പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസ ദൈവത്തെ മഹത്വപ്പെടുത്തുന്നു
“ഞാൻ എന്റെ പാദസ്ഥാനത്തെതന്നെ മഹത്വീകരിക്കും.”—യെശയ്യാവ് 60:13
1, 2. (എ) തന്റെ യെശയ്യാ പ്രവാചകൻമുഖാന്തരം ദൈവം ഭൂമിയെസംബന്ധിച്ച് എന്തു മുൻകൂട്ടിപ്പറഞ്ഞു? (ബി) ഭാവിയിലേക്ക് ഒരു ആയിരം വർഷം മുമ്പോട്ടുനോക്കുമ്പോൾ നാം എന്തു കാണുന്നു?
യഹോവ ഭൂമിയെ തന്റെ പാദങ്ങളിൻകീഴിൽ ഒരു ഗ്രഹമായി, തന്റെ ആലങ്കാരിക പാദപീഠമായി സൃഷ്ടിച്ചു. താൻ ‘തന്റെ പാദസ്ഥാനത്തെത്തന്നെ മഹത്വീകരിക്കു’മെന്ന് അവൻ തന്റെ പ്രവാചകനായ യെശയ്യാവു മുഖേന മുൻകൂട്ടിപ്പറയുകയുണ്ടായി. (യെശയ്യാവ് 60:13) നിശ്വസ്തബൈബിളിന്റെ സഹായത്തോടെ നമുക്ക് ശക്തമായ ഒരു ദൂരദർശിനിയിലൂടെയെന്നപോലെ മനുഷ്യഭാവിയിലേക്ക് ഒരു ആയിരം വർഷം മുമ്പോട്ടുനോക്കാൻ കഴിയും. എന്തോരു വശ്യമായ കാഴ്ചയാണ് നമ്മുടെ കണ്ണുകളെ സ്വാഗതംചെയ്യുന്നത്! സകല അഖിലാണ്ഡത്തിലുംവെച്ച് ഏററവും വലിയ ഉദ്യാനപാലകനാൽ ഉളവാക്കപ്പെട്ട അകളങ്കിതമായ മനോഹാരിതയാൽ മുഴുഭൂമിയും വെട്ടിത്തിളങ്ങുന്നു. മനുഷ്യവർഗ്ഗത്തിനായി പറുദീസാ ഭൂവ്യാപകമായി പുനഃസ്ഥിതീകരിക്കപ്പെട്ടിരിക്കും!
2 അതെ, ഒരു ഉദ്യാനപറുദീസയിൽ മനുഷ്യാസ്തിത്വത്തിനു തുടക്കമിട്ടുകൊടുത്ത ദിവ്യപരമോന്നതന് മമനുഷ്യന്റെ ഏററവും വലിയ സന്തുഷ്ടിയാണ് മനസ്സിലുള്ളത്. തീർച്ചയായും മനുഷ്യവർഗ്ഗത്തിന് എത്ര സ്നേഹവാനായ ഒരു സ്രഷ്ടാവാണ് ഉള്ളത്, അവനെ സംബന്ധിച്ച് “ദൈവം സ്നേഹമാകുന്നു” എന്നു പറയുന്നത് അതിശയോക്തിയായിരിക്കുകയില്ല! (1 യോഹന്നാൻ 4:8, 16) പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസയിൽ പക്വതയുള്ള സ്ത്രീപുരുഷൻമാർ അന്യൂനമായ മാനുഷപൂർണ്ണതയോടെ സ്നേഹമുള്ള സഹോദരീസഹോദരൻമാരായി ഒരുമിച്ചു വസിക്കും. (യെശയ്യാവ് 9:6) സ്നേഹത്താൽ പ്രേരിതരായി അവർ സ്വർഗ്ഗഭൂമികളുടെ മഹത്വമുള്ള സ്രഷ്ടാവായ യഹോവയാം ദൈവത്തിന് പൂർണ്ണമായി കീഴ്പ്പെട്ടിരിക്കുന്നു.
3, 4. (എ) സ്വർഗ്ഗവും ഭൂമിയും ഏതു വിധത്തിൽ അന്യോന്യം സദൃശമാകും? (ബ) ഭൂമിയിൽ പറുദീസ പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ ദൂതൻമാർ എങ്ങനെ പ്രതികരിക്കും?
3 ആയിരക്കണക്കിനു വർഷംമുമ്പ്, തന്റെ മണ്ഡലത്തെക്കുറിച്ചുള്ള ഒരു ദിവ്യനിശ്വസ്തവർണ്ണനയിൽ ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തോട് ഈ ഗംഭീരവാക്കുകൾ പറഞ്ഞു: “സ്വർഗ്ഗങ്ങൾ എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു.” (യെശയ്യാവ് 66:1) അവന്റെ “പാദപീഠ”മായ പറുദീസാഭൂമിയുടെ കേവലമഹത്വം അദൃശ്യമായ ഉന്നതങ്ങളിലെ അവന്റെ സിംഹാസനത്തിന്റെ മഹത്വത്തോട് ഉചിതമായി സദൃശമായിരിക്കേണ്ടതാണ്.
