അധ്യായം 16
നിങ്ങൾക്കു ദൈവത്തോട് അടുക്കാൻ കഴിയുന്ന വിധം
1. പല മതങ്ങളിലും ഏതു സാമ്യങ്ങൾ പ്രകടമാണ്?
ഒരു പൗരസ്ത്യരാജ്യം സന്ദർശിച്ച ഒരു വിനോദസഞ്ചാരി ഒരു ബുദ്ധമത വിഹാരത്തിൽ കാണാനിടയായ മതപരമായ കർമാനുഷ്ഠാനങ്ങളിൽ വിസ്മയിച്ചുപോയി. പ്രതിമകൾ മറിയയുടേതോ ക്രിസ്തുവിന്റേതോ അല്ലായിരുന്നെങ്കിലും കർമാനുഷ്ഠാനങ്ങളിൽ അനവധിയും അവളുടെ നാട്ടിലുളള പളളിയിലെ കർമങ്ങളുമായി സാദൃശ്യമുളളവയായിരുന്നു. ഉദാഹരണത്തിന്, കൊന്തകളുടെ ഉപയോഗവും പ്രാർഥനാജല്പനങ്ങളും അവൾ ശ്രദ്ധിച്ചു. മററുളളവരും അത്തരം താരതമ്യങ്ങൾ നടത്തി. പൗരസ്ത്യദേശത്തും പാശ്ചാത്യദേശത്തും ഭക്തർ ദൈവത്തോട് അല്ലെങ്കിൽ തങ്ങളുടെ ആരാധനാലക്ഷ്യങ്ങളോട് അടുക്കാൻ ശ്രമിക്കുന്ന വിധങ്ങൾ ശ്രദ്ധേയമായി സമാനമാണ്.
2. പ്രാർഥനയെ എങ്ങനെ വർണിച്ചിരിക്കുന്നു, അനേകർ പ്രാർഥിക്കുന്നത് എന്തിന്?
2 പലരും വിശേഷാൽ ദൈവത്തോടു പ്രാർഥിച്ചുകൊണ്ട് അവനോട് അടുക്കാൻ ശ്രമിക്കുന്നു. പ്രാർഥനയെ “പുണ്യവാളനോട് അഥവാ വിശുദ്ധനോട്—ദൈവത്തോടോ ദൈവങ്ങളോടോ ഇന്ദ്രിയാതീത മണ്ഡലത്തോടോ പ്രകൃതാതീത ശക്തികളോടോ—മനുഷ്യൻ നടത്തുന്ന ആശയവിനിമയ നടപടി” എന്നു വർണിച്ചിരിക്കുന്നു. (ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക) എന്നിരുന്നാലും, ദൈവത്തെ പ്രാർഥനയിൽ സമീപിക്കുമ്പോൾ, തങ്ങൾക്ക് അതിൽനിന്നു ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചു മാത്രമേ ചിലർ ചിന്തിക്കുന്നുളളു. ദൃഷ്ടാന്തത്തിന്, ഒരു മനുഷ്യൻ ഒരിക്കൽ യഹോവയുടെ സാക്ഷികളിൽ ഒരാളോടു ചോദിച്ചു: “നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിച്ചാൽ, എന്റെ കുടുംബത്തിലും ജോലിസ്ഥലത്തും എന്റെ ആരോഗ്യം സംബന്ധിച്ചും എനിക്കുളള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?” പ്രത്യക്ഷത്തിൽ ആ മനുഷ്യൻ അങ്ങനെ വിചാരിച്ചു. എന്നാൽ അനേകർ പ്രാർഥിക്കുന്നുവെങ്കിലും തങ്ങളുടെ പ്രശ്നങ്ങൾ തുടർന്നു നിലനിൽക്കുന്നതായി കണ്ടെത്തുന്നു. അതുകൊണ്ട്, ‘നാം ദൈവത്തോട് അടുക്കുന്നത് എന്തിന്?’ എന്നു നാം ചോദിച്ചേക്കാം.
ദൈവത്തോട് അടുക്കേണ്ടതിന്റെ കാരണം
3. നമ്മുടെ പ്രാർഥനകൾ ആരോടായിരിക്കണം, എന്തുകൊണ്ട്?
3 പ്രാർഥന അർഥശൂന്യമായ ഒരു കർമമല്ല; അത് കേവലം എന്തെങ്കിലും നേടാനുളള ഒരു മാർഗവുമല്ല. ദൈവത്തെ സമീപിക്കുന്നതിന്റെ ഒരു മുഖ്യ കാരണം അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുക എന്നതാണ്. അതുകൊണ്ടു നമ്മുടെ പ്രാർഥനകൾ യഹോവയാം ദൈവത്തോട് ആയിരിക്കണം. “യഹോവ, . . . തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” എന്നു സങ്കീർത്തനക്കാരനായ ദാവീദു പറഞ്ഞു. (സങ്കീർത്തനം 145:18) തന്നോടു സമാധാനപരമായ ബന്ധത്തിലാകാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. (യെശയ്യാവു 1:18) ഈ ക്ഷണത്തോടു പ്രതികരിക്കുന്നവർ “എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു” എന്നു പറഞ്ഞ സങ്കീർത്തനക്കാരനോടു യോജിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയാം ദൈവത്തോട് അടുക്കുന്നവർ യഥാർഥ സന്തുഷ്ടിയും മനസ്സമാധാനവും അനുഭവിക്കും.—സങ്കീർത്തനം 73:28.
