കണം. നാം ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നു. മററുളളവർ ‘തങ്ങളുടെ ഹൃദയം വലിയ സ്വർഗീയപിതാവിനു കൊടുക്കുന്നതിന്’ അവരെ പ്രേരിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു.—സദൃ. 23:26.
5, 6. മററുളളവരുടെ മനസ്സുകൾക്ക് അറിവു പ്രദാനംചെയ്യുന്നതിലുപരി ചെയ്യാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
5 മനസ്സും ഹൃദയവും തമ്മിൽ വേർതിരിച്ചറിയൽ. സുവാർത്തയുടെ പ്രാപ്തനായ ഒരു ഉപദേഷ്ടാവിനു ശ്രോതാക്കളുടെ മനസ്സിൽ അറിവു പകരാൻ കഴിയും. പെട്ടെന്നുതന്നെ വിദ്യാർഥി അല്ലെങ്കിൽ ശ്രോതാവ് ഉപദേശം സ്വയം ആവർത്തിക്കാനും വിശദീകരിക്കാനും പ്രാപ്തനായിത്തീരുന്നു. അയാൾ അതു ഗ്രഹിച്ചിരിക്കുന്നു, അത് അയാളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ഈ ചോദ്യങ്ങൾ ഉദിക്കുന്നു, അയാൾ അതുസംബന്ധിച്ച് എന്തു ചെയ്യാൻ പോകുന്നു? അയാൾക്ക് അറിവു സമ്പാദിക്കുന്നതിൽ മാത്രമേ താത്പര്യമുളേളാ, അതോ അറിവ് അയാളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കാൻ പോകുകയാണോ?
6 ഇവിടെയാണു ഹൃദയം രംഗപ്രവേശം ചെയ്യുന്നത്, എന്തെന്നാൽ ബൈബിളിൽ അതു പ്രേരണയോടു ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സത്യാരാധകന്, “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു” എന്നു നിശ്വസ്ത ബൈബിളെഴുത്തുകാരനോടൊപ്പം പറയാൻ കഴിയും. (സങ്കീ. 119:11) ഒരു വ്യക്തിക്കു ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുളള വിശിഷ്ടമായ അറിവു തന്റെ മനസ്സിൽ ഉൾക്കൊളളാനും ബൈബിളിലെ നല്ല തത്ത്വങ്ങളിൽ അനേകവും ഗ്രഹിക്കാനും കഴിയും, അതേസമയം തന്റെ സ്വന്തം ജീവിതഗതിക്ക് ആ തത്ത്വങ്ങളും അറിവും ബാധകമാക്കാനുളള ഗാഢതാത്പര്യം ഹൃദയത്തിന് ഇല്ലായിരിക്കാം. അനേകർ ദൈവവചനത്തിലെ നവോൻമേഷപ്രദമായ സത്യങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ അവ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുകയോ അതേ അവസരം മററുളളവർക്കു വെച്ചുനീട്ടുകയോ ചെയ്യുന്ന കാര്യത്തിൽ അവർക്ക് അത്തരം ജീവരക്ഷാകരമായ പ്രവർത്തനത്തിനുളള ആത്മാർഥത ഇല്ല.
7, 8. മനസ്സും ഹൃദയവും തമ്മിലുളള വ്യത്യാസം കാണിക്കുക.