4 ഭൂമിയുടെ സൃഷ്ടിയുടെ സമയത്ത്, സ്വർഗ്ഗീയമണ്ഡലത്തിൽ ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷകരായിരുന്നവർ താഴെ ഭൗമികരംഗത്തെക്കുറിച്ചു പരിഗണിച്ചു. അവരുടെ കണ്ണുകൾ അതിന്റെ മഹത്വമാർന്ന ശോഭയെക്കുറിച്ചു വിചിന്തനംചെയ്തപ്പോൾ അവർ എത്ര ഹർഷോൻമത്തരായിരുന്നിരിക്കണം! സ്വതഃപ്രേരിതരായി ഗീതമാലപിക്കുന്നതിൽനിന്ന് അവർക്ക് എങ്ങനെ പിൻമാറാൻ കഴിയുമായിരുന്നു? (സെഫന്യാവ് 3:17 താരതമ്യപ്പെടുത്തുക, പരിഷക്കരിച്ച പ്രമാണഭാഷാന്തരം; സങ്കീർത്തനം 100:2, ദി ജറൂസലം ബൈബിൾ.) സമ്പ്രീതനും സന്തുഷ്ടനുമായ സ്രഷ്ടാവ് സ്വർഗ്ഗീയരംഗത്തിന്റെ ഒരു കൃത്യമായ വർണ്ണന വരച്ചുകാട്ടാൻ തന്റെ ഭൗമിക എഴുത്തുകാരനെ നിശ്വസ്തനാക്കി, “പ്രഭാതനക്ഷത്രങ്ങൾ സസന്തോഷം ഒന്നിച്ചാർത്തു, ദൈവപുത്രൻമാരെല്ലാം ആർത്തു ഘോഷിക്കാൻ തുടങ്ങി” എന്നു പറഞ്ഞുകൊണ്ടുതന്നെ. (ഇയ്യോബ് 38:7) പറുദീസ പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ ദൈവത്തിന്റെ ദൂതപുത്രൻമാർ ദൈവമഹത്വത്തിനായി എത്രയധികം സന്തോഷിച്ചാർക്കും!
5. ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദ്യലക്ഷ്യത്തിന്റെ പ്രാപിക്കൽസംബന്ധിച്ച് നാം എങ്ങനെ വിചാരിക്കണം?
5 ഒരു പറുദീസാഭൂമി മഹത്തായി നേടിയെടുക്കുകയെന്നതായിരുന്നു ആരംഭംമുതലേ യഹോവയാം ദൈവം വെച്ച ലക്ഷ്യം എന്ന് നിശ്വസ്ത തിരുവെഴുത്തുകളാൽ ഉറപ്പു ലഭിക്കുന്നത് തീർച്ചയായും നമുക്ക് ഹൃദയോദ്ദീപകമാണ്. ഭൂമിയെ സംബന്ധിച്ച ഈ സന്തോഷപ്രചോദകമായ, സ്തുതിജനകമായ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണമാണ് തന്റെ മഹിമ പ്രദർശിപ്പിക്കുന്നതിൽ പരാജയമെന്യേ മഹത്വത്തിൽനിന്ന് മഹത്വത്തിലേക്കു നീങ്ങുന്ന ദൈവത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന ഉചിതമായ സംഗതി. സകല സ്തുതിയും അവനായിരിക്കട്ടെ!—സങ്കീർത്തനം 150:1, 2; യെശയ്യാവ് 45:18; വെളിപ്പാട് 21:3-5.
പുനരുത്ഥാനം പ്രാപിക്കുന്നവർ പറുദീസ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു
6. അർമ്മഗെദ്ദോനുശേഷം, ഭൂമി എങ്ങനെ അധിവസിപ്പിക്കപ്പെടും?
6 അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ താരതമ്യേന ചുരുക്കമാണെങ്കിലും ഭൂമി പൂർണ്ണമായി നിവസിപ്പിക്കപ്പെടുന്നത് മുഴുവനായും അവരുടെ ഭാഗത്തെ പ്രസവത്താലായിരിക്കയില്ല. സ്മാരകക്കല്ലറകളിലുള്ളവരും ക്രിസ്തുവിന്റെ മറുവിലായാഗത്തിന്റെ പ്രയോജനങ്ങളിൻകീഴിൽ വരുന്നവരുമായവരെ ജീവനിലേക്കു പുനഃസ്ഥിതീകരിക്കുന്നതിനാലും യഹോവ ‘തന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.’ ക്രമത്തിൽ ഇവർക്ക് നമ്മുടെ ഭൗമികഗോളത്തെ അതീവ രമണീയമായ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുന്ന സന്തോഷകരമായ വേലയിൽ പങ്കെടുക്കാനുള്ള പദവി ലഭിക്കും.—പ്രവൃത്തികൾ 24:15.
7. അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ യേശുവിന്റെ ഏതു വാക്കുകൾ മനസ്സിൽ പിടിക്കും?
7 “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരുകയുംചെയ്യും” എന്നു പറയാൻ കർത്താവായ യേശുക്രിസ്തു പ്രേരിതനായ സന്ദർഭത്തിലെ അവന്റെ ആത്മപ്രചോദകമായ വാക്കുകൾ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ എന്നും മനസ്സിൽ സൂക്ഷിക്കും. (യോഹന്നാൻ 5:28, 29) ലാസറിന്റെ ശവം ബഥനിയിലെ കല്ലറയിൽ കിടന്നപ്പോൾ അവനെ സംബോധനചെയ്തുകൊണ്ട് പറഞ്ഞ “ലാസറേ, പുറത്തുവരുക!” എന്നതിനോടു സമാനമായ ദൈവപുത്രന്റെ വാക്കുകളുടെ ശബ്ദം സ്മാരകക്കല്ലറകളിൽ കിടക്കുന്ന മാനുഷമൃതൻമാർ കേട്ടുതുടങ്ങുന്നത് എന്തോരു നാഴികയായിരിക്കും!—യോഹന്നാൻ 11:43.
8, 9. ഭൂമിയിലെ പുതുജീവനിലേക്ക് ആദ്യം ആർ ഉയർപ്പിക്കപ്പെടാനാണ് സാദ്ധ്യത, അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് ഏതു സന്തോഷം കൈവരുത്തിക്കൊണ്ട്?