4, 5. (എ) ദൈവത്തോടു പ്രാർഥിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമുക്കു പ്രാർഥനയിലൂടെ ദൈവവുമായി ഏതു തരം ബന്ധം കെട്ടുപണിചെയ്യാൻ കഴിയും?
4 ‘നമുക്ക് ആവശ്യമുളളത് എന്തെന്നു നാം ദൈവത്തോടു ചോദിക്കുന്നതിനു മുമ്പേ അവൻ അറിയുന്നു’ എങ്കിൽ സഹായത്തിനായി എന്തിന് അവനോടു പ്രാർഥിക്കണം? (മത്തായി 6:8; സങ്കീർത്തനം 139:4) നമുക്കു ദൈവത്തിൽ വിശ്വാസമുണ്ടെന്നും അവനെ “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്ന ഉറവ് എന്നനിലയിൽ നാം വീക്ഷിക്കുന്നുവെന്നും പ്രാർഥന പ്രകടമാക്കുന്നു. (യാക്കോബ് 1:17; എബ്രായർ 11:6) നമ്മുടെ പ്രാർഥനകളിൽ യഹോവ സന്തോഷിക്കുന്നു. (സദൃശവാക്യങ്ങൾ 15:8) നമ്മുടെ വിലമതിപ്പിന്റെയും സ്തുതിയുടെയും അർഥവത്തായ പ്രകടനങ്ങൾ കേൾക്കുന്നത് അവനു സന്തോഷമാണ്, തന്റെ കൊച്ചു കുട്ടി ആത്മാർഥത നിറഞ്ഞ നന്ദിപ്രകടന വാക്കുകൾ പറയുന്നതു കേൾക്കുന്നതിൽ ഒരു പിതാവു സന്തോഷിക്കുന്നതുപോലെതന്നെ. (സങ്കീർത്തനം 119:108) ഒരു നല്ല പിതൃപുത്ര ബന്ധം ഉളളടത്ത് ഊഷ്മളമായ ആശയവിനിയമം ഉണ്ട്. സ്നേഹിക്കപ്പെടുന്ന ഒരു കുട്ടി തന്റെ പിതാവിനോടു സംസാരിക്കാനാഗ്രിക്കുന്നു. ദൈവത്തോടുളള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലും അതുതന്നെ സത്യമാണ്. നാം യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെയും അവൻ നമ്മോടു പ്രകടമാക്കിയിരിക്കുന്ന സ്നേഹത്തെയും യഥാർഥത്തിൽ വിലമതിക്കുന്നുവെങ്കിൽ പ്രാർഥനയിൽ അവനോട് ആശയപ്രകടനം നടത്താൻ നമുക്കു ശക്തമായ ആഗ്രഹമുണ്ടായിരിക്കും.—1 യോഹന്നാൻ 4:16-18.
5 അത്യുന്നത ദൈവത്തെ സമീപിക്കുമ്പോൾ, നാം ഉപയോഗിക്കേണ്ട കൃത്യമായ വാക്കുകളെക്കുറിച്ച് അമിതമായി വ്യാകുലപ്പെടേണ്ട തില്ലെങ്കിലും നാം ആദരവുളളവരായിരിക്കണം. (എബ്രായർ 4:16) നമുക്ക് എപ്പോഴും യഹോവയെ സമീപിക്കാം. പ്രാർഥനയിൽ ദൈവത്തിങ്കൽ ‘നമ്മുടെ ഹൃദയം പകരാൻ’ കഴിയുന്നത് എന്തൊരു പദവിയാണ്! (സങ്കീർത്തനം 62:8) യഹോവയോടുളള വിലമതിപ്പ് അവനുമായുളള ഊഷ്മള ബന്ധത്തിലേക്കു നയിക്കുന്നു, ദൈവത്തിന്റെ സ്നേഹിതൻ എന്നനിലയിൽ വിശ്വസ്തനായ അബ്രഹാം ആസ്വദിച്ചതുപോലെയുളള ഒരു ബന്ധത്തിലേക്കുതന്നെ. (യാക്കോബ് 2:23) എന്നാൽ അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവിനോടു പ്രാർഥിക്കുമ്പോൾ നാം അവനെ സമീപിക്കുന്നതിനുളള അവന്റെ വ്യവസ്ഥകളനുസരിക്കണം.