7 മനസ്സ് അവശ്യം വിവരങ്ങൾ ഉൾക്കൊളളുകയും ദഹിപ്പിക്കുകയും ചെയ്യണം. അതു വിജ്ഞാനസംസ്കരണകേന്ദ്രമായ ബുദ്ധിശക്തിയുടെ ഇരിപ്പിടമാണ്. അതു വിവരങ്ങൾ ശേഖരിക്കുകയും ന്യായത്തിന്റെയും യുക്തിയുടെയും പ്രക്രിയയാൽ ചില നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. ഏതോ വിസ്മയാവഹമായ വിധത്തിൽ അതു ഹൃദയത്തോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ഹൃദയത്തിനു മർമപ്രധാനമായ ഒരു പങ്കുണ്ട്, എന്തെന്നാൽ അതിനോടാണു പ്രിയങ്ങളും പ്രേരണയും ബന്ധപ്പെട്ടിരിക്കുന്നത്. ഒരുവന്റെ മുഴു ജീവിതഗതിയെയും ഹൃദയം നയിക്കുന്നതു കാണികൾക്കു പ്രത്യക്ഷമായിത്തീരുന്നു. കാലക്രമത്തിൽ വ്യക്തി അകമേ യഥാർഥത്തിൽ ആരാണെന്ന് അവർ കണ്ടെത്തുന്നു. എന്നാൽ യഹോവക്ക് എല്ലാ സമയങ്ങളിലും “ഹൃദയത്തിന്റെ ഗൂഢമനുഷ്യ”നെ അറിയാം.—1 പത്രൊ. 3:3, 4.
8 ചില സമയങ്ങളിൽ ഹൃദയം യുക്തിപൂർവകമായ ന്യായവാദത്തെക്കാളുപരി വികാരത്തെയോ ആഗ്രഹത്തെയോ അനുകൂലിക്കുകയും ഉയർത്തുകയും ചെയ്യുന്ന പ്രേരണ കൊടുത്തുകൊണ്ടു മനസ്സിന്റെ നിഗമനങ്ങളെ നിരാകരിച്ചേക്കാം. ഒരു വ്യക്തി യഹോവയുടെ ദൃഷ്ടിയിൽ ശരി എന്തെന്നു തന്റെ മനസ്സുകൊണ്ട് അറിയേണ്ടതുണ്ടെന്നു മാത്രമല്ല, അയാൾക്ക് ആ ഗതി പിന്തുടരാൻ തന്റെ ഹൃദയത്തിൽ ആഗ്രഹവുമുണ്ടായിരിക്കണം. ഐച്ഛികഗതികളിൽനിന്നു തിരഞ്ഞെടുക്കാനും അവയിൽ ഒന്നിൻമേൽ ലക്ഷ്യം ഉറപ്പിക്കാനുമുളള ഹൃദയത്തിന്റെ ഈ പ്രാപ്തി, മമനുഷ്യന്റെ ഹൃദയം ‘ആസൂത്രണങ്ങൾ ചെയ്യുന്ന’തായും ‘അയാളുടെ വഴികൾ ചിന്തിക്കുന്നതായും’ [അവയിൽ മനസ്സ് ഉറപ്പിക്കുന്നതായും] ബൈബിൾ പറയുന്നതിന്റെ കാരണം വിശദമാക്കുന്നു. (സദൃ. 19:21; 16:9, NW) സാഹചര്യങ്ങൾ മററു പ്രകാരത്തിൽ ചെയ്യാൻ ആളുകൾക്ക് ഏറെക്കുറെ കടപ്പാടു വരുത്തുന്നില്ലെങ്കിൽ അവർ തങ്ങളുടെ ഹൃദയത്തിനു ഹിതകരമായ ഗതി പിന്തുടരും. ധാർമികവും ആത്മീയവുമായ കാര്യങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്.—മത്താ. 5:28.
9, 10. ഒരു അധ്യേതാവിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു നമ്മെ എന്തു സഹായിക്കും?
