അധ്യായം 19
കുട്ടികൾ എന്നെ വെറുതെ വിട്ടേക്കാത്തത് എന്തുകൊണ്ടാണ്?
ആ കുട്ടിയുടെ നടപ്പുതന്നെ അവനെ തീർച്ചയായും തിരിച്ചറിയിക്കുന്നു. പിരിമുറുക്കവും തന്നെപ്പററിത്തന്നെയുളള ഒരു നിശ്ചയമില്ലായ്മയും അവൻ പുതിയ ചുററുപാടുകളിൽ അമ്പരന്നു പോയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. മുതിർന്ന കുട്ടികൾ പെട്ടെന്നുതന്നെ അവൻ സ്കൂളിൽ ഒരു പുതിയ കുട്ടിയാണെന്ന് തിരിച്ചറിയുന്നു. നിമിഷങ്ങൾക്കകം അശ്ലീല വാക്കുകളാൽ അവനെ അഭിഷേകം ചെയ്യുന്ന യുവജനങ്ങളാൽ അവൻ ചുററപ്പെടുന്നു! ഒരു ചെവി മുതൽ മറെറ ചെവി വരെ ചോര തുടിക്കുന്ന മുഖത്തോടെ അവൻ ഏററം അടുത്ത അഭയസ്ഥാനത്തേക്ക്, വിശ്രമമുറിയിലേക്ക് ഓടുന്നു. അവിടെങ്ങും കൂട്ടച്ചിരി മാറെറാലിക്കൊളളുന്നു.
മററുളളവരെ ശല്യം ചെയ്യുന്നതും പരിഹസിക്കുന്നതും നിന്ദിക്കുന്നതും അനേക യുവജനങ്ങളുടെയും ക്രൂര വിനോദമാണ്. ബൈബിൾ കാലങ്ങളിലും ചില യുവജനങ്ങൾ ഹീനമായ ഈ സ്വഭാവം പ്രകടമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരുപററം കുട്ടികൾ ഒരിക്കൽ എലീശാ പ്രവാചകനെ ശല്യപ്പെടുത്തി. അദ്ദേഹത്തിന്റെ സ്ഥാനത്തെ നിന്ദിച്ചുകൊണ്ട് യാതൊരു ആദരവുമില്ലാതെ ആ യുവജനങ്ങൾ “മൊട്ടത്തലയാ കയറിപ്പോ! മൊട്ടത്തലയാ കയറിപ്പോ!” എന്ന് വിളിച്ചു കൂവി. (2 രാജാക്കൻമാർ 2:23-25) ഇന്ന് അതുപോലെ അനേകം യുവജനങ്ങൾ മററുളളവരെപ്പററി നിന്ദിക്കുന്നതും മുറിപ്പെടുത്തുന്നതുമായ പരാമർശനങ്ങൾ നടത്താൻ ചായ്വുളളവരാണ്.
ക്ലസ്സുമുറിയിലെ വളർച്ചയുടെ വേദനകൾ എന്ന [ഇംഗ്ലീഷ്] പുസ്തകത്തിന്റെ എഴുത്തുകാരിൽ ഒരാൾ ഇപ്രകാരം അനുസ്മരിക്കുന്നു: “ഞാൻ ഒൻപതാം ക്ലാസ്സിലെ ഏററം ഉയരം കുറഞ്ഞ കുട്ടിയായിരുന്നു. ആ ക്ലാസ്സിലെ ഏററം സമർത്ഥനും ഏററം കുറിയവനും ആയിരിക്കുക എന്നത് ഹൈസ്കൂളിലെ ഒരു ജൂണിയർ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു അപകടകരമായ സവിശേഷതയായിരുന്നു: ഒരു കുളളനായിരിക്കുന്നതിന്റെ പേരിൽ എനിക്കിട്ടിടിക്കാൻ ആഗ്രഹിക്കാഞ്ഞവർ ഞാൻ ഒരു സമർത്ഥനായതിന്റെ പേരിൽ എനിക്കിട്ടിടിച്ചു. ‘നാലു കണ്ണൻ’ എന്നതു കൂടാതെ ‘നടക്കുന്ന നിഘണ്ടു’ എന്നും അതുപോലെ വേറെ ഒരു 800 വിശേഷണങ്ങളും [നിന്ദാവാക്കുകൾ] അവർ എന്നെ വിളിച്ചു.” കുട്ടികളുടെ ഏകാന്തത എന്ന [ഇംഗ്ലീഷ്] പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഏതെങ്കിലും ശാരീരിക വൈകല്യങ്ങളോ സംസാര തടസ്സങ്ങളോ അല്ലെങ്കിൽ ശരീരപ്രകൃതിയിലോ പെരുമാററത്തിലോ എന്തെങ്കിലും പ്രത്യേകതകളോ ഉളള കുട്ടികൾ എളുപ്പം മററു കുട്ടികളുടെ പരിഹാസത്തിന്റെ ലക്ഷ്യങ്ങളായിത്തീരുന്നു.”