ദൈവത്തോട് അടുക്കുന്നതിനുളള വ്യവസ്ഥകൾ
6, 7. നമ്മുടെ പ്രാർഥനകൾ കേൾക്കുന്നതിനു ദൈവം പണം ആവശ്യപ്പെടുന്നില്ലെങ്കിലും നാം പ്രാർഥിക്കുമ്പോൾ അവൻ നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നു?
6 ദൈവത്തെ സമീപിക്കുന്നതിനു പണം ആവശ്യമാണോ? അനേകർ തങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ വൈദികർക്കു പണം കൊടുക്കുന്നു. തങ്ങളുടെ സംഭാവനകളുടെ വലിപ്പമനുസരിച്ചു തങ്ങളുടെ പ്രാർഥനകൾ കേൾക്കപ്പെടുമെന്നുപോലും ചിലർ വിശ്വസിക്കുന്നു. എന്നിരുന്നാലും, നമുക്കു യഹോവയെ പ്രാർഥനയിൽ സമീപിക്കാൻ പണപരമായ ഒരു നേർച്ച ആവശ്യമാണെന്നു ദൈവവചനം പറയുന്നില്ല. അവന്റെ ആത്മീയ കരുതലുകളും പ്രാർഥനയിൽ അവനുമായി ഉണ്ടാകുന്ന ബന്ധത്തിന്റെ അനുഗ്രഹങ്ങളും വിലയില്ലാതെ ലഭ്യമാണ്.—യെശയ്യാവു 55:1, 2.
7 അപ്പോൾ എന്താണാവശ്യമായിരിക്കുന്നത്? ശരിയായ ഒരു ഹൃദയഭാവം ഒരു അത്യന്താപേക്ഷിത സംഗതിയാണ്. (2 ദിനവൃത്താന്തം 6:29, 30; സദൃശവാക്യങ്ങൾ 15:11) ‘പ്രാർഥന കേൾക്കുന്നവനും’ ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനും’ എന്നനിലയിൽ യഹോവയാം ദൈവത്തിലുളള വിശ്വാസം നാം നമ്മുടെ ഹൃദയത്തിൽ പ്രകടിപ്പിക്കണം. (സങ്കീർത്തനം 65:2; എബ്രായർ 11:6) താഴ്മയുളള ഒരു ഹൃദയവും നമുക്കു വേണം. (2 രാജാക്കൻമാർ 22:19; സങ്കീർത്തനം 51:17) ദൈവത്തെ സമീപിച്ചപ്പോൾ എളിയ ഹൃദയഭാവം ഉണ്ടായിരുന്ന താഴ്മയുളള ഒരു നികുതിപിരിവുകാരൻ അഹങ്കാരിയായ ഒരു പരീശനെക്കാൾ കൂടുതൽ നീതിമാനെന്നു തെളിഞ്ഞതായി യേശുക്രിസ്തു തന്റെ ദൃഷ്ടാന്തങ്ങളിലൊന്നിൽ പ്രകടമാക്കി. (ലൂക്കൊസ് 18:10-14) നാം പ്രാർഥനയിൽ ദൈവത്തെ സമീപിക്കുമ്പോൾ, “ഗർവ്വമുളള ഏവനും യഹോവെക്കു വെറുപ്പു” എന്നു നമുക്ക് ഓർത്തിരിക്കാം.—സദൃശവാക്യങ്ങൾ 16:5.
8. നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം എന്തു നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു?
8 നമ്മുടെ പ്രാർഥനകൾക്കു ദൈവം ഉത്തരമരുളണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം പാപപൂർണമായ നടത്ത നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കണം. ശിഷ്യനായ യാക്കോബ് ദൈവത്തോട് അടുക്കാൻ മററുളളവരെ പ്രോത്സാഹിപ്പിച്ചപ്പോൾ, “പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുളളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ” എന്നു കൂട്ടിച്ചേർത്തു. (യാക്കോബ് 4:8) അനുതപിച്ചു തങ്ങളുടെ മുൻ ജീവിതരീതിക്കു മാററംവരുത്തുന്നുവെങ്കിൽ ദുഷ്പ്രവൃത്തിക്കാർക്കുപോലും യഹോവയുമായി ഒരു സമാധാനബന്ധത്തിൽ വരാനാവും. (സദൃശവാക്യങ്ങൾ 28:13) നമ്മുടെ വഴി ശുദ്ധീകരിച്ചതായി നടിക്കുകമാത്രം ചെയ്താൽ യഹോവ നമ്മുടെ പ്രാർഥന കേൾക്കാൻ സാധ്യതയില്ല. “കർത്താവിന്റെ കണ്ണു നീതിമാൻമാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ [“യഹോവയുടെ,” NW] മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു” എന്നു ദൈവവചനം പറയുന്നു.—1 പത്രൊസ് 3:12.
9. നാം ആരിലൂടെ യഹോവയെ സമീപിക്കണം, എന്തുകൊണ്ട്?