8 യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയിൻകീഴിൽ അവന്റെ ആജ്ഞക്ക് ചെവികൊടുത്ത് ഭൂമിയിലെ പുതുജീവനിലേക്ക് ആദ്യം പുനരുത്ഥാനം പ്രാപിക്കുന്നവർ ആരായിരിക്കാനിടയുണ്ട്? ന്യായാനുസൃതം അത് ഈ വ്യവസ്ഥിതിയുടെ അവസാനത്തിനു മുമ്പത്തെ അന്ത്യനാളുകളിൽ മരിച്ച “വേറെ ആടുകൾ” ആയിരിക്കും. അവർക്ക് നേരത്തെയുള്ള ഒരു പുനരുത്ഥാനം അനുഭവപ്പെടും. (യോഹന്നാൻ 10:16) അവർക്ക് പുതിയലോകത്തോട് പൊരുത്തപ്പെടാൻ ഏററവും കുറച്ചു പ്രയാസമുണ്ടാകാനേ സാദ്ധ്യതയുള്ളു.—മത്തായി 25:34; യോഹന്നാൻ 6:53, 54 താരതമ്യപ്പെടുത്തുക.
9 “മഹോപദ്രവ”ത്തിനു മുമ്പത്തെ തലമുറയിൽ മരിച്ച “വേറെ ആടുകളി”ൽ പെട്ടവരെ കാണുന്നത് അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് എന്തോരു സന്തോഷമായിരിക്കും! (മത്തായി 24:21) തിരിച്ചറിയാനുള്ള വ്യക്തമായ പ്രാപ്തിയോടെ അർമ്മഗെദ്ദോൻ അതിജീവകർ അവരെ തിരിച്ചറിയുകയും സ്വാഗതംചെയ്യുകയും അവരോടുകൂടെ അത്യുന്നതദൈവത്തിനുവേണ്ടിയുള്ള തങ്ങളുടെ ഏകീകൃതസേവനം പുതുക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു!
10. അർമ്മഗെദ്ദോനെ അതിജീവിക്കുന്നതിനാൽ നിങ്ങൾ എന്തു നേരിൽ കണ്ടേക്കാം?
10 നിങ്ങൾക്ക് അർമ്മഗെദ്ദോനെ അതിജീവിക്കുന്ന ഒരാൾ ആയിരുന്നുകൊണ്ട് നിങ്ങളുടെ സ്വന്തം ഭൗമികബന്ധുക്കളിൽ ആദ്യത്തെയാളുടെ പുനരുത്ഥാനം നേരിൽ കാണാവുന്നതാണ്. നിങ്ങൾക്കിതുസംബന്ധിച്ചുണ്ടാകുന്ന വൈകാരിക ഫലം കർത്താവായ യേശു തങ്ങളുടെ 12 വയസ്സുണ്ടായിരുന്ന പുത്രിയെ തങ്ങളുടെ ആകാംക്ഷാഭരിതമായ കൈകളിൽ പുനഃസ്ഥിതീകരിച്ചതു കണ്ട മാതാപിതാക്കളുടേതിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കാൻ കഴിയും? “ഉടൻതന്നെ അവർ ആനന്ദാതിരേകത്താൽ മതിമറന്നുപോയി.” (മർക്കോസ് 5:42) ഹാ, തീർച്ചയായും, ഹേഡീസിൽനിന്നും സമുദ്രത്തിൽനിന്നും പുനരുത്ഥാനം നടക്കുമ്പോൾ നിങ്ങൾക്ക് പറഞ്ഞുതീരാത്ത സന്തോഷമനുഭവപ്പെടാൻ കഴിയും. (വെളിപ്പാട് 20:13) ഹാ, അത് എത്ര മഹത്തായ നാളെ ആയിരിക്കും, പെട്ടെന്നുതന്നെ ആ നാളെ ആഗതമാകും!
“സർവഭൂമിയിലും പ്രഭുക്കൻമാർ”
11, 12. (എ) സങ്കീർത്തനം 45:16 എന്ത് ദൃഢീകരിക്കുന്നു? (ബി) രാജാവായ യേശുക്രിസ്തു ആരിൽനിന്ന് “സർവഭൂമിയിലും പ്രഭുക്കൻമാരെ” നിയമിച്ചേക്കാം?
11 താൻ ആർക്കുവേണ്ടി തന്റെ പൂർണ്ണമാനുഷജീവൻ ഒരു മറുവിലയാഗമായി അർപ്പിച്ചുവോ ആ മരിച്ച മനുഷ്യരെ പുനരുത്ഥാനത്തിലേക്കു വരുത്താനുള്ള തന്റെ ശക്തി പ്രയോഗിക്കുന്നതിനാൽ യേശുവിന് സങ്കീർത്തനം 45:16ന്റെ നിവൃത്തി കൈവരുത്താൻ കഴിയും. രാജാവായി അവരോധിക്കപ്പെട്ട യേശുക്രിസ്തുവിനെയാണ് ഈ സങ്കീർത്തനം പ്രാവചനികമായി സംബോധനചെയ്യുന്നത്: “നിന്റെ [ഭൗമിക] പൂർവപിതാക്കൻമാരുടെ സ്ഥാനത്ത് നിന്റെ പുത്രൻമാരുണ്ടായിരിക്കും, നീ അവരെ സർവഭൂമിയിലും പ്രഭുക്കൻമാരായി നിയമിക്കും.” ഈ സങ്കീർത്തനം യേശുക്രിസ്തു ഇവിടെ ഭൂമിയിലെ മക്കൾക്ക് ഒരു സ്വർഗ്ഗീയപിതാവായിത്തീരുമെന്നും അവൻ അവരുടെ ഇടയിൽനിന്നുള്ള പുത്രൻമാരെ “സർവഭൂമിയിലും പ്രഭുക്കൻമാരായി” അവരോധിക്കുമെന്നും ദൃഢമായി പറയുന്നു. “ദാവീദിന്റെ പുത്രനും” യഹൂദ കന്യമറിയാമിന്റെ ആദ്യജാത പുത്രനുമെന്ന നിലയിൽ യേശുവിന് ആദ്യ പിതാവായ ആദാം വരെ പിമ്പോട്ട് ഭൗമിക മാനുഷപിതാക്കൻമാരുണ്ടായിരുന്നു.—ലൂക്കോസ് 3:23-38.
