അധ്യായം 133
ദൈവം ആവശ്യപ്പെടുന്നതെല്ലാം യേശു പൂർത്തിയാക്കുന്നു
യുദ്ധവീരനാം രാജാവായ യേശുക്രിസ്തു സാത്താനെയും അവന്റെ നീതികെട്ട ലോകത്തെയും നീക്കിക്കളയുമ്പോൾ അത് സന്തോഷിക്കാനുളള എന്തോരു കാരണമായിരിക്കും! ഒടുവിൽ യേശുക്രിസ്തുവിന്റെ സമാധാനപൂർണ്ണമായ ആയിരംവർഷ വാഴ്ച ആരംഭിക്കുന്നു!
യേശുവിന്റെയും അവന്റെ സഹരാജാക്കൻമാരുടെയും മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ നീതിനിഷ്ഠമായ ആ യുദ്ധം അവശേഷിപ്പിക്കുന്ന നഷ്ടശിഷ്ടങ്ങളെ നീക്കം ചെയ്യും. സാദ്ധ്യതയനുസരിച്ച് ഭൗമിക അതിജീവകർ കുറേക്കാലത്തേക്ക് കുട്ടികളെ ജനിപ്പിക്കും, കൃഷി ചെയ്ത് ഭൂമിയെ അതിമനോഹരമായ ഉദ്യാനതുല്യമായ ഒരു തോട്ടമാക്കുന്ന ഉല്ലാസകരമായ വേലയിൽ അവരും പങ്കുചേരും.
കാലക്രമത്തിൽ ഈ സുന്ദരമായ പറുദീസ ആസ്വദിക്കാൻ കോടിക്കണക്കിന് ആളുകളെ യേശു അവരുടെ ശവക്കല്ലറകളിൽ നിന്ന് പുറത്തുകൊണ്ടുവരും. അവൻ തന്നെ നൽകിയ ഉറപ്പിന്റെ നിവൃത്തിയായി അവൻ അങ്ങനെ ചെയ്യും: “സ്മാരക കല്ലറകളിലുളള എല്ലാവരും പുറത്തുവരാനുളള . . . നാഴിക വരുന്നു.”
യേശു ഉയർപ്പിക്കുന്നവരുടെ കൂട്ടത്തിൽ തന്നോടൊപ്പം ദണ്ഡന സ്തംഭത്തിൽ മരിച്ച ആ ദുഷ്പ്രവൃത്തിക്കാരനും ഉണ്ടായിരിക്കും. യേശു അവനോട് വാഗ്ദാനം ചെയ്തത് ഓർമ്മിക്കുക: “സത്യമായും ഇന്നു ഞാൻ നിന്നോട് പറയുന്നു, നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കും.” ഇല്ല, ആ മനുഷ്യൻ യേശുവിനോടുകൂടെ രാജാവായി ഭരിക്കാൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയോ പറുദീസാ ഭൂമിയിൽ അയാളോടുകൂടെ വസിക്കാൻ വേണ്ടി യേശു വീണ്ടും ഒരു മനുഷ്യനായിത്തീരുകയോ ഇല്ല. മറിച്ച്, യേശു മുൻദുഷ്പ്രവൃത്തിക്കാരനെ പറുദീസയിലെ ജീവനിലേക്ക് ഉയർപ്പിക്കുകയും അടുത്ത പേജിൽ ചിത്രീകരിച്ചിരിക്കുന്നപ്രകാരം അവന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേററുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യും എന്ന അർത്ഥത്തിലാണ് യേശു അവനോടുകൂടെ ഉണ്ടായിരിക്കുന്നത്.
ഇതേപ്പററി ചിന്തിക്കുക! യേശുവിന്റെ സ്നേഹപൂർവ്വകമായ ശ്രദ്ധയിൻ കീഴിൽ മുഴു മാനുഷകുടുംബവും—അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരും, അവരുടെ മക്കളും, അവനെ അനുസരിക്കുന്നവരായി മരിച്ചവരിൽ നിന്ന് പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെട്ട കോടിക്കണക്കിന് ആളുകളും—മാനുഷ പൂർണ്ണതയിലേക്ക് വളരും. തന്റെ രാജകീയ പുത്രനായ യേശുക്രിസ്തുവിലൂടെ യഹോവ ആത്മീയമായി മനുഷ്യവർഗ്ഗത്തോടുകൂടെ വസിക്കും. സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരം പറയുന്നതായി യോഹന്നാൻ കേട്ടതുപോലെ, “അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കുകയില്ല.” ഭൂമിയിൽ യാതൊരാളും കഷ്ടമനുഭവിക്കുകയോ രോഗിയായിരിക്കുകയോ ചെയ്യുകയില്ല.