9 ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. അപ്പോൾ, ക്രിസ്തീയ ഉപദേഷ്ടാവ് ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് എങ്ങനെയാണ്? പഠിച്ച കാര്യങ്ങൾ സംബന്ധിച്ചു വിലമതിപ്പോടെ വിചിന്തനംചെയ്യാൻ പഠിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു വിധം. യേശുവിന്റെ ജഡികമാതാവായിരുന്ന മറിയയെസംബന്ധിച്ച് “ഈ വചനങ്ങളെല്ലാം തന്റെ ഹൃദയത്തിൽ സംഗ്രഹിച്ചു” എന്ന് വീണ്ടും പറയുന്നത് ഓർക്കുക. (ലൂക്കോ. 2:51, NW) “തന്റെ ഓർമയിൽ” എന്ന് രേഖ പറയുന്നില്ല, അതും ഉൾപ്പെട്ടിരുന്നെങ്കിലും. അതു പ്രിയത്തിന്റെയും പ്രേരണയുടെയും ഇരിപ്പിടമായ ഹൃദയത്തിലായിരുന്നു, തന്നിമിത്തം അവൾ പിന്നീട് ഒരു വിശ്വസ്തക്രിസ്ത്യാനിയായിത്തീർന്നു. ഇന്നു സത്യം അധ്യേതാക്കളുടെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് അവരെ സഹായിക്കാൻ തൃപ്തികരമായ ഒരു വിധത്തിൽ മുഖ്യ പോയിൻറുകൾ വികസിപ്പിക്കുന്നതിനു വേണ്ടത്ര സമയം എടുക്കുക. വളരെയധികം വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കരുത്.
10 പരിചിന്തിക്കപ്പെടുന്ന ബൈബിൾ സത്യങ്ങൾ യഥാർഥത്തിൽ അധ്യേതാക്കളുടെ ഹൃദയത്തിൽ രൂഢമൂലമാകുന്നുണ്ടോയെന്നു നിർണയിക്കുന്നതിനു ചോദ്യങ്ങൾ വളരെ സഹായകമാണ്. പുതിയ സത്യങ്ങൾ ചർച്ച ചെയ്തശേഷം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഇപ്പോൾ നിങ്ങൾക്ക് ഇതുസംബന്ധിച്ച് എന്തു തോന്നുന്നു? ഇതാണോ നിങ്ങൾ വിശ്വസിക്കുന്നത്?” നിങ്ങൾ വിദ്യാർഥിപ്രസംഗങ്ങൾ നടത്തുമ്പോൾ ഇതു ചെയ്തുശീലിക്കുക. ഒരു വ്യക്തിയുടെ ഹൃദയത്തിലുളളതെന്തെന്നു നിർണയിക്കുന്നതിനാൽമാത്രമേ നമുക്കു യഹോവയുടെ സേവനത്തിൽ പുരോഗമിക്കാൻ അയാളെ സഹായിക്കാൻ കഴിയൂ.
11. നമുക്ക് ഒരു അധ്യേതാവിനോടു യഹോവയുമായുളള ഒരുവന്റെ ബന്ധത്തെ ഊന്നിപ്പറയാൻ കഴിയുന്നതെങ്ങനെ?
11 നിങ്ങൾ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ ഹൃദയത്തിൽ ദൈവവചനം പതിപ്പിക്കുന്നതിന്, അവർ യഹോവയോടുളള തങ്ങളുടെ സ്വന്തം ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ സഹായിക്കപ്പെടേണ്ടതുണ്ട്. ഈ പ്രാപ്തി വികസിപ്പിക്കാൻ, ശുശ്രൂഷാസ്കൂളിലെ നിയമനങ്ങൾ കൈകാര്യം ചെയ്യുമ്പോഴല്ലാതെ വേറെ മെച്ചപ്പെട്ട അവസരം എവിടെയാണു നിങ്ങൾക്കുളളത്? യഹോവയോടുളള സ്നേഹം നിമിത്തവും നമ്മോടുളള അവിടുത്തെ സ്നേഹം നിമിത്തവും തങ്ങളുടെ മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാൻ നിങ്ങൾ പഠിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക. അവർ ബൈബിളിൽ പഠിക്കുന്നതു “മഹാകരുണയും മനസ്സലിവുമുളള” നമ്മുടെ സ്നേഹവാനാം സ്രഷ്ടാവായ യഹോവയിൽനിന്നാണെന്നുളള വസ്തുതയിലേക്കു നിങ്ങൾക്ക് ഉചിതമായി അവതരിപ്പിക്കപ്പെടുന്ന ചോദ്യങ്ങളാൽ അവരുടെ ശ്രദ്ധ തിരിച്ചുവിടാവുന്നതാണ്. (യാക്കോ. 