12 മുമ്പ് യേശുവിന്റെ സ്വാഭാവികപൂർവപിതാക്കളായിരുന്നവരെ മരിച്ചവരിൽനിന്ന് ഉയർത്തെഴുന്നേൽപ്പിക്കുന്നതിനാൽ അവർ അവന്റെ പുത്രൻമാരായിത്തീരുമെന്നാണോ സങ്കീർത്തനം 45:16 പറയുന്നത്? അതെ. അവരിൽനിന്നുള്ള വംശോല്പത്തിയോടുള്ള ആദരവിൽ യേശു അവരോട് പ്രത്യേക രാജകീയാനുകൂല്യം കാണിക്കുമെന്നും അവരെ മാത്രം പറുദീസായവസ്ഥകളിലുള്ള “സർവഭൂമിയിലും പ്രഭുക്കൻമാരായി” നിയമിക്കുമെന്നുമാണോ സങ്കീർത്തനം 45:16 പറയുന്നത്? അല്ല. അങ്ങനെയുള്ള പ്രവചനനിവൃത്തി സർവഭൂമിയിലും ഒരു പരിമിത എണ്ണം “പ്രഭുക്കൻമാർ” ഉണ്ടായിരിക്കാനേ അനുവദിക്കുകയുള്ളു. ആ വസ്തുതക്കു പുറമേ, അവന്റെ ഈ പൂർവപിതാക്കൻമാരെല്ലാം അവന്റെ സഹസ്രാബ്ദവാഴ്ചക്കാലത്ത് പ്രത്യേക പ്രാമുഖ്യത അർഹിക്കാൻതക്ക പ്രമുഖരായിരുന്നിട്ടില്ല. രാജാവായ യേശുക്രിസ്തുവിന് “പ്രഭുക്കൻമാരായി” നിയമിക്കാൻ തന്റെ ഭൗമികപൂർവപിതാക്കളെക്കാൾ അസംഖ്യംപേർ കൂടുതൽ ഉണ്ടായിരിക്കും—അർമ്മഗെദ്ദോനെ അതിജീവിക്കുന്ന യോഗ്യതയുള്ളവരും ക്രിസ്തീയപൂർവ വിശ്വാസികൾ ഉൾപ്പെടെ പുനരുത്ഥാനം പ്രാപിക്കുന്ന “വേറെ ആടുകളിൽ”പെട്ടവരുംതന്നെ. തന്റെ ഭൗമികപ്രതിനിധികളെന്ന നിലയിൽ പ്രഭുത്വം വഹിക്കാൻ അർഹതയും യോഗ്യതയുമുള്ളവരെ ഇവരിൽനിന്നെല്ലാം അവന് നിയമിക്കാൻ കഴിയും.
13, 14. അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ സ്വന്തകണ്ണാൽ പുനരുത്ഥാനംചെയ്യുന്ന ആരെ കാണാൻ പദവിയുള്ളവരായിരിക്കും?
13 മശിഹൈക രാജ്യത്തിൻകീഴിൽ പുനരുത്ഥാനത്തിനു യോഗ്യതയുള്ള അങ്ങനെയുള്ളവരെക്കുറിച്ച് ചിന്തിക്കുക. നോക്കൂ! നമുക്കു നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻകഴിയുമോ? ഒന്നാമത്തെ മാനുഷ രക്തസാക്ഷിയായിരുന്ന ഹാബേലും സത്യദൈവത്തോടുകൂടെ നടന്ന ഹാനോക്കുമുണ്ട്. പെട്ടകം പണിക്കാരനായിരുന്ന നോഹയുമുണ്ട്. ഇസ്രയേൽജനതയുടെ പൂർവപിതാക്കളായിരുന്ന അബ്രാഹാമും ഇസ്ഹാക്കും യാക്കോബും ഉണ്ട്. (ലേവിഗോത്രത്തിൽപെട്ട) മോശയും രാജ്യത്തിനുവേണ്ടിയുള്ള നിത്യ ഉടമ്പടി ചെയ്ത ദാവീദുമുണ്ട്. യെശയ്യാവും യിരെമ്യാവും യെഹെസ്ക്കേലും ദാനിയേലും അവസാനത്തവനായ മലാഖിവരെയുള്ള ബൈബിളെഴുത്തുകാരായ എബ്രായപ്രവാചകൻമാരും തീർച്ചയായും യോഹന്നാൻസ്നാപകനും യേശുവിന്റെ വളർത്തുപിതാവായ യോസേഫും ഉണ്ട്.
14 ഒരിക്കൽ യേശു യഹൂദൻമാരോട് അവർ “അബ്രാഹാമിനെയും ഇസ്ഹാക്കിനെയും യാക്കോബിനെയും സകല പ്രവാചകൻമാരെയും ദൈവരാജ്യത്തിൽ കാണും, എന്നാൽ [അവർതന്നെ] പുറത്തു തള്ളപ്പെടു”മെന്നും യേശു പറഞ്ഞു. (ലൂക്കോസ് 13:28) “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തെ അതിജീവിക്കുന്ന ഭൗമികരുടെ “മഹാപുരുഷാരം,” ഇവിടെ പറുദീസാഭൂമിയിൽ പുനരുത്ഥാനം പ്രാപിച്ച് “നിത്യപിതാവായ” യേശുക്രിസ്തുവിനാലുള്ള ദൈവരാജ്യത്തിൽ രാജകീയസേവനത്തിലേർപ്പെട്ടിരിക്കുന്ന “അബ്രാഹാമിനെയും ഇസ്ഹാക്കിനെയും യാക്കോബിനെയും മറെറല്ലാ പ്രവാചകൻമാരെയും” അക്ഷരീയമായി കാണാനുള്ള പദവിയാൽ അനുഗ്രഹിക്കപ്പെടും.—വെളിപ്പാട് 7:9, 14; 16:14; യെശയ്യാവ് 9:6.
15. അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് ഏത് അതുല്യപദവി കാത്തിരിക്കുന്നു?
15 ഇപ്പോഴത്തെ ദുഷ്ടലോകത്തിന്റെ അവസാനത്തെ അതിജീവിക്കുന്ന നിങ്ങൾക്ക് ക്രി.മു. 2370ലെ ആഗോള പ്രളയത്തിൽ ഒന്നാമത്തെ ലോകത്തിനുണ്ടായ അവസാനത്തെ അതിജീവിച്ച “എട്ടു ദേഹികളായ” നോഹയും അവന്റെ അടുത്ത കുടുംബവുമായി ആശയങ്ങൾ കൈമാറുന്നത് എത്ര ആത്മപ്രചോദകമായിരിക്കും! സകല നിത്യതയിലും നിങ്ങളുടേതുപോലെയുള്ള അനുഭവങ്ങൾ മററാർക്കും ഉണ്ടായിരിക്കയില്ല, ഈ പ്രമുഖവും ആവർത്തിക്കാൻ കഴിയാത്തതുമായ കാര്യത്തിൽ യഹോവയാം ദൈവത്തിന്റെ ഒരു സാക്ഷിയായി സേവിക്കാനും മററാർക്കും കഴികയില്ല.—1 പത്രോസ് 3:20; മർക്കോസ് 13:19; 2 പത്രോസ് 3:5-7.
അനുഭാവമുള്ള ഒരു ദുഷപ്രവൃത്തിക്കാരൻ ഓർക്കപ്പെടുന്നു
16, 17. (എ) യേശു അനുഭാവമുണ്ടായിരുന്ന ദുഷ്പ്രവൃത്തിക്കാരനെ ഓർക്കുമ്പോൾ അന്നു ജീവിക്കുന്നവർക്കും അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്കും ഏതു പദവി ഉണ്ടായിരിക്കും? (ബി) പുനരുത്ഥാനം പ്രാപിക്കുന്ന ദുഷ്പ്രവൃത്തിക്കാരനെ സംബന്ധിച്ച് എന്ത് പ്രത്യാശയുണ്ട്?
16 നിസ്സംശയമായി, അപ്പോഴേക്കും ഭൂമിയിലെ പറുദീസായുടെ പുനഃസ്ഥിതീകരണം നന്നായി പുരോഗമിച്ചിരിക്കും. യേശുവിനോടുകൂടെ കാൽവറിയിൽ തൂക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരൻ പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിലെ ഭൗമികജീവനിലേക്ക് ഉയർപ്പിക്കപ്പെടും, അവനാണ് യേശുവിന്റെ തലക്കുമീതെ വെച്ചിരുന്ന എഴുത്തിനെ അംഗീകരിച്ചുകൊണ്ട് “യേശുവേ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെ ഓർക്കേണമേ” എന്ന് പറഞ്ഞത്. (ലൂക്കോസ് 23:42) അവനെ മരിച്ചവരിൽനിന്ന് തിരികെ സ്വാഗതംചെയ്യുന്നതിനുള്ള പദവി അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെയും അന്നു ജീവിച്ചിരിക്കുന്ന മററുള്ളവരുടേതുമായിരിക്കും. അവർ അപ്പോൾ ഭരിക്കുന്ന രാജാവായ യേശുക്രിസ്തുവിനെക്കുറിച്ച് അവനെ പൂർണ്ണമായി പഠിപ്പിക്കും, അവനോടാണ് ക്രി.വ. 33ലെ നീസാൻ 14ൽ അവൻ ആഴമായ അനുഭാവം പ്രകടമാക്കിയത്.
17 കർത്താവായ യേശുക്രിസ്തു തന്റെ ആയിരവർഷവാഴ്ചയിൽ ഒരു സമയത്ത് അവനെ ഓർക്കാതിരിക്കുകയില്ല. പുനരുത്ഥാനംപ്രാപിക്കുന്ന അനുഭാവിയായിരുന്ന ദുഷ്പ്രവൃത്തിക്കാരൻ സാർവത്രികപരമാധികാരിയായ യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ചുകൊണ്ട് തന്റെ പുനരുത്ഥാനത്തിന് താൻ കടപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവായ വാഴുന്ന രാജാവിനോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കുമെന്നുള്ളതിന് സംശയമില്ല. അപ്പോൾ അവൻ പുനഃസ്ഥിതികരിക്കപ്പെട്ട അനുസരണമുള്ള മനുഷ്യവർഗ്ഗത്തിലെ ശേഷിച്ചവരോടൊത്ത് പുതിയ പറുദീസാഭൂമിയിൽ സകല നിത്യതയിലും ജീവിതം ആസ്വദിക്കാൻ യോഗ്യനായി എണ്ണപ്പെടും.
പുനഃസ്ഥിതീകരിക്കപ്പെടുന്ന ആഗോള ഏദൻതോട്ടത്തിലെ ജീവിതം
18. പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസയിലെ ജീവിതം എങ്ങനെയായിരിക്കും?