യേശുവിന്റെ ആയിരംവർഷ വാഴ്ചയുടെ അവസാനത്തിൽ, ദൈവം ആദ്യ മാനുഷജോടിയായ ആദാമിനോടും ഹവ്വയോടും സന്താനപുഷ്ടിയുളളവരായി ഭൂമിയെ നിറക്കാൻ കൽപ്പിച്ചപ്പോൾ ദൈവം ഉദ്ദേശിച്ചതുപോലെയുളള സാഹചര്യമായിരിക്കും ഉണ്ടായിരിക്കുക. അതെ, നീതിയുളള, പൂർണ്ണതയുളള ഒരു മനുഷ്യവർഗ്ഗത്തെക്കൊണ്ട് ഭൂമി നിറഞ്ഞിരിക്കും. യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ എല്ലാവർക്കും വേണ്ടി പ്രയോഗിക്കപ്പെടുന്നതിനാലാണ് അത് സാധിക്കുന്നത്. ആദാമിന്റെ പാപംമൂലമുളള മരണം മേലാൽ ഉണ്ടായിരിക്കുകയില്ല!
അങ്ങനെ, യഹോവ അവനോട് ആവശ്യപ്പെടുന്നതെല്ലാം അവൻ നിവൃത്തിച്ചിരിക്കും. അതുകൊണ്ട് ആയിരം വർഷത്തിന്റെ അവസാനം രാജ്യത്തെയും പൂർണ്ണതയിലേക്ക് വരുത്തപ്പെട്ട മാനുഷകുടുംബത്തെയും അവൻ പിതാവിനെ ഏൽപ്പിക്കും. അപ്പോൾ ദൈവം മരണതുല്യമായ നിഷ്ക്രിയത്വത്തിന്റെ അഗാധത്തിൽ നിന്ന് സാത്താനെയും അവന്റെ ഭൂതങ്ങളെയും അഴിച്ചു വിടും. എന്തിനുവേണ്ടി?
കൊളളാം, ആയിരംവർഷങ്ങളുടെ അവസാനമാകുമ്പോഴേക്കും പറുദീസയിൽ ജീവിക്കുന്ന ഭൂരിപക്ഷം ആളുകളും തങ്ങളുടെ വിശ്വാസം ഒരിക്കലും പരീക്ഷിച്ചിട്ടില്ലാത്ത പുരുത്ഥാനത്തിലേക്ക് വരുത്തപ്പെട്ടവരായിരിക്കും. മരിക്കുന്നതിന് മുമ്പ് അവർ ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതുകൊണ്ട് അവയിൽ വിശ്വാസം പ്രകടമാക്കാനും കഴിഞ്ഞില്ല. പിന്നീട് പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടുകയും ബൈബിൾ സത്യങ്ങൾ പഠിപ്പിക്കപ്പെടുകയും ചെയ്തശേഷം അവർക്ക് പറുദീസയിൽ എതിർപ്പൊന്നും കൂടാതെ ദൈവത്തെ സേവിക്കുക എളുപ്പമായിരുന്നു. എന്നാൽ ദൈവത്തെ സേവിക്കുന്നതിൽ തുടരുന്നതിൽ നിന്ന് അവരെ തടയാൻ ശ്രമിക്കുന്നതിന് സാത്താന് അവസരം നൽകപ്പെട്ടാൽ, പരിശോധനയിൻകീഴിൽ അവർ വിശ്വസ്തരെന്ന് തെളിയിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന് സാത്താൻ അഴിച്ചുവിടപ്പെടും.
യേശുവിന്റെ ആയിരംവർഷ വാഴ്ചയുടെ അവസാനം, എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ഒരു കൂട്ടം ആളുകളെ ദൈവത്തെ സേവിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ സാത്താൻ വിജയിക്കുമെന്ന് യോഹന്നാന് നൽകപ്പെട്ട വെളിപ്പാട് വ്യക്തമാക്കുന്നു. എന്നാൽ അപ്പോൾ, അന്തിമ പരിശോധന അവസാനിച്ചശേഷം, സാത്താനും അവന്റെ ഭൂതങ്ങളും ആരെയെല്ലാം വഴിതെററിക്കുന്നതിൽ അവൻ വിജയിച്ചുവോ അവരും എന്നേക്കുമായി നശിപ്പിക്കപ്പെടും. നേരെ മറിച്ച്, പൂർണ്ണമായി പരിശോധിക്കപ്പെട്ട വിശ്വസ്തരായ അതിജീവകർ അവരുടെ സ്വർഗ്ഗീയപിതാവിന്റെ അനുഗ്രഹങ്ങൾ തുടർന്ന് ആസ്വദിക്കാൻ സകല നിത്യതയിലും ജീവിക്കും.
വ്യക്തമായും, ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ യേശു മർമ്മപ്രധാനമായ ഒരു പങ്കുവഹിച്ചിരിക്കുന്നു, തുടർന്നും വഹിക്കുകയും ചെയ്യും. ദൈവത്തിന്റെ വലിയ സ്വർഗ്ഗീയ രാജാവെന്ന നിലയിൽ അവൻ ചെയ്യുന്ന സകലത്തിന്റെയും ഫലമായി എന്തൊരു മഹത്തായ ഭാവിയാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക. എന്നിരുന്നാലും ഒരു മനുഷ്യനെന്നനിലയിൽ അവൻ ചെയ്തതൊന്നും നമുക്ക് മറക്കാൻ കഴിയുകയില്ല.