ചിലപ്പോൾ വളരെ ക്രൂരമായ ഒരു മത്സരത്തിൽ ഏർപ്പെട്ടുകൊണ്ട് യുവജനങ്ങൾ സ്വയസംരക്ഷണം നടത്തുന്നു: കൂടുതൽ കൂടുതൽ ദ്രോഹകരമായ നിന്ദാവാക്കുകൾ (മിക്കപ്പോഴും മറേറയാളിന്റെ മാതാപിതാക്കളെ സംബന്ധിച്ച്) പരസ്പരം തൊടുത്തു വിട്ടുകൊണ്ടുതന്നെ. എന്നാൽ സഹപാഠികളിൽനിന്നുളള ശല്യത്തെ അഭിമുഖീകരിക്കുമ്പോൾ അനേക യുവജനങ്ങളും പ്രതിരോധശക്തിയില്ലാത്തവരാണ്. ചില ദിവസങ്ങളിൽ സഹപാഠികളിൽ നിന്നുളള പരിഹാസവും ശല്യവും നിമിത്തം താൻ ഭയവിഹ്വലനും അസന്തുഷ്ടനുമായിത്തീർന്നിട്ട് തനിക്ക് ‘മനം പിരട്ടൽ അനുഭവപ്പെട്ടു’ എന്ന് ഒരു യുവാവ് ഓർമ്മിക്കുന്നു. മററു കുട്ടികൾ തന്നോട് എന്തു ചെയ്യും എന്നുളള ഉൽക്കണ്ഠ നിമിത്തം അയാൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.
തമാശ അല്ല
നിങ്ങൾ സഹപാഠികളുടെ ക്രൂരതയ്ക്ക് ഇരയായിത്തീർന്നിട്ടുണ്ടോ? ദൈവം ഇതിനെ ഒരു തമാശയായി വീക്ഷിക്കുന്നില്ല എന്നറിയുന്നത് നിങ്ങൾക്ക് ആശ്വാസകരമായിരിക്കും. അബ്രഹാമിന്റെ പുത്രനായ യിസ്ഹാക്കിന്റെ മുലകുടിമാറൽ ആഘോഷിക്കാൻ വേണ്ടി ഒരുക്കപ്പെട്ട വിരുന്നിനെപ്പററിയുളള ബൈബിൾ വിവരണം പരിഗണിക്കുക. പ്രത്യക്ഷത്തിൽ യിസ്ഹാക്കിന് ലഭിക്കാൻ പോകുന്ന അവകാശം സംബന്ധിച്ച് അസൂയാലുവായിത്തീർന്ന യിശ്മായേൽ യിസ്ഹാക്കിനെ “പരിഹസിക്കാൻ” തുടങ്ങി. എന്നിരുന്നാലും അതു വെറും തമാശ ആയിരിക്കാതെ ആ പരിഹാസം ഒരു ‘പീഡന’മായിരുന്നു. (ഗലാത്യർ 4:29) യിസ്ഹാക്കിന്റെ അമ്മയായ സാറായ്ക്ക് ഈ പരിഹാസത്തിന്റെ പിന്നിലെ ശത്രുത മനസ്സിലായി. തന്റെ പുത്രനായ യിസ്ഹാക്കിലൂടെ ഒരു “സന്തതിയെ” അല്ലെങ്കിൽ മശിഹായെ ഉല്പാദിപ്പിക്കാനുളള ദൈവോദ്ദേശ്യത്തോടുളള ഒരു അധിക്ഷേപമായി അവൾ അതിനെ വീക്ഷിച്ചു. സാറായുടെ അപേക്ഷപ്രകാരം യിശ്മായേലും അവന്റെ അമ്മയും അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.—ഉല്പത്തി 21:8-14.