18 പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസയിൽ ഓരോരുത്തനും മറെറല്ലാവരുടെയും സുഹൃത്തായിരിക്കും. ലോകവ്യാപകമായ കുടുംബബന്ധങ്ങൾ ഓരോ ദേഹിക്കും ഉള്ളിൽ അനുഭവവേദ്യമാകുന്നു. എല്ലാവരും പരസ്പരം അറിയുന്നു. അവർ ഒരു പൊതു ലോകഭാഷയാണ് സംസാരിക്കുന്നത്. അത് മനുഷ്യവർഗ്ഗത്തിന്റെ ആദ്യഭാഷയായിരിക്കാനിടയുണ്ട്. ക്രി.മു. 4026ലെ ആദാമിന്റെ സൃഷ്ടി മുതൽ പേലഗിന്റെ നാൾ വരെയുള്ള (ക്രി.മു. 2269 മുതൽ 2030 വരെ) മനുഷ്യാസ്തിത്വത്തിന്റെ ആദ്യത്തെ 1,800 വർഷങ്ങളിൽ ഭൂമിയിലുള്ള എല്ലാവരും ആ ഭാഷയാണ് സംസാരിച്ചിരുന്നത്, എന്തുകൊണ്ടെന്നാൽ “അവന്റെ നാളുകളിൽ ഭൂമി [അതായത്, ഭൂമിയിലെ ജനതതി] പിരിഞ്ഞുപോയി.” (ഉല്പത്തി 10:25; 11:1) സകലരും ജീവിതത്തിന്റെ പദവി ആസ്വദിക്കുന്നു, ഓരോ പുതു ദിനവും കൂടുതലായ ആയുസ്സിനായുള്ള നന്ദിയാൽ സ്വാഗതംചെയ്യപ്പെടുന്നു. സമയം കടന്നുപോകുമ്പോൾ ശാരീരിക വൈകല്യം വർദ്ധിക്കുന്നില്ല. ശാരീരികശക്തികൾ പുഷ്ടിപ്പെടുകയാണ്, ശരീരങ്ങൾ ക്ഷീണിക്കുന്നില്ല.—ഇയ്യോബ് 33:25 താരതമ്യപ്പെടുത്തുക.
19. മുമ്പ് വികലരായിരുന്നവരെ സംബന്ധിച്ച് എന്തു നിരീക്ഷിക്കപ്പെടും?
19 നോക്കൂ! ഒരിക്കൽ മുടന്തരായിരുന്നവർ നടക്കുകയാണ്, അതെ, സന്തോഷത്താൽ തുള്ളിച്ചാടുകയാണ്. നഷ്ടപ്പെട്ട കൈകളും കാലുകളും അത്ഭുതകരമായി പുനഃസ്ഥിതീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പ് കുരുടരായിരുന്നവർ കാണുന്നു, ബധിരർ കേൾക്കുന്നു. ഊമർ സംസാരിക്കുകയും വലിയ സന്തോഷത്താൽ പാട്ടുപാടുകയും ചെയ്യുന്നു. (യെശയ്യാവ് 35:5, 6 താരതമ്യപ്പെടുത്തുക.) മാനുഷരൂപത്തിന്റെയും ആകൃതിയുടെയും വൈരൂപ്യങ്ങൾ അപ്രത്യക്ഷപ്പെടുന്നു. മനുഷ്യപുരുഷത്വം മനോഹരമായ മനുഷ്യസ്ത്രീത്വത്താൽ സമനിലയിൽ നിർത്തപ്പെടുന്നു. (ഉല്പത്തി 2:18) മനുഷ്യത്വപൂർണ്ണത പൂർണ്ണതയുള്ള മനുഷ്യശരീരത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ മഹത്വപ്പെടുത്തുന്നു.
20. പ്രകൃതിശക്തികളെ സംബന്ധിച്ചും ഭക്ഷ്യവിഭവങ്ങളെ സംബന്ധിച്ചും മൃഗസൃഷ്ടിയെ സംബന്ധിച്ചും ഭൂമി ഉപയോഗിക്കപ്പെടുന്ന വിധത്തെ സംബന്ധിച്ചും എന്തു നിരീക്ഷിക്കപ്പെടും?
20 മുഴുഭൂമിയും ഒരു ആഗോളമായ മനോഹരസ്ഥലമായിത്തീരുന്നു. ഭൂമിയുടെ യാതൊരു ഭാഗത്തുനിന്നും വരൾചയുടെയോ വിനാശകരമായ പേമാരിയുടെയോ കൊടുങ്കാററുകളുടെയോ ചുഴലിക്കാററുകളുടെയോ ചുഴലിക്കൊടുങ്കാററുകളുടെയോ യാതൊരു റിപ്പോർട്ടുമില്ല. (മർക്കോസ് 4:37-41 താരതമ്യപ്പെടുത്തുക.) മുഴുഭൂമിയെയും ജീവിക്കുന്നതിന് അതിമനോജ്ഞമായ സ്ഥലമാക്കുന്നതിന് സകല പ്രകൃതിശക്തികളും പൂർണ്ണസമനിലയിലാക്കപ്പെടുന്നു. ആഹാരത്തിന് ഒരിടത്തും കുറവില്ല, എന്തുകൊണ്ടെന്നാൽ ഭൂമി പൂർണ്ണമായി വിളവുൽപ്പാദിപ്പിക്കുന്നു. (സങ്കീർത്തനം 72:16) മനുഷ്യനും മൃഗത്തിനും ലോകവ്യാപകമായ സമാധാനവും സുരക്ഷിതത്വവുമുണ്ട്. യഹോവ പ്രസ്താവിക്കുന്നതുപോലെ: “അവ എന്റെ വിശുദ്ധപർവതത്തിലെങ്ങും ഒരു ദോഷമോ നാശമോ ചെയ്യുകയില്ല.” (യെശയ്യാവ് 11:9, 6-8 വരെയുള്ള വാക്യങ്ങളും കാണുക.) ഈ വിധത്തിൽ ഭൂമി ജീവിക്കുന്നതിനും ഭൂമിയുടെ സ്രഷ്ടാവും ഉടമയുമായ യഹോവയാം ദൈവത്തിന്റെ ആരാധനയും സേവനവും നിർവഹിക്കുന്നതിനും ഉല്ലാസപ്രദമായ ഒരു സ്ഥലമാക്കപ്പെടും. സൃഷ്ടിച്ചതിന്റെ അവകാശത്താൽ ഭൂമി അവന്റെ വകയാകയാൽ അവനു പ്രസാദവും മഹത്വവും കൈവരുത്തുന്ന ഒരു വിധത്തിൽ ഉപയോഗിക്കപ്പെടാൻ അത് അർഹമാണ്.—യെശയ്യാവ് 35:1, 2, 6, 7 താരതമ്യപ്പെടുത്തുക.
