കഥ 17
വ്യത്യസ്തരായ ഇരട്ടകൾ
ഇവിടെ കാണുന്ന രണ്ട് ആൺകുട്ടികളും വളരെ വ്യത്യസ്തരാണ് അല്ലേ? ആകട്ടെ, അവരുടെ പേരുകൾ എന്താണെന്ന് അറിയാമോ? വേട്ടക്കാരനായ കുട്ടി ഏശാവാണ്, ആടുകളെ പരിപാലിക്കുന്നവൻ യാക്കോബും.
ഏശാവും യാക്കോബും യിസ്ഹാക്കിന്റെയും റിബെക്കായുടെയും ഇരട്ടക്കുട്ടികളാണ്. നല്ലൊരു വേട്ടക്കാരനായ ഏശാവ് കുടുംബത്തിനു വേണ്ട ആഹാരം കൊണ്ടുവരുന്നതുകൊണ്ട് യിസ്ഹാക്കിന് അവനെ വളരെ ഇഷ്ടമായിരുന്നു. എന്നാൽ റിബെക്കായ്ക്ക് യാക്കോബിനോടായിരുന്നു കൂടുതൽ ഇഷ്ടം, കാരണം വഴക്കിനൊന്നും പോകാത്ത, ശാന്ത സ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു അവൻ.
അവരുടെ വല്യപ്പനായ അബ്രാഹാം അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. അബ്രാഹാം യഹോവയെക്കുറിച്ചു പറയുമ്പോൾ അതു കേട്ടുകൊണ്ടിരിക്കാൻ യാക്കോബിന് എന്ത് ഇഷ്ടമായിരുന്നിരിക്കണം അല്ലേ? അബ്രാഹാം 175-ാമത്തെ വയസ്സിൽ മരിച്ചു. അപ്പോൾ ഈ ഇരട്ടകൾക്കു 15 വയസ്സായിരുന്നു.
ഏശാവിന് 40 വയസ്സായപ്പോൾ അവൻ കനാൻദേശത്തുനിന്ന് രണ്ടു ഭാര്യമാരെ എടുത്തു. യിസ്ഹാക്കിനും റിബെക്കായ്ക്കും വളരെ സങ്കടമായി, കാരണം അവർ യഹോവയെ ആരാധിക്കുന്നവർ അല്ലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഏശാവിനു യാക്കോബിനോടു കടുത്ത ദേഷ്യം തോന്നുന്ന ഒരു സംഗതി ഉണ്ടായി. യിസ്ഹാക് തന്റെ മൂത്തമകനെ അനുഗ്രഹിക്കാനുള്ള സമയം വന്നു. ഏശാവ് യാക്കോബിനെക്കാൾ മൂത്തവനായതിനാൽ അനുഗ്രഹം തനിക്കുതന്നെ കിട്ടുമെന്ന് അവൻ വിചാരിച്ചു. എന്നാൽ അനുഗ്രഹം കിട്ടാനുള്ള അവകാശം നേരത്തേതന്നെ ഏശാവ് യാക്കോബിനു വിറ്റിരുന്നു. മാത്രമല്ല, അനുഗ്രഹം യാക്കോബിനു കിട്ടുമെന്ന് ഈ രണ്ടു കുട്ടികളുടെയും ജനനസമയത്തുതന്നെ ദൈവം പറയുകയും ചെയ്തിരുന്നു. അതുതന്നെയാണു സംഭവിച്ചതും. യിസ്ഹാക് തന്റെ മകനായ യാക്കോബിനെ അനുഗ്രഹിച്ചു.
പിന്നീട്, ഏശാവ് ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ യാക്കോബിനോട് അവനു വലിയ ദേഷ്യമായി. ദേഷ്യം മൂത്ത്, യാക്കോബിനെ കൊല്ലാൻ പോകുകയാണെന്നു പോലും അവൻ പറഞ്ഞു. റിബെക്കാ ഇതു കേട്ടു വളരെ വിഷമിച്ചു. അതുകൊണ്ട് അവൾ തന്റെ ഭർത്താവായ യിസ്ഹാക്കിനോട് ഇങ്ങനെ പറഞ്ഞു: ‘യാക്കോബും കൂടി കനാന്യരിൽ ഒരുവളെ വിവാഹം കഴിച്ചാൽ എന്തു കഷ്ടമായിരിക്കും.’
ഇതു കേട്ടപ്പോൾ യിസ്ഹാക് തന്റെ മകനായ യാക്കോബിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘കനാനിൽനിന്ന് ആരെയും നീ വിവാഹം കഴിക്കരുത്. പകരം നീ ഹാരാനിലുള്ള നിന്റെ വല്യപ്പനായ ബെഥൂവേലിന്റെ വീട്ടിലേക്കു പോകുക. അവന്റെ മകനായ ലാബാന്റെ പെൺമക്കളിൽ ഒരുവളെ നീ വിവാഹം കഴിക്കണം.’
യാക്കോബ് തന്റെ അപ്പൻ പറഞ്ഞതനുസരിച്ച് ദൂരെ ഹാരാനിൽ അവന്റെ ബന്ധുക്കൾ പാർക്കുന്ന സ്ഥലത്തേക്കു യാത്രയായി.