അതുപോലെ യുവജനങ്ങൾ നിങ്ങളെ വിദ്വേഷപൂർവ്വം ശല്യം ചെയ്യുമ്പോൾ അതു തമാശയല്ല—വിശേഷിച്ചും നിങ്ങൾ ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ അവർ അതു ചെയ്യുമ്പോൾ. ഉദാഹരണത്തിന് ക്രിസ്തീയ യുവജനങ്ങൾ തങ്ങളുടെ വിശ്വാസത്തെപ്പററി മററുളളവരോട് സംസാരിക്കും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു സംഘം യഹോവയുടെ യുവ സാക്ഷികൾ പറഞ്ഞപ്രകാരം: “ഞങ്ങൾ വീടുതോറും പ്രസംഗിക്കുന്നതിന് സ്കൂളിലെ കുട്ടികൾ ഞങ്ങളെ പരിഹസിക്കുന്നു, അതുകൊണ്ട് അവർക്ക് ഞങ്ങളോട് പുച്ഛമാണ്.” അതെ, പുരാതന കാലത്തെ ദൈവത്തിന്റെ വിശ്വസ്ത ദാസൻമാരെപ്പോലെ അനേകം ക്രിസ്തീയ യുവജനങ്ങൾക്ക് “പരിഹാസത്താലുളള പരിശോധന” അഭിമുഖീകരിക്കേണ്ടി വരുന്നു. (എബ്രായർ 11:36) അത്തരം നിന്ദകൾ സഹിക്കുന്നതിൽ അവർ പ്രകടമാക്കുന്ന ധൈര്യത്തിന് അവർ അഭിനന്ദനം അർഹിക്കുന്നു!
അവർ അതു ചെയ്യുന്നതിന്റെ കാരണം
എന്നിരുന്നാലും നിങ്ങളുടെ പീഡകർ നിങ്ങളെ വെറുതെ വിട്ടേയ്ക്കാൻ തക്കവണ്ണം നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഒന്നാമതായി എന്തുകൊണ്ടാണ് അവർ പരിഹസിക്കുന്നത് എന്ന് ചിന്തിക്കുക. “ചിരിക്കുമ്പോൾപോലും ഹൃദയം വേദനിക്കുകയായിരിക്കാം” എന്ന് സദൃശവാക്യങ്ങൾ 14:13-ൽ ബൈബിൾ പറയുന്നു. ഒരു പററം യുവജനങ്ങൾ ആരെയെങ്കിലും വിഷമിപ്പിക്കുമ്പോൾ അവിടെ കൂട്ടച്ചിരി ഉയരുന്നു. എന്നാൽ അവർ ‘നല്ല ഹൃദയനില നിമിത്തം ഉല്ലസിച്ചുഘോഷിക്കുന്നതല്ല.’ (യെശയ്യാവ് 65:14) മിക്കപ്പോഴും ചിരി ഉളളിലെ പ്രക്ഷുബ്ധത മറയ്ക്കാനുളള ഒരു തന്ത്രം മാത്രമാണ്. വീരസ്യഭാവത്തിന്റെ പിൻപിൽ പീഡകർ വാസ്തവത്തിൽ ഇങ്ങനെയായിരിക്കാം പറയുന്നത്: ‘ഞങ്ങൾക്ക് ഞങ്ങളെത്തന്നെ ഇഷ്ടമല്ല, എന്നാൽ ആരെയെങ്കിലും താഴ്ത്തിക്കെട്ടുന്നത് ഞങ്ങൾക്കൊരു സുഖമാണ്.’
അസൂയയും ആക്രമിക്കാനുളള പ്രേരണ നൽകുന്നു. കൗമാരപ്രായക്കാരനായ യോസേഫ് അവന്റെ പിതാവിന് ഇഷ്ടപ്പെട്ടവനായിരുന്നതിനാൽ അവന്റെ സ്വന്തം സഹോദരൻമാർ അവനെതിരെ തിരിഞ്ഞതിനെപ്പററിയുളള ബൈബിൾ വിവരണം അനുസ്മരിക്കുക. കഠിനമായ അസൂയ വാഗ്രൂപേണയുളള ആക്രമണത്തിലേക്ക് മാത്രമല്ല അവനെ കൊല ചെയ്യാൻ ആലോചിക്കുന്നതിലേക്കുപോലും നയിച്ചു! (ഉല്പത്തി 37:4, 11, 20) അതുപോലെ ഇന്നും അസാധാരണ വൈഭവമുളള അല്ലെങ്കിൽ അദ്ധ്യാപകർ ഇഷ്ടപ്പെടുന്ന ഒരു വിദ്യാർത്ഥി അവന്റെ സഹപാഠികളിൽ അസൂയ ഉണർത്തിയേക്കാം. നിന്ദാവാക്കുകൾ ‘അവനെ നിലക്ക് നിറുത്തും’ എന്നു തോന്നും.