21. വീണ്ടെടുക്കപ്പെടുന്ന മനുഷ്യവർഗ്ഗം ഭൂമിയിലെ സകലത്തെയും എങ്ങനെ വീക്ഷിക്കും, ഏതു സംഗീതം കേൾക്കും?
21 നവോൻമേഷപ്രദമായ പുതുമ—അങ്ങനെയാണ് മനോഹരമായ പൂർണ്ണതയിൽ മനുഷ്യജീവിതത്തിനു തുടക്കമിട്ട ഏദൻപറുദീസ തോട്ടത്തിനുള്ളിൽ ഒരിക്കലുമായിരുന്നിട്ടില്ലാത്ത വീണ്ടെടുക്കപ്പെടുന്ന മനുഷ്യവർഗ്ഗത്തിന് സകലവും അനുഭവപ്പെടുക! (വെളിപ്പാട് 21:5) ഉപകരണങ്ങൾ സഹിതവും അല്ലാതെയുമുള്ള എത്ര ഉല്ലാസപ്രദമായ സംഗീതം അന്നു കേൾക്കുന്നതായിരിക്കും—എല്ലാം യഹോവയെ സ്തുതിക്കുന്നതുതന്നെ!—1 ദിനവൃത്താന്തം 23:4, 5; സങ്കീർത്തനം 150:3-6.
22. പുതിയ പറുദീസാലോകത്തിൽ ജീവിക്കുന്നത് എങ്ങനെ അനുഭവപ്പെടും?
22 പൂർണ്ണമായും മനുഷ്യജീവിതം തഴക്കുന്ന ഒരു ഭൂമിയിൽ ജീവിക്കുന്നത് എത്ര വിശിഷ്ടമായിരിക്കും, അവിടെ ആദാമിന്റെ ആദിപാപം മൂലമുള്ള സകല ഘട്ടങ്ങളിലുമുള്ള മരണപ്രക്രിയയും നിർമ്മാർജ്ജനം ചെയ്യപ്പെടും! (യോഹന്നാൻ 10:10 താരതമ്യപ്പെടുത്തുക.) അതെ, അത് അംഗീകാരമുള്ള ഏതു മനുഷ്യജീവിയും യഹോവയാം ദൈവത്തിന്റെ പ്രതിച്ഛായയും സാദൃശവും പ്രസരിപ്പിക്കുന്ന ഒരു ഭൂമിയായിരിക്കും, ഒന്നാം മനുഷ്യനായ ആദാം അങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്! (ഉല്പത്തി 1:26, 27) ഭൂമി മേലാൽ സെറാഫുകൾക്കും കെരൂബുകൾക്കും സ്വർഗ്ഗത്തിലെ തേജസ്വികളായ ദൂതൻമാർക്കും അസുഖം ജനിപ്പിക്കുന്ന കാഴ്ചയായിരിക്കുകയില്ല. അവർ പറുദീസാഭംഗിയാൽ അലംകൃതമായ ഭൂമിയിലേക്ക് കോമള മുഖങ്ങൾ തിരിച്ച് ഉററുനോക്കുമ്പോൾ സാർവത്രികപരമാധികാരിയായ യഹോവയോട് അവർ സ്തുതിയും നന്ദിയും മാത്രമായിരിക്കും പ്രകടമാക്കുന്നത്—അവന്റെ മുഖം നേരിട്ടു കാണുന്ന പദവിയുള്ളവരാണവർ.—മത്തായി 18:10.
അനന്തമായ ഒരു സന്തുഷ്ടഭാവി
23. അഭിഷിക്തക്രിസ്ത്യാനികളെസംബന്ധിച്ച് എന്തു സാദ്ധ്യമാണ്, ഭൗമികപറുദീസയിലെ നിവാസികളെ സംബന്ധിച്ച് എന്തു ഫലത്തോടെ?
23 സ്വർഗ്ഗീയ രാജ്യത്തിലേക്കുള്ള തങ്ങളുടെ “വിളിയെയും തെരഞ്ഞെടുപ്പിനെയും” ഉറപ്പാക്കിയിട്ടുള്ളവരും സ്വർഗ്ഗീയപുനരുത്ഥാനത്താൽ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളവരുമായ സകല അഭിഷിക്തക്രിസ്ത്യാനികളുടെയും പേരുകൾ ഭാവിയിൽ ഒരു നാളിൽ ഭൗമികപറുദീസയിലെ മാനുഷകുടുംബത്തിന്റെ അറിവിനായി പൂർണ്ണമായി പ്രസിദ്ധപ്പെടുത്താനുള്ള സാദ്ധ്യതയുണ്ട്, അതു സംഭവ്യവുമാണ്. (2 പത്രോസ് 1:10; സങ്കീർത്തനം 87:5, 6) അങ്ങനെ, ആത്മജനനം പ്രാപിച്ച യേശുക്രിസ്തുവിന്റെ 1,44,000 അഭിഷിക്തശിഷ്യൻമാരുടെ ഭൗമികപറുദീസയിലെ അഭാവം എല്ലാവർക്കും തൃപ്തിയാകുമാറ് പൂർണ്ണമായി മനസ്സിലാക്കപ്പെടും, അവരെക്കുറിച്ച് അവരോടുചേർന്ന് മുഴുഹൃദയത്തോടുകൂടിയ സന്തോഷിക്കലുമുണ്ടായിരിക്കും.