5:11) നിങ്ങൾ ഒരു അധ്യയനം നടത്തുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരുമിച്ചു പഠിക്കുന്ന അത്യത്ഭുതകരമായ സത്യങ്ങളിൽ പ്രകടമായിരിക്കുന്ന യഹോവയുടെ സ്നേഹത്തെയും ജ്ഞാനത്തെയും വാരംതോറും ഊന്നിപ്പറയുക. അധ്യേതാക്കളുടെ സ്വന്തം ജീവിതം എങ്ങനെ ബാധിക്കപ്പെടുന്നുവെന്നും തൊട്ടുമുമ്പിലെ ദിവസങ്ങളിൽ അത് എങ്ങനെ ബാധിക്കപ്പെടാനിരിക്കുന്നുവെന്നും കാണാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവർക്കു ബൈബിൾ തത്ത്വങ്ങൾ സുപരിചിതമായിത്തീരേണ്ടതിനു കൂടെക്കൂടെ അവരുമായി അവ പുനരവലോകനം ചെയ്യുക. ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ്, ഏതു കാര്യത്തിലും സ്വർഗീയപിതാവിന്റെ ഇഷ്ടം എല്ലായ്പോഴും നിശ്ചയപ്പെടുത്താൻ ശ്രമിക്കുന്ന ശീലം നട്ടുവളർത്താൻ അവരെ സഹായിക്കുക. “താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്ന”തുകൊണ്ടു നമ്മുടെ ജീവനും നമുക്കുളള സകലവും ദൈവത്തിനുളളതാണെന്നും അവിടുത്തെ ആരാധന, അവിടുത്തെ സേവനം, നമ്മുടെ ഹൃദയത്തിലും നമ്മുടെ മനസ്സിലും പ്രമുഖമായിരിക്കണമെന്നും തിരിച്ചറിയാൻ ക്രമേണ നിങ്ങൾ അവരെ സഹായിക്കുന്നതായിരിക്കും.—പ്രവൃ. 17:25.
12-14. അധ്യേതാക്കൾ ആന്തരത്തെക്കുറിച്ച് എന്തു പഠിക്കേണ്ടതുണ്ട്, ഒരു വ്യക്തിക്ക് തന്റെ ആന്തരങ്ങൾ എങ്ങനെ വിശകലനംചെയ്യാൻ കഴിയും?
12 ദൈവത്തിനു ഗണ്യമായിട്ടുളളത്, നാം ചെയ്യുന്നതുമാത്രമല്ല, പിന്നെയോ അതു ചെയ്യുന്നതിലുളള നമ്മുടെ ആന്തരവുമാണെന്നുളള പോയിൻറ് ഇടവിട്ടിടവിട്ട് ഉന്നയിക്കുക. തന്റെ ഇഷ്ടം ചെയ്യുന്നതിൽ നാം സന്തോഷം അനുഭവിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. സദൃശവാക്യങ്ങളുടെ പുസ്തകത്തിലെ പിതാവിനെപ്പോലെ, നമ്മുടെ സ്വർഗീയ പിതാവു നമ്മെ ക്ഷണിക്കുന്നു: “മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുത്. നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.”—സദൃ. 4:20-22.
13 അതുകൊണ്ടു കാര്യങ്ങൾ ചെയ്യുന്നതിലെ തങ്ങളുടെ ആന്തരം എന്താണെന്നു വിശകലനം ചെയ്യാനും പിൻവരുന്ന ചോദ്യങ്ങൾ തങ്ങളോടുതന്നെ ചോദിക്കാനും നിങ്ങൾ പഠിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും: ഇതോ അതോ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? ഈ പ്രത്യേക പ്രവർത്തനഗതി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്ത്? എന്റെ മനസ്സ് പറയുന്നതെന്തെന്ന് എനിക്കറിയാം, എന്നാൽ യഥാർഥത്തിൽ എന്റെ ഹൃദയത്തിൽ എന്താണുളളത്? ഞാൻ ദൈവത്തെ പ്രസാദിപ്പിക്കാനാണോ, അതോ എന്റെ സ്വന്തം മോഹങ്ങളെ തൃപ്തിപ്പെടുത്താനാണോ ശ്രമിക്കുന്നത്? എന്റെ ന്യായവാദം വാസ്തവത്തിൽ ആത്മാർഥമാണോ? അതോ ഞാൻ വ്യാജന്യായവാദത്താൽ എന്നെത്തന്നെ വഞ്ചിക്കാൻ ശ്രമിക്കുകയാണോ?