അരക്ഷിതബോധവും അസൂയയും ആത്മവിശ്വാസക്കുറവും ആണ് മിക്കപ്പോഴും പരിഹാസത്തിനുളള കാരണങ്ങൾ. അതുകൊണ്ട് അരക്ഷിതബോധം തോന്നുന്ന ഏതെങ്കിലും ഒരു യുവാവിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട് നിങ്ങൾക്ക് എന്തിന് ആത്മവിശ്വാസം നഷ്ടമാകണം?
ശല്യത്തെ തടയൽ
“പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരുന്നിട്ടില്ലാത്ത മനുഷ്യൻ സന്തുഷ്ടൻ,” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 1:1) നിങ്ങളിൽ നിന്ന് ശ്രദ്ധ അകററാൻ വേണ്ടി പരിഹാസത്തിൽ പങ്കുചേരുന്നതു പരിഹസിക്കൽ പരിപാടി തുടരാനേ സഹായിക്കുകയുളളു. “ആരോടും തിൻമയ്ക്കു പകരം തിൻമ ചെയ്യാതെ . . . തിൻമയെ നൻമകൊണ്ട് ജയിച്ചടക്കുക” എന്നത് ദൈവികമായ ബുദ്ധിയുപദേശമാണ്.—റോമർ 12:17-21.
സഭാപ്രസംഗി 7:9 കൂടുതലായി ഇപ്രകാരം പറയുന്നു: “നീരസം തോന്നാൻ നിന്റെ ആത്മാവിൽ നീ തിടുക്കം കൂട്ടരുത്, എന്തുകൊണ്ടെന്നാൽ മൂഢൻമാരുടെ മാർവ്വിലാണ് നീരസം വസിക്കുന്നത്.” അതെ, പരിഹാസത്തെ നിങ്ങൾ എന്തിന് അത്ര ഗൗരവമായിട്ടെടുക്കണം? നിങ്ങളുടെ ശരീരഘടന സംബന്ധിച്ച് ആരെങ്കിലും നിങ്ങളെ പരിഹസിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ മുഖത്തിന്റെ എന്തെങ്കിലും വൈരൂപ്യത്തിൽ വിനോദം കണ്ടെത്തുകയോ ചെയ്യുന്നെങ്കിൽ അതു വേദനാജനകമാണെന്നത് സമ്മതിക്കുന്നു. എന്നിരുന്നാലും അത്തരം പരാമർശനങ്ങൾ രുചികരമല്ലെങ്കിലും അവശ്യം ദ്രോഹപരമായിരിക്കണമെന്നില്ല. അതുകൊണ്ട് ആരെങ്കിലും നിരുപദ്രവകരമായി—അല്ലെങ്കിൽ ഒരുപക്ഷേ അത്ര നിരുപദ്രവകരമല്ലാതെ പോലും—വേദനിപ്പിക്കത്തക്കവണ്ണം നിങ്ങളെ സ്പർശിച്ചാൽ നിങ്ങൾ എന്തിന് തകർന്നുപോകണം? പറയപ്പെടുന്നത് അശ്ലീലമോ ദൈവനിന്ദയോ അല്ലെങ്കിൽ അതിലെ നർമ്മരസം കാണാൻ ശ്രമിക്കുക. “ചിരിക്കാൻ ഒരു സമയ”മുണ്ട്, തമാശയായ പരിഹാസത്തിൽ നീരസം തോന്നുന്നത് അതിരുകടന്ന പ്രതികരണമായിരുന്നേക്കാം.—സഭാപ്രസംഗി 3:4.
പരിഹാസം ക്രൂരവും ദ്രോഹപരംപോലുമാണെങ്കിലെന്ത്? പരിഹാസി നിങ്ങളുടെ പ്രതികരണം കണ്ടു രസിക്കാനും നിങ്ങളുടെ സങ്കടത്തിൽ ഉല്ലസിക്കാനും ആഗ്രഹിക്കുന്നു എന്ന് ഓർമ്മിക്കുക. തിരിച്ചടിക്കുന്നത്, സ്വയ സംരക്ഷണത്തിന് ശ്രമിക്കുന്നത്, അല്ലെങ്കിൽ പൊട്ടിക്കരയുന്നത് ശല്യം തുടരാൻ അവനെ അല്ലെങ്കിൽ അവളെ പ്രോത്സാഹിപ്പിക്കുകയേയുളളു. അയാൾക്ക് എന്തിന് നിങ്ങൾ അസ്വസ്ഥനായിക്കാണുന്നതിന്റെ സംതൃപ്തി നൽകണം? മിക്കപ്പോഴും അധിക്ഷേപം തടയാനുളള ഏററം നല്ല മാർഗ്ഗം യാതൊരു ഭാവഭേദവും കൂടാതെ അതിനെ അവഗണിക്കുക എന്നതാണ്.