24. (എ) തന്റെ “പാദപീഠ”ത്തെസംബന്ധിച്ച് യഹോവ എന്തു സാധിച്ചിരിക്കും? (ബി) പുതിയലോകം ഒരിക്കലും അവസാനിക്കുകയില്ലെന്ന് നാം എങ്ങനെ അറിയുന്നു, ഏതു പ്രാവചനികഗീതത്തിനു നിവൃത്തിയുണ്ടാകും?
24 സകല അഖിലാണ്ഡത്തിന്റെയും ആദർശയുക്തനായ പരമാധികാരിയായ യഹോവയോടുള്ള അഭഞ്ജമായ ഭക്തിയിൽ നിലനിൽക്കുന്ന സകലരുടെയും അനന്തഭാവി സന്തുഷ്ടമായിരിക്കും. സുഖപ്രദമായി നിറക്കപ്പെട്ടിരിക്കുന്ന പറുദീസഭൂമി, ദൈവത്തിന്റെ പാദങ്ങൾക്ക് ആലങ്കാരികമായി സ്ഥിതിചെയ്യാവുന്ന ഒരു “പാദപീഠ”മെന്ന നിലയിൽ ഒരു അനുയോജ്യമായ സ്ഥലം, ഒരു ബഹുമാന്യമായ സ്ഥലമായിരിക്കും. അതെ, യഹോവ ‘തന്റെ പാദസ്ഥാനത്തെതന്നെ’ സകല നിത്യതയിലേക്കും മഹത്വീകരിച്ചിരിക്കും. സകല മനുഷ്യവർഗ്ഗവും അവന് അചഞ്ചലമായി കീഴ്പെട്ടിരിക്കും! (മത്തായി 5:34, 35; പ്രവൃത്തികൾ 7:49) പുതിയ ലോകം അന്തമില്ലാത്ത ഒരു ലോകം ആയിരിക്കും, എന്തുകൊണ്ടെന്നാൽ “രാജകീയഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടാകയില്ല.” (യെശയ്യാവ് 9:7) അപ്പോൾ, ക്രി.മു. 2ൽ യഹൂദ്യയിലെ ബേത്ലഹേമിൽനടന്ന യേശുവിന്റെ ജനനത്തിങ്കൽ സ്വർഗ്ഗീയദൂതൻമാർ പാടിയ പ്രാവചനികഗീതത്തിന് നിവൃത്തിയുണ്ടാകും: “മീതെ ഉന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യരുടെ ഇടയിൽ സമാധാനം.”—ലൂക്കോസ് 2:13, 14.
25. (എ) “വേറെ ആടുകളിലെ” “മഹാപുരുഷാര”ത്തിൽപെട്ടവർ ഇപ്പോൾ എന്തു വിലമതിക്കുന്നു? (ബി) നമ്മുടെ ഹൃദയംഗമമായ അഭിലാഷം എന്തായിരിക്കണം?
25 നല്ല ഇടയന്റെ “വേറെ ആടുകളുടെ” “മഹാപുരുഷാര”ത്തിൽപെട്ടവർ പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയുടെ ആത്മപ്രചോദകമായ വാഗ്ദത്തവാക്കുകളെ വിലമതിക്കുന്നു. ദൈവസ്ഥാപനത്തോട് ഇപ്പോൾ സഹവസിക്കുന്നതും കർത്താവായ യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞ അന്തിമസാക്ഷ്യത്തിനായി സകല നിവസിതഭൂമിയിലും നടക്കുന്ന രാജ്യസുവാർത്താപ്രസംഗവേലയിൽ സതീക്ഷ്ണം പങ്കെടുക്കുന്നതും അവരുടെ പദവിയാണ്. (മത്തായി 24:14; മർക്കോസ് 13:10) യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നമ്മുടെ ആത്മാർത്ഥമായ, ഹൃദയംഗമമായ, അഭിലാഷം സാർവത്രികപരമാധകാരിയായ യഹോവയാം ദൈവത്തിന്റെ നിത്യമഹത്വത്തിനും സംസ്ഥാപനത്തിനുമായി, അവന്റെ ഏകജാതപുത്രനായ യേശുക്രിസ്തുവിന്റെ രാജകീയഭരണത്തിൻകീഴിൽ, സകല നിത്യതയിലും നിഷ്ക്കളങ്കം നിർമ്മലതപാലിക്കുകയെന്നതാണ്. “ഹല്ലേലുയ്യാ!”—വെളിപ്പാട് 19:1, 3, 4, 6, ആർ എസ വി, ന്യൂ ഇൻറർനാഷനൽ വേർഷൻ; സദൃശവാക്യങ്ങൾ 10:9. (w89 8⁄15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻യഹോവ തന്റെ ആലങ്കാരിക പാദപീഠമായ ഭൂമിയെസംബന്ധിച്ച് എന്തു വാഗ്ദാനം നൽകിയിരിക്കുന്നു?
◻പറുദീസ പുനഃസ്ഥിതീകരിക്കാൻ ആർ സഹായിക്കും?
◻രാജാവായ യേശുക്രിസ്തു ആരുടെയിടയിൽനിന്ന് “സർവഭൂമിയിലും പ്രഭുക്കൻമാരെ” നിയമിക്കും?
◻പുനരുത്ഥാനം നടക്കുമ്പോൾ നിങ്ങൾക്ക് ഏത് ആത്മപ്രചോദകമായ അനുഭവമുണ്ടായിരിക്കാൻ കഴിയും?
◻യഹോവയോട് അഭഞ്ജമായ ഭക്തിയിൽ നിലനിൽക്കുന്നവർക്ക് ഏതു ഭാവി കാത്തിരിക്കുന്നു?