9 ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “പാപം ചെയ്യാതെ നൻമ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” (സഭാപ്രസംഗി 7:20) ‘അപ്പോൾ, നമുക്കു യഹോവയാം ദൈവത്തെ എങ്ങനെ സമീപിക്കാൻ കഴിയും?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ബൈബിൾ ഉത്തരം നൽകുന്നു: “ഒരുത്തൻ പാപംചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1 യോഹന്നാൻ 2:1) നാം പാപികളാണെങ്കിലും, നമുക്കുവേണ്ടി ഒരു മറുവിലയായി മരിച്ച യേശുക്രിസ്തുവിലൂടെ നമുക്കു സംസാരസ്വാതന്ത്ര്യത്തോടെ ദൈവത്തെ സമീപിക്കാൻ കഴിയും. (മത്തായി 20:28) നമുക്കു യഹോവയാം ദൈവത്തെ സമീപിക്കാനുളള ഏക സരണി അവനാണ്. (യോഹന്നാൻ 14:6) നാം മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാലും യേശുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം സ്വതേ നമുക്കു ലഭിക്കുമെന്നു നാം കരുതരുത്. (എബ്രായർ 10:26) എന്നുവരികിലും, തിൻമയിൽനിന്നു വിട്ടുനിൽക്കാൻ പരമാവധി ശ്രമിച്ചിട്ടും ചില സമയങ്ങളിൽ നാം തെററിപ്പോകുന്നുവെങ്കിൽ നമുക്ക് അനുതപിക്കാനും ദൈവത്തോടു ക്ഷമായാചനം നടത്താനും കഴിയും. നാം വിനീതമായ ഒരു ഹൃദയത്തോടെ ദൈവത്തെ സമീപിക്കുമ്പോൾ, അവൻ നമ്മെ കേൾക്കും.—ലൂക്കൊസ് 11:4.
ദൈവത്തോടു സംസാരിക്കാനുളള അവസരങ്ങൾ
10. പ്രാർഥനയുടെ കാര്യത്തിൽ നമുക്കു യേശുവിനെ എങ്ങനെ അനുകരിക്കാൻ കഴിയും, സ്വകാര്യപ്രാർഥനക്കുളള ചില അവസരങ്ങൾ ഏവ?
10 യേശുക്രിസ്തു യഹോവയുമായുളള തന്റെ ബന്ധത്തെ വളരെയധികം വിലമതിച്ചു. അതുകൊണ്ട്, സ്വകാര്യപ്രാർഥനയിൽ ദൈവത്തോടു സംസാരിക്കാൻ യേശു സമയം കണ്ടെത്തി. (മർക്കൊസ് 1:35; ലൂക്കൊസ് 22:40-46) നാം യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നതും നിരന്തരം ദൈവത്തോടു പ്രാർഥിക്കുന്നതും നന്നായിരിക്കും. (റോമർ 12:12) പ്രാർഥനാവാക്കുകളോടെ ദിവസം ആരംഭിക്കുന്നതു യുക്തമാണ്; ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് അന്നത്തെ പ്രവർത്തനത്തിനുവേണ്ടി നമുക്ക് യഹോവക്ക് ഉചിതമായി നന്ദി കരേററാവുന്നതുമാണ്. പകൽസമയത്ത്, “ഏതു നേരത്തും” ദൈവത്തെ സമീപിക്കുന്നതു ലക്ഷ്യമാക്കുക. (എഫെസ്യർ 6:18) യഹോവക്കു നമ്മെ കേൾക്കാൻ കഴിയുമെന്നറിഞ്ഞുകൊണ്ടു നമുക്കു നമ്മുടെ ഹൃദയത്തിൽ മൗനമായിപോലും പ്രാർഥിക്കാൻ കഴിയും. ദൈവത്തോടു സ്വകാര്യമായി സംസാരിക്കുന്നത് അവനോടുളള നമ്മുടെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതിനു സഹായിക്കുന്നു. ദിവസേന യഹോവയോടു പ്രാർഥിക്കുന്നത് അവനോടു പൂർവാധികം അടുക്കുന്നതിനു നമ്മെ സഹായിക്കുന്നു.
11. (എ) കുടുംബങ്ങൾ ഒരുമിച്ചു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്? (ബി) പ്രാർഥനയുടെ ഒടുവിൽ നിങ്ങൾ “ആമേൻ” എന്നു പറയുമ്പോൾ അത് എന്തർഥമാക്കുന്നു?