ശലോമോൻ രാജാവ് ഇപ്രകാരം കൂട്ടിച്ചേർത്തു: “ആളുകൾ പറയുന്ന എല്ലാ വാക്കുകൾക്കും നിന്റെ ഹൃദയം കൊടുക്കരുത് [“ആളുകൾ പറയുന്ന എല്ലാററിനും ശ്രദ്ധ കൊടുക്കരുത്”—ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ], നിന്റെ ദാസൻ നിന്നെ ശപിക്കുന്നത് നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. എന്തുകൊണ്ടെന്നാൽ നീ, അതെ നീ തന്നെയും മററുളളവരെ പലപ്രാവശ്യം ശപിച്ചിട്ടുണ്ട് എന്നുളളത് നിന്റെ സ്വന്തം ഹൃദയം നന്നായി അറിയുന്നുവല്ലോ.” (സഭാപ്രസംഗി 7:21, 22) പരിഹാസികളുടെ രൂക്ഷമായ പരാമർശനങ്ങൾക്ക് “നിന്റെ ഹൃദയം നൽകുന്ന”തിന്റെ അർത്ഥം നിങ്ങളെ സംബന്ധിച്ചുളള അവരുടെ വിധിയെപ്പററി വളരെയധികം ഉൽക്കണ്ഠാകുലനാവുക എന്നാണ്. അവരുടെ വിധി സാധുവായതാണോ? അസൂയാലുക്കളായ സഹപ്രവർത്തകരാൽ അപ്പോസ്തലനായ പൗലോസ് അന്യായമായി ആക്രമിക്കപ്പെട്ടു, എന്നാൽ അവൻ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളാലോ ഒരു മാനുഷ ന്യായാധിപസംഘത്താലോ വിധിക്കപ്പെടുന്നത് എനിക്ക് നിസ്സാരം. . . . എന്നെ വിധിക്കുന്നത് യഹോവയാണ്.” (1 കൊരിന്ത്യർ 4:3, 4) ദൈവവുമായുളള പൗലോസിന്റെ ബന്ധം വളരെ ശക്തമായിരുന്നതിനാൽ അന്യായമായ ആക്രമണങ്ങളെ ചെറുത്തു നിൽക്കാനുളള ആത്മധൈര്യവും ഉൾക്കരുത്തും അവനുണ്ടായിരുന്നു.
നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക
ചിലപ്പോൾ ഒരു ക്രിസ്ത്യാനിയായുളള നിങ്ങളുടെ ജീവിതരീതി നിമിത്തം നിങ്ങൾ പരിഹസിക്കപ്പെട്ടേക്കാം. യേശുക്രിസ്തു തന്നെയും അത്തരം “എതിർ സംസാരങ്ങൾ” സഹിക്കേണ്ടിവന്നു. (എബ്രായർ 12:3) യഹോവയുടെ ദൂത് ധൈര്യപൂർവ്വം സംസാരിച്ചതിനാൽ യിരെമ്യാവും “ദിവസം മുഴുവൻ പരിഹാസപാത്രമായിത്തീർന്നു.” ശല്യം വളരെ ശക്തമായിരുന്നതിനാൽ യിരെമ്യാവിന് തൽക്കാലത്തേക്ക് സംസാരിക്കാനുളള പ്രേരണ ഇല്ലാതായി. “ഞാൻ ഇനി അവനെ (യഹോവയെ) പരാമർശിക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കുകയുമില്ല” എന്ന് അവൻ തീരുമാനിച്ചു. എന്നിരുന്നാലും ദൈവത്തോടും സത്യത്തോടുമുളള അവന്റെ സ്നേഹം ക്രമേണ അവന്റെ ഭയത്തെ കീഴടക്കാൻ അവനെ പ്രേരിപ്പിച്ചു.—യിരെമ്യാവ് 20:7-9.