യേശു മനസ്സോടെ ഭൂമിയിലേക്ക് വരികയും അവന്റെ പിതാവിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവത്തിന്റെ വിലപ്പെട്ട ഗുണങ്ങളുടെ ശ്രേഷ്ഠ മാതൃക അവൻ നമുക്ക് കാണിച്ചു തന്നു. അവന്റെ സമുന്നതമായ ധീരതയും പുരുഷത്വവും അവന്റെ അതുല്യമായ ജ്ഞാനവും അവന്റെ അതിശ്രേഷ്ഠമായ പഠിപ്പിക്കൽ പ്രാപ്തിയും അവന്റെ ധീരമായ നേതൃത്വവും അവന്റെ ആർദ്രദയയും സഹാനുഭൂതിയും പരിഗണിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ത്രസിക്കുന്നു. മറുവില നൽകാൻവേണ്ടി അവൻ വർണ്ണനാതീതമായ കഷ്ടം സഹിച്ചതിനേപ്പററി നാം ഓർക്കുമ്പോൾ, അതിനാലല്ലോ നമുക്ക് ജീവൻ നേടാൻ കഴിയുന്നത്, നമ്മുടെ ഹൃദയങ്ങൾ അവനോടുളള വിലമതിപ്പുകൊണ്ട് നിറയുന്നു!
യേശുവിന്റെ ജീവിതത്തെ സംബന്ധിച്ചുളള ഈ പഠനത്തിൽ വാസ്തവത്തിൽ എങ്ങനെയുളെളാരു മനുഷ്യനെയാണ് നാം കണ്ടത്! അവന്റെ മാഹാത്മ്യം പ്രകടമാണ്, അത് അതിരററതാണ്. റോമൻ ഗവർണ്ണറായിരുന്ന പൊന്തിയൊസ് പീലാത്തൊസിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ നാം പ്രേരിതരായിത്തീരുന്നു: “കണ്ടാലും! മനുഷ്യനിതാ!” അതെ, “യഥാർത്ഥ മനുഷ്യൻ,” ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ!
അവന്റെ മറുവിലയാഗത്തിന്റെ കരുതൽ നാം സ്വീകരിക്കുന്നതിനാൽ ആദാമിൽ നിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ ഭാരവും മരണവും നമ്മിൽ നിന്ന് നീക്കം ചെയ്യപ്പെടാനും യേശുവിന് നമ്മുടെ “നിത്യപിതാവാ”യിത്തീരാനും കഴിയും. നിത്യജീവൻ സമ്പാദിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ദൈവത്തെ സംബന്ധിച്ച് മാത്രമല്ല അവന്റെ പുത്രനായ യേശുക്രിസ്തുവിനെ സംബന്ധിച്ചും ഉളള അറിവ് ഉൾക്കൊളേളണ്ടതുണ്ട്. ഈ പുസ്തകത്തിന്റെ വായനയും പഠനവും നിങ്ങൾ അത്തരം ജീവദായകമായ അറിവ് ഉൾക്കൊളളാൻ ഇടയാക്കട്ടെ! 1 യോഹന്നാൻ 2:17; 1:7; യോഹന്നാൻ 5:28, 29; 3:16; 17:3; 19:5; ലൂക്കോസ് 23:43; ഉൽപ്പത്തി 1:28; 1 കൊരിന്ത്യർ 15:24-28; വെളിപ്പാട് 20:1-3, 6-10; 21:3, 4; യെശയ്യാവ് 9:6.
▪ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെയും അവരുടെ മക്കളുടെയും സന്തുഷ്ടമായ പദവി എന്തായിരിക്കും?
▪ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരെയും അവരുടെ മക്കളെയും കൂടാതെ മററാരുംകൂടെ പറുദീസ ആസ്വദിക്കും, ഏത് അർത്ഥത്തിലാണ് യേശു അവരോടൊപ്പം ഉണ്ടായിരിക്കുന്നത്?
▪ ആയിരംവർഷ വാഴ്ചയുടെ അവസാനത്തിലെ സാഹചര്യം എന്തായിരിക്കും, അപ്പോൾ യേശു എന്ത് ചെയ്യും?
▪ സാത്താൻ അഗാധത്തിൽ നിന്ന് അഴിച്ചുവിടപ്പെടുന്നത് എന്തിനാണ്, അന്തിമമായി അവനും അവനെ അനുഗമിക്കുന്ന സകലർക്കും എന്ത് സംഭവിക്കും?
▪ യേശുവിന് എങ്ങനെയാണ് നമ്മുടെ “നിത്യപിതാവാ”യിത്തീരാൻ കഴിയുക?