11 ആളുകളുടെ കൂട്ടങ്ങൾക്കുവേണ്ടി നടത്തുന്ന പ്രാർഥനകളും യഹോവ കേൾക്കുന്നു. (1 രാജാക്കൻമാർ 8:22-53) കുടുംബത്തലവന്റെ നേതൃത്വത്തിൽ ഒരു കുടുംബമെന്ന നിലയിലും നമുക്കു ദൈവത്തോട് അടുക്കാൻ കഴിയും. ഇതു കുടുംബബന്ധത്തെ ബലിഷ്ഠമാക്കുന്നു, തങ്ങളുടെ മാതാപിതാക്കൾ താഴ്മയോടെ ദൈവത്തോടു പ്രാർഥിക്കുന്നതു കേൾക്കുമ്പോൾ യഹോവ കുഞ്ഞുങ്ങൾക്കു യഥാർഥമായിത്തീരുന്നു. യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ എന്നപോലെ ആരെങ്കിലും പ്രാർഥനയിൽ ഒരു കൂട്ടത്തെ പ്രതിനിധാനം ചെയ്യുന്നുവെങ്കിലോ? നാം സദസ്സിൽ ഉണ്ടെങ്കിൽ പ്രാർഥനയുടെ അവസാനത്തിൽ നമുക്കു മുഴുഹൃദയത്തോടെ “അങ്ങനെയായിരിക്കട്ടെ” എന്നർഥമുളള “ആമേൻ” എന്നു പറയാൻ കഴിയത്തക്കവണ്ണം നമുക്ക് അവധാനപൂർവം ശ്രദ്ധിക്കാം.—1 കൊരിന്ത്യർ 14:16.
യഹോവ കേൾക്കുന്ന പ്രാർഥനകൾ
12. (എ) ദൈവം ചില പ്രാർഥനകൾക്ക് ഉത്തരമരുളാത്തത് എന്തുകൊണ്ട്? (ബി) പ്രാർഥിക്കുമ്പോൾ നാം വ്യക്തിപരമായ ആവശ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കരുതാത്തത് എന്തുകൊണ്ട്?
12 ക്രിസ്തുവിലൂടെ ദൈവത്തോടു പ്രാർഥിച്ചിട്ടും തങ്ങളുടെ പ്രാർഥനകൾക്കു ദൈവം ഉത്തരം നൽകുന്നില്ലെന്നു ചിലർ വിചാരിച്ചേക്കാം. എന്നിരുന്നാലും, “അവന്റെ [ദൈവത്തിന്റെ] ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു. (1 യോഹന്നാൻ 5:14) അപ്പോൾ, നാം ദൈവേഷ്ടപ്രകാരം ചോദിക്കേണ്ടതുണ്ട്. നമ്മുടെ ആത്മീയ ക്ഷേമത്തിൽ അവൻ തത്പരനാകയാൽ നമ്മുടെ ആത്മീയതയെ ബാധിക്കുന്ന എന്തും പ്രാർഥനക്കുളള ഉചിതമായ ഒരു വിഷയമാണ്. മുഴുവനായി ഭൗതികാവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള പ്രലോഭനത്തെ നാം ചെറുത്തുനിൽക്കണം. ഉദാഹരണത്തിന്, രോഗം കൈകാര്യംചെയ്യാനുളള ഉൾക്കാഴ്ചക്കും കരുത്തിനുംവേണ്ടി പ്രാർഥിക്കുന്നത് ഉചിതമാണെങ്കിലും ആരോഗ്യത്തെക്കുറിച്ചുളള ആകുലതകൾ ആത്മീയ താത്പര്യങ്ങളെ ഞെരുക്കരുത്. (സങ്കീർത്തനം 41:1-3) ഒരു ക്രിസ്തീയ വനിതക്കു തന്റെ ആരോഗ്യത്തെക്കുറിച്ചു താൻ കണക്കിലധികം ഉത്കണ്ഠാകുലയാണെന്നു ബോധമുണ്ടായപ്പോൾ തന്റെ രോഗത്തെക്കുറിച്ച് ഉചിതമായ വീക്ഷണം കിട്ടാൻ സഹായിക്കുന്നതിന് അവൾ യഹോവയോട് അപേക്ഷിച്ചു. തത്ഫലമായി അവളുടെ ആരോഗ്യപ്രശ്നങ്ങൾ വളരെ ചെറിയ ഒരു പ്രശ്നമായിത്തീർന്നു, തനിക്ക് “അത്യന്തശക്തി” നൽകപ്പെട്ടതായി അവൾക്ക് അനുഭവപ്പെട്ടു. (2 കൊരിന്ത്യർ 4:7) മററുളളവർക്ക് ആത്മീയ സഹായം ചെയ്യാനുളള അവളുടെ ആഗ്രഹം ശക്തമായിത്തീർന്നു, അവൾ ഒരു മുഴുസമയ രാജ്യപ്രഘോഷക ആയിത്തീർന്നു.
13. മത്തായി 6:9-13-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, നമ്മുടെ പ്രാർഥനകളിൽ ഉൾപ്പെടുത്താവുന്ന ചില ഉചിതമായ വിഷയങ്ങളേവ?