അതുപോലെ ഇന്ന് ചില ക്രിസ്തീയ യുവജനങ്ങൾ നിരുത്സാഹിതരായിത്തീർന്നിട്ടുണ്ട്. പരിഹാസം തടയാനുളള താല്പര്യത്തിൽ തങ്ങൾ ക്രിസ്ത്യാനികളാണെന്ന വസ്തുത മറച്ചു വയ്ക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ദൈവത്തോടുളള സ്നേഹം മിക്കപ്പോഴും അത്തരം ആളുകൾ അവസാനം അവരുടെ ഭയത്തെ കീഴടക്കാനും തങ്ങളുടെ ‘വെളിച്ചം പ്രകാശിപ്പിക്കാനും’ ഇടയാക്കുന്നു! (മത്തായി 5:16) ഉദാഹരണത്തിന് ഒരു കൗമാരപ്രായക്കാരൻ പറഞ്ഞു: “എന്റെ മനോഭാവത്തിനു മാററം വന്നു. ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത് ഞാൻ വഹിക്കേണ്ട ഒരു ഭാരമാണെന്ന വീക്ഷണം വിട്ടിട്ട് ഞാൻ അഭിമാനം കൊളേളണ്ട ഒരു സംഗതിയായി ഞാൻ അതിനെ വീക്ഷിക്കാൻ തുടങ്ങി.” നിങ്ങൾക്കും ദൈവത്തെ അറിയുന്നതിന്റെയും മററുളവരെ സഹായിക്കാൻ വേണ്ടി അവനാൽ ഉപയോഗിക്കപ്പെടുന്നതിന്റെയും പദവി സംബന്ധിച്ച് “പ്രശംസിക്കാൻ” കഴിയും.—1 കൊരിന്ത്യർ 1:31.
എന്നിരുന്നാലും, നിരന്തരം മററുളളവരെ വിമർശിച്ചുകൊണ്ടും അല്ലെങ്കിൽ നിങ്ങൾ മററുളളവരെക്കാൾ ശ്രേഷ്ഠരാണെന്ന് വിചാരിക്കുന്നതായി ഒരു ധാരണ നൽകിക്കൊണ്ടും ശത്രുത ക്ഷണിച്ചു വരുത്തരുത്. നിങ്ങളുടെ വിശ്വാസം പങ്കുവയ്ക്കാൻ അവസരം ലഭിക്കുമ്പോൾ അങ്ങനെ ചെയ്യുക, എന്നാൽ അതു “സൗമ്യതയോടും ആഴമായ ബഹുമാനത്തോടും” കൂടെ വേണം. (1 പത്രോസ് 3:15) നല്ല പെരുമാററം സംബന്ധിച്ച നിങ്ങളുടെ കീർത്തി നിങ്ങൾ സ്കൂളിലായിരിക്കുമ്പോൾ നിങ്ങളുടെ ഏററം വലിയ സംരക്ഷണമാണെന്ന് തെളിഞ്ഞേക്കാം. നിങ്ങളുടെ ധീരമായ നിലപാട് മററുളളവർ ഇഷ്ടപ്പെട്ടില്ലെങ്കിലും അവർ മിക്കപ്പോഴും മനസ്സില്ലാമനസ്സോടെയാണെങ്കിലും അതിന്റെ പേരിൽ നിങ്ങളെ ആദരിക്കും.
വനേസ്സാ എന്ന പെൺകുട്ടിക്ക് ഒരു പററം പെൺകുട്ടികളിൽ നിന്നുളള ശല്യം സഹിക്കേണ്ടി വന്നു, അവർ അവളെ ഇടിക്കുകയും പിടിച്ചു തളളുകയും കൈയ്യിൽ നിന്ന് പുസ്തകങ്ങൾ തട്ടിത്തെറിപ്പിക്കുകയും ചെയ്യുമായിരുന്നു—മനപ്പൂർവ്വം ഒരു വഴക്കുണ്ടാക്കാൻ വേണ്ടിതന്നെ. അവർ അവളുടെ ദേഹത്തും വെളള വസ്ത്രത്തിലും ചോക്ലേററ് മിൽക്ക് ഒഴിക്കുക പോലും ചെയ്തു. എന്നിട്ടും അവൾ ഒരിക്കൽപോലും പ്രകോപിതയായില്ല. കുറേ നാളുകൾക്കുശേഷം വനേസ്സ ഈ പെൺകുട്ടികളുടെ പ്രമാണിയെ യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ വച്ച് കണ്ടുമുട്ടി! “ഞാൻ നിന്നെ വെറുത്തിരുന്നു . . . ” മുൻ പീഡക പറഞ്ഞു. “ഒരിക്കലെങ്കിലും നീ പ്രകോപിതയാകുന്നതു കാണാൻ ഞാൻ ആഗ്രഹിച്ചു.” വനേസ്സ എങ്ങനെ തന്റെ പ്രശാന്തത നിലനിർത്തി എന്ന് അറിയാനുളള ജിജ്ഞാസ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നതിലേക്ക് അവളെ നയിച്ചു. “ഞാൻ പഠിച്ച കാര്യങ്ങൾ എനിക്കിഷ്ടമായി,” അവൾ തുടർന്നു, “നാളെ ഞാൻ സ്നാപനം ഏൽക്കുകയാണ്.”