14 ജാഗ്രതയില്ലാത്തവരെ അപകടത്തിലാക്കുന്ന അപായങ്ങളെയും ചതികളെയും കുറിച്ചും അധ്യേതാക്കൾക്കു മുന്നറിയിപ്പുകൊടുക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, ഒരു വ്യക്തി തന്റെ ഹൃദയം ഏതെങ്കിലും ലക്ഷ്യത്തിൽ ഉറപ്പിച്ചേക്കാം, ഒരുപക്ഷേ അത് അതിൽത്തന്നെ തികച്ചും ന്യായമായിരിക്കാം, എന്നാൽ അത് ഒരുവന്റെ യഹോവാരാധനക്ക് അഥവാ സേവനത്തിന് ഒരളവിൽ പ്രതിബന്ധമുണ്ടാക്കിയേക്കാം. നിശ്വസ്തസദൃശവാക്യത്തിനു നിശിതമായി ഇതു പറയാനുണ്ട്: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.”—സദൃ. 28:26.
15-17. യേശുവിന്റെ ദൃഷ്ടാന്തത്തിനും പ്രാർഥനകളെക്കുറിച്ചുളള ചർച്ചകൾക്കും ഹൃദയത്തിനു പ്രയോജനംചെയ്യാൻ കഴിയുന്നതെങ്ങനെ?
15 ഒടുവിൽ, കർത്താവായ യേശുവിൽ നമുക്കുളള പൂർണമാതൃക അധ്യേതാക്കളുടെ മുമ്പാകെ വെക്കുന്നതു നല്ലതാണ്. അവിടുന്നു തന്റെ സ്വർഗീയ പിതാവിനോടു വിശ്വസ്തനായിരുന്നു. അവിടുന്നു ‘നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തതുകൊണ്ടായിരുന്നു യഹോവ മറെറല്ലാവരെക്കാളുമുപരി അവിടുത്തെ ആനന്ദതൈലം കൊണ്ട് അഭിഷേകംചെയ്തത്.’ (സങ്കീ. 45:7) ആ ശരിയായ ഹൃദയനില അവിടുന്നു നിലനിർത്തിയത് എങ്ങനെയായിരുന്നു? ദൈവത്തെ അറിയാൻ മാത്രമല്ല, പ്രസാദിപ്പിക്കാനും അവിടുന്നു പഠിച്ചു. തന്റെ പിതാവിന്റെ ഇഷ്ടം എല്ലായ്പോഴും അവിടുന്നു മനസ്സിൽ പിടിച്ചിരുന്നു. യേശു ക്രമമായി തന്റെ പിതാവിനെ പ്രാർഥനയിൽ അന്വേഷിച്ചു. അവിടുന്നു ഫലത്തിൽ ‘തന്നെ പരീക്ഷിച്ചു ശോധനചെയ്യാനും തന്റെ അന്തരംഗവും ഹൃദയവും പരിശോധിക്കാനും’ തന്റെ പ്രാർഥനകളിലൂടെ ദൈവത്തോട് അപേക്ഷിക്കുകയായിരുന്നു. (സങ്കീ. 26:2) കേവലം തന്റെ സ്വന്തം ചിന്തയിലോ സ്വന്തം ഹൃദയത്തിന്റെ പ്രേരണകളിലോ ആശ്രയിക്കാൻ അവിടുന്ന് ആഗ്രഹിച്ചില്ല. “പിതാവേ, . . . ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ” എന്നതായിരുന്നു മുൻകൂട്ടിപ്പറയപ്പെട്ട തന്റെ ബലിമരണം അടുത്തുവന്നപ്പോഴത്തെ തന്റെ പ്രാർഥനാപൂർവകമായ തീരുമാനം.—മർക്കൊ. 14:36.