13 കേൾക്കുന്നതിൽ യഹോവക്കു പ്രസാദം തോന്നത്തക്കവണ്ണം നമുക്കു നമ്മുടെ പ്രാർഥനകളിൽ എന്ത് ഉൾപ്പെടുത്താവുന്നതാണ്? യേശുക്രിസ്തു തന്റെ ശിഷ്യരെ പ്രാർഥിക്കാൻ പഠിപ്പിച്ചു. മത്തായി 6:9-13 വരെ രേഖപ്പെടുത്തിയിരിക്കുന്ന മാതൃകാ പ്രാർഥനയിൽ അവൻ നമുക്ക് ഉചിതമായി പ്രാർഥിക്കാവുന്ന വിഷയങ്ങളുടെ ഒരു മാതൃക വിവരിച്ചു. നമ്മുടെ പ്രാർഥനകളിൽ മുഖ്യതാത്പര്യം എന്തിനായിരിക്കണം? ഏററവും ഉയർന്ന മുൻഗണന യഹോവയാം ദൈവത്തിന്റെ നാമത്തിനും രാജ്യത്തിനും ആയിരിക്കണം. നമ്മുടെ ഭൗതികാവശ്യങ്ങൾക്കായി പ്രാർഥിക്കുന്നത് ഉചിതമാണ്. നമ്മുടെ പാപങ്ങളുടെ ക്ഷമക്കുവേണ്ടിയും പരീക്ഷകളിൽനിന്നും ദുഷ്ടനായ പിശാചായ സാത്താനിൽനിന്നുമുളള വിടുതലിനുവേണ്ടിയും പ്രാർഥിക്കുന്നതും പ്രധാനമാണ്. നാം ഈ പ്രാർഥന ഉരുവിടാൻ അല്ലെങ്കിൽ വീണ്ടും വീണ്ടും ആവർത്തിക്കാൻ, അതിന്റെ അർഥം ആലോചിക്കാതെ ജപിച്ചുകൊണ്ടിരിക്കാൻ യേശു ആഗ്രഹിച്ചില്ല. (മത്തായി 6:7) ഒരു കുട്ടി തന്റെ പിതാവിനോടു സംസാരിക്കുമ്പോൾ എല്ലാ പ്രാവശ്യവും ഒരേ പദങ്ങൾ ഉപയോഗിച്ചാൽ അത് ഏതുതരം ബന്ധമായിരിക്കും?
14. അപേക്ഷകൾക്കു പുറമേ, ഏതു പ്രാർഥനകൾ നാം അർപ്പിക്കണം?
14 അപേക്ഷകൾക്കും ഹൃദയംഗമമായ അഭ്യർഥനകൾക്കും പുറമേ, നാം സ്തുതിയുടെയും നന്ദിപ്രകടനത്തിന്റെയും പ്രാർഥനകളും അർപ്പിക്കേണ്ടതാണ്. (സങ്കീർത്തനം 34:1; 92:1; 1 തെസ്സലൊനീക്യർ 5:18) മററുളളവർക്കുവേണ്ടിയും നമുക്കു പ്രാർഥിക്കാൻ കഴിയും. ക്ലേശിതരോ പീഡിതരോ ആയ നമ്മുടെ ആത്മീയ സഹോദരീസഹോദരൻമാർക്കു വേണ്ടിയുളള നമ്മുടെ പ്രാർഥനകൾ അവരിലുളള നമ്മുടെ താത്പര്യത്തെ പ്രതിഫലിപ്പിക്കുന്നു, അങ്ങനെയുളള താത്പര്യം നാം പ്രകടമാക്കുന്നതു കേൾക്കുന്നതു യഹോവക്കു പ്രസാദമാണ്. (ലൂക്കൊസ് 22:32; യോഹന്നാൻ 17:20; 1 തെസ്സലൊനീക്യർ 5:25) യഥാർഥത്തിൽ, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തെ അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:6, 7.
പ്രാർഥനയിൽ ഉററിരിക്കുക
15. നമ്മുടെ പ്രാർഥനകൾക്ക് ഉത്തരംകിട്ടുന്നില്ലെന്നു തോന്നുന്നുവെങ്കിൽ നാം എന്ത് ഓർമിക്കണം?
15 നിങ്ങൾ ദൈവത്തെക്കുറിച്ചുളള പരിജ്ഞാനം സമ്പാദിക്കുന്നുവെങ്കിലും നിങ്ങളുടെ പ്രാർഥനകൾക്കു ചിലപ്പോൾ ഉത്തരം കിട്ടുന്നില്ലെന്നു തോന്നാനിടയുണ്ട്. ഒരു പ്രത്യേക പ്രാർഥനക്ക് ഉത്തരം നൽകാനുളള ദൈവത്തിന്റെ സമയം അതല്ലാത്തതായിരിക്കാം അതിനു കാരണം. (സഭാപ്രസംഗി 3:1-9) ഒരു സാഹചര്യം കുറേ കാലത്തേക്കു തുടരാൻ യഹോവ അനുവദിച്ചേക്കാം, എന്നാൽ അവൻ പ്രാർഥനകൾക്ക് ഉത്തരം നൽകുകതന്നെ ചെയ്യുന്നു, അതിനുളള ഏററം നല്ല സമയവും അവനറിയാം.—2 കൊരിന്ത്യർ 12:7-9.