അതുകൊണ്ട് സഹപാഠികളിൽ നിന്നുളള “എതിർ സംസാര”ത്തെ നിങ്ങളുടെ ആത്മാവിനെ തകർക്കാൻ അനുവദിക്കരുത്. ഉചിതമായിരിക്കുമ്പോൾ നർമ്മബോധം പ്രകടമാക്കുക. തിൻമയോട് നൻമകൊണ്ട് പ്രതികരിക്കുക. എരിതീയിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാൻ വിസമ്മതിക്കുക, ക്രമേണ നിങ്ങളെ ദണ്ഡിപ്പിക്കുന്നവർക്ക് നിങ്ങളെ അവരുടെ പരിഹാസത്തിന്റെ ലക്ഷ്യമാക്കുന്നതിൽ ഒട്ടുംതന്നെ രസം ഇല്ലാതാകും, കാരണം “വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകുന്നു.”—സദൃശവാക്യങ്ങൾ 26:20.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ മററുളളവരെ ക്രൂരമായി പരിഹസിക്കുന്നവരെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?
◻ മിക്കപ്പോഴും യുവജനങ്ങളുടെ ശല്യത്തിന്റെ പിമ്പിൽ ഉളളതെന്താണ്?
◻ നിങ്ങൾക്ക് പരിഹാസം പരമാവധി കുറയ്ക്കുന്നതിനോ നിറുത്തിക്കുന്നതിനുപോലുമോ എങ്ങനെ കഴിയും?
◻ മററുളളവർ നിങ്ങളെ പരിഹസിക്കുമ്പോൾ പോലും സ്കൂളിൽ നിങ്ങൾ നിങ്ങളുടെ “വെളിച്ചം പ്രകാശിപ്പിക്കുന്നത്” പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
◻ സ്കൂളിലെ അക്രമ പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന് നിങ്ങൾക്ക് എന്തു നടപടികൾ സ്വീകരിക്കാൻ കഴിയും?
[155-ാം പേജിലെ ആകർഷകവാക്യം]
വീരസ്യഭാവത്തിന്റെ പിന്നിൽ പീഡിപ്പിക്കുന്നവർ വാസ്തവത്തിൽ ഇങ്ങനെ പറയുന്നുണ്ടായിരിക്കാം: ‘ഞങ്ങൾക്ക് ഞങ്ങളോടുതന്നെ ഇഷ്ടമില്ല, എന്നാൽ ആരെയെങ്കിലും താഴ്ത്തിക്കെട്ടുന്നത് ഞങ്ങൾക്കൊരു സുഖമാണ്’
[152-ാം പേജിലെ ചതുരം]
പ്രഹരമേൽക്കുന്നത് എനിക്ക് എങ്ങനെ ഒഴിവാക്കാം?
‘ജീവനെടുത്തു കൈയിൽ പിടിച്ചുകൊണ്ടാണ് നിങ്ങൾ സ്കൂളിലേക്കു വരുന്നത്.’ അനേകം വിദ്യാർത്ഥികൾ അങ്ങനെ പറയാറുണ്ട്. എന്നാൽ ഒരു ആയുധം കൊണ്ടു നടക്കുന്നത് മൗഢ്യമാണ്, അതു കുഴപ്പം ക്ഷണിച്ചു വരുത്തുകയും ചെയ്യും. (സദൃശവാക്യങ്ങൾ 11:27) അപ്പോൾ പിന്നെ നിങ്ങൾക്ക് നിങ്ങളെത്തന്നെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?
അപകട സ്ഥാനങ്ങൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുക. ചില സ്കൂളുകളിൽ ഇടനാഴികളും ഗോവണിയുടെ മറയിലുളള സ്ഥലവും സൂക്ഷിപ്പുമുറികളും യഥാർത്ഥത്തിൽ കുഴപ്പം പിടിച്ച സ്ഥാനങ്ങളാണ്. ഏററുമുട്ടലുകളുടെയും മയക്കുമരുന്നു ദുരുപയോഗത്തിന്റെയും കേന്ദ്രസ്ഥാനമെന്നനിലയിൽ വിശ്രമ മുറികൾക്ക് ദുഷ്ക്കീർത്തിയുളളതുകൊണ്ട് പല യുവജനങ്ങളും ഈ സൗകര്യങ്ങൾ ഉപയോഗിക്കാത്തതുകൊണ്ടുളള ബുദ്ധിമുട്ട് സഹിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ സഹവാസം സൂക്ഷിക്കുക. മിക്കപ്പോഴും മോശമായ ഒരു കൂട്ടത്തോട് സഹവസിക്കുന്നതുകൊണ്ടുമാത്രം ഒരു യുവാവ് ഒരു വഴക്കിന് നടുവിൽ തന്നെത്തന്നെ കണ്ടെത്തുന്നു. (സദൃശവാക്യങ്ങൾ 22:24, 25 കാണുക.) തീർച്ചയായും നിങ്ങളുടെ സ്കൂളിലുളളവരോട് അവഗണന കാട്ടുന്നത് അവരെ നിങ്ങളിൽനിന്ന് അകററുകയോ നിങ്ങളുടെ ശത്രുക്കളാക്കുകയോ ചെയ്തേക്കാം. നിങ്ങൾ അവരോട് സൗഹൃദവും മര്യാദയും കാണിക്കുന്നെങ്കിൽ നിങ്ങളെ ശല്യം ചെയ്യാതെ വിടാൻ അവർ കൂടുതൽ ചായ്വ് കാണിച്ചേക്കാം.