16 അത് അധ്യേതാക്കളുടെ മുമ്പാകെ വെക്കാനുളള ഒരു നല്ല മാതൃകയല്ലേ? പ്രാർഥനയിലൂടെ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ മാർഗനിർദേശം തേടാൻ അവരെയും സഹായിക്കാൻ കഴിയും—ദൈവാംഗീകാരമുളള ഗതി പിന്തുടരാൻ ജ്ഞാനത്തിനുവേണ്ടി ആത്മാർഥവും ഹൃദയംഗമവുമായ പ്രാർഥനയിലൂടെത്തന്നെ. യേശുവിന്റെ പ്രാർഥനകളിൽ ചിലത് അവരെ വായിച്ചുകേൾപ്പിക്കുക. യേശു ഭൂമിയിൽ വന്നപ്പോൾ ദൈവത്തോട് അവിടുത്തെ പുത്രനെന്ന നിലയിൽ പ്രാർഥിച്ചു. തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചുകൊണ്ട് യേശു തന്റെ മാതൃകാപ്രാർഥന “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു തുടങ്ങി. (മത്താ. 6:9) അതുകൊണ്ട്, പ്രാർഥിക്കുന്ന ആൾ ഒരു പിതാവിനെ സമീപിക്കുന്ന ഒരു പുത്രനെപ്പോലെയായിരിക്കണം. ഒരുപക്ഷേ മറെറന്തിനെക്കാളുമുപരി നമ്മുടെ പ്രാർഥനകൾ യഹോവയുമായി നമുക്ക് ഏതു തരം ബന്ധമാണുളളതെന്നു പ്രകടമാക്കുന്നു. ആ ബന്ധം, ബഹുമാനിക്കപ്പെടുകയും പൂർണഹൃദയത്തോടെ സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു പിതാവിനോട് ഒരു പുത്രിക്കോ പുത്രനോ ഉളളതുപോലെ ഊഷ്മളവും വിശ്വാസമുളളതും ഉററതുമാണോ? അതോ അത് ഒരു അയൽക്കാരനോടോ സാമാന്യം നല്ല ഒരു സുഹൃത്തിനോടോ ഉളളതുപോലെ, സംസാരിക്കുന്ന പരിചയക്കാരന്റേതു മാത്രമാണോ? നിങ്ങൾ സംസാരിക്കുന്നവരും അധ്യയനം നടത്തുന്നവരുമായവർ പ്രാർഥനയെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്നും അവർ ഏതു കാര്യങ്ങളെക്കുറിച്ചു പ്രാർഥിക്കുന്നുവെന്നും ചർച്ചചെയ്തുകൊണ്ട് അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഠിനശ്രമംചെയ്യുക.—സദൃ. 15:8, 29.
17 ദൈവം ഹൃദയങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യത്തിന്റെ വീക്ഷണത്തിൽ, അവിടുത്തെ വചനം പഠിപ്പിക്കുമ്പോൾ നാമും ഹൃദയത്തിനു ശ്രദ്ധാപൂർവകമായ പരിഗണന കൊടുക്കണം. ഒരു പരസ്യപ്രസംഗം നടത്തിയാലും ഒരു വിദ്യാർഥിപ്രസംഗം നടത്തിയാലും ഒരു ഭവനബൈബിളധ്യയനം നടത്തിയാലും ഒട്ടേറെ വിവരങ്ങൾ കൈകാര്യംചെയ്യുകയെന്നതു നിങ്ങളുടെ മുഖ്യലക്ഷ്യമാക്കരുത്. മററുളളവർ യഹോവയോട് അടുക്കുന്നതിനും അവിടുത്തെ വചനം അവരുടെ ഹൃദയത്തിൽ ദൃഢമായി പതിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനാവശ്യമായ സമയം എടുക്കുക.