16. നാം പ്രാർഥനയിൽ ഉററിരിക്കേണ്ടത് എന്തുകൊണ്ട്, ഇതു ചെയ്യുന്നതു ദൈവവുമായുളള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിക്കും?
16 പ്രാർഥനയിലുളള നമ്മുടെ സ്ഥിരനിഷ്ഠ നാം ദൈവത്തോടു പറയുന്ന കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ ഹൃദയംഗമമായ താത്പര്യം പ്രകടമാക്കുന്നു. (ലൂക്കൊസ് 18:1-8) ദൃഷ്ടാന്തത്തിന്, ഒരു പ്രത്യേക ദൗർബല്യം പരിഹരിക്കുന്നതിനു നമ്മെ സഹായിക്കാൻ നാം യഹോവയോടു പ്രാർഥിച്ചേക്കാം. പ്രാർഥനയിൽ ഉററിരുന്നുകൊണ്ടും നമ്മുടെ അപേക്ഷകൾക്കനുസൃതമായി പ്രവർത്തിച്ചുകൊണ്ടും നാം ആത്മാർഥത പ്രകടമാക്കുന്നു. നമ്മൾ അപേക്ഷകളിൽ കൃത്യതയും പരമാർഥതയുമുളളവരായിരിക്കണം. നാം ഒരു പ്രലോഭനത്തെ അഭിമുഖീകരിക്കുമ്പോൾ തീവ്രമായി പ്രാർഥിക്കുന്നതു വിശേഷാൽ പ്രധാനമാണ്. (മത്തായി 6:13) നമ്മുടെ പാപപങ്കിലമായ അഭിനിവേശങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടു നാം പ്രാർഥനയിൽ തുടരുമ്പോൾ യഹോവ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നു നാം കാണും. ഇതു നമ്മുടെ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുകയും അവനുമായുളള നമ്മുടെ ബന്ധത്തെ ബലപ്പെടുത്തുകയും ചെയ്യും.—1 കൊരിന്ത്യർ 10:13; ഫിലിപ്പിയർ 4:13.
17. ദൈവത്തെ സേവിക്കുന്നതിൽ പ്രാർഥനാപൂർവമായ ഒരു മനോഭാവത്തിൽനിന്നു നാം എങ്ങനെ പ്രയോജനമനുഭവിക്കും?
17 യഹോവയാം ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കുമ്പോൾ ഒരു പ്രാർഥനാമനോഭാവം നട്ടുവളർത്തുന്നതിനാൽ നമ്മുടെ സ്വന്തം ശക്തികൊണ്ടല്ല അവനെ സേവിക്കുന്നതെന്നു തിരിച്ചറിയാനിടയാകും. കാര്യങ്ങൾ ചെയ്യിക്കുന്നതു യഹോവയാണ്. (1 കൊരിന്ത്യർ 4:7) ഇതു സമ്മതിക്കുന്നതു വിനീതരായിരിക്കാൻ നമ്മെ സഹായിക്കും, അവനുമായുളള നമ്മുടെ ബന്ധത്തെ അതു സമ്പന്നമാക്കുകയും ചെയ്യും. (1 പത്രൊസ് 5:5, 6) അതേ, പ്രാർഥനയിൽ ഉററിരിക്കുന്നതിനു നമുക്ക് ഈടുററ കാരണങ്ങൾ ഉണ്ട്. ആത്മാർഥമായ പ്രാർഥനകളും നമ്മുടെ സ്നേഹനിധിയായ സ്വർഗീയപിതാവിനോട് എങ്ങനെ അടുക്കാമെന്നുളള വിലയേറിയ അറിവും നമ്മുടെ ജീവിതത്തെ യഥാർഥമായി സന്തുഷ്ടമാക്കും.
യഹോവയുമായുളള ആശയവിനിയമം ഏകപക്ഷീയമല്ല
18. നമുക്ക് എങ്ങനെ ദൈവത്തെ ശ്രദ്ധിക്കാനാവും?
18 നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ പറയുന്നതു നാം ശ്രദ്ധിക്കണം. (സെഖര്യാവു 7:13) അവൻ മേലാൽ ദിവ്യനിശ്വസ്ത പ്രവാചകൻമാരിലൂടെ തന്റെ സന്ദേശങ്ങൾ അയയ്ക്കുന്നില്ല. തീർച്ചയായും ആത്മ മുഖാന്തരങ്ങളെയും ഉപയോഗിക്കുന്നില്ല. (ആവർത്തനപുസ്തകം 18:10-12) എന്നാൽ ദൈവത്തിന്റെ വചനമായ ബൈബിൾ പഠിച്ചുകൊണ്ടു നമുക്കു ദൈവത്തെ ശ്രദ്ധിക്കാൻ കഴിയും. (റോമർ 15:4; 2 തിമൊഥെയൊസ് 3:16, 17) നാം ആരോഗ്യദായകമായ ഭൗതികാഹാരത്തോടുളള അഭിരുചി നട്ടുവളർത്തേണ്ടതുളളതുപോലെ, “വചനമെന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛി”ക്കുന്നതിനു പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവവചനം ദൈനംദിനം വായിച്ചുകൊണ്ട് ആത്മീയ ഭക്ഷണത്തിനുവേണ്ടിയുളള ഒരു അഭിരുചി നട്ടുവളർത്തുക.—1 പത്രൊസ് 2:2, 3; പ്രവൃത്തികൾ 17:11.