ശണ്ഠകളിൽ നിന്ന് അകന്നു മാറുക. “അന്യോന്യം പോരിന് വിളിക്കുന്നത് ഒഴിവാക്കുക.” (ഗലാത്യർ 5:26, അടിക്കുറിപ്പ്) ഒരു ഏററുമുട്ടലിൽ നിങ്ങൾ വിജയിക്കുന്നുവെങ്കിലും നിങ്ങളുടെ എതിരാളി അടുത്ത ഏററുമുട്ടലിനുവേണ്ടി ഒരു അവസരം നോക്കിയിരിക്കുകയായിരിക്കും. അതുകൊണ്ട് ഒന്നാമത് സംസാരിച്ച് രമ്യതയിലാകാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 15:1) സംസാരം ഫലിക്കുന്നില്ലെങ്കിൽ അക്രമാസക്തമായ ഒരു ഏററുമുട്ടലിൽ നിന്ന് നടന്ന്—ഓടിപോലും—അകലുക. “ചത്ത സിംഹത്തേക്കാൾ ജീവനുളള നായ് നല്ലതാണ്” എന്ന് ഓർക്കുക. (സഭാപ്രസംഗി 9:4) ഒരു അവസാനകൈ എന്ന നിലയിൽ നിങ്ങളെത്തന്നെ കാക്കുന്നതിനും ജീവരക്ഷക്കും വേണ്ടി ന്യായമായ എന്തെങ്കിലും മാർഗ്ഗം സ്വീകരിക്കുക.—റോമർ 12:18.
നിങ്ങളുടെ മാതാപിതാക്കളോട് സംസാരിക്കുക. “മാതാപിതാക്കൾ തങ്ങളെ ഭീരുക്കളായി കരുതുമെന്നും ശല്യക്കാരോട് എതിർത്തു നിൽക്കാത്തതിന് തങ്ങളെ ശകാരിക്കുമെന്നും ഭയന്ന് യുവജനങ്ങൾ സ്കൂളിലെ തങ്ങളുടെ ഭയപ്പാടുകളെക്കുറിച്ച് മാതാപിതാക്കളോട് പറയാറില്ല.” (കുട്ടികളുടെ ഏകാന്തത) [ഇംഗ്ലീഷ്] എന്നാൽ മിക്കപ്പോഴും മാതാപിതാക്കളുടെ ഇടപെടലാണ് ശല്യം അവസാനിപ്പിക്കാനുളള ഏകമാർഗ്ഗം.
ദൈവത്തോട് പ്രാർത്ഥിക്കുക. നിങ്ങൾ ശാരീരികോപദ്രവങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് ദൈവം ഉറപ്പു തരുന്നില്ല. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനുളള ധൈര്യവും സാഹചര്യം ശാന്തമാക്കുന്നതിനാവശ്യമായ ജ്ഞാനവും നിങ്ങൾക്ക് തരാൻ അവന് കഴിയും.—യാക്കോബ് 1:5.
[151-ാം പേജിലെ ചിത്രം]
അനേക യുവജനങ്ങൾ സഹപാഠികളിൽനിന്നുളള ശല്യത്തിന് ഇരയായിത്തീരുന്നു
[154-ാം പേജിലെ ചിത്രം]
പരിഹാസി നിങ്ങളുടെ ദുഃഖത്തിൽ ഉല്ലസിക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചടിക്കുന്നതോ പൊട്ടിക്കരയുന്നതോ കൂടുതലായി ശല്യം ചെയ്യാൻ പ്രോത്സാഹനം നൽകുകപോലും ചെയ്തേക്കാം
[156-ാം പേജിലെ ചിത്രം]
പരിഹസിക്കപ്പെടുമ്പോൾ നർമ്മബോധം പ്രകടമാക്കാൻ ശ്രമിക്കുക