19. നിങ്ങൾ ബൈബിളിൽ വായിക്കുന്നതു സംബന്ധിച്ചു ധ്യാനിക്കുന്നതുകൊണ്ട് എന്തു പ്രയോജനമുണ്ട്?
19 നിങ്ങൾ ബൈബിളിൽ വായിക്കുന്നതു സംബന്ധിച്ചു ധ്യാനിക്കുക. (സങ്കീർത്തനം 1:1-3; 77:11, 12) അതിന്റെ അർഥം വിവരങ്ങൾ സംബന്ധിച്ചു വിചിന്തനം ചെയ്യണമെന്നാണ്. ഭക്ഷണം ദഹിപ്പിക്കുന്നതിനോടു നിങ്ങൾക്ക് ഇതിനെ ഉപമിക്കാവുന്നതാണ്. നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാവുന്നതിനോടു ബന്ധിപ്പിച്ചുകൊണ്ട് ആത്മീയാഹാരത്തെ ദഹിപ്പിക്കാൻ കഴിയും. വിവരങ്ങൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു പരിചിന്തിക്കുക, അല്ലെങ്കിൽ അതു യഹോവയുടെ ഗുണങ്ങളെയും ഇടപെടലുകളെയും കുറിച്ച് എന്തു വെളിപ്പെടുത്തുന്നുവെന്നു വിചിന്തനം ചെയ്യുക. അങ്ങനെ വ്യക്തിപരമായ പഠനത്തിലൂടെ നിങ്ങൾക്കു യഹോവ പ്രദാനംചെയ്യുന്ന ആത്മീയാഹാരം ഉൾക്കൊളളാനാകും. ഇതു നിങ്ങളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കും, ദൈനംദിനപ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
20. ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതു ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
20 ഇസ്രായേല്യർ ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ പരസ്യവായന കേൾക്കാൻ കൂടിവന്നപ്പോൾ അവധാനപൂർവം ശ്രദ്ധിച്ചതുപോലെ, ക്രിസ്തീയ യോഗങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ദൈവവചനം ശ്രദ്ധിക്കുന്നതിനാലും നിങ്ങൾക്കു ദൈവത്തോട് അടുക്കാൻ കഴിയും. ആ സമയത്തെ പ്രബോധകർ ന്യായപ്രമാണത്തിന്റെ വായനയെ അർഥസമ്പുഷ്ടമാക്കി, അങ്ങനെ കേൾക്കുന്നതു ഗ്രഹിക്കാനും ബാധകമാക്കുന്നതിനു പ്രേരിതരാകാനും തങ്ങളുടെ ശ്രോതാക്കളെ സഹായിച്ചു. ഇതു വലിയ സന്തോഷത്തിലേക്കു നയിച്ചു. (നെഹെമ്യാവു 8:8, 12) അതുകൊണ്ടു യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്നതു നിങ്ങളുടെ ശീലമാക്കുക. (എബ്രായർ 10:24, 25) ഇതു കാര്യം ഗ്രഹിക്കാനും അനന്തരം ജീവിതത്തിൽ ദൈവപരിജ്ഞാനം ബാധകമാക്കാനും നിങ്ങളെ സഹായിക്കും, നിങ്ങൾക്കു സന്തുഷ്ടിയും കൈവരുത്തും. ലോകവ്യാപക ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതു യഹോവയോടു പററിനിൽക്കുന്നതിനു നിങ്ങളെ സഹായിക്കും. നാം കാണാൻ പോകുന്നതുപോലെ, നിങ്ങൾക്കു ദൈവജനത്തിന്റെ ഇടയിൽ യഥാർഥ സുരക്ഷിതത്വം കണ്ടെത്താൻ കഴിയും.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
നിങ്ങൾ യഹോവയോട് അടുക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തോട് അടുക്കുന്നതിനുളള ചില വ്യവസ്ഥകൾ ഏവ?
നിങ്ങളുടെ പ്രാർഥനകളിൽ എന്ത് ഉൾപ്പെടുത്താൻ കഴിയും?
നിങ്ങൾ പ്രാർഥനയിൽ ഉററിരിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾക്ക് ഇന്നു യഹോവയെ എങ്ങനെ ശ്രദ്ധിക്കാൻ കഴിയും?
[157-ാം പേജ് നിറയെയുള്ള ചിത്രം]